ദൈവത്തോടുള്ള കടമ പാലിക്കുക

"ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ". [അദ്ധ്യായം 2 ബഖറ 40]

യഅ'ഖൂബ് നബി (അ)യുടെ മറ്റൊരു പേരായിരുന്നു ഇസ്റാഈല്‍ എന്നത്. ഇസ്റാഈല്‍ സന്തതികള്‍ എന്നാണു ബനൂഇസ്രാഈല്‍ എന്ന വാക്കിനര്‍ത്ഥം. അല്ലാഹുവിന്‍റെ മിത്രം എന്ന് വിശേഷിക്കപ്പെട്ട ഇബ്രാഹിം നബി (അ)യുടെ പുത്രന്‍ ഈസ്‌ഹാഖ് (അ)യുടെ മകനാണ് യഅ'ഖൂബ് (അ). യൂസുഫ് നബി (അ) അടക്കമുള്ള യഅ'ഖൂബ് നബിയുടെ മക്കളെയും സന്താനപരമ്പരയെയും പില്‍ക്കാലത്ത്‌ ബനൂഇസ്രാഈല്‍ എന്ന് വിളിക്കപ്പെട്ടുവന്നു.

ഏറ്റവും അധികം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് ഇസ്റാഈല്‍ വംശത്തില്‍ നിന്നായിരുന്നു. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരായിരുന്നു അവര്‍. ഈ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹമായ നിലയില്‍ നന്ദി കാണിക്കാന്‍ അവര്‍ സന്നദ്ധരായില്ല. അതിനാല്‍ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ത്തുനോക്കാനും അവയ്ക്ക് നന്ദി കാണിക്കാനുമുള്ള ആഹ്വാനമാണ് അല്ലാഹു ഇവിടെ നല്‍കുന്നത്. വചനത്തിലെ അഭിസംബോധന ബനൂഇസ്രാഈല്യരാണെങ്കിലും ഇക്കാലത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണിത് എന്നതില്‍ തര്‍ക്കമില്ല.

അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് നാം. എണ്ണിയാലൊതുങ്ങാത്ത ഇവ നമുക്ക് തന്നത് അല്ലാഹു മാത്രം. അത് ഓര്‍ക്കാനും അവന്‍റെ കല്‍പ്പനകള്‍ അനുസരിച്ചു അവനു നന്ദി കാണിക്കാനും നമുക്ക് ബാധ്യതയുണ്ട്. അല്ലാഹുവിനോട് നാം ചെയ്ത പ്രതിജ്ഞകളും കരാറുകളും പാലിക്കാനും നാം ബാധ്യസ്ഥരാണ്. അല്ലാഹുവാണ് സൃഷ്ടാവ് എന്നത് മനുഷ്യര്‍ അംഗീകരിച്ച ഒരു തത്ത്വമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. "അല്ലാഹുവേ, നിന്‍റെ പ്രീതി ആഗ്രഹിച്ചു കൊണ്ടാണ് ഞാന്‍ ജീവിക്കുന്നതും മരിക്കുന്നതും ആരാധനകളില്‍ മുഴുകുന്നതും' എന്ന് പ്രതിജ്ഞ ചെയ്യാറുള്ളവനാണ് വിശ്വാസി. ഇത് പാലിക്കേണ്ടത് അവന്‍റെ ചുമതല തന്നെ.

എന്നാല്‍ അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്ന മഹത്തായ പ്രതിഫലം അവന്‍ തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. "നിങ്ങള്‍ നന്ദി കാണിക്കുന്നവരായാല്‍ ഞാന്‍ കൂടുതല്‍ തന്നു കൊണ്ടിരിക്കും" എന്ന് ഖുര്‍ആന്‍ പറയുന്നു. "എന്‍റെ അടിമ എന്നെ ഏതു രീതിയില്‍ സമീപിക്കുന്നുവോ അതിനനുസരിച്ച സമീപനം എന്‍റെ ഭാഗത്തുമുണ്ടാകും" എന്ന് അല്ലാഹു പറഞ്ഞതായി നബി (സ) പഠിപ്പിക്കുന്നു. ഏതു കാലാവസ്ഥയിലും സാഹചര്യങ്ങളിലും അഭൌതികമായി ഭയപെടെണ്ടവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യന്‍റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹുവിന്‍റെ പരീക്ഷണമായിരിക്കാം. എല്ലാ ചുറ്റുപാടുകളിലും മനുഷ്യന്‍ ഭയപ്പെടേണ്ടത് അല്ലാഹുവിനെ മാത്രമാണ്. അവന്‍റെ അറിവില്‍ പെടാതെ ഒന്നും ചെയ്യാനോ പറയാനോ മനുഷ്യന് കഴിയില്ല. അതിനാല്‍ അവനെ സൂക്ഷിക്കുക. അതാണ്‌ വിജയ മാര്‍ഗം.

by അബ്ദു സലഫി @ പുടവ