സാഹോദര്യവും സമത്വബോധവും

ഇസ്ലാമിക ദൃഷ്ട്ട്യാ മനുഷ്യരെല്ലാം സമന്മാരാണ്. അവരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ധര്‍മ ബോധത്തോടെ ജീവിക്കുന്നവര്‍ക്കാണു അല്ലാഹുവിങ്കല്‍ ശ്രേഷ്ട്ടതയുള്ളത്. അന്യോന്യം അറിയേണ്ടതിനാണ് മനുഷ്യരെ വിവിധ ഗോത്രങ്ങളും സമുദായങ്ങളുമാക്കിയത്. (ഹുജുറാത് 13) മനുഷ്യരില്‍ പലരെയും പല പദവികളിലാക്കിയിട്ടുള്ളതും അവര്‍ക്കിടയില്‍ സമത്വചിന്തയും സാഹോദര്യവും സാമൂഹികബോധവും നില നിര്‍ത്തുന്നതിനാണ്. "നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗ്ഗം പങ്കുവച്ച് കൊടുത്തത്.അവരില്‍ ചിലരെ ചിലര്‍ക്ക് ആശ്രിതരാക്കി വെക്കത്തക്കവിധം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍ ഉത്തമം." (സുഖ്രുഫ് 32) മനുഷ്യര്‍ക്കിടയില്‍ രക്തബന്ധവും വിവാഹബന്ധവും നിലനിര്‍ത്തിയതും അല്ലാഹുവാണ്. ബന്ധങ്ങള്‍ അവരെ സാഹോദര്യവും സാമൂഹികബോധവും പഠിപ്പിക്കുന്നു. "അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്നും മനുഷ്യനെ സൃഷ്ട്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു." (ഫുര്‍ഖാന്‍ 54)

നീതിയും പരോപകാരവുമാണ് അല്ലാഹു മനുഷ്യരില്‍ നിന്നും തേടുന്നത്. നീചവും അനാശാസ്യവുമായ കാര്യങ്ങള്‍ വിലക്കിയിരിക്കുന്നു; എല്ലാം മനുഷ്യരുടെ ഗുണത്തിനു വേണ്ടി. എല്ലാ നന്മകളെയും വിശുധമായും എല്ലാ തിന്മകളെയും നിഷിധമായും ഇസ്ലാം പ്രഖ്യാപിക്കുന്നു. "തീര്‍ച്ചയായും അല്ലാഹു കല്‍പ്പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യാനും കുടുംബബന്ധമുള്ളവര്‍ക്കു സഹായം ചെയ്യാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു." (നഹ്ല്‍ 90). മനുഷ്യ സൌഹാര്‍ദവും പരസ്പരമുള്ള സാഹോദര്യവും ഇസ്ലാമിന്‍റെ മൌലികപാഠങ്ങളില്‍ പെട്ടതാണ്.സാഹോദര്യവും സുഹൃദ്ബന്ധവും അത്യുദാത്തമായാണ് ഇസ്‌ലാം കാണുന്നത്. "തീര്‍ച്ചയായും കൂട്ടുകാരില്‍ പലരും അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍ക്കര്‍മ്മം ചെയ്യുന്നവരുമൊഴികെ." (സ്വാദ് 24) നബി (സ) പറഞ്ഞു: "സത്യവിശ്വാസി ഇണങ്ങിക്കഴിയുന്നവനാണ്. ഇണങ്ങിച്ചേരാത്തവനില്‍ നന്മ ഇല്ല." (അഹമദ്)

മനുഷ്യന്‍ കൂട്ടുകാരന്‍റെ ആദര്‍ശത്തിലായിരിക്കുമെന്നും അതിനാല്‍ ആരെ സ്നേഹിതനാക്കണമെന്നു ഓരോരുത്തരും ആലോചിച്ചു തീരുമാനിക്കണമെന്നും നബി (സ) ഉദ്ബോധിപ്പിച്ചു. (തുര്‍മുദി, അബൂദാവൂദ്) നബി (സ) പറഞ്ഞു : "നിങ്ങള്‍ ഓരോരുത്തരും തന്‍റെ കൂട്ടുകാരന്‍റെ കണ്ണാടിയാണ്. കണ്ണാടിയാണ്. കൂട്ടുകാരനില്‍ ഹിതകരമല്ലാത്തത് കണ്ടാല്‍ അത് ദുരീകരിക്കട്ടെ." (തുര്‍മുദി) സഹോദരന്‍റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പുണ്ണ്യകരമാണ്; സത്യവിശ്വാസത്തിന്‍റെ താല്‍പര്യവും. നബി (സ) പറഞ്ഞു : "ആരെങ്കിലും തന്‍റെ സഹോദരന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ അവന്‍റെ ആവശ്യങ്ങള്‍ അല്ലാഹു നിര്‍വഹിക്കും." (മുസ്‌ലിം) തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കലും പുണ്ണ്യകര്‍മ്മത്തിന് പ്രേരിപ്പിക്കലുമാണ് സാഹോദര്യത്തിന്‍റെ മൂല്യമെന്ന് നബി (സ) പഠിപ്പിച്ചു. "നിന്‍റെ സഹോദരനെ അയാള്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവന്‍ ആണെങ്കിലും സഹായിക്കുക." അക്രമിയെ എങ്ങനെയാണ് സഹായിക്കുക എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം (സ) പറഞ്ഞു : “അക്രമത്തില്‍ നിന്നും അവനെ തടയുക, അതാണ്‌ അവനോടുള്ള സഹായം." (ബുഖാരി, മുസ്‌ലിം)

