ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷതകള്‍

വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ സന്ദര്‍ഭമാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാവ്. 1000 മാസത്തേക്കാള്‍ ഉത്തമമായ ആ രാത്രി അനുഗ്രഹത്തിന്‍റെ യാമങ്ങള്‍ കൂടിയാണ്. സര്‍വമനുഷ്യര്‍ക്കും അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാത്രിയാണത്.

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ. [സൂറ : ഖദര്‍]

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. വൈകുന്നേരമാകുമ്പോള്‍ അത് അസ്തമിക്കുന്നു. അടുത്ത ദിവസം അത് വീണ്ടും ഉദിക്കുന്നു. അതിന്‍റെ ഉദയാസ്തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു. ഇന്ന് സൂര്യന്‍ ഉദിച്ചത് ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതും നാളത്തെ അസ്തമനവും നമ്മില്‍ അന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഓരോ ദിനങ്ങളിലെയും സൂര്യാസ്തമനങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. പക്ഷെ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത് തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീടു അസ്തമിക്കുകയും ചെയ്യുന്നു.

ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും ഉണ്ട്. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുകളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപദത്തിനും വിധേയമായി ചരിക്കുന്നു. ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാതികള്‍ക്കും എല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്. അവയുടെ ആയുഷ്കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്. നമ്മുടെ ശരീരത്തിന്‍റെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. മനുഷ്യന്‍റെ കാഴ്ചക്കും കേള്‍വിക്കും പരിമിതികളുണ്ട്. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്. മനുഷ്യന്‍റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്. അതെ സ്ഥൂലഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. "സൃഷ്ടിക്കുകയും സംവിധാനിക്കുകയും വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക [സൂറ 87 :1-3]

നിര്‍ണയത്തിന്റെ രാവ്

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖയാണ് ലൌഹുല്‍ മഹ്ഫൂദ് എന്ന പേരില്‍ അറിയപ്പെടുന്നത്. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മ്മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഓരോ വര്‍ഷവും അതാതു വര്‍ഷങ്ങളില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങള്‍ പ്രത്യേകം പകര്‍ത്തി എടുത്തു ഒന്നാം ആകാശത്തില്‍ സൂക്ഷിക്കുന്നു. ഈ പകര്‍ത്തി എടുക്കല്‍ നടത്തപ്പെടുന്നത് ലൈലത്തുല്‍ ഖദ്റിലാണ്. അതില്‍ നിന്നാണ് മലക്കുകള്‍ക്ക് അവരുടെ ഓരോ വര്‍ഷത്തെ ജോലികള്‍ വിഭവിച്ചു നല്‍കുന്നത്. "ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു." [സൂറ 44:4]

പുണ്യങ്ങളുടെ രാത്രി

ലൈലത്തുല്‍ ഖദ്റിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്ന് ഓരോ വര്‍ഷത്തെയും കാര്യങ്ങള്‍ അടുത്ത ആകാശത്തേക്ക് നല്‍കപ്പെടുന്നത്. നിര്‍ണായകമായ ആ രാത്രികളിലൊന്നിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഖുര്‍ആനെയും പുറത്തെടുത്തത്. ഒന്നാം ആകാശത്തില്‍ സുരക്ഷിതമായ ഒരിടത്ത് അന്നുമുതല്‍ അത് സൂക്ഷിക്കപ്പെട്ടു. അതില്‍ നിന്നാണ് സന്ദര്‍ഭാനുസരണം പിന്നീട് ജിബ്രീല്‍ (അ)ക്ക് നല്‍കപ്പെട്ടത്‌. അദ്ദേഹമാണ് ഖുര്‍ആന്‍ നബി (സ)ക്ക് എത്തിച്ചത്.

ലൈലത്തുല്‍ ഖദറിന്റെ രാവില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് നബി (സ) വാഗ്ദാനം ചെയ്യുന്നു. അബൂഹുറൈറ (റ)യില്‍ നിന്നും നിവേദനം : "ലൈലത്തുല്‍ ഖദറിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും നമസ്കരിക്കുന്നവന്റെ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും." [ബുഖാരി,മുസ്ലിം]

എന്നാണു ലൈലത്തുല്‍ ഖദ്ര്‍?

ലൈലത്തുല്‍ ഖദ്ര്‍ റമദാനിലാണെന്ന് ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

"വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍." [സൂറ 2:185]

"തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു."[സൂറ 44:3]

"തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദറില്‍ അവതരിപ്പിച്ചിരിക്കുന്നു" [സൂറ 97:1]

റമദാനില്‍ ഏതു ദിവസമാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നിലായിരിക്കാം എന്നു ധാരാളം പ്രബലമായ നബി വചനങ്ങളിലുണ്ട്. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി (സ) പ്രോത്സാഹി പ്പിച്ചതായി കാണാവുന്നതാണ്.

ഇബ്നു ഉമര്‍ (റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക് ലൈലത്തുല്‍ ഖദര്‍ അവസാനത്തെ ഏഴു ദിവസങ്ങളില്‍ ഒന്നിലാണെന്ന് സ്വപ്നദര്‍ശനമുണ്ടായെന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവരത് നബി (സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്നു നബി (സ) അവരോടു പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കുവാന്‍ അവരോടു ആഹ്വാനം നടത്തുകയും ചെയ്തു.

മാസങ്ങളേക്കാള്‍ ഉത്തമമായ രാവിനെ നാഥന്‍ മറച്ചുവെച്ചിരിക്കുന്നു. നാം ആ പുണ്യം നേടിയെടുക്കാന്‍ സദാ ജാഗരൂകരാകാന്‍ വേണ്ടിയാണ് അത്.

ഇമാം റാസി (റ) പറയുന്നു : "പുണ്യ കര്‍മ്മങ്ങള്‍ സ്വീകരിച്ചുവോ എന്ന കാര്യം അല്ലാഹു മറച്ചുവെച്ചു. വിശ്വാസികള്‍ എല്ലാ പുണ്യങ്ങളും നിര്‍വഹിക്കുവാന്‍ ഉത്സുകരാകാന്‍ വേണ്ടിയത്രെ അത്. പാപങ്ങളിലുള്ള കോപം അവന്‍ മറച്ചു വെച്ചു. നാം എല്ലാ പാപങ്ങളും ഉപേക്ഷിക്കാന്‍ വേണ്ടിയാണത്. പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെട്ടുവോ എന്ന കാര്യം അവന്‍ മറച്ചു വെക്കുന്നു. ആളുകള്‍ അത് മൂലം വീണ്ടും വീണ്ടും പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്‍റെ മഹത്തായ നാമം (ഇസ്മുല്‍ അഅദം) വിളിച്ചു കൊണ്ട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുക തന്നെ ചെയ്യും. നാഥന്‍ അതേതാണെന്ന കാര്യം മറച്ചു വച്ചു. നാം എല്ലാ നാമങ്ങളെയും മഹത്വപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്. മധ്യമനമസ്കാരം (സ്വലാതുല്‍ വുസ്ത്വാ) അവന്‍ രഹസ്യമാക്കി. നാം എല്ലാ നമസ്കാരത്തിലും ശ്രദ്ധിക്കാന്‍ വേണ്ടി. അപ്രകാരം തന്നെ ലൈലത്തുല്‍ ഖദ്റിനെയും അവന്‍ മറച്ചു വെച്ചു. ആ പുണ്യം നേടിയെടുക്കാന്‍ നാം സദാ ജാഗ്രത പുലര്‍ത്താന്‍വേണ്ടി." [റാസി 32 :28]

