ബിദ്അത്ത് കടന്നുവരുന്ന വഴി

ദീനില്‍ ബിദ്അത്ത് (അനാചാരം) കടന്നുവരുന്നത്‌ തഖ്'വയുടെ കുറവില്‍ നിന്നല്ല. വൈകാരികമായ ആവേശത്തോടു കൂടി അന്ധമായി ദീന്‍ ആചരിക്കപ്പെടുമ്പോഴാണ്. ഭക്തിവികാരം അനിയന്ത്രിതമായി കാട്കയറി വിശ്വാസത്തെയും പ്രവര്‍ത്തിയേയും അത് യഥാര്‍ത്ഥനിലയില്‍ നിന്നും തെറ്റിക്കുകയും അന്ധവും മൂഡവുമായ അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. വിശ്വാസക്കുറവിലേക്കും അത് വഴി തെറ്റുകളിലേക്കും വഴുതിപ്പോകുന്നത് പോലെത്തന്നെ ഭക്തിയുടെപേരില്‍ അതിരുവിട്ട നിലകളിലേക്ക് നീങ്ങാനിടയാകുന്നതും കരുതിയിരിക്കണമെന്ന് ഖുര്‍ആനും റസൂലിന്റെ ചര്യയും അടിക്കടി ഉണര്‍ത്തുന്നത് അതിനാലാണ്.

ഖുര്‍ആന്‍ പറയുന്നു : "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌." [5:77]. "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌." [4:171]

മേല്‍ വചനങ്ങളില്‍ ഒന്നാമത്തതിനെ വിശദീകരിച്ചു പ്രമുഖ പണ്ഡിതന്‍ അമാനി മൌലവി തന്‍റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു : "...മതത്തില്‍ നിന്നും പിഴച്ചുപോകല്‍ നിഷേധത്തില്‍നിന്നും അനാദരവില്‍നിന്നും ഉണ്ടാകുന്നത് പോലെത്തന്നെ അതില്‍ അതിര്കവിയുന്നത്കൊണ്ടും ഉണ്ടായിത്തീരുന്നു. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യാനികളുടെ വഴിപിഴവ്. മതത്തില്‍ അവര്‍ക്കുണ്ടായ ഭക്തിക്കുറവില്‍നിന്നോ പ്രവാചകനിലുള്ള വിശ്വാസക്കുറവില്‍ നിന്നോ അല്ല അവര്‍ നേര്മാര്‍ഗ്ഗം വിട്ടുപോകാന്‍ കാരണമായത്‌....ദൈവ ഭക്തിയില്‍ മുഴുകുകയെന്നപേരില്‍ ഒരുതരം പൌരോഹിത്യ സമ്പ്രദായവും അവര്‍ സൃഷ്ടിച്ചുണ്ടാക്കി. പണ്ഡിത-പുരോഹിത വര്‍ഗ്ഗങ്ങള്‍ക്ക് മതനിയമങ്ങള്‍ ഇഷ്ടംപോലെ നിര്‍മ്മിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തു.....യഥാര്‍ത്ഥവിശ്വാസത്തില്‍വന്ന ഈ അതിരുകവിയല്‍ ശിര്‍ക്കിന്‍റെ അടിത്തട്ടിലേക്കാണ് അവരെ തള്ളിവിട്ടത്. അങ്ങേയറ്റം ലജ്ജയോടും വ്യസനത്തോടും കൂടിയാണെങ്കിലും ക്രിസ്ത്യാനികളുടെ ഈ അതിരുകവിയല്‍ രോഗം മിക്കതും മുസ്ലിം സമുദായത്തിലേക്കും ക്രമേണ പകര്‍ന്നിട്ടുണ്ടെന്ന വാസ്തവം സമ്മതിക്കാതെ വയ്യ." [വാല്യം 2, പേജ് 914,915]

നബി (സ) ഇങ്ങനെ പറഞ്ഞു : "മര്‍യമിന്റെ മകന്‍ ഈസായെക്കുറിച്ച് ക്രിസ്ത്യാനികള്‍ അധികപ്രശംസ നടത്തിയത്പോലെ നിങ്ങള്‍ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാന്‍ ഒരു അടിയാന്‍ (അബ്ദ്) മാത്രമാകുന്നു. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്‍റെ അടിയാനും അവന്‍റെ റസൂലും എന്നുമാത്രം പറഞ്ഞുകൊള്ളുവിന്‍." [ബുഖാരി, അഹമദ്]

മതകാര്യത്തിലുള്ള ക്രിസ്ത്യാനികളുടെ അതിര്കവിയല്‍ അനാചാരങ്ങളിലേക്ക് മാത്രമല്ല, ഈസാനബിയെ കര്ത്താവാക്കുന്ന തനി ശിര്‍ക്കിലേക്ക് എത്തിച്ചത് പോലെ മുസ്ലിം സമുദായത്തെയും മതത്തിലെ അതിര്'വിടല്‍ ശിര്‍ക്ക്പരമായ അനേകം വിശ്വാസങ്ങളിലേക്കും ബിദ്അത്തിലേക്കും എത്തിക്കുകയുണ്ടായി എന്നത് യഥാര്‍ത്ഥത്തില്‍ വിശദീകരിക്കേണ്ടതില്ലാത്ത വസ്തുതയത്രെ.

"നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."എന്ന ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള കല്‍പ്പന അതീവ ഗൌരവമുള്ളതാണ്. "അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമസമുദായമാക്കിയിരിക്കുന്നു." എന്ന ഖുര്‍ആന്‍ വചനവും പരാമര്ശിക്കുന്നതും ഈ വിഷയംതന്നെ.

ഏറ്റക്കുറച്ചിലില്ലാതെ മിതത്വത്തോടെ നിലകൊള്ളുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ഉമ്മത്തിന്റെ മുഖമുദ്ര. പ്രയോഗവല്‍കരണം ഏറെ പ്രയാസകരമായിട്ടുള്ള നിലപാടും അതാണ്‌. വിശ്വാസങ്ങളും കര്‍മ്മങ്ങളുമില്ലാതെ താന്തോന്നികളും അനുഷ്ഠാനങ്ങള്‍ പുലര്‍ത്താത്തവരുമായി ജീവിക്കുക എന്നതും, നേര്‍വിപരീതം വികാരാവേശത്തോടെ വിശ്വാസകാര്യങ്ങളില്‍ അതിര്'വിട്ടു ജീവിക്കുക എന്നതും ഒരുനിലക്ക് എളുപ്പമുള്ള കാര്യമാണ്. പ്രയാസകരമായിട്ടുള്ളത്, ഏറ്റക്കുറവില്ലാതെ എങ്ങനെയാണോ ആയിരിക്കേണ്ടത് അതേവിധം സൂക്ഷ്മതയോടെ ജീവിക്കുന്നതാണ്.

ആത്മീയതയുടെപേരില്‍ ഐഹികമായ ഉത്തരവാദിത്തങ്ങളെ ഒരു സത്യവിശ്വാസി ഇട്ടെറിയുകയില്ല. ദുന്യാവില്‍മുഴുകി പരലോകത്തെ അവഗണിക്കുകയുമില്ല. ഒന്നിന് മറ്റേതു താങ്ങാവുംവിധം രണ്ടും, ഖുര്‍ആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങള്‍ക്കൊത്തു പാലിച്ചുപോരുകയാകും അവന്‍ ചെയ്യുക. കൂടിയാല്‍ ശിര്‍ക്കിലേക്കും ബിദ്അത്തിലേക്കും, കുറഞ്ഞാല്‍ ഹറാമിലേക്കും അനുസരണക്കേടിലെക്കും- ഇതാണ് സംഭവിക്കുകയെന്ന വസ്തുത നാം മനസ്സിലാക്കുന്നുവെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സൂക്ഷ്മതയും [തഖ്'വ] ഈമാനും.

ബിദ്അത്ത് എന്ന തിന്മയില്‍ നാം ചെന്ന്പെടുന്നത് നന്മയുടെ വഴിയിലൂടെ എന്നത് വിസ്മയകരവും വേദനാജനകവുമായ ഒരു സ്ഥിതിവിശേഷമത്രെ. ബിദ്അത്ത് കടന്നുവരുന്നത് സല്കര്‍മ്മത്തിന്റെ തനി രൂപമായിക്കൊണ്ട് എന്നത് അതിന്‍റെ വിപാടനം പ്രയാസകരമാക്കുകയും ചെയ്യുന്നു. മദ്യപാനം, മോഷണം, വ്യഭിചാരം തുടങ്ങിയ ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുന്നയാളെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നത്‌പോലെ ഒരു ബിദ്അത്ത് ചെയ്യുന്നയാളെ പിന്തിരിപ്പിക്കുക സാധ്യമല്ല. കാരണം, താന്‍ ചെയ്യുന്ന പ്രവര്‍ത്തി ചീത്തയാണെന്ന് ഒരു മദ്യപാനിക്ക് ബോധ്യമാണ്. എന്നാല്‍ മൌലീദ് പാരായണം പോലുള്ള ഒരു ബിദ്അത്ത് ചെയ്യുന്നവന്‍ നല്ലതായ ഒരു കര്‍മ്മമാണ്‌ താന്‍ ചെയ്യുന്നത് എന്ന നിലക്കായാല്‍ അത് കുറ്റകരമെന്നു അവനെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. ഇതിനാലത്രെ നിലവിലുള്ള ബിദ്അത്ത് ഇല്ലാതാവുന്നതിലപ്പുറം പുതിയ ബിദ്അത്തുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും അവ വ്യാപകമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.

by ചെറിയമുണ്ടം അബ്ദുര്‍റസാഖ് @ ബിദ്അതുകള്‍ വ്യാപ്തിയും കെടുതിയും from yuvatha books

ലൈലത്തുല്‍ ബറാഅത്തിനു തെളിവുണ്ടോ?

വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില വാറോലകളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വാക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.

