ജീലാനി ദിനം

അനാചരണങ്ങളുടെ ആധിക്യംമൂലം അവ ഓര്‍ത്തുവയ്‌ക്കാന്‍ പോലും പ്രയാസമാണിന്ന്‌. 365 ദിവസവും ഏതെങ്കിലും ഒരു ദിനാചരണം കാണും. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ദിനങ്ങളുണ്ട്‌. രാഷ്‌ട്രീയം, ദേശീയം, മതകീയം, സാമൂഹികം എന്നിത്യാദി വര്‍ഗീകരണങ്ങളും ദിനാചരണങ്ങളില്‍ നടത്താവുന്നതാണ്‌. ഏതു തരത്തിലായാലും ജയന്തികളും സമാധികളും അവയില്‍ ഒരു മുഖ്യ ഘടകമാണ്‌. കേവലമൊരു ബര്‍ത്ത്‌ ഡേ അല്ലെങ്കില്‍ ഡെത്ത്‌ ഡേ ആചരിക്കുന്നതില്‍ പ്രസക്തിയില്ലെന്ന തിരിച്ചറിവായിരിക്കാം ഗാന്ധിജി, നെഹ്‌റു പോലുള്ളവരുടെ ജയന്തികള്‍ സേവനദിനം, ശിശുദിനം എന്നിങ്ങനെ ആചരിക്കാന്‍ കാരണം. ചരമദിനങ്ങള്‍ രക്തസാക്ഷി ദിനമെന്നും മറ്റും അറിയപ്പെടുന്നതും ഇക്കാരണത്താല്‍ തന്നെ. വിവിധ മതവിഭാഗങ്ങളുടെ ആചാര്യന്മാരുടെ ജനിമൃതികളും ആഘോഷദിനങ്ങള്‍ തന്നെ. ഇതിന്നപവാദം ഇസ്‌ലാം മാത്രം. ഇസ്‌ലാമില്‍ ബര്‍ത്ത്‌ ഡേ ആഘോഷമോ ഡെത്ത്‌ ഡേ ആചരണമോ ഇല്ല.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്‌ലാമിന്റെ മുഖത്ത്‌ കരി തേക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുന്‍പന്തിയില്‍ മുസ്‌ലിംകള്‍ തന്നെയാണ്‌. ഇതര നേതാക്കളുടെ നിലവാരത്തിലേക്ക്‌ മുഹമ്മദ്‌നബി(സ)യെ താഴ്‌ത്തിക്കെട്ടി ബര്‍ത്ത്‌ ഡേ ആഘോഷിക്കുകയും അത്‌ ഒരേര്‍പ്പാടായിക്കൊണ്ട്‌ നടക്കുകയും ചെയ്യുന്നു മുസ്‌ലിംകളില്‍ ചിലര്‍. സ്‌നേഹം അതിരുവിട്ട്‌ നബിജയന്തിയാഘോഷത്തിന്‌ ഒരു മാസം മുഴുവനും തികയാഞ്ഞിട്ട്‌ റബീഉല്‍ ആഖിറിലേക്കും നീണ്ടുപോകുന്ന നബിമാസ പരിപാടി അന്താരാഷ്‌ട്ര മീലാദില്‍ എത്തിനില്‍ക്കുകയാണിന്ന്‌.

`പരിപാടി'കളുടെ ആധിക്യം കാരണം റബീഉല്‍ ആഖിറിലേക്ക്‌ നീണ്ടുനില്‌ക്കുന്ന നബിജയന്തിക്കു പുറമെ റബീഉല്‍ ആഖിറില്‍ വേറെത്തന്നെ പ്രത്യേക ജന്മദിനാഘോഷം പച്ചപിടിച്ചു വരികയാണ്‌. ജീലാനി ദിനം വ്യാപകമാകുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പ്രവാചകന്റെ ജന്മദിനാഘോഷവും പ്രവാചകചര്യയും തമ്മില്‍ എത്ര ബന്ധമുണ്ടോ അങ്ങനെത്തന്നെയാണ്‌ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ജയന്തിയാഘോഷവും (ജീലാനി ദിനം) അദ്ദേഹത്തിന്റെ ജീവിതവും.

