സംതൃപ്‌തനാകൂ,ടെന്‍ഷനകലും

ബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌ ഒരു സംഭവം ഓര്‍ക്കുന്നു: അബൂബക്കര്‍ സിദ്ദീഖും ഉമറും റസൂലും(സ) ഒരിക്കല്‍ ഒത്തുകൂടി. കഠിന വിശപ്പ്‌ സഹിക്കാതെയാണ്‌ മൂവരും കണ്ടുമുട്ടിയത്‌. വിശപ്പിന്‌ പരിഹാരം കാണാന്‍ മൂന്നുപേരും നേരെ പോയത്‌ അബൂഅയ്യൂബല്‍ അന്‍സ്വാരിയുടെ വീട്ടിലേക്ക്‌. അദ്ദേഹം എന്നും എന്തെങ്കിലും ആഹാരം നബിക്കു വേണ്ടി കരുതിവെക്കാറുണ്ട്‌. വളരെ വൈകി നബിയെ കാണാതെ വന്നാല്‍ മാത്രം അബൂഅയ്യൂബും കുടുംബവും ആ ഭക്ഷണം കഴിക്കും.

വീട്ടുവാതില്‍ക്കലെത്തിയ നബിയെയും കൂട്ടുകാരെയും സ്വീകരിച്ച്‌ ഉമ്മുഅയ്യൂബ്‌:

``തിരുദൂതര്‍ക്കും കുട്ടുകാര്‍ക്കും സ്വാഗതം.''

``അബൂഅയ്യൂബ്‌ എവിടെപ്പോയി?''

കുറച്ചപ്പുറത്ത്‌ ഈത്തപ്പനത്തോട്ടത്തില്‍ ജോലിയിലായിരുന്ന അബൂഅയ്യൂബ്‌ നബിയുടെ ശബ്‌ദംകേട്ട്‌ ഓടിവന്നു: ``തിരുദൂതര്‍ക്കും കൂട്ടുകാര്‍ക്കും സ്വാഗതം. റസൂലേ, അങ്ങ്‌ സാധാരണ വരുന്ന സമയമല്ലല്ലോ ഇത്‌.''

``നേരാണ്‌ നിങ്ങള്‍ പറഞ്ഞത്‌.''

അബൂഅയ്യൂബ്‌ തോട്ടത്തിലേക്ക്‌ ഓടിപ്പോയി പഴുത്തതും പഴുക്കാത്തതുമായ ഈന്തപ്പഴക്കുലകള്‍ വെട്ടിക്കൊണ്ടുവന്നു.

``നിങ്ങള്‍ ഇത്‌ അറുത്തുകൊണ്ടുവരുമെന്ന്‌ ഞാന്‍ കരുതിയിരുന്നില്ല. ഇത്‌ വേണ്ടായിരുന്നു. ആ പഴുക്കാത്ത ഈന്തപ്പഴമെങ്കിലും ഒഴിവാക്കാമായിരുന്നു.''

``റസൂലേ, അങ്ങ്‌ ഇത്‌ മുഴുവന്‍ കഴിക്കണമെന്നാണ്‌ എന്റെ ആഗ്രഹം. നമുക്ക്‌ ഒരാടിനെ അറുക്കുകയും ചെയ്യാം.''

``കറവയുള്ളതിനെ അറുക്കേണ്ട'' -നബി പറഞ്ഞു.

അബൂഅയ്യൂബ്‌ ഒരു ആട്ടിന്‍ കുട്ടിയെ അറുത്തു. ഭാര്യയോട്‌:``നീ ആ മാവെടുത്ത്‌ കുഴക്ക്‌. നല്ല പതമുള്ള റൊട്ടി ചുട്‌.''

ആടിന്റെ പകുതിയെടുത്ത്‌ കറിയുണ്ടാക്കിയ അബൂഅയ്യൂബ്‌ പകുതി കനലില്‍ വേവിച്ചെടുത്തു. ഭക്ഷണത്തളിക റസൂലിന്റെയും കൂട്ടുകാരുടെയും മുന്നില്‍ കൊണ്ടുവെച്ചു. നബി അതില്‍ നിന്ന്‌ ഒരു ഇറച്ചിക്കഷ്‌ ണവും കറിയുമെടുത്ത്‌ റൊട്ടിയിലിട്ട്‌ അബൂഅയ്യൂബിന്‌ നല്‍കി.

``അബൂഅയ്യൂബ്‌, ഇത്‌ എന്റെ ഫാത്തിമക്ക്‌ എത്തിക്കണം. കഴിഞ്ഞ കുറെ മാസമായി ഇതുപോലൊരു ഭക്ഷണം അവള്‍ കണ്ടിട്ടും കഴിച്ചിട്ടും.''

ആഹാരം കഴിച്ച്‌ സംതൃപ്‌തിയോടെ നബി: ``അല്ലാഹുവാണേ, നാളെ ഖിയാമത്‌ നാളില്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന മഹത്തായ അനുഗ്രഹമാണ്‌ ഇത്‌. ഞങ്ങള്‍ക്ക്‌ ആഹാരം നല്‍കി അനുഗ്രഹമേകിയ അല്ലാഹുവിന്‌ സ്‌തുതി.''

