ആദരിക്കപ്പെടേണ്ട സ്തീത്വം

മാതാപിതാക്കളുടെ സ്നേഹം, ആദരവ്, പരിഗണന മുതലായവയ്ക്ക് സ്ത്രീകളാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നു ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു.

വളരെ പഴക്കമുള്ള സംസ്കാരമായിരുന്നു അമേരിക്കന്‍സംസ്കാരം. യൂപ്രട്ടീസ്, ടൈഗ്രിസ്‌ നദികള്‍ക്ക്മദ്ധ്യേ സ്ഥിതിചെയ്തിരുന്ന മേസപ്പോട്ടോമിയയുടെ ഉത്തരഭാഗത്താണ് ഈ സംസ്കാരം തഴച്ചു വളര്‍ന്നത്‌. ആ കാലത്ത് അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പുരുഷന്റെ സ്വകാര്യസ്വത്തായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പോലെ സ്ത്രീയെ അവര്‍ പണയംവച്ചിരുന്നു. അവിടത്തെ നിയമമനുസരിച്ച് ഒരു അധമര്‍ണന്‍ തന്റെ ഭാര്യയെ ഉത്തമര്‍ണനു മൂന്നു വര്‍ഷത്തേക്ക് അടിമയാക്കി കൊടുക്കണമായിരുന്നു. ബാബിലോണിയന്‍ സംസ്കാരത്തിലും സ്ത്രീകള്‍ സ്വതന്ത്രരായിരുന്നില്ല. ഹമുരാബിയന്‍ നിയമത്തിന്റെ ക്രൂരത, ഒരാള്‍ മറ്റൊരു വ്യക്തിയെ കൊലപ്പെടുത്തിയാല്‍ കൊലക്ക് പകരം അയാളുടെ നിരപരാധിയായ മകളെയാണ് വധിച്ചിരുന്നത്. മനുഷ്യ സമൂഹത്തിനു ഏറ്റവും വലിയ ശാപമായിട്ടാണ് അവിടെ സ്ത്രീകള്‍ കണക്കാക്കപ്പെട്ടിരുന്നത്. പൌരാണിക റോമന്‍ സംസ്കാരത്തില്‍ പിതാവിന് തന്റെ കീഴിലുള്ള സ്ത്രീകളെ, അവര്‍ ഭാര്യമാരോ പുത്രഭാര്യമാരോ ആയിരുന്നാലും അവരെ വധിക്കാനും വില്‍ക്കാനും അധികാരമുണ്ടായിരുന്നു. പുരാതന റഷ്യയില്‍ പിതാവിനും ഭര്‍ത്താവിനും സ്ത്രീകളെ നിഷ്കരുണം പ്രഹരിക്കാന്‍ അധികാരമുണ്ടായിരുന്നു. ഒരു പിതാവ് തന്റെ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ അവളെ ചാട്ടവാറുകൊണ്ട് അടിച്ച ശേഷമാണ് ഭര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കുക. ഭാര്യയെ നിര്‍ദയം മര്ദിക്കാമെന്നതിനുള്ള സൂചനയായിരുന്നു ഇത്.

സ്ത്രീ പിശാചിലേക്കുള്ള കവാടമാണ്, അവള്‍ അശുദ്ധയും പുരുഷന്റെ മഹത്വത്തിന് കളങ്കം ചാരത്തുന്നവളുമാണ് എന്നായിരുന്നു ക്രൈസ്തവ വിശ്വാസം. സ്വര്‍ഗത്തില്‍ നിന്നും വിലക്കപ്പെട്ടകനി ഭക്ഷിക്കുവാന്‍ ആദമിനെ പ്രേരിപ്പിച്ചത് അവളാണെന്നു ബൈബിളില്‍ പറയുന്നു. അതിനാല്‍ അനുഗ്രഹങ്ങളെ മുഴുവന്‍ നശിപ്പിച്ചത് അവളാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഭാര്യമാരെ വിവാഹത്തിന് ശേഷം ഇരുപത്തിനാല്‍ മണിക്കൂര്‍ നേരത്തേക്ക് പുരോഹിതനോ ഭൂവുടമക്കോ നല്‍കണമായിരുന്നു. ഏതന്‍സില്‍ സ്ത്രീകളുടെ നില വളരെ ശോചനീയമായിരുന്നു. പ്രസവിക്കാനുള്ള വെറും അടിമകള്‍ എന്നതില്‍ കവിഞ്ഞു യാതൊരു പരിഗണനയും അവര്‍ക്ക് ലഭിച്ചിരുന്നില്ല. പൌരാവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ട സ്ത്രീ കമ്പോളത്തിലെ വില്‍പ്പനചരക്കായിരുന്നു. മനു എഴുതിയുണ്ടാക്കിയ മൃഗീയ നിയമസംഹിതയായ മനുസ്മ്രിതിയില്‍ സ്ത്രീക്ക് യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല. മഹാഭാരത കാലത്ത് സ്ത്രീയെക്കുരിച്ചുണ്ടായിരുന്ന ധാരണകളും പൂര്‍വോപരി മ്ലേച്ചമായിരുന്നു. മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ കാമ പൂര്‍ത്തീകരണത്തിനുള്ള ഉപകരണമാക്കിയിരുന്ന ദേവദാസി സമ്പ്രദായം ഇന്ത്യയില്‍ നിലനിന്നിരുന്നുവല്ലോ.

വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു : ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. [49 ൯ ഹുജുറാത് 13]

ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത് ദൈവം തന്നെയാണ്. അതിനാല്‍ അവന്റെ അടുത്ത് പരിഗണനയ്ക്ക് അടിസ്ഥാനം ലിംഗവ്യത്യാസമല്ല. പ്രത്യുത സൂക്ഷ്മതാബോധവും ഭക്തിയുമാണ്. ഖുര്‍ആന്‍ വീണ്ടും നിര്‍ദേശിക്കുന്നു : "സ്ത്രീകളോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുവിന്‍"[4 നിസാ അ' 19]. നബി (സ) അരുളി : "മാന്യന്മാരാണ് സ്ത്രീകളെ ആദരിക്കുക. നീചന്മാരല്ലാതെ അവരെ നിന്ദിക്കുകയില്ല" [ഇബ്നുമാജ, ഇബ്നു അസാകിര്‍ ]. നബി (സ) അരുളി : "നിങ്ങളില്‍ ഭാര്യമാരോട് സൌമ്യമായി പെരുമാറുന്നവന്റെ വിശ്വാസമാണ് ഏറ്റവും പൂര്‍ണ്ണതയുള്ളത് " [തുര്‍മുദി]. നബി (സ) അരുളി : "നിങ്ങളില്‍ ഒരു വിശ്വാസിയും ഒരു വിശ്വാസിനിയെയും വെറുക്കരുത്" [മുസ്ലിം].

ഒരു കുട്ടി ജനിച്ചാല്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ഒരു മൃഗത്തെ അറുക്കുന്നത് ഇസ്ലാം പുണ്യകര്‍മ്മമായി കരുതുന്നു. നബി (സ)യുടെ കാലത്ത് ജൂതന്മാര്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ കര്‍മ്മം നിര്‍വഹിച്ചിരുന്നത്. ഇസ്ലാം ഈ സമ്പ്രദായത്തെ ശക്തമായി എതിര്‍ത്തു. നബി (സ) പ്രഖ്യാപിച്ചു: "ജൂതന്മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി ആടിനെ അറുക്കാരുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി അറുക്കാരില്ല. എന്നാല്‍ നിങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി മൃഗത്തെ അറുക്കുവിന്‍" [ബസ്സാര്‍ ].

ചുരുക്കത്തില്‍ ഇസ്ലാം ആണ്‍കുട്ടിക്ക് നല്‍കുന്ന എല്ലാ പരിഗണനകളും പെണ്‍കുട്ടികള്‍ക്കും നല്‍കുവാന്‍ പറയുന്നു. നല്ല പേരുകള്‍ കുട്ടികള്‍ക്ക് നിര്‍ദേശിച്ചു. ഇതില്‍ പെണ്‍കുട്ടികളെ ഒഴിവാക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ചീത്തപ്പേരുകള്‍ നല്‍കുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടുന്ന് അതെല്ലാം മാറ്റുവാന്‍ അനുചരന്മാരോട് നിര്‍ദേശിക്കുകയും നല്ല പേരുകള്‍ നല്‍കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു [അബൂദാവൂദ്].

by അബ്ദുസ്സലാം സുല്ലമി @ സ്ത്രീകളുടെ അവകാശങ്ങള്‍ from യുവത ബുക്ക്‌ഹൌസ്