മഴയും വിശ്വാസിയും

സൈദുബ്നു ഖാലിദ് (റ)ല്‍ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു : രാത്രി മഴ വര്‍ഷിച്ച ഒരു ദിവസം ഹുദൈബിയയില്‍ വച്ച് പ്രവാചകന്‍ (സ) നമ്മോടൊപ്പം സുബഹി നമസ്ക്കരിച്ചു. നമസ്കാരന്തരം നബി (സ) ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു : "നിങ്ങളുടെ നാഥന്‍ പറഞ്ഞതെന്താണെന്നു നിങ്ങള്‍ക്കറിയുമോ?" അവര്‍ പറഞ്ഞു : അല്ലാഹുവിനും അവന്‍റെ ദൂതനും അറിയാം. അപ്പോള്‍ നബി (സ) പറഞ്ഞു : "നാഥന്‍ പറഞ്ഞിരിക്കുന്നു : 'ഈ പ്രഭാതത്തില്‍ എന്‍റെ അടിമകളില്‍പ്പെട്ടവര്‍ എന്നില്‍ വിശ്വസിച്ചവരും അവിശ്വസിച്ചവരും ആയിത്തീര്‍ന്നിരിക്കുന്നു എന്ന്. അല്ലാഹുവിന്‍റെ ഔദാര്യംകൊണ്ടും അവന്‍റെ കാരുണ്യംകൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചു എന്നാലൊരാള്‍ പറഞ്ഞതെങ്കില്‍ അയാള്‍ എന്നില്‍ വിശ്വസിച്ചവനും നക്ഷത്രഫലത്തെ അവിശ്വസിച്ചവനുമായിരിക്കുന്നു. എന്നാലൊരാള്‍ ഇന്നയിന്ന ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്നാണു പറഞ്ഞതെങ്കില്‍ അയാള്‍ എന്നില്‍ അവിശ്വസിച്ചിരിക്കുന്നു, നക്ഷത്ര ഫലത്തില്‍ വിശ്വസിച്ചിരിക്കുന്നു'." [ബുഖാരി,മുസ്ലിം]
മുകളില്‍ പരാമര്‍ശിച്ച തിരുവചനം ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ധാരാളം ധാരണകള്‍ നല്‍കുന്നതോടൊപ്പം നമ്മുടെ വിശ്വാസവിശുദ്ധിയെ വികലമാക്കാതെ കാത്തുസൂക്ഷിക്കുന്നതിന് വഴി കാണിക്കുക കൂടി ചെയ്യുന്നു.

മഴക്കാലത്തെ ചുറ്റിപ്പറ്റി ധാരാളം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. പ്രത്യേകിച്ചും ബഹുദൈവ വിശ്വാസികള്‍ അധികമുള്ള സമൂഹത്തില്‍ . ഇസ്ലാം മനുഷ്യമനസ്സില്‍ കടന്നു വിശ്വാസവൈകല്യങ്ങളെ നേരെയാക്കുന്നതോടൊപ്പം യാഥാര്‍ത്യബോധം അവരില്‍ വളര്‍ത്തിയെടുക്കുക കൂടി ചെയ്യുന്നു. അതാതവസരങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട വിശ്വാസകാര്യങ്ങളെ അപ്പപ്പോള്‍ അതുണര്‍ത്തുന്നു.

മഴ അല്ലാഹുവിന്‍റെ കാരുണ്യമാണ്,ഔദാര്യമാണ്‌. കാരുണ്യവും ഔദാര്യവും ദൈവികഭാവങ്ങളില്‍ അതിശ്രേഷ്ഠമത്രെ. കാരുണ്യവും ഔദാര്യവുമെന്ന ഈ അനുഗ്രഹം സാങ്കേതികമായോ ആലങ്കാരികമായിപ്പോലുമോ മറ്റൊന്നിലേക്കു ചേര്‍ത്തിപ്പറയാവതല്ല . മഴ പെയ്യുന്നത് തികച്ചും അവന്‍റെ കാരുണ്യം കൊണ്ടും അവന്‍റെ സുനിശ്ചിതമായ സംവിധാനത്തെ ആസ്പദിച്ചുമാണ്. അതിന്‍റെ കാരണക്കാരന്‍ അവന്‍ മാത്രമാകുന്നു. എന്നിരിക്കെ എന്തിനാണ് മനുഷ്യന്‍ വാവും നക്ഷത്രവും ഞാറ്റുവേലകളുമൊക്കെ അതിന്മേല്‍ വെച്ച് കെട്ടുന്നത്?

ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ മഹാനായ ഖുര്‍തുബി പറയുന്നു : "അറബികളുടെ പതിവില്‍പെട്ടതാണ്, കിഴക്ക് നിന്ന് ഒരു നക്ഷത്രമുദിക്കുകയും പടിഞ്ഞാറ് മറ്റൊന്നസ്തമിക്കുകയും ചെയ്‌താല്‍ ഉടനെ കാറ്റോ മഴയോ വരവായി എന്ന് പറയല്‍. എന്നാല്‍ ചിലരങ്ങനെ വിശ്വസിച്ചിരുന്നില്ല. ഖുര്‍ആന്‍ പറയുന്നു : 'നീ അവരോടു ചോദിച്ചു നോക്കൂ; ആരാണ് ആകാശത്ത് നിന്നും മഴ വര്‍ഷിപ്പിച്ചു നിര്‍ജീവമായ ഭൂമിയെ സജീവമാക്കുന്നതെന്ന്? അവര്‍ പറയുന്നു : അതു അല്ലാഹു മാത്രമാണെന്ന്. നീ പറയുക : സര്‍വസ്തുതിയും അല്ലഹുവിനത്രേ. പക്ഷെ അധികംപേരും അതറിയുന്നില്ല."

പ്രവാചകന്‍ പറയുന്നു : "ആകാശത്ത് നിന്ന് വല്ല അനുഗ്രഹവും അവര്‍ക്ക് അല്ലാഹു ഇറക്കിയാല്‍ ഒരു വിഭാഗം ജനതയതാ അതുകൊണ്ട് അവിശ്വാസികളായി മാറുന്നു. അല്ലാഹു മഴയിറക്കുന്നു. അപ്പോളവര്‍ പറയും: ഇന്നയിന്ന നക്ഷത്രം കൊണ്ടാണ് സംഭവിച്ചതെന്നു." [മുസ്ലിം]

നമുക്കിടയിലും ഇതേ സംസാരവും പ്രയോഗവും നിലനില്‍ക്കുന്നു. ആതിരനക്ഷത്രവുമായാണ് അതിനു ബന്ധം. തിരുവാതിരനക്ഷത്രവും സൂര്യനും ഒരു പ്രത്യേക ദിശ കൈക്കൊള്ളുന്നതില്‍ നിന്നാണ് ഈ പ്രയോഗങ്ങളൊക്കെയും. സമൃദ്ധമായ മഴ ലഭിച്ചാല്‍ ഞാറു പണി ആരംഭിക്കുമായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഞാറ്റുവേല എന്ന പദപ്രയോഗം ജനിക്കുന്നത്.

~നഉഅ'~ എന്ന പദം നക്ഷത്രമെന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, അതിലുപരി അതിന്‍റെ ഉദയാസ്തമയങ്ങളെ സൂചിപ്പിക്കുന്ന ഒരറബി പദമാണ്. ഹദീസുകളില്‍ 'കൌകാബ്' എന്നും ~നഉഅ'~ എന്നും വന്നിരിക്കുന്നു. രണ്ടായാലും മഴവര്‍ഷം അതുമായി ബന്ധപ്പെടുന്നില്ല. മറിച്ച് മഴ വര്ഷിച്ചതിനാല്‍ ഞാറ്റുവേല ആരംഭിക്കാന്‍ കഴിയുന്നു എന്ന് മാത്രം.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റോരര്‍ത്ഥത്തില്‍ മനുഷ്യന്‍റെ വിശ്വാസത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണോ? സത്യത്തിലതല്ല, മനുഷ്യന്‍ അവയെ തെറ്റായി ധരിക്കുകയാണ്. പ്രവാചകന്‍ (സ) ഇത്തരം കാര്യങ്ങള്‍ അപ്പപ്പോള്‍ തിരുത്തുക പതിവാണ്. നബി (സ)യുടെ മകന്‍ മരണപ്പെട്ട ദിവസം ഒരു ഗ്രഹണദിവസമായിരുന്നു. ഉടനെ ജനങ്ങള്‍ പറഞ്ഞു : നബി പുത്രന്റെ മരണകാരണമായാണ് ഇന്ന് ഗ്രഹണം സംഭവിച്ചിരിക്കുന്നതെന്നു. നബി (സ) അതറിഞ്ഞ മാത്രയില്‍ തന്നെ അതിനെ തിരുത്തി സംസാരിച്ചു.

