സമൂഹസംസ്‌കരണം ഖുര്‍ആനിന്റെ സമീപനം


നാമുദ്ദേശിക്കുന്ന നേട്ടങ്ങളും ഗുണഫലങ്ങളും ഒരു വസ്‌തുവില്‍ ലഭ്യമാകാന്‍ ആവശ്യമായ ശുദ്ധീകരണ പ്രക്രിയയാണ്‌ സംസ്‌കരണം. പ്രപഞ്ചത്തില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന എല്ലാ വസ്‌തുക്കളും നമ്മുടെ ആവശ്യങ്ങള്‍ക്കൊത്ത്‌ ഉപയോഗിക്കാന്‍ നിരവധി സംസ്‌കരണ പ്രക്രിയകള്‍ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍, വസ്‌ത്രങ്ങള്‍, കെട്ടിടോപകരണങ്ങള്‍, പെട്രോളിയം ഉല്‌പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാണ്‌. നാം പ്രതീക്ഷിക്കുന്ന ഗുണഫലങ്ങള്‍ക്ക്‌ വിഘാതം നില്‍ക്കുന്ന മാലിന്യങ്ങളില്‍ നിന്ന്‌, സംസ്‌കരണത്തോടെ ഈ വസ്‌തുക്കള്‍ മുക്തമാകുന്നു.

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും ദൈവകല്‌പനകള്‍ക്ക്‌ വിധേയമായി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ലഭിച്ചിരിക്കുന്നു. മനുഷ്യന്നും സംസ്‌കരണമുറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭൗതികശരീരത്തിനും അതിന്റെ ഘടനാരീതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംസ്‌കരണം നിശ്ചയിച്ചത്‌ രോഗത്തെ ചെറുക്കാനും ആരോഗ്യം നിലനിര്‍ത്താനുമാണ്‌. എന്നാല്‍ ഇതിലേറെ പ്രധാനമാണ്‌ മനുഷ്യന്‌ മാത്രമായി നല്‍കിയിരിക്കുന്ന ആത്മാവിന്റെ സംസ്‌കരണം. ശരീരത്തിനും ആത്മാവിനും നിശ്ചയിച്ചിരിക്കുന്ന സംസ്‌കരണം പൂര്‍ണമായി നേടുമ്പോഴാണ്‌ മുസ്‌ലിമിന്റെ യഥാര്‍ഥ വ്യക്തിത്വം രൂപപ്പെടുന്നത്‌. സമൂഹത്തിന്‌ മാത്രമായി ഖുര്‍ആന്‍ സംസ്‌കരണമുറകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്‌കൃത വിശ്വാസാചാര സ്വഭാവഗുണങ്ങളുള്ള വ്യക്തികളുടെ സംഗമമായി സമൂഹം രൂപപ്പെടുമ്പോള്‍ സ്വാഭാവികമായി സമൂഹസംസ്‌കരണവും പൂര്‍ത്തിയാകുന്നു എന്നതാണ്‌ ഖുര്‍ആന്റെ നിരീക്ഷണം. സാമൂഹ്യബാധ്യതയായി ഖുര്‍ആന്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ തന്നെ, സംസ്‌കരിക്കപ്പെട്ട വ്യക്തികളുടെ അഭാവത്തില്‍ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയുകയുമില്ല.

വിവിധ ജനവിഭാഗങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്ന സാംസ്‌കാരിക പാരമ്പര്യം യഥാര്‍ഥത്തില്‍ അവരുടെ വിശ്വാസ ആചാര സ്വഭാവ രംഗങ്ങളിലെ സംസ്‌കരണവുമായിട്ടാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. സംസ്‌കരിക്കപ്പെട്ട ചിന്തകളും സ്വഭാവമൂല്യങ്ങളുമാണ്‌ ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നതെന്നാണ്‌ പ്രസിദ്ധ അറബി കവി അഹ്‌മദ്‌ ശൗഖിയുടെ അഭിപ്രായം. സ്വഭാവമൂല്യങ്ങള്‍ നഷ്‌ടപ്പെടുമ്പോള്‍ ഏതൊരു സമൂഹത്തിന്റെയും നിലനില്‌പും ചോദ്യം ചെയ്യപ്പെടും.

