നിലപാട്‌ നന്നാക്കുക

"ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല." [അദ്ധ്യായം 13 റഅദ്‌ 11]

ഒരു ജനത അവരുടെ സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതു വരെ അല്ലാഹു അവരുടെ സ്ഥിതിയിൽ മാറ്റം വരുത്തുകയില്ല. ഒരു ജനസമൂഹത്തിന്റെ അഭിവൃദ്ധിക്കോ ഭദ്രതക്കോ സമാധാനത്തിനോ തകരാർ ബാധിക്കുന്നുവെങ്കിൽ അത്‌ അവരുടെ തന്നെ ചെയ്തികളുടെ ഫലമായിട്ടായിരിക്കുമെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ആ ചെയ്തികളിൽ പങ്കുണ്ടാകണമെന്നില്ല. ചിലപ്പോൾ അവരിൽപെട്ട ഒരു വിഭാഗത്തിന്റേയോ ചില വ്യക്തികളുടേയോ ചെയ്തികളായിരിക്കും സമൂഹത്തിനു പൊതുവേ നാശകരമായി കലാശിക്കുന്നത്‌.

ഏതെങ്കിലും ഒരു കൂട്ടർക്ക്‌ വല്ല തിന്മയും ബാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ പിന്നെ അതിനു യാതൊരു തടസ്സവും ഉണ്ടാവുകയില്ല. രോഗം, ക്ഷാമം, പരാജയം, ഭയം, ദേഹനഷ്ടം, ധനനഷ്ടം തുടങ്ങിയ എല്ലാതരം തിന്മകളും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ അവരിൽ നിന്നുള്ള ചില പ്രത്യേക കാരണമോ യുക്തമായ ലക്ഷ്യമോ കൂടാതെ അങ്ങിനെ അല്ലാഹു ഉദ്ദേശിക്കുകയില്ലെന്ന് തീർച്ച തന്നെ. അല്ലാഹു അങ്ങനെ ഉദ്ദേശിച്ചു കഴിഞ്ഞാൽ പിന്നെ ഒരാൾക്കും ഒരു കാരണത്താലും അത്‌ തടയുവാൻ സാധിക്കില്ല എന്ന് സാരം.

മനുഷ്യരുടെ കൈകാര്യങ്ങൾ നടത്തുന്ന യഥാർത്ഥ രക്ഷാധികാരി അല്ലാഹുവല്ലാതെ മറ്റാരുമല്ല. മലക്കുകൾക്കോ ജിന്നുകൾക്കോ പുണ്യാത്മാക്കൾക്കോ ദിവ്യന്മാർക്കോ ഒന്നും തന്നെ അതിൽ പങ്കില്ല. മനുഷ്യർക്ക്‌ വല്ല ഗുണമോ ദോഷമോ ചെയ്‌വാനും നന്മയോ തിന്മയോ നൽകുവാനുള്ള യഥാർത്ഥ കഴിവു അല്ലാഹുവിനു മാത്രമേയുള്ളൂ.

By മുഹമ്മദ്‌ അമാനി മൗലവി

സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിൽ

അല്ലാഹു പറയുന്നു : "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ അലങ്കാരങ്ങളിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌." [അദ്ധ്യായം 24 നൂർ 31]

 മേൽ ആയത്തിൽ ഒരു സ്ത്രീക്ക്‌ അന്യപുരുഷന്റെ മുന്നിൽ 'മാളഹറ മിൻഹാ ' (അലങ്കാരങ്ങളിൽ പ്രത്യക്ഷമായവ) എന്ന ആശയം ഉൾക്കൊള്ളുന്നവ പ്രകടിപ്പിക്കാമെന്ന് അല്ലാഹു പ്രസ്താവിക്കുന്നു. എന്താണ് ഇത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന് പരിശോദിക്കാം :

ഇബ്നു അബ്ബാസ്‌ (റ), ഖതാദ (റ), മിസ്‌വർ (റ) തുടങ്ങിയ സഹാബികൾ പറയുന്നു : "(പ്രത്യക്ഷമായ) സൗന്ദര്യം എന്നതിന്റെ ഉദേശ്യം സുറുമ, വളകൾ, ചായം, മുഴങ്കൈയുടെ പകുതി (മുൻകൈ ഉൾപ്പടെ കൈമുട്ടിന്റേയും മണികണ്ഠത്തിന്റേയും ഇടയിലുള്ള ഭാഗത്തിന്റെ പകുതി), കമ്മൽ അല്ലെങ്കിൽ റിങ്‌, മോതിരം എന്നിവയെല്ലാമാണ്." [തഫ്സീർ ഖുർതുബി]. "സൗന്ദര്യത്തിൽ നിന്ന് പ്രത്യക്ഷമായത്‌ എന്നതിന്റെ വിവക്ഷയിൽ ഏറ്റവും ശരിയായത്‌ മുഖവും മുൻ കൈയുമാണ്. സുറുമ, മോതിരം, മൈലാഞ്ചി എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ പെടുന്നു." [ഇബ്നു ജരീർ]

