വിശുദ്ധഖുര്‍ആന്‍ പാരായണവും പ്രതിബദ്ധതയും

ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം വായന എന്നും വായിച്ചു പഠിക്കാനുള്ളത്‌ എന്നുമാണ്‌. ലോകാവസാനം വരെയുള്ള മാനവര്‍ക്ക്‌ സന്മാര്‍ഗദര്‍ശനത്തിനുള്ള അന്തിമവേദഗ്രന്ഥത്തിന്റെ പേരും അതുതന്നെയാണ്‌. എഴുത്തും വായനയും പഠിക്കാത്ത പ്രവാചകന്‌ വെളിപാടായി കേള്‍പിക്കപ്പെട്ടതാണ്‌ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം. ഒറ്റത്തവണയായല്ല ആ വെളിപാട്‌ നല്‍കപ്പെട്ടത്‌. ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം തവണകളായാണ്‌ ലോകരക്ഷിതാവായ അല്ലാഹു ജിബ്രീല്‍ എന്ന മലക്ക്‌ (മാലാഖ) മുഖേന മുഹമ്മദ്‌ നബി(സ)ക്ക്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പിച്ചത്‌. ആദ്യമായി അദ്ദേഹത്തിന്‌ വെളിപാടായി കേള്‍പിക്കപ്പെട്ട വാക്ക്‌ ഇഖ്‌റഅ്‌ (വായിക്കൂ) എന്നായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ പ്രതികരണം `എനിക്ക്‌ വായന അറിയില്ല എന്നായിരുന്നു. വല്ല ലിഖിതവും വായിക്കാനായിരിക്കും തന്നോട്‌ നിര്‍ദേശിക്കുന്നത്‌ എന്ന ധാരണയിലാകും അദ്ദേഹത്തിന്റെ ആ പ്രതികരണം. തുടര്‍ന്ന്‌ ജിബ്രീല്‍ കേള്‍പിച്ചത്‌ ``മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക എന്ന്‌ തുടങ്ങുന്ന സൂക്തങ്ങളായിരുന്നു.

ലിപിയും സാക്ഷരതയും അത്യാവശ്യമില്ലാത്ത വായനയാണ്‌ അതിലൂടെ നിര്‍ദേശിക്കപ്പെട്ടത്‌. എഴുതി സൂക്ഷിച്ചില്ലെങ്കിലും മറന്നുപോകാത്തവിധം ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഹമ്മദ്‌ നബി(സ)യുടെ മനസ്സില്‍ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തി. അദ്ദേഹം അത്‌ അനുചരന്മാരെ കേള്‍പിച്ചു. ലിഖിതം വായിച്ചു കേള്‍പിക്കലല്ല; മനസ്സിലെ രേഖയില്‍ നിന്ന്‌ ഉദ്ധരിച്ചു കേള്‍പിക്കല്‍. അനുചരന്മാരില്‍ ധാരാളം പേരും ആ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കി ആവര്‍ത്തിത പാരായണത്തിലൂടെ ഓര്‍മ പുതുക്കിക്കൊണ്ടിരുന്നു. ആ പ്രക്രിയ യുഗാന്തരങ്ങളിലൂടെ തുടര്‍ന്നു. ഇന്ന്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ദശലക്ഷക്കണക്കില്‍ ആളുകളാണുള്ളത്‌. മറ്റു ചില വേദഗ്രന്ഥങ്ങളുടെ ലക്ഷക്കണക്കിലോ കോടിക്കണക്കിലോ പ്രതികള്‍ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇക്കാലത്ത്‌ ദശലക്ഷങ്ങളുടെ ഓര്‍മയില്‍ പൂര്‍ണമായി സൂക്ഷിക്കപ്പെടുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആനാകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ അനുചരന്മാരും ഖുര്‍ആന്‍ സൂക്തങ്ങള്‍ ചുണ്ടിലും മനസ്സിലുമായി മാത്രം നിലനിര്‍ത്തുകയല്ല ചെയ്‌തത്‌. അവരുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം അവര്‍ ദൈവിക സൂക്തങ്ങള്‍ക്ക്‌ അനുരൂപമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്‌തു. വിശുദ്ധ ഖുര്‍ആനില്‍ ശരിയായ വിശ്വാസമെന്ന്‌ വ്യക്തമാക്കിയത്‌ അവര്‍ ദൃഢബോധ്യത്തോടെ അംഗീകരിച്ചു. തെറ്റായ വിശ്വാസമെന്ന നിലയില്‍ വിമര്‍ശിച്ചതൊക്കെ അവര്‍ നിരാകരിച്ചു. തങ്ങളുടെ വിശ്വാസവും ആദര്‍ശവും ഖുര്‍ആനിന്‌ വിരുദ്ധമാകരുതെന്ന്‌ അവര്‍ തികച്ചും നിഷ്‌കര്‍ഷിച്ചു. ഖുര്‍ആനില്‍ കല്‍പിച്ച കര്‍മങ്ങളും അനുഷ്‌ഠാനങ്ങളും അവര്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചു. നിരോധിച്ച ദുര്‍വൃത്തികളും ദുശ്ശീലങ്ങളും അവര്‍ വര്‍ജിച്ചു. ജീവിതവ്യവഹാരങ്ങളിലും സ്വഭാവസമീപനങ്ങളിലും അവര്‍ ഖുര്‍ആനിക വിധിവിലക്കുകള്‍ പാലിച്ചു. ഖുര്‍ആനികമാര്‍ഗദര്‍ശനം പരമാവധി ആളുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി അവര്‍ സത്യപ്രബോധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതോടെ ആ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്നനുസൃതമായി നബി (സ)യും അനുചരന്മാരും ജീവിതം പരിവര്‍ത്തിപ്പിച്ചുകഴിഞ്ഞിരുന്നു.ഖുര്‍ആനിലെ അധ്യാപനങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചുകൊണ്ടുള്ള നയനിലപാടുകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എങ്ങനെ ചിന്തിക്കണം, എന്തു പറയണം, ഏത്‌ രീതിയില്‍ പ്രവര്‍ത്തിക്കണം എന്നൊക്കെ –അവര്‍ തീരുമാനിച്ചിരുന്നത്‌ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലായിരുന്നു. ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂക്തങ്ങളും രണ്ട്‌ ചട്ടകള്‍ക്കുള്ളില്‍ ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുന്നതിനു മുമ്പ്‌ തന്നെ ഖുര്‍ആനിന്റെ മൊത്തം ഉള്ളടക്കം അവരുടെ ജീവിത പ്രമാണമായി കഴിഞ്ഞിരുന്നു.

