ദൈവം പിതാവല്ല, പുത്രനുമല്ല

ദൈവത്തെ പിതാവായും പുത്രനായും സങ്കല്‍പ്പിക്കുന്ന തിനെ ഖുര്‍ ആന്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്. ഖുര്‍ ആനിലെ ഒരു ചെറിയ അദ്ധ്യായത്തിലെ ആശയം ഇവിടെ പകര്‍ത്തുന്നു : "പ്രഖ്യാപിക്കുക, : കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും" [അദ്ധ്യായം 112].

അല്ലാഹുവിന്റെ നിസ്തുലതയും ഏകത്വവും അവന്‍റെ സത്തയിലും ഗുണങ്ങളിലും ആസ്തിക്യതിലും പ്രവര്‍ത്തനങ്ങളിലും എല്ലാം ബാധകമാണ്. അവനു ഒരു സന്താനവുമില്ല. അവന്‍ ആരുടേയും സന്താനവുമല്ല. സന്താനത്തിന് പിതാവിന്‍റെ ഗുണങ്ങളും കഴിവുകളും ഏറെക്കുറെയുണ്ടായിരിക്കും. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ പിതാവിനേക്കാള്‍ കഴിവുകള്‍ ഉണ്ടായേക്കും. ആരെയും അല്ലാഹുവിന്‍റെ 'പുത്രന്‍' എന്നു ഒരു അലങ്കാരരൂപത്തില്‍ പോലും വിശേഷിപ്പിക്കുവാന്‍ പരിശുദ്ധ ഖുര്‍ആന്‍ അനുവദിക്കുന്നില്ല.

""പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും" [അദ്ധ്യായം 19 മര്‍യം 88 - 93].

പരിശുദ്ധ ഖുര്‍ആന്‍റെ അവതരണോദേശ്യങ്ങളില്‍ ഒന്ന് "ദൈവപുത്രാ'രോപണം നടത്തിയവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കലാണ്. ഖുര്‍ആനിന്‍റെ അവതരണോദേശ്യത്തെപ്പറ്റി അല്ലാഹു പറയുന്നു : "അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു (ഖുര്‍ആന്‍ അവതരിപ്പിച്ചത്). അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല" [അദ്ധ്യായം 18 ഇസ്രാഅ' 4,5]

ഒരു അലങ്കാരരൂപത്തില്‍ പോലും പറയാന്‍ പാടില്ലാത്ത പ്രയോഗമാണ് 'ദൈവ പുത്രന്‍' എന്നത്. സൃഷ്ടികളില്‍ എത്ര വലിയവരായാലും അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലയിലല്ലാതെ അതിന്നപ്പുറമുള്ള ഒരു ബന്ധം അല്ലാഹുവിനോട് ഉണ്ടായിരിക്കുവാന്‍ പറ്റുകയില്ല. അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നിലവില്‍ വരികയും നിലനില്‍ക്കുകയും നശിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ സൃഷ്ടിയെ അവന്‍റെ പുത്രനായി ആരോപിച്ചു കൂടാത്തതാണ്. പുത്രന് പിതാവിന്‍റെമേല്‍ സ്വാധീനവും അവകാശങ്ങളും ചിലപ്പോള്‍ അധികാരവുമുണ്ടായിരിക്കും. പിതാവിനെ വിശ്രമിക്കുവാന്‍ വിട്ടു പൂര്‍ണ്ണമായ അധികാരവും നിയന്ത്രണവും കൈയ്യേല്‍ക്കാനും പുത്രന് സാധിക്കും. അല്ലാഹുവിനു തുല്യനെയോ അതിലും ഉപരിയായവനെയോ ആരോപിക്കലാണ് ദൈവപുത്ര സങ്കല്പം കൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹുവിന്‍റെ പരിശുധിക്കും നിസ്തുലതക്കും എകത്വത്തിനും ഒട്ടും യോജിക്കാത്ത 'ദൈവപുത്രന്‍' എന്ന സങ്കല്‍പ്പത്തെ പരിശുദ്ധ ഖുര്‍ആന്‍ വളരെ ശക്തിയായി തിരസ്കരിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിമര്‍ശിക്കുന്നു.

"അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍....... അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു" [അദ്ധ്യായം 2 ബഖറ 116,117].

by ഡോ : എം ഉസ്മാന്‍ @ അള്ളാഹു from ദി ട്രുത്ത്

നേതാവും അനുയായികളും

പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌.)))))))))) പിന്തുടര്‍ന്നവര്‍ (അനുയായികള്‍))] അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്‌))))))) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല. (അദ്ധ്യായം 2 ബഖറ 166,167)

നേതാക്കന്മാരും അനുയായികളും സാമൂഹ്യജീവിതത്തിലെ ഒരനിവാര്യ ഘടകമാണ്. ഏതൊരു കൂട്ടായ്മക്കും ഒരു നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. നേതൃത്വമേറ്റെടുക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്വബോധം കാണിക്കണം. അനുയായികളുടെ ക്ഷേമവും വളര്‍ച്ചയും വിജയവും സുരക്ഷയുമെല്ലാം നേതാക്കളുടെ കൂടി ചുമതലയില്‍ പെട്ടതാണ്. അവര്‍ക്ക് ദിശാബോധം നല്‍കി നന്മയിലേക്ക് തിരിച്ചുവിടാന്‍ നേതാക്കള്‍ക്ക് കഴിയണം. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാക്കളുമുണ്ട്.വിവരമില്ലാത്ത അനുയായികളെ അവര്‍ പലതും പറഞ്ഞു ധരിപ്പിക്കും. അവരുടെ മനസ്സും പണവും ഇവര്‍ കവര്‍ന്നെടുക്കും. തങ്ങള്‍ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുമെന്നവര്‍ പറഞ്ഞു നടക്കും. തങ്ങളെ അന്ധമായി പിന്‍പറ്റി ജീവിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്ന രീതിയില്‍ അവര്‍ സംസാരിക്കും.

എന്നാല്‍ അല്ലാഹുവിന്‍റെയും റസൂല്‍ (സ)യുടെയും നിര്‍ദേശങ്ങള്‍ക്കാണ് ഒരു വിശ്വാസി മുന്‍ഗണന നല്‍കേണ്ടത്. ഇതിനെതിരെ എത്ര വലിയ നേതാവ് പറഞ്ഞാലും ആ നേതാവിനെ തള്ളിക്കളയണം. ശിര്‍ക്കിലേക്കും ദുര്‍മാര്‍ഗത്തിലേക്കും നയിക്കുന്ന നേതാക്കളും അവരെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് ഒരു പോലെ ശിക്ഷക്ക് വിധേയമായിത്തീരും. അന്ന് എല്ലാവരും നിസ്സഹായരായിരിക്കും. തങ്ങള്‍ക്കു വല്ല ശിക്ഷക്കും ഇളവു ലഭിക്കുമോ എന്നു കരുതി നേതാക്കളില്‍ കുറ്റംചാരാന്‍ അനുയായികള്‍ ശ്രമിക്കുന്നു. നേതാക്കളാകട്ടെ, തങ്ങളല്ല ഇവര്‍ ഇവിടെ എത്താന്‍ ഉത്തരവാദികള്‍ എന്നുപറഞ്ഞു ഒഴിഞ്ഞു മാറുന്നു. ഇത് അനുയായികളുടെ സങ്കടം വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്കെങ്ങാനും ഒരു തിരിച്ചു പോക്ക് സാധ്യമായിരുന്നെങ്കില്‍ നിങ്ങളോട് ഞങ്ങള്‍ പ്രതികാരം ചെയ്യുമായിരുന്നു എന്നു പറഞ്ഞു വിലപിക്കാന്‍ മാത്രമേ അവര്‍ക്ക് അന്ന് കഴിയുകയുള്ളൂ.

ഖുര്‍ആനും സുന്നത്തും അനുവദിക്കാത്ത വിശ്വാസങ്ങളുടെയും കര്‍മ്മങ്ങളുടെയും പിന്നാലെ പോയവരുടെ നാളത്തെ ദുസ്ഥിതിയാണിത്. തങ്ങള്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങളെല്ലാം നഷ്ടത്തിലായ ദുഃഖം അവര്‍ താങ്ങേണ്ടി വരും. ശാശ്വതമായ നരകശിക്ഷ അനുഭവിക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും പിന്നീട് അവരുടെ മുന്നില്‍ ഇല്ലാതാകുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ, ആമീന്‍

by അബ്ദു സലഫി @ പുടവ കുടുംബ മാസിക

കരുതിവെച്ച് ഒരു കാത്തിരിപ്പ്

പൂജാമുറിയിലെ കല്‍വിഗ്രഹത്തിനു മുന്നില്‍ ഏറെനേരം തൊഴുകൈയോടെ നിന്നു. പിന്നീട് അതിനെ വിലപിടിച്ച പട്ടു പുതപ്പിച്ചു. സുഗന്ധദ്രവ്യക്കടയില്‍ നിന്നു വരുത്തിയ മേത്തരം വാസനാദ്രവ്യം അതില്‍ ആവശ്യത്തിലധികം പുരട്ടി. അബൂദര്‍ദാഇന്‍റെ ഒരു ദിനം ആരംഭിക്കുകയായിരുന്നു.

അത്തര്‍ വ്യാപാരിയായ അബൂദര്‍ദാഅ' സമ്പന്നനായിരുന്നു. സര്‍വ സുഖങ്ങളുടെയും തോഴനും. എന്നാല്‍ ഇസ്ലാമിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നപ്പോള്‍ ജീവിതം മാറി. പൂജാമുറിയും കല്‍പ്രതിമയും ഓര്‍മയായി. ഹൃദയത്തില്‍ സദാ പരിമളം വിതറി. ഇസ്ലാമും തിരുനബിയും അബൂദര്‍ദാഇന്‍റെ വികാരമായി. പിന്നീടുള്ള ആ ജീവിതം പരലോക വിജയത്തിനു വേണ്ടി മാത്രമായിരുന്നു.

സുഖസൌകര്യങ്ങള്‍ വെടിഞ്ഞു ആരാധനാകര്‍മ്മങ്ങളില്‍ ലയിച്ചു അദ്ദേഹം സമയം ചെലവിട്ടു. പരലോകത്തിന് വേണ്ടി സഹിക്കാനും ത്യജിക്കാനും അബൂദര്‍ദാഅ' ഉത്സാഹം കാട്ടി.

ഒരു തണുപ്പുള്ള രാത്രി; ആകസ്മികമായി വന്നുകയറിയ വിരുന്നുകാരെ നിറഞ്ഞ ഹൃദയത്തോടെ അദ്ദേഹം വരവേറ്റു. ലളിതമായ ഭക്ഷണം അവര്‍ക്കായി വിളമ്പി. ഉറങ്ങാന്‍ പരിമിതമായ ഇടവും നല്‍കി. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന കൊടുംതണുപ്പില്‍, പുതപ്പില്ലാതെ തറയില്‍ കിടന്ന വിരുന്നുകാരില്‍ നിന്നു ഉറക്കം അകന്നുനിന്നു. ഒടുവില്‍ ഒരാള്‍ പുതപ്പു അന്വേഷിച്ചു ഗൃഹനാഥനെ സമീപിച്ചു. ഒട്ടകപ്പുറത്ത് വിരിക്കുന്ന തുണിയില്‍ തലവെച്ചു നിലത്തു അബൂദര്‍ദാഅ' സുഖമായുറങ്ങുന്നു. വിരുന്നുകാരന്‍ തിരിഞ്ഞു നടന്നു.

"പുതപ്പില്ലാത്തതിനാല്‍ ഉറക്കം വരുന്നില്ല അല്ലേ?" ചോദ്യംകേട്ട വിരുന്നുകാരന്‍ പരുങ്ങി. "നിങ്ങളും പുതപ്പില്ലാതെയാണോ കിടന്നുറങ്ങുന്നത്?" അദ്ദേഹം തിരിച്ചു ചോദിച്ചു.

അബൂദര്‍ദാഅ' പറഞ്ഞു : "പുതപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് നല്‍കുമായിരുന്നു. ഞങ്ങള്‍ ഈ വീട്ടില്‍ ഒന്നും സൂക്ഷിക്കാറില്ല. ദുര്‍ഘടപാതയിലെ ഗിരിനിരക്കപ്പുറം മറ്റൊരു വീടുണ്ട് ഞങ്ങള്‍ക്ക്. ഇവിടെയുള്ളതെല്ലാം അങ്ങോട്ട്‌ കൊടുത്തു വിടാറാണ് പതിവ്. ഇവിടുത്തെ താമസം മതിയാക്കി അങ്ങോട്ട്‌ പോകുമ്പോള്‍ ഭാരമില്ലാതെ പര്‍വതം താണ്ടിക്കടക്കാമല്ലോ".

"നിങ്ങള്‍ സുഖമായുറങ്ങൂ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ" വിരുന്നുകാരന്‍ പിന്‍വാങ്ങി. രാത്രിയിലെ ഏതോ യാമത്തില്‍ ഉറക്കം കൂട്ടിനെത്തുംവരെ ആതിഥേയനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മനം നിറയെ.

by വി എസ് എം @ പുടവ കുടുംബമാസിക

സകാത്തിന്‍റെ പ്രാധാന്യം

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാനകര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. നമസ്കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിംസമുദായത്തില്‍ അംഗീകാരം ഇല്ലാത്തത് പോലെത്തന്നെ സത്യവിശ്വാസത്തിന്‍റെ അനിവാര്യ താല്പര്യമായിത്തന്നെയാണ് കഴിവുണ്ടെങ്കില്‍ സകാത്ത് നല്‍കുക എന്നതും ഇസ്‌ലാം കാണുന്നത്.

"സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ ബഹുദൈവാരാധകര്‍ക്കാകുന്നു നാശം" [അദ്ധ്യായം 41 ഫുസ്സിലത്ത് 6,7] എന്ന ഖുര്‍ആന്‍ വാക്യം കഴിവുള്ള ഏകദൈവവിശ്വാസി സകാത്ത് നല്‍കേണ്ടതിന്‍റെ അനിവാര്യത സൂചിപ്പിക്കുന്നു.

നമസ്കാരത്തിനുള്ള അതെ പ്രാധാന്യം തന്നെയാണ് സകാത്തിനും ഇസ്‌ലാം കല്‍പ്പിക്കുന്നത്. എന്നാല്‍ ഇന്ന് സമുദായം ഈ കാര്യം മനസ്സിലാക്കിയതില്‍ കാര്യമായ അപാകത നേരിട്ടിരിക്കുന്നു. നമസ്കാരം കൃത്യമായി നിര്‍വഹിക്കുന്നവര്‍ പോലും സകാത്തിന്‍റെ കാര്യം വിസ്മരിക്കുന്നു. നമസ്കാരത്തെപ്പോലെ സകാത്തിനെപ്പറ്റി പഠിക്കാന്‍ പലരും ശ്രമിക്കുന്നില്ല. നമസ്കാരം സ്വന്തമായും സംഘടിതമായും ഒട്ടൊക്കെ നിര്‍വഹിക്കുന്നവര്‍ പോലും സകാത്ത് നടപ്പിലാക്കാന്‍ താല്പര്യം കാണിക്കുന്നില്ല.

വിശുദ്ധ ഖുര്‍ആനില്‍ 32 സ്ഥലങ്ങളിലാണ് സകാത്ത് പരാമര്‍ശിക്കപ്പെട്ടത്. അതില്‍ 28 സ്ഥലങ്ങളിലും നമസ്കാരത്തോട്‌ ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. പ്രവാചകന്‍ (സ)യും അനുയായികളും അതു അങ്ങനെത്തന്നെ ഉള്‍ക്കൊണ്ടു.

ജാബിര്‍ (റ) പറയുന്നു : "നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തുകൊള്ളാമെന്നു ഞാന്‍ നബി (സ)യുമായി കരാര്‍ (ബൈഅത്ത്) ചെയ്തു" [ബുഖാരി].

അബൂബക്കര്‍ (റ) ഖലീഫയായി സ്ഥാനമേറ്റെടുത്തപ്പോള്‍ പ്രഖ്യാപിച്ചു : "അല്ലാഹുവാണ് സത്യം, നമസ്കാരത്തിന്‍റെയും സകാത്തിന്‍റെയുമിടയില്‍ വ്യത്യാസം കല്‍പ്പിച്ചവനോട് ഞാന്‍ സമരം ചെയ്യും" [മുസ്‌ലിം].

സകാത്ത് വ്യക്തി ഗതമായ ബാധ്യതയാണെങ്കിലും അതു നിര്‍വഹിക്കേണ്ട ത് സാമൂഹികമായിട്ടാണ്. മുസ്ലിംകളില്‍ നിന്നു സകാത്ത് വാങ്ങാന്‍ പ്രവാചകന്‍ (സ)യോടാണ് ഖുര്‍ആന്‍റെ കല്‍പ്പന. അതുകൊണ്ട്തന്നെ നബി (സ) സകാത്ത് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചിരുന്നു.

ഒരു മുസ്‌ലിം സകാത്ത് നല്‍കാന്‍ വിസമ്മതിച്ചാല്‍ പിഴയടക്കം വസൂലാക്കും എന്നു പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു : "വല്ലവനും പ്രതിഫലം ആഗ്രഹിച്ചു സ്വമനസ്സാലെ സകാത്ത് നല്‍കിയാല്‍ അയാള്‍ക്കതിന്‍റെ പ്രതിഫലമുണ്ട്. വല്ലവനും അതു നല്‍കാതിരുന്നാല്‍ അതും അവന്‍റെ ധനത്തിന്‍റെ ഒരു ഭാഗവും നാം പിടിച്ചടക്കുകതന്നെ ചെയ്യും. നമ്മുടെ റബ്ബിന്‍റെ ഉറച്ച തീരുമാനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ മുഹമ്മദിന്‍റെ കുടുംബത്തിനു അതില്‍നിന്നും അനുവദനീയമല്ല".

പാവങ്ങളുടെ അവകാശം ധനികര്‍ നിഷേധിച്ചാല്‍ മതനിയമമെന്ന നിലയില്‍തന്നെ അതില്‍ സമുദായ നേതൃത്വം ഇടപെടണമെന്നര്‍ത്ഥം. ഇത് ദൈവിക തീരുമാനമാണെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. എന്നാല്‍ ശക്തിയുപയോഗിച്ചു സകാത്ത് പിടിച്ചെടുക്കുന്നത് സ്വന്തം താല്പര്യത്തിനു വേണ്ടിയല്ല എന്നു പ്രത്യേകം ഉണര്‍ത്തുന്നു. പ്രവാചകനോ കുടുംബത്തിനോ അതില്‍ നിന്നും അനുഭവിക്കാന്‍ അനുവാദമില്ല. എത്ര ഉദാത്തമായ നിയമം!

നബി (സ)യുടെ വിയോഗാനന്തരം ഒരു വിഭാഗം സകാത്ത് നിഷേധിച്ചപ്പോള്‍ ഖലീഫ അബൂബക്കര്‍ (റ) വളരെ കര്‍ക്കശമായിത്തന്നെ അതു കൈകാര്യം ചെയ്തു. അദ്ദേഹം പ്രഖ്യാപിച്ചു : "പടച്ചവന്‍ സത്യം, പ്രവാചകന് അവര്‍ നല്കാറുണ്ടായിരുന്ന ഒരു ഒട്ടകകുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ അതിന്‍റെ പേരില്‍ ഞാന്‍ അവരോടു യുദ്ധം ചെയ്യും" [ബുഖാരി].

