മനമറിഞ്ഞു പെരുമാറുക

ഏറെ സൂക്ഷ്മത കൈക്കൊള്ളേണ്ടവരാണ് വിശ്വാസികളായ നാം. ഏതൊരു കാര്യത്തിലും സൂക്ഷ്മത നഷ്ട്ടപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ വലുതായിരിക്കും. ദൈവഭയമാണ് സൂക്ഷ്മതക്കു ആധാരം. ഏതു സാഹചര്യത്തിലും നന്മയെ മുന്നില്‍ കണ്ടുകൊണ്ടും തിന്മയെ പ്രതിരോധിച്ചുകൊണ്ടുമുള്ള ജീവിതത്തിനാണ് സൂക്ഷ്മതാജീവിതം എന്ന് പറയുന്നത്. ഏതു രംഗത്തും നാമിത് പരിഗണിക്കണം, പാലിക്കണം.

നമ്മുടെ പ്രവര്‍ത്തനങ്ങളുടെ സിംഹഭാഗവും പ്രബോധന പ്രവര്‍ത്തനമാണല്ലോ. എന്ത് മാത്രം സൂക്ഷ്മത അവിടെ പാലിക്കപ്പെടണം! പ്രബോധിത സമൂഹത്തിനു മനമറിഞ്ഞു പെരുമാറാനുള്ള മാനസികാവസ്ഥ സൃഷ്ട്ടിച്ചെടുക്കലാണ് ഏറ്റവും പ്രധാനം. എന്നാല്‍ ചിലപ്പോഴെങ്കിലും വിപരീതാവസ്ഥ വരാറുണ്ട്. നമ്മുടെ വാക്കുകളുടെ കാഠിന്യത്താല്‍ , പ്രയോഗങ്ങളുടെ സൂക്ഷ്മതക്കുറവിനാല്‍ , വിമര്‍ശനങ്ങളുടെ വിസര്‍ജ്യത്താല്‍ , പരിഹാസങ്ങളുടെ പരിധിലംഘനത്താല്‍ , പക്വത നഷ്ട്ടപ്പെട്ട പ്രയോഗങ്ങളാല്‍ ,ആവേശത്തിന്റെ ആധിക്യത്താല്‍ ഇങ്ങനെ പലതിനാലും.

സാധാരണക്കാരന്റെ നന്മയാണ് നാം ആഗ്രഹിക്കുന്നത്. വഴിപിഴപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ മാര്‍ഗദര്‍ശികളാണ് നാം; അവരുടെ ഗുണകാംക്ഷകരും. ഇത് നമുക്കവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. അവിടെനിന്നാണ് നമ്മുടെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ ആദ്യ വിജയം. വളരെയേറെ സൂക്ഷ്മത അനിവാര്യമായ രംഗങ്ങളാണിതെല്ലാം. ഇവിടെ നാം പരാജയപ്പെട്ടാല്‍ വഴിമുട്ടുന്നത്‌ പ്രബോധന പ്രവര്‍ത്തനങ്ങളഖിലമാണ്.

ഈജിപ്തിലെ ജംഇയ്യത്തു അന്‍സാരിസ്സുന്നയുടെ അധ്യക്ഷന്‍ 'അല്‍ഫുര്‍ഖാന്‍' മാസികക്ക് (1998 നവംബര്‍ ) നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ കാണാം : "അല്ലാഹുവിന്റെ വഴിയിലേക്കുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലെ കാഠിന്യം (ശിദ്ദത്ത്) പ്രതികൂല സ്വാധീനമേ ഉളവാക്കൂ. എന്നാല്‍ സഹാനുഭൂതിയും സൌമനസ്യവും സ്വീകരിക്കുന്നതിലാണ് ഏറെ നന്മയുള്ളത്‌. എന്റെ ചെറുപ്പത്തിലെ അനുഭവം ഇതാണെന്നെ പഠിപ്പിച്ചത്. ഇന്നത്തെ പ്രതിയോഗി നാളത്തെ അനുകൂലിയാവും. ഇന്നത്തെ അനുകൂലി നാളത്തെ പ്രതിയോഗിയും ആയേക്കും. അതിനാല്‍ ഞാന്‍ മനസ്സിലാക്കുന്നു; പ്രതിയോഗികള്‍ക്ക് ആത്മാഭിമാനത്തോടെ കടന്നുവരാനുള്ള സകലവാതിലുകളും അവര്‍ക്ക് മുന്നില്‍ മലക്കെ തുറന്നുവക്കുക. യോജിപ്പിന്റെ എല്ലാ മേഘലകളെയും അംഗീകരിക്കുക. വിയോജിപ്പിന്റെ ചിലതുണ്ടാകാം. അവിടെ വിയോജിപ്പിന്റെ പെരുമാറ്റ മര്യാദകള്‍ കൈക്കൊള്ളണം."

സഹോദരങ്ങളെ, പ്രബോധന പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്ത് നമുക്ക് നല്‍കുന്ന ഉപദേശമാണിത്. ഒരു പ്രബോധകന്‍ പ്രബോധിത സമൂഹത്തെ കയ്യാളുമ്പോള്‍ അവിടെ വിയോജിപ്പിന്റെ പെരുമാറ്റ മര്യാദ പാലിക്കാന്‍ ഏറെ സൂക്ഷ്മത കാണിക്കണം.

by സി എ സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്