ശിക്ഷ, ശിക്ഷണം, പ്രചോദനം

ശിക്ഷണത്തോടൊപ്പം ഒഴിച്ചുകൂടാത്ത ഒരു കാര്യമായിട്ടാണ്‌ ശിക്ഷയെ ഒരു കാലത്ത്‌ ഗുരുജനങ്ങള്‍ പരിഗണിച്ചിരുന്നത്‌. ശിക്ഷിച്ചു വളര്‍ത്തിയാലേ കുട്ടികള്‍ നന്നാകൂ എന്ന ധാരണ രക്ഷിതാക്കള്‍ക്കിടയിലും പ്രബലമായിരുന്നു. ദുശ്ശീലങ്ങള്‍ മാറ്റാനും അച്ചടക്കം വളര്‍ത്താനും ശിക്ഷ ഒരളവോളം അനുപേക്ഷ്യമാണെന്നു തന്നെയാണ്‌ കാര്യബോധമുള്ള പലരും ഇപ്പോഴും കരുതുന്നത്‌. എന്നാല്‍ അറിവ്‌ പകര്‍ന്ന്‌ നല്‍കുക എന്ന ശ്രേഷ്‌ഠമായ സേവനത്തെ ശിക്ഷകൊണ്ട്‌ നൊമ്പരവും വിഷാദവും കലര്‍ന്നതാക്കണമോ എന്ന പ്രശ്‌നം ലോലമായ ബാലമനസ്സുകളോട്‌ സഹാനുഭാവമുള്ളവരൊക്കെ സജീവ ചര്‍ച്ചയാക്കേണ്ടതുണ്ടെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌.

കളിക്കാനും ഉല്ലസിക്കാനുമുള്ള ത്വര കുട്ടിത്തത്തിന്റെ കൂടപ്പിറപ്പാണ്‌. കുട്ടികളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ വികാസം കളികളിലൂടെ നടക്കണമെന്നാണ്‌ കരുണാവാരിധിയും സ്‌നേഹനിധിയുമായ ലോകരക്ഷിതാവിന്റെ പദ്ധതി. കൂട്ടുകാരുമായുള്ള സല്ലാപങ്ങളിലൂടെയാണ്‌ അവരുടെ സ്വഭാവവും പെരുമാറ്റവും വികാസോന്മുഖമാകേണ്ടത്‌. അതിനാല്‍ കുട്ടികള്‍ കളിക്കുന്നതും ചിരിക്കുന്നതും കലപിലകൂട്ടുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി ഗണിക്കാവുന്നതല്ല. എന്നാല്‍ കുട്ടിത്തത്തിന്റെ മധുരസ്‌മൃതികള്‍ അയവിറക്കാനില്ലാത്തവരോ അതൊക്കെ മറന്നുകളഞ്ഞവരോ ആയ ചില അധ്യാപകര്‍ കുട്ടികളുടെ കളിയും വിനോദവുമൊക്കെ അടിച്ചമര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്‌. ചിലര്‍ സ്വന്തം ബലഹീനതകളെ മറികടക്കാനും വടിയെ ഒരു ഉപകരണമാക്കുന്നു.

കുട്ടികളെ കളിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌തതു കൊണ്ട്‌ മാത്രം അവരുടെ അറിവ്‌ വികസിപ്പിക്കാന്‍ കഴിയുമോ എന്ന്‌ പലര്‍ക്കും സ്വാഭാവികമായി സംശയം തോന്നാം. കുട്ടികളുടെയൊക്കെ മുഖത്ത്‌ ഗൗരവം പടര്‍ത്തിയിട്ടും അവരെ പഠനോത്സുകരാക്കി മാറ്റാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണ്‌ ഈ സംശയം തീരാന്‍ ഒന്നാമതായി വേണ്ടത്‌. കുട്ടികളെ ചിരിപ്പിച്ചും രസിപ്പിച്ചും അവരോട്‌ കലവറയില്ലാത്ത സ്‌നേഹം പ്രകടിപ്പിച്ചും അവരുടെ കൗതുകമുണര്‍ത്തിയും അവരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ്‌ ഒരധ്യാപകന്‍ അവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുകൊടുക്കുന്നതെങ്കില്‍ ഏറെ ഔത്സുക്യത്തോടെ അവരത്‌ പഠിക്കും. ചൂരല്‍കഷായം കൊടുക്കാതെ തന്നെ അവരുടെ ജിജ്ഞാസയുണരും.

ബാലമനസ്സുകളെ സന്തോഷഭരിതമാക്കി ജ്ഞാനോദ്ദീപനം നടത്തുന്ന രീതി ആധുനിക വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാര്‍ഥികളുടെ മനസ്സ്‌ വായിക്കാന്‍ കഴിയാത്ത ചില അധ്യാപകര്‍ മാത്രമാണ്‌ ഇപ്പോള്‍ സ്‌കൂളുകളില്‍ ദണ്ഡനമുറകള്‍ തുടരുന്നത്‌. എന്നാല്‍ മദ്‌റസകളിലും യതീംഖാനകളിലും മറ്റു ചില മതപാഠശാലകളിലും അടിച്ചും ഇടിച്ചും പിച്ചിയും നുള്ളിയും വിവരം തലയില്‍ കയറ്റുന്ന രീതിയില്‍ നിന്ന്‌ മാറാന്‍ പല അധ്യാപകരും കൂട്ടാക്കുന്നില്ല. മതപാഠങ്ങളൊക്കെ ഗൗരവമുള്ള വിഷയങ്ങളായിരിക്കെ രസകരമായി പഠിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്നാണ്‌ പലരും ചിന്തിക്കുന്നത്‌. വളരെക്കുറച്ച്‌ സമയം മാത്രമേ മദ്‌റസയില്‍ കുട്ടികളെ കിട്ടുന്നുള്ളൂ എന്നതിനാല്‍ കളിതമാശകള്‍ക്കൊന്നും സമയം കളയാതെ പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ത്തേ പറ്റൂ എന്ന്‌ കരുതുന്നവരും ഉണ്ട്‌. എന്നാല്‍, പാഠങ്ങളിലൊന്നും കുട്ടികളുടെ ശ്രദ്ധ പതിയുന്നില്ലെങ്കില്‍, അതൊന്നും അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ലെങ്കില്‍, ആ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ പ്രചോദിതരാകുന്നില്ലെങ്കില്‍ പഠിപ്പിച്ചു തീര്‍ക്കുക എന്ന യാന്ത്രിക പ്രവര്‍ത്തനം കൊണ്ട്‌ എന്താണ്‌ പ്രയോജനം?

കളിപ്പിക്കാതെ, രസിപ്പിക്കാതെ പഠിപ്പിക്കുന്ന വിഷയങ്ങളും ചില കുട്ടികള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടല്ലോ എന്നായിരിക്കും ചിലര്‍ക്ക്‌ പറയാനുണ്ടാവുക. അത്‌ ഒട്ടൊക്കെ ശരി തന്നെയാണ്‌. ചില കുട്ടികള്‍ സ്വതവെ തന്നെ ജിജ്ഞാസയും പഠിക്കാന്‍ ഉത്സാഹവും ഉള്ളവരായിരിക്കും. അവരെ പഠിപ്പിക്കാന്‍ ഒട്ടും പ്രയാസമുണ്ടാവുകയില്ല. പക്ഷെ, ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അത്തരക്കാരല്ല. അവരെ മതപാഠങ്ങളോട്‌ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയാണ്‌ പ്രധാനം. അത്‌ അല്‍പസ്വല്‌പം പ്രയാസമുള്ള കാര്യവുമാണ്‌. ബാലമനസ്സുകളോട്‌ സമുചിതമായ രീതിയില്‍ സംവദിച്ചുകൊണ്ട്‌ ആ ദൗത്യം നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വിജയകരമായ മാര്‍ഗം അധ്യയനം ഒരു രസകരമായ അനുഭവമാക്കിത്തീര്‍ക്കുക എന്നതു തന്നെയാണ്‌. ബുദ്ധിയും ഭാവനയുമുള്ള, പരിശീലനം ലഭിച്ച അധ്യാപകര്‍ക്കേ ഈ രംഗത്ത്‌ വിജയിക്കാനാകൂ.

ശിക്ഷ കുറ്റവാളികളെ തിരുത്താനും മെരുക്കാനും സംസ്‌കരിക്കാനും അവരെക്കൊണ്ടുള്ള ശല്യത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കാനും വേണ്ടിയുള്ളതാണ്‌. കുട്ടിത്തത്തിന്റെ ചൈതന്യം ചാലിട്ടൊഴുകുന്ന കുസൃതികള്‍ കുറ്റകൃത്യങ്ങളല്ല. ഓര്‍മക്കുറവോ അശ്രദ്ധയോ സംഭവിച്ചുപോകുന്നതിന്റെ പേരില്‍ പഠിതാക്കളെ കുറ്റവാളികളായി ഗണിക്കാവുന്നതുമല്ല. പിന്നെ നോക്കാനുള്ളത്‌ കുട്ടികള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിന്‌ ശാരീരികമോ മാനസികമോ പാരിസ്ഥിതികമോ മറ്റോ ആയ വല്ല കാരണവും ഉണ്ടോ എന്നാണ്‌. കേള്‍വിക്കുറവ്‌ നിമിത്തം അധ്യാപകര്‍ പറയുന്നത്‌ മുഴുവന്‍ കേട്ടുമനസ്സിലാക്കാത്ത ചില കുട്ടികളുണ്ടാകാം. ബധിരത അത്ര പ്രകടമല്ലാത്തതുകൊണ്ട്‌ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയില്‍ പെടാത്തതാകാം. ചില കുട്ടികളുടെ പ്രശ്‌നം മുന്‍ ബെഞ്ചില്‍ ഇരിന്നതുകൊണ്ട്‌ മാത്രം പരിഹരിക്കാവുന്നതായിരിക്കും. ബോര്‍ഡില്‍ അല്‌പം ചെറിയ അക്ഷരത്തില്‍ എഴുതുന്നത്‌ വായിക്കാന്‍ പ്രയാസമുള്ള വിദ്യാര്‍ഥികളുടെ കാര്യവും ഈ വിധത്തില്‍ തന്നെ പരിഹരിക്കാം. അതിലും കൂടിയ വൈകല്യമുണ്ടെങ്കില്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ ലഭ്യമാക്കണം. ഇത്തരം കുട്ടികളെ അശ്രദ്ധയുടെ പേരില്‍ ശിക്ഷിക്കുന്നത്‌ ഒട്ടും ഗുണം ചെയ്യില്ലെന്ന്‌ മാത്രമല്ല, അവരുടെ വ്യക്തിത്വ വികസനത്തെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

രക്ഷിതാക്കളുടെ നയവൈകല്യങ്ങള്‍ കൊണ്ടോ കുടുംബഛിദ്രത്തിന്റെ ഫലമായോ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസക്കുറവ്‌, അശുഭചിന്തകള്‍, മനസ്സാന്നിധ്യമില്ലായ്‌മ തുടങ്ങിയ മനോദൗര്‍ബല്യങ്ങളുണ്ടാകാം. സംസാരത്തിലോ പെരുമാറ്റത്തിലോ ശ്രദ്ധിക്കപ്പെടാവുന്ന അപാകതകള്‍ ഇല്ലെങ്കിലും പഠനത്തിന്റെ കാര്യക്ഷമതയെ ഇത്തരം ദൗര്‍ബല്യങ്ങള്‍ ബാധിക്കാനിടയുണ്ട്‌. പഠനത്തിലെ ശ്രദ്ധക്കുറവിന്റെ പേരില്‍ ഇത്തരം കുട്ടികളെ ശിക്ഷിക്കുന്നതു കൊണ്ട്‌ വിപരീത ഫലമേ ഉണ്ടാകൂ. മനോഘടന ക്രമപ്രവൃദ്ധമായി കെട്ടുറപ്പുള്ളതാക്കി മാറ്റാന്‍ ഉപകരിക്കുന്ന കൗണ്‍സലിംഗാണ്‌ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്‌. മനോവൈകല്യങ്ങളൊക്കെ പ്രഹരംകൊണ്ട്‌ പരിഹരിക്കാമെന്ന മൂഢവിശ്വാസം വിവേകമുള്ളവരൊക്കെ കയ്യൊഴിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. മതാധ്യാപകര്‍ കാലികമായ അവബോധത്തില്‍ ഏറെ പിന്നാക്കമായിക്കൂടാ.

കൊടുങ്കാറ്റും ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ കുട്ടികളുടെ മാനസിക ഭദ്രതയെ ഗുരുതരമായി ബാധിക്കുന്ന കാര്യം പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. പരിസര മലിനീകരണവും ശബ്‌ദകോലാഹലങ്ങളും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്‌. പാരിസ്ഥിതിക സന്തുലനം നഷ്‌ടപ്പെട്ട പരിസരങ്ങളില്‍ മതവിദ്യാലയങ്ങളും പൊതുവിദ്യാലയങ്ങളും ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനും ഓര്‍മിക്കാനുമുള്ള കുട്ടികളുടെ ശേഷിയെ ഏറെ ബാധിക്കാനിടയുണ്ട്‌. ശിക്ഷകൊണ്ട്‌ പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്‌.

ചിന്തിക്കാനും ഓര്‍മിക്കാനുമുള്ള കഴിവ്‌ പടിപടിയായി വികസിപ്പിക്കുക എന്നത്‌ ഏതുതരം വിദ്യാഭ്യാസത്തിലും പ്രധാനമാണെങ്കിലും മതവിദ്യാഭ്യാസത്തില്‍ അതിനേക്കാള്‍ ഊന്നല്‍ നല്‍കേണ്ടത്‌ നല്ല ആശയങ്ങളോടും നല്ല വര്‍ത്തനരീതികളോടും കുട്ടികളുടെ മനസ്സില്‍ ആഭിമുഖ്യമുണ്ടാക്കുന്നതിനാണ്‌. നമസ്‌കാരത്തിന്റെ ശര്‍ത്വുകളും ഫര്‍ദ്വുകളും മതവിദ്യാര്‍ഥികള്‍ ഹൃദിസ്ഥമാക്കുന്നത്‌ അപ്രധാനമല്ല. എന്നാല്‍ മുറപ്രകാരം പതിവായി നമസ്‌കരിക്കാനുള്ള താല്‌പര്യമുണ്ടായാലേ നമസ്‌കാരത്തിന്റെ രൂപഭാവങ്ങളെ സംബന്ധിച്ച അറിവ്‌ പ്രയോജനപ്പെടുകയുള്ളൂ. മതവിജ്ഞാനം പല അളവില്‍ ആര്‍ജിച്ചിട്ടും ശരിയായ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ താല്‌പര്യം കാണിക്കാത്ത ധാരാളമാളുകളുണ്ട്‌. മതാധ്യാപനരീതി ഇളംമനസ്സുകളില്‍ പ്രചോദനമുണര്‍ത്തുന്നതായാലേ ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകൂ.
പ്രചോദനം ശിക്ഷയുടെ ഉപോല്‍പന്നമല്ലെന്ന്‌ മനസ്സിലാക്കാന്‍ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. നല്ല ആശയങ്ങള്‍ ഗ്രഹിക്കാനും അതിലുപരിയായി ഉത്തമഗുണങ്ങള്‍ സ്വാംശീകരിക്കാനുമുള്ള പ്രചോദനം അടിയും ഇടിയും കൊണ്ട്‌ ഉണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പാണ്‌. സ്‌നേഹം പകരുന്ന, നര്‍മം വിളമ്പുന്ന, കളികളിലൂടെ കാര്യബോധമുണ്ടാക്കുന്ന ഗുരുവിന്‌ പ്രചോദനത്തിന്റെ വറ്റാത്ത ഉറവകളൊഴുക്കാന്‍ സാധിക്കും. പല്ലിറുമ്മിയും കണ്ണു ചുവപ്പിച്ചും ഭീഷണിപ്പെടുത്തിയും, വളരുന്ന തലമുറയെ സ്വര്‍ഗകവാടങ്ങളിലേക്ക്‌ ആനയിക്കാന്‍ കഴിയില്ലെന്നും ഇതോടൊപ്പം ഓര്‍ക്കുക.

മുഹമ്മദ്‌ നബി(സ) കുട്ടികളെ ലാളിച്ചതിനും കളിപ്പിച്ചതിനും ഹദീസുകളില്‍ വേണ്ടത്ര തെളിവുകളുണ്ട്‌. നിങ്ങളുടെ സന്തതികളെ നിങ്ങള്‍ ആദരിക്കുകയും അവര്‍ക്ക്‌ നല്ല ശിക്ഷണം നല്‍കുകയും ചെയ്യണമെന്ന്‌ നബി(സ) പറഞ്ഞതായി ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കുട്ടികളെ ആദരിക്കുക എന്നതിന്റെ താല്‍പര്യം കുട്ടിത്തത്തോട്‌ നീതിപുലര്‍ത്തുക എന്നാണ്‌. കുട്ടികള്‍ യുവാക്കളെപ്പോലെയോ വൃദ്ധരെപ്പോലെയോ പെരുമാറണമെന്ന്‌ ശഠിക്കുന്നത്‌ അവരെ ആദരിക്കലാവില്ല. നബി(സ) കുട്ടികളെ അടിച്ചുപഠിപ്പിച്ചതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും തെളിവ്‌ കണ്ടെത്താനാവില്ല. കാരുണ്യം വറ്റാത്ത മനസ്സുമായി അദ്ദേഹം പ്രബോധനം ചെയ്‌ത സത്യമതം കൊച്ചുകുട്ടികളെ പ്രഹരത്തിന്റെ പിന്‍ബലത്തോടെ പഠിപ്പിക്കുന്നത്‌ വിരോധാഭാസമല്ലേ എന്ന്‌ നാം ആദ്യം ആഴത്തില്‍ ചിന്തിക്കുകയും പിന്നീട്‌ ഉറക്കെ ചോദിക്കുകയും ചെയ്യേണ്ടതുണ്ട്‌.

from ശബാബ് എഡിറ്റോറിയല്‍


ജീലാനി ദിനം

അനാചരണങ്ങളുടെ ആധിക്യംമൂലം അവ ഓര്‍ത്തുവയ്‌ക്കാന്‍ പോലും പ്രയാസമാണിന്ന്‌. 365 ദിവസവും ഏതെങ്കിലും ഒരു ദിനാചരണം കാണും. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ദിനങ്ങളുണ്ട്‌. രാഷ്‌ട്രീയം, ദേശീയം, മതകീയം, സാമൂഹികം എന്നിത്യാദി വര്‍ഗീകരണങ്ങളും ദിനാചരണങ്ങളില്‍ നടത്താവുന്നതാണ്‌. ഏതു തരത്തിലായാലും ജയന്തികളും സമാധികളും അവയില്‍ ഒരു മുഖ്യ ഘടകമാണ്‌. കേവലമൊരു ബര്‍ത്ത്‌ ഡേ അല്ലെങ്കില്‍ ഡെത്ത്‌ ഡേ ആചരിക്കുന്നതില്‍ പ്രസക്തിയില്ലെന്ന തിരിച്ചറിവായിരിക്കാം ഗാന്ധിജി, നെഹ്‌റു പോലുള്ളവരുടെ ജയന്തികള്‍ സേവനദിനം, ശിശുദിനം എന്നിങ്ങനെ ആചരിക്കാന്‍ കാരണം. ചരമദിനങ്ങള്‍ രക്തസാക്ഷി ദിനമെന്നും മറ്റും അറിയപ്പെടുന്നതും ഇക്കാരണത്താല്‍ തന്നെ. വിവിധ മതവിഭാഗങ്ങളുടെ ആചാര്യന്മാരുടെ ജനിമൃതികളും ആഘോഷദിനങ്ങള്‍ തന്നെ. ഇതിന്നപവാദം ഇസ്‌ലാം മാത്രം. ഇസ്‌ലാമില്‍ ബര്‍ത്ത്‌ ഡേ ആഘോഷമോ ഡെത്ത്‌ ഡേ ആചരണമോ ഇല്ല.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്‌ലാമിന്റെ മുഖത്ത്‌ കരി തേക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുന്‍പന്തിയില്‍ മുസ്‌ലിംകള്‍ തന്നെയാണ്‌. ഇതര നേതാക്കളുടെ നിലവാരത്തിലേക്ക്‌ മുഹമ്മദ്‌നബി(സ)യെ താഴ്‌ത്തിക്കെട്ടി ബര്‍ത്ത്‌ ഡേ ആഘോഷിക്കുകയും അത്‌ ഒരേര്‍പ്പാടായിക്കൊണ്ട്‌ നടക്കുകയും ചെയ്യുന്നു മുസ്‌ലിംകളില്‍ ചിലര്‍. സ്‌നേഹം അതിരുവിട്ട്‌ നബിജയന്തിയാഘോഷത്തിന്‌ ഒരു മാസം മുഴുവനും തികയാഞ്ഞിട്ട്‌ റബീഉല്‍ ആഖിറിലേക്കും നീണ്ടുപോകുന്ന നബിമാസ പരിപാടി അന്താരാഷ്‌ട്ര മീലാദില്‍ എത്തിനില്‍ക്കുകയാണിന്ന്‌.

