ഹജ്ജ് : ചിന്താബന്ധുരമായ തീര്‍ഥാടനം

തീര്‍ഥാടനം പുണ്യകര്‍മ്മമായി കാണാത്ത മതങ്ങള്‍ വിരളമാണ്. ജീവിതത്തിന്റെ സായന്തനത്തില്‍ തീര്‍ഥാടനം നടത്തി നിര്‍വാണം കാത്തിരിക്കുന്ന മതവിശ്വാസവും മനുഷ്യര്‍ക്കിടയിലുണ്ട്. ഇസ്ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും മാതൃകയായി നിലകൊള്ളുന്നു. ഹജ്ജ് കര്‍മ്മമാണ് ഇസ്ലാം നിശ്ചയിച്ച തീര്‍ഥാടനം. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളു.

നിര്‍ണിതമായ ദിവസങ്ങളില്‍ നിശ്ചിത സ്ഥലത്ത്വച്ച് - അഥവാ പരിശുദ്ധ ഹറമിലും പരിസരത്തും ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെ - മാത്രമേ അത് നിര്‍വഹിക്കുവാന്‍ കഴിയൂ. ആയതിനാല്‍ ഹജ്ജ് നിര്‍ബന്ധമാക്കി നിശ്ചയിച്ച അറിയിപ്പിന്റെ കൂടെ അല്ലാഹു ഉണര്‍ത്തുന്നു : 'മാര്‍ഗം സൌകര്യപ്പെട്ടു കിട്ടിയവര്‍ക്ക്' മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ശാരീരികവും മാനസികവും സാമ്പത്തികവും സാങ്കേതികവുമായ സൌകര്യങ്ങള്‍ ഒത്തിണങ്ങാതെ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലല്ലോ.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം ഹജ്ജ് ആണ്. പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കര്‍മ്മമാണ് ഹജ്ജ്. ശരീരവും മനസ്സും ഒരു പോലെ പാകപ്പെടുത്തി എടുത്ത് ആഴ്ചകളോളം ഹജ്ജിനു വേണ്ടി മാത്രമായി മാറി നില്‍ക്കുന്ന ഹജ്ജിനു മഹത്തായ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. നവജാത ശിശുവിന്റെ നൈര്‍മല്ല്യം! അതോടൊപ്പംതന്നെ ഹജ്ജ് നിര്‍വഹണത്തിലൂടെ കരഗതമാകുന്ന നിരവധി വ്യക്തിത്വഗുണങ്ങളുമുണ്ട്. വൈവിധ്യം നിറഞ്ഞ ലോകത്ത് നിന്ന് ഒരേ വേഷവും ഒരേ ചിന്തയും ഒരേ മന്ത്രവുമായെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ പ്രകടിപ്പിക്കുന്നത് വിശ്വാസസാഹോദര്യമാണ്. വി ഐ പി ലോഞ്ചുകളോ മെറ്റല്‍ ടിറ്റക്റ്റരു കളോ ഇല്ലാത്ത പ്രവിശാലമായ മനുഷ്യസാഗരത്തില്‍ - ഹജ്ജിന്റെ കര്‍മ്മ വീഥിയില്‍ - സമത്വത്തിന്റെ സദ്ഭാവന കര്‍മ്മപദത്തില്‍ വരികയാണ്.

ഹജ്ജ് സംഗമത്തിനായി അല്ലാഹു നിശ്ചയിച്ച സ്ഥലം ഭൂമി ശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമേറിയ ഒരു പ്രദേശമാണ്. 4000 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നെത്തിയ ഇബ്രാഹിം (അ) എന്ന പ്രവാചകന്‍റെ ഭാര്യയും പിഞ്ചുകുഞ്ഞുമാണ് മക്കയിലെ ആദ്യ നിവാസികള്‍. സംസം നീരുറവയും ഖഅ'ബ എന്ന ആരാധനാലയവും ആ നാടിനെ വിശുദ്ധവും പ്രസിദ്ധവുമാക്കി. അറേബ്യന്‍ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ ഗജവര്‍ഷ ഗണനയ്ക്കാധാരമായ ആനപ്പടയുടെ തകര്‍ച്ചയും യമന്‍-സിറിയ വ്യാപാരപാതയിലെ നിര്‍ഭയമായ ഇടത്താവളമെന്ന സ്ഥാനവും മക്കാനിവാസികളായ ഖുറൈഷികളുടെ സാമൂഹികജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ച കാര്യങ്ങളായിരുന്നു. ഒന്നര സഹസ്രാബ്ദം മുന്‍പ് അന്തിമ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) നിയുക്തനാവുന്നതും ഇവിടെത്തന്നെ. നമസ്കാരത്തിലെ ഖിബ്'ലയും ഹജ്ജിന്‍റെ കേന്ദ്രവും ആ മന്ദിരം ആയിത്തീര്‍ന്നതും യാദ്രിശ്ചികമല്ല.

by സി പി ഉമര്‍ സുല്ലമി @ അത്തൌഹീദ് മാസിക