സമൂഹമായി ജീവിക്കാനും സംഘബോധം നിലനിര്‍ത്താനുമാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌. അങ്ങനെ ജീവിക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഒളിച്ചോട്ടം നടത്തി ഒറ്റയ്‌ക്ക്‌ കഴിയുന്നതിനെ മതം അംഗീകരിക്കുന്നില്ല. കൂട്ടംതെറ്റി മേയുന്ന ആടിനെയാണ്‌ ചെന്നായ പിടിക്കാന്‍ ഏറെ സാധ്യത എന്നാണ്‌ അത്തരക്കാര്‍ക്ക്‌ പ്രവാചകന്‍ നല്‍കുന്ന താക്കീത്‌. വ്യക്തികളുടെ യാദൃച്ഛികവും സ്വാഭാവികവുമായ ഒത്തുചേരലിനെ ഖുര്‍ആന്‍ സാമൂഹികതയായി കാണുന്നില്ല. കുറേ മരങ്ങള്‍ ഒരിടത്ത്‌ നട്ട്‌ വളര്‍ത്തിയാല്‍ അതിന്‌ കാട്‌ എന്ന്‌ പറയില്ല. വ്യക്തികള്‍ പ്രകടിപ്പിക്കേണ്ട സ്വഭാവഗുണങ്ങളിലും അവര്‍ക്കിടയിലെ വിശുദ്ധ ബന്ധങ്ങളിലുമാണ്‌ സമൂഹം രൂപപ്പെടുന്നത്‌. നന്മയിലും ഭക്തിയിലും പരസ്‌പരം സഹകരിച്ചു മുന്നേറാനുള്ള ഖുര്‍ആന്റെ ആഹ്വാനം (5:2) ഇതാണറിയിക്കുന്നത്‌. അധികാരം, സ്വാധീനം, ജനസമ്മതി തുടങ്ങിയ ഭൗതിക താല്‌പര്യങ്ങള്‍ക്കതീതമായി അല്ലാഹുവിന്‌ വേണ്ടി നിലകൊള്ളുകയെന്നതാണ്‌ അതിവിശിഷ്‌ടമായ സാമൂഹികതയുടെ മാനദണ്ഡമായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്‌. ഈ ലോകത്തും പരലോകത്തും ദൈവസഹായം വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നതും ഇത്തരക്കാര്‍ക്കാണ്‌. (40:51)

ദൈവഭക്തിയുടെ അടിസ്ഥാനത്തിലുള്ള സംഘബോധം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജസ്വലത ലഭിക്കുന്നു. മലീമസമായ മനസ്സും ദുഷ്‌ടചിന്തകളുമായിരിക്കും ദൈവഭക്തിയുടെയും ഈമാനിന്റെയും അഭാവത്തില്‍ വ്യക്തികളില്‍ ബാക്കിയുണ്ടാകുക (6:125). ഈ ദുരവസ്ഥയിലാണ്‌ സംഘബോധം ക്ഷയിച്ച്‌ ഭിന്നിപ്പും ശൈഥില്യവും ഉടലെടുക്കുക.

വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തിയില്‍ തുടങ്ങി സമൂഹത്തിലെത്തി നില്‍ക്കേണ്ട സംസ്‌കരണപ്രവര്‍ത്തനങ്ങളുടെ മൗലികാടിത്തറ വിശ്വാസമാണ്‌. സ്രഷ്‌ടാവും രക്ഷകനും നിയന്താവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്‌ വിശ്വാസത്തിന്റെ കാതലായ വശം. സമൂഹത്തിലെ വ്യക്തികളെ ഒരു ചരടില്‍ കോര്‍ത്തിടുവാന്‍ അവരുടെ മനസ്സില്‍ വേരൂന്നിയിട്ടുള്ള ഈ വിശ്വാസത്തിന്‌ മാത്രമേ കഴിയുകയുള്ളൂ. ആദര്‍ശവും ആരാധനകളും ആചാരങ്ങളും സ്വഭാവമുറകളുമായി എഴുപതിലധികം ശാഖകളാണ്‌ ഈമാനിനുള്ളത്‌. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത പോലെ ലാ ഇലാഹ ഇല്ലല്ലാക്ക്‌ മതം നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണനാക്രമം പാലിക്കല്‍ അനിവാര്യമാണ്‌. എന്നാല്‍ എഴുപതില്‍പെട്ട മറ്റു കാര്യങ്ങള്‍ അവഗണിക്കുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല.