ആയതിനാല്‍, നാം നമ്മുടെ വിശ്വാസവും ആദര്‍ശവും വികലമാക്കാന്‍ ഇടവരുന്ന വാക്കോ പ്രവര്‍ത്തിയോ വരാതെ നോക്കണം. അതെത്ര വലുതായാലും ചെറുതായാലും വിശ്വാസത്തെ ബാധിക്കുമെങ്കില്‍ അത് ഭയാനകമാണ്, വിപല്‍ക്കരമാണ്. വിശ്വാസവിശുദ്ധിയെ കാത്തു സംരക്ഷിക്കാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക് ഹൌസ്

മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല

തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത്‌ വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക്‌ നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു." [അദ്ധ്യായം 46 അഹ്ഖാഫ് 15]

മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം വീശുന്നു.

1. സ്വര്‍ഗം ലഭിക്കുവാന്‍ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കണമെന്ന് മുകളില്‍ പ്രസ്താവിച്ചു. പുണ്യകര്‍മ്മം എന്ന് പറയുമ്പോള്‍ കേവലം അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ട നമസ്കാരം, നോമ്പ് തുടങ്ങിയവയാണ് മനുഷ്യബുദ്ധിയില്‍ വരിക. എന്നാല്‍ ഇവ കൊണ്ട് മാത്രം സ്വര്‍ഗം ലഭിക്കുകയില്ല. സമൂഹത്തോടുള്ള ബാധ്യതകളും നാം നിര്‍വഹിക്കണം. അവയില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നതാണ്. മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല.

2. പിതാവിനേക്കാള്‍ മാതാവിനാണ് നന്മ ചെയ്യേണ്ടത്. ഖുര്‍ആനില്‍ മാതാവിന്റെ പ്രയാസമാണ് പ്രത്യേകം ഉണര്‍ത്തുന്നത്.

3. മാതാവ് കുട്ടിക്ക് വേണ്ടി സഹിക്കുന്ന പ്രയാസമാണ് സൂക്തത്തില്‍ വിവരിക്കുന്നത്. ആ പ്രയാസത്തിന്റെ വര്‍ധനവ്‌ പരമാവധി പറയാന്‍ സാധ്യമല്ല. അതിനാല്‍ അല്ലാഹു ഏറ്റവും ചുരുങ്ങിയതാണ് സൂക്തത്തില്‍ പറയുന്നത്. അതായത് ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയത് 6 മാസമാണ്. മുലകുടിയുടെ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷവും (24 മാസം) ആണ്. വൈരുദ്ധ്യത്തിന്റെ പ്രശ്നം ഇവിടെ ഉത്ഭവിക്കുന്നില്ല.

4. ഉമ്മമാര്‍ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കണം.

5. നാല്‍പ്പതു വയസ്സിനെ അല്ലാഹു ഇവിടെ പ്രസ്താവിച്ചത് ഈ വയസ്സെത്തുമ്പോള്‍ നമുക്കും കുട്ടികള്‍ ഉണ്ടാവുന്നു. നമ്മുടെ കുട്ടികള്‍ക്ക് നമ്മെ ധിക്കരിക്കാനുള്ള പ്രായവും എത്തുന്നു. അങ്ങിനെ സ്വന്തം മക്കള്‍ തന്നെ ധിക്കരിക്കുന്ന സമയത്താണ് നമ്മുടെ കണ്ണ് തുറക്കുക എന്ന് അല്ലാഹു ഉണര്‍ത്തുകയാണ്. അതിന്റെ മുമ്പ് തന്നെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ കല്പ്പിക്കുകയാണ്.