സകാത്ത് നിഷേധിക്കുന്നവര്‍ക്കെതിരെ സമുദായ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മാത്രമല്ല ഐഹിക ജീവിതത്തില്‍ തന്നെ ദൈവശിക്ഷയും ലഭിച്ചേക്കാം. അതു പോലെ സകാത്ത് നല്കാത്തവന്‍റെ ബാക്കിധനം പോലും ദുഷിക്കുമെന്നും ഹദീസുകളില്‍ കാണാം.

നബി (സ) പറഞ്ഞു : "സകാത്ത് നല്‍കാത്ത ഏതു സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍ കൊണ്ട് പരീക്ഷിക്കാതിരിക്കില്ല" [ത്വബ്റാനി]. "ധര്‍മം- സകാത്ത് ഏതു ധനവുമായി കലരുന്നുവോ അതു (ധര്‍മ്മമായി കൊടുക്കേണ്ട ധനം) മറ്റേതിനെ കേടുവരുത്താതിരിക്കില്ല" [ബൈഹഖി]

by സി പി ഉമര്‍ സുല്ലമി @ സകാത്ത്,ദാനം തത്വവും പ്രയോഗവും from യുവത ബുക്സ്

അന്ധമായ അനുകരണം അനിസ്ലാമികം

"അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)" (അദ്ധ്യായം 2 ബഖറ 170)

മനുഷ്യരില്‍ ചിന്താശീലം വളര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ മനുഷ്യബുദ്ധിയെ തട്ടിയുണര്‍ത്തണം. വിശ്യാസവും കര്‍മ്മവും കൃത്യമായ മാനദണ്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. സൃഷ്ടാവിന്‍റെ കല്പ്പനകകള്‍ക്കനുസൃതമായിരിക്കണം ജീവിതത്തെ ക്രമീകരിക്കേണ്ടത്. അല്ലാഹുവിലേക്കടുക്കാനുള്ള വഴികള്‍ അവന്‍ തന്നെയാണ് മനുഷ്യരെ അറിയിച്ചിട്ടുള്ളത്. വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും അവന്‍ പഠിപ്പിച്ച രൂപത്തിലാണ് ഉള്‍ക്കൊളേളണ്ടത്.

എന്നാല്‍ ദൈവവചനങ്ങളെയും അവ പഠിപ്പിക്കുന്ന ദൂതന്മാരെയും നിരാകരിക്കുക എന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. അവര്‍ക്ക് അതിനു തെളിവുകള്‍ ഉണ്ടായിട്ടല്ല, മറിച്ച് ചില പാരമ്പര്യങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. "ഞങ്ങളുടെ കാക്ക കാരണവന്മാര്‍ ഇങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു; അതു തെറ്റാണെങ്കില്‍ അവര്‍ നരകത്തിലാണെങ്കില്‍ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ" എന്ന പ്രതികരണമാണ്‌ അവരില്‍ നിന്നും സദാ പുറത്തു വരിക.

പാരമ്പര്യം നല്ലത് തന്നെ; മുന്‍ഗാമികളുടെ നന്മകള്‍ പിന്തുടരണം. അവരുടെ തെറ്റുകള്‍ വലിച്ചെറിയണം. ദൈവിക നിര്‍ദേശങ്ങളോട് യോജിക്കുന്നതെന്തും നാം മുന്‍കാമികളില്‍ നിന്നും സ്വീകരിക്കണം. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് നിരക്കാത്തത് ഉപേക്ഷിക്കാന്‍ പാരമ്പര്യവാദം തടസ്സമാകരുത്.

ഇത്തരം ബാലിശമായ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവര്‍ തങ്ങളുടെ ഭൌതിക ജീവിതത്തിലെവിടെയും മുന്കാമികളെ അന്ധമായി അനുകരിക്കാറില്ല. അവര്‍ ഉണ്ടാക്കിയ വീട് ഇവര്‍ മാറ്റിപ്പണിയുന്നു. അവര്‍ സഞ്ചരിച്ച വാഹനങ്ങളോ ധരിച്ച വസ്ത്രങ്ങളോ ആഹാരരീതിയോ പാരമ്പര്യം പറഞ്ഞു ഇവര്‍ പിന്‍പറ്റാറില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യത്തില്‍ മുന്‍ഗാമികളേയും കാക്ക കാരണവന്മാരെയും കൃത്യമായി പിന്‍പറ്റുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസമാണിത്.

ദുര്‍മാര്‍ഗചാരികളും ചിന്താശൂന്യരും ദുര്‍വൃത്തരുമായ കുറെ മുന്‍ഗാമികള്‍ കഴിഞ്ഞു പോയിട്ടുണ്ട്. പാരമ്പര്യം പറഞ്ഞു ഇവരെ പിന്‍പറ്റുന്നത് യുക്തിയാണോ? അവരിലെ നന്മകള്‍ പുല്‍കാനും തിന്മകള്‍ നിരാകരിക്കാനും വിശ്വാസികള്‍ വിവേകം കാണിക്കേണ്ടതുണ്ട്. പൂര്‍വികരെ അന്ധമായി പിന്‍ തുടരുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു :

"അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)" [അദ്ധ്യായം 31 ലുഖ് മാന്‍ 21].

"അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?)" [അദ്ധ്യായം 43 സുഖ്രുഫ് 24 ].

by അബ്ദു സലഫി @ പുടവ കുടുംബ മാസിക

വികാര ചികിത്സക്ക് വിധേയരാവുക

പലതരം പ്രവര്‍ത്തനങ്ങളില്‍ നിരതരാവുന്നവരാണ് നാം. പ്രവര്‍ത്തനങ്ങളൊക്കെയും കുറ്റമറ്റതാവാന്‍ തികഞ്ഞ ആസൂത്രണവും ശ്രദ്ധയും നാം വെച്ചുപുലര്‍ത്തുന്നു. പ്രവര്‍ത്തനാനന്തരം വിലയിരുത്തലുകളും മൂല്യനിര്‍ണയവും നടക്കുന്നു. പാളിച്ചകളെ കണ്ടെത്തുന്നു. വിജയത്തെ അംഗീകരിച്ചാനന്ദിക്കുന്നു. അല്ലാഹുവിനു നന്ദി പറയുന്നു. പക്ഷെ, വിശ്വാസികള്‍ കര്‍മ്മങ്ങളുടെ ജയപരാജയങ്ങള്‍ ഭൌതിക മാനങ്ങളിലൂടെ മാത്രം കണ്ട് ആനന്ദിക്കേണ്ടവരല്ല. പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണത, അവയുടെ വിജയപരാജയങ്ങള്‍ അതൊക്കെത്തന്നെ അവയിലടങ്ങിയ വിചാരവിശുദ്ധിയെ ആസ്പദിച്ചു നില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം അവര്‍ക്ക്.

വളരെ പ്രസിദ്ധമായ ഒരു നബിവചനത്തിന്‍റെ ആദ്യഭാഗം ഇപ്രകാരമാകുന്നു. "നിശ്ചയം കര്‍മ്മങ്ങളെല്ലാം വിചാരാധിഷ്ടിതമാണ്‌. ഓരോ മനുഷ്യനും താനെന്താണോ വിചാരിച്ചത് അതു മാത്രമാണുള്ളത്‌". കര്‍മ്മങ്ങളിലേര്‍പ്പെടുന്ന നമുക്ക് നമ്മുടെ വിചാരമാണതിലെ വിലപ്പെട്ട വസ്തു എന്ന ബോധമുണ്ടാകണം. വിചാരങ്ങളെയും ഉദേശ്യങ്ങളേയും കുറ്റമറ്റതാകാന്‍ ഇത് വഴി നമുക്ക് സാധിക്കണം. തികഞ്ഞ പരിശ്രമം നമുക്കതിനു ആവശ്യമാണ്‌. മഹാനായ സുഫ്യാനുസ്സൌരിയുടെ വാക്കുകള്‍ അതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിപ്രകാരമാണ് : "നിന്‍റെ വിചാരത്തെക്കാള്‍ കഠിനമായ മറ്റൊന്നിനെയും നിനക്ക് ചികിത്സിക്കേണ്ടി വന്നിട്ടില്ല. അതു നിന്നില്‍ സദാ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു".

ഒരു കര്‍മ്മത്തിലേര്‍പ്പെടുമ്പോള്‍ തന്നെ എത്രയെത്ര വിചാരഭാവങ്ങളാണ് നമ്മെ കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുന്നത്. വിലയിരുത്തപ്പെടാന്‍ കഴിയാത്ത ഈ വിചാര ഭാവങ്ങള്‍ എത്രയാണ് കര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയുന്നത്! അല്ലാഹുവില്‍ ശരണം. എങ്കില്‍ ഒരു വിചാരചികിത്സക്ക് നമുക്കും വിധേയരാവാം. യൂസുഫുബ്നു അസ്ബാത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്‌: "വിചാര വിശുദ്ധിക്കായുള്ള കഠിനാധ്വാനമാണ്‌ മറ്റെല്ലാ പരിശ്രമത്തേക്കാളും മുന്നില്‍ നില്‍ക്കേണ്ടത്. കാരണം ഹൃദയവിശുദ്ധി കര്‍മവിശുദ്ധിയിലും കര്‍മ്മവിശുദ്ധി വിചാരവിശുദ്ധിയിലുമാണ്".

ഇബ്നു മുബാറക്കിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്‌ : "എത്രയെത്ര ചെറിയ പ്രവര്‍ത്തനങ്ങളാണ് വിചാരവിശുദ്ധിയാല്‍ മഹത്തരമായിത്തീരുന്നത്. എത്രയെത്ര മഹദ്പ്രവര്‍ത്തനങ്ങളാണ് വിശുദ്ധമല്ലാത്ത പ്രവര്‍ത്തനങ്ങളാല്‍ വികലമായിപ്പോയത്!". സൈദിബ്നുസാബിതില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു : "ഒരുവന്‍റെ മനോവിചാരം ഭൌതികതയിലൂന്നിയതായാല്‍ അവന്‍റെ കാര്യങ്ങളെ അല്ലാഹു വികലമാക്കിക്കളയും. ദാരിദ്ര്യത്തെ അവന്‍റെ കണ്‍തടത്തിലാക്കും. ഇഹലോകത്ത്‌ അവനു നിശ്ചയിച്ചതല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല. എന്നാല്‍ ഒരുവന്‍റെ മനോവിചാരം പരലോകമായാല്‍ അവന്‍റെ സമ്പന്നതയെ അവന്‍റെ ഹൃത്തടത്തിലാക്കും. ഭൌതികത അവന്നരികിലെത്തും. പക്ഷെ അതവന്ന് നിസ്സാരമായിരിക്കും" [അഹമദ്, ഇബ്നു മാജ]

നമ്മുടെ വിചാരത്തിനു തത്തുല്യമാണ് പ്രതിഫലം. വിചാരം ഭൌതികതയിലൂന്നിയതായാല്‍ നഷ്ടപ്പെടുന്നത് പരലോക ജീവിതമാണ്‌, മനസ്സുഖമാണ്‌, ശാന്തിയും സമാധാനവുമാണ്‌. വിചാരവിശുദ്ധി കൈവരിക്കാനുള്ള കരുത്തും കെല്‍പും അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ... ആമീന്‍

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്

ഉളുഹിയ്യത്ത്

ലോകത്തുള്ള എല്ലാ മതങ്ങളേക്കാളും തത്വസംഹിതകളേക്കാളും ജന്തുവര്‍ഗത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. നായക്ക് വെള്ളം കൊടുത്ത ഒരു മനുഷ്യന്റെ സ്വര്‍ഗപ്രവേശവും പൂച്ചയെ കെട്ടിയിട്ട് അതിന്റെ ഭക്ഷണത്തിന് തടസ്സം സൃഷ്ടിച്ച ഒരു സ്ത്രീയുടെ നരക പ്രവേശനവും ഇസ്‌ലാമിക ചരിത്രം വളരെ പ്രാധാന്യത്തോടെ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു(6:38)'. മനുഷ്യരെപ്പോലെയുള്ള ഒരു സമുദായമായി സംഘമായി പക്ഷിമൃഗാദികളെ ഗണിക്കുന്ന ഇസ്‌ലാം മൂന്ന് സന്ദര്‍ഭങ്ങളില്‍ അവയെ ബലിയറുക്കുന്നത് പ്രതിഫലാര്‍ഹവും ശ്രേഷ്ഠവുമായ ഒരു മതാചാരമായി പഠിപ്പിക്കുന്നു. ഒരു കുഞ്ഞു പിറന്നാല്‍ അതിന്റെ ഭാഗമായി അറുക്കുന്ന അഖീഖയും പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ നിര്‍വഹിക്കുന്ന ബലിയും ബലിപെരുന്നാള്‍ ദിനത്തില്‍ നിര്‍വഹിക്കുന്ന ഉളുഹിയ്യത്തുമാണ് ഈ മതാചാര കര്‍മത്തില്‍ ഉള്‍പ്പെടുന്നത്.

ഉളുഹിയ്യത്തിന്റെ പിന്നിലുള്ള ചരിത്രം ഏതെങ്കിലും കെട്ടുകഥകളുടെയോ പുരാണങ്ങളുടെയോ ചരിത്രത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ചരിത്ര യാഥാര്‍ഥ്യമാണ് ഉളുഹിയ്യത്ത് എന്ന മതകര്‍മത്തിന്റെ കാതല്‍.

ഐഹിക ജീവിതത്തില്‍ ഒരു മനുഷ്യന്റെ ആവശ്യവും അത്യാവശ്യവും കണ്‍കുളിര്‍മയുമായ സന്താനസൗഭാഗ്യം അല്ലാഹു തടഞ്ഞുവെച്ച ഒരു പ്രവാചകന്‍, അല്ലാഹുവിന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച ഖലീലുള്ളാഹി അബ്‌റാഹീം(അ) ഒരു സന്താനത്തെ ലഭിക്കാന്‍ നിരന്തരമായി സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുകയും വാര്‍ധക്യാവസ്ഥയില്‍ ഒരു മകനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ലഭിക്കുകയും തന്റെ താങ്ങും തണലുമാകേണ്ട പ്രായമെത്തിയപ്പോള്‍ ദൈവകല്‍പനയാല്‍ മകനെയറുക്കാന്‍ സ്വപ്‌നദര്‍ശനമുണ്ടാകുകയും ചെയ്ത ഒരു ചരിത്രസത്യത്തെ പരിശുദ്ധ വേദഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു.

'എന്റെ രക്ഷിതാവേ, സദ് വൃത്തത്തില്‍ ഒരാളെ നീ എനിക്ക് പുത്രനായി പ്രദാനം ചെയ്യേണമേ, അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. 'എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്.' അവന്‍ പറഞ്ഞു: 'എന്റെ പിതാവേ കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും ദൈവകല്‍പനക്ക് കീഴ്‌പ്പെടുകയും അവനെ ചെരിച്ച് കിടത്തുകയും ചെയ്ത സന്ദര്‍ഭം നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു ഹേ, ഇബ്‌റാഹീം തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാല്‍കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം സദ് വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാകുന്നു. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.(37: 100-107)''

തനിക്ക് ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവുമായിരുന്ന സ്വന്തം മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം നബിയുടെ ചരിത്രത്തെ അനുസ്മരിച്ച് കൊണ്ട് നമ്മുടെ ആവശ്യമായ പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരമാണ് ഉളുഹിയത്ത് എന്ന പുണ്യകര്‍മം. ഉളുഹിയത്തില്‍ നാം ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകവും ആ ധര്‍മത്തിലൂടെ നമ്മുടെ മനസ്സില്‍ നിന്ന് നിര്‍ഗളിക്കുന്ന ഭക്തി അതിന്റെ കാതലായ വശവുമാണ്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.(22:37). മറ്റു മതവിഭാഗങ്ങള്‍ ദേവനേയും ദേവിയേയും തൃപ്തിപ്പെടുത്താന്‍ ബലി നല്‍കുന്നത് പോലെയുള്ള ഒരു കര്‍മവുമല്ല ഇസ്‌ലാമിലെ ഉളുഹിയത്ത്.

പ്രവാചകന്റെയും സ്വഹാബിമാരുടെയും ജീവിതത്തില്‍ പട്ടിണിയും പ്രാരാബ്ധവും അവരെ അലട്ടിയിരുന്നുവെങ്കിലും ഉളുഹിയത്ത് എന്ന പുണ്യകര്‍മം നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്ന ചിന്തപോലും അവരില്‍നിന്ന് ഉണ്ടായിരുന്നില്ല.

ബലികര്‍മം നിര്‍ബന്ധമാണോ അതോ ഐച്ഛികമാണോ എന്ന ചോദ്യത്തിന് ഇബ്‌നു ഉമര്‍(റ) മറുപടി ഇപ്രകാരമായിരുന്നു. പ്രവാചകനുംശേഷം മുസ്‌ലിംകളും വുളുഹിയത്ത് നിര്‍വഹിച്ചിരുന്നു. ആ പുണ്യകരമായ ചര്യ തുടര്‍ന്ന് പോരുകയും ചെയ്തു(ഇബ്‌നുമാജ) ആര്‍ക്കെങ്കിലും ജീവിതത്തില്‍ വുളുഹിയത്തറുക്കാന്‍ ഭൗതിക സാഹചര്യമുണ്ടാകുകയും ശേഷം അവനത് നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ ഈദ് ഗാഹിലേക്കവന്‍ അടുക്കേണ്ടതില്ല(ഇബ്‌നുമാജ) ഈ രണ്ട് നബിവചനങ്ങള്‍ വുളുഹിയത്ത് എന്ന പുണ്യകര്‍മത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പുണ്യകരമായ കര്‍മത്തിന് മുതിരുമ്പോള്‍ അത് ഏറ്റവും നന്നാക്കി ചെയ്യുവാനും അതിലെ ഏറ്റവും നല്ലതിനെ തെരഞ്ഞെടുക്കാനും മതം പഠിപ്പിക്കുന്നു. ഇബ്‌റാഹീം നബി തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായത് ദുല്‍ഹിജ്ജ പത്തിനായിരുന്നു. ആയതിനാല്‍ ആ ദിവവസം തന്നെ ഉളുഹിയത്തിന് തെരഞ്ഞെടുക്കലാണ് കൂടുതല്‍ അഭികാമ്യം. അസൗകര്യമുണ്ടെങ്കില്‍ ദുല്‍ഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിലുമാകാം.

പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നിര്‍വഹിക്കേണ്ടത് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ.് അതിന് മുന്‍പായി നിര്‍വഹിച്ചാല്‍ അത് സ്വന്തത്തിന് വേണ്ടി നിര്‍വഹിച്ചതായേ പരിഗണിക്കൂ. സാധാരണയായി വിശ്വാസികള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ ബലികര്‍മം നിര്‍വഹിക്കുമ്പോള്‍ 'ബിസ്മില്ലാഹി റ്വഹ്മാനി റഹീം' എന്നാണ് പറയാറുള്ളത് എന്നാല്‍ വുളുഹിയത്തറുക്കുമ്പോള്‍ ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശ്രേഷ്ഠത.