ആചാരാനുഷ്‌ഠാന സ്വഭാവങ്ങള്‍ക്ക്‌ സംസ്‌കരണം ലഭിക്കാനാവശ്യമായ വിശ്വാസം തന്നെയും ആദ്യമായി സംസ്‌കരിക്കപ്പെടണം. അല്ലാഹുവിനോട്‌ മാത്രമുള്ള പ്രാര്‍ഥനയും അവന്‌ മാത്രമുള്ള ആരാധനകളും കൊണ്ടാണ്‌ വിശ്വാസം പവിത്രമായിത്തീരുന്നത്‌. നിങ്ങളിലൊരുവന്റെ ചെരുപ്പ്‌ പൊട്ടിയാല്‍, അക്കാര്യവും അല്ലാഹുവിനോട്‌ പറയാന്‍ മടിക്കേണ്ട എന്ന നബിവചനം, നിസ്സാര കാര്യങ്ങളില്‍ പോലും മുസ്‌ലിമിന്റെ മനസ്സ്‌ അല്ലാഹുവുമായി സദാ ബന്ധം പുലര്‍ത്തണമെന്നാണ്‌ പഠിപ്പിക്കുന്നത്‌. തന്റെ എല്ലാ ആവശ്യങ്ങളും കേള്‍ക്കുന്നവന്‍, എല്ലാ കാര്യങ്ങള്‍ക്കും തനിക്ക്‌ ആശ്രയമാകുന്നു എന്ന തവക്കുല്‍ ചിന്തയില്‍ നിന്നാണ്‌ വ്യക്തിയുടെ മനസ്സില്‍ സുരക്ഷിതത്വബോധം ഉടലെടുക്കുന്നത്‌. പ്രപഞ്ചഘടനയുടെ ഒരനിവാര്യതയായിട്ടാണ്‌ കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌. (21:22)

ഈ ഭൂമിയും ഭൗമേതര ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുള്‍ക്കൊള്ളുന്ന സകലസൃഷ്‌ടികളും ഏക ഇലാഹിന്റെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിട്ടാണ്‌ ചലിക്കുന്നത്‌. ഇവയുടെ സുഖസൗകര്യങ്ങളും ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന മനുഷ്യന്‍, അവന്റെ മനസ്സും അതിന്റെ തേട്ടങ്ങളും തിരിച്ചുവിടേണ്ടത്‌ ഇലാഹിലേക്കാവണം എന്നതാണ്‌ തൗഹീദിന്റെ ദാര്‍ശനിക കാഴ്‌ചപ്പാട്‌. ഈ വിശ്വാസം സ്വീകരിച്ച മനുഷ്യന്‍ അല്ലാഹുവിന്റെ കരങ്ങളില്‍ സുരക്ഷിതനായിരിക്കും. അവന്റെ കാവലില്‍ നില്‍ക്കുന്ന കാലത്തോളം അസ്വസ്ഥതകളോ ആശങ്കകളോ മനസ്സിനെ ബാധിക്കുകയില്ല. സ ന്തോഷകരവും അല്ലാത്തതുമായ ഏത്‌ കാര്യങ്ങളും ഇത്തരം വ്യ ക്തികള്‍ക്ക്‌ നേട്ടമായിരിക്കുമെന്ന്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു. വിശ്വാസത്തിലൂടെ വ്യക്തികള്‍ കൈവരിക്കേണ്ട ഈ മാനസികാവസ്ഥ സമൂഹ സംസ്‌കരണത്തിനുള്ള പാത എളുപ്പമാക്കുന്നു.

മനുഷ്യന്റെ മനസ്സിലേക്ക്‌ ബന്ധിപ്പിച്ചാണ്‌ ഖുര്‍ആന്‍, സംസ്‌കരണം എന്ന പ്രയോഗം നടത്തുന്നത്‌. ``തീര്‍ച്ചയായും മനസ്സിനെ സംസ്‌കരിച്ച്‌ ശുദ്ധീകരിച്ചവന്‍ വിജയിച്ചു കഴിഞ്ഞു. അത്‌ മലീമസമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്‌തു'' (91:9,10). വ്യക്തിജീവിതത്തില്‍ കാണുന്ന സ്വഭാവഗുണങ്ങളത്രയും മേല്‍ പറഞ്ഞ മനസ്സില്‍ നിന്ന്‌ പുറത്തുവരുന്നതല്ലെങ്കില്‍, അത്തരം വ്യക്തികള്‍ എങ്ങനെ സംഘടിച്ചാലും അതൊരു ആള്‍ക്കൂട്ടം മാത്രമായിരിക്കും; സമൂഹമാവില്ല.

