ഉറൂസുകളുടെ സീസണ്‍

ഉറൂസുകളുടെയും നേര്ച്ചപ്പൂരങ്ങളുടെയും സീസണായിക്കഴിഞ്ഞു. അധികം ഔലിയാക്കളുടെയും മരണത്തീയ്യതി ഈ സീസണിലായത് യാദൃശ്ചികമല്ലായിരിക്കാം. ഏതായാലും ജനുവരി മുതല്‍ മെയ്‌ കൂടിയ മാസങ്ങളിലാണ് ആണ്ടുകളും നേര്‍ച്ചകളും നടക്കാറ്. ഖബറുകള്‍ കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും നബി (സ) വിരോധിച്ചതാണ്. ജൂത ക്രിസ്ത്യാനികള്‍ അവരുടെ നബിമാരുടെ ഖബറുകളെ ആഘോഷസ്ഥലങ്ങള്‍ ആക്കിയത് പോലെ എന്റെ ഖബറിനെ ആഘോഷസ്ഥലമാക്കരുതെന്നും നബി (സ) താക്കീത് ചെയ്തു. എന്ന് പറഞ്ഞാല്‍ എന്റെ ഖബര്‍ ആഘോഷസ്ഥലമാക്കരുത്‌, മറ്റുള്ളവരുടെയൊക്കെ ആക്കാം എന്നാണോ? അല്ലല്ലോ.

ചിലരെ സംബന്ധിച്ചിടത്തോളം നബി (സ) വിരോധിച്ച കാര്യങ്ങള്‍ തന്നെ ചെയ്യണമെന്നത് ഒരു വാശി പോലെയാണ്. ഖബര്‍ ആണെന്നതിന്റെ അടയാളമായി ഒരു ചാണിലധികം മണ്ണ് ഉയര്‍ത്തരുതെന്ന് പറഞ്ഞ റസൂലിന്റെ അനുയായികള്‍ മുട്ടിനു മീതെ അതുയര്‍ത്തി. ഖബര്‍ കെട്ടിപ്പൊക്കരുതെന്ന് പറഞ്ഞ റസൂലിന്റെ അനുയായികളെന്ന് പറയുന്നവര്‍ അത് കെട്ടിപ്പൊക്കി. കുമ്മായമിടരുതെന്നു നബി (സ) വിലക്കി. ഇവര്‍ കുമ്മായമിടുക മാത്രമല്ല പെയ്ന്റടിച്ചു ഖബര്‍ വെട്ടിത്തിളങ്ങുന്നതാക്കി. ആഘോഷസ്ഥലമാക്കരുതെന്നു നബി (സ) പറഞ്ഞു. ഇവര്‍ ആഘോഷസ്ഥലം മാത്രമല്ല ചന്തസ്ഥലവുമാക്കി.

ഖബര്‍സിയാറതെന്ന ഓമനപ്പേരിലാണ് ഉറൂസുകള്‍ നടക്കുന്നത്. ഖബര്‍ സിയാറത്തിനു ചെണ്ടമുട്ടും കുഴല്‍വിളിയും വേണോ? ആനകളും അമ്പാരിയും വേണോ? നരിവേശവും കോമാളിക്കളിയും ആനമയില്‍ഒട്ടകം കളിയും വേണോ? വളക്കച്ചവടവും മിഠായിക്കച്ചവടവും വേണോ? കരിമരുന്നു പ്രയോഗം വേണോ? തിരുമേനി (സ)യുടെ ഖബര്‍ സിയാറത്തിനുള്ള അനുമതിയോടൊപ്പം ഈ കാര്യങ്ങളൊന്നും വേണമെന്ന് നിര്‍ദെശിക്കുന്നില്ല. ഖബര്‍സിയാറത്ത്‌ നിങ്ങളെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കും. അതാണ്‌ അതുകൊണ്ടുള്ള ഗുണം എന്നാണു നബി (സ) ഓര്‍മിപ്പിച്ചത്. ഇന്ന് നടക്കുന്ന ഉറൂസില്‍ പങ്കെടുക്കുന്നയാള്‍ക്കു എന്തിനെക്കുറിച്ചാണ് ഓര്‍മ്മ വരിക? വളയും സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്നതിന് തിക്കിത്തിരക്കിക്കൂടുന്ന പെണ്ണുങ്ങളെയല്ലെ ഓര്‍മ്മ വരിക. അവരുടെ ഇടയില്‍ക്കടന്നു തിരക്കാനും രസിക്കാനുമല്ലേ സമയം കാണുക.