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പ്‌ അറബിയിലും ഇതര ഭാഷകളിലും ഗ്രന്ഥങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ ഒട്ടൊക്കെ പ്രശസ്‌തമായിരുന്നു. ചിലത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഖുര്‍ആനിനുശേഷം എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക പോലും പ്രയാസമായിരിക്കും. എന്നാല്‍ ഖുര്‍ആന്‍ പോലെ ജനകോടികള്‍ പാരായണം ചെയ്യുകയും ഹൃദിസ്ഥമാക്കുകയും അനുധാവനം ചെയ്യുകയും ചെയ്‌ത മറ്റൊരു ഗ്രന്ഥവും മാനവരാശിയുടെ മുമ്പിലില്ല. രാമായണം പോലെ ചില ഗ്രന്ഥങ്ങള്‍ ഒട്ടേറെ ആളുകള്‍ പാരായണം ചെയ്യാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കം പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തുകയോ അതില്‍ നിന്ന്‌ ഒട്ടും വ്യതിചലിക്കാതിരിക്കാന്‍ നിഷ്‌കര്‍ഷിക്കുകയോ ചെയ്യുന്ന ആരുമുണ്ടാവില്ല. ബൈബിള്‍ ജനകോടികള്‍ വായിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷവും അതിന്റെ അടിസ്ഥാനത്തിലല്ല, പുരോഹിത നിര്‍ദേശപ്രകാരമാണ്‌ ജീവിക്കുന്നത്‌. ദൈനംദിന ജീവിതം ബൈബിളിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്ന നിഷ്‌ഠയുള്ളവര്‍ ഇപ്പോള്‍ ക്രൈസ്‌തവര്‍ക്കിടയില്‍ ഉണ്ടോ എന്നുപോലും സംശയമാണ്‌. ലോകപ്രശസ്‌തമായ സാഹിത്യകൃതികള്‍ ഒട്ടേറെയുണ്ടെങ്കിലും അവ വായിച്ച്‌ ആസ്വദിക്കുക എന്നല്ലാതെ അവയുടെ ഉള്ളടക്കം ജീവിതത്തില്‍ പകര്‍ത്തുക എന്നൊരു സമ്പ്രദായമേ നിലവിലില്ല.

ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചു വളര്‍ത്തിയ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കാനുള്ള ആഹ്വാനത്തോടെ അവതരണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ മനുഷ്യചരിത്രത്തെ പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ഉല്‍ഭവത്തെയും വികാസത്തെയും ഭാഗധേയത്തെയും സംബന്ധിച്ച്‌ മൌലികമായി ചിന്തിക്കാനും വമ്പിച്ച സാംസ്‌കാരിക സാമൂഹ്യ മാറ്റങ്ങള്‍ക്ക്‌ സാരഥ്യം വഹിക്കാനും ഖുര്‍ആന്‍ അനേകം പേര്‍ക്ക്‌ പ്രചോദനമേകിയിട്ടുണ്ട്‌. അനേകം ഭൌതിക പ്രതിഭാസങ്ങളെ സംബന്ധിച്ച്‌ ചിന്തിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്വാനം ആയിരക്കണക്കിലാളുകള്‍ക്ക്‌ വ്യത്യസ്‌ത വിജ്ഞാന ശാഖകളില്‍ ഗവേഷണപഠനങ്ങള്‍ നടത്താന്‍ പ്രേരകമായിട്ടുണ്ട്‌.