സംസ്‌കരണവും ഭയഭക്തിയും

ഏകദൈവ വിശ്വാസത്തില്‍ തുടങ്ങി സംസ്‌കരണം പൂര്‍ണമാകുന്നത്‌ വരെ ഉല്‍കൃഷ്‌ടതയുടെ വിവിധ ഘടകങ്ങള്‍ വ്യക്തികളില്‍ ദൃശ്യമാകേണ്ടതുണ്ട്‌. വിശ്വാസം വളരുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അത്‌ തഖ്‌വ (ഭയഭക്തി)യായി മാറുന്നു. മതം നിശ്ചയിച്ചിരിക്കുന്ന ആരാധനാകര്‍മങ്ങള്‍ വിശ്വാസത്തെ ഭക്തിയാക്കി പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെത്തന്നെ ഈ ആരാധനകളുടെ ആത്മാവും ഭക്തിയാണ്‌. നമസ്‌കാരം, നോമ്പ്‌ തുടങ്ങിയ ആരാധനകള്‍ നിര്‍വഹിക്കാന്‍ തഖ്‌വ വേണമെന്ന പോലെ, ഇവ യഥാവിധി നിര്‍വഹിക്കുമ്പോള്‍ തഖ്‌വ വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍ തഖ്‌വ മാറ്റുരയ്‌ക്കപ്പെടുന്നത്‌ ഇവിടെയൊന്നുമല്ല. തിന്മകളോടും ദുഷ്‌ചിന്തകളോടുമുള്ള സമീപനത്തിലാണ്‌ അത്‌ പ്രകടമാകുക. ആരാധനാമുറകളിലുള്ള ഭക്തി അല്ലാഹു മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ പെരുമാറ്റ സ്വഭാവശീലങ്ങളിലുള്ള ഭക്തി മറ്റു മനുഷ്യര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.

കല്‌പനകള്‍ പാലിക്കാന്‍ ആവശ്യമായതിനെക്കാള്‍ ഭക്തി, വിലക്കുകളില്‍ നിന്നകന്ന്‌ ജീവിക്കാനാണ്‌ വേണ്ടത്‌. എല്ലാ സൗകര്യങ്ങളും ഒത്തുചേര്‍ന്ന ഒരു സന്ദര്‍ഭത്തില്‍ ദുര്‍വൃത്തിയില്‍ നിന്നകന്ന്‌ നില്‍ക്കാന്‍, ബാങ്ക്‌ വിളി കേള്‍ക്കുമ്പോള്‍ പള്ളിയില്‍ പോകാനാവശ്യമായതിന്റെ പതിന്‍മടങ്ങ്‌ ഭയഭക്തി കൂടിയേ തീരൂ. ദുര്‍വൃത്തികളില്‍ നിന്ന്‌ മോചനം നേടുമ്പോള്‍ മാത്രമേ സംസ്‌കരണവും നടക്കുകയുള്ളൂ.

ദൈവധിക്കാരം കാണിക്കുന്നതിന്‌ തടസ്സമായി നില്‍ക്കുന്ന തഖ്‌വ, അവിവേകങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ വിവേകം, ജനങ്ങളുമൊത്ത്‌ ജീവിക്കാനാവശ്യമായ സ്വഭാവശീലങ്ങള്‍ ഇവയിലേതെങ്കിലുമൊന്ന്‌ ഒരാള്‍ക്കില്ലെങ്കില്‍ അയാളുടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു പ്രസക്തിയുമില്ലെന്നാണ്‌ നബിവചനം. വ്യക്തികളുടെ ഭയഭക്തി, സമൂഹത്തില്‍ പ്രതിഫലിക്കേണ്ട സംസ്‌കൃത സ്വഭാവങ്ങളുടെ ചാലക ശക്തിയായിരിക്കണമെന്നാണ്‌ പ്രവാചകന്‍ പഠിപ്പിക്കുന്നത്‌. ആരാധനകളിലെ പോരായ്‌മകള്‍ സ്വഭാവ വിശുദ്ധിയിലൂടെ പരിഹരിക്കപ്പെടുമെന്ന്‌ ചില ഹദീസുകളില്‍ കാണാം. എന്നാല്‍ സ്വഭാവശീലങ്ങളിലെ വീഴ്‌ചകള്‍ക്ക്‌ ആരാധനകള്‍ പകരമാകുകയില്ല.