റമദാന്‍ നമ്മോടു വിട വാങ്ങുകയായി. വീണ്ടും ഒരുപക്ഷെ നമ്മള്‍ക്കതിനെ കണ്ടുമുട്ടാന്‍ സാധ്യമാവണമെന്നില്ല. നമ്മുടെ ജീവിതത്തിലെ അവസാനത്തെ റമദാന്‍ ഇതായിരിക്കാം. അവസാനത്തെ പത്തും അവസാനത്തെ ലൈലത്തുല്‍ ഖദ്റുമാവാം. 1000 മാസത്തേക്കാള്‍ ഉത്തമമായ രാവ്! ഒരു മനുഷ്യന്‍ തന്‍റെ ആയുഷ്കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേകുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്ടമാകാതിരിക്കാന്‍ ബദ്ധശ്രദ്ധരാവുക.

by എം ഐ മുഹമ്മദലി സുല്ലമി @ അത്തൌഹീദ്

ബദ്റിലെ 2 പ്രാര്‍ഥനകള്‍


ഹിജ്റ വര്‍ഷം 2, റമദാന്‍ പതിനേഴ്‌ വെള്ളിയാഴ്ച. അന്നാണ് സത്യവും അസത്യവും ഏറ്റുമുട്ടിയത്. അസത്യം ദയനീയമായി മണ്ണടിഞ്ഞതും .

ബദ്റിന്റെ രണഭൂമി ആരവങ്ങളാല്‍ മുഴങ്ങും മുമ്പ് 2 പ്രാര്‍ത്ഥനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ന്നു. 1, കഅ'ബക്ക് അഭിമുഖമായി നിന്ന് സജല നേത്രങ്ങളോടെയുള്ള പ്രവാചകന്‍ (സ)യുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ നിന്ന് :

"നാഥാ, നീ വാഗ്ദാനം ചെയ്ത സഹായം അനിവാര്യമായ സന്നിഗ്ധഘട്ടമിതാ. ഈ കൊച്ചുസംഘം എങ്ങാനും ബദ്റിന്റെ മണ്ണില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നീട് നീ ഒരിക്കലും ഈ ഭൂമുഖത്ത് ആരാധിക്കപ്പെടുകയില്ല. സഹായിക്കണേ..."

പ്രവാചകന്‍റെ ചുമലില്‍ നിന്ന് വീണ തോള്‍മുണ്ടെടുത്ത് ചുമലില്‍ പുതപ്പിച്ചുകൊണ്ട് അബൂബക്കര്‍ (റ) പറഞ്ഞു : "നബിയെ, എന്താണിത്? താങ്കളെയല്ലാതെ മറ്റാരെയാണ് നാഥന്‍ സഹായിക്കുക. ഇനി മതി ഈ പ്രാര്‍ത്ഥന."

മറ്റൊരു പ്രാര്‍ത്ഥന, അതേ കഅ'ബയുടെ ഖില്‍അ പിടിച്ചുകൊണ്ട് അബൂ ജഹലിന്റെതായിരുന്നു. "അല്ലാഹുവേ, കുടുംബങ്ങളെ ശിഥിലമാക്കിയ ഈ പുത്തനാചാരത്തിന്‍റെ വാക്താക്കളെ നീ തുരത്തെണമേ. സത്യത്തിനു നീ വിജയം പ്രദാനം ചെയ്യേണമേ."

അങ്ങനെ മുന്നൂറ്റിപ്പതിമൂന്നും ആയിരവും ഏറ്റുമുട്ടി. ആദ്യത്തെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു.

"നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം." [അദ്ധ്യായം 3 ആലു ഇമ്രാന്‍ 123]

അഹങ്കാരത്തിന്‍റെ നിറവില്‍ സത്യത്തിനെതിരെ കലിതുള്ളിയ ഖുറൈശി കിങ്കരപ്പടയെ അല്ലാഹു നാമാവശേഷമാക്കി, അബൂജഹലിനെയടക്കം. അങ്ങനെ അബൂജഹലിന്റെ പ്രാര്‍ത്ഥനയും അല്ലാഹു സ്വീകരിച്ചു.

from അത്തൌഹീദ്

സ്വയം നന്നായാല്‍ മതിയോ?


ഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ ചെയ്യാനും പാപങ്ങളില്‍ നിന്ന്‌ പരമാവധി അകന്നുനില്‍ക്കാനും മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുത്തു കിട്ടുന്നതിന്നു വേണ്ടി കൂടുതല്‍ പ്രാര്‍ഥിക്കാനും പരിശുദ്ധ റമദാനില്‍ സത്യവിശ്വാസികള്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഇസ്‌ലാം വലിയ പ്രാധാന്യം കല്‌പിക്കുന്ന ചില പുണ്യകര്‍മങ്ങളുടെ കാര്യത്തില്‍ പലരും ഉപേക്ഷ വരുത്തുകയാണ്‌ ചെയ്യുന്നത്‌. അതുപോലെ ഗുരുതരമായ ചില പാപങ്ങളെ പലരും നിസ്സാരമായി ഗണിക്കുകയും ചെയ്യുന്നു. നമുക്ക്‌ മോക്ഷവും പാപമുക്തിയും ഉറപ്പാക്കണമെങ്കില്‍ ഈ രണ്ടു വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും അനിവാര്യമാകുന്നു.

സത്യവിശ്വാസികളുടെ സവിശേഷഗുണമായി വിശുദ്ധഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്‌ നന്മ ചെയ്യാന്‍ കല്‌പിക്കലും തിന്മ ചെയ്യുന്നതില്‍ നിന്ന്‌ വിലക്കലും. ``നന്മയിലേക്ക്‌ ക്ഷണിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കേണ്ടതാണ്‌. അവരത്രെ വിജയികള്‍''(വി. ഖു. 3:104) ``മനുഷ്യവംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു''(വി. ഖു. 3:110)

പ്രവാചകന്റെ ദൗത്യത്തെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``അവരോട്‌ അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു'' (വി. ഖു. 7:157) ദുരാചാരങ്ങള്‍ തടയാതിരുന്നതുകൊണ്ടാണ്‌ ഇസ്‌റാഈല്യരിലെ അവിശ്വാസികള്‍ ശാപത്തിന്‌ അവകാശികളായതെന്നും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്‌തതിന്റെ ഫലമത്രെ അത്‌. അവര്‍ ചെയ്‌തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്‌തുകൊണ്ടിരുന്നത്‌ വളരെ ചീത്തതന്നെ''(5:78,79).

