സംഘടന കൊണ്ട് എനിക്കെന്തുകിട്ടി?

പ്രശസ്തനായ ഒരു ഗായകനുമൊത്തുള്ള അഭിമുഖലേഖനം വായിച്ചു. അദ്ദേഹം വളര്‍ത്തിയെടുത്ത മറ്റൊരു ഗായകന്‍ വലിയ പ്രസിദ്ധനായതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു : "അദ്ധേഹത്തെ വളര്‍ത്തിയെടുത്തത് ഞാനാണെന്ന് പറഞ്ഞുകൂടാ. ദൈവമാണ് ആളുകളെ വളര്‍ത്തുന്നതും വലുതാക്കുന്നതും. ചിലപ്പോള്‍ നമ്മള്‍ അതിനു നിമിത്തമാകുന്നുവെന്ന് മാത്രം". പക്വവും ചിന്താര്‍ഹാവുമായ മറുപടിയാണിത്. മറ്റുള്ളവരെ വലുതാക്കിയെടുക്കുമ്പോഴും സ്വയം വലുതാകാന്‍ ആഗ്രഹിക്കാത്ത നല്ല മനസ്സിന്റെ മറുപടി.

രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്ന് മതപ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നതെന്താണ്?

പലതുമുണ്ട്. പക്ഷെ, മതപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും ഇക്കാര്യം കാണാതെ പോകുന്നുണ്ടോ? വ്യക്തിപരമായ അഭ്യുന്നതിയും പ്രശസ്തിയും പരിഗണനയും ലഭിക്കാതെ വരുമ്പോള്‍ സംഘടനയില്‍ നിന്നും തെറ്റിപ്പിരിയുകയും മറുകണ്ടം ചാടുകയുമൊക്കെ ചെയ്യുന്ന പല അനുഭവങ്ങളും മതപ്രസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ചെറിയ വ്യക്തിക്കും അര്‍ഹമായ പരിഗണനയും ശ്രദ്ധയും സഹപ്രവര്‍ത്തകരില്‍ നിന്നും നേതൃത്വത്തില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. പക്ഷെ അത് ലഭിക്കണമെന്ന് സ്വയം ആഗ്രഹിക്കുകയും ലഭിക്കാതെ വരുമ്പോള്‍ പിണങ്ങുകയും ചെയ്യുന്നത് വ്യക്തിത്വത്തിന്റെ അല്‍പ്പത്തത്തെയാണ്‌ കാണിക്കുന്നത്. ചെറിയ മനസ്സുള്ളവര്‍ വലിയ വിഷമങ്ങള്‍ അനുഭവിക്കുന്നവരാണ്. പെട്ടെന്ന് പിണങ്ങാനും തെറ്റിപ്പിരിയാനും സാധ്യതയുണ്ട്. അങ്ങനെയുള്ളവരെ പ്രത്യേകം പരിഗണിക്കുന്നിടത്ത്‌ നേതൃത്വം വിജയിക്കേണ്ടതുണ്ട്.

"ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു". "ആ നിര്‍ദേശം വച്ചത് ഞാനാണ്". "ഞാനൊക്കെ ഉണ്ടായിരുന്ന കാലം! ". "ഞാനല്ലേ അവനെ സംഘടനയിലേക്ക് കൊണ്ട് വന്നത് ". ഇങ്ങനെയുള്ള സംസാരങ്ങള്‍ നിരവധി കേള്‍ക്കുന്നവരാണ്‌ നമ്മള്‍ . വ്യക്തി സ്വയം പൊങ്ങിനില്‍ക്കുന്ന സംസാരങ്ങള്‍. മറ്റുള്ളവര്‍ നല്‍കുന്നതിനേക്കാള്‍ 'മാര്‍ക്ക്' സ്വന്തത്തിനു ചാര്‍ത്തുന്ന സംസാരങ്ങള്‍ . പിശാചിന്റെ പ്രേരണയാണ് അഹന്തയുടെ അടിവേര്. വലുപ്പം നടിക്കാന്‍ ആര്‍ക്കും സാധിക്കും. ചെറുതാകാനും ചെയ്ത കാര്യങ്ങള്‍ വിളിച്ചു പറയാതിരിക്കാനും വലിയ മനസ്സുള്ളവര്‍ക്കെ സാധിക്കൂ.