`പരിപാടി'കളുടെ ആധിക്യം കാരണം റബീഉല്‍ ആഖിറിലേക്ക്‌ നീണ്ടുനില്‌ക്കുന്ന നബിജയന്തിക്കു പുറമെ റബീഉല്‍ ആഖിറില്‍ വേറെത്തന്നെ പ്രത്യേക ജന്മദിനാഘോഷം പച്ചപിടിച്ചു വരികയാണ്‌. ജീലാനി ദിനം വ്യാപകമാകുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പ്രവാചകന്റെ ജന്മദിനാഘോഷവും പ്രവാചകചര്യയും തമ്മില്‍ എത്ര ബന്ധമുണ്ടോ അങ്ങനെത്തന്നെയാണ്‌ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ജയന്തിയാഘോഷവും (ജീലാനി ദിനം) അദ്ദേഹത്തിന്റെ ജീവിതവും.

അല്ലാഹു മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശകരായിട്ടാണ്‌ കാലാകാലങ്ങളില്‍ ദൂതന്മാരെ നിയോഗിച്ചത്‌ (വി.ഖു. 2:38). ആ പരമ്പരയുടെ അവസാനത്തെ കണ്ണിയായി ലോകത്തിന്നാകമാനം വെളിച്ചമായി നബി(സ)യെ നിയോഗിച്ചു (7:158, 34:28). അദ്ദേഹം അവസാനത്തെ പ്രാവചകനുമാണ്‌ (33:40). എന്നാല്‍ അല്ലാഹുവിന്റെ സന്ദേശം മുഖേന സന്മാര്‍ഗം പ്രാപിക്കുക എന്ന സംവിധാനം നിലച്ചുപോകാന്‍ പാടില്ലാത്തതിനാല്‍ ആ ദൗത്യനിര്‍വഹണം സമൂഹത്തിന്റെ ബാധ്യതയായി ഖുര്‍ആന്‍ നിശ്ചയിച്ചു (3:110). വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളും പ്രവാചകചര്യയും പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും വന്നുപോകുന്ന ചെറു ദോഷങ്ങള്‍ക്ക്‌ ഖേദിച്ചുമടങ്ങുകയും (തൗബ) ചെയ്യുന്നവരെപ്പറ്റി അല്ലാഹുവിന്റെ വലിയ്യ്‌ (മിത്രം) എന്നു വിശേഷിപ്പിക്കുകയും അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ലെന്ന്‌ ഖുര്‍ആന്‍ (10:62) വ്യക്തമാക്കുകയും ചെയ്‌തു.

വിധിവൈപരീത്യമെന്നു പറയട്ടെ, പ്രാവചകനെ മനസ്സിലാക്കിയേടത്തു തെറ്റുപറ്റിയതു പോലെത്തന്നെ പ്രവാചകന്റെ യഥാര്‍ഥ പിന്‍ഗാമികളായ വലിയ്യുകളെ മനസ്സിലാക്കുന്നേടത്തും ഭീമാബദ്ധമാണ്‌ സമുദായത്തിനു പറ്റിയത്‌. സമുദായത്തിലെ ചില ഉന്നതസ്ഥാനീയരാണ്‌ വലിയ്യുകള്‍ എന്നും അവര്‍ക്ക്‌ എന്തൊക്കെയോ അഭൗമവും അമാനുഷവുമായ സിദ്ധികളുണ്ടെന്നും ജനം തെറ്റായി ധരിച്ചുവെച്ചു. ഇനി അങ്ങനെയാണെങ്കില്‍ തന്നെ അവര്‍ ആരൊക്കെയാണെന്ന്‌ നിര്‍ണയിക്കുന്നേടത്തും അന്ധതയും അജ്ഞതയും മാത്രമാണ്‌ അവലംബമാക്കിയത്‌.

സമുദായത്തിലെ ഒരു തസ്‌തികയല്ല വലിയ്യ്‌. താന്‍ വലിയ്യാണെന്ന്‌ ആരും അവകാശപ്പെടില്ല. മുഅ്‌മിന്‍, മുഹ്‌സിന്‍, മുഖ്‌ബിത്‌, മുത്തഖി, മുഖ്‌ലിസ്വ്‌, വലിയ്യ്‌ തുടങ്ങിയ പദപ്രയോഗങ്ങള്‍ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു പ്രയോഗിച്ചതാണ്‌. ഓരോ വിശ്വാസിയും ഇതെല്ലാമാണ്‌. എന്നാല്‍ ആെരല്ലാം ഇന്നതെല്ലാം ആണെന്ന്‌ ഉറപ്പിച്ചുപറയാവുന്ന മാനദണ്ഡങ്ങള്‍ നമ്മുടെ പക്കലില്ല. നബി(സ) സ്വര്‍ഗാവകാശിയാണെന്ന്‌ പറഞ്ഞവരെ പ്രത്യേകിച്ചും, സ്വഹാബിമാരെ പൊതുവിലും വലിയ്യുകളായി നമുക്ക്‌ കണക്കാക്കാം. അതിനുശേഷമുള്ള ഒരാളെപ്പറ്റിയും വിധി പറയാന്‍ നാം ആളല്ല. ബാഹ്യമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നല്ല മനുഷ്യരാണെന്ന്‌ പറയപ്പെടാന്‍ പോലും അര്‍ഹതയില്ലാത്തവരെയാണ്‌ പലപ്പോഴും സമൂഹം വലിയ്യായി എണ്ണിവരാറുള്ളത്‌.

വലിയ്യുകളുടെ നേതാവായും അതിമാനുഷനായും മുസ്‌ലിംകളില്‍ ചിലര്‍ കണക്കാക്കിവരുന്ന ഒരു പ്രമുഖ പണ്ഡിതനാണ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനി. അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത, നമുക്ക്‌ കല്‌പിച്ചരുളാന്‍ അവകാശമില്ലാത്ത സ്ഥാനപ്പേരുകള്‍ അദ്ദേഹത്തില്‍ പില്‍ക്കാലത്ത്‌ ആരോപിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തോട്‌ വിളിച്ചുപ്രാര്‍ഥിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ അജ്ഞരായ മുസ്‌ലിം സമൂഹം എത്തിപ്പെട്ടിരിക്കുകയാണ്‌. ഗൗസുല്‍ അഅ്‌ദം, സുല്‍ത്വാനുല്‍ ഔലിയ, ഖുത്വുബുല്‍ അഖ്‌ത്വാബ്‌ തുടങ്ങിയ പേരുകള്‍ നല്‌കി അദ്ദേഹത്തെ അനാദരിക്കുക മാത്രമല്ല, നിരവധി കല്ലുവച്ച നുണകള്‍ അദ്ദേഹത്തിന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കുകയും ചെയ്‌തു സമുദായം. ആ മഹാന്റെ ജന്മദിനമാണ്‌ റബീഉല്‍ ആഖിറിലും `മീലാദ്‌ ഫെസ്റ്റിവല്‍' നിലനിര്‍ത്താന്‍ ചില മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുന്നത്‌.

മുഹമ്മദ്‌ നബി(സ)യെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്‌ എന്ന പേരിലാണല്ലോ ഒരു മാസക്കാലം (റബീഉല്‍ അവ്വല്‍) ആഘോഷമായി കൊണ്ടാടുന്നത്‌. നബി(സ) ജീവിതകാലത്ത്‌ കാണിച്ചുതന്ന ചര്യ അവലംബിച്ച്‌ ജീവിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ ഏറെ സങ്കടം. മുഹ്‌യിദ്ദീന്‍ ശൈഖ്‌ പോലുള്ള വ്യക്തികളുടെ പേരില്‍ വിലായത്തും ചിലപ്പോള്‍ ദിവ്യത്വവും ആരോപിച്ചുകൊണ്ട്‌ അവരുടെ ജന്മദിനവും സമാധി ദിനവും ആചരിക്കുന്നവരും ആ മഹാന്മാര്‍ ആരായിരുന്നുവെന്നോ അവരുടെ ജീവിതം എങ്ങനെയായിരുന്നുവെന്നോ അവര്‍ ജീവിച്ചകാലത്ത്‌ ലോകത്തിനു നല്‌കിയ സംഭാവനകളോ സന്ദേശങ്ങളോ എന്തെല്ലാമായിരുന്നുവെന്നോ ചിന്തിക്കാറില്ല.

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്‌പിയന്‍ കടലിന്റെ തെക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ജീലാന്‍കാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍. അദ്ദേഹം വിജ്ഞാന സമ്പാദനത്തിനായി ബഗ്‌ദാദിലേക്കുപോയി. അവിടെ സ്ഥിരതാമസമാക്കി. മരണപ്പെട്ടതും അവിടെത്തന്നെ. അദ്ദേഹത്തിന്റെ മരണശേഷം ചില ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ `ഖാദിരി ത്വരീഖത്ത്‌' എന്ന പേരില്‍ ചില മതാചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലികളും മത്സരങ്ങളും കാരണം ഓരോ ത്വരീഖത്തുകാരും തങ്ങളുടെ `ആചാര്യ'നെ അമിതമായി വാഴ്‌ത്തിപ്പറയാനും അപരനെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം മധ്യനൂറ്റാണ്ടുകളില്‍ കാണപ്പെട്ടു. മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന പേരിലറിയപ്പെട്ട അബ്‌ദുല്‍ഖാദിര്‍ അവര്‍കളും ഈ `അപകടത്തിനിര'യായി. ബഹ്‌ജ, തക്‌മില തുടങ്ങിയ ക്ഷുദ്രകൃതികള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കപ്പെട്ടു. അല്ലാഹുവിനോളം അദ്ദേഹത്തെ പുകഴ്‌ത്തുന്ന കൃതികളാണവ. വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വീഹുറൂഫഹു (അല്ലാഹുവിന്റെ വിവരമെത്രയുണ്ട്‌ എന്ന്‌ എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ ഞാന്‍ കണക്കാക്കുന്നു) തുടങ്ങിയ കുഫ്‌റിലേക്കു നയിക്കുന്ന പ്രസ്‌താവനകള്‍ ആ മഹാന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. വിവരം കെട്ട ജനം അത്‌ തോളിലേറ്റി പാടിനടന്നു. `വിവരമുള്ളവര്‍' അവരെ അതില്‍ കെട്ടിയിട്ടു.

കേരളത്തില്‍ ഖാദിരി ത്വരീഖത്തിന്റെ വക്താവായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദ്‌, ഇതര ത്വരീഖത്തുകള്‍ക്കിവിടെ പ്രചാരം ലഭിക്കുന്നു എന്നു കണ്ട മാത്രയില്‍, തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിനായി രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന അറബിമലയാള പദ്യകൃതിക്ക്‌ മലയാളികള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു. മാതൃഭാഷയോ ഖുര്‍ആനിന്റെ ഭാഷയോ ലോകഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷോ പഠിച്ചിട്ടില്ലാത്ത മലയാളി പാമരന്മാര്‍ക്ക്‌ അറബി ലിപിയില്‍ എഴുതപ്പെട്ട നാടന്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആശയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ശ്രമിക്കാത്ത ജനം ഈ കൃതി കീര്‍ത്തനമായിപ്പാടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെക്കാള്‍ ഭക്തിയോടെ സന്ധ്യാകീര്‍ത്തനമായി ഉപയോഗിച്ചു തുടങ്ങി.
മനോഹരമായ ഉപമകള്‍ ചേര്‍ത്തുകെട്ടി കോര്‍ത്തെടുത്ത ഒരു `മാല'യാണത്‌. പക്ഷെ ഉപമകള്‍ അതിരുകടന്ന്‌ `മുഹ്‌യിദ്ദീന്‍' എന്ന മനുഷ്യനെ അതിമാനുഷനാക്കിയും മലക്കുകളെയും അല്ലാഹുവെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ചിത്രീകരിച്ചും വര്‍ണന കാടുകയറിയത്‌ `ഭക്തര്‍' ശ്രദ്ധിക്കാതെ പോയി. `ആലിമീങ്ങ'ളാകട്ടെ, അതിനു മാര്‍ക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മുകളില്‍ പറഞ്ഞ തക്‌മിലയില്‍ നിന്നും ബഹ്‌ജയില്‍ നിന്നുമാണ്‌ ഈ മാലക്കുവേണ്ട വിഷയങ്ങള്‍ താന്‍ ശേഖരിച്ചതെന്ന്‌ തത്‌ക്കര്‍ത്താവ്‌ തന്നെ പറയുന്നുണ്ട്‌. `ബഹ്‌ജകിതാബിന്നും അങ്ങനെ തക്‌മില തന്നിന്നും കണ്ടോവര്‍.'

മുഹ്‌യിദ്ദീന്‍ മാലയില്‍ വിവരിക്കപ്പെട്ട ശൈഖ്‌ യാഥാര്‍ഥ്യമല്ല; ഒരു മിത്താണ്‌. എന്നാല്‍ ജന്മദിനം കൊണ്ടാടാന്‍ ഒരു വിഭാഗം ഒരുമ്പെടുന്ന അബ്‌ദുല്‍ഖാദിര്‍ (ജീലാന്‍കാരന്‍) ചരിത്രപുരുഷനും മതപണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. ബഹ്‌ജ, തക്‌മില, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ അദ്ദേഹത്തെപ്പറ്റി പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട കൃതികളാണ്‌. എന്നാല്‍ ശൈഖ്‌ അവര്‍കള്‍ ദഅ്‌വത്ത്‌ രംഗത്ത്‌ നല്‌കിയ സംഭാവനകളായ സ്വന്തം കൃതികളാണ്‌ ഫുതൂഹുല്‍ ഗൈബ്‌, ഗുന്‍യതുത്ത്വാലിബീന്‍ തുടങ്ങിയവ. `ജീലാനീ ദിനാചരണ' വേളയിലെങ്കിലും ഈ ഗ്രന്ഥങ്ങളും അവയിലെ അധ്യാപനങ്ങളും ജനങ്ങളെ കേള്‍പ്പിക്കാന്‍ `പണ്ഡതന്‍'മാര്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമായിരുന്നു.

ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നതിന്റെ ആവശ്യകതയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ വിവക്ഷയും ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടും അദ്ദേഹം തന്റെ കൃതികളില്‍ വരച്ചുകാണിച്ചിട്ടുണ്ട്‌. അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട്‌ പറയാനുള്ളത്‌ ഇതാണ്‌: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ്‌ രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ്

ഖുര്‍ആന്‍കൊണ്ട് സന്തോഷിക്കുക

രണ്ടു ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുക :

"മനുഷ്യരെ!, നിങ്ങള്‍ക്കിതാ നിങ്ങളുടെ നാഥനില്‍ നിന്ന് സാരോപദേശവും നിങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ള ശമനൌഷധവും വന്നുലഭിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവുമാണത്. പറയുക : അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും മൂലമാണ് അവര്‍ക്കത്‌ ലഭിച്ചത്. അതിനാലവര്‍ സന്തോഷിച്ചുകൊള്ളട്ടെ." [ഖുര്‍ആന്‍ 10 :57 ,58].

വിവിധങ്ങളായ അനുഗ്രഹങ്ങള്‍ നമുക്കനുഭവപ്പെടുന്നു. നാം സന്തോഷിക്കുന്നു. ആഹ്ലാദിക്കുന്നു. അതിലാനന്ദം കണ്ടെത്തുന്നു. നേട്ടങ്ങള്‍ കൈവരുമ്പോള്‍ , രോഗമുക്തി വരുമ്പോള്‍ , വിജയവാര്‍ത്ത അറിയുമ്പോള്‍ , വിവാഹവേളകള്‍ , ആഘോഷ വേളകള്‍ അങ്ങനെ പലതുകൊണ്ടും.സന്തോഷത്തിന്റെ ഏതാവസരവും നാം നഷ്ട്ടപ്പെടുത്താറില്ല. പരമാവധി ഉത്സാഹത്തോടെ നാമതിനെ വരവേല്‍ക്കുന്നു. തികഞ്ഞ ആഹ്ലാദത്തോടെ നാമതിനെ സ്വീകരിക്കുന്നു. അല്ലാഹുവിനു നന്ദി പറയുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞ സൂക്തങ്ങള്‍ വഴി നാമനുഭവിക്കേണ്ട സന്തോഷം നമുക്കനുഭവപ്പെട്ടുവോ? പരിശുദ്ധ ഖുര്‍ആന്‍ വഴി നമുക്കനുഭവപ്പെടേണ്ട ആനന്ദമാണത്‌; നമ്മുടെ നാഥന്റെ ഉപദേശം കേള്‍ക്കുകവഴി, നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ശമനശാന്തി വഴി, നമുക്കുള്ള കാരുണ്യവും സന്മാര്‍ഗവും വഴി, സര്‍വോപരി സകല സമ്പാദ്യങ്ങളെക്കാളും ഉത്തമമായ സമ്പാദ്യം വഴി. ഇതിലൂടെ കൈവരുന്ന ആനന്ദാനുഭൂതി അര്‍ഥസമ്പൂര്‍ണ്ണമാണ്‌. അതിനെ കണ്ടെത്തുന്ന മനസ്സുകള്‍ ജ്നാനാസ്വാദനത്തിന്റെ പാരമ്യത അനുഭവിക്കും. ഇത്തരത്തില്‍ അനുഭവപ്പെടുന്ന ആഹ്ലാദതലം സകല സമ്പാദ്യങ്ങളെക്കാളും ഉത്തമമത്രെ.