6. സ്വന്തം മക്കള്‍ തിരിച്ചടിക്കുമ്പോള്‍ അവന്‍ തന്‍റെ മാതാപിതാക്കളോട് പെരുമാറിയത് ഓര്‍ക്കുകയും പടച്ചവനെ! ഞാന്‍ ചെയ്ത തെറ്റിന് എന്‍റെ മക്കളെക്കൊണ്ട് എന്നെ ശിക്ഷിക്കരുതേ! നീ എനിക്ക് പൊറുത്തുതരികയും എന്‍റെ മക്കളെ നല്ലവരാക്കിത്തരികയും ചെയ്യേണമേ എന്ന് അവന്‍ പ്രാര്‍ഥിക്കുകയാണ് . ഈ സൂക്തത്തിന്റെ മുമ്പിലും കണ്ണ് തുറക്കാത്ത മനുഷ്യര്‍ ഉണ്ടാകുമോ?! എത്ര വശ്യമായ ശൈലിയിലാണ് ഖുര്‍ആന്‍ ഈ വിഷയം അവതരിപ്പിക്കുന്നത്‌. ഏതെങ്കിലും പ്രത്യേകം ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഈ സൂക്തം അവതരിപ്പിക്കുന്നത്‌.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം

അല്ലാഹു കൂടെയുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല

"നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല". [അദ്ധ്യായം 2 ബഖറ 38]

 മാനവവംശത്തിന്റെ മാതാപിതാക്കളായ ആദം (അ)നെയും ഹവ്വാ ബീവിയും അല്ലാഹു ആദ്യം പാര്‍പ്പിച്ചത്‌ സ്വര്ഗ്ഗത്തിലായിരുന്നു. ഒരു പരീക്ഷണാര്‍ത്ഥമായിരുന്നു ഈ താമസം. പിശാചിന്റെ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍ക്കുമെതിരെ സൃഷ്ടാവിന്റെ കല്പന അനുസരിക്കുന്നതില്‍ മനുഷ്യന്‍ എത്രത്തോളം അടിയുറച്ചുനില്‍ക്കും എന്ന പരീക്ഷണമായിരുന്നു അത്. അല്ലാഹുവിന്റെ കല്‍പ്പനയനുസരിച്ച് ജീവിച്ചാല്‍ ശാശ്വതമായ സുഖങ്ങള്‍ നിലനിര്‍ത്താമെന്നും ഇബലീസിന്റെ പിന്നാലെയാണ് പോകുന്നതെങ്കില്‍ സ്വര്‍ഗ്ഗീയസുഖം നഷ്ടമാകുമെന്നും അവരെ ബോധ്യപ്പെടുത്തലായിരുന്നു പരീക്ഷണം. പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണു പോയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അല്ലാഹു അവരോടു പറഞ്ഞു. എന്നാല്‍ കാരുണ്യവാനായ നാഥന്‍ അവരെ ശാശ്വതമായി കഷ്ടപ്പെടുത്താനല്ല ഉദ്ദേശിച്ചത്. നന്മയുടെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്കും പശ്ചാത്താപ മനസ്ഥിതിയുള്ളവര്‍ക്കും രക്ഷാമാര്‍ഗ്ഗവും അവന്‍ വിവരിച്ചു കൊടുത്തത് അവന്റെ കാരുണ്യത്തിന്റെ ഭാഗമായാണ്.

 ചിന്താശക്തിയും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കിയ ശേഷം മനുഷ്യന്റെ മുമ്പില്‍ നന്മതിന്മകളുടെ വഴികളും അവന്‍ തുറന്നു കൊടുത്തു. നന്മകളിലൂടെ മുന്നേറിയാല്‍ ലഭിക്കുന്ന നേട്ടങ്ങളുടെ പട്ടികയും തിന്മയിലുറച്ചു നില്‍ക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളും അല്ലാഹു മനുഷ്യനെ അറിയിച്ചു. ഇനി സദ്‌പാന്ധാവിലൂടെ സഞ്ചരിച്ചു സമാധാനചിത്തരാവാനും ദുര്‍വഴി തിരഞ്ഞെടുത്തു ദുരിതക്കയത്തിലെത്താനും അവനു സ്വാതന്ത്ര്യമുണ്ട്. അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് വലിയ രണ്ടു നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നു.

ഒന്ന് : അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമില്ല. 
രണ്ട് : അവര്‍ക്ക് ദുഖിക്കേണ്ടിവരികയെ ഇല്ല. 

വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് മനുഷ്യന് ഭയമുണ്ടാവുക. കഴിഞ്ഞുപോയ കാര്യങ്ങളായിരിക്കും ദുഖത്തിന്റെ കാരണങ്ങള്‍ . ഭാവിയെക്കുറിച്ച് ആശങ്കയും ഭയവുമില്ലാത്ത ജീവിതം സന്തോഷം നിറഞ്ഞത്‌ തന്നെയാണ്. കഴിഞ്ഞകാര്യങ്ങളിലൊന്നും ദുഖിക്കെണ്ടതില്ലാത്തവന്റെ സന്തോഷവും വലുത് തന്നെ. മരണാനന്തര ജീവിതത്തിലാണ് യഥാര്‍ത്ഥ സുഖവും ദുഖവും അനുഭവിക്കാന്‍ പോകുന്നത്. സൃഷ്ടാവ് കാണിച്ചു തരുന്ന വഴിയിലൂടെ നടന്നു നീങ്ങിയവനാണെങ്കില്‍ പരലോകത്ത് അവനു യാതൊരു ആശങ്കകള്‍ക്കും ആകുലതകള്‍ക്കും സ്ഥാനമില്ല. മറിച്ച് പിശാചിന്റെ പ്രേരണകള്‍ക്കൊത്തു ജീവിച്ചാല്‍ അവന്റെ ജീവിതം ഭയപ്പാടിന്റെയും ദുഖത്തിന്റെയും ലോകമാവും. സൃഷ്ടാവ് കാണിച്ചു തന്ന ഹിദായത്തിന്റെപാത സ്വീകരിക്കല്‍ മാത്രമാണ് വിജയത്തിന്റെയും സമാധാനത്തിന്റെയും ഏക വഴി.
by അബ്ദു സലഫി @ പുടവ മാസിക

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ ബോധം

വിശ്വസിക്കുന്ന കാര്യങ്ങള്‍ നൂറു ശതമാനവും സത്യസന്ധമാണെന്ന ഉറച്ച വിശ്വാസമുണ്ടായാല്‍ മാത്രമേ ആ വിശ്വാസം ഏതൊരാളിലും ചലനം സൃഷ്ടിക്കുകയുള്ളൂ. പാരമ്പര്യമായ ധാരണകളും പ്രാദേശികമായ സങ്കല്‍പ്പങ്ങളും ബുദ്ധിശൂന്യമായ വിചാരണകളും മാത്രമാണ് പലരുടെയും വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നത്. തന്റെ ആലോചനയോ തീരുമാനങ്ങളോ രൂപപ്പെടുത്താത്ത കാര്യത്തില്‍ അടിയുറച്ച വിശ്വാസമര്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ഇബ്രാഹിം നബി (അ)യുടെ ചോദ്യം ബുദ്ധിപരമായിരുന്നു. "പിതാവേ! കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, താങ്കള്‍ക്കു ഗുണം ചെയ്യാത്ത വിഗ്രഹങ്ങളെ എന്തിനു ആരാധിക്കണം?" ശരിയാണ്. വിഗ്രഹങ്ങള്‍ കേള്‍ക്കുകയില്ല, കാണുകയില്ല, ഒരു ചെറിയ ചലനം സൃഷ്ടിക്കാന്‍ പോലും അവയ്ക്ക് കഴിയില്ല. ഇക്കാര്യം ബോധ്യപ്പെടെണ്ട സമൂഹത്തിന്റെ മുമ്പില്‍ സൃഷ്ടാവിന്റെ മഹത്വം പ്രഖ്യാപിക്കുന്നു : "എന്നെ സൃഷ്ടിച്ചവന്‍. അവന്‍ എന്നെ നേര്‍വഴിയിലാക്കുന്നു. എനിക്ക് രോഗം വന്നാല്‍ അവന്‍ എന്നെ സുഖപ്പെടുത്തുന്നു. അവനാകുന്നു എന്നെ മരിപ്പിക്കുന്നതും പിന്നീട് ജീവിപ്പിക്കുന്നതും. പ്രതിഫലനാളില്‍ (പരലോകത്ത്) എന്റെ പാപം അവന്‍ പൊറുത്തുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു....". ഈ കൃത്യമായ വിശ്വാസം ആദര്‍ശ രംഗത്തെ വ്യക്തിരിക്തത പ്രഖ്യാപിക്കാന്‍ ആവേശം നല്‍കാന്‍ മാത്രം ശക്തമാണ്. ആ പ്രഖ്യാപനം ഒരു ഗര്ജ്ജനമായി പ്രവഹിക്കുന്നു. നിങ്ങളുടെ ആരാധ്യവസ്തുക്കളുമായി എനിക്ക് ബന്ധമില്ല.