യാഥാസ്ഥിതികര്‍ നടത്തിക്കൊണ്ടിരിക്കുന്ന പല അനാചാരങ്ങള്‍ക്കും അവരുടെ ഇമാമുകളുടെ പിന്‍ബലം പോലും ഇല്ല എന്നതാണ് വസ്തുത. ഇവര്‍ ശാഫിഈ മദ്ഹബിലെ പണ്ഡിതരെയോ മദ്ഹബിനെയോ അംഗീകരിക്കുന്നവരല്ല. ഇവരുടെ മദ്ഹബ് നാട്ടാചാരങ്ങളാണ്. അതിലൂടെ മാത്രമേ പാമരന്മാരെ ചൂഷണം ചെയ്തു ഭൌതികലാഭം ഉണ്ടാക്കാന്‍ കഴിയൂ. യാഥാസ്ഥിതികര്‍ ഇമാം ശാഫിഈ (റ) കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആദരിക്കുന്ന പണ്ഡിതനാണ് ഇമാം നവവി (റ). അദ്ധേഹത്തിന്റെ ഗുരുനാഥനും മാലികി മദ്ഹബ് പണ്ഡിതനുമായ ഇമാം അബൂശാമ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക :

സൈദ്ബ്നു അസ്ലമില്‍ നിന്നും ഇബ്നു വല്ലഹ് (റ) ഉദ്ധരിച്ചിരിക്കുന്നു : നമ്മുടെ കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ നിന്നോ മതനേതാക്കളില്‍ നിന്നോ ഒരാളും തന്നെ ശഅ'ബാന്‍ പാതിരാവിന്‍റെ (പുണ്യത്തിലേക്ക്) തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടില്ല. മക്ഹൂല്‍ ഉദ്ധരിച്ച ഹദീസിലേക്ക് അവര്‍ തിരിഞ്ഞു നോക്കുക പോലും ചെയ്തിരുന്നില്ല. മറ്റുള്ള രാവുകളേക്കാള്‍ (ശഅബാന്‍ പാതിരാവിനു) അവര്‍ യാതൊരുവിധ ശ്രേഷ്ഠതയും കല്‍പ്പിക്കാരുണ്ടായിരുന്നില്ല .

[കിതാബുല്‍ ബാഇസ് പേജ് 125, അല്‍ ബിദഅ' പേജ് 46]

ഇമാം അബൂശാമ (റ) ഇബ്നു ദഹ്യയില്‍ നിന്നും വീണ്ടും ഉദ്ധരിക്കുന്നു : "ശഅബാന്‍ പാതിരാവിന്‍റെ ശ്രേഷ്ടതയെക്കുറിച്ച് വന്നിട്ടുള്ള ഒരൊറ്റ ഹദീസും സ്വഹീഹല്ല. അതിനാല്‍ അല്ലാഹുവിന്‍റെ അടിമകളെ, ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കുന്നവരെക്കുറിച്ചു നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ക്കവര്‍ ഹദീസുകള്‍ ഉദ്ധരിച്ചുതരുന്നത് നന്മയിലേക്ക് നയിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടായിരിക്കും. എന്നാല്‍ ഒരു നന്മ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ അത് അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ചര്യയായി വരേണ്ടതുണ്ട്. ഒരു കാര്യം വ്യാജ്യമാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് മതചര്യയില്‍ നിന്നും പുറത്ത് പോയി." [കിതാബുല്‍ ബാഇസ് പേജ് 127]

'ബറാഅത് രാവ്' എന്ന് നാമകരണം ചെയ്തുകൊണ്ട് ഈ രാവില്‍ നടത്തപ്പെടുന്ന പ്രത്യേക നോമ്പിനെയും നമസ്കാരങ്ങളെയും കുറിച്ച് നിരവധി പണ്ഡിതന്മാര്‍ അവയൊക്കെ ബിദ്അത്തുകളാണെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇമാം ശാത്വബിയുടെ ഒരു പ്രസ്താവന ശ്രദ്ധിക്കുക :

"ശഅബാന്‍ പകുതിയില്‍ പകല്‍ നോമ്പനുഷ്ടിക്കുക, രാത്രി നമസ്കാരം നിര്‍വഹിക്കുക പോലുള്ള മതത്തില്‍ പ്രത്യേകമായി സമയം നിര്‍ണ്ണയിക്കുകയോ കല്പ്പിക്കുകയോ ചെയ്യാത്ത ആരാധനകള്‍ അനുഷ്ടിക്കല്‍ അനാചാരങ്ങളില്‍പെട്ടതാണ്."

[അല്‍ ഇഅ'തിസാം 1 ;53]

ശാമുകാരായ ചില താബിഉകള്‍ നിര്‍മ്മിച്ചുണ്ടാക്കിയ ശഅബാന്‍ മാസത്തിലെ ഈ അനാചാരങ്ങള്‍ ചില ഖുര്‍ആന്‍ തഫ്സീരുകളെപ്പോലും സ്വാധീനിച്ചു എന്നതാണ് വസ്തുത. അതിനു ഉദാഹരണമാണ് ജലാലൈനി തഫ്സീര്‍. ഖുര്‍ആന്‍റെ ഭൂമുഖത്തെക്കുള്ള ആദ്യത്തെ അവതരണം റമദാന്‍ മാസം 'ലൈലത്തുല്‍ ഖദ്റിലാ' ണെന്നതില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല.