അന്യ സ്ത്രീ-പുരുഷന്മാർ ധാരാളമായി പങ്കെടുക്കുന്ന രംഗമാണ് ഹജ്ജിന്റേത്‌. ആ സന്ദർഭത്തിൽ പോലും സ്ത്രീയോട്‌ ഇസ്‌ലാം മുഖം മറക്കാനല്ല നിർദ്ദേശിക്കുന്നത്‌. മറിച്ച്‌ ഹജ്ജിൽ മുഖം മറക്കുന്നത്‌ ഹറാമാക്കുകയാണ് ചെയ്യുന്നത്‌. ഇമാം നവവി എഴുതുന്നു : "സ്വതന്ത്ര സ്ത്രീയുടെ മുഖവും കൈപടങ്ങളും നഗ്നതയല്ലെന്ന് അല്ലാഹുവിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നു. ഇബ്നു അബ്ബാസ്‌ (റ) പറയുന്നു : "ഹജ്ജിൽ പ്രവേശിച്ച സ്ത്രീകൾ കൈ ഉറകളും മുഖംമൂടികളും ധരിക്കുന്നത്‌ പ്രവാചകൻ നിഷിദ്ധമാക്കുന്നു." മുഖവും കൈകളും നഗ്നതയായിരുന്നെങ്കിൽ അവ മറക്കുന്നത്‌ നിഷിദ്ധമാക്കുമായിരുന്നില്ല. പുറമേ സ്ത്രീകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവരുടെ മുഖം വെളിവാക്കേണ്ടത്‌ ആവശ്യമാണ്. പിടിക്കുകയും നൽകുകയും ചെയ്യുന്ന സന്ദർഭത്തിൽ കൈ വെളിവാക്കുകയും വേണം. അതിനാൽ അവ നഗ്നതയാക്കിയിട്ടില്ല." [ശർഹുൽ മുഹദ്ദബ്‌]

 സ്ത്രീകളുടെ കാൽപാദങ്ങളും നഗ്നതയല്ല. അവയും സ്ത്രീകൾക്ക്‌ വെളിവാക്കാം. ഇമാം നവവി (റ) ഉദ്ധരിക്കുന്നു : "ഇമാം അബൂഹനീഫ (റ), സൗരി (റ), മുസ്നി (റ) മുതലായവർ സ്ത്രീയുടെ പാദങ്ങൾ നഗ്നതയിൽ ഉൾപ്പെടുകയില്ലെന്ന് പ്രസ്താവിക്കുന്നു." [ശറഹുൽ മുഹദ്ദബ്‌] ഇമാം മാലിക്‌, ഹദീസ്‌ പണ്ഡിതന്മാരുടെ ഇമാമായ സുഹ്‌രി (റ)വിൽ നിന്ന് ഉദ്ദരിക്കുന്നു : "അന്യപുരുഷന്മാരുടെ മുന്നിൽ പ്രകടിപ്പിക്കാമെന്ന് അല്ലാഹു പ്രസ്താവിച്ച പ്രത്യക്ഷമായ സൗന്ദര്യത്തിൽ മോതിരം, കാലിൽ ധരിക്കുന്ന തണ്ട (കാൽത്തള) എന്നിവയും ഉൾപ്പെടുന്നു." [ഇബ്നു കസീർ]. പള്ളി ദർസ്സുകളിൽ പഠിപ്പിക്കുന്ന തഫ്സീർ മദാരിക്കിൽ എഴുതുന്നു : "ബാഹ്യസൗന്ദര്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പതിവും പ്രകൃതിയും വെളിവാക്കുവാൻ ആവശ്യപ്പെടുന്നവയാണ്. അത്‌ മുഖം, കൈപടങ്ങൾ, കാൽപാദങ്ങൾ മുതലായവയാണ്. ഇവ മറക്കൽ ഒരു സ്ത്രീയെ സംബന്ധിച്ച്‌ വളരെ പ്രയാസമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച്‌ സാക്ഷി പറയുകയും കേസ്‌ വാദിക്കുകയും ചെയ്യുമ്പോൾ. വിവാഹ സന്ദർഭങ്ങളിലും യാത്രാവേളയിലുമൊക്കെ കാൽപാദം വെളിവാക്കേണ്ടി വരും." 

