ബിദ്അത്ത് കടന്നുവരുന്ന വഴി

ദീനില്‍ ബിദ്അത്ത് (അനാചാരം) കടന്നുവരുന്നത്‌ തഖ്'വയുടെ കുറവില്‍ നിന്നല്ല. വൈകാരികമായ ആവേശത്തോടു കൂടി അന്ധമായി ദീന്‍ ആചരിക്കപ്പെടുമ്പോഴാണ്. ഭക്തിവികാരം അനിയന്ത്രിതമായി കാട്കയറി വിശ്വാസത്തെയും പ്രവര്‍ത്തിയേയും അത് യഥാര്‍ത്ഥനിലയില്‍ നിന്നും തെറ്റിക്കുകയും അന്ധവും മൂഡവുമായ അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. വിശ്വാസക്കുറവിലേക്കും അത് വഴി തെറ്റുകളിലേക്കും വഴുതിപ്പോകുന്നത് പോലെത്തന്നെ ഭക്തിയുടെപേരില്‍ അതിരുവിട്ട നിലകളിലേക്ക് നീങ്ങാനിടയാകുന്നതും കരുതിയിരിക്കണമെന്ന് ഖുര്‍ആനും റസൂലിന്റെ ചര്യയും അടിക്കടി ഉണര്‍ത്തുന്നത് അതിനാലാണ്.

ഖുര്‍ആന്‍ പറയുന്നു : "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌." [5:77]. "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌." [4:171]

മേല്‍ വചനങ്ങളില്‍ ഒന്നാമത്തതിനെ വിശദീകരിച്ചു പ്രമുഖ പണ്ഡിതന്‍ അമാനി മൌലവി തന്‍റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു : "...മതത്തില്‍ നിന്നും പിഴച്ചുപോകല്‍ നിഷേധത്തില്‍നിന്നും അനാദരവില്‍നിന്നും ഉണ്ടാകുന്നത് പോലെത്തന്നെ അതില്‍ അതിര്കവിയുന്നത്കൊണ്ടും ഉണ്ടായിത്തീരുന്നു. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യാനികളുടെ വഴിപിഴവ്. മതത്തില്‍ അവര്‍ക്കുണ്ടായ ഭക്തിക്കുറവില്‍നിന്നോ പ്രവാചകനിലുള്ള വിശ്വാസക്കുറവില്‍ നിന്നോ അല്ല അവര്‍ നേര്മാര്‍ഗ്ഗം വിട്ടുപോകാന്‍ കാരണമായത്‌....ദൈവ ഭക്തിയില്‍ മുഴുകുകയെന്നപേരില്‍ ഒരുതരം പൌരോഹിത്യ സമ്പ്രദായവും അവര്‍ സൃഷ്ടിച്ചുണ്ടാക്കി. പണ്ഡിത-പുരോഹിത വര്‍ഗ്ഗങ്ങള്‍ക്ക് മതനിയമങ്ങള്‍ ഇഷ്ടംപോലെ നിര്‍മ്മിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തു.....യഥാര്‍ത്ഥവിശ്വാസത്തില്‍വന്ന ഈ അതിരുകവിയല്‍ ശിര്‍ക്കിന്‍റെ അടിത്തട്ടിലേക്കാണ് അവരെ തള്ളിവിട്ടത്. അങ്ങേയറ്റം ലജ്ജയോടും വ്യസനത്തോടും കൂടിയാണെങ്കിലും ക്രിസ്ത്യാനികളുടെ ഈ അതിരുകവിയല്‍ രോഗം മിക്കതും മുസ്ലിം സമുദായത്തിലേക്കും ക്രമേണ പകര്‍ന്നിട്ടുണ്ടെന്ന വാസ്തവം സമ്മതിക്കാതെ വയ്യ." [വാല്യം 2, പേജ് 914,915]

നബി (സ) ഇങ്ങനെ പറഞ്ഞു : "മര്‍യമിന്റെ മകന്‍ ഈസായെക്കുറിച്ച് ക്രിസ്ത്യാനികള്‍ അധികപ്രശംസ നടത്തിയത്പോലെ നിങ്ങള്‍ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാന്‍ ഒരു അടിയാന്‍ (അബ്ദ്) മാത്രമാകുന്നു. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്‍റെ അടിയാനും അവന്‍റെ റസൂലും എന്നുമാത്രം പറഞ്ഞുകൊള്ളുവിന്‍." [ബുഖാരി, അഹമദ്]

മതകാര്യത്തിലുള്ള ക്രിസ്ത്യാനികളുടെ അതിര്കവിയല്‍ അനാചാരങ്ങളിലേക്ക് മാത്രമല്ല, ഈസാനബിയെ കര്ത്താവാക്കുന്ന തനി ശിര്‍ക്കിലേക്ക് എത്തിച്ചത് പോലെ മുസ്ലിം സമുദായത്തെയും മതത്തിലെ അതിര്'വിടല്‍ ശിര്‍ക്ക്പരമായ അനേകം വിശ്വാസങ്ങളിലേക്കും ബിദ്അത്തിലേക്കും എത്തിക്കുകയുണ്ടായി എന്നത് യഥാര്‍ത്ഥത്തില്‍ വിശദീകരിക്കേണ്ടതില്ലാത്ത വസ്തുതയത്രെ.

"നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."എന്ന ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള കല്‍പ്പന അതീവ ഗൌരവമുള്ളതാണ്. "അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമസമുദായമാക്കിയിരിക്കുന്നു." എന്ന ഖുര്‍ആന്‍ വചനവും പരാമര്ശിക്കുന്നതും ഈ വിഷയംതന്നെ.

ഏറ്റക്കുറച്ചിലില്ലാതെ മിതത്വത്തോടെ നിലകൊള്ളുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ഉമ്മത്തിന്റെ മുഖമുദ്ര. പ്രയോഗവല്‍കരണം ഏറെ പ്രയാസകരമായിട്ടുള്ള നിലപാടും അതാണ്‌. വിശ്വാസങ്ങളും കര്‍മ്മങ്ങളുമില്ലാതെ താന്തോന്നികളും അനുഷ്ഠാനങ്ങള്‍ പുലര്‍ത്താത്തവരുമായി ജീവിക്കുക എന്നതും, നേര്‍വിപരീതം വികാരാവേശത്തോടെ വിശ്വാസകാര്യങ്ങളില്‍ അതിര്'വിട്ടു ജീവിക്കുക എന്നതും ഒരുനിലക്ക് എളുപ്പമുള്ള കാര്യമാണ്. പ്രയാസകരമായിട്ടുള്ളത്, ഏറ്റക്കുറവില്ലാതെ എങ്ങനെയാണോ ആയിരിക്കേണ്ടത് അതേവിധം സൂക്ഷ്മതയോടെ ജീവിക്കുന്നതാണ്.

ആത്മീയതയുടെപേരില്‍ ഐഹികമായ ഉത്തരവാദിത്തങ്ങളെ ഒരു സത്യവിശ്വാസി ഇട്ടെറിയുകയില്ല. ദുന്യാവില്‍മുഴുകി പരലോകത്തെ അവഗണിക്കുകയുമില്ല. ഒന്നിന് മറ്റേതു താങ്ങാവുംവിധം രണ്ടും, ഖുര്‍ആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങള്‍ക്കൊത്തു പാലിച്ചുപോരുകയാകും അവന്‍ ചെയ്യുക. കൂടിയാല്‍ ശിര്‍ക്കിലേക്കും ബിദ്അത്തിലേക്കും, കുറഞ്ഞാല്‍ ഹറാമിലേക്കും അനുസരണക്കേടിലെക്കും- ഇതാണ് സംഭവിക്കുകയെന്ന വസ്തുത നാം മനസ്സിലാക്കുന്നുവെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സൂക്ഷ്മതയും [തഖ്'വ] ഈമാനും.

ബിദ്അത്ത് എന്ന തിന്മയില്‍ നാം ചെന്ന്പെടുന്നത് നന്മയുടെ വഴിയിലൂടെ എന്നത് വിസ്മയകരവും വേദനാജനകവുമായ ഒരു സ്ഥിതിവിശേഷമത്രെ. ബിദ്അത്ത് കടന്നുവരുന്നത് സല്കര്‍മ്മത്തിന്റെ തനി രൂപമായിക്കൊണ്ട് എന്നത് അതിന്‍റെ വിപാടനം പ്രയാസകരമാക്കുകയും ചെയ്യുന്നു. മദ്യപാനം, മോഷണം, വ്യഭിചാരം തുടങ്ങിയ ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുന്നയാളെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നത്‌പോലെ ഒരു ബിദ്അത്ത് ചെയ്യുന്നയാളെ പിന്തിരിപ്പിക്കുക സാധ്യമല്ല. കാരണം, താന്‍ ചെയ്യുന്ന പ്രവര്‍ത്തി ചീത്തയാണെന്ന് ഒരു മദ്യപാനിക്ക് ബോധ്യമാണ്. എന്നാല്‍ മൌലീദ് പാരായണം പോലുള്ള ഒരു ബിദ്അത്ത് ചെയ്യുന്നവന്‍ നല്ലതായ ഒരു കര്‍മ്മമാണ്‌ താന്‍ ചെയ്യുന്നത് എന്ന നിലക്കായാല്‍ അത് കുറ്റകരമെന്നു അവനെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. ഇതിനാലത്രെ നിലവിലുള്ള ബിദ്അത്ത് ഇല്ലാതാവുന്നതിലപ്പുറം പുതിയ ബിദ്അത്തുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും അവ വ്യാപകമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.

by ചെറിയമുണ്ടം അബ്ദുര്‍റസാഖ് @ ബിദ്അതുകള്‍ വ്യാപ്തിയും കെടുതിയും from yuvatha books