അല്ലാഹു പറയുന്നു : ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. [ഖുര്‍ആന്‍ 2:185 ]

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. [ഖുര്‍ആന്‍ 97:1]

ലൈലത്തുല്‍ ഖദ'ര്‍ റമദാനിലാണെന്ന വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. അല്ലാഹു ആ രാവിനെപ്പറ്റി ഒന്നുകൂടി വിശദീകരിക്കുന്നു : തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു. [ഖുര്‍ആന്‍ 44:3]

മേല്‍ വചനങ്ങളില്‍ പറഞ്ഞ റമദാനിലെ രാവ് ലൈലത്തുല്‍ ഖദര്‍, ലൈലതുന്‍ മുബാറക്ക എന്നിവയെല്ലാം വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച ആദ്യ രാവിനെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ കാര്യമായ യാതൊരുവിധ തര്‍ക്കവുമില്ല. എന്നാല്‍ ജലാലൈനി തഫ്സീറുകാര്‍ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് ശഅബാന്‍ പാതിരാവിലാണെന്ന ഒരു സംശയം രേഖപ്പെടുത്തിവെച്ചു. സൂറത്ത് ദുഖാനിലെ മൂന്നാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം : "(തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) അഥവാ ലൈലത്തുല്‍ ഖദ്റില്‍ അല്ലെങ്കില്‍ ശഅബാന്‍ പാതിരാവില്‍." [ജലാലൈനി 2:652]

ജലാലൈനിയിലെ ഈ പരാമര്‍ശം പ്രാമാണികരായ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇമാം റാസി രേഖപ്പെടുത്തുന്നു : "ലൈലത്തുല്‍ ഖദര്‍ സംഭവിച്ചത് റമദാനിലാണ്. പ്രസ്തുത രാവിലാണ് ഖുര്‍ആന്‍ ആദ്യമായി ഇറക്കപ്പെട്ടത്‌ എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ദുഖാന്‍ സൂറത്തില്‍ പറഞ്ഞ ലൈലതുന്‍ മുബാറക്ക ശഅബാന്‍ പാതിരാവാണെന്ന ചിലരുടെ വാദത്തിനു യാതൊരു തെളിവും അവരില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല. [തഫ്സീറുല്‍ കബീര്‍ 7:316]

ഇമാം ഇബ്നു കസീര്‍ (റ) സൂറത്ത് ദുഖാനിലെ മൂന്നാം വചനം വിശദീകരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു : "ഖുര്‍ആനിന്‍റെ (ആദ്യാവതരണം) ശഅബാന്‍ പാതിരാവിലാണെന്നു വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവുകളില്‍ നിന്നും വളരെ വിദൂരമാണ്. അത് റമദാനിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമാക്കിയിരിക്കുന്നു. [ഇബ്നു കസീര്‍ 4:137]

by പി കെ മൊയ്തീന്‍ സുല്ലമി @ ശബാബ് വാരിക

അവിവേകത്തിനുള്ള ചികിത്സ വെട്ടും കുത്തുമല്ല


പ്രവാചകതിരുമേനിയെ നിന്ദിച്ച പ്രഫസറെ പരസ്യമായി പിന്തുണയ്‌ക്കാന്‍ പ്രബുദ്ധ കേരളത്തില്‍ പരിഗണനീയരായ ആരുമുണ്ടായിരുന്നില്ല. യുക്തിവാദികളുടെ ജിഹ്വയെന്ന്‌ പറയാവുന്ന ഒരു വാരിക പോലും അയാളുടെ തെറിയെ ന്യായീകരിക്കാതെ, അയാള്‍ക്ക്‌ നീതി നിഷേധിക്കരുതെന്ന്‌ മുറവിളി കൂട്ടുക മാത്രമാണ്‌ ചെയ്‌തത്‌. എന്നാല്‍ ഏതോ അവിവേകികള്‍ അയാളുടെ കൈ വെട്ടിയതോടെ `താലിബാനിസത്തിന്റെ രക്തസാക്ഷി' എന്ന നിലയില്‍ അയാളുടെ നേര്‍ക്ക്‌ സകല തൂലികകളിലൂടെയും ജിഹ്വകളിലൂടെയും സഹതാപം പ്രവഹിക്കുകയാണ്‌. പല മാധ്യമങ്ങളും മുസ്‌ലിം ഭീകരതയെ മാത്രമല്ല ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മൊത്തമായിത്തന്നെ പ്രതിസ്ഥാനത്ത്‌ നിര്‍ത്താന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചുവരികയാണ്‌. മുസ്‌ലിം സമൂഹത്തില്‍ ഇത്തരം സംഭവവികാസങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രതികരണമെന്താണ്‌?