ഉപദേശം ചോദിച്ചുവന്നവരോട് താബിഉകളില്‍ പ്രസിദ്ധനായ ഫുദൈലുബ്നു ഇയാദ് പറഞ്ഞത് നമ്മളെല്ലാം നെഞ്ചില്‍ കുറിച്ചിടെണ്ടതാണ് . 'നിങ്ങള്‍ ഖുര്‍ആന്‍ മുറുകെപിടിക്കുക. സുന്നത് പിന്തുടരുക. നമസ്കാരത്തില്‍ നിഷ്ഠപുലര്‍ത്തുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നാശം. ഈകാലം പഴയകാലമല്ല. നീ നിന്റെ നാവു സൂക്ഷിക്കുക. നിന്റെ സ്ഥാനം ആരും കാണാത്തിടത്താവട്ടെ. രാവിന്റെ നിശബ്ദതയില്‍ നിന്റെ നാഥനുമായി രഹസ്യസംസാരം നടത്തുക. നല്ലത് ചെയ്യുക. തിന്മ കൈവെടിയുക".

ഹാകിം ഉദ്ധരിച്ച വിശ്രുതമായ ഒരു ഹദീസ് : "തഖ്'വയുള്ളവരും പുണ്യവാന്മാരും പ്രശസ്തി ആഗ്രഹിക്കാത്തവരുമായ ആളുകളെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവര്‍ ഒരു സദസ്സില്‍ വന്നാല്‍ അവരെ ആരും തിരിച്ചറിയുകയില്ല. അവര്‍ വന്നില്ലെങ്കില്‍ ആരും അവരെ അന്വേഷിക്കുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ പ്രകാശദീപങ്ങളാവുന്നു. ഇരുള്‍മുട്ടിയ എല്ലാ വിജനപ്രദേശത്തും അവര്‍ വരും".
നുഅ'മാനുബ്നു മുഖര്‍റിന്റെ നേതൃത്വത്തില്‍ നഹാവന്തിലേക്ക് ഒരു സേനയെ ഖലീഫ ഉമര്‍ (റ) അയച്ചു. യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ കാണാനെത്തിയ ദൂതനോട് ഉമര്‍ (റ) ചോദിച്ചു : "എന്തൊക്കെയാണ് യുദ്ധഭൂമിയിലെ വിശേഷങ്ങള്‍? ആരെല്ലാം ശഹീദായി?" ദൂതന്‍ ശുഹദാകളുടെ പേര് പറഞ്ഞു തുടങ്ങി. "വേറെയും കുറേപേര്‍ ശഹീദായി. പക്ഷെ, അവരുടെ പേരുകള്‍ ഞങ്ങള്‍ക്കറിയില്ല". അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു : "നിങ്ങള്‍ക്കറിയില്ലെങ്കിലും അല്ലാഹുവിന്നറിയാം. രക്തസാക്ഷിത്വം നല്‍കി അവരെ ആദരിച്ച അല്ലാഹുവിനു അവരെ അറിയാം. അവരുടെ പേരറിയാം. മാതാക്കളെ അറിയാം". [അല്‍ഖരാജ്, അബൂയൂസുഫ് 35]

പ്രശസ്തി ആഗ്രഹിക്കാതെ പ്രസ്ഥാനത്തിന്റെ പാതയില്‍ മുന്നേറിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നമുക്കുണ്ട്. ആരും അവരെ തിരിച്ചറിഞ്ഞിട്ടില്ല. മഹല്ലുകളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ , ആളുകളുടെ ശകാരം കേട്ടവര്‍ , തൌഹീദിന്റെ ആദര്‍ശം സ്വീകരിച്ചതിന്റെ പേരില്‍ യാതനകള്‍ അനുഭവിച്ചവര്‍ . ഒരു സ്ഥലത്തും അവരുടെ പേരുകള്‍ അച്ചടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവരാണ് ഈ മഹാപ്രസ്ഥാനത്തിന്റെ മുതല്‍കൂട്ട്. അവരുടെ കണ്ണീരും ത്യാഗവും ഗദ്ഗദങ്ങളുമാണ് നമ്മുടെ ഈട് വെയ്പ്പ്. അവരുടെ മനസ്സുനൊന്ത പ്രാര്‍ത്ഥനകളാണ് നമ്മുടെ മുന്നേറ്റത്തിന്റെ ഊക്കും ഊര്‍ജവും.