വ്യക്തിപരവും സംഘടനാപരവുമായ വിമര്‍ശനം മുസ്‌ലിംസമൂഹത്തില്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും തിന്മകളിലും ദുരാചാരങ്ങളിലും ഏര്‍പ്പെടുന്നവരെ ഗുണകാംക്ഷയോടെ അതില്‍ നിന്നൊക്കെ വിലക്കുന്ന സമ്പ്രദായം വളരെകുറഞ്ഞു വരികയാണ്‌. സ്വയം നന്നായാല്‍ മതി, മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നതാണ്‌ ഭക്തരായ ചിലരുടെ ധാരണ. മറ്റുള്ളവരെ തിരുത്താന്‍ ശ്രമിച്ചാല്‍ അവരുടെ വെറുപ്പ്‌ സമ്പാദിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ ചിലര്‍ക്ക്‌. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ ആളുകളെ തിന്മയില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയും നന്മചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ മഹത്വം യഥോചിതം വിലയിരുത്തുന്നവര്‍ ഇപ്പോള്‍ വളരെ കുറവാകുന്നു. ദുരാചാരങ്ങളെ എതിര്‍ത്തു സംസാരിച്ചാല്‍ പലര്‍ക്കും ഇഷ്‌ടപ്പെടുകയില്ലെന്നുറപ്പാണ്‌. എന്നാല്‍ അങ്ങനെ സംസാരിക്കുന്നത്‌ സദുദ്ദേശ്യത്തോടെയാണെന്ന്‌ ബോധ്യമായാല്‍ സന്മനസ്സുള്ള ചിലരെങ്കിലും ആ ഉപദേശത്തിന്‌ വലിയ വില കല്‌പിക്കുകയും ഗുണകാംക്ഷ പുലര്‍ത്തിയ ഉപദേശിയെ അത്യധികം സ്‌നേഹിക്കുകയും ചെയ്യും. ``നീ മുഖേന ഒരാളെ അല്ലാഹു നേര്‍വഴിയിലാക്കുന്നത്‌ നിനക്ക്‌ വിശേഷപ്പെട്ട കാലികളെക്കാള്‍ ഉത്തമമാകുന്നു'' എന്ന നബിവചനം ഈ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ പ്രചോദകമാകേണ്ടതുണ്ട്‌.

ഉത്തമ സമൂഹം എന്ന അവസ്‌ഥ അഭംഗുരം നിലനില്‍ക്കണമെങ്കില്‍ സദാചാരം കല്‌പിക്കലും ദുരാചാരത്തില്‍ നിന്ന്‌ വിലക്കലും നിരന്തരമായി നടക്കുക തന്നെവേണം. പല നന്മകളോടും ബഹുജനങ്ങള്‍ക്ക്‌ ആഭിമുഖ്യം കുറയുകയും, ഗുരുതരമായ പല തിന്മകളും സമൂഹത്തില്‍ സാര്‍വത്രികമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ള എല്ലാവരും നന്മ കല്‌പിക്കാനും തിന്മ വിലക്കാനും സന്നദ്ധരാകേണ്ടത്‌ അത്യാവശ്യമാകുന്നു. ഇത്‌ മതപണ്ഡിതന്മാരും സമുദായനേതാക്കളും മാത്രം നിര്‍വഹിക്കേണ്ട ബാധ്യതയാണെന്ന ചിലരുടെ ധാരണ ഒട്ടും ശരിയല്ല. നന്മ തിന്മകളെ സംബന്ധിച്ച സാമാന്യമായ തിരിച്ചറിവുള്ളവര്‍ പോലും തങ്ങളുടെ അറിവും കഴിവുമനുസരിച്ച്‌ സദുപദേശം നല്‌കേണ്ടതുണ്ട്‌. വ്യക്തികളും സമൂഹങ്ങളും തിന്മകളുടെ കയത്തില്‍ മുങ്ങി നശിക്കുന്നത്‌ തടയാന്‍ അത്‌ അനുപേക്ഷ്യമാകുന്നു. സമൂഹത്തില്‍ തിന്മകളും ദുരാചാരങ്ങളും വ്യാപിക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുന്ന പക്ഷം അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ബാധിക്കുന്നത്‌ അക്രമികളെ മാത്രമായിരിക്കുകയില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (8:25) വ്യക്തമാക്കിയിട്ടുണ്ട്‌. വിവിധ മതസംഘടനകള്‍ അവരുടെ മുന്‍ഗണനാ മേഖലകളില്‍ ഒട്ടൊക്കെ ബോധവത്‌കരണം നടത്തുന്നുണ്ടെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ അതീതമായ, തിന്മയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലാത്ത ദുര്‍വൃത്തികള്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. ജീവിത വ്യവഹാരങ്ങളെ പാപ പങ്കിലമാക്കുകയും മാനുഷിക ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കുകയും ചെയ്യുന്ന തിന്മകളാണ്‌ ഈ കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.

രാഷ്‌ട്രീയക്കാരും ട്രേഡ്‌ യൂണിയന്‍കാരും മറ്റു നിക്ഷിപ്‌ത താല്‌പര്യക്കാരും വളര്‍ത്തിയെടുത്ത വിമര്‍ശന സംസ്‌കാരം ഇപ്പോള്‍ മുസ്‌ലിംകളെയും ഏറെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്‌. എതിരാളിയുടെ നന്മകള്‍ ഒട്ടും പരിഗണിക്കാതെ അയാളുടെ കുറ്റങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുക എന്നതാണ്‌ ഇപ്പോള്‍ മതരംഗത്തേക്ക്‌ കൂടി സംക്രമിച്ചുകഴിഞ്ഞിട്ടുള്ള സാംസ്‌കാരികാഭാസം. വൈരാഗ്യപൂര്‍വമുള്ള ഈ ഇകഴ്‌ത്തല്‍ വിമര്‍ശിക്കുന്നവരെയോ വിമര്‍ശിക്കപ്പെടുന്നവരെയോ നന്മയിലേക്ക്‌ നയിക്കാനോ തിന്മയില്‍ നിന്ന്‌ മോചിപ്പിക്കാനോ ഒട്ടും പര്യാപ്‌തമാകുന്നില്ല. അപരന്‍ എന്നെ ദോഷൈകദൃഷ്‌ടിയോടെ മാത്രമാണ്‌ വീക്ഷിക്കുന്നതെങ്കില്‍ അവനോട്‌ ഞാനും അതേ നിലപാട്‌ തന്നെയല്ലേ സ്വീകരിക്കേണ്ടതുള്ളൂ എന്നതായിരിക്കും ഇകഴ്‌ത്തപ്പെടുന്നവന്റെ നിലപാട്‌. ഇത്‌ വൈരാഗ്യവും സംഘര്‍ഷവും വളര്‍ത്താനേ ഉപകരിക്കൂ. പരദൂഷണവും അപവാദവും കൊണ്ട്‌ പരസ്‌പരം ഗോളടിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഇസ്‌ലാമികാധ്യാപനങ്ങളെ കാറ്റില്‍ പറത്തുകയാണ്‌ ചെയ്യുന്നത്‌.

ഒരു സത്യവിശ്വാസി തന്റെ സഹോദരനെ സംബന്ധിച്ച്‌ സദ്‌വിചാരമേ പുലര്‍ത്താവൂ, നല്ലതേ പറയാവൂ. തിന്മകളില്‍ നിന്ന്‌ സഹോദരനെ മോചിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത്‌ ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശത്തിലൂടെയാകണം. ഇതിന്‌ വിപരീതമായ ദുഷ്‌പ്രവണതകളെയൊക്കെ അല്ലാഹു നിഷിദ്ധമായി വിധിച്ചിരിക്കുന്നു. ``സത്യവിശ്വാസികളേ, ഒരു വിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരിക്കാം. ഒരു വിഭാഗം സ്‌ത്രീകള്‍ മറ്റൊരു വിഭാഗം സ്‌ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്‌ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരിക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. പരിഹാസപ്പേരുകള്‍ വിളിച്ച്‌ പരസ്‌പരം അപമാനിക്കുകയും അരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മികമായ പേര്‌(വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.

സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന്‌ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? എന്നാല്‍ അത്‌ (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു''(വി. ഖു. 49:11,12)

ഈ വിലക്കുകള്‍ പാലിച്ചാല്‍ അല്ലാഹുവും നല്ല മനുഷ്യരും നമ്മെ ഇഷ്‌ടപ്പെടും. ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ മോചനം ലഭിക്കും. പെരുമാറ്റദൂഷ്യങ്ങള്‍ സൃഷ്‌ടിക്കുന്ന വഴക്കുകളില്‍ നിന്നും സാമൂഹ്യസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി കൈവരും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമസ്‌കരിക്കുകയും നോമ്പനുഷ്‌ഠിക്കുകയും ചെയ്യുന്നവരില്‍ തന്നെ വലിയൊരു വിഭാഗം ഇതിന്ന്‌ വിരുദ്ധമായി പരിഹാസവും പരദൂഷണവും ചീത്തപ്പേരുവിളിക്കലും കുറ്റങ്ങളും കുറവുകളും ചികഞ്ഞുനോക്കലും പതിവാക്കിയിരിക്കുകയാണ്‌. രാഷ്‌ട്രീയവേദികളിലും പത്രമാധ്യമങ്ങളിലും ഇതൊക്കെ നിര്‍ബാധം തുടരുന്നതിനാല്‍ ഇതൊക്കെ സഭ്യവും സ്വാഭാവികവുമാണെന്ന്‌ വിശ്വാസികളില്‍ പലരും ധരിച്ചു വശാകുന്നു.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനുഷ്യരെ ദ്രോഹിച്ചവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കണമെങ്കില്‍ ദ്രോഹമനുഭവിച്ചവര്‍ ആദ്യമവര്‍ക്ക്‌ മാപ്പ്‌ നല്‌കണം. അല്ലെങ്കില്‍ ആ ദ്രോഹികള്‍ ചെയ്‌ത സല്‍കര്‍മങ്ങളൊക്കെ ദ്രോഹിക്കപ്പെട്ടവര്‍ക്ക്‌ അല്ലാഹു പങ്കുവെച്ചുകൊടുക്കും. അതു കഴിയുന്നതോടെ കണക്കില്‍ കര്‍മഫലങ്ങളൊന്നും അവശേഷിക്കാത്തവര്‍ `പാപ്പരായി' നരകത്തില്‍ തള്ളപ്പെടുമെന്നും പ്രാമാണികമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നു. ചിലര്‍ ഹജ്ജിനുപോകുമ്പോള്‍ പലരെക്കൊണ്ടും പൊരുത്തപ്പെടുവിക്കാറുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിനു മുമ്പ്‌ പരേതന്‌ മാപ്പ്‌ ചെയ്‌തുകൊടുക്കാന്‍ അടുത്ത ബന്ധു അഭ്യര്‍ഥിക്കാറുണ്ട്‌. പരിഹാസവും പരദൂഷണവും സ്ഥിരം സമ്പ്രദായമാക്കിയവരുടെ പ്രശ്‌നങ്ങള്‍ ഇത്‌കൊണ്ടൊന്നും തീരുകയില്ല. പരലോകത്തെത്തുമ്പോള്‍ നാം പാപ്പരായിപ്പോകാത്ത അവസ്ഥ ഉണ്ടാകണമെങ്കില്‍ നാം നാവിന്‌ കടുത്ത നിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയേ തീരൂ. അത്‌ ശീലമാക്കാന്‍ ഏറ്റവും ഉചിതമായ സന്ദര്‍ഭമത്രെ വ്രതനാളുകള്‍.


from editorial @ shabab weekly

രാത്രി നമസ്കാരം

ഖിയാമുല്ലൈല്‍ എന്ന പേരില്‍ ഈ നമസ്കാരം അറിയപ്പെടുന്നു. ഈ നമസ്കാരത്തിലെ റകഅത്തുകള്‍ ഒറ്റയില്‍ അവസാനിപ്പിക്കുന്നത്കൊണ്ട് വിത്ര്‍ എന്നും അല്‍പ്പം ഉറങ്ങിയ ശേഷം നമസ്ക്കരിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും റമദാന്‍ മാസത്തിലെ രാവുകളില്‍ നിര്‍വഹിക്കുകയാണെങ്കില്‍ ഖിയാമുറമദാന്‍ എന്നും പറയുന്നു. തറാവീഹ് എന്ന പേര് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്.

അല്ലാഹു പറയുന്നു : "ഭയത്താലും പ്രത്യാശയാലും തങ്ങളുടെ നാഥനോട് പ്രാര്‍ഥിച്ചു കൊണ്ട് അവരുടെ പാര്‍ശങ്ങള്‍ കിടപ്പ് സ്ഥാനങ്ങളില്‍ നിന്നും ഉയരുന്നതാണ്". [സൂറ 32 :16 ]

"അവര്‍ എഴുനേറ്റുനിന്നും സാഷ്ടാംഗംചെയ്തും അവരുടെ രക്ഷിതാവിനു വേണ്ടി രാത്രി കഴിച്ചു കൂട്ടുന്നതാണ്". [സൂറ 25 : 64 ]

പതിനൊന്നു റകഅത്തില്‍ കൂടുതല്‍ ഈ നമസ്കാരം ഒരു കാലത്തും ഒരു സന്ദര്‍ഭത്തിലും നമസ്ക്കരിക്കേണ്ടതില്ല. [ആയിശ (റ) പറയുന്നു : റമദാനിലോ മറ്റു മാസങ്ങളിലോ നബി (സ) രാത്രി നമസ്കാരം 11 റകഅത്തില്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടില്ല (ബുഖാരി)].

1,3,5,7,9 എന്നിങ്ങനെ ചുരുക്കുന്നതിനു വിരോധമില്ല. ഈരണ്ടു റകഅത്തില്‍ സലാം വീട്ടുന്നതാണ് ഏറ്റവും ഉത്തമം. വിത്'റാക്കിയ ശേഷം സുബഹി നമസ്കാരത്തിന്‍റെ രണ്ട് റകഅത്ത് സുന്നതല്ലാതെ മറ്റൊന്നും നമസ്ക്കരിക്കരുത്. വിതര്‍ ഒരു റകഅത്ത് മാത്രമായി നമസ്ക്കരിക്കലാണ് ഉത്തമം. വിത്റിന്റെ ആദ്യ റകഅത്തില്‍ 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റകഅത്തില്‍ 'കാഫിറൂന്‍ ' സൂറത്തും അവസാനം 'ഇഖ്'ലാസ്' സൂറത്തും ഓതുന്നത്‌ നബി ചര്യയാണ്.

by അബ്ദുസ്സലാം സുല്ലമി @ ഇസ്ലാമിലെ അനുഷ്ടാന മുറകള്‍

നോമ്പ് : സംശയനിവാരണംQ : നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?

Ans : എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.

നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.


