അവിവേകത്തിനുള്ള ചികിത്സ വെട്ടും കുത്തുമല്ല


പ്രവാചകതിരുമേനിയെ നിന്ദിച്ച പ്രഫസറെ പരസ്യമായി പിന്തുണയ്‌ക്കാന്‍ പ്രബുദ്ധ കേരളത്തില്‍ പരിഗണനീയരായ ആരുമുണ്ടായിരുന്നില്ല. യുക്തിവാദികളുടെ ജിഹ്വയെന്ന്‌ പറയാവുന്ന ഒരു വാരിക പോലും അയാളുടെ തെറിയെ ന്യായീകരിക്കാതെ, അയാള്‍ക്ക്‌ നീതി നിഷേധിക്കരുതെന്ന്‌ മുറവിളി കൂട്ടുക മാത്രമാണ്‌ ചെയ്‌തത്‌. എന്നാല്‍ ഏതോ അവിവേകികള്‍ അയാളുടെ കൈ വെട്ടിയതോടെ `താലിബാനിസത്തിന്റെ രക്തസാക്ഷി' എന്ന നിലയില്‍ അയാളുടെ നേര്‍ക്ക്‌ സകല തൂലികകളിലൂടെയും ജിഹ്വകളിലൂടെയും സഹതാപം പ്രവഹിക്കുകയാണ്‌. പല മാധ്യമങ്ങളും മുസ്‌ലിം ഭീകരതയെ മാത്രമല്ല ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മൊത്തമായിത്തന്നെ പ്രതിസ്ഥാനത്ത്‌ നിര്‍ത്താന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചുവരികയാണ്‌. മുസ്‌ലിം സമൂഹത്തില്‍ ഇത്തരം സംഭവവികാസങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രതികരണമെന്താണ്‌?

പലരും തങ്ങളുടെ രാഷ്‌ട്രീയ ബന്ധങ്ങളുടെയും മതകക്ഷിതാല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ പ്രസ്‌താവനകളിറക്കുന്നത്‌. ഒരു ആദര്‍ശസമൂഹം എന്ന നിലയ്‌ക്ക്‌ തങ്ങളുടെ ബാധ്യത എന്താണെന്ന്‌ വളരെ കുറച്ചുപേര്‍ മാത്രമേ ചിന്തിക്കുന്നുള്ളൂ. അല്ലാഹുവോടും അവന്‍ മാനവരാശിക്ക്‌ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്നായി അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തോടും ലോകര്‍ക്ക്‌ മുഴുവന്‍ അനുഗ്രഹമായി അവന്‍ നിയോഗിച്ച പ്രവാചകശ്രേഷ്‌ഠനോടും നീതിപുലര്‍ത്തിക്കൊണ്ട്‌ അവിവേകികളെ എങ്ങനെ അതിജയിക്കണമെന്ന കാര്യത്തില്‍ തെളിഞ്ഞ അവബോധമുള്ളവരാണ്‌ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു കൊണ്ട്‌ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും സംസാരിക്കേണ്ടത്‌.

``ഞങ്ങളോട്‌ ആരും അവിവേകം കാണിച്ചുപോകരുത്‌. സകല അവിവേകികളെയും കടത്തിവെട്ടുന്നതായിരിക്കും ഞങ്ങളുടെ അവിവേകം'' എന്നര്‍ഥമുള്ള ഈരടിക്ക്‌ ഏറെ പ്രചാരമുണ്ടായിരുന്ന ജാഹിലിയ്യാ സമൂഹത്തിലേക്കാണ്‌ മുഹമ്മദ്‌ നബി(സ) പരമകാരുണികനായ അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടത്‌. അവിവേകികളെ അതിജയിക്കാന്‍ അജയ്യമായ അവിവേകം തന്നെ വേണം എന്ന പ്രായോഗിക പോക്കിരിത്തത്തിന്റെ വക്താവായിക്കൊണ്ടല്ല അദ്ദേഹം മാനവരാശിയെ അഭിസംബോധന ചെയ്‌തത്‌. സകല പ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും അതിവര്‍ത്തിക്കുന്ന വിവേകംകൊണ്ട്‌ ജീവിതത്തെ ധന്യവും ദീപ്‌തവും അജയ്യവുമാക്കാനാണ്‌ അദ്ദേഹം അനുചരരെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തത്‌.