പല സ്ഥലങ്ങളിലും തെറ്റിദ്ധാരണ മൂലം ബലികര്‍മത്തിന് ഒരു കൂലിക്കാരനെ ഏല്‍പിക്കുകയും പ്രതിഫലമായി ബലിമൃഗത്തിന്റെ തൊലിയോ മാംസമോ നല്‍കുകയും ചെയ്യാറുണ്ട.് എന്നാല്‍ ബലികര്‍മം എന്നത് നേരിട്ട് ഉടമസ്ഥന്‍ തന്നെ ചെയ്യുന്നതാണ് നബിചര്യ. ബലിമൃഗത്തിന്റെ മാംസവും തൊലിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുമാണ് പ്രവാചകനില്‍ നിന്നുള്ള നിര്‍ദേശം.

by ജലീല്‍ മാമാങ്കര @ വര്‍ത്തമാനം

സന്താന നിയന്ത്രണം ഇസ്ലാമില്‍

ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151)

ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.

വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

by ജാബിര്‍ അമാനി @ ശബാബ് വാരിക

ആദര്‍ശവചനങ്ങള്‍

നബി(സ) ഇബ്‌നു അബ്ബാസിനോട്‌ പറഞ്ഞു: ``നീ അല്ലാഹുവിനെ സൂക്ഷിക്കുക അവന്‍ നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ നീ സൂക്ഷിക്കുക, അവന്റെ തൃപ്‌തി നിനക്ക്‌ കണ്ടെത്താനാവും. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക. നീ വല്ലതും സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക. നീ ഒരു കാര്യം മനസ്സിലാക്കണം, സമുദായം മുഴുവന്‍ നിനക്ക്‌ വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച്‌ ശ്രമിച്ചാലും അല്ലാഹു നിനക്ക്‌ വിധിച്ചതെന്തോ അത്‌ മാത്രമേ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുകയുള്ളൂ. സമുദായം മുഴുവന്‍ നിനക്ക്‌ ഉപദ്രവമേല്‌പിക്കാന്‍ ഒരുമിച്ച്‌ ശ്രമിച്ചാലും അല്ലാഹു നിനക്ക്‌ വിധിച്ചെതെന്തോ അതല്ലാതെ മറ്റൊന്നും അവന്‍ നിനക്ക്‌ വരുത്തുകയില്ല. പേന ഉയര്‍ത്തപ്പെടുകയും പേജുകളിലെ മഷി ഉണങ്ങുകയും ചെയ്‌തു കഴിഞ്ഞിരിക്കുന്നു.'' (തിര്‍മിദി)

പ്രതിസന്ധികളിലും പ്രയാസങ്ങളിലും പെട്ട്‌ സംഘര്‍ഷാത്മക ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ദിശാബോധം നല്‌കുന്ന ആദര്‍ശ വനചങ്ങളാണിവ. അബ്‌ദുല്ലാഹിബ്‌നു അബ്ബാസിലൂടെ പ്രവാചകന്‍ സംസാരിക്കുന്നത്‌ ലോകത്തോട്‌ മുഴുവനുമാണ്‌. ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട്‌ പ്രവാചകന്‍ പകര്‍ന്ന്‌ തന്ന ഈ വചനങ്ങള്‍ സത്യവിശ്വാസികള്‍ക്ക്‌ വഴികാട്ടിയാകേണ്ടതാണ്‌. ഈ ഹദീസ്‌ പ്രകാശിപ്പിക്കുന്ന ആദര്‍ശതത്വങ്ങളെ നമുക്കിങ്ങനെ വിശകലനം ചെയ്യാം.

ഒന്ന്‌: അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ കനിവിലും തണലിലുമാണ്‌ ഓരോ മനുഷ്യനും ജീവിക്കുന്നത്‌. വായു, കുടിക്കുന്ന വെള്ളം, പ്രപഞ്ചസംവിധാനത്തിലെ കൃത്യത, മനുഷ്യശരീരത്തിലെ വിസ്‌മയാവഹമായ പ്രവര്‍ത്തന വ്യവസ്ഥ എന്നിങ്ങനെയുള്ള ദൈവികാനുഗ്രഹങ്ങളുടെ നിറസാന്നിധ്യത്തിലാണ്‌ നമ്മുടെ ജീവിതം. ഈ ബോധം മനുഷ്യനില്‍ പൂത്തുലഞ്ഞു നില്‌ക്കുമ്പോള്‍ ദൈവകല്‌പനകള്‍ അനുസരിക്കാനും മതാനുശാസിത ജീവിതം നയിക്കാനും വിമുഖത കാണിക്കുകയില്ല. മനുഷ്യനു വേണ്ടതെല്ലാം ഒരു പ്രാപഞ്ചിക ഘടനയുടെ ഭാഗമായി ഒരുക്കിത്തന്ന അല്ലാഹു മനുഷ്യരോട്‌ ജീവിതത്തില്‍ ചില ക്രമവും ചിട്ടയും ആചാരാനുഷ്‌ഠാനങ്ങളും പാലിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇപ്രകാരം ജീവിക്കുന്ന മനുഷ്യരെയാണ്‌ അല്ലാഹു തൃപ്‌തിപ്പെടുക. ഐഹിക ജീവിതത്തിലെ പ്രശ്‌നങ്ങളെ ആത്മസംയമനത്തോടെ നേരിട്ട്‌ സംതൃപ്‌തിയും സമാധാനവും കണ്ടെത്താന്‍ കഴിയും. പരലോക ജീവിതത്തില്‍ സുഖസമൃദ്ധമായ സ്വര്‍ഗീയ ജീവിതം പ്രതീക്ഷിക്കുകയും ചെയ്യാം. ഇതാണ്‌ ``നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ സംരക്ഷിക്കുമെന്നും അല്ലാഹുവിന്റെ തൃപ്‌തി അനുഭവവേദ്യമാകും'' എന്നൊക്കെ പറഞ്ഞതിന്റെ പൊരുള്‍.

രണ്ട്‌: ജീവിതത്തില്‍ പ്രശ്‌നങ്ങളും ആവലാതികളുമുണ്ടാകുമ്പോള്‍ ആരെയാണ്‌ സമീപിക്കേണ്ടതെന്നറിയാതെ ചൂഷണകേന്ദ്രങ്ങളിലെത്തുന്ന ജനലക്ഷങ്ങള്‍ക്ക്‌ ശരിയായ ദിശ കാണിക്കുന്ന ആദര്‍ശ തത്വമാണ്‌ ഹദീസിലെ മൂന്നും നാലും വചനങ്ങള്‍. മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌ അല്ലാഹുവിനോടായിരിക്കണം. അല്ലാഹുവിനോട്‌ ചോദിക്കേണ്ട കാര്യം അല്ലാഹു അല്ലാത്തവരോട്‌ ചോദിക്കരുത്‌. തൗഹീദിന്റെ അടിസ്ഥാന തത്വമാണിത്‌. മലക്കുകളോ ജിന്നുകളോ മഹാന്മാരായ മനുഷ്യരുടെ ആത്മാക്കളോ അദൃശ്യമായ രീതിയില്‍ നമ്മെ സഹായിക്കുമെന്നും നമ്മുടെ ദുരിതം നീക്കിത്തരുമെന്നുമുള്ള വിശ്വാസം തൗഹീദിന്‌ വിരുദ്ധമാണ്‌. ``നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക'' എന്ന നബി വാക്യം ഇവിടെ സ്‌മരണീയമാണ്‌.

മൂന്ന്‌: മറ്റുള്ളവരില്‍ അമിത പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടോ മറ്റുള്ളവരെ വല്ലാതെ ഭയപ്പെട്ടുകൊണ്ടോ ജീവിക്കേണ്ട ഗതികേട്‌ സത്യവിശ്വാസിക്കില്ല എന്ന ആശ്വാസവാക്കാണ്‌ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്‌ പ്രവാചകന്‍ നല്‌കുന്ന മൂന്നാമത്തെ ഉപദേശം. അഥവാ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദനാകാതെ ജീവിക്കാന്‍ കഴിയുന്നവനാണ്‌ സത്യവിശ്വാസി. തവക്കുല്‍ (ദൈവത്തില്‍ ഭരമേല്‌പിക്കല്‍), ഖദ്‌ര്‍ (കാര്യനിര്‍വഹണങ്ങളെല്ലാം ദൈവനിര്‍മിതമെന്ന വിശ്വാസം) എന്നീ സാങ്കേതിക വചനങ്ങളില്‍ വിവക്ഷിക്കപ്പെടുന്നത്‌ അല്ലാഹു കണക്കാക്കിയത്‌ മാത്രമേ എന്റെ ജീവിതത്തില്‍ അനുഭവിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ്‌. ഭൗതികതയുടെ അതിപ്രളയത്തില്‍ കണ്ണഞ്ചി വീഴാതെ ജീവിതത്തെ ബാലന്‍സ്‌ ചെയ്‌തു നിര്‍ത്താന്‍ ആദര്‍ശം അനിവാര്യമാണ്‌. നബി(സ)യും സ്വഹാബികളും ഇത്തരമൊരു സമാധാനവും ശക്തിയും സ്വായത്തമാക്കിയത്‌ ഈമാനിന്റെ തവക്കുല്‍, ഖദ്‌ര്‍ എന്നീ ആദര്‍ശഘടകങ്ങളിലൂടെയാണ്‌. `ജനങ്ങള്‍ മുഴുവന്‍ നിന്നെ സഹായിക്കാനും മറ്റൊരവസരത്തില്‍ ജനങ്ങള്‍ മുഴുവനും നിന്നെ ഉപദ്രവിക്കാനും ഒത്തൊരുമിച്ച്‌ വന്നാലും അല്ലാഹു വിധിച്ചതേ നിന്റെ ജീവിതത്തില്‍ സംഭവികയുള്ളൂ' എന്ന വാക്യത്തില്‍ നിന്ന്‌ തിരിച്ചറിയുന്ന കരുത്ത്‌ സത്യവിശ്വാസികള്‍ക്ക്‌ മാത്രം സ്വന്തമായുള്ളതാണ്‌. ഈ തത്വത്തെ സത്യപ്പെടുത്തിക്കൊണ്ട്‌ ഖുര്‍ആന്‍ അടിവരയിടുന്നത്‌ കാണുക: ``പറയുക: അല്ലാഹു ഞങ്ങള്‍ക്ക്‌ രേഖപ്പെടുത്തിയതല്ലാതെ (മറ്റൊന്നും) ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ്‌ വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.'' (തൗബ 51)

by മുഹമ്മദ്‌ അമീന്‍ @ ശബാബ്

തൃപ്‌തിപ്പെടുക; ഹൃദയം കൊണ്ടും നാവുകൊണ്ടും

ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. നിഷേധികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ച്‌ കരാറൊപ്പിട്ട തിരുനബി(സ)യുടെ നടപടിയില്‍ മുസ്‌ലിംകളില്‍ പലരും മുറുമുറുപ്പ്‌ പ്രകടിപ്പിച്ചു. നബി(സ)ക്കു തന്നെ ഒരുവേള അസ്വസ്ഥതയുണ്ടായി.

നാളുകള്‍ നീങ്ങവെ കയ്‌പ്‌ മധുരമായിത്തുടങ്ങി. വ്യവസ്ഥകള്‍ തങ്ങള്‍ക്കു തന്നെ വിനയായതോടെ കരാര്‍ ലംഘനം പതിവായി. നിഷേധികള്‍ വലഞ്ഞു. ഒടുവില്‍, ഖുര്‍ആന്‍ പറഞ്ഞതുപോലെ `വ്യക്തമായ വിജയം' മുസ്‌ലിംകള്‍ക്കു സ്വന്തമായി.

കാരാര്‍ ലംഘനം മധുരവാക്കുകളില്‍ പൊതിഞ്ഞു നടന്നിരുന്ന ഇത്തരക്കാരെ ഖുര്‍ആന്‍ തുറന്നുകാട്ടുന്നതിങ്ങനെ: ``അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍കൊണ്ട്‌ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളത്രെ.'' (അല്‍ബഖറ 8)

സത്യനിഷേധികളുടെയും ബഹുദൈവവാദികളുടെയും സ്വഭാവം വളരെ കൃത്യമായി അല്ലാഹു ഇതിലൂടെ വിവരിക്കുന്നു. വിശ്വാസികളും അവിശ്വാസികളും അടിസ്ഥാനപരമായിതന്നെ വ്യത്യസ്‌തരാണ്‌. ഉദാത്തവും നിര്‍മലവുമായ വികാരങ്ങളുടെ കൂട്ടുകാരനായിരിക്കും വിശ്വാസി. അവന്റെ അകത്തും പുറത്തും അതൊന്നുമാത്രമേയുണ്ടാവൂ. എന്നാല്‍ അവിശ്വാസികളാവട്ടെ, നീചവികാരങ്ങളെ കൂട്ടുപിടിക്കുന്നു. നെഞ്ചിന്‍കൂട്ടിലെ ഹൃദയത്തിനുള്ളില്‍ അവ ഒളിപ്പിച്ച്‌ ചുണ്ടുകള്‍ക്കിടയിലെ നാവിലൂടെ മറ്റൊന്ന്‌ പുറത്തുകാട്ടുകയും ചെയ്യുന്നു. അവര്‍ അതിക്രമികള്‍, നീചന്മാര്‍, നന്ദികെട്ടവര്‍, അധമന്മാര്‍, തോന്നിവാസികള്‍ തുടങ്ങിയ വിശേഷണങ്ങളില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നവരില്‍ നിന്ന്‌ മറ്റൊന്ന്‌ പ്രതീക്ഷിക്കാനും വയ്യല്ലോ.

ചിരിച്ചുകൊണ്ട്‌ ചതിക്കാനും സ്‌നേഹിച്ചുകൊണ്ട്‌ മോഹിപ്പിക്കാനും കഴിയുന്നവനാണ്‌ മനുഷ്യന്‍. ഒരു കൈകൊണ്ട്‌ ആശീര്‍വാദിക്കാനും മറ്റേ കൈകൊണ്ട്‌ കുത്തിമലര്‍ത്തുവാനും അവന്‍ മടിക്കില്ല. കാട്ടില്‍ അലയുന്ന മൃഗം മനുഷ്യനു മുമ്പില്‍ തോറ്റുപോവുന്നത്‌ ഇതു കൊണ്ടാണല്ലോ.

കണ്‍മുമ്പില്‍ മാന്‍പേടയെ ആട്ടിപ്പിടിച്ച്‌ ദ്രംഷ്‌ടങ്ങള്‍കൊണ്ട്‌ നിഷ്‌കരുണം അതിനെ കൊന്ന്‌ ഭക്ഷണമാക്കുന്നത്‌ സിംഹത്തിന്റെ പ്രകൃതിയായ മൃഗീയത. സ്‌നേഹം ഭാവിച്ച്‌ കൂട്ടുകൂടി തന്ത്രത്തില്‍ അതിനെ ഇരയാക്കാന്‍ സിംഹത്തിനാവില്ല. അത്‌ മനുഷ്യനെകൊണ്ടേ കഴിയൂ.

ഉള്ളിന്റെ ഉള്ളില്‍ ഹൃദയമാകുന്ന പട്ടില്‍ വെറുപ്പും വിദ്വേഷവും പൊതിഞ്ഞുവെച്ച്‌ പുറത്തേക്ക്‌ സ്‌നേഹം ഭാവിച്ചും പുഞ്ചിരിതൂകിയും പഞ്ചാരവാക്കുകള്‍ മൊഴിഞ്ഞും ഇടപഴകുന്നവനെ രൂപം കൊണ്ടുമാത്രം തിരിച്ചറിയാനാവില്ല. വിഷം പുരട്ടിയ മധുരപലഹാരം തിരിച്ചറിയാന്‍ കണ്ണുകൊണ്ടാവുമോ? നാവിലൂടെ വരുന്ന മധുരമൊഴികള്‍ കൊണ്ട്‌ ഹൃദയത്തിന്റെ നിറം കറുപ്പോ വെളുപ്പോ എന്നു മനസ്സിലാകുമോ?

ശരീരത്തിലെ ഹൃദയമാകുന്ന മാംസക്കഷ്‌ണം നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി എന്നും രണ്ടു ചുണ്ടുകള്‍ക്കിടയിലുള്ള നാവിനെക്കുറിച്ച്‌ ഉറപ്പുനല്‌കുന്നവര്‍ക്ക്‌ സ്വര്‍ഗത്തിന്‌ ഞാന്‍ ജാമ്യം നില്‌ക്കാം എന്നുമുള്ള രണ്ടു തിരുമൊഴികള്‍ നാവിന്റെയും ഹൃദയത്തിന്റെയും വഴിയേതായിരിക്കണമെന്നു നിര്‍ണയിക്കുന്നു. ഇതുരണ്ടും ഒരേ വഴിയിലൂടെ ഒരുമിച്ച്‌ പോകുമ്പോള്‍ മനുഷ്യന്‍ വിശ്വാസിയാകുന്നു. രണ്ടും രണ്ടു വഴികളിലൂടെയാവുമ്പോള്‍ അവന്‍ അവിശ്വാസിയാകുന്നു. തൃപ്‌തിപ്പെടുത്തേണ്ടത്‌ നാവുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടു കൂടിയാകുന്നു.

By അബൂസന @ ശബാബ് വാരിക

സിഹ്ര്‍ : വിശുദ്ധ വചനങ്ങളിലൂടെ

അവിശ്വാസികളാണ്‌ നബിമാരെക്കുറിച്ച്‌ സിഹ്ര്‍ ബാധിച്ചവരെന്ന് ആക്ഷേപിച്ചത്. അവർ കാണിക്കുന്ന മുഅജിസാത്തുകളെ കളവാക്കാൻ വേണ്ടിയാണ് അത് ജാലവിദ്യയാണെന്ന് ആക്ഷേപിക്കുന്നത്. സിഹ്ര്‍ എന്നാൽ യാഥാർത്ഥ്യമല്ല എന്നത് കൊണ്ടാണ്‌ അങ്ങനെ അവര്‍ ചെയ്തത്.

വിശുദ്ധ വചനങ്ങൾ നോക്കുക:

17:47 نَحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
നീ പറയുന്നത് അവർ ശ്രദ്ധിച്ചു കേൾക്കുന്ന സമയത്ത് എന്തൊരൂ കാര്യമാണ്‌ അവർ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നത് എന്ന് നുമുക്ക് നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങൾ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ച്കൊണ്ട്) അക്രമികൾ പറയുന്ന സന്ദർഭം (നമുക്ക് നല്ലവണ്ണം അറിയാം.)

25:8 أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
അല്ലെങ്കിൽ എന്തുകൊണ്ട് ഇയാൾക്കൊരു നിധി ഇട്ടുകൊടുക്കുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് (കായ്കനികൾ) എടുത്ത് തിന്നാൽ പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികൾ പറഞ്ഞു : മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്.