പ്രസ്ഥാനത്തെക്കാള്‍ വലുപ്പത്തില്‍ സ്വന്തത്തെ വളര്‍ത്തി എടുക്കുന്നവര്‍ ഏതൊരു പ്രസ്ഥാനത്തിനും നാശമേ വരുത്തൂ. പ്രസ്ഥാനവും അതിന്റെ സഞ്ചാരവും തന്റെ ചൊല്‍പ്പടിക്ക് ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ വലിയ ദുരന്തങ്ങളാണ് വരുത്തിവെക്കുക. സ്വന്തത്തെക്കുറിച്ച് അമിതമായ മതിപ്പുള്ളവര്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം രൂപപ്പെടുത്താന്‍ ആവില്ല. 'ഞാന്‍' എന്ന പദം സംസാരത്തില്‍ നിന്നും കഴിവതും ഒഴിവാക്കുകയാണ് എപ്പോഴും നല്ലത്. "ഒരാള്‍ ഉള്ളതില്‍ കവിഞ്ഞ വില തനിക്കിട്ടാല്‍ യഥാര്‍ത്ഥ വിലയിലേക്ക് അല്ലാഹു അയാളെ താഴ്ത്തിക്കൊണ്ട് വരും" എന്ന് ഇമാം ശാഫിഈ ഒരു കവിതയില്‍ പറയുന്നുണ്ട്. ബിശ്രുബ്നുല്‍ ഹാരിസുല്‍ ഹാഫി പറഞ്ഞു : "തന്റെ കര്‍മ്മങ്ങള്‍ വലുതായി കാണുകയും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമായി ഗണിക്കുകയും ചെയ്യുന്നതാണ് അപകടം".

നമ്മളൊക്കെ ചെറിയവരാണ്. ഇതൊരു വലിയ പ്രസ്ഥാനവും. ഈ മഹാപ്രസ്ഥാനപ്രവാഹത്തില്‍ ഇടക്കെപ്പോഴോ വന്നുചേരുന്ന ചെറിയ കണങ്ങള്‍ മാത്രമാണ് നമ്മളോരോരുത്തരും. അധികാരമേറ്റയുടനെ ഉമര്‍ (റ) പറഞ്ഞുവല്ലോ; " 'ലാ ലീ വലാ അലയ്യ' എനിക്കിതില്‍നിന്നും ഒന്നുംവേണ്ട. എന്നെക്കൊണ്ട് നിങ്ങള്‍ക്ക് ആപത്തൊന്നും ഉണ്ടാവുകയില്ല". ഇതായിരിക്കട്ടെ നമ്മുടെയും നിലപാട്.

പ്രസ്ഥാനംകൊണ്ടും സംഘടനാപ്രവര്‍ത്തനംകൊണ്ടും എനിക്കെന്തുകിട്ടി എന്നന്വേഷിക്കാതെ, നമ്മുടെ ആരോഗ്യവും ഒഴിവു സമയങ്ങളും സമ്പത്തും ഊര്‍ജ്ജവും ആവുന്നത്ര ഈ ആദര്‍ശത്തിന് വേണ്ടി നീക്കിവെച്ചു മറ്റാരുടെയും പ്രശംസയോ അഭിനന്ദനമോ ആഗ്രഹിക്കാതെ, പ്രശസ്തിമോഹങ്ങളില്ലാതെ മുന്നേറുക. നമ്മുടെ പ്രവര്‍ത്തനം നേതാക്കളാരും കണ്ടില്ലായിരിക്കാം, പക്ഷെ അണ്'മണിതൂക്കം നന്മക്കും പ്രതിഫലം കാത്തുവച്ചിരിക്കുന്നവന്‍ എല്ലാം കാണുന്നു.

by പി എം എ ഗഫൂര്‍ @ വിശ്വാസി ഓര്‍മ്മിക്കേണ്ടത് [2] from യുവത ബുക്ക്‌ഹൌസ്