ഇതിനെ പ്രബലപ്പെടുത്തുന്ന ഒരു നബി വചനം ഇപ്രകാരമാണ് : "നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക. തീച്ചയായും ഈ ഖുര്‍ആനിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലാകുന്നു. മറ്റേയറ്റം നിങ്ങളുടെ കൈകളിലുമാണ്‌. നിങ്ങളതിനെ മുറുകെപിടിക്കുക. നിങ്ങള്‍ വഴിപിഴച്ചു പോവുകയില്ല." [ത്വബ്റാനി]

ഖുര്‍ആനിനെ മുറുകെ പിടിക്കുകവഴി, അതിനെ പഠിക്കുകവഴി, ആനന്ദാനുഭൂതി അനുഭവിക്കുവാന്‍ പരമകാരുണികന്‍ നമ്മെ അനുഗ്രഹിക്കട്ടെ. അവന്റെ ഔദാര്യവും കാരുണ്യവും നല്‍കി അവന്‍ നമ്മെ ഇഹത്തിലും പരത്തിലും സന്തോഷിപ്പിക്കുമാറാകട്ടെ.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക്‌ ഹൌസ്


ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍

പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്‌. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്‌. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌. ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌. എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കെണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു. ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ്‌ പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്‌.

എന്നെ മനസ്സിലാക്കുന്നില്ല, എന്നു തന്നെയാണ്‌ എല്ലാവരുടെയും പരാതി. ഇണയുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറയാന്‍ ഒറ്റശ്വാസം മതി. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തെന്ന്‌ തിരിച്ചറിയാനോ തന്റെ ഭാഗത്തുള്ള ശരി തെറ്റുകള്‍ വിലയിരുത്താനോ പലരും ശ്രമിക്കാറില്ല. ആരും വിട്ടുവീഴ്‌ചക്ക്‌ തയ്യാറല്ല. അങ്ങനെയങ്ങ്‌ തോറ്റു കൊടുത്താലോ എന്നാണ്‌ ന്യായം. ഭര്‍ത്താവിനോട്‌ ചോദിച്ചാല്‍ ഭാര്യയാണ്‌ കുറ്റക്കാരി. ഭാര്യയോട്‌ ചോദിച്ചാലോ, നേരെ തിരിച്ചും. രണ്ടുപേരെയും ഒന്നിച്ചിരുത്തി സംസാരിച്ചാലോ, ചില തെറ്റിദ്ധാരണകള്‍...

ഇണയുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനല്ല, നന്‍മകളും ഗുണങ്ങളും കണ്ടെടുക്കാനാവണം നാം ശ്രമിക്കേണ്ടത്‌. അവളിലെ/ അവനിലെ ഒരു നന്മ നാം കണ്ടെത്തുമ്പോള്‍ അവള്‍/ അവന്‍ നമ്മിലെ നൂറ്‌ നന്‍മകള്‍ കണ്ടെടുക്കും. അവളിലെ അവനിലെ ഒരു തിന്‍മയാണ്‌ നാം കണ്ടെത്തുന്നതെങ്കില്‍ അവള്‍ അവന്‍ നമ്മിലെ നൂറ്‌ തിന്‍മകള്‍ കണ്ടെത്താനാവും ശ്രമിക്കുക. അതുകൊണ്ട്‌ നന്മകള്‍ കണ്ടെടുക്കുന്നതിലാവട്ടെ നമ്മുടെ മല്‍സരം.

നല്ല ഭര്‍ത്താവ്‌, നല്ല ഭാര്യ

വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നത്‌ ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കുന്നതിലൂടെയാണ്‌. ഉപാദികളില്ലാതെ സ്‌നേഹിക്കാനാവുമ്പോഴാണ്‌.

പ്രവാചകനും(സ) ഖദീജ(റ)യും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിത്തീരുന്നത്‌ പരസ്‌പരമുള്ള ആ മനസ്സിലാക്കലിലൂടെയാണ്‌. പ്രവാചകന്‌(സ) ഖദീജ(റ) തണലും സാന്ത്വനവുമായിത്തീരുന്നത്‌ പ്രവാചകനി(സ)ലെ നന്മകള്‍ ഖദീജ(റ) തിരിച്ചറിയുന്നതിലൂടെയാണ്‌. പ്രവാചകനി(സ)ലെ നന്മ തിരിച്ചറിയുമ്പോഴാണല്ലോ അദ്ദേഹത്തെ ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ഖദീജ(റ) കൊതിച്ചുപോയത്‌. ഹിറാ ഗുഹയില്‍ നിന്നും പനിക്കുന്ന ഹൃദയവും ചുട്ടുപൊള്ളുന്ന ശരീരവുമായി തിരിച്ചെത്തിയ പ്രിയതമന്‌ സ്വാന്തനത്തിന്റെ കുളിരായിമാറിയ പ്രിയതമയുടെ ചിത്രം ചരിത്രത്തിലെ മധുരമുള്ള ഒരധ്യായമാണ്‌. അവിടെ പ്രവാചകന്റെ നന്മകള്‍ എടുത്തുപറഞ്ഞാണ്‌ ഖദീജ(റ), അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത്‌. അവിടെയാണ്‌ നന്മകള്‍ കണ്ടെടുക്കുന്നതിലൂടെ സ്‌്‌നേഹമഴ ചെയ്യുന്ന ദാമ്പത്യത്തിന്റെ കുളിര്‌ നമുക്ക്‌ അനുഭവിക്കാനാവുന്നത്‌.

യുവതിയും സുന്ദരിയും കന്യകയുമായിരുന്ന ആയിശ(റ)യോടൊപ്പം കഴിയുമ്പോഴും നാല്‍പതുകഴിഞ്ഞ, വിധവയും അമ്മയുമായിരുന്ന ഖദീജ(റ) പ്രവാചകന്റെ മനസ്സില്‍ തണുത്ത കുളിരായി ബാക്കിയുണ്ടായിരുന്നുവെങ്കില്‍, ഖദീജ(റ)യിലെ നന്മകളെ കണ്ടെടുക്കാന്‍ പ്രവാചകന്‌ (സ) കഴിഞ്ഞതിലൂടെയാണത്‌...

നാടും വീടും ഉപരോധിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ്‌ ഖദീജ(റ). പട്ടിണിയുടെ നാളുകളില്‍ പച്ചിലകള്‍ തിന്ന്‌ പരിഭവമില്ലാതെ പുഞ്ചിരിയായ പ്രിയതമ. ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും നാളുകളില്‍ പതറാത്ത ആശ്വാസത്തിന്റെ സാന്നിധ്യം...

ഒരു നല്ല ഭാര്യ എങ്ങനെ ആയിരിക്കണമെന്നതിന്‌ ഖദീജ(റ)യെക്കാള്‍ നല്ലൊരു മാതൃക വേറെയില്ല, ഒരു നല്ല ഭര്‍ത്താവ്‌ എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകനെ(സ)ക്കാളും ഉത്തമമായൊരു മാതൃകയും.

വളരെ തിരക്കുപിടിച്ച ജീവിതത്തിലും ഭാര്യമാരുടെ വികാരവിചാരങ്ങള്‍ക്ക്‌ ആവശ്യമായ പരിഗണന പ്രവാചകന്‍ നല്‍കിയിരുന്നു. സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുകയും ചെയ്‌തിരുന്നു പ്രവാചകന്‍. ഒരു ഭാര്യയും പ്രവാചകനി(സ)ല്‍ ഒരു കുറ്റവും കണ്ടെത്തിയില്ല. പ്രവാചകന്‍(സ) തിരിച്ചും, ഭാര്യമാരുടെ നന്മകള്‍ കണ്ടെടുക്കാനായിരുന്നു പ്രവാചകന്‍(സ) ശ്രമിച്ചത്‌.

സൈനബി(റ)ന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പാത്രം സ്‌ത്രീസഹജമായ വികാരവിക്ഷോഭത്താല്‍ തട്ടിക്കളഞ്ഞ ആയിശ(റ)യോട്‌ പ്രവാചകന്‍(സ) ഇടപെട്ടതെങ്ങനെന്ന്‌ നമുക്കറിയാം. ആയിശ(റ)യുടെ അപ്പോഴത്തെ വികാരം കൃത്യമായി തിരിച്ചറിയാന്‍ പ്രവാചകന്‌(സ) കഴിഞ്ഞതു കൊണ്ടാണ്‌ വളരെ സൗമ്യമായ സമീപനത്തിലൂടെ ആയിശ(റ)യെ തിരുത്താന്‍ പ്രവാചകന്‌(സ) കഴിയുന്നത്‌. വിട്ടുവീഴ്‌ചയും സ്‌നേഹംപുരട്ടിയ സംസാരവും പെരുമാറ്റവുമാണ്‌ വൈവാഹിക ജീവിതത്തിന്റെ ജീവനെന്ന്‌ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്‌ അങ്ങനെയാണ്‌.
ഇസ്‌ലാമിക ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ക്ക്‌ പഞ്ഞമില്ല. പക്ഷേ, ഈ ഉദാഹരണങ്ങളും ചരിത്ര നിമിഷങ്ങളും നമ്മില്‍ എന്ത്‌ ചലനമാണുണ്ടാക്കുക.

ഒരു പരാതി

എപ്പോഴും പരാതികളും പരിഭവങ്ങളും പറയുന്ന തന്റെ ഭാര്യയെക്കുറിച്ച്‌ ഖലീഫയോട്‌ പരാതിപ്പെടാനാണ്‌ അയാള്‍ പുറപ്പെട്ടിട്ടുള്ളത്‌. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത്‌ നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു. ഖലീഫയുടെ ഭാര്യ ഖലീഫയേട്‌ പരിഭവിക്കുകയാണ്‌. ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല. അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങി വരുന്നു.

എന്തേ വന്നത്‌.. ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്തയ്‌?

ഖലീഫ അയാളോട്‌ ചോദിച്ചു.

അയാള്‍ വന്ന കാര്യം പറഞ്ഞു. ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.
എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞ വാക്കുകള്‍ ഓരോ ഭര്‍ത്താക്കന്‍മാരും മനസ്സില്‍ കുറിച്ചു വെക്കേണ്ടതാണ്‌.

"സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു. നമ്മുടെ കുട്ടികളെ പ്രസവിച്ച്‌ മുലയൂട്ടി വളര്‍ത്തുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്നു. അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട്‌ നമുക്ക്‌ കേട്ടുകൂട. നമ്മോടല്ലാതെ മറ്റാരോട്‌ അവരിതെക്കെ പറയും. നമ്മളല്ലാതെ മറ്റാരാണിത്‌ കേള്‍ക്കാനുള്ളത്‌."

കൂട്ടിവായിക്കുക

സ്‌ത്രീകള്‍ നിങ്ങള്‍ക്ക്‌ വസ്‌ത്രമാണ്‌. നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്‌. വി.ഖു- ( അല്‍ ബഖറ 187)

ഇണകളോടിണങ്ങി ജീവിച്ച്‌ മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു. ചിന്തിക്കുന്ന സമൂഹത്തിന്‌ അതില്‍ പല പാഠങ്ങളുമുണ്ട്‌. വി.ഖു- (അര്‍റൂം 21)

സ്‌ത്രീകള്‍ക്ക്‌ ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്‌. - വി ഖു (അല്‍ ബഖറ 228)

അവരോട്‌ നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അഥവാ, നിങ്ങള്‍ക്ക്‌ അവരോട്‌ അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്‌. -വി ഖു (അന്നിസാഅ്‌ 19)

സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്‌. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുയെ ഭാര്യമാരോട്‌ ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്‌. - നബി വചനം (തിര്‍മിദി)

വളഞ്ഞ വാരിയെല്ലുകൊണ്ടാണ്‌ സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്‌. ഒരേ രൂപത്തില്‍ നിനക്കത്‌ നിവര്‍ത്താന്‍ കഴിയില്ല. അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം. മറിച്ച്‌, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം. -നബി വചനം (മുസ്‌ലിം)

ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്‌. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന്‌ ആനന്ദകരമായിരിക്കും. -നബി വചനം (മുസ്‌ലിം)

അറിയുക! സ്‌ത്രീകളോട്‌ നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്‌. സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌്‌ അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന്‌ നില്‍ക്കുക. പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക്‌ വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്‌. അറിയുക! നിങ്ങള്‍ക്ക്‌ സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നല്ലനിലയില്‍ അവര്‍ക്ക്‌ ആഹാരവും വസ്‌ത്രവും നല്‍കലാണ്‌ നിങ്ങള്‍ക്ക്‌ അവരോടുള്ള ബാധ്യത. - നബി വചനം (തിര്‍മിദി)

നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന്‌ കഴിയാതിരിക്കുക. -നബി വചനം (അബൂ ദാവൂദ്‌)

പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത്‌ ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്‌. -നബി വചനം (അബൂ ദാവൂദ്‌)

സത്യവിശ്വാസിയായ മനുഷ്യന്‌ അല്ലാഹുവെക്കുറിച്ച സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന സദ്‌്‌്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്‌. - നബി വചനം (ഇബ്‌നുമാജ)

മനുഷ്യന്റെ സൗഭാഗ്യം മൂന്ന്‌ കാര്യങ്ങളിലാണ്‌. നിര്‍ഭാഗ്യവും മൂന്ന്‌ കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്‌. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.- നബി വചനം (അഹ്‌മദ്‌)

നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട്‌ വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്‌. - നബി വചനം

ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാതിരിക്കുക. അയാളുടെ സത്യം പാലിക്കുക. കല്‍പനകള്‍ അനുസരിക്കുക. അനുവാദമില്ലാതെ വീട്ടില്‍ നിന്ന്‌ പുറത്തു പോവാതിരിക്കുക. അയാള്‍ക്ക്‌ അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. ഇതെല്ലാമാണ്‌ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍. -നബി വചനം (ത്വബ്‌റാനി)

ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച്‌ മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും. -നബി വചനം (തിര്‍മിദി)

ഇമ്മിണി ബല്ല്യ ഒന്ന്‌

സന്തുഷ്ടമായ വൈവാഹിക- കുടുംബ ജീവിതത്തിന്‌ വ്യക്തവും സത്യസന്ധവും പൂര്‍ണവുമായ മാര്‍ഗനിര്‍ദേശങ്ങളും വിധിവിലക്കുകളും നിര്‍ണയിച്ചു തന്നിട്ടുള്ള ഏക മതമാണ്‌ ഇസ്‌ലാം. വെറും ഏടുകളിലൊതുങ്ങുന്ന മഹത്തായ സ്വപ്‌നങ്ങളല്ല അവ. മാനുഷിക ജീവിതത്തില്‍ ആചരിക്കാനാവുന്ന പ്രായോഗിക കല്‍പനകള്‍. പ്രവാചകനും അനുയായികളും പ്രായോഗിക ജീവിതത്തിലൂടെ അത്‌ സത്യപ്പെടുത്തി. ഇസ്ലാമിക വൈവാഹിക-കുടുംബ ജീവിതം എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകന്റെയും അനുചരന്‍മാരുടെയും ജീവിതം പരിശോധിച്ചാല്‍ മതി.

വൈവാഹിക- കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും പരസ്‌പരം കാത്തുസൂക്ഷിക്കേണ്ട സ്‌നേഹവും ആദരവും അംഗീകാരവും ബഹുമാനവും എത്ര ഉദാത്തമായിരിക്കണമെന്ന്‌ ഇസ്‌്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. വൈവാഹിക- കുടുംബജീവിതത്തിലെ അസ്വാരസ്യമകറ്റി ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ഖുര്‍ആനും പ്രവാചനും പറഞ്ഞതിനപ്പുറം ഒന്നും മറ്റാര്‍ക്കും പറയാനില്ലെന്നതാണ്‌ യാദാര്‍ഥ്യം. (എന്നിട്ടും, വൈവാഹിക- കുടുംബ ജീവിത പ്രശ്‌നങ്ങള്‍ മുസ്ലിം കുടുംബങ്ങളില്‍ ഏറിക്കൊണ്ടേയിരിക്കുന്നുവെന്നത്‌ പഠനവിധേയമാക്കേണ്ട വിഷയമാണ്‌. )
ഉള്ളുതുറന്ന്‌ സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും മോഹങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൈമാറാനും സമയവും സാഹചര്യവുമുണ്ടാവണം. ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്‌ പെരുമാറാനും അവയെ മാനിക്കാനും അഭിപ്രായങ്ങളുടെ സമന്വയത്തിലൂടെ തീരുമാനങ്ങളെടുക്കാനും വിട്ടുവീഴ്‌ചയിലൂട, പരസ്‌പര ധാരണയിലൂടെ ജീവിതം ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ നമുക്കാവട്ടെ.

കണ്ണികള്‍ അറുത്തുമാറ്റാനോ അകത്തിവിടുത്താനോ അല്ല, അടുപ്പിച്ചടുക്കാനാവട്ടെ നമ്മുടെ ശ്രമം. മനസ്സുകള്‍ അകലുന്തോറും ബന്ധത്തിന്റെ കണ്ണികളാണകലുക. മനസ്സുകള്‍ അടുക്കുന്തോറും ബന്ധവും ദൃഢമാവും.

അടുത്തറിയുന്തോറും ബന്ധം ഹൃദ്യവും ഊഷ്‌മളവുമായിത്തീരും.

ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്ല്യ ഒന്നായിത്തീരുമെന്ന ബഷീര്‍ വീക്ഷണം സത്യമായിത്തീരുന്ന ഒരവസരമാണ്‌ ദാമ്പത്യം. ഭര്‍ത്താവെന്ന ഒന്നും ഭാര്യയെന്ന ഒന്നും ഒന്നായി ഇമ്മിണി ബല്ല്യ ഒന്നായിത്തീരുന്ന സുന്ദരനിമിഷങ്ങളാവണം ദാമ്പത്യ ജീവിതം. രണ്ടു പുഴകള്‍ കൂടിച്ചേര്‍ന്ന്‌ ഒരു പുഴയായിത്തീരുന്ന പോലെ... ശാന്തമായി ഒഴുകട്ടെ ആ പുഴ.