വിശുദ്ധ ഖുര്‍ആനിന്റെ ഗുണനാമങ്ങളിലൊന്നാണ്‌ ഫുര്‍ഖാന്‍. സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നത്‌ എന്നാണ്‌ ആ പദത്തിന്റെ അര്‍ഥം. ഫുര്‍ഖാന്‍ എന്ന പേരില്‍ തന്നെ ഖുര്‍ആനില്‍ ഒരധ്യായമുണ്ട്‌. അതിന്റെ അവസാനഭാഗത്ത്‌ പരമകാരുണികന്റെ ഉത്തമദാസന്മാര്‍ ഏത്‌ തരക്കാരായിരിക്കുമെന്ന്‌ അഥവാ ആയിരിക്കണമെന്ന്‌ വിവരിക്കുന്നുണ്ട്‌. ആ വിവരണം തുടങ്ങുന്നത്‌ ഇപ്രകാരമാണ്‌: ``പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു'' (വി.ഖു 25:63). ക്വാലൂ സലാമന്‍ എന്ന വാക്യാംശത്തിന്‌ `നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ എന്ന്‌ മറുപടി പറയുന്നവരുമാകുന്നു' എന്നും അര്‍ഥമാകാവുന്നതാണ്‌. അവിവേകികളുമായി വഴക്കുകൂടുന്നതും അവരെ ആക്രമിക്കുന്നതും ജിഹാദ്‌ അഥവാ ധര്‍മസമരമാണെന്ന ധാരണ തനി മൗഢ്യമാണെന്നാണ്‌ ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. തിളയ്‌ക്കുന്ന ക്ഷോഭവുമായി ഭൂമിയും ആകാശവും ഇളക്കിമറിക്കുന്ന പ്രകടനങ്ങള്‍ നയിക്കുന്ന തീവ്രവാദികള്‍ `ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവര്‍' എന്ന വകുപ്പില്‍ നിന്ന്‌ എത്ര അകലെയാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല.

സൂറത്തുല്‍ ഫുര്‍ഖാനിലെ 52-ാം സൂക്തത്തില്‍ വലിയ ജിഹാദ്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌ തീവ്രവാദികളുടെ ആക്രമണത്തെയോ ആക്രോശത്തെയോ അല്ല, പ്രത്യുത; വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഉല്‍ബോധനത്തെയാണ്‌. ഉല്‍ബോധകന്റെ നിലപാട്‌ എങ്ങനെയായിരിക്കണമെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക'' (വി.ഖു 16:125). ``അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല'' (വി.ഖു 88:21,22). ഇസ്‌ലാമിന്റെ മൗലികത എന്താണെന്ന്‌, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വമെന്താണെന്ന്‌ സ്വയം മനസ്സിലാക്കുകയോ മാനവര്‍ക്ക്‌ വ്യക്തമാക്കി കൊടുക്കുകയോ ചെയ്യാതെ വെട്ടുംകുത്തും നടത്തി മുങ്ങി ഇസ്‌ലാമിന്റെ കാവലാളുകളായി ചമയുന്നത്‌ തികച്ചും അപഹാസ്യമത്രെ.

കാരുണ്യത്തിന്റെ പ്രവാചകന്‌ അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ സൗമ്യത. ``അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുഭാഗത്തു നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക്‌ മാപ്പ്‌ കൊടുക്കുകയും അവര്‍ക്കു വേണ്ടി (അല്ലാഹുവോട്‌) പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടും'' (വി.ഖു 3:159). നബി(സ)യെ ഭ്രാന്തനെന്നും കൂടോത്രക്കാരനെന്നും മറ്റും വിളിച്ച്‌ അവഹേളിക്കുന്ന പലരും മക്കയിലും മദീനയിലുമുണ്ടായിരുന്നു. അതുകൊണ്ടൊന്നും അദ്ദേഹം സൗമ്യഭാവം വിട്ട്‌ ക്ഷുഭിതനായില്ല. വിമര്‍ശകര്‍ക്ക്‌ മാപ്പ്‌ നല്‍കാനും അവര്‍ക്കു വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ഥിക്കാനുമാണ്‌ അല്ലാഹു അദ്ദേഹത്തോട്‌ കല്‌പിച്ചത്‌. സത്യത്തിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സൗമ്യമായ പെരുമാറ്റത്തിന്‌ നിര്‍ണായകമായ പങ്കുണ്ടെന്ന്‌ അല്ലാഹു അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും ചെയ്‌തു.

