ഖുര്‍ആന്‍ പരിവര്‍ത്തനത്തിന് പ്രചോദനമാവണം

'ഹുദന്‍ലിന്നാസ്' ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായി ഇറക്കിയിട്ടുള്ള ഗ്രന്ഥം - ഖുര്‍ആന്‍. ആ മാര്‍ഗദര്‍ശക ഗ്രന്ഥം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് നാം നടത്തേണ്ടത്. ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ് എന്ന യാഥാര്‍ത്യബോധം സമൂഹത്തിലുണ്ടാക്കാന്‍ വേണ്ടി ശ്രമിക്കണം. വിജ്ഞാനവും ഈമാനും വേര്‍തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്.

ഇന്ന് ഖുര്‍ആന്‍ പഠിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. പരിഭാഷകളും സീഡികളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമുണ്ട്. പഴയകാലത്തെപ്പോലെ മനപ്പാഠമില്ലെങ്കിലും ഖുര്‍ആന്‍ വിഷയാധിഷ്ടിതമായി പഠനം നടത്താന്‍ സൌകര്യങ്ങളുള്ള അനവധി സംവിധാനങ്ങള്‍ നമുക്കുണ്ട്. അഥവാ ആളുകള്‍ക്ക് വിജ്ഞാനം ലഭിക്കാനുള്ള ഉപാധികള്‍ ആയിക്കഴിഞ്ഞു എന്നാണിത് അര്‍ഥമാക്കുന്നത്.

നബി (സ) പരലോകത്ത് വച്ച് അല്ലാഹുവിനോടൊരു സങ്കടം ബോധിപ്പിക്കുമെന്ന് ഖുര്‍ആനിലുണ്ട്. നബി (സ) പറയുന്നു : "എന്റെ നാഥാ, എന്റെ സമുദായം ഈ ഖുര്‍ആനിനെ കയ്യൊഴിഞ്ഞു കളഞ്ഞു". ഈ സമുദായം നമ്മളാണ്. അപ്പോള്‍ ഖുര്‍ആന്‍ കയ്യിലില്ലെന്നോ, ഖുര്‍ആന്‍ സീഡികളോ പരിഭാഷകളോ കയ്യിലിലെന്നോ അല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. എന്നാല്‍ നമ്മള്‍ ഖുര്‍ആനിനെ തള്ളിക്കളയുന്നില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കുന്നുമില്ല. പിന്നെ ഈ കയ്യൊഴിഞ്ഞു കളഞ്ഞു എന്നതിന്റെ വിവക്ഷയെന്താണ്? ഖുര്‍ആന്‍ പറയുന്നത്, ഖുര്‍ആന്‍ ഓതുകയും മനസ്സിലാക്കുകയും ചെയ്തിട്ട് ജീവിതത്തില്‍ പകര്‍ത്താതിരിക്കുന്നത് ഖുര്‍ആന്‍ കയ്യൊഴിഞ്ഞു കളയലാണ് എന്നാണ്. ഖുര്‍ആന്‍ പാരായണം ചെയ്തിട്ടും അര്‍ഥം പഠിക്കാനും മനസ്സിലാക്കാനും സാഹചര്യമൊരുങ്ങിയിട്ടും ഖുര്‍ആന്‍ കയ്യൊഴിച്ചവരുടെ കൂട്ടത്തില്‍ പെട്ട്പോകുമോ എന്ന് ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ആശങ്കിക്കേണ്ടതുണ്ട്.