26: 153 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

26:185 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

17: 101 وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا
തീർച്ചയായും മൂസായ്‌ക്കു നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നല്കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചൊല്ലുകയും ‘മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്’ എന്ന് ഫിർ ഔൻ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദർഭത്തെപറ്റി ഇസ്രായേൽ സന്തതികളോട് നീ ചോദിച്ചുനോക്കുക

പ്രവാചകനെ അല്ലാഹു പിശാചിൽ നിന്നും സംരക്ഷിച്ചതാണ്‌. എന്നീട്ടും നബി(സ)ക്ക് പിശാച് ബാധിച്ചെന്നു പറയുമ്പോൾ ഖുർആന്‍റെ ആയത്തുകൾക്കെതിരാവുന്നു.

15: 9 إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
തീർച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.

7:116 قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ
മൂസാ പറഞ്ഞു : നിങ്ങൾ ഇട്ട് കൊള്ളുക അങ്ങനെ അവർ ഇട്ടപ്പോൾ അവർ ആളുകളുടെ കണ്ണുകെട്ടുകയും അവർ ഭയമുണ്ടാക്കുകയും ചെയ്തു. അവർ വമ്പിച്ച ജാലവിദ്യയാണ്‌ കൊണ്ട് വന്നത്.

20:66 قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ
അദ്ദേഹം പറഞ്ഞു, നിങ്ങൾ ഇട്ട് കൊള്ളുക. അപ്പഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നുന്നു.

20:69 وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
നിന്‍റെ വലതു കയ്യിലുള്ളത് (വടി) ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങികൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രങ്ങൾ മാത്രമാണ്‌.

5:110 إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ
الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ

(ഈസ നബിയോട്) അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ദേയമാകുന്നു) ‘മർ|യമിന്റെ മകനായ ഈസ തൊട്ടിലിൽ വെച്ചും, മദ്ധ്യവയസ്കനായിരിക്കെ നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാൻ പിൻബലം നല്കിയ സന്ദർഭത്തിലും ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാൻ പഠിപ്പിച്ച് തന്ന സന്ദർഭത്തിലും എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട് നീ പക്ഷിയുടെ മാതൃകയിൽ രൂപപെടുത്തുകയും എന്നീട്ട് നീ അതിൽ ഊതുമ്പോൾ എന്‍റെ അനുമതി പ്രകാരം ജന്മനാ കാഴ്ച്ചയില്ലാത്തവനെയും പാണ്ഢുരോഗിയേയും നീ സുഖപെടുത്തുന്ന സന്ദർഭത്തിലും എന്റെ അനുമതിപ്രകാരം നീ മരണപെട്ടവരെ പുറത്ത് കൊണ്ടുവരുന്ന സന്ദർഭത്തിലും നീ ഇസ്രായേൽ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നീട്ട് അവരിലെ സത്യ നിശേദികൾ ’ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു‘ എന്നുപറഞ്ഞ അവസരത്തിൽ നിന്നെ അപകടപെടുത്തുന്നതിൽ നിന്ന് അവരെ ഞാൻ തടഞ്ഞ സന്ദർഭത്തിലും ഞാൻ നിനക്കും നിന്റെ മാതാവിനും ചെയ്തുതന്ന അനുഗ്രഹവും ഓർക്കുക.

6:7 وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
(നബിയേ) നിനക്ക് നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിതരികയും എന്നീട്ടവരത് സ്വന്തം കൈകൾകൊണ്ട് തൊട്ട്നോക്കുകയും ചെയ്താല്പോലും, ‘ഇത് വ്യക്തമായ ഒരു മായാജാലമല്ലാതെ മറ്റൊന്നുമല്ല’ എന്നായിരിക്കും സത്യ നിഷേധികൾ പറയുക.

10:2 أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِنْهُمْ أَنْ أَنْذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُبِينٌ
ജനങ്ങൾക്ക് താക്കീതു നല്കുകയും, സത്യവിശ്വാസികളോട്, അവർ അവരുടെ രക്ഷിതാവിങ്കൽ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക‘ എന്ന് അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നല്കിയത് ജനങ്ങൾക്ക് ഒരത്ഭുതമായിപ്പോയോ? സത്യ നിഷേധികൾ പറഞ്ഞു, ഇയാൾ സ്പഷ്ടമായും ഒരു മാരണക്കാരൻ തന്നെയാകുന്നു.

10:76 فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُبِينٌ
അങ്ങിനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു, തീർച്ചയായും ഇത്സ്പഷ്ടമായ ഒരു ജാലവിദ്യ തന്നെയാകുന്നു.

15:15 لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَسْحُورُونَ
അവരുടെ മേൽ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്ന് കൊടുക്കുകയും, എന്നീട്ട് അതിലൂടെ അവർ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താൽ പോലും അവർ പറയും, ‘ഞങ്ങളുടെ കണ്ണുകൾക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങൾ മാരണം ചെയ്യപെട്ട ഒരു കൂട്ടം ആളുകളാണ്‌’.

21:2-3 لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا هَلْ هَٰذَا إِلَّا بَشَرٌ مِثْلُكُمْ ۖ أَفَتَأْتُونَ السِّحْرَ وَأَنْتُمْ تُبْصِرُونَ
അവരുടെ രക്ഷിതാവിങ്കൾ നിന്നും പുതുതായി ഏതൊരുല്ബോധനം അവർക്ക് വന്നെത്തിയാലും കളിയാക്കുന്നവരായികൊണ്ടും ഹൃദയങ്ങൾ അശ്രദ്ധമായികൊണ്ടും മാത്രമെ അവരത് കേൾക്കുകയുള്ളൂ. (അവരിലെ) അക്രമികൾ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു,: ‘ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമല്ലെ ഇത്? എന്നീട്ടും നിങ്ങൾ കണ്ടറിഞ്ഞുകൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചൊല്ലുകയാണോ?

10:77 قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ
മൂസ പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെ പറ്റി (ജാലവിദ്യയെന്ന്) നിങ്ങൾ പറയുകയൊ? ജാലവിദ്യയാണോ ഇത് (യഥാർത്ഥത്തിൽ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.

27:13 فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ
അങ്ങിനെ കണ്ണു തുറപ്പിക്കത്തക്കനിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു : ഇത് സ്പശ്ടമായ ജാലവിദ്യ തന്നെയാകുന്നു. 14: അവയെപറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നീട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു…

28:36 فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യാജനിർമ്മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വപിതാക്കളിൽ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി കേട്ടിട്ടുമില്ല.

34: 43 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
നമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചു കേൾപ്പിക്കപെട്ടാൽ അവർ (ജനങ്ങളോട്) പറയും : ‘നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചുവന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾമാത്രമണിത്‌’ ‘ഇത് കെട്ടി ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്‌’ എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ
അതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു : ‘ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു’

37:15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
(സത്യ നിഷേധികൾ) അവർ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യമാത്രമാകുന്നു എന്ന്.

46:7 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌ
സുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപിക്കപെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപറ്റി ആ സത്യനിഷേധികൾ പറയും : ഇത് വ്യക്തമായ മായാജാലമാണെന്ന്.

54:2 وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ
ഏതൊരൂ ദൃഷ്ടാന്തം അവർ കാണുകയാണെങ്കിലും അവർ പിന്തിരിഞ്ഞുകളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവർ പറയുകയും ചെയ്യും

74: 24 فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ
എന്നീട്ടവൻ (സത്യനിഷേധി) പറഞ്ഞു : ഇത് (ആരിൽ നിന്നോ) ഉദ്ധരിക്കപെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

61:6 وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ
മറിയമിന്റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീൽ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറത്തിനെ സത്യപെടുത്തുന്നവനായികൊണ്ടു
ം, എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്നുപേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായികൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു : ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
--
മുകളിൽ പറഞ്ഞത് പ്രകാരം സിഹ്ര് ശാരീരികമായോ മാനസ്സികമായോ ഒരുതരത്തിലും ബാധിക്കില്ല, വെറും തോന്നലാണെന്ന്, യാഥാർത്ഥ്യമല്ലാത്തവയെന്ന്.
വിശുദ്ധ വചനങ്ങളാണ്‌ നമ്മുടെ ഒന്നാം പ്രമാണം.

സത്യം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ.

by മുഹമ്മദ് യൂസുഫ്

ആദരിക്കേണ്ട മാതൃത്വം

മാതൃത്വമെന്ന സത്യം ഈ പ്രപഞ്ചത്തിലെ പരമസത്യങ്ങളുടെ കൂടെ എണ്ണപ്പെടുന്നു. ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ ഒന്നാണത്. മനുഷ്യബന്ധങ്ങളുടെ കൂട്ടത്തില്‍ ഉന്നതവും അത്യുല്‍കൃഷ്ടവുമാണത്‌. രക്തധമനികളാല്‍ ബന്ധിതമാണത്‌. അവരുടെ വയറിലാണ് നമ്മുടെ ജീവന്‍ ആദ്യമായി തുടിച്ചത്‌. നാം അവിടമാണ് വിശ്രമിച്ചത്. വിഷപ്പടക്കിയതും വിസര്‍ജ്ജിച്ചതുമൊക്കെ അവിടെത്തന്നെ. വളര്‍ന്നതും വലുതായതും അവരുടെ മടിത്തട്ടിലാണ്. അവരുടെ മാറ് നമുക്ക് പാനവും പേയവുമായിരുന്നു.

നമ്മുടെ വിശ്രമത്തിന് വേണ്ടി അവര്‍ പരിശ്രമിച്ചു. നമ്മുടെ ഉറക്കത്തിനായി അവര്‍ ഉറക്കമൊഴിച്ചു. നമുക്ക് വേണ്ടി അവര്‍ പലതും ത്യജിച്ചു. ത്യാഗത്തിന്‍റെ തീച്ചൂളയില്‍ അവര്‍ നമുക്ക് വേണ്ടി വെന്തുരുകി. നമുക്ക് വേണ്ടി അവര്‍ വേദനിച്ചു. നമ്മുടെ പ്രയാസങ്ങളില്‍ അവര്‍ വിഷമിച്ചു. നമ്മുടെ സന്തോഷ-സന്താപ വേളകള്‍ അവര്‍ക്കും അതുതന്നെ സമ്മാനിച്ചു.

അല്ലാഹു പറയുന്നു : "തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌" [46 അഹ്ഖാഫ് 15,16].

മാതൃത്വത്തെ ആദരിക്കുന്ന, സ്നേഹിക്കുന്ന, അതു അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യന്‍റെ മനോഗതമാണിത്. എത്ര മനോഹരമായാണ് അല്ലാഹു ഇത് നമ്മെ അറിയിച്ചിരിക്കുന്നത്.

മാതൃത്വവും പിതൃത്വവും ഒരു പോലെ ആദരിക്കപ്പെടേണ്ടതു തന്നെ. പക്ഷെ, മൂന്നുപടി മുന്നില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മാതൃത്വം തന്നെയാണ്. പ്രവാചകന്‍റെ ഇവ്വിഷയകമായ പരാമര്‍ശം അതാണ്‌ നമ്മെ അറിയിക്കുന്നത്. ഒരിക്കല്‍ പ്രവാചകന്നരികില്‍ ഒരാള്‍ വന്നു ഇപ്രകാരം ചോദിച്ചു : 'അല്ലാഹുവിന്‍റെ ദൂതരെ, എന്‍റെ നല്ല പെരുമാറ്റത്തിന് ജനങ്ങളില്‍ ഏറ്റവും അവകാശപ്പെട്ടത് ആരാണ്? പ്രവാചകന്‍ (സ) പറഞ്ഞു : നിന്‍റെ ഉമ്മ. അദ്ദേഹം ചോദിച്ചു : പിന്നെ ആരാണ്? നബി (സ) പറഞ്ഞു : നിന്‍റെ ഉമ്മ. അദ്ദേഹം വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും പ്രവാചകന്‍ നിന്‍റെ ഉമ്മ എന്നു പറഞ്ഞു. ശേഷം ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : നിന്‍റെ ഉപ്പ' [ബുഖാരി, മുസ്‌ലിം].

തന്‍റെ മാതാവിനോടുള്ള മനുഷ്യന്‍റെ കടപ്പാട് എത്രമാത്രം അധികരിച്ചതാണെന്ന് ഈ മറുപടികളില്‍ നിന്നും വ്യക്തമാണ്. അത്രയ്ക്ക് മഹനീയമാണ്‌ മാതൃത്വം. അങ്ങേയറ്റം ആദരണീയവുമാണത്. മാതൃ മടിത്തട്ടാണ് ആദ്യ വിദ്യാലയമെന്നതും, സ്വര്‍ഗം മാതൃപാദങ്ങള്‍ക്കടിയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തത്വവും എത്ര സത്യമാണ്! ഇതിനെല്ലാമുള്ള നന്ദിയായി മരണംവരെ നാം അവരെ ആദരിച്ചാനന്ദിപ്പിക്കണം. മരണാനന്തരം അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.

by സഈദ് ഫാറൂഖി @ മാതാപിതാക്കളും മക്കളും from യുവത ബുക്ക്സ്

സ്വര്‍ഗമാണ് ക്ഷമയുടെ പ്രതിഫലം

"നിശ്ചയം, ഭയാശങ്കകള്‍, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിളനാശം എന്നിവ മുഖേന നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം ഘട്ടങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക" [വിശുദ്ധ ഖുര്‍ആന്‍ 2 :155]

സുഖദുഖങ്ങളുടെ സമ്മിശ്രഭാവമാണ് ഭൌതിക ജീവിതം. സന്തോഷങ്ങള്‍ക്കും സന്താപങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. ഒട്ടേറെ അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നതോടൊപ്പം കടുത്ത പരീക്ഷണങ്ങളും ജീവിതത്തി ലുണ്ടാവും. നന്മയും തിന്മയും ലോകരക്ഷിതാവിന്‍റെ നിയന്ത്രണ ത്തിലാണെന്ന വിശ്വാസപ്രമാണം മതത്തിന്‍റെ അടിസ്ഥാനമാണല്ലോ.

അനുഗ്രഹങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ അനുഗ്രഹദാതാവിനെ ഓര്‍ക്കാന്‍ പലരും തയ്യാറാവുന്നില്ല. പരീക്ഷണങ്ങളും പ്രയാസങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമാണ് ചിലര്‍ ദൈവത്തെ ഓര്‍ക്കുന്നത്. ചിലരാവട്ടെ, അപ്പോഴും അസ്വസ്ഥതയും പൊറുതികേടും പ്രകടിപ്പിക്കുകയും കാരുണ്യവാനായ രക്ഷിതാവില്‍ നിന്ന് അകലുകയും ചെയ്യുന്നുണ്ട്.

രക്ഷകനായ രക്ഷിതാവിനു ശിക്ഷകനാവാനുള്ള അധികാരവുമുണ്ട്. പല രൂപത്തിലുള്ള പരീക്ഷണങ്ങളും മനുഷ്യര്‍ക്ക്‌ അവന്‍ നല്‍കുമെന്നാണ് ഖുര്‍ആന്‍ തറപ്പിച്ചു പറയുന്നത്. ഭയാശങ്കകളും ഉല്‍കണ്ടകളും മനുഷ്യനെ അസ്വസ്ഥനാക്കും. പട്ടിണിയും വിശപ്പും അവനു അസഹനീയമായിത്തീരാം. മോഷണം, കൊള്ള, കച്ചവടനഷ്ടം, കളഞ്ഞുപോക്ക് തുടങ്ങി പല മാര്‍ഗത്തിലൂടെയും കയ്യിലുള്ള പണം നഷ്ടപ്പെട്ടു പോകാം. പ്രിയപ്പെട്ടവരുടെയും ആശ്രിതരുടേയും അത്താണികളുടെയുമെല്ലാം ആകസ്മിക മരണവും പലരെയും ദുഖത്തിലാഴ്ത്തും. പ്രതീക്ഷയോടെ നട്ടു വളര്‍ത്തിയ കൃഷിയെല്ലാം മഴയോ വരള്‍ച്ചയോ കാറ്റോ നശിപ്പിച്ചു കളഞ്ഞേക്കാം. ഇത്തരം പരീക്ഷണങ്ങള്‍ ജീവിതത്തില്‍ ഏതൊരു വ്യക്തിക്കും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ പരീക്ഷണങ്ങളെല്ലാം ക്ഷമയോടെ നേരിടാനാണ് വിശ്വാസികള്‍ കരുത്താര്‍ജ്ജിക്കേണ്ടത്.

തന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറം സൃഷ്ടാവിന്‍റെ നിയന്ത്രണമുണ്ടെന്നു അവന്‍ ഉറച്ചു വിശ്വസിക്കണം. പരീക്ഷണം താല്‍ക്കാലിക നഷ്ടമാവാമെങ്കിലും ക്ഷമയിലൂടെ ആ നഷ്ടം വീണ്ടെടുക്കാന്‍ അവനു കഴിയണം. സൃഷ്ടാവിലുള്ള പ്രതീക്ഷ നിലനിര്‍ത്തി കൂടുതല്‍ വിനയഭാവത്തില്‍ അവനിലേക്ക്‌ അടുക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. ഭാവിയില്‍ അല്ലാഹു ഇതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ തന്നേക്കുമെന്ന ശുപാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തന സജ്ജമാവുക. ക്ഷമിച്ചത് കൊണ്ട് തനിക്കു ഇഹത്തിലും പരത്തിലും ഗുണമേ ലഭിക്കൂ എന്നു മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് വിശ്വാസി പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ ചെയ്യേണ്ടത്.

ഭൌതിക ജീവിതത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം ഉള്‍ക്കൊണ്ട് പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ് എന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. ക്ഷമ വിശാസതിന്‍റെ പകുതിയാണെന്ന നബിവചനവും ഏറെ ശ്രദ്ധേയമത്രെ.

by അബ്ദു സലഫി @ പുടവ കുടുംബ മാസിക

ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗം

ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും അടിസ്ഥാനപരമായി ദൈവികപ്രീതിയും സ്വര്‍ഗവും ലക്ഷ്യംവെച്ചുകൊണ്ടാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. എന്നാല്‍ ഹജ്ജ്‌ ചെയ്‌ത സത്യവിശ്വാസികള്‍ക്ക്‌ സ്വര്‍ഗത്തില്‍ കുറഞ്ഞ യാതൊരു പ്രതിഫലവും അല്ലാഹു കൊടുക്കാനുദ്ദേശിക്കുന്നില്ല. ഒരു നബിവചനം നോക്കൂ:

ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്‌. പുണ്യകരമായ ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.'' (ബുഖാരി, മുസ്‌ലിം)

ഈ നബിവചനം ഹജ്ജിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ഇതിന്‌ സമാനമായ പ്രയോഗം ശത്രുവുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടിവരുന്ന ജിഹാദിന്റെ പശ്ചാത്തലത്തിലാണ്‌ നബി(സ) നടത്തിയിട്ടുള്ളത്‌. യുദ്ധത്തിന്‌ പുറപ്പെടാന്‍ നബി(സ) സ്വഹാബികളോട്‌ ആഹ്വാനം ചെയ്‌തപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ, യുദ്ധത്തിന്‌ വന്നാല്‍ എന്താണ്‌ നേട്ടം? പ്രവാചകന്റെ മറുപടി പെട്ടന്നായിരുന്നു: `നിനക്ക്‌ സ്വര്‍ഗമുണ്ട്‌' എന്ന്‌.