 By അബ്ദുസ്സലാം സുല്ലമി @ ഇളവുകൾ ഇസ്ലാമിക വിധികളിൽ (യുവത)

നന്മകൾക്ക്‌ പ്രചോദനമാവുക

''വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.'' [അദ്ധ്യായം 4 നിസാഅ് 85]

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് മനുഷ്യർ. ആത്മപ്രേരണയാലും പരപ്രേരണ കൊണ്ടും കാര്യങ്ങൾ ചെയ്യുന്നവരുണ്ട്‌. പൊതുവേ ചെറുതും ലളിതവുമായ കാര്യങ്ങൾ സ്വയം ചെയ്യാൻ തയ്യാറാവുന്നവർ, സങ്കീർണ്ണവും ത്യാഗപൂർണ്ണവുമായ കാര്യങ്ങൾ മറ്റുള്ളവരുടെ പ്രേരണകളും മാതൃകകളും ഉണ്ടാവുമ്പോഴാണ് പ്രവർത്തിക്കാറുള്ളത്‌. മറ്റുള്ളവരെ നന്മയിലേക്ക്‌ ആകർഷിക്കാൻ ഉപയുക്തമായ പ്രവർത്തനങ്ങളും പ്രേരണകളും നമ്മിൽ നിന്നുണ്ടാവണം. ഇത്‌ നന്മകളുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് മാത്രമല്ല; നന്മകളെ നമ്മുടെ പങ്കാളിത്തം ഉറപ്പിക്കുന്നതും പ്രതിഫലം നേടിത്തരുന്നതുമായിരിക്കും. വ്യക്തിക്കും സമൂഹത്തിനും നാടിനും ഗുണകരമായ കാര്യങ്ങൾ ഉണ്ടാവുന്നതിനു വേണ്ടിയുള്ള നമ്മുടെ പ്രോൽസാഹനങ്ങളും ശുപാർശകളും നിർദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഒരാൾ നല്ല തരത്തിലുള്ള വല്ല ശുപാർശകളും ഒരാൾക്ക്‌ വേണ്ടി നിർവ്വഹിച്ചാൽ അതിന്റെ ഗുണങ്ങളിൽ നിന്നുള്ള ഒരു വിഹിതവും ചീത്തയായ കാര്യങ്ങൾക്ക്‌ വേണ്ടി ശുപാർശയും പ്രേരണയും നടത്തിയാൽ അതിന്റെ തിന്മകളിൽ നിന്നുള്ള ഒരു പങ്കും അവനു ലഭ്യമായിത്തീരും എന്ന് അല്ലാഹു അറിയിക്കുന്നു. കാരണം അവന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമായാണ് ആ നന്മയും തിന്മയും നിലവിൽ വരുന്നത്‌.

നല്ല ഒരു കാര്യത്തിന്ന് വേണ്ടി നാം നടത്തുന്ന ഉപദേശനിർദ്ദേശങ്ങൾ, പ്രേരണകൾ, പ്രോൽസാഹനങ്ങൾ, പ്രാർത്ഥനകൾ, സഹായങ്ങൾ എല്ലാം നമ്മെ ആ നന്മയുടെ ഭാഗമാക്കിത്തീർക്കുന്നതാണ്. അതിന്റെ പ്രതിഫലം മരണാനന്ത ജീവിതത്തിലേക്ക്‌പോലും നമുക്ക്‌ ലഭ്യമായിത്തീരുന്നു. എന്നാൽ ചീത്തയായ കാര്യത്തിനാണ് നമ്മുടെ ശുപാർശയും ഒത്താശയും പ്രോൽസാഹനവും നിമിത്തമാവുന്നതെങ്കിൽ നാം ഏറെ ഭയപ്പെടേണ്ടതുണ്ട്‌. കാരണം നാമും ആ തെറ്റിൽ അറിയാതെ പങ്കാളിയായിത്തീരുകയാണ്.

"നീ മുഖേന ഒരാൾ സന്മാർഗ്ഗത്തിലായാൽ ഈ ലോകത്തെ മുഴുവൻ സ്വത്തും ലഭിക്കുന്നതേക്കാൾ നല്ലതാണ്" എന്ന് നബി (സ) പഠിപ്പിക്കുന്നു. നന്മകളുടെ മാതൃകകളായി ജീവിക്കാനും നന്മയും ക്ഷമയും പരസ്പരം ഉപദേശിച്ച്‌ സൽകർമ്മ ജീവിതത്തിന് വഴികാട്ടാനുമായിരിക്കണം ഒരു വിശ്വാസിയുടെ ശ്രമം. നാം ചെയ്യുന്ന ഓരോ കാര്യവും അല്ലാഹുവിന്റെ മേൽനോട്ടത്തിലാണ് എന്നോർക്കുക. അവൻ നമ്മുടെ അകവും പുറവും കണ്ടുകൊണ്ടിരിക്കുന്നു. അതിനാൽ നമ്മുടെ വാക്കും പ്രവൃത്തിയും മറ്റുള്ളവരിൽ നന്മകൾ വളർത്താൻ പര്യാപ്തമാവുന്നതാകട്ടെ.