അല്ലാഹു മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശകരായിട്ടാണ്‌ കാലാകാലങ്ങളില്‍ ദൂതന്മാരെ നിയോഗിച്ചത്‌ (വി.ഖു. 2:38). ആ പരമ്പരയുടെ അവസാനത്തെ കണ്ണിയായി ലോകത്തിന്നാകമാനം വെളിച്ചമായി നബി(സ)യെ നിയോഗിച്ചു (7:158, 34:28). അദ്ദേഹം അവസാനത്തെ പ്രാവചകനുമാണ്‌ (33:40). എന്നാല്‍ അല്ലാഹുവിന്റെ സന്ദേശം മുഖേന സന്മാര്‍ഗം പ്രാപിക്കുക എന്ന സംവിധാനം നിലച്ചുപോകാന്‍ പാടില്ലാത്തതിനാല്‍ ആ ദൗത്യനിര്‍വഹണം സമൂഹത്തിന്റെ ബാധ്യതയായി ഖുര്‍ആന്‍ നിശ്ചയിച്ചു (3:110). വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളും പ്രവാചകചര്യയും പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും വന്നുപോകുന്ന ചെറു ദോഷങ്ങള്‍ക്ക്‌ ഖേദിച്ചുമടങ്ങുകയും (തൗബ) ചെയ്യുന്നവരെപ്പറ്റി അല്ലാഹുവിന്റെ വലിയ്യ്‌ (മിത്രം) എന്നു വിശേഷിപ്പിക്കുകയും അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ലെന്ന്‌ ഖുര്‍ആന്‍ (10:62) വ്യക്തമാക്കുകയും ചെയ്‌തു.

വിധിവൈപരീത്യമെന്നു പറയട്ടെ, പ്രാവചകനെ മനസ്സിലാക്കിയേടത്തു തെറ്റുപറ്റിയതു പോലെത്തന്നെ പ്രവാചകന്റെ യഥാര്‍ഥ പിന്‍ഗാമികളായ വലിയ്യുകളെ മനസ്സിലാക്കുന്നേടത്തും ഭീമാബദ്ധമാണ്‌ സമുദായത്തിനു പറ്റിയത്‌. സമുദായത്തിലെ ചില ഉന്നതസ്ഥാനീയരാണ്‌ വലിയ്യുകള്‍ എന്നും അവര്‍ക്ക്‌ എന്തൊക്കെയോ അഭൗമവും അമാനുഷവുമായ സിദ്ധികളുണ്ടെന്നും ജനം തെറ്റായി ധരിച്ചുവെച്ചു. ഇനി അങ്ങനെയാണെങ്കില്‍ തന്നെ അവര്‍ ആരൊക്കെയാണെന്ന്‌ നിര്‍ണയിക്കുന്നേടത്തും അന്ധതയും അജ്ഞതയും മാത്രമാണ്‌ അവലംബമാക്കിയത്‌.

സമുദായത്തിലെ ഒരു തസ്‌തികയല്ല വലിയ്യ്‌. താന്‍ വലിയ്യാണെന്ന്‌ ആരും അവകാശപ്പെടില്ല. മുഅ്‌മിന്‍, മുഹ്‌സിന്‍, മുഖ്‌ബിത്‌, മുത്തഖി, മുഖ്‌ലിസ്വ്‌, വലിയ്യ്‌ തുടങ്ങിയ പദപ്രയോഗങ്ങള്‍ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു പ്രയോഗിച്ചതാണ്‌. ഓരോ വിശ്വാസിയും ഇതെല്ലാമാണ്‌. എന്നാല്‍ ആെരല്ലാം ഇന്നതെല്ലാം ആണെന്ന്‌ ഉറപ്പിച്ചുപറയാവുന്ന മാനദണ്ഡങ്ങള്‍ നമ്മുടെ പക്കലില്ല. നബി(സ) സ്വര്‍ഗാവകാശിയാണെന്ന്‌ പറഞ്ഞവരെ പ്രത്യേകിച്ചും, സ്വഹാബിമാരെ പൊതുവിലും വലിയ്യുകളായി നമുക്ക്‌ കണക്കാക്കാം. അതിനുശേഷമുള്ള ഒരാളെപ്പറ്റിയും വിധി പറയാന്‍ നാം ആളല്ല. ബാഹ്യമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നല്ല മനുഷ്യരാണെന്ന്‌ പറയപ്പെടാന്‍ പോലും അര്‍ഹതയില്ലാത്തവരെയാണ്‌ പലപ്പോഴും സമൂഹം വലിയ്യായി എണ്ണിവരാറുള്ളത്‌.