ഒടുക്കം

ഇണയുടെ ഗുണങ്ങള്‍ തിരിച്ചറിയുക. കുറ്റങ്ങളും കുറവുകളും സ്വാഭാവികം. നാം മനുഷ്യരാണ്‌. ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും വ്യത്യസ്ഥമായ രണ്ടു വ്യക്തികളാണ്‌ ദമ്പതികളെന്ന്‌ മറക്കാതിരിക്കുക. ഇണയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ്‌ പരസ്‌പരം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നാം തയ്യാറാവണം. ഇണക്കവും പിണക്കവും ദാമ്പത്യത്തിന്റെ ഇഴയടുപ്പിക്കുന്ന കുളിരാക്കിത്തീര്‍ക്കാനുള്ള മിടുക്കാണ്‌ ദമ്പതികള്‍ക്കുണ്ടാവേണ്ടത്‌. ഓരോ ഇണക്കവും പിണക്കവും കൂടുതല്‍ അടുത്തറിയാനും ഹൃദയങ്ങള്‍ ചെര്‍ത്തുവെക്കാനുമുള്ള അവസരമാവണം. കൂടുതല്‍ അടുത്തറിയാനും ഒന്നായിത്തീരാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. വിട്ടുവീഴ്‌ചയോടെ പരസ്‌പര സഹകരണത്തോടെ ദാമ്പത്യം ആസ്വാദ്യമാക്കുക.

എത്ര തിരക്കുണ്ടെങ്കിലും ഒരിത്തിരി നേരം ദിവസവും ഇണയോടൊത്ത്‌ ചിലവഴിക്കാന്‍ കണ്ടെത്തുക.

അതെ, വീട്‌ സ്വര്‍ഗമാവട്ടെ.

ഒരു പ്രാര്‍ഥന

റഹ്‌മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്‌, അവരുടെ ഒരു പ്രാര്‍ഥനയുണ്ട്‌. അതെ, ആ പ്രാര്‍ഥന ശീലമാക്കുക.

എല്ലാത്തിനുമപ്പുറം, സന്തുഷ്ടമായ ദാമ്പത്യ- കുടുംബ ജീവിതം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണെന്ന്‌ മറക്കാതിരിക്കുക.

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ ഭയഭക്തര്‍ക്ക്‌്‌ മാതൃകരാക്കുകയും ചെയ്യേണമേ-
വി ഖു (അല്‍ ഫുര്‍ഖാന്‍ 74)

അവസാനമായി...

പറഞ്ഞോളൂ കേള്‍ക്കാന്‍ എനിക്ക്‌ ഇഷ്ടമാണ്‌, എന്ന്‌ പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും. പറയുന്നതില്‍ കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറാണോ, ശാന്തിയും സമാധാനവും പെയ്‌തിറങ്ങും.

by മുഖ്‌താര്‍ ഉദരംപൊയില്‍

മനമറിഞ്ഞു പെരുമാറുക

ഏറെ സൂക്ഷ്മത കൈക്കൊള്ളേണ്ടവരാണ് വിശ്വാസികളായ നാം. ഏതൊരു കാര്യത്തിലും സൂക്ഷ്മത നഷ്ട്ടപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ വലുതായിരിക്കും. ദൈവഭയമാണ് സൂക്ഷ്മതക്കു ആധാരം. ഏതു സാഹചര്യത്തിലും നന്മയെ മുന്നില്‍ കണ്ടുകൊണ്ടും തിന്മയെ പ്രതിരോധിച്ചുകൊണ്ടുമുള്ള ജീവിതത്തിനാണ് സൂക്ഷ്മതാജീവിതം എന്ന് പറയുന്നത്. ഏതു രംഗത്തും നാമിത് പരിഗണിക്കണം, പാലിക്കണം.

നമ്മുടെ പ്രവര്‍ത്തനങ്ങളുടെ സിംഹഭാഗവും പ്രബോധന പ്രവര്‍ത്തനമാണല്ലോ. എന്ത് മാത്രം സൂക്ഷ്മത അവിടെ പാലിക്കപ്പെടണം! പ്രബോധിത സമൂഹത്തിനു മനമറിഞ്ഞു പെരുമാറാനുള്ള മാനസികാവസ്ഥ സൃഷ്ട്ടിച്ചെടുക്കലാണ് ഏറ്റവും പ്രധാനം. എന്നാല്‍ ചിലപ്പോഴെങ്കിലും വിപരീതാവസ്ഥ വരാറുണ്ട്. നമ്മുടെ വാക്കുകളുടെ കാഠിന്യത്താല്‍ , പ്രയോഗങ്ങളുടെ സൂക്ഷ്മതക്കുറവിനാല്‍ , വിമര്‍ശനങ്ങളുടെ വിസര്‍ജ്യത്താല്‍ , പരിഹാസങ്ങളുടെ പരിധിലംഘനത്താല്‍ , പക്വത നഷ്ട്ടപ്പെട്ട പ്രയോഗങ്ങളാല്‍ ,ആവേശത്തിന്റെ ആധിക്യത്താല്‍ ഇങ്ങനെ പലതിനാലും.

സാധാരണക്കാരന്റെ നന്മയാണ് നാം ആഗ്രഹിക്കുന്നത്. വഴിപിഴപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ മാര്‍ഗദര്‍ശികളാണ് നാം; അവരുടെ ഗുണകാംക്ഷകരും. ഇത് നമുക്കവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. അവിടെനിന്നാണ് നമ്മുടെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ ആദ്യ വിജയം. വളരെയേറെ സൂക്ഷ്മത അനിവാര്യമായ രംഗങ്ങളാണിതെല്ലാം. ഇവിടെ നാം പരാജയപ്പെട്ടാല്‍ വഴിമുട്ടുന്നത്‌ പ്രബോധന പ്രവര്‍ത്തനങ്ങളഖിലമാണ്.

ഈജിപ്തിലെ ജംഇയ്യത്തു അന്‍സാരിസ്സുന്നയുടെ അധ്യക്ഷന്‍ 'അല്‍ഫുര്‍ഖാന്‍' മാസികക്ക് (1998 നവംബര്‍ ) നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ കാണാം : "അല്ലാഹുവിന്റെ വഴിയിലേക്കുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലെ കാഠിന്യം (ശിദ്ദത്ത്) പ്രതികൂല സ്വാധീനമേ ഉളവാക്കൂ. എന്നാല്‍ സഹാനുഭൂതിയും സൌമനസ്യവും സ്വീകരിക്കുന്നതിലാണ് ഏറെ നന്മയുള്ളത്‌. എന്റെ ചെറുപ്പത്തിലെ അനുഭവം ഇതാണെന്നെ പഠിപ്പിച്ചത്. ഇന്നത്തെ പ്രതിയോഗി നാളത്തെ അനുകൂലിയാവും. ഇന്നത്തെ അനുകൂലി നാളത്തെ പ്രതിയോഗിയും ആയേക്കും. അതിനാല്‍ ഞാന്‍ മനസ്സിലാക്കുന്നു; പ്രതിയോഗികള്‍ക്ക് ആത്മാഭിമാനത്തോടെ കടന്നുവരാനുള്ള സകലവാതിലുകളും അവര്‍ക്ക് മുന്നില്‍ മലക്കെ തുറന്നുവക്കുക. യോജിപ്പിന്റെ എല്ലാ മേഘലകളെയും അംഗീകരിക്കുക. വിയോജിപ്പിന്റെ ചിലതുണ്ടാകാം. അവിടെ വിയോജിപ്പിന്റെ പെരുമാറ്റ മര്യാദകള്‍ കൈക്കൊള്ളണം."

സഹോദരങ്ങളെ, പ്രബോധന പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്ത് നമുക്ക് നല്‍കുന്ന ഉപദേശമാണിത്. ഒരു പ്രബോധകന്‍ പ്രബോധിത സമൂഹത്തെ കയ്യാളുമ്പോള്‍ അവിടെ വിയോജിപ്പിന്റെ പെരുമാറ്റ മര്യാദ പാലിക്കാന്‍ ഏറെ സൂക്ഷ്മത കാണിക്കണം.

by സി എ സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്

സാഹോദര്യവും സമത്വബോധവും

ഇസ്ലാമിക ദൃഷ്ട്ട്യാ മനുഷ്യരെല്ലാം സമന്മാരാണ്. അവരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ധര്‍മ ബോധത്തോടെ ജീവിക്കുന്നവര്‍ക്കാണു അല്ലാഹുവിങ്കല്‍ ശ്രേഷ്ട്ടതയുള്ളത്. അന്യോന്യം അറിയേണ്ടതിനാണ് മനുഷ്യരെ വിവിധ ഗോത്രങ്ങളും സമുദായങ്ങളുമാക്കിയത്. (ഹുജുറാത് 13) മനുഷ്യരില്‍ പലരെയും പല പദവികളിലാക്കിയിട്ടുള്ളതും അവര്‍ക്കിടയില്‍ സമത്വചിന്തയും സാഹോദര്യവും സാമൂഹികബോധവും നില നിര്‍ത്തുന്നതിനാണ്. "നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗ്ഗം പങ്കുവച്ച് കൊടുത്തത്.അവരില്‍ ചിലരെ ചിലര്‍ക്ക് ആശ്രിതരാക്കി വെക്കത്തക്കവിധം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍ ഉത്തമം." (സുഖ്രുഫ് 32) മനുഷ്യര്‍ക്കിടയില്‍ രക്തബന്ധവും വിവാഹബന്ധവും നിലനിര്‍ത്തിയതും അല്ലാഹുവാണ്. ബന്ധങ്ങള്‍ അവരെ സാഹോദര്യവും സാമൂഹികബോധവും പഠിപ്പിക്കുന്നു. "അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്നും മനുഷ്യനെ സൃഷ്ട്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു." (ഫുര്‍ഖാന്‍ 54)

നീതിയും പരോപകാരവുമാണ് അല്ലാഹു മനുഷ്യരില്‍ നിന്നും തേടുന്നത്. നീചവും അനാശാസ്യവുമായ കാര്യങ്ങള്‍ വിലക്കിയിരിക്കുന്നു; എല്ലാം മനുഷ്യരുടെ ഗുണത്തിനു വേണ്ടി. എല്ലാ നന്മകളെയും വിശുധമായും എല്ലാ തിന്മകളെയും നിഷിധമായും ഇസ്ലാം പ്രഖ്യാപിക്കുന്നു. "തീര്‍ച്ചയായും അല്ലാഹു കല്‍പ്പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യാനും കുടുംബബന്ധമുള്ളവര്‍ക്കു സഹായം ചെയ്യാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു." (നഹ്ല്‍ 90). മനുഷ്യ സൌഹാര്‍ദവും പരസ്പരമുള്ള സാഹോദര്യവും ഇസ്ലാമിന്‍റെ മൌലികപാഠങ്ങളില്‍ പെട്ടതാണ്.സാഹോദര്യവും സുഹൃദ്ബന്ധവും അത്യുദാത്തമായാണ് ഇസ്‌ലാം കാണുന്നത്. "തീര്‍ച്ചയായും കൂട്ടുകാരില്‍ പലരും അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍ക്കര്‍മ്മം ചെയ്യുന്നവരുമൊഴികെ." (സ്വാദ് 24) നബി (സ) പറഞ്ഞു: "സത്യവിശ്വാസി ഇണങ്ങിക്കഴിയുന്നവനാണ്. ഇണങ്ങിച്ചേരാത്തവനില്‍ നന്മ ഇല്ല." (അഹമദ്)

മനുഷ്യന്‍ കൂട്ടുകാരന്‍റെ ആദര്‍ശത്തിലായിരിക്കുമെന്നും അതിനാല്‍ ആരെ സ്നേഹിതനാക്കണമെന്നു ഓരോരുത്തരും ആലോചിച്ചു തീരുമാനിക്കണമെന്നും നബി (സ) ഉദ്ബോധിപ്പിച്ചു. (തുര്‍മുദി, അബൂദാവൂദ്) നബി (സ) പറഞ്ഞു : "നിങ്ങള്‍ ഓരോരുത്തരും തന്‍റെ കൂട്ടുകാരന്‍റെ കണ്ണാടിയാണ്. കണ്ണാടിയാണ്. കൂട്ടുകാരനില്‍ ഹിതകരമല്ലാത്തത് കണ്ടാല്‍ അത് ദുരീകരിക്കട്ടെ." (തുര്‍മുദി) സഹോദരന്‍റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പുണ്ണ്യകരമാണ്; സത്യവിശ്വാസത്തിന്‍റെ താല്‍പര്യവും. നബി (സ) പറഞ്ഞു : "ആരെങ്കിലും തന്‍റെ സഹോദരന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ അവന്‍റെ ആവശ്യങ്ങള്‍ അല്ലാഹു നിര്‍വഹിക്കും." (മുസ്‌ലിം) തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കലും പുണ്ണ്യകര്‍മ്മത്തിന് പ്രേരിപ്പിക്കലുമാണ് സാഹോദര്യത്തിന്‍റെ മൂല്യമെന്ന് നബി (സ) പഠിപ്പിച്ചു. "നിന്‍റെ സഹോദരനെ അയാള്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവന്‍ ആണെങ്കിലും സഹായിക്കുക." അക്രമിയെ എങ്ങനെയാണ് സഹായിക്കുക എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം (സ) പറഞ്ഞു : “അക്രമത്തില്‍ നിന്നും അവനെ തടയുക, അതാണ്‌ അവനോടുള്ള സഹായം." (ബുഖാരി, മുസ്‌ലിം)

തനിക്കു വേണ്ടി ആഗ്രഹിക്കുന്നത് തന്‍റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കാവുന്നിടത്തോളം ഹൃദയ വിശാലതയുണ്ടാവുമ്പോഴാനു മനുഷ്യത്വത്തിന്‍റെയും സത്യവിശ്വാസത്തിന്‍റെയും പൂര്‍ണ്ണതയിലെത്തുന്നത്. നബി (സ) പറഞ്ഞു : "തനിക്കു ഇഷ്ട്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ട്ടപ്പെടുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല." (ബുഖാരി, മുസ്‌ലിം) ഒരാള്‍ മറ്റൊരാളുമായി പ്രത്യേക സാഹോദര്യം സ്ഥാപിക്കുന്നത് അയാളുടെ പേരും പിതാവിന്‍റെ പേരും കുടുംബവും നാടുമൊക്കെ അറിഞ്ഞശേഷമാവണമെന്ന് നബി (സ) പഠിപ്പിച്ചു. സ്നേഹബന്ധം കൂടുതല്‍ ശക്തമാകാന്‍ അത് ഉപകരിക്കും. (തുര്‍മുദി) നബി (സ) പറയുന്നു : "ചിലപ്പോള്‍ നൂറു ഒട്ടകങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്ക് പറ്റിയ ലക്ഷണമൊത്ത ഒരു ഒട്ടകത്തെയും കണ്ടെന്നു വരില്ല. അത് തന്നെയാണ് മനുഷ്യരുടെയും സ്ഥിതി." (ബുഖാരി, മുസ്‌ലിം) കൊള്ളാവുന്ന വ്യക്തികളെ കണ്ടെത്താന്‍ പലപ്പോഴും വിഷമമായിരിക്കും. പ്രത്യേക കൂട്ടുകാരാക്കാന്‍ പറ്റിയവരെ കണ്ടെത്താന്‍ വിഷമമാണെന്നു വെച്ച് ജനസമ്പര്‍ക്കമില്ലാതെയും സാഹോദര്യം സ്ഥാപിക്കാതെയും ഒറ്റപ്പെട്ടുകഴിയുകയല്ല വേണ്ടത്. നബി (സ) പറഞ്ഞു : "ജനങ്ങളുമായി ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളുമായി ഇടപഴകുകയും അവരുടെ പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാത്ത വിശ്വാസിയേക്കാള്‍ ഉത്തമം." (അഹമദ്) അവിടുന്ന് (സ) ഉപദേശിച്ചു : "നിങ്ങള്‍ ഊഹങ്ങള്‍ വെടിയുക. ആരുടേയും രഹസ്യജീവിതം അന്വേഷിച്ചു നടക്കരുത്. ചാരവൃത്തിയില്‍ ഏര്‍പ്പെടരുത്. വഴക്കടിക്കരുത്. അസൂയാലുക്കളാവരുത്. അന്യോന്യം വിദ്വേഷം വെക്കരുത്. പരസ്പരം വൈമുഖ്യം കാണിക്കരുത്. തമ്മില്‍ മത്സരിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങള്‍ സഹോദരന്മാരായിത്തീരുക." (ബുഖാരി, മുസ്‌ലിം) സ്നേഹവും സഹായമനസ്കതയുമാണ്‌ സാഹോദര്യത്തിന്റെ അടിസ്ഥാനങ്ങള്‍ . നബി (സ) പറഞ്ഞു : "ഒരാള്‍ തന്‍റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അത് അയാളെ അറിയിക്കുക." (അബൂദാവൂദ്, തുര്‍മുദി) സദുദേഷ്യത്തോടെ മുസ്ലിമിനെയും അമുസ്ലിമിനെയും ഇതര ജീവജാലങ്ങളെയും സഹായിക്കുന്നത് പുണ്ണ്യകര്‍മ്മമായി ഇസ്ലാം പഠിപ്പിക്കുന്നു.

by കെ എം തരിയോട് @ ഇസ്ലാമിലെ പെരുമാറ്റ മര്യാദകള്‍ from യുവത ബുക്സ്

ബിദ്അതുകള്‍ക്കെതിരെ ജാഗ്രത

ഒരു മുസ്ലിം ശിര്‍ക്ക് കഴിഞ്ഞാല്‍ സാമൂഹ്യമായ നിലയില്‍ ചെയ്യുന്ന ഏറ്റവും വലിയ തിന്മ മാതാപിതാക്കളെ ദ്രോഹിക്കുക എന്നതാണ്. അള്ളാഹു പറയുന്നു :
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോടു യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക." [നിസാഅ' 36]

ഇതേ ആശയം വിശുദ്ധ ഖുര്‍ആനിലെ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് കഴിഞ്ഞാല്‍ ഒരു മുസ്ലിം വ്യക്തിപരമായി ചെയ്യുന്ന ഏറ്റവും വലിയ തിന്മ ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ദീന്‍ പൂര്‍ത്തീകരിച്ചു തന്നതിനുശേഷമാണ് നബി (സ) നമ്മോടു വിടപറഞ്ഞത്. അതിനുശേഷം അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത കാര്യങ്ങള്‍ ദീനില്‍ പുതുതായി ഉണ്ടാക്കി ആചരിക്കുകയെന്നത് അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും വഞ്ചിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെയാണ് ബിദ്അതുകള്‍ക്കു തക്കതായ ശിക്ഷ പരലോകത്ത് വെച്ച് നല്‍കുമെന്ന് അള്ളാഹു താക്കീത് നല്‍കിയത്.