പലരും തങ്ങളുടെ രാഷ്‌ട്രീയ ബന്ധങ്ങളുടെയും മതകക്ഷിതാല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ പ്രസ്‌താവനകളിറക്കുന്നത്‌. ഒരു ആദര്‍ശസമൂഹം എന്ന നിലയ്‌ക്ക്‌ തങ്ങളുടെ ബാധ്യത എന്താണെന്ന്‌ വളരെ കുറച്ചുപേര്‍ മാത്രമേ ചിന്തിക്കുന്നുള്ളൂ. അല്ലാഹുവോടും അവന്‍ മാനവരാശിക്ക്‌ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്നായി അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തോടും ലോകര്‍ക്ക്‌ മുഴുവന്‍ അനുഗ്രഹമായി അവന്‍ നിയോഗിച്ച പ്രവാചകശ്രേഷ്‌ഠനോടും നീതിപുലര്‍ത്തിക്കൊണ്ട്‌ അവിവേകികളെ എങ്ങനെ അതിജയിക്കണമെന്ന കാര്യത്തില്‍ തെളിഞ്ഞ അവബോധമുള്ളവരാണ്‌ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു കൊണ്ട്‌ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും സംസാരിക്കേണ്ടത്‌.

``ഞങ്ങളോട്‌ ആരും അവിവേകം കാണിച്ചുപോകരുത്‌. സകല അവിവേകികളെയും കടത്തിവെട്ടുന്നതായിരിക്കും ഞങ്ങളുടെ അവിവേകം'' എന്നര്‍ഥമുള്ള ഈരടിക്ക്‌ ഏറെ പ്രചാരമുണ്ടായിരുന്ന ജാഹിലിയ്യാ സമൂഹത്തിലേക്കാണ്‌ മുഹമ്മദ്‌ നബി(സ) പരമകാരുണികനായ അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടത്‌. അവിവേകികളെ അതിജയിക്കാന്‍ അജയ്യമായ അവിവേകം തന്നെ വേണം എന്ന പ്രായോഗിക പോക്കിരിത്തത്തിന്റെ വക്താവായിക്കൊണ്ടല്ല അദ്ദേഹം മാനവരാശിയെ അഭിസംബോധന ചെയ്‌തത്‌. സകല പ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും അതിവര്‍ത്തിക്കുന്ന വിവേകംകൊണ്ട്‌ ജീവിതത്തെ ധന്യവും ദീപ്‌തവും അജയ്യവുമാക്കാനാണ്‌ അദ്ദേഹം അനുചരരെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തത്‌.

വിശുദ്ധ ഖുര്‍ആനിന്റെ ഗുണനാമങ്ങളിലൊന്നാണ്‌ ഫുര്‍ഖാന്‍. സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നത്‌ എന്നാണ്‌ ആ പദത്തിന്റെ അര്‍ഥം. ഫുര്‍ഖാന്‍ എന്ന പേരില്‍ തന്നെ ഖുര്‍ആനില്‍ ഒരധ്യായമുണ്ട്‌. അതിന്റെ അവസാനഭാഗത്ത്‌ പരമകാരുണികന്റെ ഉത്തമദാസന്മാര്‍ ഏത്‌ തരക്കാരായിരിക്കുമെന്ന്‌ അഥവാ ആയിരിക്കണമെന്ന്‌ വിവരിക്കുന്നുണ്ട്‌. ആ വിവരണം തുടങ്ങുന്നത്‌ ഇപ്രകാരമാണ്‌: ``പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു'' (വി.ഖു 25:63). ക്വാലൂ സലാമന്‍ എന്ന വാക്യാംശത്തിന്‌ `നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ എന്ന്‌ മറുപടി പറയുന്നവരുമാകുന്നു' എന്നും അര്‍ഥമാകാവുന്നതാണ്‌. അവിവേകികളുമായി വഴക്കുകൂടുന്നതും അവരെ ആക്രമിക്കുന്നതും ജിഹാദ്‌ അഥവാ ധര്‍മസമരമാണെന്ന ധാരണ തനി മൗഢ്യമാണെന്നാണ്‌ ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. തിളയ്‌ക്കുന്ന ക്ഷോഭവുമായി ഭൂമിയും ആകാശവും ഇളക്കിമറിക്കുന്ന പ്രകടനങ്ങള്‍ നയിക്കുന്ന തീവ്രവാദികള്‍ `ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവര്‍' എന്ന വകുപ്പില്‍ നിന്ന്‌ എത്ര അകലെയാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല.

സൂറത്തുല്‍ ഫുര്‍ഖാനിലെ 52-ാം സൂക്തത്തില്‍ വലിയ ജിഹാദ്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌ തീവ്രവാദികളുടെ ആക്രമണത്തെയോ ആക്രോശത്തെയോ അല്ല, പ്രത്യുത; വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഉല്‍ബോധനത്തെയാണ്‌. ഉല്‍ബോധകന്റെ നിലപാട്‌ എങ്ങനെയായിരിക്കണമെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക'' (വി.ഖു 16:125). ``അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല'' (വി.ഖു 88:21,22). ഇസ്‌ലാമിന്റെ മൗലികത എന്താണെന്ന്‌, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വമെന്താണെന്ന്‌ സ്വയം മനസ്സിലാക്കുകയോ മാനവര്‍ക്ക്‌ വ്യക്തമാക്കി കൊടുക്കുകയോ ചെയ്യാതെ വെട്ടുംകുത്തും നടത്തി മുങ്ങി ഇസ്‌ലാമിന്റെ കാവലാളുകളായി ചമയുന്നത്‌ തികച്ചും അപഹാസ്യമത്രെ.