ഇത്തരത്തിലുള്ള ഒരു നയരൂപീകരണമാണ് ആദര്‍ശവാദികളായ നമുക്ക് വേണ്ടത്. ഇസ്ലാഹി പ്രസ്ഥാനം നമ്മുടെ നാട്ടില്‍ പ്രഖ്യാപിച്ചത് കറകളഞ്ഞ തൌഹീദാണ്. തൌഹീദിന്റെ ലംഘനം കുറ്റകരമാണ്. ശിര്‍ക്ക് മഹാപാപമാണ്. ഈ പ്രഖ്യാപനം പാരമ്പര്യവിശ്വാസത്തിനെതിരായി പലര്‍ക്കും തോന്നി. ദൈവ നിഷേധികള്‍ , ഭൌതിക വാദികള്‍ , വിഗ്രഹാരാധകര്‍ , ഖബര്‍ പൂജകര്‍ , അന്ധ വിശ്വാസികള്‍ , യുക്തി വാദികള്‍ ...എല്ലാവര്‍ക്കും എതിരിലുള്ളതായിരുന്നു സത്യസാക്ഷ്യത്തിന്റെതായ പ്രഖ്യാപനം : ലാ ഇലാഹ ഇല്ലല്ലാഹ്!

നമ്മുടെ പണ്ഡിതന്മാര്‍ അല്ലാഹുവെ ഭയപ്പെട്ടു. പരലോകജീവിതമാണ് യഥാര്‍ത്ഥ ജീവിതമെന്ന് വിശ്വസിച്ചു. അതിനാല്‍ തൌഹീദില്‍ കളങ്കം ചേര്‍ക്കുന്നവരോട് രാജിയാവാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ വ്യക്തമായനിലപാട് പലര്‍ക്കുമിഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സുന്നികളെന്നു അവകാശപ്പെടുന്ന ചിലര്‍ നമ്മെ ആക്ഷേപിക്കുന്നത്. ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കുന്ന ശ്മശാന വിപ്ലവക്കാരാണ് നാമെന്നു മറ്റു ചിലര്‍ നമ്മെ ആക്ഷേപിക്കുന്നതും ഇക്കാരണത്താലാണ്. ദുന്യാവിലെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി വിശാലതാല്‍പ്പര്യം സംരക്ഷിക്കാന്‍ തൌഹീദിന്റെ വിഷയത്തില്‍ അട്ജസ്റ്റ്‌മെന്റിന് നാം തയ്യാറല്ല.

ആദര്‍ശങ്ങള്‍ മാറ്റുരച്ചു നോക്കാന്‍ ആഹ്വാനം ചെയ്യുന്നത് മതേതരത്വത്തിനു എതിരാണെന്ന് പലരും പ്രചരിപ്പിക്കുന്നു. വിശ്വാസമാറ്റത്തിന്റെ ഫലമായ മതപരിവര്‍ത്തനം കുറ്റമായി കരുതുന്നു. മറ്റൊരു ഭാഗത്ത്‌ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കാനെന്ന പേരില്‍ സമുദായത്തിനകത്തു വിളയാടുന്ന സര്‍വതിന്മകളും കണ്ടില്ലെന്നു നടിക്കണമെന്ന അയഞ്ഞ നിലപാടും. കാര്യഗൌരവമില്ലാതവര്‍ക്ക് ഈ സമീപനങ്ങളോടാണ് ഇഷ്ടം.

അമ്പിയാക്കളും സഹാബികളും ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരായ വിശ്വാസികളും സലഫീ പണ്ഡിതന്മാരും ഉയര്‍ത്തിപ്പിടിച്ച തൌഹീദിന്റെ പ്രകാശം കൂടുതല്‍ ശക്തിയോടെ നാടെങ്ങും പ്രചരിപ്പിക്കാന്‍ നാം പ്രതിജ്ഞയെടുക്കുകയാണ് വേണ്ടത്.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍

Popular ISLAHI Topics

ISLAHI visitors