ജലം മഹത്തായ ദൈവീകാനുഗ്രഹം

"അവനാണ് ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു തന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‍. അതില്‍ നിന്ന് തന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള കുടിനീരുണ്ടാവുന്നത്." [ഖുര്‍ആന്‍ 16 :10]

ജലം, ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിനുള്ള അവശ്യഘടകമാണ്. ജലത്തിന്റെ സാന്നിധ്യമുള്ളത്കൊണ്ടാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്. ഇതില്ലാത്തത്കൊണ്ട് മറ്റു ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകളില്ല.

ജീവന്റെ മൂലഘടകങ്ങളിലൊന്നായ ജലം എങ്ങനെ ലഭിച്ചു? അതിനുള്ള ഉത്തരം ഖുര്‍ആന്‍ കൃത്യമായി നല്‍കുന്നു. സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത്കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. സമുദ്രങ്ങള്‍ ,നദികള്‍ , കിണറുകള്‍ , തടാകങ്ങള്‍ , അരുവികള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി. ഇതര ശക്തികള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ ഇവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മഴ നിര്‍മ്മിച്ച്‌ ആവശ്യമായ ജലം വിതരണം ചെയ്യാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.

ദയാപരമായ അല്ലാഹുവിന്റെ കാരുണ്യമാണീ ജലം. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്. "നിങ്ങളുടെ ജലം മുഴുവന്‍ വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് സമൃദ്ധമായ ജലം കൊണ്ടുവന്നു തരിക?" എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മനുഷ്യനാവില്ല.

"അതുമൂലം (ജലം) ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു; എല്ലാതരം ഫലവര്‍ഗ്ഗങ്ങളും. തീര്‍ച്ചയായും ചിന്തിക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ട്ടാന്തമുണ്ട്." [16 :11]

ദേവന്മാരും ജ്ഞാറ്റുവേലകളുമാണു മഴ നല്‍കുന്നത് എന്ന് കരുതുന്നവരുണ്ടായിരുന്നു. ഇത് സൃഷ്ടാവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും ബഹുദൈവചിന്തയുമാണ്. നബി (സ) പറഞ്ഞു : "അല്ലാഹു ഉപരിലോകത്ത് നിന്ന് ഏതൊരു അനുഗ്രഹവും ഇറക്കിതരുമ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കാതിരുന്നിട്ടില്ല. അല്ലാഹു മഴ വര്ഷിക്കുമ്പോള്‍ അവര്‍ പറയും : ഇന്നയിന്ന നക്ഷത്രമാണ് അതിനു നിമിത്തമെന്നു." [മുസ്ലിം, അഹമദ്, നസാഈ]

മഴ കിട്ടാതെ പ്രയാസപ്പെട്ട സമയങ്ങളില്‍ നബി (സ) മിമ്പറില്‍വച്ച് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായ മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം നബി (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്.

സൃഷ്ടാവിന്റെ മഹത്വവും കഴിവും ബോധ്യപ്പെടാവുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആന്‍ പലസ്ഥലത്തും മഴയെക്കുറിച്ചും ജലത്തെപ്പറ്റിയും ആലോചിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. അത് സംരക്ഷിക്കേണ്ടതും മലിനമാവാതെ സൂക്ഷിക്കേണ്ടതും മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അമിതമായ ജലചൂഷണം മനുഷ്യനാശത്തിലാണെത്തുക. നമസ്ക്കരിക്കാന്‍ വുളു ചെയ്യുമ്പോള്‍പോലും അനാവശ്യമായി വെള്ളം പാഴാക്കരുതെന്നാണ് നബി (സ) നിര്‍ദേശിച്ചത്. അത് ഒരു നദിയില്‍ നിന്നാണെങ്കില്‍പോലും.

by അബ്ദു സലഫി @ പുടവ കുടുംബമാസി