കാരുണ്യത്തിന്റെ പ്രവാചകന്‌ അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ സൗമ്യത. ``അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുഭാഗത്തു നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക്‌ മാപ്പ്‌ കൊടുക്കുകയും അവര്‍ക്കു വേണ്ടി (അല്ലാഹുവോട്‌) പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടും'' (വി.ഖു 3:159). നബി(സ)യെ ഭ്രാന്തനെന്നും കൂടോത്രക്കാരനെന്നും മറ്റും വിളിച്ച്‌ അവഹേളിക്കുന്ന പലരും മക്കയിലും മദീനയിലുമുണ്ടായിരുന്നു. അതുകൊണ്ടൊന്നും അദ്ദേഹം സൗമ്യഭാവം വിട്ട്‌ ക്ഷുഭിതനായില്ല. വിമര്‍ശകര്‍ക്ക്‌ മാപ്പ്‌ നല്‍കാനും അവര്‍ക്കു വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ഥിക്കാനുമാണ്‌ അല്ലാഹു അദ്ദേഹത്തോട്‌ കല്‌പിച്ചത്‌. സത്യത്തിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സൗമ്യമായ പെരുമാറ്റത്തിന്‌ നിര്‍ണായകമായ പങ്കുണ്ടെന്ന്‌ അല്ലാഹു അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും ചെയ്‌തു.

ഇന്ന്‌ ഇസ്‌ലാമും മുസ്‌ലിംസമൂഹവും നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം സൗമ്യതയും വിട്ടുവീഴ്‌ചയും കാപട്യമാണെന്ന്‌ സമര്‍ഥിക്കുന്ന കുറെ വാചാടോപക്കാരുടെ സാന്നിധ്യമാണ്‌. വായില്‍ നിന്ന്‌ ക്ഷോഭത്തിന്റെ ഉണ്ടകള്‍ ഉതിര്‍ക്കുന്ന ഈ ജിഹാദികളാണ്‌ ഇസ്‌ലാമിന്‌ സകല ദുഷ്‌കീര്‍ത്തികളും വരുത്തിവെക്കുന്നത്‌. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും അനുശാസിക്കുന്ന സ്വഭാവമര്യാദകള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ സംഘപരിവാറിനോ ഭരണകൂടത്തിലെയും പോലീസിലെയും പട്ടാളത്തിലെയും വര്‍ഗീയ പക്ഷപാതികള്‍ക്കോ മുസ്‌ലിം സമൂഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. ``സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.'' (വി.ഖു 5:105)

`നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക' എന്നതിന്റെ അര്‍ഥം വ്യക്തമാണ്‌. ആദര്‍ശ പ്രതിബദ്ധത മുറുകെ പിടിച്ചുജീവിക്കാനുള്ള ആഹ്വാനമാണത്‌. ഒരാളുടെ വിശ്വാസവും വാക്കും പ്രവൃത്തിയും ശരിയാണെങ്കില്‍ അല്ലാഹുവിന്റെ പിന്തുണയാല്‍ അയാള്‍ അജയ്യനായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത്‌ തകര്‍ക്കാന്‍ തൊഗാഡിയയ്‌ക്കോ മുത്തലിക്കിനോ മറ്റോ കഴിയില്ല. അല്ലാഹു യശസ്സ്‌ നല്‍കിയവനെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ദയയും സൗമ്യതയും നിമിത്തം അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസം കെടുത്തിക്കളയാന്‍ ദുശ്ശക്തികള്‍ക്കൊന്നും സാധിക്കില്ല. രാഷ്‌ട്രീയക്കാരോ അധികാരികളോ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും അയാള്‍ക്ക്‌ പ്രശ്‌നമായിരിക്കില്ല. ഒരാളുടെ ജീവിതം ആദര്‍ശശുദ്ധികൊണ്ട്‌ ധന്യമല്ലെങ്കില്‍ എത്ര വലിയ വമ്പന്മാരുടെ പിന്തുണയും ഇഹത്തിലോ പരത്തിലോ അയാള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല.