Q : നോമ്പാണെന്ന ഓര്‍മയില്ലാതെ റമദ്വാനിന്റെ പകലില്‍ വല്ലതും തിന്നാനോ കുടിക്കാനോ ഇടയായാല്‍ എന്തു ചെയ്യണം? നോമ്പ്‌ മുറിയുമോ? പകരം നോമ്പ്‌ വേണമോ? പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

Ans : നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. “മറവി നിമിത്തം വല്ലവനും തിന്നാനോ കുടിക്കാനോ ഇടയായാല്‍ അവന്‍ തന്റെ നോമ്പ്‌ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹു അവന്‌ തിന്നാനും കുടിക്കാനും കൊടുത്തു എന്ന്‌ മാത്രമേയുള്ളൂ” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അയാളുടെ നോമ്പ്‌ മുറിയുകയില്ലെന്നും, ആ നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ലെന്നുമാണ്‌ മുസ്‌ലിം പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. മറവി നിമിത്തം, ചെയ്യാനിടയാകുന്ന തെറ്റിന്‌ സത്യവിശ്വാസികള്‍ കുറ്റക്കാരാവുകയില്ലെന്ന്‌ വ്യക്തമാക്കുന്ന ഹദീസും ഈ അഭിപ്രായത്തിന്‌ പിന്‍ബലമേകുന്നു. എന്നാലും വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു പഠിപ്പിക്കുന്നതുപോലെ, മറവിയുടെയും അബദ്ധത്തിന്റെയും പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌.


Q : റമദ്വാനില്‍ നോമ്പ്‌ നിര്‍ബന്ധമല്ലാത്തവരും ഉപേക്ഷിക്കേണ്ടവരും ആരൊക്കെയാണ്‌? പിന്നീട്‌ നോമ്പ്‌ നോറ്റുവീട്ടേണ്ടത്‌ ആരെല്ലാമാണ്‌? നോറ്റുവീട്ടാതെ പ്രായശ്ചിത്തം ചെയ്യേണ്ടവര്‍ ആരെല്ലാം?

Ans : രോഗികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്‌. കടുത്തരോഗവും ഏറെ ക്ഷീണമുണ്ടാക്കുന്ന യാത്രയുമാണെങ്കില്‍ ശരീരത്തിന്‌ അപകടമുണ്ടാക്കും വിധം നോമ്പെടുക്കുന്നത്‌ കുറ്റകരമാകുന്നു. രോഗികള്‍ സുഖം പ്രാപിച്ച ശേഷവും യാത്രക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിട്ടുപോയ നോമ്പുകള്‍ നോറ്റുവീട്ടേണ്ടതുണ്ട്‌. രോഗം സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗികള്‍ ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക്‌ ആഹാരം നല്‌കി പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. അവര്‍ നോറ്റുവീട്ടേണ്ടതില്ല; പ്രായശ്ചിത്തം ചെയ്‌താല്‍ മതി എന്ന്‌ ഇബ്‌നുഉമര്‍, സഈദുബ്‌നു ജുബൈര്‍ എന്നീ സ്വഹാബികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ നോറ്റുവീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നാണ്‌ ഇമാം ശാഫിഈ, അഹ്‌മദ്‌(റ) എന്നിവരുടെ അഭിപ്രായം. പ്രായശ്ചിത്തം വേണ്ട; നോറ്റുവീട്ടിയാല്‍ മതി എന്നാണ്‌ ഹനഫികളുടെ വീക്ഷണം; വാര്‍ധക്യസഹജമായ അവശതകളുള്ളവര്‍ നോമ്പുപേക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ആര്‍ത്തവവും പ്രസവാനന്തര രക്തസ്രാവവുമുള്ള സ്‌ത്രീകള്‍ക്ക്‌ നോമ്പനുഷ്‌ഠിക്കാന്‍ പാടില്ല. അവര്‍ അതിന്നുപകരം ശുദ്ധിയുള്ള അവസരത്തില്‍ നോമ്പനുഷ്‌ഠിക്കുകയാണ്‌ വേണ്ടത്‌. പകല്‍സമയത്ത്‌ കഠിനമായ ശാരീരികാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ജോലി വേണ്ടെന്ന്‌ വെച്ചാല്‍ മറ്റൊരു ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്‌ മാത്രമേ നിര്‍ബന്ധിതാവസ്ഥയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടാവുകയുള്ളൂ.


Q : നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

Ans : സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.


Q : നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?

Ans : സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.


Q : പകല്‍സമയത്ത്‌ ഭാര്യയെ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ? അല്ലെങ്കില്‍ അതു കാരണം നോമ്പിന്റെ പ്രതിഫലം കുറയുമോ?

Ans : നബി(സ) നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ അവിടുത്തെ പത്‌നിമാരായ ആഇശ(റ), ഹഫ്‌സ്വ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന്‌ വിശ്വാസ്യമായ നിവേദക പരമ്പരയോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നോമ്പിന്റെ പ്രതിഫലം കുറയുമെന്ന്‌ പറയാന്‍ തെളിവൊന്നും കാണുന്നില്ല. എന്നാല്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവര്‍ ചുംബനം ഉള്‍പ്പെടെ ലൈംഗികവേഴ്‌ചയിലേക്ക്‌ നയിക്കാന്‍ ഇടയുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. നബി(സ) നോമ്പുള്ളപ്പോള്‍ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞ ആഇശ(റ) അദ്ദേഹം വികാരം നിയന്ത്രിക്കാന്‍ ഏറ്റവും കഴിവുള്ള ആളായിരുന്നുവെന്ന്‌ കൂടി പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : റമദ്വാനില്‍ നോമ്പെടുക്കാനോ പിന്നീട്‌ നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‌കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്‌?

Ans : ഇസ്‌ലാമിലെ ഏത്‌ ആജ്ഞയും അത്‌ നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. "അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല" (2:286), "നിങ്ങള്‍ക്ക്‌ സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക" (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.


Q : രാത്രിയില്‍ ഒരാള്‍ക്ക്‌ ജനാബത്ത്‌ (വലിയ അശുദ്ധി) ഉണ്ടായാല്‍ സ്വുബ്‌ഹിന്റെ സമയമാകുന്നതിനുമുമ്പ്‌ കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന്‌ നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത്‌ കുറ്റകരമാണോ?

Ans : നോമ്പെടുക്കണമെങ്കില്‍ സ്വുബ്‌ഹ്‌ ബാങ്കിനു മുമ്പ്‌ കുളിച്ചു ശുദ്ധിയാകണമെന്ന്‌ നിര്‍ബന്ധമില്ല. സൂര്യോദയത്തിന്റെ കുറച്ചുമുമ്പ്‌ കുളിച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ചാലും മതിയാകുന്നതാണ്‌. നോമ്പിന്റെ സമയത്തിനുമുമ്പ്‌ സംഭവിച്ച അശുദ്ധി തുടരുന്നത്‌ നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ) വലിയ അശുദ്ധിയില്‍ ആയിരിക്കെ ഫജ്രര്‍ (പുലരി) ആവുകയും തുടര്‍ന്ന്‌ അദ്ദേഹം കുളിച്ച്‌ നോമ്പനുഷ്‌ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്‌ പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?

Ans : നിര്‍ബന്ധമായ നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല.

വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ നല്‌കുന്നതാണ്‌ ഉത്തമം. എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.


Q : നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?

Ans : "വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു "ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ" എന്ന്‌ ചോദിച്ചു. "അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.
"


Q : ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്‌?

Ans : ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന്‌ നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : സാധാരണയായി പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഒരാള്‍ റമദാനില്‍ ഇത്‌ തുടരുന്നതാണോ, അതോ ഇശാക്ക്‌ ശേഷം പള്ളിയില്‍ നടക്കുന്ന തറാവീഹ്‌ ജമാഅത്തില്‍ പങ്കെടുക്കുന്നതാണോ പുണ്യകരം?

: റമദാന്‍ രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരം നബി(സ) രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിച്ചുവെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. പിന്നീട്‌ നബി(സ) അത്‌ നിര്‍ത്തിവെച്ചത്‌ സമൂഹത്തിന്‌ അത്‌ നിര്‍ബന്ധ ബാധ്യതയായിത്തീരുമോ എന്ന ആശങ്കകൊണ്ടാണ്‌. ഈ നമസ്‌കാരം പള്ളിയില്‍ വിപുലമായ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം പുനരാരംഭിച്ചത്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്താണ്‌.

ഇത്‌ സംബന്ധമായ റിപ്പോര്‍ട്ട്‌ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇഅ്‌തികാഫില്‍ കാണാം. അദ്ദേഹം തറാവീഹ്‌ ജമാഅത്ത്‌ ഏര്‍പ്പെടുത്തിയത്‌ ഇശായ്‌ക്ക്‌ ശേഷമായിരുന്നുവെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നതിന്‌ മുമ്പ്‌ പള്ളിയില്‍ ആളുകള്‍ ഓരോരുത്തരായോ ചെറിയ സംഘങ്ങളായോ നമസ്‌കരിച്ചിരുന്നുവെന്നും അദ്ദേഹം അവരെ ഒരേ ഇമാമിന്റെ പിന്നില്‍ ഏകോപിപ്പിച്ചുവെന്നും അര്‍ധരാത്രിക്കു ശേഷമുള്ള സമയത്ത്‌ ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ ഈ സമയത്ത്‌ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാകുന്നു.

അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ ജമാഅത്തായി ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ കൂടുതല്‍ പുണ്യകരം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ വീട്ടില്‍വെച്ച്‌ അര്‍ധരാത്രിക്ക്‌ ശേഷം തനിച്ച്‌ നമസ്‌കരിക്കുന്നത്‌ ഇശായ്‌ക്കു ശേഷം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ തെളിവിന്റെ പിന്‍ബലം കാണുന്നില്ല. സമയത്തിന്റെ പ്രാധാന്യം പോലെ പരിഗണിക്കേണ്ട വിഷയങ്ങളാണല്ലോ നമസ്‌കാരം പള്ളിയിലാകുന്നതിന്റെയും ജമാഅത്താകുന്നതിന്റെയും പ്രാധാന്യം. അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ തറാവീഹ്‌ ജമാഅത്തിന്‌ എത്തിച്ചേരാന്‍ പലര്‍ക്കും പ്രയാസമുണ്ടാകുമെന്ന്‌ കരുതിയാകാം ഖലീഫ ഉമര്‍(റ) ഈ ജമാഅത്ത്‌ ഇശാ ജമാഅത്തിന്‌ ശേഷമാക്കിയത്‌.

from മുഖാമുഖം @ ശബാബ് വാരിക

നോമ്പിന്റെ ലക്ഷ്യങ്ങള്‍

1. തിന്മയെ തടുക്കല്‍

പരിശുദ്ധ ഖര്‍ആന്‍ പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌." (അദ്ധ്യായം 2 ബഖറ 183).

മനുഷ്യരില്‍ തഖ്'വാ ഉണ്ടാക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു.തഖ്'വയുടെ ഉദ്യേശ്യം തിന്മയെ പ്രതിരോധിക്കുക എന്നതാണ്. സ്ത്രീക്കും പുരുഷനും തിന്മയെ തടുക്കുവാനുള്ള കഴിവ് അനിവാര്യമാണ്. കാരണം നാം ജീവിക്കുന്നത് ഈ ഭൌതിക ലോകത്താണ്. നമ്മുടെ ചുറ്റുഭാഗത്തും തിന്മ മനോഹരമായ രൂപം ധരിച്ചു അതിലേക്കു നമ്മെ മാടി വിളിക്കുകയാണ്‌. നോമ്പിനു തിന്മയെ തടുക്കുവാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കുവാന്‍ സാധിക്കുന്നതാണ്.

ചില ഉദാഹരണങ്ങളിലൂടെ അത് പരിശോദിക്കാം :

ലൈംഗിക ബന്ധം സ്ഥാപിക്കുവാന്‍ അല്ലാഹു അനുവദിച്ച ഇണ നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നോമ്പിന്‍റെ പകല്‍സമയം അല്ലാഹു അനുവദിച്ച ഭാര്യയില്‍ നിന്ന് ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്ന് ഭാര്യയും അകന്നു നില്‍ക്കുന്നു. എന്തിനു വേണ്ടി? അല്ലാഹുവിന്‍റെ സംതൃപ്തിക്ക് വേണ്ടി. സ്വന്തം ഇണയില്‍ നിന്നുപോലും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി അകന്നുനിന്ന സ്ത്രീ എങ്ങനെയാണ് നോമ്പുകാലം കഴിഞ്ഞാല്‍ അന്യപുരുഷനുമായി വ്യഭിചരിക്കുക? എങ്ങനെയാണ് ഒരു പുരുഷന്‍ അന്യസ്ത്രീയുമായി വ്യഭിചരിക്കുക? ഒരിക്കലുമില്ല. കാരണം നോമ്പ്കാലത്ത് അല്ലാഹു അനുവദിച്ച ഇണയില്‍ നിന്നുപോലും അകന്നു നില്‍ക്കാനുള്ള ഒരു പരിശീലനം അവന്നു ലഭിച്ചിട്ടുണ്ട്.

കഠിനമായ ദാഹവും വിശപ്പും നോമ്പനുഷ്ടിക്കുന്ന വ്യക്തിക്കുണ്ട്. അവന്‍ അധ്വാനിച്ചു ഉണ്ടാക്കിയ ഭക്ഷണം അവന്‍റെ മുന്നിലുണ്ട്. അല്ലാഹു അനുവദിച്ച പാനീയവുമുണ്ട്. എന്നിട്ടും അവന്‍ ഉപേക്ഷിക്കുകയാണ്. അല്ലാഹുവിന്‍റെ നിര്‍ദേശം പാലിക്കുവാന്‍ വേണ്ടി മാത്രം. അപ്പോള്‍ നോമ്പുകാലം കഴിഞ്ഞാല്‍ ഒരു മനുഷ്യന്‍ എങ്ങനെയാണ് അനാഥയുടെ ധനം ഭക്ഷിക്കുക? എങ്ങനെയാണ് പലിശ തിന്നുക? എങ്ങനെയാണ് മദ്യപാനം നടത്തുക? ഒരിക്കലുമില്ല. കാരണം അല്ലാഹു അനുവദിച്ച ഭക്ഷണപാനീയം പോലും അവന്‍റെ നിര്‍ദേശം പാലിക്കുവാന്‍ ഉപേക്ഷിച്ചു ശീലിച്ച ഒരു പരിശീലനം അവന്നു നോമ്പ് കാലത്ത് ലഭിച്ചിരിക്കുന്നു.