"അന്നേ ദിവസം ചില മുഖങ്ങള്‍ ഭയപ്പെട്ടു കീഴ്പ്പോട്ടു താഴ്ന്നവയായിരിക്കും. അധ്വാനിച്ചു ക്ഷീണിച്ചവയുമായിരിക്കും. അതികഠിനമായ ചൂടുള്ള അഗ്നിയില്‍ അവര്‍ പ്രവേശിക്കുന്നതാണ്‌." [ഗാശിയ 2 ,3 ,4]

ബിദ്അത്തുകാര്‍ മതാനുഷ്ടാനങ്ങള്‍ക്കായി അധ്വാനം ചെലവഴിച്ചവരാണ്. കഷ്ട്ടപ്പെട്ടവരുമാണ്. ദീനില്‍ സാധുതയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ താല്പര്യപൂര്‍വ്വം അടിസ്ഥാനമില്ലാതവ (ബിദ്അത്തുകള്‍) പ്രവര്‍ത്തിക്കും. റാതീബുകളും ദിക്റുകളും മറ്റും ആലപിക്കുമ്പോഴുണ്ടാകുന്ന നാട്ട്യങ്ങളും 'ഭക്തിയും' ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. പക്ഷെ, അവരുടെ പതനം കത്തിജ്വലിക്കുന്ന നരകമാകുന്നു എന്നാണു അള്ളാഹു അരുളിയത്. ഇത്തരം ബിദ്അതുകള്‍ക്ക് അള്ളാഹു വിചാരണാ വേളയില്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

അള്ളാഹു അരുളി : "അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും." [ഫുര്‍ഖാന്‍ 23]

ദീനില്‍ പ്രവാചകന്‍റെ മാതൃകയില്ലാത്ത കര്‍മ്മങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും തെറ്റാണെന്നും അത്തരക്കാരുടെ സല്‍ക്കര്‍മ്മങ്ങള്‍ പോലും അള്ളാഹു അന്ത്യദിനത്തില്‍ സ്വീകരിക്കുന്നതല്ലെന്നും പൂര്‍വിക പണ്ഡിതന്മാര്‍ സലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റബോധമില്ലാതെ മനപ്പൂര്‍വ്വം ശിര്‍ക്ക് ചെയ്തു മരണപ്പെട്ടുപോയവരുടെ സല്‍ക്കര്‍മ്മങ്ങള്‍ അള്ളാഹു സ്വീകരിക്കാത്തതുപോലെ ബോധപൂര്‍വ്വം ബിദ്അത്ത് ചെയ്യുന്നവരുടെ സല്ക്കര്‍മ്മങ്ങളും അള്ളാഹു സ്വീകരിക്കുന്നതല്ല.

ഇമാം മാലിക് (റ) രേഖപ്പെടുത്തുന്നു : "ആരെങ്കിലും ഇസ്ലാമില്‍ ഒരു അനാചാരം നിര്‍മ്മിച്ച്‌ അത് നല്ല ആചാരമാണെന്നു പറയുന്നപക്ഷം നബി (സ) അദ്ധേഹത്തിന്റെ പ്രബോധനത്തില്‍ വഞ്ചന കാണിച്ചു എന്ന് വാദിക്കുകയാണ് ചെയ്യുന്നത്. കാരണം അള്ളാഹു അരുളി : 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.' അതിനാല്‍ അന്ന് (നബിയുടെ കാലത്ത്) മതമല്ലാത്ത കാര്യങ്ങള്‍ ഒന്നും ഇന്നും മതമായിത്തീരുന്നതല്ല."

യാഥാസ്ഥിതികരില്‍ പലരും നല്ലതാണെന്ന് ജല്‍പ്പിച്ചുകൊണ്ടാണ് അനാചാരങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നത്. നബി (സ) പഠിപ്പിച്ചത് എല്ലാ ബിദ്അതുകളും വഴികെടാണെന്നും അവയെല്ലാം നരകത്തിലെക്കാണെന്നുമാണ്. അതവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. നല്ല അനാചാരങ്ങള്‍ നിര്‍മ്മിച്ചുണ്ടാകാം എന്നാണവരുടെ വാദം! ഇബ്നു ഉമര്‍ (റ) പറയുന്നു : "എല്ലാ അനാചാരങ്ങളും വഴികേടാണ്‌. ജനങ്ങള്‍ അത് നല്ലതാണെന്ന് കണ്ടാലും ശരി." [ബൈഹഖി]

മാലികി മദ്ഹബിലെ പണ്ഡിതന്‍ ഇമാം ശാത്വബി രേഖപ്പെടുത്തുന്നു : "ഔസാഈ (റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; ചില പണ്ഡിതന്മാര്‍ പ്രസ്ഥാപിക്കാരുണ്ടായിരുന്നു : ബിദ്അതുകാരനില്‍ നിന്നും അവന്റെ നമസ്കാരമോ നോമ്പോ ദാനമോ ഹജ്ജോ ഉംറയോ അള്ളാഹു സ്വീകരിക്കുന്നതല്ല." [അല്‍ ഇഅ'തിസാം 1 :142]

അദ്ദേഹം വീണ്ടും പറയുന്നു : ഹിശാമിബ്നു ഹസ്സാന്‍ (റ) പ്രസ്താവിച്ചിരിക്കുന്നു : ബിദ്അതുകാരനില്‍ നിന്നും അവന്‍റെ നമസ്കാരമോ നോമ്പോ ഹജ്ജോ ധര്‍മസമരമോ ഉംറയോ സ്വദഖയോ അള്ളാഹു സ്വീകരിക്കുന്നതല്ല. [അല്‍ ഇഅ'തിസാം 1 :143]

ഇമാം നവവിയുടെ ഗുരുവായ അബൂശാമ രേഖപ്പെടുത്തുന്നു : "ഹിഷാം (റ) ഹസന്‍ (റ)ല്‍ നിന്നും ഉദ്ധരിക്കുന്നു : ബിദ്അതുകാരന്‍ അത് ഒഴിവാക്കുന്നത് വരെ അവന്‍റെ നോമ്പോ ഹജ്ജോ നമസ്കാരമോ ഉംറയോ അള്ളാഹു സ്വീകരിക്കുന്നതല്ല. [കിതാബുല്‍ ബാഇസ് പേജ് 73]
അദ്ദേഹം തുടരുന്നു : "വല്ലവനും ഒരു ബിദ്അതുകാരനെ ആദരിക്കുന്നപക്ഷം നിശ്ചയം അവന്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ സഹായം നല്‍കി." [(ത്വബ്രാനി) കിതാബുല്‍ ബാഇസ് പേജ് 74]

by പി കെ മൊയ്തീന്‍ സുല്ലമി @ ശബാബ്

സ്വീകാര്യത നേടുന്നവര്‍

ഇസ്‌ലാം മനുഷ്യന്‌ ആഗ്രഹിക്കുന്നത്‌ ശാശ്വതമായ പാരത്രിക വിജയമാണ്‌. അതിലെ വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവഗുണങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌ ഈ ലക്ഷ്യം കൈവരിക്കാനാണ്‌. ഇത്‌ ജീവിതശൈലിയായി സ്വീകരിക്കുന്ന വ്യക്തിക്ക്‌ അതിന്റെ സദ്‌ഫലങ്ങള്‍ ഈ ലോകത്ത്‌ തന്നെയും അനുഭവിക്കാനാവുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. സമാധാനവും സന്തുഷ്‌ടിയും നിറഞ്ഞ ജീവിതവും ആരോഗ്യമുള്ള ശരീരവും മനസ്സും ഇത്തരം സദ്‌ഫലങ്ങളാണ്‌. ജീവിക്കുന്ന സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിന്റെ ഭാഗമാണെന്ന്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു. ഖുദുസിയായ ഒരു ഹദീസില്‍ വന്നിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

``അല്ലാഹു തന്റെ അടിമയെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ജിബ്‌രീലിനോട്‌ വിളിച്ചുപറയും, ഇന്ന വ്യക്തിയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്‌ടപ്പെടുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കുന്നു. തുടര്‍ന്ന്‌ ജിബ്‌രീല്‍ ആകാശത്തെ മുഴുവന്‍ മാലാഖമാരേയും വിളിച്ച്‌ പറയും, ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ ഇഷ്‌ടപ്പെടുക. അതോടുകൂടി അവരെല്ലാവരും ആ വ്യക്തിയെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങുന്നു. തുടര്‍ന്ന്‌ അയാള്‍ക്ക്‌ ഭൂമിയില്‍ സര്‍വസ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.''

മലക്കുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാറുണ്ടെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. സദ്‌വൃത്തരായ ആളുകളുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അവര്‍ നിരന്തരം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ട്‌. `ഇബാദുന്‍ മുക്‌റമൂന്‍' (ആദരണീയരായ ദാസന്മാര്‍) എന്നാണ്‌ മലക്കുകള്‍ക്ക്‌ ഖുര്‍ആന്‍ ബഹുമതി നല്‌കുന്നത്‌. ഇവരുടെ പ്രാര്‍ഥന സത്യവിശ്വാസിക്ക്‌ ലഭിക്കുകയെന്നതുതന്നെ വലിയ നേട്ടമാണ്‌. അതിലും മഹത്തായ നേട്ടമാണ്‌ ഈ ഹദീസിലൂടെ നബി(സ) പഠിപ്പിക്കുന്നത്‌.

ജനങ്ങള്‍ സ്വീകരിച്ചാലും കയ്യൊഴിച്ചാലും അവര്‍ ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും ഒരു കുറവും സംഭവിക്കാത്ത വിശിഷ്‌ട വ്യക്തിത്വമായി നിലകൊള്ളാന്‍ സാധിക്കുന്ന ഉന്നതമായ അവസ്ഥയാണ്‌ ഹദീസില്‍ പറഞ്ഞ, ഭൂമിയില്‍ ലഭിക്കുന്ന സ്വീകാര്യത. ഇത്‌ നേടാന്‍ ഒരേയൊരു യോഗ്യത മാത്രമേ ആവശ്യമുള്ളൂ. സകല കാര്യങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും ഇഷ്‌ടവും കരസ്ഥമാക്കുക. ഇത്‌ വളരെ എളുപ്പവുമാണ്‌. എപ്പോഴും തന്റെ കൂടെ അല്ലാഹു ഉണ്ടെന്നും താന്‍ അവന്റെ കൂടെയാണെന്നും ഉറപ്പുവരുത്തിയാല്‍ മതി. അവന്‍ നമുക്ക്‌ ഇഷ്‌ടപ്പെട്ടുനല്‌കിയ ഈമാന്‌ പൂര്‍ണമനസ്സോടെ സ്വീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും വേണം.

അല്ലാഹു ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളുടെ ഒരു നിരതന്നെ ഖുര്‍ആനില്‍ കാണാം. നന്മ, പുണ്യം, ശാരീരികവും മാനസികവുമായ വിശുദ്ധി, പശ്ചാത്താപചിന്ത, നീതിബോധം, വിട്ടുവീഴ്‌ച, ക്ഷമ, ഭയഭക്തി, തവക്കുല്‍, ധര്‍മസമരം തുടങ്ങിയവയെല്ലാം അവനിഷ്‌ടമാണ്‌. അഹങ്കാരം, സത്യനിഷേധം, നന്ദികേട്‌, കുറ്റകൃത്യങ്ങള്‍, അനീതി, വഞ്ചന, അക്രമം, അമിതവ്യയം, ദുരഭിമാനം, നശീകരണചിന്ത, അനുസരണക്കേട്‌ തുടങ്ങിയവയെല്ലാം അവന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളുമാകുന്നു.

നമുക്ക്‌ ലഭ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്ര അധ്വാനിച്ചാലും സേവനം ചെയ്‌താലും ഒരു ഗ്രാമത്തിലെ ആളുകളുടെ സ്വീകാര്യതപോലും നമുക്ക്‌ എന്നുമുണ്ടാകും എന്നുറപ്പിക്കാനാവില്ല. നമ്മുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പൂര്‍ണമായി വിലയിരുത്താന്‍ അവര്‍ക്ക്‌ കഴിയില്ലെന്നതാണിതിന്‌ കാരണം. ആയുഷ്‌കാലം മുഴുവന്‍ സേവനം ചെയ്‌തിട്ടും പരിഹാസവും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും സമൂഹത്തിലുണ്ട്‌.

ജനങ്ങള്‍ നല്‌കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും ഈ ഭൂമുഖത്ത്‌ ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമല്ല. ആ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അല്ലാഹു നല്‌കുന്ന സ്വീകാര്യത നഷ്‌ടമാവാന്‍ കാരണമാകും. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ആദരവ്‌ നേടിയിരുന്നാലും ആകാശത്തുള്ളവരുടെ സ്‌നേഹാദരവുകള്‍ നേടാന്‍ കഴിയണമെന്നില്ല. ആകാശത്തുള്ളവരുടേത്‌ നേടിയെടുത്താല്‍ അത്‌ ഭൂമിയിലെവിടെയും പ്രതിഫലിക്കുകയും ചെയ്യും. ഈ ഭൂമിയില്‍ കഴിഞ്ഞുപോയവരും ജീവിക്കുന്നവരും ഇനി വരാനിരിക്കുന്നവരുമായി എത്ര പേരുണ്ടോ, അതിന്റെ എത്രയോ ഇരട്ടിയാണ്‌ അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍. ഇവരുടെ സ്‌നേഹാദരവുകള്‍ ഒരു വ്യക്തിക്ക്‌ പിടിച്ചുപറ്റാന്‍ കഴിയുകയെന്നത്‌ മഹത്തായ ഭാഗ്യമാണ്‌. ഇത്തരം ഭാഗ്യശാലികള്‍ക്ക്‌ മാത്രമെ സമൂഹത്തിന്റെ അവജ്ഞയും അവഗണനയും അതിജീവിച്ച്‌ സര്‍വസ്വീകാര്യതയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മുമ്പില്‍ എങ്ങനെ പിടിച്ചുനില്‌ക്കാമെന്ന്‌ ചിന്തിക്കുന്നതിനേക്കാള്‍ അല്ലാഹുവിന്റെ വിചാരണ എങ്ങനെ നേരിടാമെന്ന ചിന്തയുണ്ടെങ്കില്‍ അവന്റെയും മലക്കുകളുടേയും സ്‌നേഹാദരവുകള്‍ സമ്പാദിക്കുക എളുപ്പമാണ്‌.

by ഡോ.ജമാലുദ്ദീന്‍ ഫാറൂഖി from shababweekly.net

ദയാനിധിയായ നാഥന്റെ ഹിതം

പ്രപഞ്ചത്തിലെ അതിനിസ്സാരമായതും അത്യന്തം ഭീമമായതും ഉള്‍പ്പെടെ സകല ജൈവ അജൈവ വസ്‌തുക്കളെയും സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത സര്‍വാധിനാഥന്റെ ഹിതപ്രകാരമാണ്‌ ഏത്‌ കാര്യവും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും. സംഭവഗതികള്‍ നിര്‍ണയിക്കുന്നതില്‍ സൃഷ്‌ടികള്‍ക്കാര്‍ക്കും നിയാമകമായ യാതൊരു പങ്കുമില്ല. അതിനാല്‍ നമുക്ക്‌ ലഭ്യമാകുന്ന നേട്ടങ്ങളുടെ പേരില്‍ നാം ഏറെ അഭിമാനിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതിന്‌ അര്‍ഥമില്ല. നേട്ടമെന്ന്‌ നാം കരുതുന്നതു തന്നെ യഥാര്‍ഥത്തില്‍ നമുക്ക്‌ ഗുണകരമായില്ലെന്ന്‌ വരാം. നഷ്‌ടമെന്ന്‌ തോന്നുന്നത്‌ ചിലപ്പോള്‍ ഗുണകരമായി ഭവിക്കാനും സാധ്യതയുണ്ട്‌. പരമകാരുണികനായ രക്ഷിതാവിന്റെ ഹിതമാണ്‌ എന്തിലും നിര്‍ണായകമായിട്ടുള്ളത്‌. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ ഇപ്രകാരം വെളിച്ചം വിശുന്നു:

``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.'' (വി.ഖു 6:59)

``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്‌തത്‌) നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദു:ഖിക്കാതിരിക്കാനും, നിങ്ങള്‍ക്ക്‌ അവന്‍ നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്‌. യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.'' (വി.ഖു. 57:22,23)

മനുഷ്യര്‍ അനുഭവിക്കുന്ന ദു:ഖങ്ങളിലേറെയും ജീവനഷ്‌ടത്തിന്റെയോ ധനനഷ്‌ടത്തിന്റെയോ മാനനഷ്‌ടത്തിന്റെയോ പേരിലാണ്‌. ഉറ്റവരുടെയും ഉടയവരുടെയും മരണം ആരെയും ദു:ഖത്തിലാഴ്‌ത്തുക സ്വാഭാവികമാണ്‌. സ്വന്തം ആരോഗ്യമോ കുടംബാംഗങ്ങളുടെ ആരോഗ്യമോ അപകടത്തിലാകുമ്പോള്‍ ആരും വ്യാകുലചിത്തരാകുന്നു. സ്വത്തും വരുമാനവും നഷ്‌ടപ്പെടുന്നത്‌ ആരെയും അസ്വസ്ഥരാക്കും. അപമാനം നേരിടേണ്ടിവരുന്നതായിരിക്കും ചിലര്‍ക്ക്‌ മറ്റു ഏത്‌ നഷ്‌ടത്തെക്കാളും ദു:ഖഹേതുവാകുന്നത്‌. എന്നാല്‍ ദയാനിധിയായ നാഥനില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവര്‍ ഏത്‌ നഷ്‌ടത്തിന്റെ പേരിലും ദു:ഖിക്കേണ്ടതില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

കഷ്‌ടനഷ്‌ടങ്ങളുണ്ടാകുമ്പോഴും ദു:ഖിക്കാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ എങ്ങനെയാണ്‌ സാധിക്കുക? എല്ലാം അല്ലാഹുവിന്റെ ദാനമാണ്‌, നമുക്ക്‌ ആത്യന്തികമായി യാതൊന്നിന്റെയും ഉടമസ്ഥതയോ അധികാരമോ ഇല്ല എന്ന ധാരണ ഒട്ടേറെ ദു:ഖങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുന്നു. സ്വത്തിനെ/സന്താനത്തെ അല്ലാഹു അവന്റെ കാരുണ്യത്താല്‍ നല്‌കി; അവന്റെ കാരുണ്യത്താല്‍ തന്നെ അവന്‍ തിരിച്ചെടുക്കുകയും ചെയ്‌തു എന്ന്‌ അചഞ്ചലമായ മനസ്സോടെ പറയാന്‍ ദൃഢവിശ്വാസമുള്ളവര്‍ക്കേ കഴിയൂ. ഒരു കാര്യം നാം ആഗ്രഹിക്കുന്നതായാലും നമുക്ക്‌ ഇഷ്‌ടമില്ലാത്തതായാലും അത്‌ നടക്കുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചാണ്‌ എന്നത്‌ മാത്രമല്ല, ആ ഹിതം അവന്റെ അപാരമായ കാരുണ്യത്തിന്റെ താല്‌പര്യമാണ്‌ എന്നതും വിശ്വാസിക്ക്‌ ഏറെ ആശ്വാസമേകുന്നു.

അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ അവന്റെ കാരുണ്യത്താല്‍ ലഭിച്ച നേട്ടത്തെ സ്വന്തം സാമര്‍ഥ്യത്തിന്റെ കണക്കില്‍ ചേര്‍ക്കുന്നത്‌ ഗുരുതരമായ കുറ്റമാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. സൂറതുല്‍കഹ്‌ഫില്‍ രണ്ടു തോട്ടക്കാരുടെ കഥ വിവരിക്കുന്ന ഭാഗത്ത്‌, അവിശ്വാസിയായ തോട്ടക്കാരനോട്‌ വിശ്വാസിയായ കൂട്ടുകാരന്‍ ചോദിച്ച ഒരു ചോദ്യം ഉദ്ധരിച്ചിട്ടുണ്ട്‌: ``
നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, `ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല' എന്ന്‌ നിനക്ക്‌ പറഞ്ഞുകൂടായിരുന്നോ?''(വി.ഖു 18:39). ക്വാറൂന്‍ എന്ന അഹങ്കാരിയായ സമ്പന്നനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞ സംഭവം വിവരിച്ച ഭാഗത്ത്‌ അവന്റെ ഒരു ഗുരുതരമായ തെറ്റ്‌ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുള്ളത്‌, സമ്പത്ത്‌ അല്ലാഹുവിന്റെ ദാനമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ, ``എന്റെ കൈവശമുള്ള വിദ്യ കൊണ്ട്‌ മാത്രമാണ്‌ എനിക്കിത്‌ ലഭിച്ചത്‌'' (28:78) എന്ന്‌ അവന്‍ അവകാശപ്പെട്ടതാണ്‌.

പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള അല്ലാഹുവിന്റെ ധാരാളം ഇഷ്‌ടദാസന്മാര്‍ അവന്റെ ഹിതമനുസരിച്ച്‌, ശത്രുക്കളുടെ എതിര്‍പ്പ്‌, ദാരിദ്ര്യം, രോഗങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അതുകൊണ്ടൊന്നും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അവരുടെ വിശ്വാസം ചഞ്ചലമായിട്ടില്ല. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ അധികാരവും ഭൗതിക സൗകര്യങ്ങളും നല്‌കിയെങ്കില്‍ അതിലൊന്നും അഹങ്കരിക്കാതെ അതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എന്ന നിലയില്‍ ഗണിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ദൈവവിശ്വാസികളില്‍ തന്നെ പലരും ഭൗതിക നേട്ടങ്ങള്‍ കരഗതമാകുമ്പോള്‍ അത്‌ ദൈവം തങ്ങളെ അനുഗ്രഹിച്ചതിന്റെ തെളിവായി കരുതുകയാണ്‌ ചെയ്യുന്നത്‌. ഞെരുക്കങ്ങള്‍ നേരിടുമ്പോഴൊക്കെ ദൈവം തങ്ങളെ അപമാനിച്ചുവെന്നോ അവഗണിച്ചുവെന്നോ അവര്‍ പരിഭവിക്കുകയും ചെയ്യും. ഈ നിലപാട്‌ ശരിയല്ലെന്നും സന്തോഷ-സന്താപ വേളകളിലൊരു പോലെ അല്ലാഹുവോട്‌ വിധേയത്വവും ആത്മാര്‍ഥതയുമുള്ള ജീവിതം നയിക്കുകയാണ്‌ വേണ്ടതെന്നും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്‌.

``എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൗഖ്യം നല്‌കുകയും ചെയ്‌താല്‍ അവന്‍ പറയും, എന്റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ മനുഷ്യനെ രക്ഷിതാവ്‌ പരീക്ഷിക്കുകയും എന്നിട്ട്‌ അവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്‌താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.അല്ല; പക്ഷെ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന്‌, നിങ്ങള്‍ പ്രേത്സാഹനം നല്‌കുന്നുമില്ല. അനന്തരാവകാശ സ്വത്ത്‌ നിങ്ങള്‍ വാരിക്കൂട്ടിത്തിന്നുകയും ചെയ്യുന്നു. ധനത്തെ, നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.''(വി.ഖു 89:15-20)


ആരോഗ്യം, ഐശ്വര്യം, പ്രതാപം എന്നീ കാര്യങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായി ഗണിക്കുന്നത്‌ ഒരര്‍ഥത്തില്‍ ശരിയാണ്‌. എന്നാല്‍ അതിലുപരിയായി ഈ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ പരീക്ഷയാണ്‌. സല്‍സ്വഭാവം ആര്‍ജിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷയില്‍ വിജയിക്കുന്നു. അനുഗ്രഹങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ അതിന്റെ ദുഷ്‌ഫലങ്ങളും പ്രത്യാഘാതങ്ങളും പരലോകത്ത്‌ മാത്രമല്ല, ഒരു വേള ഇഹലോകത്തും അനുഭവിക്കേണ്ടിവരും. ഐശ്വര്യവും പ്രതാപവും ഏറെ അനുഭവിച്ച പ്രവാചകന്‍ സുലൈമാന്‍(അ) ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച്‌ തികച്ചും ബോധവാനായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.

``അങ്ങനെ ആ സിംഹാസനം തന്റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിന്‌ തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു.''(വി.ഖു 27:40)

ധാരാളം ഉത്തമദാസന്മാരെ രോഗം, ദാരിദ്ര്യം, ഭക്ഷ്യദൗര്‍ഭിക്ഷ്യം, ശത്രുക്കളുടെ എതിര്‍പ്പുകള്‍ എന്നിങ്ങനെ പലതരം വിഷമതകള്‍ മുഖേന അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അല്ലാഹു അവരെ വെറുത്തുവെന്നോ അപമാനിച്ചുവെന്നോ അതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതല്ല. ഇഹത്തിലും പരത്തിലും അവരുടെ അവസ്ഥയും പദവിയും ഉയര്‍ത്താന്‍ വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ പരീക്ഷകളാണ്‌ അവ. വിശുദ്ധ ഖുര്‍ആനില്‍ അവന്‍ പറയുന്നു:

``കുറച്ചൊക്കെ ഭയം, പട്ടിണി, ധനഷ്‌ടം, ജീവനഷ്‌ടം, വിഭവനഷ്‌ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; `ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍.'' (വി.ഖു 2:155-157)
from shabab weekly editorial

സംതൃപ്‌തനാകൂ,ടെന്‍ഷനകലും

ബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌ ഒരു സംഭവം ഓര്‍ക്കുന്നു: അബൂബക്കര്‍ സിദ്ദീഖും ഉമറും റസൂലും(സ) ഒരിക്കല്‍ ഒത്തുകൂടി. കഠിന വിശപ്പ്‌ സഹിക്കാതെയാണ്‌ മൂവരും കണ്ടുമുട്ടിയത്‌. വിശപ്പിന്‌ പരിഹാരം കാണാന്‍ മൂന്നുപേരും നേരെ പോയത്‌ അബൂഅയ്യൂബല്‍ അന്‍സ്വാരിയുടെ വീട്ടിലേക്ക്‌. അദ്ദേഹം എന്നും എന്തെങ്കിലും ആഹാരം നബിക്കു വേണ്ടി കരുതിവെക്കാറുണ്ട്‌. വളരെ വൈകി നബിയെ കാണാതെ വന്നാല്‍ മാത്രം അബൂഅയ്യൂബും കുടുംബവും ആ ഭക്ഷണം കഴിക്കും.

വീട്ടുവാതില്‍ക്കലെത്തിയ നബിയെയും കൂട്ടുകാരെയും സ്വീകരിച്ച്‌ ഉമ്മുഅയ്യൂബ്‌:

``തിരുദൂതര്‍ക്കും കുട്ടുകാര്‍ക്കും സ്വാഗതം.''

``അബൂഅയ്യൂബ്‌ എവിടെപ്പോയി?''

കുറച്ചപ്പുറത്ത്‌ ഈത്തപ്പനത്തോട്ടത്തില്‍ ജോലിയിലായിരുന്ന അബൂഅയ്യൂബ്‌ നബിയുടെ ശബ്‌ദംകേട്ട്‌ ഓടിവന്നു: ``തിരുദൂതര്‍ക്കും കൂട്ടുകാര്‍ക്കും സ്വാഗതം. റസൂലേ, അങ്ങ്‌ സാധാരണ വരുന്ന സമയമല്ലല്ലോ ഇത്‌.''

``നേരാണ്‌ നിങ്ങള്‍ പറഞ്ഞത്‌.''

അബൂഅയ്യൂബ്‌ തോട്ടത്തിലേക്ക്‌ ഓടിപ്പോയി പഴുത്തതും പഴുക്കാത്തതുമായ ഈന്തപ്പഴക്കുലകള്‍ വെട്ടിക്കൊണ്ടുവന്നു.

``നിങ്ങള്‍ ഇത്‌ അറുത്തുകൊണ്ടുവരുമെന്ന്‌ ഞാന്‍ കരുതിയിരുന്നില്ല. ഇത്‌ വേണ്ടായിരുന്നു. ആ പഴുക്കാത്ത ഈന്തപ്പഴമെങ്കിലും ഒഴിവാക്കാമായിരുന്നു.''

``റസൂലേ, അങ്ങ്‌ ഇത്‌ മുഴുവന്‍ കഴിക്കണമെന്നാണ്‌ എന്റെ ആഗ്രഹം. നമുക്ക്‌ ഒരാടിനെ അറുക്കുകയും ചെയ്യാം.''

``കറവയുള്ളതിനെ അറുക്കേണ്ട'' -നബി പറഞ്ഞു.

അബൂഅയ്യൂബ്‌ ഒരു ആട്ടിന്‍ കുട്ടിയെ അറുത്തു. ഭാര്യയോട്‌:``നീ ആ മാവെടുത്ത്‌ കുഴക്ക്‌. നല്ല പതമുള്ള റൊട്ടി ചുട്‌.''

ആടിന്റെ പകുതിയെടുത്ത്‌ കറിയുണ്ടാക്കിയ അബൂഅയ്യൂബ്‌ പകുതി കനലില്‍ വേവിച്ചെടുത്തു. ഭക്ഷണത്തളിക റസൂലിന്റെയും കൂട്ടുകാരുടെയും മുന്നില്‍ കൊണ്ടുവെച്ചു. നബി അതില്‍ നിന്ന്‌ ഒരു ഇറച്ചിക്കഷ്‌ ണവും കറിയുമെടുത്ത്‌ റൊട്ടിയിലിട്ട്‌ അബൂഅയ്യൂബിന്‌ നല്‍കി.

``അബൂഅയ്യൂബ്‌, ഇത്‌ എന്റെ ഫാത്തിമക്ക്‌ എത്തിക്കണം. കഴിഞ്ഞ കുറെ മാസമായി ഇതുപോലൊരു ഭക്ഷണം അവള്‍ കണ്ടിട്ടും കഴിച്ചിട്ടും.''

ആഹാരം കഴിച്ച്‌ സംതൃപ്‌തിയോടെ നബി: ``അല്ലാഹുവാണേ, നാളെ ഖിയാമത്‌ നാളില്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന മഹത്തായ അനുഗ്രഹമാണ്‌ ഇത്‌. ഞങ്ങള്‍ക്ക്‌ ആഹാരം നല്‍കി അനുഗ്രഹമേകിയ അല്ലാഹുവിന്‌ സ്‌തുതി.''

* * *
ജീവിതത്തെ സംബന്ധിച്ച അകാരണ ഭയങ്ങള്‍ വര്‍ധിച്ച കാലമാണിത്‌. സംഭവിച്ച കാര്യങ്ങളില്‍ സങ്കടപ്പെട്ടും സംഭവിക്കാനുള്ളതില്‍ ഭയപ്പെട്ടും ആശങ്കാഭരിതമായ അവസ്ഥയാണ്‌ മിക്കവര്‍ക്കും. സത്യവിശ്വാസികള്‍ക്ക്‌ ഇത്തരം ഒരവസ്ഥ ഉണ്ടാകില്ലെന്ന്‌ ഖുര്‍ആന്‍ പതിമൂന്ന്‌ തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌്‌. സ്വര്‍ഗീയമായ ഒരവസ്ഥയാണിതെന്ന്‌ ഖുര്‍ആന്‍ പറയുന്നു.

സുഖസമൃദ്ധമായിരുന്നു പ്രവാചകതിരുമേനിയുടെയും അനുചരരുടെയും ജീവിതം. ഭൗതിക അര്‍ഥത്തില്‍ പട്ടിണിയായിരുന്നെങ്കിലും പ്രസന്നമായൊരു മനസ്സ്‌ അവര്‍ക്ക്‌ കൈവന്നിരുന്നു. ഐശ്വര്യസമൃദ്ധമായ മനസ്സായിരുന്നു അവരുടെ സമ്പത്തും കരുത്തും. ജീവിതത്തെയും ജീവിതവിഭവങ്ങളെയും സംബന്ധിച്ച സമീപനം അവര്‍ക്ക്‌ ഹൃദയസുഖം പകര്‍ന്നു. സകലസമൃദ്ധിയും സമ്പന്ന സുഖവും അനുഭവിക്കുമ്പോഴും നമുക്ക്‌ ആ ഹൃദയസുഖമല്ലേ നഷ്‌ടപ്പെട്ടത്‌?

ആര്‍ത്തിയും ആഡംബരവുമാണ്‌ ആധുനിക മനുഷ്യന്റെ നാശഹേതുക്കള്‍. കടം പെരുകിയപ്പോള്‍ സങ്കടവും പെരുകി. ആര്‍ത്തി കാരണമാണ്‌ കടം പെരുകിയത്‌. ധൂര്‍ത്തും ആസ്വാദനങ്ങളും നിറവേറ്റാന്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടി വരുമാനത്തില്‍ കവിഞ്ഞ മോഹങ്ങള്‍ ജീവിതത്തെ നശിപ്പിക്കുക മാത്രമല്ല ടെന്‍ഷന്‍ തീരാത്തൊരു മനസ്സും ബാക്കിയാക്കി! മറ്റാര്‍ക്കോ ഒപ്പിച്ചാണ്‌ മിക്കവരുടെയും ജീവിതം. അയല്‍പക്കത്തിനൊപ്പിച്ച്‌, കൂട്ടുകാര്‍ക്കൊപ്പിച്ച്‌, ബന്ധുക്കള്‍ക്കൊപ്പിച്ച്‌... നാം നമുക്കൊപ്പിച്ച്‌ ജീവിക്കുമ്പോള്‍ കാര്യങ്ങള്‍ ശാന്തമാവും.

ഒരു പണക്കാരന്‍ ഇബ്‌റാഹീമുബ്‌നു അദ്‌ഹമിന്‌ ആയിരം സ്വര്‍ണനാണയം കൊടുത്തു. പക്ഷേ അദ്ദേഹമത്‌ സ്വീകരിച്ചില്ല.

``ആവശ്യക്കാരുടെ ദാനം ഞാന്‍ സ്വീകരിക്കാറില്ല'' -അദ്ദേഹം പറഞ്ഞു.

``ഞാന്‍ ആവശ്യക്കാരനാണ്‌, സമ്പന്നനാണ്‌''.

``കൂടുതല്‍ സമ്പത്ത്‌ കിട്ടാന്‍ താങ്കള്‍ ആഗ്രഹിക്കാറില്ലേ?''

``അതെ, കൂടുതല്‍ സമ്പാദ്യത്തിന്‌ ഞാന്‍ മോഹിക്കാറുണ്ട്‌''.

ഇബ്‌നു അദ്‌ഹം പറഞ്ഞു: ``എങ്കില്‍ എന്നെക്കാള്‍ ആവശ്യക്കാരന്‍ താങ്കളാണ്‌. ഞാന്‍ എന്റെ നിലവിലുള്ള അവസ്ഥയില്‍ പൂര്‍ണ സംതൃപ്‌തനാണ്‌. കൂടുതലായി ഒന്നും ആഗ്രഹിക്കാറില്ല!'' l

by PMA Gafoor @ ശബാബ് വാരിക

വിശുദ്ധഖുര്‍ആന്‍ പാരായണവും പ്രതിബദ്ധതയും

ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം വായന എന്നും വായിച്ചു പഠിക്കാനുള്ളത്‌ എന്നുമാണ്‌. ലോകാവസാനം വരെയുള്ള മാനവര്‍ക്ക്‌ സന്മാര്‍ഗദര്‍ശനത്തിനുള്ള അന്തിമവേദഗ്രന്ഥത്തിന്റെ പേരും അതുതന്നെയാണ്‌. എഴുത്തും വായനയും പഠിക്കാത്ത പ്രവാചകന്‌ വെളിപാടായി കേള്‍പിക്കപ്പെട്ടതാണ്‌ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം. ഒറ്റത്തവണയായല്ല ആ വെളിപാട്‌ നല്‍കപ്പെട്ടത്‌. ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം തവണകളായാണ്‌ ലോകരക്ഷിതാവായ അല്ലാഹു ജിബ്രീല്‍ എന്ന മലക്ക്‌ (മാലാഖ) മുഖേന മുഹമ്മദ്‌ നബി(സ)ക്ക്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പിച്ചത്‌. ആദ്യമായി അദ്ദേഹത്തിന്‌ വെളിപാടായി കേള്‍പിക്കപ്പെട്ട വാക്ക്‌ ഇഖ്‌റഅ്‌ (വായിക്കൂ) എന്നായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ പ്രതികരണം `എനിക്ക്‌ വായന അറിയില്ല എന്നായിരുന്നു. വല്ല ലിഖിതവും വായിക്കാനായിരിക്കും തന്നോട്‌ നിര്‍ദേശിക്കുന്നത്‌ എന്ന ധാരണയിലാകും അദ്ദേഹത്തിന്റെ ആ പ്രതികരണം. തുടര്‍ന്ന്‌ ജിബ്രീല്‍ കേള്‍പിച്ചത്‌ ``മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക എന്ന്‌ തുടങ്ങുന്ന സൂക്തങ്ങളായിരുന്നു.