അറിവിനേക്കാള്‍ വലുതാണ്‌ ഈമാനെന്നു പറയാറുണ്ട്. പക്ഷെ അല്ലാഹുവില്‍ വിശ്വസിക്കുക' അവന്റെ പ്രവാചകനില്‍ വിശ്വസിക്കുക, അവന്റെ ഖളാ ഖദറില്‍ വിശ്വസിക്കുക' അന്ത്യനാളില്‍ വിശ്വസിക്കുക തുടങ്ങിയ ഈമാന്‍ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈമാനാണോ അതോ ഇല്‍മാണോ ഉള്ളത്? ഒരുകാര്യം ഇങ്ങനെയാണ് എന്നറിഞ്ഞാല്‍ ഇല്‍മായി. എന്നാല്‍ ഇല്‍മുള്ള എല്ലാ ആളുകളും മുഅ'മിനാകുന്നില്ല. ഈമാനുണ്ടാകണം. അഥവാ വിജ്ഞാനത്തിന് മനസ്സറിഞ്ഞു അംഗീകരിച്ചു അനുഷ്ടിക്കാനുള്ള മനസ്ഥിതി ഉണ്ടാകണം. ഇബ്-ലീസ് വിജ്ഞാനത്തില്‍ കുറവുള്ളവനല്ല. പക്ഷെ ആ വിവരത്തെ ഈമാനെന്നു പറയില്ല. നബി (സ)യെ വിട്ടുകൊടുക്കാന്‍ ഖുറൈശികള്‍ അബൂ ത്വാലിബിനോട് ആവശ്യപ്പെട്ട സന്ദര്‍ഭം. അബൂ ത്വാലിബ്‌ നബി (സ)യെ വിളിച്ചു പറഞ്ഞു : "നീ പറയുന്ന കാര്യമൊക്കെ ശരിയാണെന്നെനിക്കറിയാം". പക്ഷെ, അയാള്‍ വിശ്വസിച്ചില്ല. മറ്റൊരവസരത്തില്‍ സംരക്ഷകനായ മൂത്താപ്പയോടു 'ലാ ഇലാഹ ഇല്ലല്ലാഹ്'എന്ന കലിമ ഉച്ചരിക്കാന്‍ നബി (സ) പറഞ്ഞപ്പോള്‍ അബൂത്വാലിബ്‌ പറഞ്ഞതും മേല്പറഞ്ഞ പോലെ തന്നെയായിരുന്നു. അപ്പോള്‍ കാര്യങ്ങളറിയുക എന്നതല്ല ഈമാന്‍. അതിന്നപ്പുറത്താണ്. അത് പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതാകണം.

ഖുര്‍ആന്‍ കേള്‍ക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടും ഖുര്‍ആനിനെ തള്ളിക്കളയുക എന്ന കുറ്റത്തില്‍ നിന്നും രക്ഷനേടണമെങ്കില്‍ ഖുര്‍ആനിക ആശയങ്ങള്‍ നമ്മുടെ പ്രവൃത്തിയില്‍ പ്രതിഫലിക്കണം. ആയിഷ (റ)യോട് നബി (സ) യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഖുര്‍ആനായിരുന്നു നബി (സ)യുടെ സ്വഭാവം എന്നായിരുന്നല്ലോ മറുപടി. ഖുര്‍ആനെക്കുറിച്ച് വിശേഷിപ്പിച്ച ചില ഗുണങ്ങളുണ്ട്. റഹ്മത്താണ് എന്ന് പറഞ്ഞതാണൊന്ന്. ഈ പദം നബി (സ)യെ സംബന്ധിച്ചും അല്ലാഹുവെക്കുറിച്ചും പറഞ്ഞു. കാരുണ്യവാനായ പടച്ചവന്‍ അയച്ച പ്രവാചകന്‍ ലോകര്‍ക്ക് റഹ്മതാനെന്നു ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക്‌ അനുഗ്രഹമായ പ്രവാചകന്‍ പറയുന്നത് 'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങള്‍ക്ക് കാരുണ്യം ചൊരിയും' എന്നാണ്. അപ്പോള്‍ സ്നേഹവായ്പ്പും കാരുണ്യവും ജനങ്ങളോട് അതീവ താല്പര്യവുള്ളവനുമായിരുന്നു പ്രവാചകന്‍ (സ). നിങ്ങളോട് താല്‍പ്പര്യമുള്ള, നിങ്ങള്‍ക്ക് വിഷമമുണ്ടാകുന്നതില്‍ അങ്ങേയറ്റം വിഷമിക്കുന്ന പ്രവാചകന്‍ എന്ന് ഖുര്‍ആന്‍ നബി (സ)യെ വിശേഷിപ്പിക്കുകയുണ്ടായി. അപ്പോള്‍ ഖുര്‍ആനിന്റെ കാരുണ്യത്തിന്റെ ഭാവം നമുക്ക് ലഭിക്കണമെങ്കില്‍ ഖുര്‍ആന്‍ നമ്മില്‍ ചലനം സൃഷ്ടിക്കണം.