ഇന്ന്‌ ഇസ്‌ലാമും മുസ്‌ലിംസമൂഹവും നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം സൗമ്യതയും വിട്ടുവീഴ്‌ചയും കാപട്യമാണെന്ന്‌ സമര്‍ഥിക്കുന്ന കുറെ വാചാടോപക്കാരുടെ സാന്നിധ്യമാണ്‌. വായില്‍ നിന്ന്‌ ക്ഷോഭത്തിന്റെ ഉണ്ടകള്‍ ഉതിര്‍ക്കുന്ന ഈ ജിഹാദികളാണ്‌ ഇസ്‌ലാമിന്‌ സകല ദുഷ്‌കീര്‍ത്തികളും വരുത്തിവെക്കുന്നത്‌. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും അനുശാസിക്കുന്ന സ്വഭാവമര്യാദകള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ സംഘപരിവാറിനോ ഭരണകൂടത്തിലെയും പോലീസിലെയും പട്ടാളത്തിലെയും വര്‍ഗീയ പക്ഷപാതികള്‍ക്കോ മുസ്‌ലിം സമൂഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. ``സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.'' (വി.ഖു 5:105)

`നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക' എന്നതിന്റെ അര്‍ഥം വ്യക്തമാണ്‌. ആദര്‍ശ പ്രതിബദ്ധത മുറുകെ പിടിച്ചുജീവിക്കാനുള്ള ആഹ്വാനമാണത്‌. ഒരാളുടെ വിശ്വാസവും വാക്കും പ്രവൃത്തിയും ശരിയാണെങ്കില്‍ അല്ലാഹുവിന്റെ പിന്തുണയാല്‍ അയാള്‍ അജയ്യനായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത്‌ തകര്‍ക്കാന്‍ തൊഗാഡിയയ്‌ക്കോ മുത്തലിക്കിനോ മറ്റോ കഴിയില്ല. അല്ലാഹു യശസ്സ്‌ നല്‍കിയവനെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ദയയും സൗമ്യതയും നിമിത്തം അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസം കെടുത്തിക്കളയാന്‍ ദുശ്ശക്തികള്‍ക്കൊന്നും സാധിക്കില്ല. രാഷ്‌ട്രീയക്കാരോ അധികാരികളോ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും അയാള്‍ക്ക്‌ പ്രശ്‌നമായിരിക്കില്ല. ഒരാളുടെ ജീവിതം ആദര്‍ശശുദ്ധികൊണ്ട്‌ ധന്യമല്ലെങ്കില്‍ എത്ര വലിയ വമ്പന്മാരുടെ പിന്തുണയും ഇഹത്തിലോ പരത്തിലോ അയാള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല.

നബി(സ)യെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞത്‌, `തീര്‍ച്ചയായും നീ മഹത്തായ സ്വഭാവഘടനയിലാകുന്നു' എന്നാണ്‌. തന്റെ നിയോഗത്തെക്കുറിച്ച്‌ നബി(സ) പറഞ്ഞത്‌ `വിശിഷ്‌ട സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടതെ'ന്നാണ്‌. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഈ സ്വഭാവവൈശിഷ്‌ട്യവും കൂടിയാണ്‌ അദ്ദേഹത്തെ അജയ്യതയിലേക്ക്‌ ഉയര്‍ത്തിയത്‌. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന അനുചരന്മാര്‍ക്കും അനിതരമായ മഹത്വം കൈവന്നത്‌ ആദര്‍ശത്തിന്റെയും സ്വഭാവത്തിന്റെയും ഔജ്ജ്വല്യം കൊണ്ടായിരുന്നു. ക്രോധത്തിന്റെ ലാവയൊഴുകുന്ന അഗ്നിപര്‍വതങ്ങളായി ജീവിച്ചിട്ടാണ്‌ അവര്‍ക്കൊക്കെ പ്രതാപവും അജയ്യതയും കൈവന്നതെന്ന്‌ ഇസ്‌ലാമിക ചരിത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയാനിടയില്ല.

from shabab weekly editorial