വലിയ്യുകളുടെ നേതാവായും അതിമാനുഷനായും മുസ്‌ലിംകളില്‍ ചിലര്‍ കണക്കാക്കിവരുന്ന ഒരു പ്രമുഖ പണ്ഡിതനാണ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനി. അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത, നമുക്ക്‌ കല്‌പിച്ചരുളാന്‍ അവകാശമില്ലാത്ത സ്ഥാനപ്പേരുകള്‍ അദ്ദേഹത്തില്‍ പില്‍ക്കാലത്ത്‌ ആരോപിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തോട്‌ വിളിച്ചുപ്രാര്‍ഥിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ അജ്ഞരായ മുസ്‌ലിം സമൂഹം എത്തിപ്പെട്ടിരിക്കുകയാണ്‌. ഗൗസുല്‍ അഅ്‌ദം, സുല്‍ത്വാനുല്‍ ഔലിയ, ഖുത്വുബുല്‍ അഖ്‌ത്വാബ്‌ തുടങ്ങിയ പേരുകള്‍ നല്‌കി അദ്ദേഹത്തെ അനാദരിക്കുക മാത്രമല്ല, നിരവധി കല്ലുവച്ച നുണകള്‍ അദ്ദേഹത്തിന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കുകയും ചെയ്‌തു സമുദായം. ആ മഹാന്റെ ജന്മദിനമാണ്‌ റബീഉല്‍ ആഖിറിലും `മീലാദ്‌ ഫെസ്റ്റിവല്‍' നിലനിര്‍ത്താന്‍ ചില മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുന്നത്‌.

മുഹമ്മദ്‌ നബി(സ)യെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്‌ എന്ന പേരിലാണല്ലോ ഒരു മാസക്കാലം (റബീഉല്‍ അവ്വല്‍) ആഘോഷമായി കൊണ്ടാടുന്നത്‌. നബി(സ) ജീവിതകാലത്ത്‌ കാണിച്ചുതന്ന ചര്യ അവലംബിച്ച്‌ ജീവിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നില്ല എന്നതാണ്‌ ഏറെ സങ്കടം. മുഹ്‌യിദ്ദീന്‍ ശൈഖ്‌ പോലുള്ള വ്യക്തികളുടെ പേരില്‍ വിലായത്തും ചിലപ്പോള്‍ ദിവ്യത്വവും ആരോപിച്ചുകൊണ്ട്‌ അവരുടെ ജന്മദിനവും സമാധി ദിനവും ആചരിക്കുന്നവരും ആ മഹാന്മാര്‍ ആരായിരുന്നുവെന്നോ അവരുടെ ജീവിതം എങ്ങനെയായിരുന്നുവെന്നോ അവര്‍ ജീവിച്ചകാലത്ത്‌ ലോകത്തിനു നല്‌കിയ സംഭാവനകളോ സന്ദേശങ്ങളോ എന്തെല്ലാമായിരുന്നുവെന്നോ ചിന്തിക്കാറില്ല.

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്‌പിയന്‍ കടലിന്റെ തെക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ജീലാന്‍കാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍. അദ്ദേഹം വിജ്ഞാന സമ്പാദനത്തിനായി ബഗ്‌ദാദിലേക്കുപോയി. അവിടെ സ്ഥിരതാമസമാക്കി. മരണപ്പെട്ടതും അവിടെത്തന്നെ. അദ്ദേഹത്തിന്റെ മരണശേഷം ചില ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ `ഖാദിരി ത്വരീഖത്ത്‌' എന്ന പേരില്‍ ചില മതാചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലികളും മത്സരങ്ങളും കാരണം ഓരോ ത്വരീഖത്തുകാരും തങ്ങളുടെ `ആചാര്യ'നെ അമിതമായി വാഴ്‌ത്തിപ്പറയാനും അപരനെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം മധ്യനൂറ്റാണ്ടുകളില്‍ കാണപ്പെട്ടു. മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന പേരിലറിയപ്പെട്ട അബ്‌ദുല്‍ഖാദിര്‍ അവര്‍കളും ഈ `അപകടത്തിനിര'യായി. ബഹ്‌ജ, തക്‌മില തുടങ്ങിയ ക്ഷുദ്രകൃതികള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കപ്പെട്ടു. അല്ലാഹുവിനോളം അദ്ദേഹത്തെ പുകഴ്‌ത്തുന്ന കൃതികളാണവ. വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വീഹുറൂഫഹു (അല്ലാഹുവിന്റെ വിവരമെത്രയുണ്ട്‌ എന്ന്‌ എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ ഞാന്‍ കണക്കാക്കുന്നു) തുടങ്ങിയ കുഫ്‌റിലേക്കു നയിക്കുന്ന പ്രസ്‌താവനകള്‍ ആ മഹാന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. വിവരം കെട്ട ജനം അത്‌ തോളിലേറ്റി പാടിനടന്നു. `വിവരമുള്ളവര്‍' അവരെ അതില്‍ കെട്ടിയിട്ടു.