* * *
ജീവിതത്തെ സംബന്ധിച്ച അകാരണ ഭയങ്ങള്‍ വര്‍ധിച്ച കാലമാണിത്‌. സംഭവിച്ച കാര്യങ്ങളില്‍ സങ്കടപ്പെട്ടും സംഭവിക്കാനുള്ളതില്‍ ഭയപ്പെട്ടും ആശങ്കാഭരിതമായ അവസ്ഥയാണ്‌ മിക്കവര്‍ക്കും. സത്യവിശ്വാസികള്‍ക്ക്‌ ഇത്തരം ഒരവസ്ഥ ഉണ്ടാകില്ലെന്ന്‌ ഖുര്‍ആന്‍ പതിമൂന്ന്‌ തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌്‌. സ്വര്‍ഗീയമായ ഒരവസ്ഥയാണിതെന്ന്‌ ഖുര്‍ആന്‍ പറയുന്നു.

സുഖസമൃദ്ധമായിരുന്നു പ്രവാചകതിരുമേനിയുടെയും അനുചരരുടെയും ജീവിതം. ഭൗതിക അര്‍ഥത്തില്‍ പട്ടിണിയായിരുന്നെങ്കിലും പ്രസന്നമായൊരു മനസ്സ്‌ അവര്‍ക്ക്‌ കൈവന്നിരുന്നു. ഐശ്വര്യസമൃദ്ധമായ മനസ്സായിരുന്നു അവരുടെ സമ്പത്തും കരുത്തും. ജീവിതത്തെയും ജീവിതവിഭവങ്ങളെയും സംബന്ധിച്ച സമീപനം അവര്‍ക്ക്‌ ഹൃദയസുഖം പകര്‍ന്നു. സകലസമൃദ്ധിയും സമ്പന്ന സുഖവും അനുഭവിക്കുമ്പോഴും നമുക്ക്‌ ആ ഹൃദയസുഖമല്ലേ നഷ്‌ടപ്പെട്ടത്‌?

ആര്‍ത്തിയും ആഡംബരവുമാണ്‌ ആധുനിക മനുഷ്യന്റെ നാശഹേതുക്കള്‍. കടം പെരുകിയപ്പോള്‍ സങ്കടവും പെരുകി. ആര്‍ത്തി കാരണമാണ്‌ കടം പെരുകിയത്‌. ധൂര്‍ത്തും ആസ്വാദനങ്ങളും നിറവേറ്റാന്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടി വരുമാനത്തില്‍ കവിഞ്ഞ മോഹങ്ങള്‍ ജീവിതത്തെ നശിപ്പിക്കുക മാത്രമല്ല ടെന്‍ഷന്‍ തീരാത്തൊരു മനസ്സും ബാക്കിയാക്കി! മറ്റാര്‍ക്കോ ഒപ്പിച്ചാണ്‌ മിക്കവരുടെയും ജീവിതം. അയല്‍പക്കത്തിനൊപ്പിച്ച്‌, കൂട്ടുകാര്‍ക്കൊപ്പിച്ച്‌, ബന്ധുക്കള്‍ക്കൊപ്പിച്ച്‌... നാം നമുക്കൊപ്പിച്ച്‌ ജീവിക്കുമ്പോള്‍ കാര്യങ്ങള്‍ ശാന്തമാവും.

ഒരു പണക്കാരന്‍ ഇബ്‌റാഹീമുബ്‌നു അദ്‌ഹമിന്‌ ആയിരം സ്വര്‍ണനാണയം കൊടുത്തു. പക്ഷേ അദ്ദേഹമത്‌ സ്വീകരിച്ചില്ല.

``ആവശ്യക്കാരുടെ ദാനം ഞാന്‍ സ്വീകരിക്കാറില്ല'' -അദ്ദേഹം പറഞ്ഞു.

``ഞാന്‍ ആവശ്യക്കാരനാണ്‌, സമ്പന്നനാണ്‌''.

``കൂടുതല്‍ സമ്പത്ത്‌ കിട്ടാന്‍ താങ്കള്‍ ആഗ്രഹിക്കാറില്ലേ?''

``അതെ, കൂടുതല്‍ സമ്പാദ്യത്തിന്‌ ഞാന്‍ മോഹിക്കാറുണ്ട്‌''.

ഇബ്‌നു അദ്‌ഹം പറഞ്ഞു: ``എങ്കില്‍ എന്നെക്കാള്‍ ആവശ്യക്കാരന്‍ താങ്കളാണ്‌. ഞാന്‍ എന്റെ നിലവിലുള്ള അവസ്ഥയില്‍ പൂര്‍ണ സംതൃപ്‌തനാണ്‌. കൂടുതലായി ഒന്നും ആഗ്രഹിക്കാറില്ല!'' l

by PMA Gafoor @ ശബാബ് വാരിക