ജിഹാദ്‌ പോലെ ക്ഷമയും ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അനിവാര്യമായ ഒരാരാധനയാണ്‌ ഹജ്ജ്‌. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, സ്‌ത്രീകള്‍ക്ക്‌ ജിഹാദുണ്ടോ? പ്രവാചകന്റെ മറുപടി `അതെ' എന്നായിരുന്നു. അദ്ദേഹം വിശദീകരിച്ചു: ``അവര്‍ക്ക്‌ ജിഹാദുണ്ട്‌. അതില്‍ പോരാട്ടമില്ല. ഹജ്ജും ഉംറയുമാണത്‌.'' (അഹ്‌മദ്‌, ഇബ്‌നുമാജ)

സ്‌ത്രീകളുടെ ജിഹാദ്‌ ഹജ്ജും ഉംറയുമാണെന്ന്‌ വ്യക്തമാക്കിയ പ്രവാചകന്‍ ഹജ്ജിനും ജിഹാദിനും സ്വര്‍ഗം തന്നെയാണ്‌ പ്രതിഫലം എന്ന്‌ ഊന്നിപ്പറയുകയും ചെയ്‌തിരിക്കുന്നു. സ്വര്‍ഗം നേടാന്‍ അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ്‌ ഹജ്ജ്‌ ചെയ്യുന്ന ഓരോ സത്യവിശ്വാസിയും കടന്നുപോകുന്നത്‌. ഹജ്ജ്‌ ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്‌. അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക്‌ അവന്‍ ഉന്നമനം നല്‌കും. അവര്‍ പാപമോചനത്തിന്‌ ചോദിച്ചാല്‍ പാപം പൊറുത്തുകൊടുക്കും'' എന്നിങ്ങനെയാണ്‌ ഹാജിമാരുടെ സുവര്‍ണാവസരങ്ങളെ പ്രവാചകന്‍ വിവരിച്ചിട്ടുള്ളത്‌. ഒടുവില്‍ മാതാവ്‌ പ്രസവിച്ച ദിവസത്തെപ്പോലെ പരിപൂര്‍ണ പരിശുദ്ധിനേടി പാപ കളങ്കം ഒട്ടുമില്ലാതെ ഹജ്ജ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കുന്നു. ഇങ്ങനെ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ്‌ നിര്‍വഹിച്ച വ്യക്തിക്കാണ്‌ അല്ലാഹു സ്വര്‍ഗം വാഗ്‌ദാനം ചെയ്‌്‌തിട്ടുള്ളത്‌.

ഹജ്ജ്‌ ഉള്‍പ്പെടെയുള്ള ആരാധനകളും സല്‍കര്‍മങ്ങളും അല്ലാഹു പരിഗണിച്ച്‌ പ്രതിഫലം നല്‌കണമെങ്കില്‍ കണിശമായ നാല്‌ നിബന്ധനകള്‍ പാലിച്ചിരിക്കണം. സത്യവിശ്വാസത്തിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ പിന്‍ബലത്തോടെ (ഈമാനോടെയും തൗഹീദോടെയും) നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. അല്ലാഹുവിന്‌ വേണ്ടി മാത്രം എന്ന നിഷ്‌കളങ്ക ബോധത്തോടെയായിരിക്കണം അത്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ നിയ്യത്തും ഇഖ്‌ലാസും വേണം. തന്റെ ഈ സല്‍കര്‍മത്തിന്‌ അല്ലാഹു പ്രതിഫലം നല്‌കുമെന്ന ബോധവും പ്രതീക്ഷയും വേണം. അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ സ്വീകരിക്കട്ടെ എന്ന അസ്ഥിരതയിലാവരുത്‌. അഥവാ സല്‍ക്കര്‍മങ്ങള്‍ക്ക്‌ പ്രചോദനമായി ഇഹ്‌തിസാബ്‌ (കൂലികിട്ടുമെന്ന പ്രതീക്ഷ) വേണം. ചെയ്യുന്ന കര്‍മങ്ങള്‍ മതാനുശാസിതമാണെന്ന്‌ അഥവാ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. `ഇത്തിബാഉര്‍റസൂല്‍' അഥവാ പ്രവാചകനെ പിന്‍പറ്റല്‍ എന്ന ഘടകം ആരാധനകളുടെ സ്വീകാര്യതയെന്ന്‌ അനിവാര്യമാണ്‌.

ഈ നാല്‌ നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ഹജ്ജ്‌ എന്ന ത്യാഗനിര്‍ഭരമായ പുണ്യകര്‍മം സാര്‍ഥകമാകുകയുള്ളൂ. ഇന്ന്‌ കുറെയാളുകള്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കുന്നത്‌ തൗഹീദിന്റെ പിന്‍ബലത്തോടെയല്ല. ഹജ്ജിന്‌ പോകുമ്പോഴും തിരിച്ചുവന്നാലും ധാരാളം ജാറങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ച്‌ മരിച്ചുപോയ മഹാന്മാരുടെ പൊരുത്തം തേടുന്നു! വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മിനായിലെ ടെന്റുകള്‍ക്ക്‌ തീ പിടിച്ചപ്പോഴും കഴിഞ്ഞ ഒരു വര്‍ഷം ജംറയിലെ കല്ലെറിയല്‍ കര്‍മത്തിനിടക്ക്‌ തിക്കിലും തിരക്കിലും പെട്ട്‌ ദുരന്തമുണ്ടായപ്പോഴും ബദ്‌രീങ്ങളെയും മമ്പുറത്തെ തങ്ങളെയും വിളിച്ചു കേഴുന്ന മലയാളി ഹാജിമാരെ കാണാമായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു! തൗഹീദിന്റെ വിളികേട്ട്‌ തൗഹീദിന്റെ പുണ്യഭൂമിയിലെത്തിയിട്ടും ചില ഹാജിമാര്‍ ശിര്‍ക്കിന്റെ മന്ത്രങ്ങളുരുവിടുന്നത്‌ ഏതൊരു സത്യവിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്‌. പ്രവാചകന്റെ ഹജ്ജും ഉംറയും എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായും വ്യക്തമായും ഹദീസ്‌ ഗ്രന്ഥങ്ങളിലുള്ളത്‌ കാണാതെയും ഗൗനിക്കാതെയും അനാചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ഹജ്ജ്‌ ചെയ്‌ത്‌ സായൂജ്യമടയുന്നവരെയും കാണാം. പൊങ്ങച്ചത്തിന്റെയും പ്രശസ്‌തിയുടെയും പേരില്‍ ഹജ്ജിനെത്തുന്നവരുണ്ട്‌. പ്രവാചകന്‍ സ്വര്‍ഗമുണ്ടെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഹജ്ജ്‌ ഇതൊന്നുമല്ല എന്ന്‌ നാം തിരിച്ചറിയുക.

മനുഷ്യന്റെ ശാരീരികം, മാനസികം, സാമ്പത്തികം എന്നീ ത്രിതല മാനങ്ങളെ തുല്യപ്രാധാന്യത്തോടെ പങ്കാളിയാക്കി വിശ്വാസിയെ പൂര്‍ണമായും ദൈവാര്‍പ്പണ മനസ്‌കനാക്കുന്ന മഹത്തായ ഒരാരാധനയാണ്‌ ഹജ്ജ്‌. കഅ്‌ബ എന്ന കേന്ദ്രബിന്ദുവില്‍ ഭൂലോകവാസികളിലെ സത്യവിശ്വാസികളുടെ ലക്ഷക്കണക്കിനു പ്രതിനിധികള്‍ ഒത്തുചേരുന്ന മഹത്തായ ഒരു ദൃശ്യമാണ്‌ ഹജ്ജ്‌. ഇസ്‌ലാമിന്റെ സമഭാവന പൂത്തുലഞ്ഞു നില്‌ക്കുകയും ഈമാന്‍ പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കര്‍മരംഗങ്ങളുടെ സമ്മേളനമാണ്‌ ഹജ്ജ്‌. അഥവാ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന അനുഭൂതിദായകമായ പുണ്യകര്‍മമായ ഹജ്ജ്‌ നിര്‍വഹിക്കാന്‍ വിശുദ്ധഭൂമിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവര്‍ അല്ലാഹുവിന്റെ അതിഥികളാണെന്ന വിശേഷണം ആരെയാണ്‌ കുളിരണിയിക്കുന്നത്‌. പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന തൗഹീദിന്റെ പുണ്യഭൂമിയില്‍ ദിനരാത്രങ്ങള്‍ ചെലവിടാന്‍ അവസരം ലഭിച്ച ഹാജിമാര്‍ മഹാഭാഗ്യവാന്മാര്‍. മനസ്സും ശരീരവും ശിര്‍ക്കില്‍ നിന്ന്‌ പരിശുദ്ധമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരം ഹാജിമാര്‍ ശരിയാംവിധം ഉപയോഗപ്പെടുത്തേണ്ടതാണ്‌.

by കെ പി എസ്‌ ഫാറൂഖി @ ശബാബ്

തീവ്രതയില്ലാത്ത മതം

നബി(സ) പറഞ്ഞു: ഈ മതം സുദൃഢമാണ്‌. അതിനാലതില്‍ സൗമ്യതയോടെ പ്രവേശിക്കുക. നിന്റെ നാഥന്നുള്ള ആരാധനകള്‍ നിനക്കൊരിക്കലും അരോചകമാകാതിരിക്കട്ടെ. തീവ്രവാദി ഒരു യാത്രയും പൂര്‍ത്തീകരിക്കുകയോ ഒരു വാഹനവും ബാക്കിയാക്കുകയോ ഇല്ല. അതിനാല്‍ ഒരിക്കലും മരിക്കില്ലെന്ന്‌ കരുതുന്നവനെപ്പോലെ കര്‍മംചെയ്യുകയും നാളെത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ ജാഗ്രത പാലിക്കുകയും ചെയ്യുക.'' (ബൈഹഖി)

ഇസ്‌ലാം മതം സുദൃഢമാണ്‌. വക്രതയില്ലാത്തതും സംശയത്തിന്നിടയില്ലാത്തതുമായ മതം. വ്യക്തവും ശുദ്ധവും പവിത്രവുമാണത്‌. നമ്മെ പടച്ച്‌ പരിപാലിക്കുന്ന, എല്ലാം ഏറ്റവും നന്നായി അറിയുന്നവന്റെ മതം. ആ മതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണം.

ഭൗതിക പ്രസ്ഥാനത്തിലോ രാഷ്‌ട്രീയപ്പാര്‍ട്ടികളിലോ മെമ്പര്‍ഷിപ്പെടുക്കുന്ന രീതിയിലല്ല അല്ലാഹുവിന്റെ മതം സ്വീകരിക്കേണ്ടത്‌. ഹൃദയത്തിന്റെ ഉള്ളറകളിലുള്ള അടയാളപ്പെടുത്തലാണത്‌. വിശുദ്ധമായൊരു സാക്ഷ്യവാക്യം ഉരുവിട്ടുകൊണ്ടാണത്‌ ചെയ്യുന്നത്‌. അത്‌ ഹൃദയത്തില്‍ നിന്നുയരുന്നതാണ്‌. അതൊരു പേരുമാറ്റമല്ല, മനം മാറ്റമാണ്‌. സ്വഭാവ സംസ്‌കരണമാണ്‌. സര്‍വശക്തനായ ദൈവത്തിനു മുമ്പിലുള്ള കീഴൊതുങ്ങലാണ്‌. സംഘര്‍ഷമില്ലാത്ത ദിനങ്ങളിലേക്കുള്ള ശാന്തമായ കടന്നുവരവാണ്‌. ആ മാറ്റം പ്രാര്‍ഥനയോടെയാണ്‌. നിലയ്‌ക്കാത്ത സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും തള്ളിച്ചയാണവിടെ പ്രകടമാകുന്നത്‌. പശ്ചാത്താപത്തിന്റെ വിശുദ്ധിയാണവിടെ പ്രസരിക്കുന്നത്‌. അജ്ഞതയുടെയും അന്ധകാരത്തിന്റെയും കെട്ടിക്കുടുക്കുകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണത്‌. അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്കുള്ള കയറിവരവ്‌.

വിശ്വാസിക്ക്‌ പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്ന ആഗ്രഹമാണ്‌. അവന്റെ മനസ്സ്‌ എപ്പോഴും പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. അവന്‌ ആരാധനകള്‍ അരോചകമാവില്ല. വിശ്വാസത്തിന്‌ തളര്‍ച്ച ബാധിക്കുമ്പോഴാണ്‌ ആരാധനയില്‍ മടുപ്പുവരിക. മനസ്സിനകത്തെ താല്‌പര്യമാണ്‌ കര്‍മങ്ങളുടെ സ്വീകാര്യതയ്‌ക്ക്‌ പരിഗണിക്കപ്പെടുകയെന്ന്‌ നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധത്തോടെയാവണം ആരാധനാകര്‍മങ്ങള്‍. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം'' (വി.ഖു 107: 4-7).

നാഥന്നു മാത്രം അര്‍പ്പിക്കേണ്ട ആരാധനാകര്‍മങ്ങളിലുള്ള വ്യതിയാനവും മായം ചേര്‍ക്കലും, വിശ്വാസത്തിന്റെ ബലഹീനതയും അപൂര്‍ണതയുമാണ്‌ വ്യക്തമാക്കുന്നത്‌. യഥാര്‍ഥവും പൂര്‍ണവുമായ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവാണ്‌ പ്രവാചകനിവിടെ ആവശ്യപ്പെടുന്നത്‌. വിശ്വാസം പരിശുദ്ധമായാല്‍ ആരാധനകള്‍ അരോചകമാവില്ല. അതവന്റെ മനസ്സിന്‌ കുളിര്‍മയും ജീവിതത്തിന്‌ വെളിച്ചവുമാകും.

മതം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണ്‌. മതം ഗുണകാംക്ഷയാണ്‌. ശാന്തിയും സമാധാനവും സഹിഷ്‌ണുതയും കരുണയും വിനയവും അലിവുമൊക്കെയാണ്‌ മതം ആവശ്യപ്പെടുന്നത്‌. തീവ്രവാദിയുടെ പ്രവര്‍ത്തനങ്ങളും അവന്റെ കര്‍മങ്ങളും അവന്റെ ജീവിതം തന്നെയും ദോഷം മാത്രമാണ്‌ വരുത്തിവെക്കുക. അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ആര്‍ക്കും ഒരു ഗുണവും ലഭിക്കില്ല. മറിച്ച്‌ അതുകൊണ്ട്‌ സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും ഭയാനകവുമായിരിക്കും. തീവ്രവാദിയുടെ ഒരു യാത്രയും പൂര്‍ത്തീകരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, യാത്രാ വാഹനം പോലും ബാക്കിയാവില്ലെന്ന പ്രവാചക മൊഴിയുടെ അര്‍ഥതലങ്ങള്‍ എത്ര വിസ്‌തൃതമാണ്‌. തീവ്രവാദി ഒരിക്കലും വിജയം വരിക്കുകയില്ലെന്നും പരാജയം മാത്രമേ അവനുണ്ടാവുകയുള്ളൂവെന്നും ഇവിടെ ഓര്‍മപ്പെടുത്തുന്നു. തീവ്രവാദത്തെ `ജിഹാദാ'യി തെറ്റിദ്ധരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഒരു യഥാര്‍ഥ വിശ്വാസിക്ക്‌ ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല.

പരലോക മോക്ഷമാണ്‌ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യവും മോഹവും. എന്നാല്‍ ഇഹലോകത്തെ ഗുണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മതം തെറ്റായി കാണുന്നില്ല. പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. മാന്യമായി ജീവിക്കാനുള്ള താല്‌പര്യവും അതിന്നായുള്ള പ്രവര്‍ത്തനങ്ങളും പുണ്യമാണ്‌. ഹലാലായ മാര്‍ഗത്തിലൂടെയുള്ള ധനസമ്പാദനം കുറ്റമല്ല. ഒരിക്കലും മരിക്കില്ലെന്നു കരുതുന്നുവനെപ്പോലെ കര്‍മം ചെയ്യണമെന്ന്‌ പറയുന്നത്‌ വിശ്വാസി ഊര്‍ജസ്വലനും പ്രവര്‍ത്തന സജ്ജനുമായിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്‌.

മടിയും അലസതയും വിശ്വാസിയെ ബാധിച്ചുകൂടാ. ഉറങ്ങിത്തൂങ്ങിക്കഴിയുന്ന കഴിവുകെട്ടവനാവരുത്‌ അവന്‍. വിശ്വാസി കഠിനാധ്വാനിയായിരിക്കണം. ഒരു പ്രവൃത്തിയില്‍ നിന്നും വിരമിക്കുമ്പോള്‍ മറ്റൊരു പ്രവൃത്തിയിലേര്‍പ്പെടുന്നവനായിരിക്കണം അവന്‍. വെറുതെ കളയാനവന്‌ സമയമില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന്‌ സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യണമെന്നാണ്‌ പ്രവാചകന്‍(സ) പറയുന്നത്‌. എന്നാല്‍ നാളത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ സൂക്ഷ്‌മത പുലര്‍ത്തുകയും ജാഗ്രത പാലിക്കുകയും വേണം.

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനവും ധനവിനിയോഗവും ആരാധനാ കര്‍മങ്ങളിലുള്ള താല്‌പര്യവും ജീവിതത്തിന്റെ സകല മേഖലകളിലും അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയവും അവന്റെ വിധിവിലക്കുകളനുസരിച്ച്‌ ജീവിക്കാനുള്ള സന്നദ്ധതയും അവനുണ്ടായിരിക്കണം. നാളെ മരിക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ പാപം ചെയ്യാനുള്ള തോന്നലുണ്ടാവില്ല. മോശമായ ചിന്തകള്‍പോലും കടന്നുവരില്ല. അവന്റെ ശരീരവും മനസ്സും സദാ പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. സാക്ഷാല്‍ വിശ്വാസിയുടെ ജീവിതം അങ്ങനെയായിരിക്കും.

By അബൂ നശ്'വ @ ശബാബ്

ഏകാന്തതയുടെ മാധുര്യം

പ്രസിദ്ധ പണ്ഡിതനായ ഇബ്നു തൈമിയ പറയുന്നു : ആരാധന, പ്രാര്‍ത്ഥന, ആത്മ പരിശോദന, ദൈവവിചാരം, തിന്മയില്‍ നിന്നുള്ള മോചനം തുടങ്ങിയവ സാധിക്കുന്നതിനു മനുഷ്യന് ഏകാന്തത അനിവാര്യമാണ്.'