By അബ്‌ദു സലഫി @ പുടവ മാസിക 

ദൗത്യം ഓഡിറ്റ് ചെയ്യുക

വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച യുവതയുടെ ചരിത്രങ്ങളില്‍ ധാരാളം സമാനതകള്‍ കാണാം. തിന്മകള്‍ക്കെതിരില്‍ ചോദ്യങ്ങളുയര്‍ത്തി, നന്മയുടെ പക്ഷത്ത് ആത്മാര്‍പ്പണം ചെയ്ത ആദര്‍ശയൗവനത്തിന്റെ ചരിത്രമാണത്. അവര്‍ ചോദ്യം ചെയ്തത് സാധാരണക്കാരെയോ അബലരെയോ അല്ല, ജീവിച്ചുവളരുന്ന നാട്ടിലെ രാജാക്കന്മാരെയായിരുന്നു. തഖ്‌യാനൂസ് രാജാവും നുംറൂദും. ഇടര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ കഹ്ഫിലെ യുവാക്കളും യുവാവായ ഇബ്‌റാഹീം നബി(അ)യും അചഞ്ചലമായി പോരാടി. ഇത്തരം സംഭവങ്ങളെ പരിചയപ്പെടുത്തുന്ന ഖുര്‍ആനിക ശൈലിയും ചിന്തോദ്ദീപകമാണ്. ശിര്‍ക്കിനെതിരില്‍ പോരാടിയ മഹാന്മാരുടെ പേരുകള്‍ക്ക് പകരം ദൗത്യനിര്‍വഹണ സന്ദര്‍ഭമാണ് അവരിലേക്ക് ചേര്‍ത്തുവെച്ചത്. സമിഅ്‌നാ ഫതന്‍ (21:60) ഒരു യുവാവിനെ ഞങ്ങള്‍ കേട്ടു പരിചയിച്ചിട്ടുണ്ട്. ഇന്ന ഹും ഫിത്‌യതുന്‍ (18:10) 'അവര്‍ യുവാക്കളായിരുന്നു.' മനുഷ്യായുസ്സിലെ വിവിധ ഘട്ടങ്ങളിലെ 'ദൗത്യ'ത്തെ അങ്ങനെ ക്രിയാത്മകമാക്കണമെന്ന സാമൂഹ്യബോധനം കൂടി ഈ പ്രഖ്യാപനങ്ങളിലുണ്ട്. യുവത്വം കരുത്തുള്ളതാണ്. ശരീരത്തിനും മനസ്സിനും ആര്‍ജവം നല്കുന്നതാണ് (30:54). അതിനാല്‍ അവര്‍ ചോദ്യങ്ങളുന്നയിച്ചു. രാജാവിനോടുള്ള ചോദ്യം പക്ഷേ, ആത്യന്തികമായി തങ്ങളോട് തന്നെയായിരുന്നു. ദൗത്യനിര്‍വഹണത്തിന്റെ വീര്യം ചോരാതിരിക്കാന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരുന്നു. സൃഷ്ടി പൂജക്കെതിരില്‍, വിഗ്രഹാരാധനക്കെതിരില്‍ ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുകയെന്ന ദൗത്യ നിര്‍വഹണത്തെ നിര്‍ഭയം നിര്‍വഹിക്കുകയായിരുന്നു. അതാണ് മാതൃകയും. (5:54, 33:39)