തനിക്കു വേണ്ടി ആഗ്രഹിക്കുന്നത് തന്‍റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കാവുന്നിടത്തോളം ഹൃദയ വിശാലതയുണ്ടാവുമ്പോഴാനു മനുഷ്യത്വത്തിന്‍റെയും സത്യവിശ്വാസത്തിന്‍റെയും പൂര്‍ണ്ണതയിലെത്തുന്നത്. നബി (സ) പറഞ്ഞു : "തനിക്കു ഇഷ്ട്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ട്ടപ്പെടുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല." (ബുഖാരി, മുസ്‌ലിം) ഒരാള്‍ മറ്റൊരാളുമായി പ്രത്യേക സാഹോദര്യം സ്ഥാപിക്കുന്നത് അയാളുടെ പേരും പിതാവിന്‍റെ പേരും കുടുംബവും നാടുമൊക്കെ അറിഞ്ഞശേഷമാവണമെന്ന് നബി (സ) പഠിപ്പിച്ചു. സ്നേഹബന്ധം കൂടുതല്‍ ശക്തമാകാന്‍ അത് ഉപകരിക്കും. (തുര്‍മുദി) നബി (സ) പറയുന്നു : "ചിലപ്പോള്‍ നൂറു ഒട്ടകങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്ക് പറ്റിയ ലക്ഷണമൊത്ത ഒരു ഒട്ടകത്തെയും കണ്ടെന്നു വരില്ല. അത് തന്നെയാണ് മനുഷ്യരുടെയും സ്ഥിതി." (ബുഖാരി, മുസ്‌ലിം) കൊള്ളാവുന്ന വ്യക്തികളെ കണ്ടെത്താന്‍ പലപ്പോഴും വിഷമമായിരിക്കും. പ്രത്യേക കൂട്ടുകാരാക്കാന്‍ പറ്റിയവരെ കണ്ടെത്താന്‍ വിഷമമാണെന്നു വെച്ച് ജനസമ്പര്‍ക്കമില്ലാതെയും സാഹോദര്യം സ്ഥാപിക്കാതെയും ഒറ്റപ്പെട്ടുകഴിയുകയല്ല വേണ്ടത്. നബി (സ) പറഞ്ഞു : "ജനങ്ങളുമായി ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളുമായി ഇടപഴകുകയും അവരുടെ പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാത്ത വിശ്വാസിയേക്കാള്‍ ഉത്തമം." (അഹമദ്) അവിടുന്ന് (സ) ഉപദേശിച്ചു : "നിങ്ങള്‍ ഊഹങ്ങള്‍ വെടിയുക. ആരുടേയും രഹസ്യജീവിതം അന്വേഷിച്ചു നടക്കരുത്. ചാരവൃത്തിയില്‍ ഏര്‍പ്പെടരുത്. വഴക്കടിക്കരുത്. അസൂയാലുക്കളാവരുത്. അന്യോന്യം വിദ്വേഷം വെക്കരുത്. പരസ്പരം വൈമുഖ്യം കാണിക്കരുത്. തമ്മില്‍ മത്സരിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങള്‍ സഹോദരന്മാരായിത്തീരുക." (ബുഖാരി, മുസ്‌ലിം) സ്നേഹവും സഹായമനസ്കതയുമാണ്‌ സാഹോദര്യത്തിന്റെ അടിസ്ഥാനങ്ങള്‍ . നബി (സ) പറഞ്ഞു : "ഒരാള്‍ തന്‍റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കില്‍ അത് അയാളെ അറിയിക്കുക." (അബൂദാവൂദ്, തുര്‍മുദി) സദുദേഷ്യത്തോടെ മുസ്ലിമിനെയും അമുസ്ലിമിനെയും ഇതര ജീവജാലങ്ങളെയും സഹായിക്കുന്നത് പുണ്ണ്യകര്‍മ്മമായി ഇസ്ലാം പഠിപ്പിക്കുന്നു.

by കെ എം തരിയോട് @ ഇസ്ലാമിലെ പെരുമാറ്റ മര്യാദകള്‍ from യുവത ബുക്സ്