ലിപിയും സാക്ഷരതയും അത്യാവശ്യമില്ലാത്ത വായനയാണ്‌ അതിലൂടെ നിര്‍ദേശിക്കപ്പെട്ടത്‌. എഴുതി സൂക്ഷിച്ചില്ലെങ്കിലും മറന്നുപോകാത്തവിധം ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഹമ്മദ്‌ നബി(സ)യുടെ മനസ്സില്‍ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തി. അദ്ദേഹം അത്‌ അനുചരന്മാരെ കേള്‍പിച്ചു. ലിഖിതം വായിച്ചു കേള്‍പിക്കലല്ല; മനസ്സിലെ രേഖയില്‍ നിന്ന്‌ ഉദ്ധരിച്ചു കേള്‍പിക്കല്‍. അനുചരന്മാരില്‍ ധാരാളം പേരും ആ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കി ആവര്‍ത്തിത പാരായണത്തിലൂടെ ഓര്‍മ പുതുക്കിക്കൊണ്ടിരുന്നു. ആ പ്രക്രിയ യുഗാന്തരങ്ങളിലൂടെ തുടര്‍ന്നു. ഇന്ന്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ദശലക്ഷക്കണക്കില്‍ ആളുകളാണുള്ളത്‌. മറ്റു ചില വേദഗ്രന്ഥങ്ങളുടെ ലക്ഷക്കണക്കിലോ കോടിക്കണക്കിലോ പ്രതികള്‍ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇക്കാലത്ത്‌ ദശലക്ഷങ്ങളുടെ ഓര്‍മയില്‍ പൂര്‍ണമായി സൂക്ഷിക്കപ്പെടുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആനാകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ അനുചരന്മാരും ഖുര്‍ആന്‍ സൂക്തങ്ങള്‍ ചുണ്ടിലും മനസ്സിലുമായി മാത്രം നിലനിര്‍ത്തുകയല്ല ചെയ്‌തത്‌. അവരുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം അവര്‍ ദൈവിക സൂക്തങ്ങള്‍ക്ക്‌ അനുരൂപമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്‌തു. വിശുദ്ധ ഖുര്‍ആനില്‍ ശരിയായ വിശ്വാസമെന്ന്‌ വ്യക്തമാക്കിയത്‌ അവര്‍ ദൃഢബോധ്യത്തോടെ അംഗീകരിച്ചു. തെറ്റായ വിശ്വാസമെന്ന നിലയില്‍ വിമര്‍ശിച്ചതൊക്കെ അവര്‍ നിരാകരിച്ചു. തങ്ങളുടെ വിശ്വാസവും ആദര്‍ശവും ഖുര്‍ആനിന്‌ വിരുദ്ധമാകരുതെന്ന്‌ അവര്‍ തികച്ചും നിഷ്‌കര്‍ഷിച്ചു. ഖുര്‍ആനില്‍ കല്‍പിച്ച കര്‍മങ്ങളും അനുഷ്‌ഠാനങ്ങളും അവര്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചു. നിരോധിച്ച ദുര്‍വൃത്തികളും ദുശ്ശീലങ്ങളും അവര്‍ വര്‍ജിച്ചു. ജീവിതവ്യവഹാരങ്ങളിലും സ്വഭാവസമീപനങ്ങളിലും അവര്‍ ഖുര്‍ആനിക വിധിവിലക്കുകള്‍ പാലിച്ചു. ഖുര്‍ആനികമാര്‍ഗദര്‍ശനം പരമാവധി ആളുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി അവര്‍ സത്യപ്രബോധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതോടെ ആ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്നനുസൃതമായി നബി (സ)യും അനുചരന്മാരും ജീവിതം പരിവര്‍ത്തിപ്പിച്ചുകഴിഞ്ഞിരുന്നു.ഖുര്‍ആനിലെ അധ്യാപനങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചുകൊണ്ടുള്ള നയനിലപാടുകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എങ്ങനെ ചിന്തിക്കണം, എന്തു പറയണം, ഏത്‌ രീതിയില്‍ പ്രവര്‍ത്തിക്കണം എന്നൊക്കെ –അവര്‍ തീരുമാനിച്ചിരുന്നത്‌ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലായിരുന്നു. ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂക്തങ്ങളും രണ്ട്‌ ചട്ടകള്‍ക്കുള്ളില്‍ ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുന്നതിനു മുമ്പ്‌ തന്നെ ഖുര്‍ആനിന്റെ മൊത്തം ഉള്ളടക്കം അവരുടെ ജീവിത പ്രമാണമായി കഴിഞ്ഞിരുന്നു.

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പ്‌ അറബിയിലും ഇതര ഭാഷകളിലും ഗ്രന്ഥങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ ഒട്ടൊക്കെ പ്രശസ്‌തമായിരുന്നു. ചിലത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഖുര്‍ആനിനുശേഷം എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക പോലും പ്രയാസമായിരിക്കും. എന്നാല്‍ ഖുര്‍ആന്‍ പോലെ ജനകോടികള്‍ പാരായണം ചെയ്യുകയും ഹൃദിസ്ഥമാക്കുകയും അനുധാവനം ചെയ്യുകയും ചെയ്‌ത മറ്റൊരു ഗ്രന്ഥവും മാനവരാശിയുടെ മുമ്പിലില്ല. രാമായണം പോലെ ചില ഗ്രന്ഥങ്ങള്‍ ഒട്ടേറെ ആളുകള്‍ പാരായണം ചെയ്യാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കം പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തുകയോ അതില്‍ നിന്ന്‌ ഒട്ടും വ്യതിചലിക്കാതിരിക്കാന്‍ നിഷ്‌കര്‍ഷിക്കുകയോ ചെയ്യുന്ന ആരുമുണ്ടാവില്ല. ബൈബിള്‍ ജനകോടികള്‍ വായിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷവും അതിന്റെ അടിസ്ഥാനത്തിലല്ല, പുരോഹിത നിര്‍ദേശപ്രകാരമാണ്‌ ജീവിക്കുന്നത്‌. ദൈനംദിന ജീവിതം ബൈബിളിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്ന നിഷ്‌ഠയുള്ളവര്‍ ഇപ്പോള്‍ ക്രൈസ്‌തവര്‍ക്കിടയില്‍ ഉണ്ടോ എന്നുപോലും സംശയമാണ്‌. ലോകപ്രശസ്‌തമായ സാഹിത്യകൃതികള്‍ ഒട്ടേറെയുണ്ടെങ്കിലും അവ വായിച്ച്‌ ആസ്വദിക്കുക എന്നല്ലാതെ അവയുടെ ഉള്ളടക്കം ജീവിതത്തില്‍ പകര്‍ത്തുക എന്നൊരു സമ്പ്രദായമേ നിലവിലില്ല.

ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചു വളര്‍ത്തിയ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കാനുള്ള ആഹ്വാനത്തോടെ അവതരണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ മനുഷ്യചരിത്രത്തെ പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ഉല്‍ഭവത്തെയും വികാസത്തെയും ഭാഗധേയത്തെയും സംബന്ധിച്ച്‌ മൌലികമായി ചിന്തിക്കാനും വമ്പിച്ച സാംസ്‌കാരിക സാമൂഹ്യ മാറ്റങ്ങള്‍ക്ക്‌ സാരഥ്യം വഹിക്കാനും ഖുര്‍ആന്‍ അനേകം പേര്‍ക്ക്‌ പ്രചോദനമേകിയിട്ടുണ്ട്‌. അനേകം ഭൌതിക പ്രതിഭാസങ്ങളെ സംബന്ധിച്ച്‌ ചിന്തിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്വാനം ആയിരക്കണക്കിലാളുകള്‍ക്ക്‌ വ്യത്യസ്‌ത വിജ്ഞാന ശാഖകളില്‍ ഗവേഷണപഠനങ്ങള്‍ നടത്താന്‍ പ്രേരകമായിട്ടുണ്ട്‌.

ഭൌതികപ്രമത്തമായ പാശ്ചാത്യ നാഗരികത ലോകരെയാകെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ദൈവവിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും പേരില്‍ പ്രതിരോധമേര്‍പ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആനല്ലാത്ത മറ്റൊരു ഗ്രന്ഥവും പ്രചോദനമേകുന്നില്ല എന്ന യാഥാര്‍ഥ്യം നാം അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്‌. ലൈംഗികത ഉള്‍പ്പെടെ എന്തിനെയും കമ്പോളവത്‌കരിക്കാനും സകല സദാചാര വിരുദ്ധ പ്രവണതകളെയും ന്യായീകരിക്കാനും കുല്‍സിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ രാമായണത്തിന്റെയോ ബൈബിളിന്റെയോ വക്താക്കള്‍ കാര്യമായ പ്രതിരോധമൊന്നും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ വര്‍ത്തമാനകാല യാഥാര്‍ഥ്യം. എന്നാല്‍ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന മുസ്ലിംകള്‍ ഒരിക്കലും സദാചാര ധ്വംസനത്തോട്‌ രാജിയാവുകയില്ല. മതമൌലിക വാദികളെന്നോ തീവ്രവാദികളെന്നോ മുദ്രയടിക്കപ്പെട്ടാലും ഖുര്‍ആനിനോട്‌ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ തിന്മകള്‍ക്കെതിരില്‍ പ്രതിരോധം തുടരുക തന്നെചെയ്യും.

എയ്‌ഡ്‌സ്‌ വ്യാപിച്ചുതുടങ്ങിയപ്പോള്‍ പലരും വിചാരിച്ചത്‌ ആധുനികലോകത്തിന്റെ ആരോഗ്യ അവബോധം മനുഷ്യരെ വ്യഭിചാരത്തില്‍ നിന്നും പ്രകൃതിവിരുദ്ധ രതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഒരളവോളം പര്യാപ്‌തമാകുമെന്നായിരുന്നു. എന്നാല്‍ ഇപ്പോഴിതാ എയ്‌ഡ്‌സ്‌ രോഗികളുടെ പുനരധിവാസത്തിന്റെ പേരുപറഞ്ഞ്‌ സ്വവര്‍ഗാനുരാഗത്തെ നിയമവിധേയമാക്കാന്‍ നിയമജ്ഞരും രാഷ്‌ട്രീയക്കാരും ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധരതിയെ ന്യായീകരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും ഇതിനുനേരെ മൌനമവലംബിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഖുര്‍ആനില്‍ പൂര്‍ണമായി വിശ്വസിക്കുന്നവരെല്ലാം ധാര്‍മികതയുടെ പക്ഷത്ത്‌ ഉറച്ചുനില്‍ക്കുന്നു. മറ്റു യാതൊരു ന്യായപ്രമാണവും ഇത്തരമൊരു ധാര്‍മിക പ്രതിബദ്ധതയ്ക്ക്‌ നിദാനമാകുന്നില്ല.

മുസ്ലിം സാധാരണക്കാരില്‍ പലരും അര്‍ഥബോധമില്ലാതെ ഖുര്‍ആന്‍ ഓതുകയാണ്‌ ചെയ്യുന്നത്‌. ഈ ഓത്തിനും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും വിശുദ്ധ ഖുര്‍ആനിലെ മാര്‍ഗദര്‍ശനം കൊണ്ട്‌ ജീവിതം പ്രദീപ്‌തവും സംശുദ്ധവുമാകാന്‍ ആ പാരയണം മതിയാവുകയില്ല. യാതൊരു വളവുമില്ലാത്ത ജീവിതപാതയിലേക്ക്‌ വെളിച്ചം വീശാന്‍ അല്ലാഹു അവതരിപ്പിച്ച അന്തിമവേദം കൊണ്ട്‌ പൂര്‍ണമായ പ്രയോജനം ലഭിക്കണമെങ്കില്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങളെ അനുധാവനം ചെയ്യാന്‍ പ്രചോദനമേകും വിധം അര്‍ഥബോധത്തോടെയുള്ള പാരായണവും പഠനവും തന്നെ വേണം. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ച റമദാന്‍ മാസത്തില്‍ അത്‌ പഠിക്കാനും കഴിവിന്റെ പരമാവധി അതിന്റെ ഉള്ളടക്കത്തോട്‌ നീതി പുലര്‍ത്തിക്കൊണ്ട്‌ ജീവിക്കാനും ശ്രമിക്കേണ്ടതുണ്ട്‌. ഓരോ ദിവസവും ഏതാനും സൂക്തങ്ങളെങ്കിലും അര്‍ഥസഹിതം പഠിക്കാന്‍ മിക്കവര്‍ക്കും പ്രയാസമുണ്ടാവില്ല.

by ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി from hameedmadani.blogspot.com

കീര്‍ത്തനകാവ്യങ്ങള്‍ ആരാധനയാകുമ്പോള്‍

നബിചര്യയില്‍ യാതൊരു സ്ഥാനവുമില്ലാത്ത റബീഉല്‍അവ്വല്‍ ആഘോഷത്തിന്‌ ന്യായീകരണമായി ചിലയാളുകള്‍ സാധാരണ പറഞ്ഞുവരാറുള്ള ഒരു കാര്യമാണ്‌, തങ്ങള്‍ നടത്തുന്നത്‌ മദ്‌ഹൂര്‍റസൂല്‍ ആണെന്ന്‌. എന്താണ്‌ മദ്‌ഹുര്‍റസൂല്‍? പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പറയുക എന്നര്‍ഥം. നബി(സ)യുടെ ജീവിതകാലം മുതല്‍ ഇന്നോളം ഇവ്വിഷയകമായി വിരചിതമായ കൃതികള്‍ക്ക്‌ കൈയും കണക്കുമുണ്ടാവില്ല.

തന്നെ പുകഴ്‌ത്തിപ്പറയുന്നത്‌ നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. മുഖസ്‌തുതിക്കാരെ അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്ത്‌ തന്നെ പ്രകീര്‍ത്തിച്ച്‌ ഗാനമാലപിച്ചതു പോലും നബി(സ) അംഗീകരിക്കുകയും ചെയ്‌തു. ത്വലഅല്‍ ബദ്‌റു, ബാനത്‌ സൂആദ്‌, ഹസ്സാന്‍(റ) കവിതകള്‍ തുടങ്ങിയവ ഉദാഹരണമാണ്‌. വസ്‌തുതകള്‍ക്കപ്പുറം പുകഴ്‌ത്തിയപ്പോള്‍ തത്സമയം തിരുത്തിയതും (വഫീനാ നബിയ്യുന്‍ യഅ്‌ലമു മാഫീ ഗദി) നാം കാണുകയുണ്ടായി.

പ്രവാചകനെ ഒരിക്കലും നിന്ദിക്കാനോ ഇകഴ്‌ത്താനോ പാടില്ല. പ്രവാചകന്റെ(സ) അനുപമവ്യക്തിത്വത്തില്‍ നിന്ന്‌ ഏതൊരേട്‌ ചീന്തിയെടുത്താലും അതെല്ലാം `മദ്‌ഹുകള്‍' മാത്രമായിരിക്കും. അത്‌ സ്‌മരിക്കുന്നതും പഠിക്കുന്നതും മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുകൊടുക്കുന്നതും പുണ്യകരമാണ്‌. പ്രവാചക വ്യക്തിത്വത്തെയോ ദിവ്യദൗത്യത്തെയോ അവമതിക്കുന്നവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ മഹോന്നത ഗുണങ്ങള്‍ പൊക്കിക്കാണിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു. ഹസ്സാന്റെ(റ) കവിതകള്‍ മുതല്‍ ഇങ്ങേയറ്റം ഡന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെ ലോകത്തുണ്ടായ മുസ്‌ലിം പ്രതികരണങ്ങള്‍ വരെ ആ മാര്‍ഗത്തിലുള്ള നീക്കങ്ങളത്രേ. അത്‌ ഗദ്യമോ പദ്യമോ കാര്‍ട്ടൂണോ ഏത്‌ മാധ്യമം ഉപയോഗിച്ചായാലും ശരി.

എന്നാല്‍ പ്രവാചക കീര്‍ത്തനങ്ങള്‍ പാടി നടക്കല്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു കര്‍മമാണോ? അപദാനങ്ങള്‍ പാടിപ്പറഞ്ഞ്‌ ഊരുചുറ്റുന്നത്‌ സ്‌നേഹപ്രകടനമാണോ? അഭിപ്രായ ഭിന്നതയാല്‍ മറുപക്ഷത്ത്‌ നില്‌ക്കുന്നവരെ പ്രകോപിപ്പിക്കുന്ന ശക്തിപ്രകടനങ്ങള്‍ മദ്‌ഹുര്‍റസൂല്‍ ആയിത്തീരുമോ? ഇത്യാദി കാര്യങ്ങള്‍ മുസ്‌ലിംസമൂഹം ഉറക്കെ ചിന്തിക്കണം.

സമാദരണീയരായ സ്വഹാബിമാര്‍ നബി(സ)യോടു കാണിച്ച സ്‌നേഹപ്രകടനത്തിന്‌ ചരിത്രത്തില്‍ തുല്യതയില്ല. സത്യമതത്തോടുള്ള അടങ്ങാത്ത പക നിമിത്തം ദൈവദൂതനെ സ്വന്തം നാട്ടില്‍ നിന്നു സ്വന്തക്കാരെന്നു പറയാവുന്നവര്‍ ആട്ടിയോടിച്ചുവെങ്കിലും ഒരു നാട്‌ ഒന്നടങ്കം സടകുടഞ്ഞെണീറ്റ്‌ ആ മഹാനുഭാവനെ സ്വീകരിച്ചാനയിച്ച്‌ `സ്വന്ത'മാക്കി. മദീന എന്നറിയപ്പെടുന്ന യഥ്‌രിബുകാര്‍ മുഹമ്മദ്‌ നബിയെ ഏതിരേറ്റത്‌ കീര്‍ത്തനഗാനങ്ങള്‍ (മദ്‌ഹൂര്‍റസൂല്‍) പാടിക്കൊണ്ടായിരുന്നു.

ത്വലഅല്‍ബദ്‌റു അലൈനാമിന്‍ ഥനിയ്യാത്തില്‍ വിദാഇ....
തന്നെ സ്‌തുതിച്ചുകൊണ്ട്‌ പാടിയ പാട്ടിനെയോ പാട്ടുപാടി സ്വീകരിച്ചതിനെയോ നബി(സ) എതിര്‍ത്തില്ല. എന്നാല്‍ ദൈവദൂതരില്‍ നിന്ന്‌ ദീന്‍ പഠിച്ച സ്വഹാബിമാര്‍ പിന്നീട്‌ എപ്പോഴെങ്കിലും ത്വലഅല്‍ബദ്‌റു നബികീര്‍ത്തനമായി ആലപിക്കുക പതിവാക്കിയിരുന്നുവോ? ഏതെങ്കിലും പ്രത്യേക ദിനത്തിലോ മാസത്തിലോ ഈ വരികള്‍ ആവര്‍ത്തിച്ചിരുന്നുവോ? ഹിജ്‌റയ്‌ക്ക്‌ വാര്‍ഷികം ഏര്‍പ്പെടുത്തിയോ? ഇല്ലെന്നാണ്‌ ചരിത്രത്തിന്റെ ഉത്തരം. കാരണം ആ സന്ദര്‍ഭത്തിലെ അനുമോദനമെന്നതിലുപരി നബിയോ സ്വഹാബിമാരോ അതിനെ കണ്ടില്ല. നബി(സ)യുടെ ജന്മദിനമാഘോഷിക്കുന്ന ചിലര്‍ ഇതു പാടിക്കേള്‍ക്കുന്നു!

സ്വദേഹങ്ങളെക്കാളും നബി(സ)ക്കുള്ള സംരക്ഷണം ഉറപ്പുവരുത്തിയ സ്വഹാബിമാര്‍ നബിക്കു നേരെ വന്ന വെട്ടുകള്‍ തടുത്തു. ചീറിവന്ന അമ്പുകള്‍ തടുത്തു. പരിച കൊണ്ടു മാത്രമല്ല, നബിക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്തുകൊണ്ട്‌. ജനമനസ്സുകളിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ ശക്തിയുള്ള കവിത പ്രവാചകനെതിരെ ആയുധമായി പ്രയോഗിക്കപ്പെട്ടപ്പോള്‍ അതേ ആയുധം കൊണ്ട്‌ തിരിച്ചടിച്ചു; സ്വഹാബിമാരിലെ സര്‍ഗപ്രതിഭകള്‍. ഹസ്സാന്‍(റ), അബ്‌ദുല്ലാഹിബ്‌നു റവാഹ(റ), കഅ്‌ബുബ്‌നു മാലിക്‌(റ) തുടങ്ങിയവര്‍ ഇസ്‌ലാമിനെയും പ്രവാചകരെയും പ്രതിരോധിച്ച ഗീതങ്ങള്‍ സ്വഹാബിമാര്‍ പുണ്യമായി ആലപിച്ചുവോ? നിത്യകീര്‍ത്തനങ്ങളില്‍ ആ കവിതകള്‍ ഉള്‍പെടുത്തിയോ? ഇല്ലെന്നാണ്‌ ചരിത്രത്തിന്റെ ഉത്തരം.