ഇതുകൊണ്ടാണ് നോമ്പിനെക്കുറിച്ച് പ്രവാചകന്‍ (സ) പറഞ്ഞത് : "നോമ്പ് പരിചയാണ്. നരകത്തില്‍ നിന്ന് ഒരു ദാസന് സംരക്ഷണം നല്‍കാനുള്ളതാണ്." [അഹമദ്]. "നോമ്പ് ഒരു കവചവും നരകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഭദ്രമായ ഒരു കോട്ടയുമാണ്." [അഹമദ്].

"നോമ്പ് നരകത്തെ തടുക്കുവാനുള്ള ഒരു പരിചയാണ്. യുദ്ധത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പരിചപോലെ." [ഇബ്നു മാജ].

ഈ ഭൌതിക ജീവിതം ഒരു യുദ്ധക്കളം തന്നെയാണ്. തിന്മകള്‍ നമ്മെ വെട്ടിമുറിക്കുവാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ തിന്മയുടെ ആയുധങ്ങളെ തടുക്കുവാനുള്ള ശക്തമായ കവചം തന്നെയാണ് നോമ്പ്. ശത്രുവില്‍ നിന്ന് ഒളിച്ചോടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഭദ്രമായ ഒരു കോട്ട തന്നെയാണ് വ്രതം.

2. ക്ഷമ ശീലിപ്പിക്കല്‍

ക്ഷമയുടെ പ്രാധാന്യം നമുക്കറിയാം. ക്ഷമയില്ലാത്ത സ്ത്രീയും പുരുഷനും ക്രൂരമായ പല പ്രവര്‍ത്തനത്തിനും തയ്യാറാവും. അല്‍പ്പം പട്ടിണി ബാധിച്ചാല്‍മതി കുടുംബത്തെ നശിപ്പിച്ചു സ്വയം ആത്മഹത്യ ചെയ്യാന്‍. നോമ്പ് മനുഷ്യരില്‍ ക്ഷമാശീലം ഉണ്ടാക്കുന്നു. ഒരു നോമ്പുകാരന് കഠിന ദാഹവും വിശപ്പുമുണ്ട്. നോമ്പ് മുറിക്കാനുള്ള സമയം വരെ അവന്‍ ക്ഷമയൂടുകൂടി കാത്തിരിക്കുന്നു. അവന്നു വികാരമുണ്ട്. അനുവദിച്ച സമയംവരെ വികാരത്തെ നിയന്ത്രിക്കുന്നു.

ഇത് കൊണ്ടാണ് നബി (സ) പറഞ്ഞത് : "റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമക്ക് പ്രതിഫലം സ്വര്‍ഗ്ഗവുമാണ്." [ബൈഹഖി]. "മനുഷ്യരെ, നന്മ നിറഞ്ഞതും മഹത്തായതുമായ ഒരു മാസം നിങ്ങള്‍ക്കിതാ നിഴലിട്ടിരിക്കുന്നു. അത് ക്ഷമയുടെ മാസമാണ്." [ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍]

3. പരസ്പര സഹായം

സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പരസ്പരസഹായത്തിന്‍റെ പ്രാധാന്യം ഒരിക്കലും അറിയുകയില്ല. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഗൌരവം ചിലര്‍ ഗ്രഹിച്ചിരിക്കുകയില്ല. നോമ്പ് മനുഷ്യരെ പരസ്പരസഹായത്തിന്‍റെ പ്രാധാന്യം പഠിപ്പിക്കുന്നു.

അതുകൊണ്ട് നബി (സ) പറഞ്ഞു : "റമദാന്‍ പരസ്പരസഹായത്തിന്‍റെ മാസമാണ്".[ബൈഹഖി, ഇബ്നു ഹിബ്ബാന്‍]

ഇബ്നു അബ്ബാസ് (റ) പറയുന്നു : "റമദാനില്‍ പ്രവേശിച്ചാല്‍ നബി (സ) സര്‍വ്വ ബന്ധനസ്ഥരെയും മോചിപ്പിക്കുകയും ചോദിക്കുന്ന ഏവര്‍ക്കും നല്‍കുകയും ചെയ്യുമായിരുന്നു". [ബൈഹഖി]

ഇബ്നു അബ്ബാസ് (റ) നിവേദനം : "(റമദാനില്‍) ദാനം ചെയ്യുന്ന വിഷയത്തില്‍ നബി (സ) ഒരു ആഞ്ഞുവീശുന്ന കാറ്റ് പോലെയായിരുന്നു". [ബുഖാരി]

4. പാപമോചനം

മനുഷ്യര്‍ക്ക്‌ ഏതു സമയത്തും ഏതു കാലത്തും ദൈവവുമായി അടുത്ത് തങ്ങളുടെ പാപത്തില്‍ നിന്ന് മോചനം നേടാവുന്നതാണ്. എന്നാല്‍ എല്ലാവര്ക്കും ചില സുവര്‍ണ്ണ അവസരങ്ങള്‍ ഉണ്ടാവുമല്ലോ. അതുപോലെ കുറ്റവാളികള്‍ക്ക് തങ്ങളുടെ പാപത്തില്‍ നിന്നും മോചിതരാകുവാന്‍ ഒരു സുവര്‍ണ്ണാവസരമാണ് നോമ്പ് കാലം.

നബി (സ) പറയുന്നു : "റമദാന്‍ വന്നാല്‍ ഒരു വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയും : "നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ മുന്നിടുക. തിന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ ചുരുക്കുക'." [തുര്‍മുദി, ഇബ്നു മാജ]

"നന്മ അന്വേഷിക്കുന്നവനെ, നീ മുന്നോട്ടു വരിക. തിന്മ അന്വേഷിക്കുന്നവനെ, നീ തിന്മയില്‍ നിന്നും മാറിനില്‍ക്കുക" [നസാഈ]

"റമദാനില്‍ പ്രവേശിച്ചിട്ടും തന്‍റെ പാപത്തില്‍ നിന്നും മോചിതനാവാന്‍ സാധിക്കാതെ നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവനെ അകറ്റട്ടെ ." [ഹാകിം]

"ഒരാള്‍ റമദാനില്‍ പ്രവേശിച്ചിട്ടും പാപമോചനം ലഭിച്ചിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ലഭിക്കുക?" [ത്വബ്'റാനി]

5. ആരോഗ്യസംരക്ഷണം

ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് രൂപം നല്‍കുന്നത് മനുഷ്യര്‍ക്ക്‌ രണ്ടു ജീവിതത്തിലും നന്മ കൈവരുത്തുന്ന രീതിയിലാണ്. നോമ്പ് കൊണ്ട് മനുഷ്യര്‍ക്ക്‌ അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. പല രോഗങ്ങള്‍ക്കും നോമ്പ് ഒരു ചികിത്സയാണ്. ആധുനിക വൈദ്യ ശാസ്ത്രം ഇത് അംഗീകരിക്കുന്നു.

