തൌഹീദും ശിര്‍ക്കും

തൌഹീദിന്റെ പ്രാധാന്യം

അല്ലാഹു പറയുന്നു : "നിശ്ചയം ഞാനല്ലാതെ ഒരു ഇലാഹില്ല. അതുകൊണ്ട് എന്നെ നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് ദിവ്യസന്ദേശം അറിയിക്കപ്പെട്ടിട്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല". [അമ്പിയാഅ' 25]

എല്ലാ പ്രവാചകന്മാരും ഏകോപിച്ചു പ്രബോധനം ചെയ്ത തത്വമാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് ഈ ആയത്ത് സുതാര്യം വ്യക്തമാക്കുന്നു. പ്രവാചകന്മാര്‍ പ്രഥമമായി പ്രബോധനം ചെയ്തതും തൌഹീദായിരുന്നുവെന്ന് പരിശുദ്ധ ഖുര്‍ആനും നബിചര്യയും ചരിത്രവും നമ്മെ പഠിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്.

"നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ സ്പഷ്ടമായ താക്കീത്‌ നല്‍കുന്നവനാകുന്നു. എന്തെന്നാല്‍ അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു". [ഹൂദ്‌ 25,26]

"ആദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച്‌ പറയുന്നവര്‍ മാത്രമാകുന്നു." [ഹൂദ്‌ 50]

"ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല" [ഹൂദ്‌ 61]

"മദ്‌യനിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ്‌ വരുത്തരുത്‌" [ഹൂദ്‌ 84]

സാമ്പത്തികമായി വളരെയധികം ദുര്‍മാര്‍ഗ്ഗത്തിലായിരുന്ന ജനസമൂഹത്തോട് ശുഐബ് (അ) ആദ്യമായി പ്രബോധനം ചെയ്യുന്നത് സാമ്പത്തിക നിയമത്തെയല്ല, പ്രത്യുത തൌഹീദാണ്. ഈ ആയത്തിനെ വ്യാഖ്യാനിച്ചു സമസ്തയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു : "ആദ്യമായി തൌഹീദിനു അദ്ദേഹം ആജ്ഞാപിച്ചത് അത് സംഗതികളില്‍ വച്ച് ഏറ്റവും മുഖ്യമായതും മൌലികമായതും കൊണ്ടാണ്. മറ്റുള്ളവ അതില്‍നിന്നും പിരിഞ്ഞുണ്ടായവയാണ്. അപ്പോള്‍ മുരട്‌ നന്നായാല്‍ ശാഖയും നന്നാവും." [തഫ്സീരുള്‍ ഖുര്‍ ആണ്‍ പേജ് 234]

ഇബ്നു അബ്ബാസ് (റ) നിവേദനം : നിശ്ചയം മുആദിനെ യമനിലേക്ക് നബി (സ) നിയോഗിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു : "തീര്‍ച്ചയായും നീ ചെല്ലുന്നത് വേദക്കാരില്‍പ്പെട്ട ഒരു ജനതയിലേക്കാണ്. അതിനാല്‍ നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് "ലാ ഇലാഹ ഇല്ലല്ലാഹു' എന്നതിന് അവര്‍ സാക്ഷികളാവാന്‍ വേണ്ടിയായിരിക്കണം. ഈ പ്രശ്നത്തില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ ഒരു രാത്രിയിലും പകലിലുമായി അഞ്ചു നേരത്തെ നമസ്കാരം അല്ലാഹു നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നു നീ അവരെ അറിയിക്കണം. അതില്‍ അവര്‍ നിന്നെ അനുസരിച്ചാല്‍ നിങ്ങളില്‍ നിന്നുള്ള സമ്പന്നന്മാരില്‍ നിന്ന് പിരിച്ചെടുത്തു നിങ്ങളിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന സകാത്ത് അല്ലാഹു നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നു നീ അവരെ അറിയിക്കുക." [ബുഖാരി, മുസ്ലിം]

ജൂത ക്രിസ്ത്യാനികളാണ് ഇവിടെ വേദക്കാര്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇവര്‍ അന്നും ഇന്നും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന തത്വവും അല്ലാഹുവിനു മാത്രമേ ഇബാദെത്തെടുക്കാന്‍ പാടുള്ളൂ എന്ന തത്വവും ശിര്‍ക്ക് മഹാപാപമാണെന്ന യാഥാര്‍ത്യവും അംഗീകരിക്കുന്നവരാണ്. പരിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ സംഗതി വിവരിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു : '(നബിയേ,) പറയുക: വേദക്കാരേ,ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌)' [ആലു ഇമ്രാന്‍ 64].

എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തിനു സംഭവിച്ചത് പോലെ അവര്‍ക്കും പിഴവ് സംഭവിക്കുകയാണ് ഉണ്ടായത്‌. അതിനാല്‍ നബി (സ) ആദ്യമായി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ ആശയം മനസ്സിലാക്കുന്നതില്‍ പില്‍ക്കാലത്ത്‌ വന്ന പിഴവുകള്‍ ശരിയാക്കുവാനാണ് മുആദ് (റ)നോട് നിര്‍ദ്ദേശിക്കുന്നത്.

വിശ്വാസികളുടെ ഭൌതിക ജീവിതത്തിന്റെയും പരലോക ജീവിതത്തിന്റെയും വിജയരഹസ്യം തൌഹീദ് ശരിപ്പെടുത്തലാണെന്ന് പരിശുദ്ധ ഖുര്‍ആനും പ്രവാചക പ്രസ്താവനകളും വ്യക്തമാക്കുന്നുണ്ട്. ഒരു വിശ്വാസിയും ഈ യാഥാര്‍ത്യത്തില്‍ സംശയിക്കുവാന്‍ പാടുള്ളതല്ല. മുസ്ലിങ്ങളുടെ ആദ്യകാല ചരിത്രം ഈ സത്യത്തെ സ്ഥിരപ്പെടുത്തുന്നു. സൈന്യത്തിന്റെ അംഗബലവും ആയുധബലവും വളരെ ക്ഷയിച്ചതായിട്ടും മുസ്ലിംകള്‍ ബദര്‍ യുദ്ധത്തില്‍ വിജയിക്കുവാനുള്ള കാരണം പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക :

"ശത്രുക്കള്‍ക്കെതിരില്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ ഇസ്തിഗാസ തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ്‌ എന്ന്‌ അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി" [അന്‍ഫാല്‍ 9].

എന്നാല്‍ ഇന്ന് മുസ്ലിംകള്‍ അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്യുന്ന സ്വഭാവത്തെ അഗന്യമാക്കി ദൂരെ വലിച്ചെറിഞ്ഞു. അതിനാല്‍ അംഗസംഖ്യയിലും സാമ്പത്തിക ശക്തിയിലും അവര്‍ ആദ്യകാല മുസ്ലിംകളേക്കാള്‍ പുരോഗതി നേടിയവരായിട്ടും പരാജിതരായി. ഓരോ നിമിഷവും തന്റെ ശത്രുവിനെ ഭയപ്പെട്ടു ജീവിക്കേണ്ടതായ ചുറ്റുപാടിലേക്ക് അവര്‍ ചെന്നെത്തി. നിര്‍ഭയത്വം അവര്‍ക്ക് നഷ്ട്ടപ്പെട്ടു. എന്നാല്‍ അല്ലാഹു പറയുന്നത് തൌഹീദ് അനുസരിച്ച് മുസ്ലിംകള്‍ ജീവിച്ചാല്‍ അവന്‍ അവര്‍ക്ക് നിര്‍ഭയത്വം നല്‍കുമെന്നാണ്.

"നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കുകയും; അവര്‍ക്ക്‌ അവന്‍ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‍കുകയും; അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍ "[നൂര്‍ 55]

മുസ്ലിംകള്‍ക്ക് തൌഹീദില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് എന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്? അതല്ല; ഖുര്‍ആനിന്റെ വാഗ്ദാനം പൊള്ളയാണെന്നാണോ? ഞാനൊരു മുസ്ലിമായതു കൊണ്ട് രണ്ടാമത്തെ വിശ്വാസം അംഗീകരിക്കുവാന്‍ എനിക്ക് ഒരിക്കലും സാധ്യമല്ല. മുസ്ലിംകള്‍ക്ക് തൌഹീദില്‍ വ്യതിചലനം സംഭവിച്ചതാണെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു.

അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു : "നിലനില്‍പ്പിന്റെ വചനം കൊണ്ട് ഐഹികജീവിതത്തിലും പരലോകത്തും സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച്‌ നിര്‍ത്തുന്നതാണ്‌" [ഇബ്രാഹിം 27]. 'നിലനില്‍പ്പിന്റെ വചനം' (ഖൌല്സ്സാബിത്) എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാണെന്ന് ഇബ്നു അബ്ബാസ് (റ) വ്യാഖ്യാനിക്കുന്നു.

മുഹമ്മദ്‌ നബി (സ) പ്രഖ്യാപിച്ചതായി ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു : "ജനങ്ങളെ, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങള്‍ പറയുവിന്‍. എങ്കില്‍ നിങ്ങള്‍ വിജയികളായിത്തീരും. അതുമൂലം നിങ്ങള്‍ക്കു അറബ് അധീനപ്പെടുത്താനും കഴിയും. നിങ്ങള്‍ക്ക് അതുമൂലം അനറബ് കീഴ്പ്പെടുകയും ചെയ്യും".

അല്ലാഹു പറയുന്നു : "ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ്‌ വെക്കപ്പെടുന്നതല്ല" [ഇസ്റാഅ' 20] തൌഹീദില്‍ നിന്നും മുസ്ലിംകള്‍ അകന്നാലും ചിലപ്പോള്‍ അല്ലാഹുവിന്റെ ഈ പ്രകൃതിനിയമം എന്ന അടിസ്ഥാനത്തില്‍ ഭൌതികവിജയം അവനു നല്കിയേക്കാം. എന്നാല്‍ മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യമായ പരലോകജീവിതം അവനു പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു : "അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല" [മാഇദ 72]

തൌഹീദ് സംശുദ്ധമാക്കി വിശ്വാസികള്‍ ജീവിക്കുന്നപക്ഷവും ചിലപ്പോള്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് അവന്‍ വിധേയമായേക്കാം. എങ്കിലും മനുഷ്യന്റെ ജീവിതലക്ഷ്യമായ പരലോകത്ത് എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളില്‍ നിന്നും അവന്‍ മോചിതനാവുകയും പൂര്‍ണ്ണവിജയം അവനു ലഭിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു : " കുറച്ചൊക്കെ (ശത്രുവേ സംബന്ധിച്ച) ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ (സ്വര്‍ഗ്ഗംകൊണ്ട്) സന്തോഷവാര്‍ത്ത അറിയിക്കുക" [ബഖറ 155].

"വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ ദ്രോഹം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍ " [അന്‍ആം 82].ദ്രോഹം എന്നതിന്റെ വിവക്ഷ ശിര്‍ക്കാണെന്ന് പ്രവാചകന്‍ (സ) വിശദീകരിക്കുകയുണ്ടായി. [ബുഖാരി, മുസ്‌ലിം].

നബി(സ) യുടെ മറ്റു ചില ഹദീസുകള്‍ ശ്രദ്ധിക്കുക : ഉത്ബാന്‍ (റ) നിവേദനം : നബി (സ) അരുളി : "നിശ്ചയം, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു വല്ലവനും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പ്രഖ്യാപിച്ചാല്‍ അവനു നരകം നിഷിദ്ധമാക്കപ്പെടും" [ബുഖാരി, മുസ്ലിം]

ജാബിര്‍ (റ) നിവേദനം : നബി (സ) അരുളി : "നിശ്ചയം,അല്ലാഹുവില്‍ ശിര്‍ക്ക് വെക്കാതെ വല്ലവനും അല്ലാഹുവിനെ അഭിമുഖീകരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അല്ലാഹുവില്‍ എന്തെങ്കിലും ശിര്‍ക്ക് വച്ചുകൊണ്ട് അവനെ അഭിമുഖീകരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും" [മുസ്‌ലിം].

ശിര്‍ക്കിന്റെ ഗൌരവം

അല്ലാഹു നിഷിദ്ധമാക്കിയ സംഗതികളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നതും അവന്‍ ഒരിക്കലും പൊറുക്കാത്തതുമായ പാപമാണ് ശിര്‍ക്ക്. മനുഷ്യന്‍ ചെയ്യുന്ന സര്‍വ്വ പുണ്യകര്‍മ്മങ്ങളെയും ശിര്‍ക്ക് നിഷ്ഫലമാക്കുന്നു. അവയെ ദുര്‍ബലവും നിര്‍വീര്യവുമാക്കുന്നു.