സാമ്പത്തിക വിനിമയ രംഗത്ത് ഓഡിറ്റിംഗ് സര്‍വസാധാരണമാണ്. അവയുടെ കൃത്യതക്കും കണിശതക്കും നാം ശ്രദ്ധിക്കാറുണ്ട്. സ്വജീവിതത്തിലും ഒരു പരിധി വരെ സാമ്പത്തിക ചിട്ടയും ക്രമീകരണവും വരുത്തുന്നവരാണ് നമ്മില്‍ അധിക പേരും. ദൈനംദിന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മുടെ ജയാപചയങ്ങളെ ആത്യന്തികമായി നിശ്ചയിക്കുന്ന 'ദൗത്യ'ത്തെ ആരാണ് ഓഡിറ്റ് ചെയ്തിട്ടുള്ളത്? 'പരലോക വിചാരണക്ക് മുന്‍പ് സ്വയം വിചാരം വേണം' എന്നതിന്റെ താല്പര്യമാണ് ഇത്. മൂല്യനിര്‍ണയവും സംശോധനയും അപഗ്രഥനങ്ങളും ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച കാലത്തും നാം ഇക്കാര്യത്തില്‍ അലസത പുലര്‍ത്തുന്നു. നാഥന്‍ നമ്മെ ഏല്പിച്ചതും (22:78) നാം ഏറ്റെടുത്തതുമായ ദൗത്യങ്ങളുടെ കോളവും നിര്‍വഹണത്തിന്റെ കോളവും പരസ്പരം പൊരുത്തമുള്ളതാണോ? എന്തെങ്കിലും ചെയ്തതിലെ ആശ്വാസമല്ല, ചെയ്യാവുന്നത് നിര്‍വഹിച്ചിട്ടുണ്ടോ എന്ന ആകുലതയാണ് ഒരു യുവാവില്‍ ഉണ്ടാകേണ്ടത്. 'ഇത്രയെങ്കിലും ആയല്ലോ' എന്ന അലസ യുക്തിയല്ല. 'ഞാന്‍ എന്ത് ചെയ്തു എന്നതല്ല, എനിക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമായിരുന്നു' എന്ന് തിരിച്ചറിയണം. 'അടങ്ങിയിരുന്ന് ആരാധനയില്‍ മുഴുകി ജീവിക്കുന്നവനല്ല, സമൂഹത്തിന്റെ തുടിപ്പുകളിലേക്ക് പകലന്തികളില്‍ പോരാടി ജയിക്കുന്നവനാണ് ശരിയായ വിശ്വാസി' (ബുഖാരി) എന്ന നബി വചനം നമ്മെ ഉള്ളുണര്‍ത്തേണ്ടതുണ്ട്. ഒരു മാസത്തെ ഇഅ്തികാഫിനെക്കാള്‍ പുണ്യകരമായത് ആവശ്യം തേടിവരുന്നവന്റെ സഹായിയായി പുറപ്പെടലാണെന്ന ഇബ്‌നുഅബ്ബാസിന്റെ(റ) വാക്കുകള്‍ആദര്‍ശ പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുന്നു. മതജീവിതത്തില്‍ മാതൃകയാവുന്നതോടൊപ്പം ദൗത്യങ്ങള്‍ക്ക് 'ജീവന്‍' നല്കുമ്പോഴാണ് ആദര്‍ശയൗവനം സാര്‍ഥകമാവുന്നത് (7:157). ചുറ്റുപാടുകള്‍ പരിശോധിക്കുക. നമ്മുടെ ഇടം നമുക്കവിടങ്ങളില്‍ കാണാം. മതത്തിന്റെ മഹിത സന്ദേശം ഗുണകാംക്ഷയോടെ കൈമാറേണ്ടവര്‍, ഇസ്‌ലാമിന്റെ കര്‍മതലം സജീവമാക്കേണ്ടത്, ആത്മീയതയെ 'നാട്ടുവൈദ്യമാക്കി' മതത്തെ മലിനപ്പെടുത്തിയവര്‍, പരിരക്ഷ തേടുന്ന പരിസ്ഥിതി, തണലേകേണ്ട അശരണര്‍, കൈത്താങ്ങാവേണ്ട അനാഥര്‍... നീയും നിന്റെ കുടുംബവും.

സുഹൃത്തേ നമ്മുടെ ദൗത്യമേഖല ചെറുതല്ല. ക്ഷുഭിത യൗവ്വനം, സമരോത്സുക യൗവ്വനം എന്നൊന്നും ഇന്ന് ആരേയും വിശേഷിപ്പിക്കാനാവുന്നില്ല. 'വിരല്‍ മുറിച്ച്' സത്യത്തിന്റെ പക്ഷത്ത് നില്ക്കുന്നത് പോയിട്ട് വിരലുയര്‍ത്താന്‍ പോലും വാക്കുകള്‍ മുന്നോട്ട് വരുന്നില്ല. സ്മാര്‍ട്ട് ഫോണില്‍ തള്ളവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ അടുക്കി 'ചാറ്റു'മ്പോള്‍ താന്‍ ബോധപൂര്‍വം മടക്കി പൂഴ്ത്തി വെച്ചത് ഉശിരുള്ള തന്റെ 'ചൂണ്ടുവിരലാ'ണെന്ന് നാം നാം മറക്കുന്നു! ദൗത്യം ഓഡിറ്റ് ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ജനിക്കുന്നത്. തന്നോടും സമൂഹത്തോടും കുറേ ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് എന്റെ 'ദൗത്യം'. ഇരുട്ടുകള്‍ അടിസ്ഥാനമില്ലാത്തതാണത്. പ്രകാശം പരക്കുമ്പോള്‍ വിട്ടൊഴിയുന്ന പ്രതിഭാസം. ആ പ്രകാശമാണ് നെഞ്ചിലേറ്റേണ്ടത് (7:157). 'വത്തബഉന്നൂറല്ലദീ ഉന്‍സില മഅഹു'.. കൂര്‍പ്പിക്കും തോറും മുനയൊടിയാത്ത അകക്കാമ്പുള്ള പെന്‍സിലുപോലെ, കട്ടപിടിച്ച തിന്മയുടെ ഇരുട്ടുകള്‍ക്കെതിരില്‍ മുനയൊടിയാത്ത ആദര്‍ശവുമായി പൊരുതുക. അതാണ് യുവത്വം.

