ബിദ്അതുകള്‍ക്കെതിരെ ജാഗ്രത

ഒരു മുസ്ലിം ശിര്‍ക്ക് കഴിഞ്ഞാല്‍ സാമൂഹ്യമായ നിലയില്‍ ചെയ്യുന്ന ഏറ്റവും വലിയ തിന്മ മാതാപിതാക്കളെ ദ്രോഹിക്കുക എന്നതാണ്. അള്ളാഹു പറയുന്നു :
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോടു യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക." [നിസാഅ' 36]

ഇതേ ആശയം വിശുദ്ധ ഖുര്‍ആനിലെ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് കഴിഞ്ഞാല്‍ ഒരു മുസ്ലിം വ്യക്തിപരമായി ചെയ്യുന്ന ഏറ്റവും വലിയ തിന്മ ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ദീന്‍ പൂര്‍ത്തീകരിച്ചു തന്നതിനുശേഷമാണ് നബി (സ) നമ്മോടു വിടപറഞ്ഞത്. അതിനുശേഷം അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത കാര്യങ്ങള്‍ ദീനില്‍ പുതുതായി ഉണ്ടാക്കി ആചരിക്കുകയെന്നത് അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും വഞ്ചിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെയാണ് ബിദ്അതുകള്‍ക്കു തക്കതായ ശിക്ഷ പരലോകത്ത് വെച്ച് നല്‍കുമെന്ന് അള്ളാഹു താക്കീത് നല്‍കിയത്.

"അന്നേ ദിവസം ചില മുഖങ്ങള്‍ ഭയപ്പെട്ടു കീഴ്പ്പോട്ടു താഴ്ന്നവയായിരിക്കും. അധ്വാനിച്ചു ക്ഷീണിച്ചവയുമായിരിക്കും. അതികഠിനമായ ചൂടുള്ള അഗ്നിയില്‍ അവര്‍ പ്രവേശിക്കുന്നതാണ്‌." [ഗാശിയ 2 ,3 ,4]

ബിദ്അത്തുകാര്‍ മതാനുഷ്ടാനങ്ങള്‍ക്കായി അധ്വാനം ചെലവഴിച്ചവരാണ്. കഷ്ട്ടപ്പെട്ടവരുമാണ്. ദീനില്‍ സാധുതയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ താല്പര്യപൂര്‍വ്വം അടിസ്ഥാനമില്ലാതവ (ബിദ്അത്തുകള്‍) പ്രവര്‍ത്തിക്കും. റാതീബുകളും ദിക്റുകളും മറ്റും ആലപിക്കുമ്പോഴുണ്ടാകുന്ന നാട്ട്യങ്ങളും 'ഭക്തിയും' ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. പക്ഷെ, അവരുടെ പതനം കത്തിജ്വലിക്കുന്ന നരകമാകുന്നു എന്നാണു അള്ളാഹു അരുളിയത്. ഇത്തരം ബിദ്അതുകള്‍ക്ക് അള്ളാഹു വിചാരണാ വേളയില്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

അള്ളാഹു അരുളി : "അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും." [ഫുര്‍ഖാന്‍ 23]

ദീനില്‍ പ്രവാചകന്‍റെ മാതൃകയില്ലാത്ത കര്‍മ്മങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും തെറ്റാണെന്നും അത്തരക്കാരുടെ സല്‍ക്കര്‍മ്മങ്ങള്‍ പോലും അള്ളാഹു അന്ത്യദിനത്തില്‍ സ്വീകരിക്കുന്നതല്ലെന്നും പൂര്‍വിക പണ്ഡിതന്മാര്‍ സലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റബോധമില്ലാതെ മനപ്പൂര്‍വ്വം ശിര്‍ക്ക് ചെയ്തു മരണപ്പെട്ടുപോയവരുടെ സല്‍ക്കര്‍മ്മങ്ങള്‍ അള്ളാഹു സ്വീകരിക്കാത്തതുപോലെ ബോധപൂര്‍വ്വം ബിദ്അത്ത് ചെയ്യുന്നവരുടെ സല്ക്കര്‍മ്മങ്ങളും അള്ളാഹു സ്വീകരിക്കുന്നതല്ല.

