മനസ്സുഖം വന്‍ധനം

ജീവിതത്തില്‍ സുഖം തേടിയുള്ള അലച്ചിലിലാണ് മനുഷ്യരെല്ലാം. വീട്, ധാരാളം സ്വത്ത്, മുന്തിയ വാഹനം, സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം എന്നിവയെല്ലാം ഒരു സാധാരണ മനുഷ്യന്‍റെ സ്വപ്നങ്ങളാണ്. എത്ര കിട്ടിയാലും പോരാ എന്ന ചിന്തയില്‍ ന്യായാന്യായം നോക്കാതെ ഭൌതിക വിഭവങ്ങള്‍ സംഭരിക്കുന്നതില്‍ വ്യാപൃതരാവുകയാണ് മനുഷ്യര്‍. ധനക്കൊതി എന്തെല്ലാം ദുരന്തങ്ങളാണ് വരുത്തിവെക്കുന്നത്. ജീവിതം കൂടുതല്‍ സുഖപ്രദമാക്കാന്‍ വേണ്ടി ശ്രമിക്കുന്തോറും മനസ്സിന്‍റെ സുഖവും ശാന്തതയും നഷ്ടപ്പെടുന്നു. പ്രശ്നങ്ങളുടെ കുരുക്കുകള്‍ കൂടുന്നു. ധനം എത്ര വേണമെങ്കിലും മനുഷ്യന് വാരിക്കൂട്ടാം. ഭൂമി നിറയെ ദൈവത്തിന്‍റെ അനുഗ്രഹങ്ങളാണ്. അവ നേടിയെടുക്കാനുള്ള കഴിവും സ്വാതന്ത്ര്യവും അവനു നല്കിയിട്ടുമുണ്ട്. പക്ഷെ, ഇവയൊന്നും മനസ്സിന്‍റെ സുഖം പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമല്ല. പരമദരിദ്രനാകം ചിലപ്പോള്‍ കോടീശ്വരനേക്കാള്‍ കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നവന്‍.

ചിന്തകനും ഫിലോസഫറും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇബ്നു തൈമിയ പറയുന്നു : "എന്‍റെ സ്വര്‍ഗം എന്‍റെ നെഞ്ചിലാണ്". അദ്ദേഹത്തിന് വീടും സ്വത്തും ഉദ്യോഗവും ഒന്നുമുണ്ടായിരുന്നില്ല. പള്ളിയുടെ പരിസരത്ത് ഒരു മുറിയിലായിരുന്നു താമസം. ദിവസവും ഒരു റൊട്ടിയാണ് ഭക്ഷണം. ധരിക്കാന്‍ രണ്ടു വസ്ത്രങ്ങള്‍ മാത്രം. ഉറക്കം അധികവും പള്ളിയില്‍. ജീവിതം ഇത്ര ദുരിതം നിറഞ്ഞതായിട്ടും അദ്ദേഹം നെഞ്ചില്‍ സ്വര്‍ഗവുമേറ്റി നടക്കുകയായിരുന്നു. മറ്റൊരു മഹാപണ്ഡിതനാണ് അഹമദുബ്നു ഹമ്പല്‍. ഇതേ പോലെയുള്ള ജീവിതമാണ് അദ്ദേഹവും നയിച്ചിരുന്നത്. ധരിച്ചിരുന്നത് കണ്ടംവെച്ച ഒരു വെള്ള വസ്ത്രം. സ്വന്തം കൈകൊണ്ടത്‌ തുന്നും. മൂന്ന് കൊച്ചു മുറികള്‍ മാത്രമുള്ള ഒരു മണ്കൂരയിലാണ് താമസം. പതിനേഴുവര്ഷം പഴക്കമുള്ള പലവട്ടം കണ്ടംവെച്ച ഒരു ചെരിപ്പാണ് അദ്ദേഹം ധരിച്ചിരുന്നതെന്നു ചരിത്രകാരന്മാര്‍ പറയുന്നു. നാട്നീളെ വിജ്ഞാനം തേടിയുള്ള യാത്രയും. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിന് മനസ്സ് നിറയെ സന്തോഷമായിരുന്നു.

ഈ മഹാന്മാരെല്ലാം പ്രവാചകന്‍ (സ)യുടെ ജീവിതത്തില്‍നിന്ന് ആവേശം കൊണ്ടവരായിരുന്നു. അത്ര ക്ലേശം നിറഞ്ഞതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജീവിതവും. ഈന്തപ്പനമ്പ് കൊണ്ടുള്ള മേല്‍ക്കൂരയും വിരിപ്പും. ഓലയുടെ പാടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തെളിഞ്ഞു കാണാമായിരുന്നു. വിശന്നപ്പോള്‍ വയറ്റില്‍ കല്ല്‌ വെച്ച് കെട്ടിയിരുന്നു. മൂന്നു ദിവസം ഒന്നും ഭക്ഷിക്കാന്‍ കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നു. ഈ പ്രയാസങ്ങളൊന്നും തിരുമനസ്സിനെ ബാധിച്ചതേയില്ല. പ്രവാചകന്‍റെ പ്രസിദ്ധമായ ഒരു വചനമുണ്ട് : "രാത്രി നിര്‍ഭയമായി കഴിയാന്‍ ഒരു മാളം, ശരീരത്തിന് അസുഖമൊന്നുമില്ല, ഇന്നത്തേക്ക് വേണ്ട ആഹാരം കൈവശമുണ്ട്, എങ്കില്‍ ഭൌതിക സുഖങ്ങള്‍ മുഴുവനും ലഭിച്ചത് പോലെയാണ്". ഇതേ തത്വം പ്രവാചകന്‍ (സ) മറ്റൊരു വചനത്തില്‍ ഇങ്ങനെ വ്യക്തമാക്കി : "നിനക്ക് ദൈവം എന്താണോ വിധിച്ചത് അതില്‍ തൃപ്തിയടയുക. എങ്കില്‍ നീ ആയിരിക്കും ഏറ്റവും സമ്പന്നനായ വ്യക്തി". ഒരാള്‍ക്ക്‌ എല്ലാ അനുഗ്രഹങ്ങളും ലഭിച്ചെന്നുവരില്ല. തന്‍റെ സുഖത്തിന്റെ വലുപ്പം മനസ്സിലാക്കണമെങ്കില്‍ അത്രയും ലഭിച്ചിട്ടില്ലാത്തവരെ കാണണം.

ഉറങ്ങുന്നത് പട്ടുമെത്തയിലായത് കൊണ്ട് പൂര്‍ണസുഖമാണെന്ന് ഒരിക്കലും ധരിക്കരുത്. മില്‍ട്ടന്‍ പറഞ്ഞത്പോലെ മനസ്സാണ് സ്വര്‍ഗത്തെ നരകവും നരകത്തെ സ്വര്‍ഗവുമാക്കുന്നത്. നെപ്പോളിയന്‍ ഏറെ പ്രശസ്തി നേടിയെങ്കിലും അദ്ദേഹം പറയുന്നു : "ജീവിതത്തില്‍ സുഖമുള്ള ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല". ഖലീഫ ഹിഷാം പറഞ്ഞതും ഇത് തന്നെ : "എന്‍റെ സുഖ ദിവസങ്ങള്‍ എണ്ണിനോക്കുമ്പോള്‍ 13 ദിവസം മാത്രം!". ധനക്കൊതി, ആഡംബരഭ്രമം, സ്ഥാനമോഹം, പ്രയാസങ്ങളേയും പ്രശ്നങ്ങളേയും തരണംചെയ്യാനുള്ള കെല്പ്പില്ലായ്മ എന്നീ ദൌര്‍ബല്യങ്ങളില്‍ നിന്ന് മോചിതനായവര്‍ക്ക് മാത്രമേ മനസ്സുഖം അനുഭവിക്കാന്‍ കഴിയുകയുള്ളൂ.

by പ്രൊഫ: പി മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്