By  ജാബിര്‍ അമാനി @ ശബാബ് വാരിക 

നന്മ ചെയ്താല്‍ പകരം നന്മ

തോട്ടം കാവല്‍ക്കാരനായ യുവാവ് ഉച്ചഭക്ഷണമായ റൊട്ടി തിന്നുകയാണ്. എവിടെനിന്നോ ഒരു നായ അവന്‍െറ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാലാട്ടി യുവാവിന്‍െറ കണ്ണിലേക്ക് ആര്‍ത്തിയോടെ നോക്കുന്നു. അവന് ദയ തോന്നി. റൊട്ടി മുറിച്ച് ഒരു കഷണം വായിലിടുമ്പോള്‍ മറ്റൊരു കഷണം നായക്ക് ഇട്ടുകൊടുക്കുന്നു. അന്നേരം ആ വഴി ഒരു യാത്രക്കാരന്‍ കടന്നുവന്നു -പ്രവാചകന്‍െറ പൗത്രന്‍ ഹസന്‍ ഇബ്നു അലി. അദ്ദേഹം രംഗം കൗതുകത്തോടെ നോക്കിനിന്നു. ‘എന്താണ് ഈ നായക്ക് റൊട്ടി കൊടുക്കാന്‍ നിന്നെ പ്രേരിപ്പിച്ചത്?’ -ഹസന്‍ ചോദിച്ചു. ‘അത് വായിലേക്ക് നോക്കിനില്‍ക്കുന്നു. അപ്പോള്‍ അതിന് കൊടുക്കാതെ ഞാന്‍ എങ്ങനെ തിന്നും’? - മറുപടി കേട്ടയുടന്‍ ഹസന്‍ തോട്ടമുടമയുടെ വീട്ടിലേക്ക് പോയി. പണംകൊടുത്ത് അടിമയായ ആ യുവാവിനെ സ്വതന്ത്രനാക്കി. പിന്നെ തോട്ടം വിലക്കുവാങ്ങി അതവന് ദാനമായി നല്‍കി. നായ - ഇസ്ലാമിക വിധിപ്രകാരം അത് തലയിട്ട പാത്രം വൃത്തിയാകാന്‍ ഏഴുപ്രാവശ്യം കഴുകണം. ചീത്ത മനുഷ്യരെ നായയോട് ഉപമിക്കുക സാധാരണം. ഈ മിണ്ടാപ്രാണിക്ക് വിശപ്പടക്കാന്‍ റൊട്ടി കൊടുക്കുമ്പോള്‍ ആ സദ്കൃത്യം ആരെങ്കിലും കാണണമെന്ന് യുവാവ് കൊതിച്ചില്ല, പ്രതീക്ഷിച്ചതുമില്ല. മറിച്ച് നായയോട് സ്നേഹവും ദയയും തോന്നി. അതിന് വിശപ്പടക്കാന്‍ കൊടുക്കേണ്ടത് തന്‍െറ കടമയാണെന്ന് കണ്ടു.

ഒരു വിശ്വാസിയുടെ മനസ്സ് എപ്പോഴും ഇങ്ങനെയായിരിക്കണം. താന്‍ വിശപ്പടക്കുമ്പോള്‍ വിശന്നുവലയുന്നവരെപ്പറ്റി ചിന്തയുണ്ടാകണം. ‘അണുത്തൂക്കം നന്മ ആരെങ്കിലും ചെയ്താല്‍ അത് അവന്‍ കാണും’ -ഖുര്‍ആന്‍ വാഗ്ദത്തം ചെയ്യുന്നു. എന്നാല്‍, ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാള്‍ നന്മ ചെയ്യുമ്പോള്‍ ദൈവപ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും ഉള്ളിലുണ്ടാകാന്‍ പാടില്ല. മാനുഷികമായ ഒരു കടമ നിര്‍വഹിക്കുകയാണെന്ന വിചാരം മാത്രം. ഇങ്ങനെ ശുദ്ധമായ മനസ്സോടെ നന്മ ചെയ്താല്‍ നന്മ തിരിച്ചുകിട്ടുകതന്നെ ചെയ്യും. ഇഹലോകത്തും അവര്‍ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും അതിന്‍െറ സ്വാഭാവിക ഗുണം ലഭിച്ചെന്നു വരും. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഒരു ബ്രിട്ടീഷ് സമ്പന്നകുടുംബം വാരാന്ത്യ വിശ്രമത്തിനായി ഗ്രാമത്തിലെ ഒരു തോട്ടത്തിലത്തെി. കുടുംബത്തിലെ രണ്ട് കൊച്ചുകുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് അടുത്തുള്ള ഒരു കുളത്തില്‍ നീന്താനിറങ്ങി. ഒരു കുട്ടി വെള്ളത്തിനടിയിലേക്ക് താഴുന്നു. തോട്ടക്കാരന്‍െറ പുത്രനായ ബാലന്‍ ഈ രംഗം കണ്ടു. അവന്‍ കുളത്തിലേക്ക് എടുത്തുചാടി കുട്ടിയെ മരണത്തില്‍നിന്ന് രക്ഷിച്ചു. കഥയറിഞ്ഞ സമ്പന്നകുടുംബത്തിന് അവന് എന്തെങ്കിലും പാരിതോഷികം കൊടുക്കണമെന്ന് നിര്‍ബന്ധം. ബാലന്‍െറ പിതാവിനോട് സംസാരിച്ചു. അവന് പഠിക്കാന്‍ വലിയ മോഹമാണ്. വിദ്യാഭ്യാസത്തിനായി എന്തെങ്കിലും ചെയ്താല്‍ മതി -അയാള്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. ആ ദരിദ്ര ബാലനാണ് പിന്നീട് വലിയ ശാസ്ത്രജ്ഞനായി മാറിയ, പെന്‍സിലിന്‍ കണ്ടുപിടിച്ച ഡോ. അലക്സാണ്ടര്‍ ഫ്ളെമിങ്! ആ ബാലന്‍ രക്ഷിച്ച കുട്ടിയാണ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഉയര്‍ന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍!