സമൂഹത്തില്‍ നിറഞ്ഞ്‌ നില്‍ക്കേണ്ട നന്മകളുടെ പട്ടിക അല്‍ബഖറയിലെ 17 ാം വചനത്തില്‍ വിസ്‌തരിച്ചു പറഞ്ഞ സന്ദര്‍ഭം പ്രസക്തമാണ്‌. വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ മുസ്‌ലിമില്‍ നിന്നുണ്ടാകുന്ന ഉദാരതയാണ്‌ അവിടെ പരാമര്‍ശിക്കുന്നത്‌. സമൂഹത്തിലെ ആറ്‌ വിഭാഗങ്ങളുമായി ഈ സ്വഭാവത്തിലൂടെ അവന്‍ കണ്ണി ചേര്‍ക്കുന്നു. കൃത്യനിഷ്‌ഠയോടെ നിര്‍വഹിക്കുന്ന നമസ്‌കാരം, ഇത്തരം സ്വഭാവശീലങ്ങളുടെ പ്രഭവകേന്ദ്രമായിട്ടാണതില്‍ വിശേഷിപ്പിക്കുന്നത്‌. ക്ഷമയും കരാര്‍ പാലനവും കൂടിയാകുമ്പോള്‍ നന്മയിലേക്കും പുണ്യത്തിലേക്കും നടന്നുനീങ്ങുന്ന സമൂഹത്തിന്റെ ചിത്രം പൂര്‍ത്തിയായി. ഇവരാണ്‌ സത്യത്തിന്റെ പാതയില്‍ ചലിക്കുന്നവരും ഭക്തന്മാരുമെന്ന പരാമര്‍ശം സല്‍ഗുണസമ്പന്നരായ വിശ്വാസികളുടെ സമൂഹത്തിന്‌ അല്ലാഹു നല്‍കുന്ന അംഗീകാരമാണ്‌.

ഉന്നതസ്വഭാവമൂല്യങ്ങള്‍ കൈവരിക്കാന്‍ വ്യക്തിക്കു ഏറെ ആവശ്യമായിരിക്കുന്നത്‌ ഉദാരമായ മനസ്സാണ്‌. ഈ ഉദാരതയാവട്ടെ, ഭക്തിയുടെ പൂര്‍ണരൂപമായിട്ടാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. പൂര്‍ണഭക്തന്‍, പരമഭക്തന്‍ എന്നീ ആശയങ്ങള്‍ക്ക്‌ അത്‌ഖാ എന്നാണ്‌ ഭാഷാ പ്രയോഗം. ഇത്‌ ഖുര്‍ആനില്‍ രണ്ടിടത്താണ്‌ വന്നിരിക്കുന്നത്‌. ഉദാരസമീപനങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമാണ്‌ രണ്ടിടത്തും പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. സൂറതു ഹുജുറാത്ത്‌ 13ാം വചനത്തിലാണ്‌ പൂര്‍ണഭക്തന്‍ എന്ന ആദ്യത്തെ പ്രയോഗം. അതിന്‌ മുമ്പുള്ള 12 വചനങ്ങളിലെ ആശയപശ്ചാത്തലം വിലയിരുത്തിയാല്‍ അത്‌ഖായുടെ അര്‍ഥം വ്യക്തമാണ്‌. പകയും പകരംവീട്ടലുമില്ലാതെ, ഏഷണിയും പരദൂഷണവും നടത്താതെ, പരിഹാസവും പ്രതികാരചിന്തയുമില്ലാതെ പരസ്‌പരം സ്‌നേഹവും സൗഹാര്‍ദവും പങ്കിട്ടുകൊണ്ട്‌ എല്ലാവരെയും സഹോദരന്മാരായി കാണുന്ന വിശാലമനസ്സിന്റെ ഉടമ എന്നായിരിക്കും അവിടെ പ്രയോഗിച്ച അത്‌ഖായുടെ ഏറ്റവും നല്ല അര്‍ഥം.