തിരക്ക് പിടിച്ച, ബഹളമയമായ ഈ ജീവിതത്തില്‍ ഓരോ ദിവസവും മനുഷ്യന്‍ കുറച്ചു നേരമെങ്കിലും ഏകാന്തതയില്‍ ലയിക്കേണ്ട തുണ്ട്. ദൈവധ്യാനത്തിലും പ്രാര്‍ത്ഥനയിലും മന്ത്രോച്ചാരണത്തിലും മുഴുകി അല്‍പനേരം മനസ്സിനെ ആത്മീയവൃത്തത്തില്‍ കേന്ദ്രീകരിച്ചു നിരത്താനായാല്‍ ചിന്തക്ക് ഏകാഗ്രതയും സംശുദ്ധതയും കൈവരുത്താന്‍ സാധിക്കും. ദിവസവും പ്രഭാതത്തിലും സന്ധ്യാസമയത്തും മറ്റു സന്ദര്‍ഭങ്ങളിലുമുള്ള പ്രാര്‍ത്ഥനക്ക് പുറമേ രാത്രിയില്‍ ലോകം നിശബ്ദതയില്‍ ലയിക്കുന്ന സന്ദര്‍ഭത്തില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുന്നത് ആത്മീയശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാവും. പ്രവാചകന്‍ (സ) രാത്രി ചിലപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ആകാശത്തേക്ക് കണ്ണുംനട്ട് ചിന്തയില്‍ മുഴുകാറുണ്ടായിരുന്നു. ജനങ്ങളെല്ലാം നിദ്രയില്‍ മുഴുകുമ്പോള്‍ രാത്രി എഴുനേറ്റിരുന്നു പ്രാര്‍ത്ഥനയില്‍ ലയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ദേവാലയത്തില്‍ വേദോക്തികള്‍ പാരായണം ചെയ്തും സ്തോത്രങ്ങള്‍ ഉരുവിട്ടും ചിന്തയില്‍ മുഴുകിയും ധ്യാനനിരതനായിക്കഴിയുന്നത് മഹത്തായ കര്‍മ്മമായി ഗണിക്കപ്പെടുന്നു. ലോകത്തെ പ്രഗല്‍ഭരായ ചിന്തകന്‍മാരും ശാസ്ത്രഞ്ജന്‍മാരും പണ്ഡിതന്മാരും ഏകാന്തത വരിച്ചു ചിന്തയെ ജ്വലിപ്പിച്ചവരായിരുന്നു. പ്രവാചകന്‍ (സ) നാല്‍പ്പതു വയസ്സിനോടടുത്തപ്പോള്‍ ഹിറാ ഗുഹയില്‍ ഏകാന്തതയില്‍ കഴിച്ചു കൂട്ടിയിരുന്നു.

ജീവിതത്തില്‍ എന്തൊക്കെ തിരക്കുണ്ടാവട്ടെ, ഏകാന്ത ധ്യാനത്തിനും ശുദ്ധമായ ചിന്തക്കും മനുഷ്യന്‍ സമയം കണ്ടെത്തണം. പ്രസിദ്ധ ചിന്തകനായ ഇബ്നുല്‍ ജൌസി പറയുന്നു : "ഏകാന്തത ആശ്വാസവും അന്തസ്സും പ്രദാനം ചെയ്യുന്നു; തിന്മയില്‍ നിന്ന് മനുഷ്യനെ അകറ്റുന്നു. സമയനഷ്ടം ഒഴിവാക്കുന്നു. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ചിന്തയുളവാക്കുന്നു. ദൈവത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ തയ്യാറാക്കുന്നു. തത്വങ്ങളുടെ നിധി പുറത്തെടുത്തു കൊടുക്കുന്നു."

ആരാധനകളിലും പുണ്യകര്‍മ്മങ്ങളിലും പലപ്പോഴും പ്രകടഭക്തിയും കീര്‍ത്തിമോഹവും കടന്നുവരാറുണ്ട്. എന്നാല്‍ ഏകാന്തതയില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍മ്മങ്ങള്‍ ഈ ദൂഷ്യങ്ങളുടെ കലപ്പില്‍ നിന്ന് ശുദ്ധമായിരിക്കും. ഏഷണി, പരദൂഷണം, അസൂയ തുടങ്ങിയ തിന്മകളില്‍ നിന്നെല്ലാം ഏകാന്തതയിലൂടെ സുരക്ഷിതത്വം നേടാനാവുന്നു. ഏകാന്തതയുടെ മാധുര്യം അനുഭവിച്ചറിഞ്ഞ ദാര്‍ശികനായ ഗസ്സാലി പറയുന്നു : "ആരാധനക്കും ചിന്തക്കും ദൈവാഭിമുഖ്യത്തിന്‍റെ രസം അനുഭവിക്കാനും ഐഹികവും പാരത്രികവുമായ ദൈവിക രഹസ്യങ്ങള്‍ കണ്ടെത്താനും ഏകാന്തത അനിവാര്യമാണ്."

എന്നാല്‍ സൃഷ്ടികളോടുള്ള കടമകള്‍ നിര്‍വഹിക്കാതെ ഏകാന്തതയില്‍ വസിച്ചു ആത്മീയോദ്കര്‍ഷം മാത്രം ലക്‌ഷ്യംവെക്കുന്ന സൂഫിസം മാനുഷികതക്കെതിരാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ജനങ്ങളുമായി ഇടപഴകി കഷ്ടപ്പെടുന്നവന്‍റെ ദുരിതമകറ്റുകയോ പട്ടിണി കിടക്കുന്നവന്‍റെ വിശപ്പകറ്റുകയോ രോഗികളെ സന്ദര്‍ശിക്കുകയോ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യാതെ സ്വത്വത്തിലേക്ക്‌ ഉള്‍വലിയുന്ന മനുഷ്യന്‍ എത്ര ആരാധനകള്‍ നടത്തിയാലും ദൈവപ്രീതി നേടുകയില്ല.

ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്നേഹശൂന്യമായ പെരുമാറ്റവും ഏറ്റവും അടുത്തവരുടെ വിയോഗവും പലപ്പോഴും മനുഷ്യനെ ഏകാന്തത എന്ന മാനസിക വിഷമത്തിലേക്ക് തള്ളിവിടാറുണ്ട്. വൃദ്ധന്മാരില്‍ പലരും ഇന്ന് ഈ ദുര്യോഗത്തിനിരയായവരാണ്. ഓരോരുത്തര്‍ക്കും ലഭിക്കേണ്ട സ്നേഹലാളനയും പരിഗണനയും ആദരവും ശുശ്രൂഷയും നല്‍കുന്നത് കൊണ്ടല്ലാതെ ഈ പ്രശ്നം പരിഹിക്കപ്പെടുകയില്ല.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്

തിന്മകള്‍ക്കെതിരില്‍ സമൂഹത്തെ ഐക്യപ്പെടുത്തുക

ജീര്‍ണതക്കെതിരില്‍ സംസാരിക്കാനും ബോധവല്‍ക്കരണം നടത്താനും ഇന്ന് പലരും തയ്യാറായിരിക്കുന്നു. ഈ സമുദായത്തെ ജീര്‍ണതകളുടെ പടുകുഴിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വൃത്തിക്കെട്ട സ്വഭാവവും സംസ്കാരവും സമ്പ്രദായങ്ങളും സമൂഹത്തിന്‍റെ ചിത്രമായിക്കഴിഞ്ഞു. അവയില്‍ പലതും മതമായി പരിഗണിക്കപ്പെടുന്നവയാണ്.

ജീര്‍ണതക്കെതിരില്‍ രംഗത്ത്‌ വന്ന മുഴുവന്‍ പ്രസ്ഥാനങ്ങളെയും നാം അഭിനന്ദിക്കുക. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക. കാരണം ഇസ്ലാമിന്‍റെ പേരില്‍ അറിയപ്പെടുന്ന സമുദായം ജീര്‍ണതയില്‍നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. ഇവിടെ ചില കാര്യങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. ജീര്‍ണതകള്‍ ഏറെയുണ്ട്. ഖബര്‍ പൂജ, വ്യാജ ഔലിയാക്കളുടെ സ്വാധീനം, സ്ത്രീധനം, ധൂര്‍ത്ത്, മദ്യപാനം, അഴിമതി, പലിശ, കോഴ.. സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തരം തിന്മകളില്‍ അകപ്പെട്ടവരാണ്‌. ഈ സമൂഹം തിന്മകളില്‍ നിന്ന് മുക്തമാകാന്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതുണ്ട്.

ഒന്ന്‍ : പ്രസ്തുത ജീര്‍ണതകള്‍ രോഗമല്ല, രോഗ ലക്ഷണങ്ങളാണ്. അതിനാല്‍ ചികിത്സയാവശ്യം ഈ ലക്ഷണത്തിനല്ല; യഥാര്‍ത്ഥ രോഗത്തിനാണ്‌. രോഗം തൌഹീദില്‍ നിന്നുള്ള വ്യതിയാനമാണ്. അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്. അപ്പോള്‍ മേല്‍പറഞ്ഞ തിന്മകളെ വിപാടനം ചെയ്യാന്‍ മനുഷ്യരെ പടച്ചവനുമായി ബന്ധിപ്പിക്കുക. അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍റെ കല്‍പ്പനകള്‍ പാലിച്ചു കഴിയുന്നവര്‍ക്കേ തിന്മയില്‍ നിന്നും രക്ഷപ്പെടാനാവൂ. നബി (സ) യുടെ പ്രബോധനത്തില്‍ ഈ ശൈലിയാണ് കാണുന്നത്. വിശ്വാസം ശക്തമായി ഉറപ്പിച്ച ശേഷമാണ് സാമൂഹ്യ തിന്മകള്‍ക്കെതിരിലുള്ള പ്രബോധനമുണ്ടായത്.

രണ്ട് : മുസ്ലിംകള്‍ക്ക് ഈ തിന്മകള്‍ക്കെതിരില്‍ ശബ്ദിക്കാന്‍ ധാര്‍മികമായ ബാധ്യതയുണ്ട്. ഉന്നതങ്ങളിലെത്തപ്പെടുന്ന നേതാക്കന്മാര്‍ ഉള്‍പ്പെടെ പലരും തിന്മകളില്‍ ജീവിക്കുന്നു. ഇവരെ എന്ത് ചെയ്യും? ഒരു ആദര്‍ശ സമൂഹമെന്നനിലക്ക് ഇത്തരം ജീര്‍ണതകള്‍ ഉപേക്ഷിക്കുവാന്‍ അവരെ പ്രേരിപ്പിക്കേണ്ടത് പൊതുജനങ്ങളാണ്. സാമൂഹിക പ്രവര്‍ത്തകരുടെ മദ്യപാനത്തിനെതിരില്‍ സമൂഹം ഉണര്‍ന്നു വരുന്നത് ശുഭസൂചനയാണ്. കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ നടത്തപ്പെട്ട അഴിമതിവിരുദ്ധ സമ്മേളനം ഇത്തരമൊരു ചിന്തയിലേക്ക് ജനശ്രദ്ധ ക്ഷണിച്ചു. ആ സമ്മേളനം അംഗീകരിച്ച ശ്രദ്ധേയമായ പ്രമേയങ്ങളിലൊന്ന് മദ്യപാനത്തിനെതിരെയായിരുന്നു. മദ്യപന്മാര്‍ മാറണമെന്ന് സമൂഹവും ഞങ്ങള്‍ മദ്യപിക്കില്ലെന്നു നേതാക്കന്മാരും പറയുന്ന അവസ്ഥയിലെത്തി. ഈ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണം.

തിന്മകള്‍ക്കെതിരില്‍ പ്രതികരിക്കാന്‍ അല്ലാഹുവിന്‍റെ കല്പനകളുണ്ട്. ആളുകളുടെ പ്രീതി നേടാനായില്ലെങ്കിലും അല്ലാഹു നമ്മെ ഇഷ്ടപ്പെടും. അതിനാല്‍ ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമത പുലര്‍ത്താന്‍ നാം തയാറാവുക.

by ഹുസൈന്‍ മടവൂര്‍ @ പ്രാസ്ഥാനിക ചിന്തകള്‍

വ്രത സമാപനാഘോഷം അഥവാ ഈദുല്‍ ഫിത്വര്‍

ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടു വിശ്വ സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശമുയര്‍ത്തി ഈദുല്‍ഫിത്വര്‍-വ്രതസമാപനാഘോഷം സന്തോഷപൂര്‍വം ആഘോഷിക്കുകയാണ്. ~ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടര്‍ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണീ ആഘോഷവേളയില്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്..

അത്യാഹ്ലാദപൂര്‍വം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടിണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹജീവികളെ നാം വിസ്മരിക്കരുത്. സമസൃഷ്ടി സ്നേഹം ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല എന്ന നബിവചനം മനുഷ്യസ്നേഹത്തിന്‍റെ ആഴത്തിലുള്ള ബന്ധങ്ങളുടെ പവിത്രത പഠിപ്പിച്ചുതരുന്നു.

ജാതിമത വര്‍ഗ വര്‍ണ വംശ ദേശഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം കാണാനുമെല്ലാം ബാധ്യസ്ഥരാണെന്ന മാനവിക ചിന്തയാണ് ഈ ദിവസം നമ്മിലൂടെ കടന്നുപോകേണ്ടത്. മനുഷ്യര്‍ അവന്‍റെ വീടിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടി വന്‍മതിലുകളും വമ്പന്‍ ഗേറ്റുകളും നിര്‍മിച്ച് അയല്‍പക്കക്കാരന്‍റെ വീടുമായുള്ള സര്‍വ ബന്ധങ്ങളും കൊട്ടിയടയ്ക്കും പോലെ മനസുകളില്‍ ഉരുക്കുമതിലുകള്‍ സ്ഥാപിച്ചു പരസ്പരമുള്ള ബന്ധങ്ങളെ കൊട്ടിയടയ്ക്കാനാകുമോ നമുക്ക്?. അങ്ങനെയാകാന്‍ പാടില്ല.
വിവാഹ ബന്ധം, കുടുംബ ബന്ധം, അയല്‍പക്ക ബന്ധം തുടങ്ങി സര്‍വ ബന്ധങ്ങളും ബന്ധനങ്ങളായി കണ്ട് ബന്ധങ്ങളുടെ പവിത്രത കാറ്റില്‍ പറത്തുന്ന നാം ബന്ധങ്ങളുടെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായിരിക്കണം ഈ ധന്യനാളിനെ ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹാശംസകള്‍ കൈമാറിയും പിണക്കങ്ങളും അകല്‍ച്ചയും ഇല്ലാതാക്കിയും അയല്‍വീടുകള്‍ സന്ദര്‍ശിച്ചുമായിരിക്കണം ഈ ദിവസം നാം ആഘോഷിക്കേണ്ടത്.

എല്ലാറ്റിനും ഇന്ന് താങ്ങാനാവാത്ത വിലയാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെപ്പാടുപെടുന്നവരുണ്ട്. പക്ഷേ ഒരു വിലയുമില്ലാതായിരിക്കുന്നു അമൂല്യമായ മനുഷ്യജീവന്. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടും പരസ്പരമുള്ള പകയ്ക്കു ബലിയാടായും എത്ര മനുഷ്യജീവനുകളാണ് ദിവസവും ഹോമിക്കപ്പെടുന്നത്. വിധവകളുടെയും അനാഥരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

അക്രമങ്ങളും കടന്നാക്രമണങ്ങളും രക്തം ചിന്തലും ഒരു സംഭവമല്ലാതായി മാറിയിരിക്കുന്നു. മതം മദമായി മാറുന്നു. സ്നേഹത്തെ വെറുപ്പ് ജയിച്ചടക്കുന്നു. വിദ്വേഷവും പകയും ക്രോധവും മനുഷ്യന്‍റെ സ്വസ്ഥ ജീവിതം തകര്‍ക്കുന്നു. പ്രവാചകന്‍ പറഞ്ഞ ഒരു വചനം ഓര്‍ത്തുപോകുന്നു. നിങ്ങളുടെ രക്തം, ധനം, അഭിമാനം എന്നിവ പവിത്രമാണ്. അത് അനാദരിക്കരുത്. അന്യായമായി രക്തം ചിന്തല്‍, ധനം കൊള്ളയടിക്കല്‍, അന്യായമായ മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കാനുള്ള ശ്രമം, സുഖിച്ചു ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം, അതിന്‍റെ മുന്നില്‍ ബന്ധങ്ങള്‍ക്കു വിലകല്‍പ്പിക്കാതിരിക്കല്‍ ... എല്ലാമെല്ലാം.

മനുഷ്യസ്നേഹത്തിന് ഊന്നല്‍ കൊടുക്കുന്ന, തന്നെപ്പോലെ തന്‍റെ സഹോദരനായ മനുഷ്യനേയും കാണാനുള്ള വിശാല മനസ്കത കൂടിയേ തീരൂ. ഇത്തരം ചിന്തകള്‍ ശീലിക്കാനുള്ള നല്ല പരിശീലനമാണു നോമ്പ് നല്‍കിയത്. അതു കാത്തു സൂക്ഷിക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഈ ആഘോഷനാള്‍ ആവശ്യപ്പെടുന്നത്.

രാത്രി ഉറക്കമിളച്ചും പകല്‍ വ്രതമനുഷ്ഠിച്ചും ദൈവിക ശാസനകള്‍ അംഗീകരിച്ചു ജീവിക്കാന്‍ സന്നദ്ധരായ വിശ്വാസികള്‍ക്കു സമ്മാനം നല്‍കുന്ന ദിവസമായിട്ടാണു പെരുന്നാള്‍ ദിനം വിലയിരുത്തപ്പെടുന്നത്.

“പെരുന്നാള്‍ ദിവസമായാല്‍ മാലാഖമാര്‍ വഴിയോരങ്ങളില്‍ നില്‍ക്കുമെന്നും നിങ്ങള്‍ ഔദാര്യവാനായ റബിലേക്ക് വരുക, നിങ്ങളോട് പകല്‍ നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. രാത്രി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. അത് നിങ്ങളനുസരിച്ച്, നിങ്ങളുടെ സമ്മാനം വാങ്ങിക്കൊള്ളുക.’ സമ്മാന ദാനനാള്‍ എന്നാണ് ഈ ദിവസം വിശേഷിക്കപ്പെടുന്നത് എന്നു പറയുമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. സമ്മാനത്തിന് അര്‍ഹരാണോ നാം, അതും ചിന്തിക്കാനുള്ള അവസരമാണിത്.

വിവിധ മതവിശ്വാസികള്‍ തോളോടുതോള്‍ ചേര്‍ന്നു ജീവിക്കുന്ന നമ്മുടെ രാജ്യത്ത് ആഘോഷങ്ങള്‍- ഓണവും പെരുന്നാളും ക്രിസ്മസും വിഷുവുമെല്ലാം പരസ്പരം അറിയാനും അറിയിക്കാനും അകല്‍ച്ചയുടെ ആഴം ഇല്ലാതാക്കി സഹകരണത്തിന്‍റെ മേഖലകള്‍ കണ്ടെത്താനുമുള്ളതായിത്തീരണം.

ചേതനയറ്റ ആഘോഷങ്ങള്‍ അര്‍ഥം കാണാതെ പോകുന്നതായിരിക്കും. ഈദുല്‍ ഫിത്വറിന്‍റെ
ആത്മാവ് നന്മയുടെ, സമത്വത്തിന്‍റെ സാഹോദര്യത്തിന്‍റെ, ശാന്തിയുടെ, സമാധാനത്തിന്‍റെ, സമസൃഷ്ടി സ്നേഹത്തിന്‍റെ കണ്ടെത്തലാണ് ആവശ്യപ്പെടുന്നത്.