അല്ലാഹുവിനെക്കുറിച്ചും ഖുര്‍ആനെക്കുറിച്ചും പ്രകാശ(നൂര്‍)മാണെന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. പ്രകാശത്തിന്മേല്‍ പ്രകാശം,വ്യക്തമായ പ്രകാശം എന്നൊക്കെ ഖുര്‍ആനില്‍ കാണാം. സത്യമാര്‍ഗത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള മനസ്സുകളെ ആകര്‍ഷിക്കുന്ന പ്രകാശമാണെന്നാണതിന്റെ സാരം. അപ്പോള്‍ ഖുര്‍ആന്‍ മനുഷ്യനെ ഇരുട്ടില്‍ നിന്നും മോചിപ്പിക്കണം. മാലിന്യങ്ങളില്‍നിന്നും ജീവിതത്തെ മുക്തമാക്കാന്‍ ഇത്കൊണ്ട് സാധിക്കണം. ശിര്‍ക്ക് ഒന്നാമത്തെ അന്ധകാരമാണ്' മാലിന്യമാണ്. മനുഷ്യന്‍ അവനെ സൃഷ്‌ടിച്ച ദൈവത്തെ ആരാധിക്കുക എന്നതിന് ഇടത്തട്ടുകേന്ദ്രങ്ങളുണ്ടായി എന്നത് മനുഷ്യന്റെ ബുദ്ധിപരമായ ഏറ്റവും വലിയ പാപ്പരത്തമാണ്. ദൈവം കാരുണ്യവാനാണ്‌, വാത്സല്യനിധിയാണ്‌ എന്നൊക്കെപ്പറഞ്ഞിട്ടും ഇടയാളന്മാര്‍ ഉണ്ടാകണം എന്നുവരുന്നത്‌ വങ്കത്തം തന്നെയാണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ട മനുഷ്യന്‍ ഇങ്ങനെ പാപ്പരത്തത്തില്‍ പെട്ടുപോകില്ല. അല്ലാഹുവിന്റെ ദീനുള്‍ക്കൊണ്ട മനുഷ്യന്‍ പരന്ന അടിവേരുള്ള മരംപോലെ സ്ഥിരതയും ദൃടതയും ഉള്ളവനായിരിക്കും എന്നാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അല്ലാത്തവര്‍ അസ്ഥിരചിതരായിരിക്കുമെന്നതിനു സമകാലിക ഉദാഹരണങ്ങള്‍ ഏറെയുണ്ടല്ലോ. ബുദ്ധിരാക്ഷസന്മാരും ഒന്നിലധികം ബിരുദാനന്തര ബിരുദമുള്ളവരും രാഷ്ട്രീയ മീമാംസകരും മറ്റും പല പ്രതിസന്ധികള്‍ക്ക് മുമ്പിലും നിസ്സാരന്മാരായിപ്പോകുന്നു. രാഷ്ട്രീയനേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ദിഗംബരന്മാരായ സന്യാസിമാര്‍ക്ക് മുമ്പില്‍ കാത്തുകിടന്നു അനുഗ്രഹം വാങ്ങുന്നവാര്‍ത്ത നമ്മള്‍ അറിഞ്ഞതാണ്. ആപത്തുകള്‍ വരുമെങ്കിലും ഏകദൈവവിശ്വാസികള്‍ ഇത്തരം അഥസ്ഥിതാവസ്തയിലേക്ക് ആപതിക്കില്ലെന്നത് യാഥാര്‍ത്യമത്രെ. സത്യവിശ്വാസികള്‍ക്ക്‌ ഗുണമായാലും ദോഷമായാലും നന്മയാണെന്നത് അവരുടെ മാത്രം പ്രത്യേകതയാണ്. ഖുര്‍ആന്‍ മോചിപ്പിച്ച മനുഷ്യന്‍ ഭൂമിയില്‍ എല്ലായ്പ്പോഴും മനുഷ്യര്‍ക്ക്‌ തണലേകുന്നു, ആശ്വാസമേകുന്നു. അത്തരം ആളുകളുടെ സാന്നിധ്യം ജനങ്ങള്‍ കൊതിക്കും. ഇസ്ലാമികചരിത്രം ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നു അവരോടു ജനങ്ങള്‍ അപേക്ഷിക്കുന്ന ഒരവസ്ഥ സംജാതമാകുന്നു. ഇന്ന് ലോകത്ത് കാണുന്നത് നേതൃത്വം കയ്യടക്കാനുള്ള കിടമത്സരമാണ്. പ്രവാചകന്റെ ജീവിതത്തില്‍ നിന്നും മാതൃകയുള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ ഖുര്‍ആന്‍ നമുക്ക് കരുത്തേകണം.

