ദൈവത്തെ അറിയുക


"അവന്‍ തന്നെയാണ് നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതു മുഴുവന്‍ സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും സൂക്ഷമായി അറിവുള്ളവനാകുന്നു" [അദ്ധ്യായം 2ബഖറ 29]

പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ സവിശേഷതകളില്‍ ഒന്ന് അവനാണ് സൃഷ്ടാവ് എന്നതാണ്. മനുഷ്യന്‍ സാക്ഷാല്‍ ദൈവത്തെ വിട്ടു ആരാധിച്ചു കൊണ്ടിരുന്ന വ്യാജ ദൈവങ്ങളോ വിഗ്രഹങ്ങളോ ആള്‍ദൈവങ്ങളോ സൃഷ്ടി കര്‍മ്മം നിര്‍വഹിച്ചതായി അവകാശപ്പെടുന്നില്ലല്ലോ? പ്രപഞ്ചത്തിലെ ചെറുതും വലുതുമായ എല്ലാം പടച്ചവനാണ്‌ റബ്ബുല്‍ ആലമീന്‍.

ഭൂമിയും ഭൂമുഖത്തും ഭൂമിക്കടിയിലുമുള്ള സകലതിനെയും സൃഷ്‌ടിച്ച അല്ലാഹു പറയുന്നത്, അത് മുഴുവന്‍ മനുഷ്യന് വേണ്ടിയാണ് പടച്ചത് എന്നാണ്. പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന് ഉപകാരപ്പെടാത്ത ഒന്നും ഭൂമുഖത്ത് കാണാനില്ല. ഒരു കാലത്ത് പ്രയോജനപ്പെടാത്ത വസ്തുക്കളായി പരിഗണിക്കപ്പെട്ടിരുന്ന വസ്തുക്കള്‍ പിന്നീട് ആവശ്യമുള്ള ഘടകമായി മനുഷ്യന് അനുഭവപ്പെട്ടു. പ്രത്യക്ഷത്തില്‍ മനുഷ്യന് ഉപദ്രവം ചെയ്യുന്നു എന്ന് കരുതാവുന്ന ചില വസ്തുക്കള്‍ പരോക്ഷമായി അവനെ സഹായിക്കുന്നതും നിലനിര്‍ത്തുന്നതുമായിരിക്കും. ഭൂമുഖത്ത് മനുഷ്യവാസം സുഗമമായി നടക്കുന്നത് തന്നെ ഭൂമുഖത്ത് പടച്ചവന്‍ സൃഷ്ടിച്ചു സംവിധാനിച്ച അനേകായിരം സചേതനവും അചേതനവുമായ വസ്തുക്കളുടെ സാന്നിധ്യം നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ്.

ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ച രക്ഷിതാവ് തന്നെയാണ് ആകാശ ഗോളങ്ങളെയും അവയിലുള്ള മുഴുവന്‍ ഘടകങ്ങളെയും സൃഷ്ടിച്ചത്. അവ മുഴുവന്‍ മനുഷ്യന് വേണ്ടിയാണ് എന്ന് പ്രത്യേകം പ്രസ്താവിക്കാത്തതും ശ്രദ്ധേയമാണ്. ഏഴു ആകാശങ്ങളായി അവയെ സംവിധാനിച്ചിരിക്കുന്നു എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഗോളശാസ്ത്രം വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇന്നും ശൈശവ ദിശയിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒട്ടേറെ ശാസ്ത്രീയ സത്യങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി. എന്നാല്‍ ഇതിനെക്കാളേറെ ശാസ്ത്ര നിഗമനങ്ങള്‍ ഭാവിയില്‍ മാറും എന്നുറപ്പാണ്.

മനുഷ്യവര്‍ഗ്ഗത്തിന് ലഭിച്ച അറിവ് വളരെ ചെറുതാണ്. വികസിച്ചു കൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തിന്റെ അതിര്‍വരമ്പുകളും സ്വഭാവവും പൂര്‍ണ്ണമായി നിര്‍വഹിക്കാന്‍ കഴിയാതെ നിസ്സഹായത പുലര്‍ത്തുന്ന ശാസ്ത്രജ്ഞരെ നമുക്ക് കാണാം. ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠനനിരീക്ഷണങ്ങള്‍ നടത്താനും ഫലം കണ്ടെത്താനും ആവശ്യപ്പെടുന്ന ഖുര്‍ആന്‍ മനുഷ്യന് ഈ മേഘലയില്‍ പരിമിതികളുണ്ടെന്നു സൂചിപ്പിക്കുന്നത് സൂറത്തുല്‍ മുല്‍ക്കില്‍ കാണാം.

എല്ലാ വസ്തുക്കളെക്കുറിച്ചും സൂക്ഷ്മമായി അറിവുള്ളവന്‍ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞാണ് ഈ വചനം അവസാനിക്കുന്നത്. അല്‍പജ്ഞാനമുള്ളവര്‍ അറിയാത്തതൊക്കെ നിഷേധിക്കുന്നവരാവരുത്. ത്രികാല ജ്ഞാനിയായ അല്ലാഹു അറിയിച്ചത് വിശ്വസിക്കുക മാത്രമാണ് ചില കാര്യങ്ങളില്‍ മനുഷ്യന് കരണീയമായിട്ടുള്ളത്.

by അബ്ദു സലഫി @ പുടവ കുടുംബ മാസിക


Popular ISLAHI Topics

ISLAHI visitors