ഒരു ഭൗതിക താല്‍പര്യവുമില്ലാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക. ഇങ്ങനെ നന്മ ചെയ്യുന്നവര്‍ക്ക് ദൈവം എത്രയോ ഇരട്ടി ഗുണങ്ങള്‍ പകരമായി തരും. നന്മ പ്രവര്‍ത്തിക്കുന്നതിന്‍െറ പ്രതിഫലം നന്മയല്ലാതെ മറ്റെന്തെങ്കിലുമാണോ? -ഖുര്‍ആന്‍ ചോദിക്കുന്നു.

By മുഹമ്മദ് കുട്ടശ്ശേരി @ മാധ്യമം ദിനപത്രം 

ആത്മനിയന്ത്രണത്തിന്‍െറ വ്രതം

റമദാനിലാണ് നോമ്പ് നിര്‍ബന്ധമാക്കിയ കല്‍പന വരുന്നത്. വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണമാസത്തെയാണ് നിര്‍ബന്ധ നോമ്പിനായി അല്ലാഹു തെരഞ്ഞെടുത്തത്. മൂന്ന് ഘട്ടങ്ങളായാണ് നോമ്പ് നിര്‍ബന്ധമായി മാറിയത്. നോമ്പ് അനുഷ്ഠിക്കുകയോ അല്ലെങ്കില്‍ ഒരു അഗതിക്ക് ആഹാരം നല്‍കുകയോ ചെയ്യുക, അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമായിരുന്നു. അതായിരുന്നു ഒന്നാമത്തെ ഘട്ടം. രണ്ടാം ഘട്ടം നോമ്പ് നിര്‍ബന്ധമാണെന്ന കല്‍പനയാണ്. യാത്രക്കാരോ രോഗികളോ ആണെങ്കില്‍ ആ എണ്ണം മറ്റൊരു ദിവസം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെട്ടു. നോമ്പിന്‍െറ സ്വഭാവത്തിലുള്ള വ്യത്യാസമാണ് മൂന്നാംഘട്ടം. അല്ലാഹുവിന്‍െറ നിര്‍ദേശം വന്നത് പ്രഭാതം പൊട്ടിവിടരുമ്പോള്‍ നോമ്പ് തുടങ്ങാനും സൂര്യാസ്തമയം വരെ അത് തുടരാനുമാണ്. രാത്രിയില്‍ ആഹാരപദാര്‍ഥവും സ്ത്രീ പുരുഷ ബന്ധവും അനുവദിച്ചു. ഈ രൂപത്തിലുള്ള വ്രതാനുഷ്ഠാനമാണ് സത്യവിശ്വാസികള്‍ നിര്‍വഹിക്കേണ്ടത്.

ആത്മനിയന്ത്രണമാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. ജീവിതത്തില്‍ വീഴ്ച വന്നാല്‍ പ്രായശ്ചിത്തമായി നോമ്പ് എടുക്കണമെന്നാണ് നിര്‍ദേശം. സാമൂഹികഭദ്രത, പട്ടിണി നിര്‍മാര്‍ജനം ഇതിനെല്ലാം വ്രതം പ്രയോജനം നല്‍കും. അതുകൊണ്ടാണ് നോമ്പിന് പരിഹാരമായി ആഹാരം നല്‍കണമെന്ന നിര്‍ദേശം നല്‍കിയത്. ഹജ്ജിലെ നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ വല്ല തകരാറും സംഭവിച്ചാല്‍ നോമ്പ് എടുക്കുകയോ പാവങ്ങള്‍ക്ക് ധര്‍മം ചെയ്യുകയോ മൃഗത്തെ ബലി നല്‍കി ദാനം നല്‍കുകയോ വേണമെന്ന് നിര്‍ദേശിച്ചു. അബദ്ധത്തില്‍ കൊലപാതകം സംഭവിച്ചാലും പ്രതിജ്ഞ ലംഘിച്ചാലും ഹറമില്‍നിന്ന് വല്ല ജീവികളെയും വേട്ടയാടി വധിച്ചാലും പ്രായശ്ചിത്തമായി നോമ്പ് അനുഷ്ഠിക്കാനാണ് മതം പറയുന്നത്.