ഇമാം മാലിക് (റ) രേഖപ്പെടുത്തുന്നു : "ആരെങ്കിലും ഇസ്ലാമില്‍ ഒരു അനാചാരം നിര്‍മ്മിച്ച്‌ അത് നല്ല ആചാരമാണെന്നു പറയുന്നപക്ഷം നബി (സ) അദ്ധേഹത്തിന്റെ പ്രബോധനത്തില്‍ വഞ്ചന കാണിച്ചു എന്ന് വാദിക്കുകയാണ് ചെയ്യുന്നത്. കാരണം അള്ളാഹു അരുളി : 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.' അതിനാല്‍ അന്ന് (നബിയുടെ കാലത്ത്) മതമല്ലാത്ത കാര്യങ്ങള്‍ ഒന്നും ഇന്നും മതമായിത്തീരുന്നതല്ല."

യാഥാസ്ഥിതികരില്‍ പലരും നല്ലതാണെന്ന് ജല്‍പ്പിച്ചുകൊണ്ടാണ് അനാചാരങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നത്. നബി (സ) പഠിപ്പിച്ചത് എല്ലാ ബിദ്അതുകളും വഴികെടാണെന്നും അവയെല്ലാം നരകത്തിലെക്കാണെന്നുമാണ്. അതവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. നല്ല അനാചാരങ്ങള്‍ നിര്‍മ്മിച്ചുണ്ടാകാം എന്നാണവരുടെ വാദം! ഇബ്നു ഉമര്‍ (റ) പറയുന്നു : "എല്ലാ അനാചാരങ്ങളും വഴികേടാണ്‌. ജനങ്ങള്‍ അത് നല്ലതാണെന്ന് കണ്ടാലും ശരി." [ബൈഹഖി]

മാലികി മദ്ഹബിലെ പണ്ഡിതന്‍ ഇമാം ശാത്വബി രേഖപ്പെടുത്തുന്നു : "ഔസാഈ (റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; ചില പണ്ഡിതന്മാര്‍ പ്രസ്ഥാപിക്കാരുണ്ടായിരുന്നു : ബിദ്അതുകാരനില്‍ നിന്നും അവന്റെ നമസ്കാരമോ നോമ്പോ ദാനമോ ഹജ്ജോ ഉംറയോ അള്ളാഹു സ്വീകരിക്കുന്നതല്ല." [അല്‍ ഇഅ'തിസാം 1 :142]

അദ്ദേഹം വീണ്ടും പറയുന്നു : ഹിശാമിബ്നു ഹസ്സാന്‍ (റ) പ്രസ്താവിച്ചിരിക്കുന്നു : ബിദ്അതുകാരനില്‍ നിന്നും അവന്‍റെ നമസ്കാരമോ നോമ്പോ ഹജ്ജോ ധര്‍മസമരമോ ഉംറയോ സ്വദഖയോ അള്ളാഹു സ്വീകരിക്കുന്നതല്ല. [അല്‍ ഇഅ'തിസാം 1 :143]

ഇമാം നവവിയുടെ ഗുരുവായ അബൂശാമ രേഖപ്പെടുത്തുന്നു : "ഹിഷാം (റ) ഹസന്‍ (റ)ല്‍ നിന്നും ഉദ്ധരിക്കുന്നു : ബിദ്അതുകാരന്‍ അത് ഒഴിവാക്കുന്നത് വരെ അവന്‍റെ നോമ്പോ ഹജ്ജോ നമസ്കാരമോ ഉംറയോ അള്ളാഹു സ്വീകരിക്കുന്നതല്ല. [കിതാബുല്‍ ബാഇസ് പേജ് 73]
അദ്ദേഹം തുടരുന്നു : "വല്ലവനും ഒരു ബിദ്അതുകാരനെ ആദരിക്കുന്നപക്ഷം നിശ്ചയം അവന്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ സഹായം നല്‍കി." [(ത്വബ്രാനി) കിതാബുല്‍ ബാഇസ് പേജ് 74]

by പി കെ മൊയ്തീന്‍ സുല്ലമി @ ശബാബ്