മരണം, മരണാനന്തരം


ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ അടയ്‌ക്കാനും കലിമത്തുതൗഹീദിന്റെ വചനമായ ¸لا إله إلا الله ചൊല്ലിക്കൊടുക്കാനും ശ്രദ്ധിക്കണം. ഔറത്തുകള്‍ മറയ്‌ക്കുകയും മുഖത്ത്‌ തുണികൊണ്ട്‌ മൂടുകയും വേണം. കൂടുതല്‍ സമയം വൈകാതെ മറവു ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. മരണപ്പെട്ടയാളുടെ ഏറ്റവും അടുത്ത ബന്ധുവിനു വേണ്ടിയല്ലാതെ കാത്തിരിക്കുന്നത്‌ ഉചിതമല്ല. മരണവിവരം അടുത്ത ബന്ധുമിത്രാദികളെ അറിയിക്കണം. ശബ്‌ദകോലാഹലങ്ങളോ തേങ്ങിക്കരച്ചിലുകളോ ഉയരാത്ത വിധം കണ്ണീരൊലിപ്പിക്കുന്നതില്‍ തെറ്റില്ല. ദു:ഖം അനിയന്ത്രിതമായി മാറിലും മുഖത്തും അടിക്കുന്നതും വാവിട്ടു കരയുന്നതും വസ്‌ത്രങ്ങള്‍ വലിച്ചുകീറുന്നതും തലമുടി പറിക്കുന്നതും മതം നിരോധിച്ച കാര്യങ്ങളാണ്‌.

മരണപ്പെട്ടയാളുടെ വീട്ടുകാര്‍ക്ക്‌ ആവശ്യമായ ഭക്ഷണവും മറ്റും അയല്‍വാസികളോ ബന്ധുമിത്രാദികളോ തയ്യാറാക്കിക്കൊടുക്കുന്നത്‌ പുണ്യകര്‍മമാണ്‌. മരണപ്പെട്ടയാളുടെ വീട്ടില്‍ അവിടെയുള്ള വീട്ടുകാര്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണങ്ങള്‍ ഒരുക്കി അതിലേക്ക്‌ ക്ഷണിക്കുന്നതും അവര്‍ അതിന്നായി ഒരുമിച്ചു കൂടുന്നതും മതപരമായി വെറുക്കപ്പെടുന്ന കാര്യമാണ്‌. മരണം സംഭവിച്ചതു മൂലം അവിടെ അനാഥക്കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്വത്ത്‌ അന്യായമായി ഭക്ഷിക്കാന്‍ ഇടവരരുത്‌.

മരണപ്പെട്ടയാളുടെ സ്വത്തില്‍ നിന്ന്‌ മരണാനന്തര കര്‍മങ്ങളുടെ ചെലവിനും അയാള്‍ക്കുണ്ടായിരുന്ന കടബാധ്യതകള്‍ വീട്ടുന്നതിനും ആവശ്യമായതൊഴിച്ചു ബാക്കിവരുന്നതാണ്‌ അനന്തരാവകാശികള്‍ ഓഹരിവെച്ചെടുക്കേണ്ടത്‌. മരണപ്പെടുന്നതിനു മുമ്പായി ഓരോരുത്തരും ചെയ്‌തുവെക്കേണ്ടതായ നല്ല വസിയ്യത്തും കടംവീട്ടലും പൊരുത്തപ്പെടീക്കലും നിര്‍വഹിക്കണം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ക്ക്‌ അയാളുടെ കടങ്ങള്‍ വീട്ടാനും ഇടപാടുകള്‍ തീര്‍ത്ത്‌ മാപ്പ്‌ പറയാനും സാധിക്കുമല്ലോ. മരണപ്പെട്ടയാളെ കുളിപ്പിക്കുക, തുണിയില്‍ പൊതിയുക, നമസ്‌കരിക്കുക, മറവു ചെയ്യുക എന്നീ നാലു കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരുടെ മേല്‍ സാമൂഹ്യബാധ്യതയാണ്‌. ഇത്‌ ഒരു നാട്ടിലുള്ള ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും ശിക്ഷാര്‍ഹരാകും. മരണം സംഭവിച്ചാലും മരണവിവരമറിഞ്ഞാലും

إنا لله وإنا إليه راجعون എന്ന്‌ പറയുകയും പ്രസ്‌തുത വചനത്തിന്റെ അര്‍ഥം ഉള്‍ക്കൊണ്ടവരാവുകയും വേണം. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവനിലേക്ക്‌ മടങ്ങേണ്ടവരുമാണ്‌ എന്നതാണതിന്റെ പൊരുള്‍.

യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നയാളെ കുളിപ്പിക്കുകയോ അയാള്‍ ധരിച്ചിരുന്നതല്ലാത്ത മറ്റു തുണികളില്‍ പൊതിയുകയോ മയ്യിത്ത്‌ നമസ്‌കരിക്കുകയോ വേണ്ടതില്ല. അയാള്‍ ധരിച്ചിരിക്കുന്ന വസ്‌ത്രത്തോടെ മറവു ചെയ്‌താല്‍ മാത്രം മതി. പൂര്‍ണ ശിശുവാകുന്നതിന്‌ മുമ്പ്‌ ഗര്‍ഭാശയത്തില്‍ വെച്ച്‌ മരണപ്പെട്ട കുട്ടിയെയും മറവു ചെയ്‌താല്‍ മതി. എന്നാല്‍ പൂര്‍ണ ശിശുവായിട്ടാണ്‌ മരണപ്പെടുന്നതെങ്കില്‍ കുളിപ്പിച്ച്‌ തുണിയില്‍ പൊതിഞ്ഞ്‌ നമസ്‌കരിക്കാതെ മറവുചെയ്യാം. പൂര്‍ണ ശിശുവായി ജനിക്കുകയും ശബ്‌ദമുയര്‍ത്തി കരയുകയും ചെയ്‌ത ശേഷം മരണപ്പെടുന്ന കുട്ടിയെ സാധാരണ മയ്യിത്തുകള്‍ക്ക്‌ ചെയ്യേണ്ട കര്‍മങ്ങളെല്ലാം ചെയ്‌ത്‌ മറവുചെയ്യണം.

മയ്യിത്തിനെ ചുംബിക്കുന്നതിന്‌ കുറ്റമില്ല. നബി(സ) ഉസ്‌മാനുബ്‌നു മള്‌ഊനിന്റെ മയ്യിത്തും അബൂബക്കര്‍(റ) നബി(സ)യുടെ മയ്യിത്തും ചുംബിച്ചതായി ഹദീസുകളിലുണ്ട്‌. ഹജ്ജിനോ ഉംറക്കോ ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം മരണപ്പെടുന്നയാളെ കുളിപ്പിച്ച്‌ അയാള്‍ ധരിച്ചിട്ടുള്ള ഇഹ്‌റാമിന്റെ വസ്‌ത്രത്തില്‍ പൊതിഞ്ഞ്‌ നമസ്‌കരിച്ച ശേഷം മറവുചെയ്‌താല്‍ മതി. അദ്ദേഹം ധരിച്ചിരുന്ന വസ്‌ത്രം തലഭാഗവും കാലുകളും മൂടത്തക്ക വിധമില്ലെങ്കില്‍ തലഭാഗം പൊതിഞ്ഞ്‌ കാലിന്റെ ഭാഗത്ത്‌ മറയ്‌ക്കാന്‍ പുല്ലോ മറ്റോ ഉപയോഗിക്കാം.

ധാരാളം മയ്യിത്തുകള്‍ ഉണ്ടെങ്കില്‍ അവയെ അണിനിരത്തി ഒരു നമസ്‌കാരം മാത്രം നിര്‍വഹിച്ചാല്‍ മതിയാകും. മയ്യിത്തിനെ കാണാന്‍ പാടുള്ളവരും പാടില്ലാത്തവരും ആരാണെന്നതില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്‌. ജീവിച്ചിരിക്കുമ്പോള്‍ ബന്ധപ്പെടാന്‍ സൂക്ഷിച്ചിരുന്ന നിയമങ്ങള്‍ തന്നെ മരണപ്പെട്ടാലും നിലനില്‌ക്കുമെന്നതാണ്‌ ഒരു വീക്ഷണം. എന്നാല്‍ മരണപ്പെട്ട ജഡവുമായി ജീവിച്ചിരിക്കുമ്പോഴുള്ള ഇടപഴക്കനിയമങ്ങള്‍ വേണ്ടതില്ലെന്നതാണ്‌ മറ്റൊരു വീക്ഷണം. പ്രത്യക്ഷത്തില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു വീക്ഷണവും ശരിയാണെന്ന്‌ അംഗീകരിച്ച്‌ മധ്യമമായൊരു നിലപാട്‌ കൈക്കൊള്ളാവുന്നതാണ്‌.

by അബ്‌ദുല്‍അലി മദനി 

 © ശബാബ് വാരിക