ഇസ്ലാമിക വിരുദ്ധമായ എല്ലാ കാര്യങ്ങളും സമൃദ്ധമായി നടക്കുന്ന ഇടമായിരിക്കുന്നു ഉറൂസുകള്‍ . അവയിലൊന്നും ഇസ്ലാമികമെന്നു പറയാവുന്ന ഒന്നുമില്ല. എന്നാലും അത് കൊണ്ടാടണമെന്നും നേര്ച്ചകളിലെ അനിസ്ലാമികാചാരങ്ങള്‍ ഒഴിവാക്കണമെന്നും യാഥാസ്ഥിതികരിലെ പുരോഗമനക്കാര്‍. അനിസ്ലാമികങ്ങള്‍ ഒഴിവാക്കിയാല്‍ പിന്നെ അവശേഷിക്കുന്നത് ഖബറുകള്‍ മാത്രം! അതല്ലേ ശരി.

മുസ്ലിം സാധാരണക്കാരനെ അറിവില്ലായ്മയില്‍ തളച്ചിടാനും അവന്റെ അറിവില്ലായ്മ ചൂഷണം ചെയ്തു വയര്‍ നിറയ്ക്കാനും നടക്കുന്ന യാഥാസ്ഥികരുടെ വലയില്‍പ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. ഇത്തരം അനിസ്ലാമികാചാരങ്ങളോട് ഒരു വിധത്തിലും സമരസപ്പെട്ടുകൂടാ. പരലോകത്ത് തന്റെ കാര്യം പറയാന്‍ താന്‍ മാത്രമേ ഉണ്ടാകൂ എന്നകാര്യം ഓരോരുത്തരും ഓര്‍ക്കുക. ഒരു പാപിയും മറ്റൊരുത്തന്റെ പാപം ഏറ്റെടുക്കുകയില്ല. ഒരാള്‍ക്കും മറ്റൊരാളെ സഹായിക്കാനും കഴിയില്ല. അവിടെ ഓരോരുത്തര്‍ക്കും അവനവന്റെ കാര്യം തന്നെ പിടിപ്പതുണ്ടാകും. പിന്നെ എങ്ങനെ മറ്റവന്റെ കാര്യം നോക്കും?

മരിക്കുന്നതോടെ താനൊറ്റക്കാണെന്നും ഈ ഖബറില്‍ കിടക്കുന്നവനെപ്പോലെ എനിക്കും ഒരു കല്ലറയില്‍ ഒറ്റയ്ക്ക് കിടക്കേണ്ടി വരുമെന്നും ഓര്‍മ്മിപ്പിക്കുന്നതായിരിക്കണം ഖബര്‍ സിയാറത്ത്. താന്തോന്നികളായ കുറെയാളുകള്‍ കാട്ടിക്കൂട്ടുന്ന പേക്കൂതുകളല്ല ഖബര്‍ സിയാറത്ത്. ഖബര്‍ സിയാറത്തിനു പണപ്പിരിവിന്റെ ആവശ്യമില്ല. അതൊക്കെ അതുകൊണ്ട് ജീവിക്കാന്‍ വേണ്ടിയുണ്ടാക്കപ്പെട്ട അനിസ്ലാമിക ആചാരങ്ങളാണ്. ഒരു നിലക്കുള്ള അടിസ്ഥാനവും അവക്കൊന്നും കാണുകയില്ല.

ഉറൂസുകളിലും നേര്ച്ചപ്പൂരങ്ങളിലും ഇസ്ലാമികമായി ഒന്നുമില്ല. എന്ന് മാത്രമല്ല, ഉള്ളതെല്ലാം അനിസ്ലാമികവും, റസൂല്‍ (സ) നിരോധിച്ച കാര്യങ്ങളുമാണെന്ന് കാണാന്‍ അതിബുദ്ധിയോ വിപുലമായ പാണ്ടിത്യമോ ആവശ്യമില്ല. മരണക്കിണറും സര്‍ക്കസും കഥാപ്രസംഗവും ഡാന്‍സും കാര്‍ണിവലിനെപ്പോലെയുള്ള വിനോദങ്ങളും ചേര്‍ന്നുള്ള ഈ ഉറൂസുകള്‍ പിശാചിന്റെ വിഹാരകേന്ദ്രങ്ങളാണ്. സന്മാര്‍ഗ്ഗത്തില്‍ നിന്നും നബി തിരുമേനി (സ) യുടെ കല്പനകളില്‍ നിന്നും മനുഷ്യന്റെ (വിശ്വാസിയുടെ) ശ്രദ്ധ തെറ്റിക്കാന്‍ പിശാച്ചുണ്ടാക്കിയതാണീ ഉറൂസുകള്‍ . അത് മനസ്സിലാക്കി പിശാചിന്റെ വലയില്‍ നിന്നും അവന്റെ കൂട്ടാളികളുടെ വലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുക. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും.

from ജാലകം @ അല്‍മനാര്‍ മാസിക