കേരളത്തില്‍ ഖാദിരി ത്വരീഖത്തിന്റെ വക്താവായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദ്‌, ഇതര ത്വരീഖത്തുകള്‍ക്കിവിടെ പ്രചാരം ലഭിക്കുന്നു എന്നു കണ്ട മാത്രയില്‍, തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിനായി രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന അറബിമലയാള പദ്യകൃതിക്ക്‌ മലയാളികള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു. മാതൃഭാഷയോ ഖുര്‍ആനിന്റെ ഭാഷയോ ലോകഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷോ പഠിച്ചിട്ടില്ലാത്ത മലയാളി പാമരന്മാര്‍ക്ക്‌ അറബി ലിപിയില്‍ എഴുതപ്പെട്ട നാടന്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആശയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ശ്രമിക്കാത്ത ജനം ഈ കൃതി കീര്‍ത്തനമായിപ്പാടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെക്കാള്‍ ഭക്തിയോടെ സന്ധ്യാകീര്‍ത്തനമായി ഉപയോഗിച്ചു തുടങ്ങി.
മനോഹരമായ ഉപമകള്‍ ചേര്‍ത്തുകെട്ടി കോര്‍ത്തെടുത്ത ഒരു `മാല'യാണത്‌. പക്ഷെ ഉപമകള്‍ അതിരുകടന്ന്‌ `മുഹ്‌യിദ്ദീന്‍' എന്ന മനുഷ്യനെ അതിമാനുഷനാക്കിയും മലക്കുകളെയും അല്ലാഹുവെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ചിത്രീകരിച്ചും വര്‍ണന കാടുകയറിയത്‌ `ഭക്തര്‍' ശ്രദ്ധിക്കാതെ പോയി. `ആലിമീങ്ങ'ളാകട്ടെ, അതിനു മാര്‍ക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മുകളില്‍ പറഞ്ഞ തക്‌മിലയില്‍ നിന്നും ബഹ്‌ജയില്‍ നിന്നുമാണ്‌ ഈ മാലക്കുവേണ്ട വിഷയങ്ങള്‍ താന്‍ ശേഖരിച്ചതെന്ന്‌ തത്‌ക്കര്‍ത്താവ്‌ തന്നെ പറയുന്നുണ്ട്‌. `ബഹ്‌ജകിതാബിന്നും അങ്ങനെ തക്‌മില തന്നിന്നും കണ്ടോവര്‍.'

മുഹ്‌യിദ്ദീന്‍ മാലയില്‍ വിവരിക്കപ്പെട്ട ശൈഖ്‌ യാഥാര്‍ഥ്യമല്ല; ഒരു മിത്താണ്‌. എന്നാല്‍ ജന്മദിനം കൊണ്ടാടാന്‍ ഒരു വിഭാഗം ഒരുമ്പെടുന്ന അബ്‌ദുല്‍ഖാദിര്‍ (ജീലാന്‍കാരന്‍) ചരിത്രപുരുഷനും മതപണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. ബഹ്‌ജ, തക്‌മില, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ അദ്ദേഹത്തെപ്പറ്റി പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട കൃതികളാണ്‌. എന്നാല്‍ ശൈഖ്‌ അവര്‍കള്‍ ദഅ്‌വത്ത്‌ രംഗത്ത്‌ നല്‌കിയ സംഭാവനകളായ സ്വന്തം കൃതികളാണ്‌ ഫുതൂഹുല്‍ ഗൈബ്‌, ഗുന്‍യതുത്ത്വാലിബീന്‍ തുടങ്ങിയവ. `ജീലാനീ ദിനാചരണ' വേളയിലെങ്കിലും ഈ ഗ്രന്ഥങ്ങളും അവയിലെ അധ്യാപനങ്ങളും ജനങ്ങളെ കേള്‍പ്പിക്കാന്‍ `പണ്ഡതന്‍'മാര്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമായിരുന്നു.

ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നതിന്റെ ആവശ്യകതയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ വിവക്ഷയും ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടും അദ്ദേഹം തന്റെ കൃതികളില്‍ വരച്ചുകാണിച്ചിട്ടുണ്ട്‌. അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട്‌ പറയാനുള്ളത്‌ ഇതാണ്‌: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ്‌ രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ്