ബലിപെരുന്നാള്‍ : സമര്‍പ്പണത്തിന്റെ സ്മൃതികള്‍

ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല.

ഇസ്ലാമിലെ ആരാധനകളിലൊന്നിലും ആഘോഷത്തിന്‍റെ തിമിര്‍പ്പോ പുളകങ്ങളോ കാണാനാവില്ല. എന്നാല്‍ പെരുന്നാളാഘോഷം ആരാധനയാണെന്ന് മതം പഠിപ്പിക്കുന്നു. ആഘോഷിക്കുമ്പോള്‍പോലും ആരാധനയുടെ മണവും നനവും അനുഭവപ്പെടുന്നു. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത്‌ ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്.

ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത്‌ ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്.

ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു.

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി.

ഒരു വലിയ പ്രബോധനദൌത്യമായിരുന്നു ഇബ്രാഹിം നബി ഏറ്റെടുത്തിരുന്നത്. അതിന്‍റെ വിജയത്തിനുവേണ്ടി ആവുന്നാതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്ലാഹു അക്കാര്യം എടുത്തു പറയുന്നു: "ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല." [സൂറ 2:124]

ഇബ്രാഹിം നബിയുടെ ജീവിതപാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണെന്നുമാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്‌. എന്നാല്‍ ഈ മാര്‍ഗത്തെ കണ്ടില്ലെന്നു നടിക്കുകയും ഭൌതിക ജീവിതത്തിന്‍റെ സുഖങ്ങളില്‍മാത്രം വ്യാപരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു താക്കീത് നല്‍കുന്നുണ്ട്. ഇബ്രാഹിം (അ) തെരഞ്ഞെടുത്തവഴി അത്യന്തം അപകടമുള്ളതായിരുന്നു. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാവുന്നത്ര നിസ്സാരമായിരുന്നില്ല അത്. മറിച്ച് കൂരിരുട്ടുകളോടും ദുര്മൂര്ത്തികളോടുമെല്ലാം പടവെട്ടിയ ചരിത്രത്തെ പേറുന്നതാണ് അത്. വെളിച്ചത്തിന്റെ നേരായ പാതയാണത്. അതിനോട് വിമുഖതകാട്ടി പിന്തിരിയുന്നത് ഏറ്റവും വലിയ ഭോഷത്വമാണെന്നും ഖുര്‍ആന്‍ ഉണര്ത്തിയിട്ടുണ്ട്. "സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും". [സൂറ 2:130]

എന്നാല്‍ ഇബ്രാഹിം നബിയുടെ കാലത്തെ നമ്രൂദ് എന്ന സ്വേചാതിപതിയായ രാജാവ് ദൈവത്തെ നിഷേധിക്കുകയും ഇബ്രാഹിമിന്‍റെ മാര്‍ഗത്തെ നിരസിക്കുകയും ചെയ്തവനായിരുന്നു. വലിയ സമ്പത്ത്കൊണ്ട് അനുഗ്രഹിക്കപ്പെട്ട നമ്രൂദ് അനുഗ്രഹദാതാവിനെ മറന്നു അന്ധമായ വഴി തെരഞ്ഞെടുത്തു. ഇബ്രാഹിം (അ) അത് ഓര്‍മ്മപ്പെടുത്തി. ഫലമുണ്ടായില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക : "ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌". [സൂറ 2:258]. ഇങ്ങനെ ധിക്കാരത്തിന്റെ സ്വരമുയര്‍ത്തിയ നമ്രൂദ് ഒടുവില്‍ പരാജയത്തിന്‍റെ പടുകുഴിയിലാപതിച്ചു.