നബി(സ)യെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞത്‌, `തീര്‍ച്ചയായും നീ മഹത്തായ സ്വഭാവഘടനയിലാകുന്നു' എന്നാണ്‌. തന്റെ നിയോഗത്തെക്കുറിച്ച്‌ നബി(സ) പറഞ്ഞത്‌ `വിശിഷ്‌ട സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടതെ'ന്നാണ്‌. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഈ സ്വഭാവവൈശിഷ്‌ട്യവും കൂടിയാണ്‌ അദ്ദേഹത്തെ അജയ്യതയിലേക്ക്‌ ഉയര്‍ത്തിയത്‌. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന അനുചരന്മാര്‍ക്കും അനിതരമായ മഹത്വം കൈവന്നത്‌ ആദര്‍ശത്തിന്റെയും സ്വഭാവത്തിന്റെയും ഔജ്ജ്വല്യം കൊണ്ടായിരുന്നു. ക്രോധത്തിന്റെ ലാവയൊഴുകുന്ന അഗ്നിപര്‍വതങ്ങളായി ജീവിച്ചിട്ടാണ്‌ അവര്‍ക്കൊക്കെ പ്രതാപവും അജയ്യതയും കൈവന്നതെന്ന്‌ ഇസ്‌ലാമിക ചരിത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയാനിടയില്ല.

from shabab weekly editorial

പൊങ്ങച്ചവും ദുര്‍വ്യയവും

പൊങ്ങച്ചത്തിന് വേണ്ടിയുള്ള മത്സരം ഇന്നത്തെ സമൂഹത്തിന്‍റെ ഒരു രോഗമായി മാറിയിരിക്കുന്നു. ഒരാള്‍ അത്യാവശ്യ സൌകര്യങ്ങളെല്ലാമുള്ള വീട് പണിയുന്നു. നാലഞ്ചുകൊല്ലം കഴിയുമ്പോഴാണ് തന്‍റെ അയല്‍ക്കാരന്‍ ഇതിനേക്കാള്‍ നല്ല ഒരു വീട് നിര്‍മ്മിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെടുന്നത്. അതിനോട് മത്സരിക്കാന്‍ തന്‍റെ നല്ല വീട് കുത്തിപ്പൊളിക്കുന്നു. അതിനേക്കാള്‍ ആടമ്പരത്തോടെ പുതിയത് നിര്‍മ്മിക്കുന്നു. ഇത്തരം ആളുകള്‍ പിശാചിന്‍റെ സഹോദരങ്ങള്‍ തന്നെ!. അല്ലാഹു പറയുന്നു : "തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു". [ഇസ്രാഅ' 27]

 ഇതെല്ലാം ഭൌതിക ജീവിതത്തിന്‍റെ കാര്യങ്ങളാണ്. എന്നാല്‍ പരലോകജീവിതത്തിനു വേണ്ടി എത്രയെങ്കിലും ചിലവഴിച്ചു സ്വന്തം കുടുംബത്തെ ദരിദ്രമാക്കാമോ? ഇല്ല. സഅദുബ്നു അബീവകാസ് (റ) പറയുന്നു : ഞാന്‍ നബി (സ)യോട് ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് കുറെ സ്വത്തുണ്ട്. എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേയുള്ളൂ. ആയതുകൊണ്ട് എനിക്ക് എന്‍റെ സ്വത്തില്‍ നിന്ന് മൂന്നില്‍ രണ്ടു ഭാഗം ദാനം ചെയ്യാമോ? അപ്പോള്‍ നബി (സ) പറഞ്ഞു : പാടില്ല. ഞാന്‍ വീണ്ടും ചോദിച്ചു : അതിന്‍റെ മൂന്നിലൊന്നു ആവാമോ? അവിടുന്ന് പറഞ്ഞു : മൂന്നിലൊന്നുതന്നെ ധാരാളമാണ്. താങ്കളുടെ അനന്തരാ വകാശികള്‍ ജനങ്ങളോട് കൈനീട്ടി യാചിക്കാന്‍ ഇടവരുത്തുന്നതിനേക്കാള്‍ നല്ലത് അവര്‍ സ്വയം പര്യാപ്തരാകാന്‍ അനുവദിക്കുന്നതാണല്ലോ." [ബുഖാരി, മുസ്ലിം]

അല്ലാഹു പറയുന്നു ; "കുടുംബബന്ധമുള്ളവന്ന്‌ അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത്‌ കളയരുത്‌." [ഇസ്രാഅ' 26] ഇതെല്ലാം തെളിയിക്കുന്നത് ദൈവ പ്രീതിക്കാണെങ്കില്‍പോലും എല്ലാം ദാനം ചെയ്തു തീര്‍ക്കരുത്‌ എന്നാണ്. "ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍." [ഫുര്‍ഖാന്‍ 67] ഉത്തമദാസന്മാരുടെ ലക്ഷണങ്ങളിലൊന്ന്‍ എന്ന നിലയിലാണ് അല്ലാഹു ഈ കാര്യം പരാമര്‍ശിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പണത്തോടുള്ള സമീപനം മനുഷ്യന്റെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്.

 by കെ എം തരിയോട് @ ഇസ്ലാമിലെ പെരുമാറ്റ മര്യാദകള്‍

പ്രശ്നം ശാഖാപരവും നിസ്സാരവുമല്ല

'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ പ്രഖ്യാപനവും പ്രചാരണവുമാണ് ഇസ്ലാഹീപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനുമാണെന്നുമുള്ള പ്രഖ്യാപനം മനസ്സിലും വാക്കിലും പ്രവര്‍ത്തനത്തിലുമുണ്ടാകണമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഒരു മുസ്ലിമിന്‍റെ ജീവിതത്തെ നിയന്ത്രിക്കാനുള്ള ശക്തികേന്ദ്രമാണ് സത്യസാക്ഷ്യം.

