ഒഴിക്കിനെതിരെ നീന്തുക

സമൂഹത്തില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വയം സന്നദ്ധരായവരാണ് ഇസ്ലാഹി പ്രവര്‍ത്തകര്‍. പരിഷ്കരണം ഒരു പരിഷ്കാരമായി സ്വീകരിച്ചവരല്ല നാം. മറിച്ച്‌ സംസ്കരണം ലഭ്യമാകും വിധം അടിസ്ഥാനശിലകളില്‍ ഊന്നിനിന്നുള്ള പ്രവര്‍ത്തനമാണ് ഇസ്ലാഹ്.

ഇസ്ലാഹ് എളുപ്പമുള്ള പണിയല്ല. ഒഴുക്കിനെതിരില്‍ നീന്താന്‍ കെല്‍പ്പുള്ളവര്‍ക്കേ ഇസ്ലാഹി രംഗത്ത് ഉറച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഒഴുക്കിനനുസരിച്ച് നീങ്ങാനാണ് സുഖം. ആ സുഖം സ്വീകരിക്കുന്നതില്‍ തൃപ്തരാണ് നാം. നമ്മുക്കെതിരിലാണ് ലോകം. ഭൌതികതയുടെ അതിപ്രസരത്തില്‍ മതനിയമങ്ങളെ പരിഹസിക്കാന്‍ ഭൌതികന്മാര്‍ തയ്യാറാവുന്നു. അന്ധവിശ്വാസങ്ങളിലൂടെ മുസ്ലിം സമൂഹത്തിന്‍റെ ചിത്രം വൃത്തികേടാക്കാന്‍ മുസ്ലിംകളിലെ വലിയൊരു വിഭാഗം ശക്തിയായി പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിനെ ഭൌതിക പ്രസ്ഥാനങ്ങളെപ്പോലെ തരംതാഴ്ത്തി വെറുമൊരു ബദല്‍ വ്യവസ്ഥയാക്കാന്‍ ചിലര്‍ വെമ്പല്‍ കൊള്ളുന്നു. തീവ്രവാദികളും ഭീകരവാദികളും ഇസ്ലാമിന്‍റെ മറവില്‍ ഒളിക്കാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമേ ഖുര്‍ആനും സുന്നത്തുമെന്ന വിശുദ്ധ ആശയത്തില്‍നിന്നും ആളുകളെ അകറ്റാന്‍ എല്ലാവരും ഒന്നിക്കുന്നു. ദൈവനിഷേധികളും അന്ധവിശ്വാസികളും തൌഹീദിനെതിരെ ഒരുമയോടെയാണ് നീങ്ങുന്നത്‌.

ആശയരംഗത്ത് നമ്മെ നേരിടാന്‍ ഇന്നാര്‍ക്കും സാധ്യമല്ല. അത്ര ശക്തമാണ് നമ്മുടെ ആദര്‍ശം. കാരണം, അത് അല്ലാഹുവിന്‍റെ ദീനാണ്. അത് മറ്റെല്ലാറ്റിനെക്കാളും ഉയന്നുനില്‍ക്കും. അതിന്‍റെ പ്രകാശം ഊതിക്കെടുത്താനുള്ള ശ്രമം നടക്കും. എന്നാല്‍ ആ ശ്രമം പരാജയപ്പെടുക തന്നെചെയ്യും. ഇവിടെ തല്പരകക്ഷികള്‍ക്ക് ഗത്യന്തരമില്ലാതെയായിരിക്കുന്നതിന്റെ തെളിവാണ് സംഘടനക്കു നേരെ വരുന്ന കയ്യേറ്റങ്ങള്‍. നാം പ്രവര്‍ത്തിക്കുന്നത് പരലോകഗുണത്തിന് വേണ്ടിയാണ്. അതിനാല്‍ ഇത്രകാലം ജീവിക്കണമെന്ന വ്യാമോഹം നമുക്കില്ല. ജീവിക്കുന്ന കാലമത്രയും ദീനിന്‍റെ മാര്‍ഗത്തിലായിരിക്കണം. മരിക്കുന്നതും അങ്ങനെത്തന്നെ. അതിനാല്‍ ധീരമായി, തഖ്'വയോടെ, അര്‍പ്പണ ബോധത്തോടെ മുന്നോട്ടു ഗമിക്കുക.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍ from യുവത ബുക്സ്