നന്നാകാനും ഒന്നാകാനും നമുക്കു സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ഈദ് കൊണ്ടുള്ള വിവക്ഷ, ജീവിതത്തിന്‍റെ ആത്മീയമായ നവീകരണമാണ്. ഭക്തിയുടെ നിറവില്‍, ദൈവകീര്‍ത്തനങ്ങളുടെ ദീപ്തിയില്‍ ഉള്ളില്‍ നിന്നു തുളുമ്പുന്ന ആഹ്ലാദമാണ് ഈദാഘോഷം. ജീവിതത്തിന്‍റെ ഉദാത്തമായ
സ്വപ്നങ്ങളിലേക്കു കൊണ്ടുപോകാനുള്ള ഓര്‍മിപ്പിക്കലാണത്. ഈ ഓര്‍മ കൈവിടാതിരിക്കുക.

വിശ്വമാനവ ഐക്യത്തിന്‍റെ കാഹളം മുഴക്കുന്ന ഈദുല്‍ ഫിത്വര്‍ ആ നിലയിലുള്ള ഒരു ചിന്തയ്ക്കു പ്രേരകമാകട്ടെ .. ഈദ് മുബാറക്.

by സലാഹുദ്ദീന്‍ മദനി @ മെട്രോ വാര്‍ത്ത

മദ്യം : തിന്മകളുടെ മാതാവ്‌

നബി തിരുമേനി പറയുന്നു: ''മദ്യം തിന്മകളുടെ മാതാവും മഹാപാപവുമാണ്. (ത്വബ്‌റാനി)

മദ്യം തിന്മകളുടെ താക്കോലാണെന്നും മ്ലേച്ഛവൃത്തികളുടെ മാതാവാണെന്നുമൊക്കെ വിശേഷിപ്പിക്കുന്ന വേറെയും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം ഒരു സാമൂഹ്യതിന്മയാണെന്ന കാഴ്ചപ്പാടാണ് ഇത്തരം ഹദീസുകളുടെ അന്തസ്സത്ത. മദ്യോപയോഗം ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. അത് സാമൂഹ്യജീവിതത്തെ ആകപ്പാടെ താളം തെറ്റിക്കുന്നു. ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

''മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഭയങ്കരമായ ദോഷമാണുള്ളത്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ ദോഷവശം പ്രയോജനത്തേക്കാള്‍ എത്രയോ വലുതാണ്''(വി.ഖു 2:219). മദ്യപാനവും ചൂതാട്ടവുംവഴി മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വളരുമെന്നും (5:90,91) ഖുര്‍ആന്‍ പറയുന്നുണ്ട്.

നിത്യേന പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മദ്യത്തെ സംബന്ധിച്ച തിരുവചനങ്ങളെ സാധൂകരിക്കുകയാണ്. മദ്യലഹരിയില്‍ ലക്കുകെടുന്നവര്‍ ബന്ധങ്ങളുടെ എല്ലാ പവിത്രതകളെയും ചവിട്ടിമെതിക്കുന്നു. ദാമ്പത്യത്തെയും കുടുംബബന്ധങ്ങളെയും തകര്‍ക്കുന്ന പ്രധാന വില്ലന്‍ മദ്യംതന്നെ. മദ്യപിക്കുന്നയാള്‍ അനുഭവിക്കുന്ന നൈമിഷികമായ ആസ്വാദനത്തിന് കനത്തവിലയാണ് സമൂഹം നല്‍കുന്നത്. റോഡപകടങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍, ഗാര്‍ഹിക പീഡനം, നിരവധി രോഗങ്ങള്‍ എന്നിങ്ങനെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം മദ്യോപയോഗമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് മദ്യത്തെ സമ്പൂര്‍ണമായി വര്‍ജിക്കാന്‍ പ്രവാചകന്‍ കര്‍ശനമായി ആവശ്യപ്പെടുന്നത്. ലഹരി ബാധിക്കുന്ന ഒരാളുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. ബോധത്തെ വഴിതെറ്റിക്കുകയാണ് ലഹരിവസ്തുക്കള്‍ ചെയ്യുന്നത്. സ്വബോധം ഇല്ലാതാവുന്നതോടെ കര്‍തൃത്വം നഷ്ടപ്പെട്ട ഒരു ജീവിയായി മനുഷ്യന്‍ അധപ്പതിക്കുന്നു. അതിനാല്‍ ''ലഹരിയുണ്ടാക്കുന്നതൊക്കെ മദ്യവും മദ്യമൊക്കെ നിഷിദ്ധവുമാണ്.'' (മുസ്‌ലിം)

മദ്യവും ചൂതാട്ടവും ബന്ധപ്പെടുത്തിയാണ് പല ഖുര്‍ആന്‍ വചനങ്ങളും നബിമൊഴികളുമെന്നത് ചിന്തനീയമാണ്. രണ്ടിലും അടങ്ങിയിട്ടുള്ള ആസക്തിയും പ്രലോഭനീയതയുമാവാം ഈ ചേര്‍ച്ചയുടെ അടിസ്ഥാനം. ഒരു മുഴുക്കുടിയന്‍ എല്ലാം വിറ്റു തുലച്ചും മദ്യത്തെ പ്രാപിക്കുന്നപോലെ, മദ്യം സൃഷ്ടിക്കുന്നതിനു സമാനമായ സ്വപ്നതുല്യമായ ആര്‍ത്തിയും ആസക്തിയുമാണ് ഒരു ചൂതാട്ടക്കാരനെയും നയിക്കുന്നത്. വരുംവരായ്കകളും യാഥാര്‍ഥ്യബോധവും രണ്ടുപേര്‍ക്കും വിനഷ്ടമായിരിക്കും. ആസക്തികള്‍ പെരുകുന്നത് ഘട്ടംഘട്ടമായാണ്. ഒരു കവിള്‍ കുടിച്ചുതുടങ്ങുന്നവന്‍ ക്രമത്തില്‍ മുഴുക്കുടിയനാകും. 'ഒന്നുവെച്ചാല്‍ പത്തു' കിട്ടുമെന്നാശിക്കുന്നവന്‍ ക്രമത്തില്‍ ഒന്നുവെച്ചു തുടങ്ങി ഒടുവില്‍ ഒന്നുമില്ലാതാകും. ''അധികമുപയോഗിക്കുമ്പോള്‍ ലഹരിയാകുന്നത് അല്പം ഉപയോഗിക്കുന്നതും നിഷിദ്ധം തന്നെയാണ്.'' (നസാഇ).

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

അപവാദ പ്രചാരണം

നബി തിരുമേനി പറയുന്നു: ''നിങ്ങള്‍ തെറ്റിദ്ധാരണകളെ സൂക്ഷിക്കുക. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരങ്ങള്‍ കടുത്ത കള്ളമാണ്. നിങ്ങള്‍ പരസ്പരം ചാരവൃത്തി നടത്തുകയോ, മത്സരിക്കുകയോ, അസൂയ വെക്കുകയോ, വഞ്ചിക്കുകയോ, വൈരം പുലര്‍ത്തുകയോ, അസാന്നിധ്യത്തില്‍ മറ്റുള്ളവരെ ദുഷിക്കുകയോ അരുത്. ദൈവദാസന്മാരേ, നിങ്ങള്‍ ആജ്ഞാപിക്കപ്പെട്ട പ്രകാരം അന്യോന്യം സഹോദരന്മാരായി നിലകൊള്ളുക.'' (മുസ്‌ലിം)

മനുഷ്യബന്ധങ്ങളെ അറത്തുമാറ്റുന്ന പെരുമാറ്റ ദൂഷ്യങ്ങളെ ഗൗരവപൂര്‍വം ഓര്‍മപ്പെടുത്തുന്ന പ്രവാചക വചനമാണിത്. വ്യക്തികള്‍ പരസ്പരമുള്ള ബന്ധങ്ങളില്‍ മാത്രമല്ല, സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള വ്യവഹാരങ്ങളിലെല്ലാം ഈ ഉപദേശങ്ങള്‍ ഏറെ പ്രധാനമാണെന്നു കാണാനാവും. നന്മകളെയും സുകൃതങ്ങളെയുമാണ് വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്. നന്മയുടെ പ്രചാരണം കൂടുതല്‍ നന്മകള്‍ക്ക് പ്രചോദനമായിത്തീരും. എന്നാല്‍ നന്മകള്‍ കണ്ടെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ മുതിരുന്നതിനു പകരം തിന്മകള്‍ തേടിപ്പിടിച്ച് പെരുപ്പിച്ച് പ്രചരിപ്പിക്കാന്‍ ആളുകള്‍ ആവേശം കാണിക്കുന്നതു കാണാം. വ്യക്തികളും സംഘങ്ങളും മാധ്യമങ്ങളും പരസ്പരമുള്ള കിടമാത്സര്യം ആധുനിക ജീവിതത്തില്‍ അപവാദങ്ങള്‍ ആഘോഷിക്കുന്നതിന് രാസത്വരകമായിത്തീരുകയും ചെയ്യുന്നു. പ്രതിയോഗിയെ വകവരുത്തുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഊഹത്തിനു മുകളില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്.

ഊഹങ്ങള്‍ വാര്‍ത്തയാക്കുന്നതും സംശയജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഖുര്‍ആന്‍ ശക്തമായി വിലക്കിയിട്ടുണ്ട്: ''വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.''(വി.ഖു. 49:6)

മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിനോട്ടം നടത്തുന്നത് കടുത്ത കുറ്റമാണ്. ''നീ മറ്റുള്ളവരുടെ രഹസ്യങ്ങള്‍ തേടി നടക്കുന്നത് അവരെ കുഴപ്പത്തില്‍ പെടുത്തുകയോ അതിനിടയാക്കുകയോ ചെയ്യും''(അബൂദാവൂദ്).

കിടപ്പറയിലും സ്വകാര്യ ഇടങ്ങളിലും ഒളിക്യാമറകള്‍ വെച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്ന സമീപകാലാനുഭവങ്ങള്‍ പ്രവാചകന്റെ ഉപദേശം കൂടുതല്‍ പ്രസക്തമാക്കുന്നു. മറ്റുള്ളവരുടെ സംസാരങ്ങള്‍ പതിയിരുന്ന് കേള്‍ക്കുന്നതും മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് ആരും ചിന്തിക്കുന്നേയില്ല. മനുഷ്യര്‍ക്കിടയിലുള്ള ഐക്യം, അവര്‍ പരസ്പരമുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉന്നതമായ സ്വഭാവശീലങ്ങളും ആരോഗ്യകരമായ പെരുമാറ്റമര്യാദകളും നിലനില്‍ക്കുമ്പോഴാണ് മനുഷ്യ സാഹോദര്യം യാഥാര്‍ഥ്യമാകുന്നത്.

മറ്റുള്ളവരുടെ അഭിമാനം കളങ്കപ്പെടുത്തുന്നത്ര വെറുക്കപ്പെട്ട മറ്റൊന്നില്ല. മരണാനന്തരം ചെമ്പു നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും മാറും മാന്തിക്കീറുന്നവരെക്കുറിച്ച് നബിതിരുമേനി ഒരിക്കല്‍ വര്‍ണിക്കുകയുണ്ടായി. ''ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തിയവരാണവര്‍.''(അബൂദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

ആയിരം മാസങ്ങളേക്കാള്‍ ഉത്തമം

വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹവര്‍ഷമായി കടന്നുവരുന്ന പരിശുദ്ധ റംസാന്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി എന്ന സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നു. അതില്‍ ഏറ്റവും പ്രധാനമായതു പരിശുദ്ധ ഖുര്‍ആന്‍റെ അനുകരണമാണ്. മാനവരാശിയുടെ ചരിത്രത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു തിരികൊളുത്തി മാനവസമൂഹത്തിനാകമാനം നന്മയിലേക്കുള്ള പാത തുറന്നുകൊടുത്ത ജ്ഞാനസ്രോതസായി ഈ അമൂല്യഗ്രന്ഥം ദൈവമഹത്വവും മനുഷ്യസമത്വവും വിളംബരം ചെയ്തു വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നിലകൊള്ളുന്നു. അതെ” മാനവരാശിക്കു മാര്‍ഗദര്‍ശനവും സന്മാര്‍ഗത്തിന്‍റെയും സത്യാന്വേഷണവിവേചനത്തിന്‍റെയും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍”-(വി:ഖു: 2:185).

പരിശുദ്ധ ഖുര്‍ആന്‍റെ അവതരണം നിമിത്തം അവാച്യമായ അനുഭൂതികള്‍ കൊണ്ടും അവര്‍ണനീയമായ ശ്രേഷ്ഠതകള്‍ കൊണ്ടും ധന്യമായ രാത്രിയാണു ലൈലത്തുല്‍ ഖദര്‍. മറ്റുമാസങ്ങളെ അപേക്ഷിച്ചു ഖുര്‍ആന്‍റെ അവതരണമാണു റംസാന്‍ മാസത്തിനു ശ്രേഷ്ഠത നല്‍കുന്നതെങ്കില്‍ ലൈലത്തുല്‍ ഖദ്ര്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് അവസാന പത്തിന്‍റെ ശ്രേഷ്ഠത. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാത്രി- 83 വര്‍ഷക്കാലത്തെ നിരന്തര പുണ്യകര്‍മാനുഷ്ഠാനത്തിനു ലഭ്യമാകുന്ന പ്രതിഫലം ഒറ്റരാത്രി കൊണ്ടു നേടിയെടുക്കാന്‍ മാത്രം ഉദാത്തമായ രാത്രി, മലക്കുകളില്‍ പ്രധാനിയായ ജിബ്രീല്‍(അ)മറ്റു മലക്കുകളോടൊപ്പം എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള രക്ഷിതാവിന്‍റെ ഉത്തരവുമായി ഭൂമിയിലിറങ്ങി ശാന്തിയും സമാധാനവും നേടുന്ന അനുഗ്രഹീത രാത്രി, ഖുര്‍ആന്‍റെ അവതരണവും മലക്കുകളുടെ സാന്നിധ്യവും അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിന്‍റെയും നിരന്തര പ്രവാഹവും പാപമോചനവും കൊണ്ടു ബഹുമാനിക്കപ്പെടുകയും ആ രാത്രി സജീവമാക്കിയവന്‍ ബഹുമാനിതനാകുകയും ചെയ്യുന്ന രാത്രി, യുക്തമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു നിര്‍ണയിക്കപ്പെടുന്ന രാത്രി... എന്നിങ്ങനെ സവിശേഷതകള്‍ നിരവധിയാണ് ഈ രാത്രിക്ക്.

“നിശ്ചയം നാം അതിനെ(ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്നു നിനക്കറിയുമോ?. നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ സമാധാനമത്രെ അത് ‘(അധ്യായം 97) “ തീര്‍ച്ചയായും നാം അതിനെ(ഖുര്‍ആനിനെ) അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പു നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.’(വി.ഖു: 44:3,4)

“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നിന്നു നമസ്കരിച്ചാല്‍ അവന്‍ മുന്‍പു ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും’.(നബിവചനം)

ഏതു രാത്രിയായിരിക്കും ലൈലത്തുല്‍ ഖദ്റായി വരിക എന്നു ഖണ്ഡിതമായി അറിയിക്കപ്പെട്ടിട്ടില്ല. 23, 25, 27, 29 എന്നൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ഇമാം ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ടു 46 വീക്ഷണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. അബു സഈദുല്‍ ഖുദ്രി(റ) ഇരുപത്തിയൊന്നാം രാവിലാണെന്നും ഉബയുബ്നു കഅ്ബ്(റ) ഇരുപത്തിയേഴാം രാവിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നു അബാസ്(റ) 23,27 എന്നീ രാവാകാം എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നിഗമനങ്ങള്‍ മാത്രമാണ്.

by സലാഹുദ്ദീന്‍ മദനി @ മെട്രോ വാര്‍ത്ത

വ്രതം മതങ്ങളില്‍

സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധാനുഷ്ഠാനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തെറ്റിനെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത് . (ഖുറാന്‍ 2:183)

പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നതു പോലെ എന്നാണു വ്രതത്തെപ്പറ്റി ഖുറാനിന്‍റെ പരാമര്‍ശം. ഇസ്ലാമിലെ മറ്റ് ആരാധനാനുഷ്ഠാനങ്ങളില്‍നിന്നു വ്യത്യസ്തമായൊരു പരാമര്‍ശമാണിത്. സവിശേഷമായ ഈ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍വിക മതസമൂഹങ്ങളിലെ ആചാര-അനുഷ്ഠാനങ്ങളില്‍ വ്രതം അഥവാ ഉപവാസം എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നു വിശകലനം ചെയ്യാം.

വ്രതം മതാനുഷ്ഠാനമായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാന രീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിയനുസരിച്ച് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് എന്ന സമ്പ്രദായമുണ്ട് . (എന്‍സൈക്ലൊപീഡിയ ബ്രിട്ടാനിക്ക)

ക്രിസ്തുമതത്തില്‍

പിന്നീട് പിശാചിന്‍റെ പ്രലോഭനം നേരിടാനായി യേശുവിനെ പരിശുദ്ധാത്മാവ് ഭൂമിയിലേക്കു നയിച്ചു. നാല്‍പ്പത് രാവും നാല്‍പ്പത് പകലും അവന്‍ ഉപവസിച്ചു. (മത്തായിയുടെ സുവിശേഷം 4:2).
പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ ക്രിസ്തു വ്രതമെടുത്തെന്നാണ് ഇവിടെ ബൈബിളിന്‍റെ പരാമര്‍ശം. മുസ്ലിംകളുടെ വ്രതാനുഷ്ഠാനത്തിന്‍റെ അകക്കാമ്പും ഇതുതന്നെ. വ്രതമാസത്തിന്‍റെ പ്രധാന സവിശേഷതയായി പ്രവാചക തിരുമേനി പഠിപ്പിക്കുന്നതുതന്നെ പൈശാചികതയില്‍നിന്നുള്ള വിമോചനമത്രെ. റംസാന്‍ സമാഗതമായാല്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. പിശാച് ബന്ധനസ്ഥനാക്കപ്പെടും(നബിവചനം). വ്രതം പൈശാചികതകളെ പ്രതിരോധിക്കുന്ന പരിചയത്രേ’’ (നബിവചനസാരം)

കപടഭക്തിയോടെ വ്രതമനുഷ്ഠിക്കുന്നവരെ ക്രിസ്തു നിരാകരിക്കുന്നുണ്ട് ബൈബിളില്‍. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു..! നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം വൃത്തിയാക്കുകയും ചെയ്യണം. രഹസ്യത്തിലിരിക്കുന്ന നിന്‍റെ പിതാവൊഴികെ ആരും നിന്‍റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു സമ്മാനം നല്‍കുകയും ചെയ്യും. (മത്തായിയുടെ
സുവിശേഷം 6:16)

വ്രതം അല്ലാഹുവുമായിട്ടുള്ള ത്യാഗപൂര്‍ണമായ ആത്മബന്ധത്തിന്‍റെ അടയാളമായിട്ടാണു മുഹമ്മദ് നബി വിശേഷിപ്പിക്കുന്നത്. “”വ്രതം പ്രത്യേകമായി എനിക്കുള്ളതാണ്, ഞാനതിനു പ്രത്യേകമായി പ്രതിഫലം നല്‍കും എന്ന ദൈവിക വാഗ്ദാനം പ്രവാചക തിരുമേനി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഹിന്ദുമതത്തില്‍

ഹിന്ദുമതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍നിന്ന് ഉപാവര്‍ത്തനം ചെയ്ത് (വിരമിച്ച്) നടത്തുന്ന വാസമാണ് ഉപവാസമെന്ന് അറിയപ്പെടുന്നത്. ഉപവാസം അനുഷ്ഠിക്കുന്നവര്‍ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല ദേഹാലങ്കാരം, സ്ത്രീസംസര്‍ഗം, താംബൂലം തുടങ്ങിയവയും വര്‍ജിക്കേണ്ടതുണ്ട്. യാഗം, ഹോമം, പൂജ, ഉപാസന തുടങ്ങിയ അനുഷ്ഠാനങ്ങളിലും ഉപനയനം, വിവാഹം, ശ്രാദ്ധം, പരേതര്‍ക്കുള്ള ശേഷക്രിയകള്‍ തുടങ്ങിയ കര്‍മങ്ങളിലും ഹൈന്ദവര്‍ ഉപവാസവ്രതം അനുഷ്ഠിക്കണമെന്നു ശ്രുതി-സ്മൃതികള്‍ അനുശാസിക്കുന്നു.