നബി (സ) അരുളി : "നിങ്ങള്‍ നോമ്പ് നോല്‍ക്കുവിന്‍. നിങ്ങള്‍ ആരോഗ്യവാന്മാരാകും." [ത്വബ്'റാനി]

by അബ്ദുസ്സലാം സുല്ലമി @ ഇസ്ലാമിലെ അനുഷ്ടാനമുറകള്‍ from അല്‍ഹുദ ബുക്സ്

വ്രതത്തെ അറിഞ്ഞനുഭവിക്കുക

പിടിച്ചുവെക്കല്‍, നിര്‍ത്തിവെക്കല്‍, നിശബ്ദത എന്നെല്ലാമാണ് 'സ്വൌം' എന്ന വാക്കിനു പ്രസിദ്ധ അറബിഭാഷാ ശാസ്ത്രജ്ഞനായ അല്‍ഖലീലുബ്നു അഹമദ് അര്‍ത്ഥകല്പന നല്‍കിയിരിക്കുന്നത്.

കാറ്റിന്‍റെ നിശബ്ദാവസ്ഥക്ക് 'സ്വൌമുര്റിയാഹ്' എന്നും പകലിന്‍റെ നിഴലാട്ടമില്ലാത്ത നട്ടുച്ചയുടെ അതിസങ്കീര്‍ണ്ണമായ നിശ്ചലതക്ക് 'സ്വൌമുന്നഹാര്‍' എന്നും പ്രയോഗിച്ചു വന്നിരുന്നു. കന്നുകാലികള്‍ അയവിറക്കാതെ പുല്ലുതിന്നാതെ നിശബ്ദമായി നില്‍ക്കുമ്പോഴും ഇതേ പദമാണ് അറബികള്‍ പ്രയോഗിച്ചിരുന്നത്. സംസാരം വെടിഞ്ഞു മൌനിയാകുമ്പോഴും ഇതേ പദം തന്നെ ഉപയോഗിച്ചിരുന്നു.

അബൂ ഉബൈദ പറയുന്നു : ഭക്ഷണം, സംസാരം, വിചാരം, വികാരം, ചലനം ഇവയെ പിടിച്ചടക്കി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുന്ന നിഷ്ടാവിശേഷമാണ് വ്രതം.

ഏകദേശം ഇതേ അര്‍ത്ഥകല്പനയാണ് മലയാള ഭാഷാപണ്ഡിതന്മാരും വ്രതത്തിന് നല്‍കിയിരിക്കുന്നത്. "ശരീരം, വാക്ക്, മനസ്സ് എന്നീ ത്രിവിധ കാരണങ്ങളെക്കൊണ്ടുള്ളതും അനന്യപരമായ സേവയോടു കൂടിയതുമായ നിഷ്ഠ." (ശബ്ദ താരാവലി)

പ്രവാചക(സ) ന്‍റെ വ്രതാനുഷ്ടാനരീതി പരിശോദിച്ചാല്‍ ഈ അര്‍ത്ഥതലങ്ങളെല്ലാം അതിലന്തര്‍ലീനമായിരിക്കുന്നു എന്ന് കാണാം. അതിന്‍റെ ആദ്യനാളുകള്‍ അന്നപാനാദികളില്‍ നിന്നും മറ്റു ജഡികവികാരങ്ങളില്‍ നിന്നും മുക്തമാണെങ്കില്‍ അതിലെ അന്ത്യദിനങ്ങള്‍ (അവസാന പത്തുകള്‍) പരിപൂര്‍ണ്ണമായും ഒരു ജീവിതനിശബ്ദതക്ക് വിധേയമായിരുന്നു. എങ്കില്‍ അല്ലാഹു വ്രതത്തിന് തെരഞ്ഞെടുത്ത 'സ്വൌം' എന്ന വാക്പ്രയോഗം എത്ര അര്‍ത്ഥവത്താണ്!

നോമ്പുകാര്‍ എന്ന നിലയില്‍ നമുക്കും ഈ നിശബ്തത അനുഭവിക്കേണ്ടതായുണ്ട്. അത് ആമാശയത്തിന്റെ നിശബ്ദതയില്‍നിന്ന് തുടങ്ങി ദുര്‍വിചാര വികാരങ്ങളുടെ നിശ്ചലതയായി വാക്കിനും നാക്കിനും കണ്ണിനും കാതിനും സര്‍വോപരി നമ്മുടെ മനസ്സുകള്‍ക്കും അതനുഭവപ്പെടണം. ഇതിലൂടെ നാം എത്തിച്ചേരുന്ന ജീവിത സൂക്ഷ്മതക്കാണ് ഒരുവേള 'തഖ്'വാ' എന്ന് പറയുന്നത്.

അത്കൊണ്ടായിരിക്കാം വ്രതത്തെ വ്യാഖ്യാനിച്ച, വിശദീകരിച്ച പ്രവാചകന്‍ (സ) അതിന്‍റെ സൂക്ഷ്മതലങ്ങളെക്കുറിച്ചു ഇപ്രകാരം നമ്മെ ഉണര്‍ത്തിയത്: അബൂ ഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു : "വ്രതമെന്നാല്‍ അന്നപാനാദികളെ വെടിയലല്ല, നിശ്ചയമായും വ്രതമെന്നാല്‍ വൃത്തികേടുകളില്‍ നിന്നും വിനോദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കലാണ്. നിന്നോടാരെങ്കിലും നെറികേട് കാണിക്കുകയോ സഭ്യേതരമായി പെരുമാറുകയോ ചെയ്‌താല്‍ 'ഞാന്‍ നോമ്പ്കാരനാണ്' എന്ന് നീ പറയണം." [ഹാക്കിം, ഇബ്നു ഹിബ്ബാന്‍]

"ആരെങ്കിലും കള്ളവാക്കും തത്തുല്യമായ പ്രവര്‍ത്തനവും വെടിയുന്നില്ലെങ്കില്‍ അവന്‍ അന്നപാനാദികളെ വെടിയുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍പ്പര്യവുമില്ല." [ബുഖാരി]

"എത്ര നോമ്പുകാരുണ്ട്! വിശപ്പല്ലാതെ അവരുടെ വ്രതത്തില്‍നിന്നും അവര്‍ക്ക് മറ്റൊന്നുമില്ല." [ഹാക്കിം, നാസാഈ]

സത്യത്തില്‍, ജീവിത നിശബ്ദതക്കാവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണിവ. വ്രതനാളുകളില്‍ ബഹളം വെച്ചുകൂടാ. അവിവേകം പ്രവര്‍ത്തിച്ചുകൂടാ. സഭ്യത നഷ്ടപ്പെടാവതല്ല. തികഞ്ഞ സംയമനം അനിവാര്യമത്രെ. എങ്കില്‍ അതാണ്‌ വ്രതം.

വ്രതവിജയം ഈ അകക്കാമ്പുകളില്‍ കുടികൊള്ളുകയാണ്. അതിനെ അറിഞ്ഞനുഭവിക്കാന്‍ നമുക്ക് സാധിക്കണം. ശരീരമനസ്സുകളെ പാകപ്പെടുത്തുന്ന ഈ നിഷ്ടാവിശേഷം എത്ര അനുഗ്രഹീതമാണ്. അല്ലാഹുവിനു സര്‍വ്വസ്തുതിയും. അവന്‍ അനുഗ്രഹിക്കട്ടെ.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്

Popular ISLAHI Topics

ISLAHI visitors