ഇബ്രാഹിമിന്റെ മാര്‍ഗം വിജയത്തിന്‍റെ പാതയാണ്. അത് തെരെഞ്ഞെടുക്കുന്നതോട്കൂടി ഒരാള്‍ വിശ്വാസത്തിന്‍റെ മഹത്വം തിരിച്ചറിയുന്നു. ആദര്‍ശത്തിന്റെ ശക്തി ഹൃദയത്തിലേറ്റുന്നു. പ്രവര്‍ത്തനഗോദയിലവന്‍ ഓടിയിറങ്ങുന്നു. നന്മകളുടെ സന്ദേശവാഹകനും തിന്മകളുടെ നൃശംസകനുമായിത്തീരുന്നു. ഖുര്‍ആന്‍ എടുത്തുപറയുന്നതും അത് തന്നെയാണ്. "സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു"[സൂറ 4:125]. അല്ലാഹുവിന്റെ കൂട്ടുകാരനായി വിശേഷിപ്പിക്കപ്പെടാന്‍മാത്രം മഹത്വം അദേഹത്തിനു നേടിക്കൊടുത്തത് സത്യമാര്‍ഗത്തിന്റെ വിശുദ്ധിയും ആദര്‍ശത്തിന്റെ തെളിച്ചവുമായിരുന്നു.

താനറിഞ്ഞ സത്യം തന്‍റെ ചുറ്റിലുമുള്ളവരുമായി പങ്കുവെച്ച ഇബ്രാഹിം നബി (അ) തന്‍റെ പ്രബോധനത്തിനു തുടക്കംകുറിക്കുന്നത് തന്‍റെ കുടുംബത്തില്‍നിന്നാണ്. പിതാവിനോടും കുടുംബത്തോടും അറിഞ്ഞനുഭവിച്ച സത്യം തുറന്നു പറഞ്ഞതിനാല്‍ ജീവിതസുരക്ഷപോലും അദ്ദേഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിച്ചു. എന്നിട്ടും കൂരിരുട്ടിന്‍റെ കാടുപാതകളെ വകഞ്ഞുമാറ്റി വെളിച്ചത്തിന്റെ മെഴുകുതിരിയുമായി അദ്ദേഹം സ്വന്തം സമൂഹത്തിനു വെട്ടമേകിയത് ചരിത്രത്തെ ചേതോഹരമാക്കിത്തീര്‍ക്കുന്നു.

കാലങ്ങള്‍ക്ക് ശേഷവും ഇബ്രാഹിമിന്‍റെ ജീവിതം നമുക്ക്മുന്നില്‍ തിളങ്ങിനില്‍ക്കുന്നു. ചരിത്രം വിസ്മയിച്ചു നിന്ന്പോയ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. വിശുദ്ധ ഖുര്‍ആനില്‍ 25 സൂറത്തുകളിലായി 69 തവണ ആവര്‍ത്തിച്ച നാമമാണ് അദ്ദേഹത്തിന്‍റെത്. ബഹുദൈവവാദികളെ ആദര്‍ശത്തിന്റെ മഹത്വംകൊണ്ട് നേരിട്ട അദ്ദേഹം സത്യത്തിന്‍റെ ഉദയസൂര്യനായി അവര്‍ക്ക്ചുറ്റിലും പ്രഭപരത്തിയതിനാണ് കാലം പിന്നീട് സാക്ഷിയായത്. ഐതിഹ്യപുരുഷനായിരുന്നില്ല അദ്ദേഹം. ആദര്‍ശപിതാവായിരുന്നു. സ്വന്തം പിതാവിനാല്‍ വീട്ടില്‍നിന്നും ആട്ടിയിറക്കപ്പെട്ടപ്പോഴും സ്വപത്നിയെ വിട്ടു ദൂരദിക്കിലേക്ക് മാറിനില്‍ക്കേണ്ടി വന്നപ്പോഴും സ്വന്തം മകനെ ബലികഴിക്കാന്‍ ആജ്ഞവന്നപ്പോള്‍ അതിനു സന്ദേഹംകൂടാതെ സന്നദ്ധനായതും ചരിത്രം തുളുമ്പുന്ന അക്ഷരങ്ങളാല്‍ എഴുതിവച്ചിട്ടുണ്ട്.

വിശ്വാസത്തെ അറിഞ്ഞനുഭവിക്കാന്‍ കഴിഞ്ഞത്കൊണ്ടാണ് ഇബ്രാഹിംനബിക്ക് തന്‍റെ പ്രബോധനം തുടരാനായത്. ഈരംഗത്ത് ഒട്ടനവധി ത്യാഗം വരിക്കാനും അദേഹത്തിനു മനസ്സുണ്ടായത് അത്കൊണ്ടാണ്. വലിയമനസുള്ളവര്‍ക്കെ ത്യാഗംവരിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തത്തിന്‍റെ നേട്ടങ്ങള്‍ക്കായി ത്യാഗംചെയ്യാന്‍ അധികംപേരും തയാറാവുമെങ്കിലും സമൂഹത്തിനു സേവനംചെയ്യുന്നതിലോ ദീന്‍ പ്രബോധനംചെയ്യുന്നിടത്തോ ത്യാഗമനുഷ്ടിക്കാന്‍ അധികമാളുകളെ കാണാനാവില്ല. ഉന്നതമായ ഒരാദര്‍ശത്തിലൂടെ ഒരു സമൂഹത്തെ രക്ഷപ്പെടുത്താന്‍വേണ്ടി ഇറങ്ങിത്തിരിച്ച ഇബ്രാഹിംനബിക്ക് കുറെയേറെ ത്യാഗം അനുഷ്ടിക്കേണ്ടതായി വന്നു. അതിനുമാത്രം വിശാലമായ മനസ്സ് അദേഹത്തിനുണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ വിജയം. വീട്ടില്‍നിന്നും ആട്ടിപ്പായിച്ച സ്വന്തം പിതാവിന്വേണ്ടി പ്രാര്‍ഥിക്കാന്‍ കഴിഞ്ഞത് ഇത്തരമൊരു മനസ്സ് അദ്ദേഹത്തിന്‍റെകൂടെ എപ്പോഴും ഉണ്ടായത്കൊണ്ടായിരുന്നു. ഗുണകാംഷാമനസ്ഥിതിയോടെ പ്രബോധിതസമൂഹത്തെ ഉള്‍ക്കൊണ്ടു എന്നത് അദ്ദേഹത്തില്‍നിന്നുള്ള ഒരു വലിയ ജീവിതപാഠമാണ്.

ഏകദൈവ വിശ്വാസത്തിനു വേണ്ടി ആത്മാവ് സമര്‍പ്പിച്ചവനായിരുന്നു അദ്ദേഹം. വിശ്വാസമെന്നത് ഒരു മൂലയില്‍ ചടഞ്ഞുകൂടി ജപിക്കാനുള്ളതല്ലെന്നും മറിച്ചത് ജീവിതത്തില്‍ വഴിവിളക്കായും വീഴ്ച്ചകളിലെ തിരുത്തായും ഉപയോഗപ്പെടുത്തേണ്ടതാണെന്നുമാണ് ആ മഹത്തായ ജീവിതം പഠിപ്പിക്കുന്നത്‌. തന്‍റെ പ്രബോധനത്തിനു നേരെ പ്രതിഷേധത്തിന്‍റെ കൂരമ്പുകള്‍ ഏറ്റപ്പോഴും ജാലകങ്ങള്‍ തുറന്നിട്ട സ്വച്ഛമായ വായുസഞ്ചാരമുള്ള വീടുപോലെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാവുന്ന തലത്തിലേക്ക് വളര്‍ന്നു പന്തലിച്ച ആ ജീവിതം സമൂഹത്തിനുമീതെ തണല്‍ വിരിച്ചു. ഈ തണലില്‍ വന്നുചേരാനാണ് മതം നമ്മോടു ആവശ്യപ്പെടുന്നത്.

ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കാനുള്ള ചെപ്പടിവിദ്യകളായിരുന്നില്ല അദ്ദേഹം നടത്തിയിരുന്നത്. മറിച്ചു, ഉന്നതമായ വിശ്വാസത്തിന്‍റെ തണലില്‍ നിര്‍ഭയരായി ജീവിക്കാനുള്ള സാധ്യതയിലേക്ക് ഒരു സമൂഹത്തെ വഴിനടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവവിശ്വാസത്തില്‍ മാത്രമാണ് തീരാത്ത സമാധാനമുള്ളതെന്നുമായിരുന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്നത്. കരുതിവെപ്പുകളെ ബലികൊടുക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയാണ് ഓരോ ബലിപെരുന്നാളിലും തെളിഞ്ഞുകത്തുന്നത്.