തന്റെ അതിശക്തമായ നാവുകൊണ്ട്‌ നിശിതമായ കവിതകള്‍ ആലപിച്ച്‌ നബിയെ നേര്‍ക്കുനേരെ ആക്രമിച്ച കഅ്‌ബുബ്‌നു സുഹൈര്‍ നബി(സ)യുടെ കോപത്തിനു വിധേയനായി. ഏറെക്കഴിഞ്ഞ്‌ താന്‍ ചെയ്‌ത പാതകത്തില്‍ പശ്ചാത്തപിച്ച്‌ പ്രവാചക സന്നിധിയില്‍ പ്രച്ഛന്നനായി പ്രവേശിച്ച്‌ ഏവരെയും ആശ്ചര്യപ്പെടുത്തിപ്പാടിയ മദ്‌ഹുര്‍റസൂല്‍ ആണ്‌ ബാനത്‌ സുആദ്‌. ഉപമകളും ഉല്‍പ്രേക്ഷകളും അലങ്കാരങ്ങളും നിറഞ്ഞ ആ മനോഹര സ്‌നേഹപ്രകടന കാവ്യം മസ്‌ജിദുന്നബവിയില്‍ തിരുസന്നിധിയില്‍ പിറന്നതാണ്‌. കഅ്‌ബിന്റെ മനംമാറ്റത്തില്‍ സന്തോഷിച്ചുകൊണ്ടും അനുചരര്‍ക്കിടയില്‍ കഅ്‌ബിന്‌ സംരക്ഷണം നല്‌കിക്കൊണ്ടും പ്രവാചകന്‍ തന്റെ ഉത്തരീയം അദ്ദേഹത്തിന്‌ സമ്മാനിച്ചു. ഈ മഹോന്നത മദ്‌ഹ്‌ കാവ്യം കീര്‍ത്തനമായി പാടണമെന്ന്‌ സ്വഹാബിമാര്‍ നിശ്ചയിച്ചുവോ? ബാനത്‌ സുആദിന്‌ പുണ്യം കല്‌പിക്കപ്പെട്ടുവോ? ഇല്ലെന്നല്ലേ ചരിത്രം പറയുന്നത്‌!

പ്രവാചകനെ മദ്‌ഹ്‌ ചെയ്യുക (വാഴ്‌ത്തുക) എന്നത്‌ സന്ദര്‍ഭോചിതം ചെയ്യേണ്ട കാര്യമാണ്‌. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ പോലെയോ ഹരിനാമകീര്‍ത്തനം പോലെയോ മുസ്‌ലിംകള്‍ ആചാരമോ ആഘോഷമോ ആയി നടത്തേണ്ട ഒരു കാര്യമല്ല `മദ്‌ഹുര്‍റസൂല്‍' എന്നാണ്‌ മുകളില്‍ പറഞ്ഞ ചരിത്രസംഭവങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. എന്നാല്‍ നിത്യജീവിതത്തിന്റെ ഭാഗമായി നിര്‍വഹിക്കേണ്ടതോ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതോ ആയ സ്‌തോത്രകീര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കുണ്ട്‌. അത്‌ നബികീര്‍ത്തനമല്ല. നബി(സ) പഠിപ്പിച്ചുതന്ന കീര്‍ത്തനങ്ങളാണ്‌. ദിക്‌റുകളും ദുആകളുമാണ്‌. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക, അവനോട്‌ പ്രാര്‍ഥിക്കുക, റസൂലിനു വേണ്ടി പ്രാര്‍ഥിക്കുക (സ്വലാത്തും സലാമും) മുതലായവ നബിചര്യയനുസരിച്ച്‌ ചെയ്യുകയാണ്‌ വേണ്ടത്‌.

മദ്‌ഹ്‌കാവ്യങ്ങള്‍ (നബിയെപ്പറ്റി) എതു ഭാഷയിലും ഏതു കാലത്തും ഉണ്ടായിട്ടുണ്ട്‌. നമ്മുടെ മലയാളത്തിലും സുലഭമാണ്‌. എന്നാല്‍ ഭൗതികമായ ഏതെങ്കിലും വിഷയത്തില്‍ വര്‍ണന നടത്തുന്നതു പോലെ കവിഭാവന സൈ്വരവിഹാരം നടത്താവുന്ന മേഖലയല്ല ദീന്‍. അതിന്റെ അതിര്‍വരമ്പുകള്‍ പാലിക്കുമ്പോള്‍ ഭാവനകള്‍ക്ക്‌ നിയന്ത്രണം വേണ്ടിവരും. സര്‍ഗധനനായ ലബീദുബ്‌നു അബീറബീഅ എന്ന പ്രാചീന അറബിക്കവി ഇസ്‌ലാം സ്വീകരിച്ചതോടെ അദ്ദേഹത്തിലെ കവിത്വം നിഷ്‌പ്രഭമാകുകയായിരുന്നു. സ്വഹാബിമാരായ കവികള്‍ ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്നുകൊണ്ട്‌ പാടി. തെറ്റു കണ്ടപ്പോള്‍ നബി(സ) തത്‌സമയം തിരുത്തി.
ഒരിക്കല്‍ ചില പെണ്‍കുട്ടികള്‍ അവരുടെ പിതാക്കളുടെ മഹത്വം വര്‍ണിച്ച്‌ പാട്ടുപാടുകയായിരുന്നു. അവിടേക്ക്‌ നബി(സ) കടന്നുവന്നു. അവര്‍ പാട്ടു നബിയെപ്പറ്റിയാക്കി. അവര്‍ പാടി: `വഫീനാ നബിയുന്‍, യഅ്‌ലമു മാഫീഗദി'

``നാളെ എന്തു സംഭവിക്കുമെന്നറിയാവുന്ന നബി ഞങ്ങള്‍ക്കിടയിലുണ്ട്‌.'' ഇത്‌ അതിരുവിട്ട വര്‍ണനയായിരുന്നു. നബിക്ക്‌ അദൃശ്യജ്ഞാനമുണ്ട്‌ എന്ന വിശ്വാസം തെറ്റാണ്‌. നബി ആ പാട്ടു വിലക്കി. നിങ്ങള്‍ ആദ്യത്തെ പാട്ടുകള്‍ തന്നെ പാടിക്കൊള്ളൂ എന്നു പറഞ്ഞു.
നബി(സ) കവിതകള്‍ പാടിയിരുന്നു, ആസ്വദിച്ചിരുന്നു, കവികളെ അംഗീകരിച്ചിരുന്നു. തന്നെ സ്‌തുതിച്ചു പാടിയതും അംഗീകരിച്ചു. ആവശ്യമില്ലാത്തത്‌ തിരുത്തി. എന്നാല്‍ ഇതറിയാത്തവരോ ശ്രദ്ധവിട്ടുപോയവരോ ആയവര്‍ നബിയെ പറ്റി പാടിയപ്പോള്‍ തെറ്റും ശരിയുമുണ്ടായി. ത്യാജ്യഗ്രാഹ്യ ബുദ്ധിയില്ലാതെ എല്ലാം എടുക്കുന്നവര്‍ക്ക്‌ അബദ്ധവും പിണയും. കേരളത്തില്‍ മദ്‌ഹുര്‍റസൂല്‍ ആചരിക്കുന്നവര്‍ക്കു പറ്റിയത്‌ ഈ അബദ്ധമാണ്‌. നബിചര്യയെ സ്‌നേഹിക്കുന്നവര്‍ ഇതാണ്‌ പറഞ്ഞത്‌. നബിയെ പുകഴ്‌ത്തരുതെന്നല്ല, മദ്‌ഹുര്‍റസൂല്‍ ആചാരമോ ആഘോഷമോ ആക്കരുത്‌. അത്‌ ബിദ്‌അത്താണ്‌. എന്നാല്‍ പ്രവാചകന്റെ മഹദ്‌വ്യക്തിത്വം ഉയര്‍ത്തിപ്പിടക്കാന്‍ മുന്നില്‍ നില്‌ക്കണം.

കേരള മുസ്‌ലിംകള്‍ പുണ്യകരമായ കര്‍മം എന്ന നിലയില്‍ പാടുന്ന മൗലൂദ്‌ ശരിയല്ല എന്ന്‌ സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍ പറയാന്‍ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌, ഇങ്ങനെ ഒരു പുണ്യം നബി(സ) പഠിപ്പിച്ചിട്ടില്ല. രണ്ട്‌, അതില്‍ നബി വര്‍ണന അതിരുവിടുന്നു. ഉദാഹരണത്തിന്‌ ഒന്ന്‌ മാത്രം പറയട്ടെ:

ഇര്‍തകബ്‌തു അലല്‍ ഖത്വാ ഗൈറ ഹസ്‌രിന്‍ വഅദദ്‌ലക അശ്‌കൂ ഫീഹി യാ സയ്യിദീ ഖൈറന്നബി


പാപമോചനത്തിന്‌ നബിയോട്‌ തേടുകയാണ്‌ ഈ വരികള്‍. അല്ലാഹുവിന്‌ മാത്രമുള്ള അധികാരമാണ്‌ പാപം പൊറുക്കുക എന്നത്‌. അത്‌ പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ ശിര്‍ക്കായിത്തീരുന്നു. ഈ കീര്‍ത്തനകര്‍ത്താവിനെ ആരെങ്കിലും അത്‌ ബോധ്യപ്പെടുത്തിയോ എന്ന്‌ നമുക്കറിയില്ല. ഇത്തരം വരികള്‍ പാടാനേ പറ്റില്ല. ആചാരമാക്കല്‍ പിന്നെയല്ലേ? `പുരുഷാകൃതി പൂണ്ട ദൈവമോ' എന്ന്‌ ശ്രീനാരായണ ഗുരു പാടിയതും മുഹമ്മദ്‌ നബിയുടെ മഹത്വം വര്‍ണിച്ചുകൊണ്ടായിരുന്നു. എത്ര മനോഹര കാവ്യമാണെങ്കിലും വിശ്വാസത്തിനു വിരുദ്ധമായാല്‍ അത്‌ മുസ്‌ലിമിന്നു സ്വീകാര്യമല്ല. ക്രൈസ്‌തവര്‍ യേശു ദൈവപുത്രനാണ്‌ എന്ന്‌ പറഞ്ഞതും മദ്‌ഹ്‌ തന്നെയായിരുന്നു.

പില്‌ക്കാലക്കാരില്‍ പ്രവാചക സ്‌നേഹ കാവ്യങ്ങള്‍ രചിച്ച ഒരാളാണ്‌ ബുസൂരി. അദ്ദേഹത്തിന്റെ ഖസീദത്തുല്‍ ബുര്‍ദ കേരളക്കരയിലെ മതപ്രഭാഷണ വേദികളില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിന്റെ ചരിത്രപശ്ചാത്തലം ഈ ലേഖകനറിയില്ല. ബുര്‍ദ വളരെ മനോഹരമായ ഒരു കാവ്യമാണ്‌. യൂണിവേഴ്‌സിറ്റികള്‍ പാഠപുസ്‌തകമായി അംഗീകരിക്കാന്‍ മാത്രം സാഹിത്യമേന്മ അതിനുണ്ട്‌. എന്നാല്‍ സ്‌നേഹാതിരേകത്താല്‍ അദ്ദേഹത്തിന്റെ വര്‍ണന ചില സ്ഥലങ്ങളില്‍ അതിരുവിടുന്നു. പ്രേമകാവ്യത്തിന്റെ മാതൃകയില്‍ തുടങ്ങിയ ബുര്‍ദ നബിയെപ്പറ്റി നിരവധി മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്‌. അതേസമയം ഈ വരികള്‍ നോക്കൂ:

യാ അക്‌റമല്‍ ഖല്‍ക്വി മാലീമന്‍ അലൂദുബിഹി
സിവാക ഇന്‍ദ ഹുദൂസില്‍ ഹാദിസില്‍ ഇമമി

``സൃഷ്‌ടികളില്‍ ഉത്തമനേ, വ്യാപകമായ വിപത്തുകള്‍ വന്നു ഭവിക്കുമ്പോള്‍ അങ്ങല്ലാതെ ആരുണ്ടെനിക്ക്‌ അഭയമായി!'' വിപത്തുകളില്‍ നിന്ന്‌ രക്ഷ തേടേണ്ടത്‌ അല്ലാഹുവിനോടു മാത്രമാണ്‌. ആ അധികാരം പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ അത്‌ ശിര്‍ക്കായിത്തീരുന്നു.

കാവ്യങ്ങളെ കാവ്യങ്ങളായി കാണാനും ആസ്വദിക്കാനും അവയിലെ സ്‌ഖലിതങ്ങള്‍ തിരിച്ചറിഞ്ഞ്‌ ത്യജിക്കാനും സാധിക്കുക എന്നതാണ്‌ മുസ്‌ലിമിന്റെ മാര്‍ഗം. പ്രവാചകനു ശേഷം ആരുണ്ടാക്കിയ ഗദ്യപദ്യങ്ങള്‍ക്കും വര്‍ണനകള്‍ക്കും ഒരു വ്യക്തിയുടെ രചന എന്നതിലപ്പുറം പ്രാധാന്യം കല്‌പിക്കാന്‍ പാടില്ല എന്നതാണ്‌ മിതമായ സമീപനം. സര്‍ഗാത്മക ആവിഷ്‌കാരം ആത്മനിര്‍വൃതിക്കു വേണ്ടിയാണ്‌. ഒരാള്‍ തന്റെ കവിത്വം പ്രവാചസ്‌നേഹ പ്രകടനത്തിന്‌ വിനിയോഗിക്കുമ്പോള്‍ അത്‌ പുണ്യമായിത്തീരുന്നു. എന്നാല്‍ അതെടുത്ത്‌ ആചാരങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ സ്ഥാപിത താല്‌പര്യക്കാരാണ്‌. മൗലൂദ്‌ ഉള്‍പ്പെടെ ആചാരങ്ങളെല്ലാം സമുദായത്തിലേക്ക്‌ കടന്നുവന്നതിങ്ങനെയാണ്‌.

സ്‌നേഹകാവ്യമെന്ന നിലയില്‍ മലയാളത്തില്‍ വിരചിതമായ കാവ്യങ്ങള്‍ നിരവധിയുണ്ട്‌. മഹാകവി വള്ളത്തോളിന്റെ അല്ലാഹ്‌ (സാഹിത്യ മഞ്‌ജരി) പ്രവാചകജീവിതത്തിലെ വിശ്വാസ ദൃഢതയുടെ ഒരു മുഹൂര്‍ത്തം മലയാളിക്ക്‌ സമര്‍പ്പിക്കുകയാണ്‌. മഹാകവി സെയ്‌ദ്‌ മുഹമ്മദിന്റെ മാഹമ്മദം മലയാളത്തില്‍ അറിയപ്പെടാതെ പോയ ഒരു മഹാ കാവ്യമാണ്‌. പ്രവാചക ചരിത്രമാണ്‌ വിഷയം. നബിപദ്യം മണിപ്രവാളം എന്ന കാവ്യവും അതിമനോഹരമായ നബികീര്‍ത്തനമാണ്‌. ഇത്തരം കൃതികളെക്കാള്‍ യാതൊരു മഹത്വവും മൗലൂദിനോ ബുര്‍ദയ്‌ക്കോ ഇല്ല എന്ന തിരിച്ചറിവാണ്‌ ആദ്യം വേണ്ടത്‌. അല്ലാഹുവിന്റെ വചനങ്ങളോ നബിവചനങ്ങളോ അല്ലാത്ത ഏതു കൃതികള്‍ക്കും ഭാഷ്യങ്ങള്‍ക്കും മനുഷ്യരചനയുടെ പരിഗണന മാത്രമേ ഉള്ളൂ. അവയൊന്നും ആചാരമോ സുന്നത്തോ ആയി ഗണിച്ചുകൂടാ. മലയാളിയായ എഴുത്തച്ഛന്‍ രചിച്ച ആധ്യാത്മ രാമായണം വേദഗ്രന്ഥമായി കാണുന്ന സമൂഹം ഇവിടെയുണ്ട്‌. കവികളുടെ രചനകള്‍ കീര്‍ത്തനമായി ആചരിക്കുന്ന മുസ്‌ലിംകളും ചെയ്യുന്നത്‌ അതുതന്നെയല്ലേ?!

ഖാദി മുഹമ്മദ്‌ രചിച്ച മുഹ്‌യിദീന്‍ മാലയെ (കീര്‍ത്തനകാവ്യം) നബിചര്യയനുസരിച്ചു ജീവിക്കണമെന്നു പറയുന്നവ ര്‍ എതിര്‍ത്തത്‌ ഇതേ കാരണത്താല്‍ തന്നെ. ഒന്ന്‌: മനുഷ്യകൃതി ആചാരമായി കാണാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. രണ്ട്‌: മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന മനുഷ്യനെ `ദൈവതുല്യം' വര്‍ണിച്ച അതിലെ ആശയപ്പിശക്‌. അതേസമയം അറബി മലയാള സാഹിത്യത്തിലെ ഒരു നിലവാരമുള്ള കൃതി എന്ന നിലയില്‍ അതിന്റെ സ്ഥാനവും സാഹിത്യമൂല്യവും നാം നിരാകരിക്കുന്നില്ല. ആ അര്‍ഥത്തിലാണ്‌ ബുര്‍ദ പാഠപുസ്‌തകമാക്കിയതും. മലയാളം ക്ലാസില്‍ രാമായണം പഠിപ്പിക്കുന്നതും ഈ കാഴ്‌ചപ്പാടില്‍ തന്നെ. മദ്‌ഹുര്‍റസൂല്‍ എന്ന ആശയവും ഇന്നത്തെ മൗലൂദ്‌ പാരായണവും അപഗ്രഥിച്ചാല്‍ കിട്ടുന്ന ഉത്തരവും ഇതുതന്നെ.

നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ നടക്കുന്നത്‌ നബിയോടുള്ള സ്‌നേഹപ്രകടനമല്ല. ചിലര്‍ക്ക്‌ ശക്തിപ്രകടനം, ചിലര്‍ക്ക്‌ രോഷപ്രകടനം, ചിലര്‍ക്കെങ്കിലും സാന്നിധ്യപ്രകടനം. ഭക്തിയില്‍ നിന്നുടലെടുക്കുന്ന പ്രവാചക സ്‌നേഹം പ്രകടനപരമല്ല എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി from shabab

Popular ISLAHI Topics

ISLAHI visitors