രണ്ടാമത്തെ പ്രയോഗം 92:17 ആണ്‌. ആത്മവിശുദ്ധി നേടുവാനായി ധനം നല്‍കുന്ന ഏറ്റവും സൂക്ഷ്‌മതയുള്ള വ്യക്തി നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നതാണ്‌ എന്നാണവിടെ അര്‍ഥം. തനിക്ക്‌ ലഭിച്ച സമ്പത്തിന്റെയും സൗകര്യങ്ങളുടെയും യഥാര്‍ഥ ഉടമ താനല്ല എന്ന ചിന്തയില്‍ നിന്നാണ്‌ അനന്തമായ ഉദാരത ഉടലെടുക്കുന്നത്‌. നരകമുക്തിക്ക്‌ ഈ ജീവിതശൈലി സഹായകമാണ്‌ എന്നപോലെ ഭൗതിക ജീവിത സൗകര്യങ്ങള്‍ക്കും ഇത്‌ ആവശ്യമാണെന്ന്‌ തൊട്ടുമുമ്പിലുള്ള വരികളില്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്‌. ഉദാരതയും ഭക്തിയും നല്ലത്‌ അംഗീകരിക്കാനുള്ള സന്മനസ്സും നേടിയവര്‍ക്ക്‌ ജീവിതത്തില്‍ എളുപ്പമാര്‍ഗങ്ങള്‍ ലഭിക്കുമെന്നാണവിടെ പറയുന്നത്‌.

ഈ രണ്ട്‌ പ്രയോഗങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരു ഘടകമുണ്ട്‌; മനസ്സിന്റെ ഉദാരത. ക്ഷമ, സഹനശീലം, സ്‌നേഹം, വാത്സല്യം, സത്യസന്ധത തുടങ്ങിയ ഉല്‍കൃഷ്‌ട ഗുണങ്ങള്‍ പ്രകടിപ്പിക്കാനും തന്റെ സമ്പത്ത്‌ യഥേഷ്‌ടം നല്ല കാര്യങ്ങള്‍ക്ക്‌ നീക്കിവെക്കാനും ഉദാരമനസ്സിന്റെ ഉടമകള്‍ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ.

സാമ്പത്തിക ഉദാരതയെക്കാള്‍ പ്രധാനം സ്വഭാവരംഗത്തെ ഉദാരതയാണ്‌. ദാനം ചോദിച്ച്‌ നമ്മെ സമീപിക്കുന്നവര്‍ക്ക്‌ നാമൊന്നും കൊടുക്കുന്നില്ല എന്നിരിക്കട്ടെ. നാമല്ലാത്ത മറ്റൊരാളെ സമീപിച്ചാല്‍ അയാളുടെ ആവശ്യം നിര്‍വഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, നമ്മില്‍ നിന്ന്‌ ഒരാള്‍ പ്രതീക്ഷിക്കുന്ന സ്‌നേഹബഹുമാനങ്ങള്‍, കാരുണ്യം, വാത്സല്യം, സൗഹൃദം തുടങ്ങിയവ നാമയാള്‍ക്ക്‌ നിഷേധിക്കുകയാണെങ്കില്‍, അത്‌ പകരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. നമ്മില്‍ നിന്ന്‌ ലഭിക്കേണ്ട ഈ ഗുണങ്ങള്‍ മറ്റൊരാള്‍ നല്‍കിയാലും നാം നല്‍കുന്നതുപോലെയാവില്ല അത്‌. അത്‌ഖാ (പരമഭക്തന്‍) എന്ന പ്രയോഗം ഏറെ ബന്ധപ്പെട്ടിരിക്കുന്നത്‌ ഉല്‍കൃഷ്‌ട സ്വഭാവഗുണങ്ങളോടാണെന്ന്‌ സാരം. സമൂഹത്തിലെ എല്ലാ വ്യക്തികളും ഇപ്പറഞ്ഞ രൂപത്തില്‍ പൂര്‍ണഭക്തി കൈവരിച്ചാല്‍ അതോടുകൂടി സമൂഹസംസ്‌കരണവും നടക്കുന്നു.