അതീവഗുരുതരമായി മുസ്ലിംകള്‍ കണക്കിലെടുക്കേണ്ട മറ്റൊരു വസ്തുതയാണ് ലോകമാന്യം. ഇന്ന് ലോകമാന്യതിന്റെ ഒരു സംസ്കാരം വളര്‍ന്നു വരികയാണ്. ധാരാളമായി സല്‍കര്‍മ്മങ്ങള്‍ ചെയ്ത ഒരു മനുഷ്യനെ പരലോകത്ത് നിന്ദ്യമായി ശിക്ഷിക്കുന്നതിനെപ്പറ്റി പ്രവാചകന്‍ (സ) പറഞ്ഞു തന്നിട്ടുണ്ടല്ലോ. ഏറെക്കുറെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടും റബ്ബ് പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കാതെ പരിഹാസ്യമാകുന്ന അവസ്ഥ. മറ്റുള്ളവര്‍ കാണാനും പരിഗണിക്കാനും വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണീ ദുര്യോഗമെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്‌. എന്ത് നല്‍കി എന്നാലോചിക്കാതെ എന്ത് കിട്ടാനുണ്ട് എന്ന് ചിന്തിക്കുന്ന പ്രവണതയും വ്യാപിക്കുകയാണ്. ഒരാളോട് പുഞ്ചിരിക്കുന്നതും സൌഹൃതം സ്ഥാപിക്കുന്നതുപോലും നേട്ടത്തിനായി വഴിമാറുന്നത്‌ നാം അനുവദിച്ചു കൊണ്ടിരിക്കുന്നു. എന്തിനു,മരണസന്ദര്‍ശനങ്ങള്‍ പോലും എന്തെങ്കിലും നേട്ടത്തിന്റെ സാധ്യതകള്‍ കണ്ടുകൊണ്ടായിരിക്കുന്നു. മന്ത്രിയുടെ മകന്‍ മരിച്ചു എന്നറിഞ്ഞു പോകാനൊരുങ്ങിയപ്പോള്‍ മന്ത്രിയാണ് മരിച്ചതെന്നറിഞ്ഞു തിരിച്ചുപോന്നു എന്നത് കേവലമൊരു ഉദാഹരണമോ തമാശയോ അല്ലാതായിരിക്കുന്നു. യാഥാര്‍ത്യത്തിന്റെ ഭീകരമായ മുഖം!

ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നവര്‍ പ്രകാശം പരത്തുന്നവരായിരിക്കണം. ദുഷിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാര്‍ഗനിര്‍ദേശത്തിന്റെ വെളിച്ചം പകരാന്‍ അതുകൊണ്ട് സാധിക്കണം. ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ എന്ന് ഖുര്‍ ആന്‍ ആക്ഷേപിച്ചവരുടെ ഗണത്തില്‍ നമ്മളുള്‍പ്പെട്ടുപോകരുത്. അതിനു ഖുര്‍ആന്‍ വായിച്ചും ഉള്‍ക്കൊണ്ടും അംഗീകരിച്ചും മനസ്സിലിഷ്ടപ്പെട്ടു ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് സാധിക്കണം. റബ്ബ് അതിന്നനുഗ്രഹിക്കട്ടെ.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