അല്ലാഹു പറയുന്നു : "അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു".(6 അന്‍ആം 88).

നബി (സ) യോട് പോലും അല്ലാഹു ഉണര്‍ത്തുന്നത് കാണുക : "തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും" (39 സുമര്‍ 65).

"തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌" (4 നിസാഅ' 48)

"തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു" (4 നിസാഅ' 116).

"ലുഖ്മാന്‍ തന്‍റെ മകന്‌ സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്‌ പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത്‌ വലിയ അക്രമം തന്നെയാകുന്നു" (31 ലുഖ്മാന്‍ 13).

പ്രവാചകന്റെ ചില ഹദീസുകള്‍ ശ്രദ്ധിക്കുക : ഇബ്നു മസ്ഊദ് (റ) നിവേദനം : നബി (സ) പറഞ്ഞു : "അല്ലാഹുവിനു പങ്കുകാരെ ഉണ്ടാക്കി കൊണ്ട് വല്ലവനും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു" [ബുഖാരി]

ഇബ്നു മസ്ഊദ് (റ) നിവേദനം : ഏറ്റവും വലിയ പാപം ഏതെന്നു ഞാന്‍ പ്രവാചകനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം (സ) പറഞ്ഞു : "നിന്നെ സൃഷ്‌ടിച്ച അല്ലാഹുവില്‍ നീ പങ്കുചേര്‍ക്കലാണ് (ഏറ്റവും വലിയ പാപം)" [ബുഖാരി,മുസ്ലിം]

ശിര്‍ക്ക് വിശ്വാസവും അനുഷ്ടാന കര്‍മ്മങ്ങളും മനുഷ്യസമൂഹത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സാമ്പത്തികമായ ചില ലാഭം കരസ്ഥമാക്കാന്‍ സാധിച്ചേക്കാം. താല്കാലികമായ ഭൌതിക സുഖങ്ങള്‍ ലഭിച്ചേക്കാം.എന്നാല്‍ അല്ലാഹു അവര്‍ക്ക്
നല്‍കുന്ന ഗൌരവമായ താക്കീത് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്
കാണുക:

"മനുഷ്യന്‌ വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ തന്‍റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന്‌ പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ്‌ പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ വഴിതെറ്റിച്ച്‌ കളയുവാന്‍ വേണ്ടി അവന്ന്‌ സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്‍പകാലം നിന്‍റെ ഈ സത്യനിഷേധവും കൊണ്ട്‌ സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു" [39 സുമര്‍ 8].

"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന്‌ ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച്‌ കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാണ്‌" [14 ഇബ്രാഹിം 30].

"പിന്നെ നിങ്ങളില്‍ നിന്ന്‌ അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കാളികളെ ചേര്‍ക്കുന്നു. നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട്‌ കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച്‌ കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം"
[16 നഹ്ല്‍ 54,55].

"അങ്ങനെ നാം അവര്‍ക്ക്‌ നല്‍കിയതിനു നന്ദികേട്‌ കാണിക്കുകയത്രെ അവര്‍ ചെയ്യുന്നത്‌. ആകയാല്‍ നിങ്ങള്‍ സുഖം അനുഭവിച്ച്‌ കൊള്ളുക. വഴിയെ നിങ്ങള്‍ മനസ്സിലാക്കികൊള്ളും" [30 റൂം 34].

"അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നുഃഏ; മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും (ഭവിക്കുക.) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ്‌ (അത്‌ വഴി നിങ്ങള്‍ക്ക്‌ കിട്ടുന്നത്‌) . പിന്നെ നമ്മുടെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്‌" [10 യൂനുസ് 23].

"വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക്‌ തിരിഞ്ഞവരും, അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന്‌ വീണത്‌ പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ കൊണ്ടു പോയി തള്ളുന്നു" [22 ഹജ്ജ് 31].

"അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും"
[17 ഇസ്രാഅ' 22].

by അബ്ദുസ്സലാം സുല്ലമി @ തൌഹീദ്, ഒരു സമഗ്ര വിശകലനം