ഭൌതികപ്രമത്തമായ പാശ്ചാത്യ നാഗരികത ലോകരെയാകെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ദൈവവിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും പേരില്‍ പ്രതിരോധമേര്‍പ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആനല്ലാത്ത മറ്റൊരു ഗ്രന്ഥവും പ്രചോദനമേകുന്നില്ല എന്ന യാഥാര്‍ഥ്യം നാം അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്‌. ലൈംഗികത ഉള്‍പ്പെടെ എന്തിനെയും കമ്പോളവത്‌കരിക്കാനും സകല സദാചാര വിരുദ്ധ പ്രവണതകളെയും ന്യായീകരിക്കാനും കുല്‍സിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ രാമായണത്തിന്റെയോ ബൈബിളിന്റെയോ വക്താക്കള്‍ കാര്യമായ പ്രതിരോധമൊന്നും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ വര്‍ത്തമാനകാല യാഥാര്‍ഥ്യം. എന്നാല്‍ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന മുസ്ലിംകള്‍ ഒരിക്കലും സദാചാര ധ്വംസനത്തോട്‌ രാജിയാവുകയില്ല. മതമൌലിക വാദികളെന്നോ തീവ്രവാദികളെന്നോ മുദ്രയടിക്കപ്പെട്ടാലും ഖുര്‍ആനിനോട്‌ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ തിന്മകള്‍ക്കെതിരില്‍ പ്രതിരോധം തുടരുക തന്നെചെയ്യും.

എയ്‌ഡ്‌സ്‌ വ്യാപിച്ചുതുടങ്ങിയപ്പോള്‍ പലരും വിചാരിച്ചത്‌ ആധുനികലോകത്തിന്റെ ആരോഗ്യ അവബോധം മനുഷ്യരെ വ്യഭിചാരത്തില്‍ നിന്നും പ്രകൃതിവിരുദ്ധ രതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഒരളവോളം പര്യാപ്‌തമാകുമെന്നായിരുന്നു. എന്നാല്‍ ഇപ്പോഴിതാ എയ്‌ഡ്‌സ്‌ രോഗികളുടെ പുനരധിവാസത്തിന്റെ പേരുപറഞ്ഞ്‌ സ്വവര്‍ഗാനുരാഗത്തെ നിയമവിധേയമാക്കാന്‍ നിയമജ്ഞരും രാഷ്‌ട്രീയക്കാരും ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധരതിയെ ന്യായീകരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും ഇതിനുനേരെ മൌനമവലംബിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഖുര്‍ആനില്‍ പൂര്‍ണമായി വിശ്വസിക്കുന്നവരെല്ലാം ധാര്‍മികതയുടെ പക്ഷത്ത്‌ ഉറച്ചുനില്‍ക്കുന്നു. മറ്റു യാതൊരു ന്യായപ്രമാണവും ഇത്തരമൊരു ധാര്‍മിക പ്രതിബദ്ധതയ്ക്ക്‌ നിദാനമാകുന്നില്ല.

മുസ്ലിം സാധാരണക്കാരില്‍ പലരും അര്‍ഥബോധമില്ലാതെ ഖുര്‍ആന്‍ ഓതുകയാണ്‌ ചെയ്യുന്നത്‌. ഈ ഓത്തിനും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും വിശുദ്ധ ഖുര്‍ആനിലെ മാര്‍ഗദര്‍ശനം കൊണ്ട്‌ ജീവിതം പ്രദീപ്‌തവും സംശുദ്ധവുമാകാന്‍ ആ പാരയണം മതിയാവുകയില്ല. യാതൊരു വളവുമില്ലാത്ത ജീവിതപാതയിലേക്ക്‌ വെളിച്ചം വീശാന്‍ അല്ലാഹു അവതരിപ്പിച്ച അന്തിമവേദം കൊണ്ട്‌ പൂര്‍ണമായ പ്രയോജനം ലഭിക്കണമെങ്കില്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങളെ അനുധാവനം ചെയ്യാന്‍ പ്രചോദനമേകും വിധം അര്‍ഥബോധത്തോടെയുള്ള പാരായണവും പഠനവും തന്നെ വേണം. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം ആരംഭിച്ച റമദാന്‍ മാസത്തില്‍ അത്‌ പഠിക്കാനും കഴിവിന്റെ പരമാവധി അതിന്റെ ഉള്ളടക്കത്തോട്‌ നീതി പുലര്‍ത്തിക്കൊണ്ട്‌ ജീവിക്കാനും ശ്രമിക്കേണ്ടതുണ്ട്‌. ഓരോ ദിവസവും ഏതാനും സൂക്തങ്ങളെങ്കിലും അര്‍ഥസഹിതം പഠിക്കാന്‍ മിക്കവര്‍ക്കും പ്രയാസമുണ്ടാവില്ല.

by ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി from hameedmadani.blogspot.com