ഇബ്രാഹിമി സ്മരണകള്‍ ജീവിതത്തിനു ആവേശം നല്‍കണം. സമരോല്‍സുകമായ ജീവിതം; ആദര്‍ശജീവിതത്തെ സന്ദേശമായും ഏകദൈവത്തെ ഉന്നതനായും വിഗ്രഹങ്ങളെ ഒന്നിനും കൊള്ളാതവയായും ചിത്രീകരിച്ച ജീവിതം; സമാധാനത്തിനര്‍ഹര്‍ ആരാണെന്നും സൃഷ്ടികളില്‍ ഉത്തമര്‍ ആരാണെന്നും കാണിച്ചുതന്ന ജീവിതം; അടുപ്പത്തിന്റെ അളവ്കോലുകള്‍ക്കപ്പുറത്ത് അല്ലാഹുവിന്‍റെ കൂട്ടുകാരനെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹതകിട്ടിയ ജീവിതം; ചരിത്രം കൈകൂപ്പി നില്‍ക്കുന്ന വിസ്മയ ജീവിതം. ഇബ്രാഹിമിന്‍റെ ജീവിതം ഒരു സമൂഹത്തിന്‍റെ ചരിത്രമായി മാറിയതും ഒരു സന്ദേശമായി വികാസംകൊണ്ടതും അദ്ദേഹം കൂടെ കരുതിയ വിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു.

ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഈദ് സുദിനത്തിലും നാം അനുസ്മരിക്കുന്നത്‌. ഈദ് വിപ്ലവത്തിന്റെ വിളംബര ശബ്ദമാണ്. ജീവിതത്തിന്‍റെ ആദര്‍ശം സ്നേഹനിധിയായ അല്ലാഹുവാണെന്ന നിര്‍ണയത്തെ സാക്ഷ്യപ്പെടുത്തുകയാണ് ഓരോ തക്ബീര്‍ മന്ത്രധ്വനികളും. ആക്രമണങ്ങളെയും അധിനിവേശങ്ങളെയും പ്രകോപനങ്ങളേയും പ്രീണനങ്ങളേയും ദൌര്‍ബല്യങ്ങളെയും പ്രതിരോധിക്കാനാണവ ഊര്‍ജംനല്‍കുന്നത്.

പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെമുന്നില്‍ വരച്ചുകാട്ടുന്നത്. ആണും പെണ്ണും വൃദ്ധരും കുട്ടികളും ഒരു സാഗരംപോലെ ഒത്തുചേര്‍ന്ന് തോളോട്തോളുരുമ്മിനിന്ന് പോര്‍ക്കളത്തിലെന്നപോലെ അണിചേരുമ്പോള്‍ ഈദ് ഐക്യത്തിന്‍റെതു കൂടിയാവുന്നു. പരസ്പരസ്നേഹവും സൌഹാര്‍ദ്ധവുമാണ് അത് വിളംബരം ചെയ്യുന്നത്.

നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുവാനും കരയുന്നവന്റെ കണ്ണീരൊപ്പാനും സാധിക്കാത്തവന് വിശ്വാസിയാവാന്‍ കഴിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഓര്‍ക്കുക നാം. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇബ്രാഹീമുമാരായിത്തീരാനുള്ള ഇച്ചാശക്തിയാണ് നാം കാണിക്കേണ്ടത്. ദുരാചാരങ്ങള്‍ക്കും പൈശാചികഇറക്കുമതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണിചേരുക നാം. സകലമാന അടിമപ്പെടുത്തലുകള്‍ക്കുമെതിരെ ഇതാ ജിഹാദ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ഹംദ്.

by ജംഷിദ് നരിക്കുനി @ പുടവ മാസിക