അത്‌ഖാ എന്ന പ്രയോഗത്തിന്‌ ഖുര്‍ആന്‍ നല്‍കിയ അര്‍ഥവ്യാപ്‌തി ഉള്‍ക്കൊള്ളുന്ന വ്യക്തികളുടെ കൂട്ടായ്‌മയാണ്‌ ഇസ്‌ലാം കാണുന്ന ഉത്തമസമൂഹം (ഖൈറുഉമ്മഃ). മൂന്നാമധ്യായത്തിലെ 102 മുതല്‍ 104 വരെയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത്‌ സംസ്‌കൃതസമൂഹം രൂപപ്പെടുന്ന പശ്ചാത്തലമാണ്‌. ഭക്തിക്ക്‌ എന്തെല്ലാം മാനങ്ങളുണ്ടോ അവ കണ്ടെത്തുകയും പാലിക്കുകയും ചെയ്‌ത്‌ ജീവിക്കാനാണ്‌ ഈ വചനങ്ങളിലെ ആഹ്വാനം. `സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക' എന്ന പരാമര്‍ശം, നേരത്തെ പറഞ്ഞ അത്‌ഖായോടടുത്തു നില്‍ക്കുന്നു. വിശ്വാസം, ആരാധനകള്‍, സ്വഭാവഗുണങ്ങള്‍ ഇവയിലെ വിധിവിലക്കുകള്‍ പൂര്‍ണമായി പാലിക്കുമ്പോഴേ 102ാം വചനം അന്വര്‍ഥമാകുകയുള്ളൂ. അത്തരക്കാര്‍ക്ക്‌ മാത്രമേ എപ്പോള്‍ വേണമെങ്കിലും മുസ്‌ലിമായി മരിക്കാനും കഴിയുകയുള്ളൂ.

മുസ്‌ലിമായിക്കൊണ്ടല്ലാതെ മരിക്കരുത്‌ എന്നതിന്റെ അര്‍ഥം മുസ്‌ലിമായിക്കൊണ്ടല്ലാതെ ജീവിക്കരുത്‌ എന്നുകൂടിയാണല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഐക്യപ്പെടാനുള്ള ആഹ്വാനമാണ്‌ പിന്നീട്‌. തഖ്‌വയുടെ പൂര്‍ണരൂപങ്ങളായി മനസ്സും ശരീരവും പവിത്രമാക്കിയവര്‍ മാത്രമേ ഈ ഐക്യാഹ്വാനം സ്വീകരിക്കുകയുള്ളൂ. ഭക്തന്മാര്‍ ഇപ്രകാരം ഒന്നിക്കുമ്പോള്‍ രൂപപ്പെടുന്ന സാമൂഹികത, പുണ്യവും നന്മ നിറഞ്ഞതുമായ എല്ലാ കാര്യങ്ങളും വളര്‍ന്നുവികസിക്കാന്‍ വഴിയൊരുക്കുന്നു. ഇനി, മറ്റുള്ളവരെ ക്ഷണിക്കുന്നത്‌ നന്മ പൂത്തുലഞ്ഞുനില്‍ക്കുന്ന ഈ അന്തരീക്ഷത്തിലേക്കാണ്‌ (3:104). പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഈ അന്തരീക്ഷത്തില്‍ എളുപ്പമാകുന്നു. ദഅ്‌വത്തിന്റെ പ്രധാനഘടകങ്ങളായി ഈ വചനത്തില്‍ പറയുന്നത്‌ നന്മയിലേക്ക്‌ ക്ഷണിക്കുക, പുണ്യം കല്‌പിക്കുക, തിന്മ വിരോധിക്കുക എന്നീ കാര്യങ്ങളാണ്‌.