ചുരുക്കത്തില്‍, മനുഷ്യനെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രനാക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരം നല്‍കി ജീവിതസൗകര്യം നല്‍കുകയും ചെയ്യുകയെന്നതിന് വ്രതാനുഷ്ഠാനം പ്രചോദനം നല്‍കുന്നു. ശരീരവികാരമാണ് ഏറ്റവുമധികം നിയന്ത്രിക്കേണ്ടത്. വല്ലവനും നോമ്പ് അനുഷ്ഠിച്ച് ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പ് അനുഷ്ഠിക്കണമെന്നും അല്ലെങ്കില്‍ 50 പാവങ്ങള്‍ക്ക് ആഹാരം നല്‍കണമെന്നുമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഈ പ്രത്യേക നിര്‍ദേശമെല്ലാംതന്നെ പാവങ്ങളുടെ വിശപ്പ് മനസ്സിലാക്കി ആഹാരം നല്‍കാനുള്ള പ്രചോദനമാണെന്ന് വ്യക്തമാക്കുന്നു.

By സി പി ഉമർ സുല്ലമി @ മാധ്യമം ദിനപത്രം 

വ്രതം: പകരമാകില്ല, മറ്റൊന്നും

റമസാനിലെ വ്രതാനുഷ്ഠാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. പ്രവാചകാനുചരൻ അബൂഉമാമ ഒരിക്കൽ ചോദിച്ചു:‘പ്രവാചകരേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ:‘നീ വ്രതമനുഷ്ഠിക്കുക, അതിന് തുല്യമായി മാറ്റൊന്നില്ല’. അനുചരൻ വീണ്ടും: ‘മറ്റൊരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ: ‘നോമ്പെടുക്കൂ അതിനെക്കാൾ നല്ലതൊന്ന് വേറെയില്ല’. അനുചരൻ: ‘മറ്റൊന്നു കൂടി പറഞ്ഞു തരൂ’. മൂന്നാമതും പ്രവാചകൻ ആവർത്തിച്ചു: ‘വ്രതമനുഷ്ഠിക്കൂ, അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല’. ഇതാണ് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം.

മറ്റാർക്കും കണ്ടെത്താനാവാത്ത വിധം കുറ്റകൃത്യങ്ങൾ സ്വകാര്യവത്കരിക്കപ്പെട്ട ലോകമാണ് നമ്മുടേത്. സ്വകാര്യതകളിലെ പോരായ്മകൾ മറച്ചുപിടിച്ച് മറ്റൊരു മുഖവുമായാണ് മനുഷ്യരിലധികവും പുറത്തിറങ്ങുന്നത്. ഏത് ദുർമോഹവും നിമിഷവേഗം കൊണ്ട് കൈവരിക്കാനും എത്രയും നിഗൂഢമാക്കാനും വളരെ എളുപ്പം. ചീഞ്ഞുനാറുന്ന പാപങ്ങളുടെ സ്വകാര്യലോകത്തെയാണ് റമസാൻ കാര്യമായി ചികിത്സിക്കുന്നത്. അവിടെയുള്ള അഴുക്കിനെ അകറ്റുകയും ശീലങ്ങളെ മാറ്റുകയും മോഹങ്ങളെ മെരുക്കുകയും ചെയ്തുകൊണ്ട് അകവും പുറവും ശുദ്ധമാക്കി പൂർണവിശുദ്ധിയോടെ ജീവിക്കാൻ പരിശീലിപ്പിക്കുന്നു. ഭക്തിയും ശുദ്ധിയും പരസ്യമെന്നതിലേറെ രഹസ്യമാണല്ലോ! അതാണ് വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സാരവും ചൈതന്യവും.

‘നന്മ ചെയ്യുക, പ്രചരിപ്പിക്കുക; തിന്മ വർജിക്കുക, അത് പ്രതിരോധിക്കുക’ എന്നതാണ് ഇസ്‌ലാമിക ആശയങ്ങളുടെ ആകെത്തുക. തിന്മ ഉപേക്ഷിക്കുന്നതിനെക്കാൾ എളുപ്പമാണ് നന്മ ചെയ്യൽ. ആരാധനാ കർമങ്ങൾ, ദാനധർമങ്ങൾ, ഖുർആൻ പാരായണം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയവയെല്ലാം എളുപ്പമാണ്. അത്ര എളുപ്പമല്ല, നാവിനെ സൂക്ഷിക്കലും കണ്ണിനെ നിയന്ത്രിക്കലും കോപം അടക്കലും. ഇതിനു കൂടുതൽ അധ്വാനവും ശ്രമവും ആവശ്യമാണ്. അനുവദനീയമായ ഭക്ഷണവും പാനീയങ്ങളും പോലും നിശ്ചിത സമയത്തേക്കു വേണ്ടെന്നുവച്ച് ശക്തമായ പരിശീലനം നൽകി, നിഷിദ്ധമായതിലേക്ക് അടുക്കാതിരിക്കുവാനുള്ള വഴിയൊരുക്കുകയാണ് റമസാൻ വ്രതം.

 by എം.സ്വലാഹുദ്ദീൻ മദനി @ മനോരമ ദിനപത്രം 

Popular ISLAHI Topics

ISLAHI visitors