ഇതാണ് വസ്തുതയെങ്കിലും വിവിധ മതവിശ്വാസികളുമായി ഇഴുകിച്ചേര്‍ന്നുകഴിയുന്ന നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ പലരും വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റു മതക്കാരെ അനുകരിച്ചുപോരുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്) ഗുരുതരമായ കുറ്റമാണെന്ന് എല്ലാ മുസ്ലിംകള്‍ക്കുമറിയാം. അല്ലാഹു അല്ലാത്തവരോട് ആരാധന (ഇബാദത്ത്) നടത്തിയാല്‍ ശിര്‍ക്കാണെന്നുമറിയാം. എന്നാല്‍ എന്താണ് ഇബാദത്ത്? എന്താണ് ശിര്‍ക്ക്? എന്ന് കൃത്യമായി പലര്‍ക്കും അറിഞ്ഞുകൂടാ. അതിനാല്‍ ഭക്തരും നിഷ്കളങ്കരുമായ എത്രയോ മുസ്ലിംകള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്തു ശിര്‍ക്കില്‍ അകപ്പെടുന്നു. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കേണ്ട മുസ്ലിംകളില്‍ ധാരാളമാളുകള്‍ ഇന്ന് മണ്മറഞ്ഞ മഹാന്മാരോടാണ് പ്രാര്‍ഥിക്കുന്നത്. പ്രാര്‍ത്ഥന (ദുആ)യാണ് ഇബാദത്ത് (ആരാധന) എന്ന നബിവചനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല.

ഖുര്‍ആനില്‍ ധാരാളം പ്രാര്‍ത്ഥനകളുണ്ട്. ആദം നബി (അ) മുതല്‍ മുഹമ്മദ്‌ നബി (സ) വരെയുള്ള അമ്പിയാക്കളില്‍ പലരുടെയും പ്രാര്‍ത്ഥനകള്‍ എല്ലാം അല്ലാഹുവിനോട് മാത്രം. ഈസാ നബി, മറിയം ബീവി, വദദ്, സുവാഅ' തുടങ്ങിയ മഹാന്മാരോട് പ്രാര്‍ഥിച്ച സമൂഹങ്ങളെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ജാറങ്ങളും ഉത്സവങ്ങളും മറ്റും ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപമാണെന്ന കാര്യത്തില്‍ സംശയമില്ല.

നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മുടെ സഹോദരന്മാര്‍, അയല്‍വാസികള്‍, കുടുംബക്കാര്‍, സ്നേഹിതന്മാര്‍ തുടങ്ങിയവരില്‍ പലരും അവരറിയാതെ ശിര്‍ക്കിന്‍റെ വഴിയിലേക്ക് നീങ്ങുന്നുണ്ട്. അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു തൌഹീദിലേക്ക് കൊണ്ട്വരാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനു നാം തൌഹീദ് ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത്. മറ്റു കാര്യങ്ങളെല്ലാം അതിനു ശേഷം. അമ്പിയാക്കന്‍മാരുടെ പ്രബോധനം അങ്ങനെയായിരുന്നു. നബി തിരുമേനി (സ) പ്രബോധകന്മാരെ നിയോഗിക്കുമ്പോള്‍ ആദ്യം പഠിപ്പിക്കേണ്ട കാര്യം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാണെന്ന് അവരോടു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇക്കാരണങ്ങളാല്‍ നാം അമ്പിയാക്കന്മാരുടെ പ്രബോധനക്രമം സ്വീകരിച്ചു ലക്ഷക്കണക്കിന് ആളുകളെ ശിര്‍ക്കില്‍ നിന്നും മോചിപ്പിച്ചു. ആ പ്രവര്‍ത്തനം വിജയകരമായി നടക്കുന്നു. പക്ഷെ, ഈ തര്‍തീബ് ഇഷ്ടപ്പെടാത്ത ചിലര്‍ നമ്മെ കലഹപ്രിയരായി ചിത്രീകരിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശാഖാപരവും നിസ്സാരവുമായ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നു വിലപിക്കുന്നു. ഫലമോ, യഥാര്‍ത്ഥ ദീനി പ്രവര്‍ത്തകര്‍ സമുദായ ദ്രോഹികളായി ചിത്രീകരിക്ക പ്പെടുന്നു.

ലോകമെമ്പാടും മുസ്ലിം നവോഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തിപകരുന്നത് യുവാക്കളാണ്. നമ്മുടെ ലൈനാണ് ശരിയെന്നു ഇന്ന് സര്‍വരും അംഗീകരിച്ചിരിക്കുന്നു. അതിനാല്‍ കേരള നദ്'വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കും ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാര്‍ക്കും തൌഹീദിന്‍റെ സന്ദേശം പരത്തുവാന്‍ നാം ശക്തി പകരുക.

"നീ മൂലം ഒരാളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയാല്‍ അതാണ്‌ ഈ ലോകത്തേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഉത്തമം" [ഹദീസ്]

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍

Popular ISLAHI Topics

ISLAHI visitors