ഖുര്‍ആന്‍ 14:24ല്‍ തൗഹീദ്‌ പ്രസ്ഥാനത്തെ ഉപമിക്കുന്നത്‌ ഒരു വൃക്ഷത്തോടാണ്‌. അതിന്റെ ആഴത്തിലേക്കിറങ്ങിയ വേരും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കാണ്ഡഭാഗവും പടര്‍ന്നുപന്തലിച്ച കൊമ്പുകളും ഇലകളും കായ്‌കനികളും മേല്‍പറഞ്ഞ സാമൂഹികത പ്രതിഫലിപ്പിക്കുന്നു. ഒരിളക്കവും തട്ടാത്ത തൗഹീദ്‌, ആരാധനകളാകുന്ന കാണ്ഡം, സ്വഭാവഗുണങ്ങളാകുന്ന മേല്‍പ്പരപ്പ്‌ എന്ന രൂപത്തില്‍ ഈ സാമൂഹികതയെ വിശേഷിപ്പിക്കാം. ഈ സമൂഹം നിലകൊള്ളുന്ന പ്രദേശം തന്നെയും നന്മകളുടെ പുണ്യഭൂമിയായിരിക്കും. അവിടെ തലമുറകളായി ജീവിക്കുന്നവരും ഈ പാരമ്പര്യം മറ്റുള്ളവരിലേക്ക്‌ കൈമാറിക്കൊണ്ടിരിക്കും. ``നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചുവളരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്‌കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ചുവരികയില്ല.'' (7:58)

ആദര്‍ശവും ആദര്‍ശജീവിതവും രണ്ടായി നില്‍ക്കുന്നത്‌ സമൂഹസംസ്‌കരണ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. ശിര്‍ക്കൊന്നും ചെയ്യാതെ യഥാര്‍ഥ മുവഹ്‌ഹിദായി കഴിയുന്ന ഒരാള്‍ക്ക്‌ ആദര്‍ശമുണ്ട്‌. എന്നാല്‍ അസൂയ, പക, വിദ്വേഷം, കോപം, അസഹിഷ്‌ണുത, വക്രബുദ്ധി, അഹങ്കാരം തുടങ്ങിയവയാണ്‌ അയാളുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമുള്ളത്‌ എങ്കില്‍ അയാളുടേത്‌ ആദര്‍ശജീവിതമല്ല. ശിര്‍ക്കില്‍ നിന്ന്‌ മുക്തമായതൊഴിച്ചാല്‍ തൗഹീദിന്റെ പ്രശോഭിതാന്തരീക്ഷം അയാള്‍ക്ക്‌ നഷ്‌ടമാകുന്നു. ഈ ദുസ്സ്വഭാവങ്ങളത്രയും മനസ്സിന്‌ ആധിയാണ്‌. മനസ്സിന്റെ ആധിയാകട്ടെ ശരീരത്തിന്‌ വ്യാധിയുമായിരിക്കും.

സംസ്‌കൃത സമൂഹത്തിന്‌ ഖുര്‍ആന്‍ നല്‍കുന്ന പേര്‌ ഹിസ്‌ബുല്ലാഹ്‌ എന്നാണ്‌. അല്ലാഹുവിന്റെ പാര്‍ട്ടി. ഇതിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേകത ഖുര്‍ആന്‍ വിവരിക്കുന്നതിപ്രകാരമാണ്‌: ``അല്ലാഹു അവരുടെ മനസ്സില്‍ ഈമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവന്റെ പക്കല്‍ നിന്നുള്ള ആത്മചൈതന്യം കൊണ്ട്‌ അവരെ തുണയ്‌ക്കുകയും ചെയ്യുന്നു'' (58:22). തൗഹീദില്‍ തുടങ്ങി എഴുപതിലധികം ശാഖകളായി വികസിച്ചു നില്‍ക്കേണ്ട ഈമാന്‍ കൊത്തിവെച്ച മനസ്സിന്‌ മേല്‍പറഞ്ഞ ദുസ്സ്വഭാവങ്ങള്‍ തീര്‍ത്തും ദുസ്സഹമായിരിക്കും. അല്ലാഹു അവന്റെ അനുഗ്രഹമായി രേഖപ്പെടുത്തിയ ഈമാന്‍ മനസ്സിന്‌ അലങ്കാരമായിട്ടാണ്‌ ഖുര്‍ആന്‍ വിലയിരുത്തുന്നത്‌. ഒരിക്കലും വിട്ടുപിരിയാത്ത ആത്മസുഹൃത്തുമാണ്‌ ഈമാന്‍.

അല്ലാഹു കോറിയിട്ട ഈമാന്‍ നാം കോരിയെറിയാതിരിക്കുക. എങ്കില്‍ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ഉത്തമസമൂഹത്തിലെ ഉല്‍കൃഷ്‌ട വ്യക്തികളായി നമുക്ക്‌ വളരാം.

by ജമാലുദ്ദീന്‍ ഫാറൂഖി @ ശബാബ് വാരിക