രാത്രിയില്‍ ആഹാരം വര്‍ജിച്ചുകൊണ്ട് അടുത്തദിവസം ചെയ്യേണ്ട ശ്രാദ്ധം മുതലായ അനുഷ്ഠാനങ്ങള്‍ക്കു തയ്യാറെടുക്കേണ്ട ചില അര്‍ധോപവാസ വിധികളുമുണ്ട്. ഒരു രാത്രിനേരം ഭക്ഷണം എന്ന അര്‍ഥത്തില്‍ ഈ പതിവിന് ഒരിക്കല്‍ എന്നും “ഒരിക്കലൂണ് ‘ എന്നും പറഞ്ഞു വരുന്നു. ഈ ഒരിക്കല്‍ നോയ്മ്പ് ഞായര്‍, തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികളിലും ആചരിച്ചുവരുന്നു. പകല്‍ ഒരുനേരം മാത്രം ആഹാരം കഴിച്ചോ അന്നത്തേയ്ക്കു മറ്റ് ആഹാരസാധനങ്ങള്‍ വര്‍ജിച്ചോ രാത്രിയില്‍ അത്താഴത്തിന്‍റെ സ്ഥാനത്ത് ചോറിനുപകരം എന്തെങ്കിലും പലഹാരം കഴിച്ചോ ഈ വ്രതമനുഷ്ഠിക്കുന്ന പതിവുണ്ട്. (എന്‍ബിഎസ് വിജ്ഞാനകോശം - ഉപവാസം) ബ്രാഹ്മണ സമൂഹത്തിനു പ്രത്യേകമായി എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തീയതികളില്‍ വ്രതാനുഷ്ഠാനം ഉള്ളതായി ആചാര്യന്മാര്‍ വിശദീകരിക്കുന്നു.

ജൂത മതത്തില്‍

ബാബിലോണ്‍ സംഭവത്തിന്‍റെ നാളുകളിലെ തടവറ ജീവിതത്തിന്‍റേയും പീഡനത്തിന്‍റേയും സ്മരണയ്ക്കായി ചില പ്രത്യേക ദിനങ്ങളില്‍ അവര്‍ ദു:ഖമാചരിക്കുകയും വ്രതമെടുത്തുവരുകയും ചെയ്യുന്നു. മെയ്, ജൂണ്‍, ജൂലായ്, തിബത്ത് എന്നീ മാസങ്ങളിലാണു വ്രതം. മോശെ സിനായ് പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്‍പ്പത് നാളുകളെ അനുസ്മരിച്ചുകൊണ്ട് ജൂതന്‍മാര്‍ അത്രയും ദിവസം വ്രതം അനുഷ്ഠിക്കുന്നതു പുണ്യമായി ഗണിച്ചുവരുന്നു. മോശെ നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനോടൊപ്പം കഴിഞ്ഞു (പുറപ്പാട് 34:28) ദൈവസാമീപ്യത്തിനാണു വ്രതമെന്ന വിശുദ്ധ ഖുറാന്‍റെയും (ഖുറാന്‍ 2:185-186) പ്രവാചകവചനത്തിന്‍റെയും അന്ത:സത്ത തന്നെയാണു മോശെയുടെ വ്രതാനുഷ്ഠാനത്തിലും നാം കാണുന്നത്.

ബുദ്ധ-ജൈന മതങ്ങളിലും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടു ശരീരത്തെ ക്ഷീണിപ്പിക്കുന്നത് അവശരോടുള്ള അനുകമ്പയായി കരുതിവരുന്നു. വാവുതോറും ഉപവസിക്കുന്നവരും ഉമിനീരുപോലും ഇറക്കാതെ ഏകദിനവ്രതം ആചരിക്കുന്നവരും ബൗദ്ധ-ജൈന സമൂഹങ്ങളിലുണ്ട്. തുടര്‍ച്ചയായ നാല്‍പ്പത് ദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഇവര്‍ ഗണിച്ചുവരാറുള്ളത്. ഇത്തരത്തിലുള്ള കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കുന്ന മതാധിപന്മാര്‍ ജൈനമത സമൂഹങ്ങളിലുണ്ട്. ആഴ്ചകള്‍ തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്.

എന്തായാലും വൈദിക മതങ്ങളിലെല്ലാം വ്രതം വിശുദ്ധമായ, ത്യാഗപൂര്‍ണമായ, ദൈവസാമീപ്യത്തിനുതകുന്ന ഒരു അനുഷ്ഠാനം തന്നെയാണ്. ശാരീരിക ശിക്ഷണവും ആത്മീയ സംസ്കരണവുമാണു വ്രതത്തിന്‍റെ കാതല്‍. തെറ്റുകളില്‍നിന്നും വിമുക്തി നേടണമെങ്കില്‍ ഇച്ഛകള്‍ നിയന്ത്രിക്കപ്പെടുകയും ആത്മീയവികാസം കൈവരിക്കുകയും വേണം. വ്രതം വിശ്വാസിക്കു പ്രത്യാശയായി തീരുന്നതും അതുകൊണ്ടുതന്നെ. പ്രഭാതം മുതല്‍ പ്രദോഷം വരെ പൂര്‍ണമായും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടുള്ള പ്രവാചകന്മാരുടേയും ഋഷിശ്രേഷ്ഠന്മാരുടെയും വ്രതം അതിന്‍റെ തനിമയോടെ റംസാനില്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.

by ബഷീര്‍ പട്ടേല്‍താഴം @ മെട്രോ വാര്‍ത്ത

കപടവിശ്വാസവും ഭക്തിനാട്യവും

നബിതിരുമേനി പറയുന്നു: നാലു കാര്യങ്ങള്‍ ആരിലുണ്ടോ അയാള്‍ ശുദ്ധ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുമൊന്ന് ഒരാളില്‍ അവശേഷിക്കുന്നുവെങ്കില്‍പോലും അതുപേക്ഷിക്കുവോളം അയാളില്‍ കാപട്യത്തിന്റെ അംശം ഉണ്ടായിരിക്കും; വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക. (ബുഖാരി, മുസ്‌ലിം)

ദൈവവിശ്വാസം, ഏതാനും വിശ്വാസങ്ങളുടെയും ചില അനുഷ്ഠാനങ്ങളുടെയും സമാഹാരമല്ല. മികച്ച ജീവിതമൂല്യങ്ങള്‍ പ്രസരിപ്പിക്കാത്ത വിശ്വാസി ലക്ഷണമൊത്ത കപടനാണെന്നാണ് ഇവിടെ നബി വ്യക്തമാക്കുന്നത്. ദൈവവിശ്വാസികളുടെ എണ്ണം പെരുകുകയും സമൂഹത്തില്‍ അധാര്‍മികതയും സാംസ്‌കാരികച്യുതികളും കുതിച്ചുയരുകയും ചെയ്യുന്ന വൈരുധ്യത്തിനു നടുവിലാണ് ഈ തിരുവചനം ഓര്‍മിക്കേണ്ടത്.

സമൂഹത്തിന്റെ കെട്ടുറപ്പ്, അതിലെ വ്യക്തികള്‍ അന്യോന്യം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളിലാണ്. ഭൗതികമായ ഒരു നിയമംകൊണ്ടും ഈ മൂല്യങ്ങള്‍ സമ്പൂര്‍ണമായി പരിപാലിക്കാനാവില്ല. മൂല്യങ്ങളുടെ സാക്ഷാത്ക്കാരം, മനസ്സാക്ഷിയും മനോഭാവവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സിനെ നിയമച്ചങ്ങലകള്‍കൊണ്ട് വിലങ്ങുവെക്കാനാകില്ലല്ലോ. തെളിവുകളുടെ ബലത്തില്‍ മാത്രമേ കോടതിക്കും പോലീസിനും കുറ്റവാളിയെ ശിക്ഷിക്കാനാകൂ. എന്നാല്‍, തെളിവു നഷ്ടപ്പെടുത്തിയാല്‍ ഒരു കുറ്റം കുറ്റമല്ലാതാകുന്നില്ല. ഏതു രഹസ്യ സന്ദര്‍ഭത്തിലും എത്ര അനുകൂല സാഹചര്യത്തിലും സത്യസന്ധത മുറുകെ പിടിക്കാന്‍ ഒരാള്‍ക്കു സാധിക്കുന്നത് ദൈവത്തിന്റെ നിത്യസാന്നിധ്യം അനുഭവിക്കുമ്പോഴാണ്. അതിനാല്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവന്‍ ഫലത്തില്‍ വിശ്വാസത്തെത്തന്നെയാണ് നഷ്ടപ്പെടുത്തുന്നത്.

ദൈവവിശ്വാസത്തിന്റെ അടയാളം വേഷത്തിലോ കേവല അനുഷ്ഠാനങ്ങളിലോ ഉള്ള സവിശേഷതയല്ല. നിരന്തരം ആരാധനാലയങ്ങളില്‍ കയറിയിറങ്ങുകയും വിരലുകളില്‍ ജപമാലകള്‍ കറങ്ങുകയും ചുണ്ടുകളില്‍ ദൈവമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന ആള്‍ സാമ്പത്തിക ഇടപാടുകളില്‍ ചതിയും വഞ്ചനയും കാണിക്കുന്നുവെങ്കില്‍, അയാള്‍ ഭക്തിനാട്യക്കാരനാണ്. യഥാര്‍ഥ വിശ്വാസിയല്ല. ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തുകയും അനര്‍ഹമായി ജനങ്ങളുടെ പണം പറ്റുകയും ചെയ്യുന്ന 'ഭക്തനായ' ഉദ്യോഗസ്ഥന്‍ കപടനാണ്. നാവെടുത്താല്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന, വാഗ്ദാനപ്പെരുമഴകള്‍ വര്‍ഷിക്കുകയും യാതൊന്നും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരന്‍ ഒന്നാന്തരം കപടവിശ്വാസിയാണെന്നാണ് നബി പഠിപ്പിക്കുന്നത്. ലാഭ മോഹങ്ങള്‍ നല്കി ഊഹക്കച്ചവടങ്ങള്‍ നടത്തുന്നവരും പണമിരട്ടിപ്പ് വാഗ്ദാനങ്ങളില്‍ ആളെക്കൂട്ടുന്നവരും വിശ്വാസത്തെയാണ് കൂട്ടുപിടിക്കുന്നത് എന്നതാണ് പുതിയകാലത്തെ വൈരുദ്ധ്യം. വഞ്ചനയും കരാര്‍ ലംഘനവും പതിവാക്കുന്നവര്‍ വിശ്വാസിയല്ല. ''കുതന്ത്രവും ചതിയും വഞ്ചനയും (ചെയ്യുന്നവര്‍) നരകത്തിലാണ്.''(അബുദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

അഹങ്കാരവും വിനയഭാവവും

നബി തിരുമേനി പറയുന്നു: ''മനസ്സില്‍ അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' ഇതു കേട്ടപ്പോള്‍ ഒരു അനുചരന്‍ തിരിച്ചു ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരുപ്പ് മോടിയുള്ളതുമാകണമെന്ന് കൊതിക്കുന്നത് അഹങ്കാരമായിത്തീരുമോ? അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം)

അഹങ്കാരം ബാഹ്യദൃഷ്ടിയില്‍ തിരിച്ചറിയാവുന്ന ഒരു ദുര്‍ഗുണമായാണ് പലപ്പോഴും സമൂഹം തെറ്റിദ്ധരിക്കുന്നത്. മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഭേദപ്പെട്ട വീടുകളില്‍ ജീവിക്കുന്നതും മികച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും അഹങ്കാരിയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്. ഈ ധാരണയെ തിരുത്തുകയാണ് പ്രവാചകന്‍. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒരു തെറ്റല്ല; അഹങ്കാരവുമല്ല - മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നവിധം അതിരുവിടുന്ന ധൂര്‍ത്തും ആര്‍ഭാടവുമായിത്തീരുന്നതുവരെ. അതുപോലെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ അണിയുന്നതുകൊണ്ടോ, ചെറിയ വീടുകളില്‍ ജീവിക്കുന്നതുകൊണ്ടോ ഒരാള്‍ വിനീതനുമായിരിക്കുകയില്ല. മറിച്ച് അഹന്തയും വിനയവും രണ്ടു മനോഭാവങ്ങളാണ്.

ഉന്നത സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാള്‍ തന്റെ സഹജീവികളെക്കുറിച്ച് ചിന്തിക്കുകയും അവരോടുള്ള കടമകള്‍ മറക്കാതിരിക്കുകയും ചെയ്യുന്നത് അസ്വാഭാവികമൊന്നുമല്ല. മനസ്സില്‍ പണത്തേക്കാളും അതിന്റെ ആര്‍ത്തികളേക്കാളും ഉയരത്തില്‍ ദൈവബോധം പ്രതിഷ്ഠിച്ചവര്‍ വിനീതരായിത്തീരും. പര്‍ണശാലകളിലും ദേവാലയങ്ങളിലും കഴിയുന്ന സാത്വികവേഷധാരികള്‍, അഹങ്കാരികളാകുന്നതും സ്വാഭാവികം മാത്രം. മറ്റുള്ളവരെ അധമരായി കരുതുന്ന പണ്ഡിതഭാവവും ഭക്തിഭാവവും അഹങ്കാരം തന്നെയാണ്.

''നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റം കൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ഖുര്‍ആന്‍). തന്നേക്കാള്‍ താഴെപടിയിലുള്ളവരെ ആദരിക്കാനും അവരെ പരിഗണിക്കാനും മിക്കയാളുകള്‍ക്കും സാധിക്കുന്നില്ല. ലോകത്ത് നടമാടുന്ന ഒട്ടധികം പ്രശ്‌നങ്ങള്‍ 'ഈഗോ' സൃഷ്ടിക്കുന്നതാണ്. എന്നാല്‍, സ്വയം താഴ്മ കാട്ടുന്നവരാണ് ഉന്നതര്‍ എന്ന തത്വം പ്രവാചകന്‍ പഠിപ്പിക്കുന്നു.

ഒരിക്കല്‍ ഖുറൈശി ഗോത്രത്തിലെ ഉന്നതസ്ഥാനീയരുമായി നബി ഒരു ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ, അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം അങ്ങോട്ടു കടന്നുചെന്നു. എന്നാല്‍ പ്രവാചകന് ഗൗരവപ്പെട്ട ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തെ ഗൗനിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തില്‍ നബിതിരുമേനിയെ ശക്തമായി വിമര്‍ശിക്കുന്ന ഒരധ്യായംതന്നെ ഖുര്‍ആനില്‍ ഉണ്ട് (അബസ). പ്രവാചകന്റെ മനസ്സില്‍ അഹന്തയുടെ കണികയില്ലാഞ്ഞിട്ടുപോലും, അന്ധനായ അബ്ദുല്ലയുടെ അഭിമാനബോധത്തെ ഉയര്‍ത്തിക്കാണിക്കാനാണ് ഖുര്‍ആന്‍ പ്രവാചകനെ വിമര്‍ശിച്ചിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

By മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

സൂറത്തുല്‍ ഖദര്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍


1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.

വ്യാഖ്യാനം

1. പരിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിക്ക് അല്ലാഹു ലൈലത്തുല്‍ ഖദര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മഹത്തായ തത്വങ്ങള്‍ ഈ പേരില്‍ തന്നെ ഉള്‍ക്കൊള്ളുന്നു.

A : ഖുര്‍ആന്‍റെ അവതരണത്തിന്‍റെ മുമ്പ് മനുഷ്യജീവിതത്തിന്‍റെ പാവനത്വവും പദവിയും നഷ്ടപ്പെട്ടിരുന്നു. വ്യഭിചാരം, രക്തം ചീന്തല്‍, മദ്യപാനം മുതലായവയായിരുന്നു മനുഷ്യന്‍റെ ജീവിതലക്‌ഷ്യം. പരിശുദ്ധ ഖുര്‍ആന്‍ ഈ ധാരണയെ തിരുത്തി. മനുഷ്യന്‍റെ അഭിമാനം, രക്തം, ധനം മുതലായവയ്ക്ക് പാവനത്വം നല്‍കി. അവന്‍റെ രക്ഷപ്പെട്ട പദവി വീണ്ടെടുത്ത്‌. അവന്‍റെ സ്രിഷ്ടിപ്പിന്റെ രഹസ്യം അവനെ ഉണര്‍ത്തി.

B : മനുഷ്യജീവിതത്തില്‍ യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ഓരോ മനുഷ്യനും ഇച്ചിക്കുന്നതായിരുന്നു അവന്‍റെ മതവും ധര്‍മവും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നതുപോലും ധര്‍മ്മമായി ചിലര്‍ ദര്‍ശിച്ചു. സാമ്പത്തികരംഗം അഴിമതി നിറഞ്ഞതായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിലെ സര്‍വരംഗത്തും വ്യവസ്ഥകള്‍ നിര്‍ണയിച്ചു. ഭരണരംഗം മുതല്‍ കക്കൂസ് വരെ.

2. ഖുര്‍ആന്‍ രാത്രിയില്‍ അവതരിപ്പിക്കപ്പെട്ടതിലും മഹത്തായ തത്വം ദര്‍ശിക്കപ്പെടുന്നു. രണ്ടു തരം ഇരുട്ട് ഉണ്ട്. ഒന്ന്, അധര്‍മ്മവും അജ്ഞതയുമാകുന്ന ഇരുട്ട്. രണ്ടാമത്തേതു രാത്രിയുടെ ഇരുട്ട്. സ്ത്രീപുരുഷന്മാര്‍ രണ്ടുതരം ഇരുട്ടുകളിലും നിദ്രകൊള്ളുന്ന സമയത്താണ് വെളിച്ചമാകുന്ന ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്നതാണല്ലോ തത്വം.

2 .നിനക്ക് എന്തറിയാം! വ്യവസ്തപ്പെടുതുന്ന രാവ് എന്നാണെന്ന്?
3 .വ്യവസ്തപ്പെടുത്തുന്ന രാവ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്.


വ്യാഖ്യാനം :

1. ഖുര്‍ആന്‍റെ അവതരണം കാരണം ആ രാവിനും പാവനത്വം ലഭിച്ചു. ആ രാവ് കാരണം ആ മാസത്തിനും പ്രാധാന്യം ലഭിച്ചു. കൊല്ലംതോറും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഖുര്‍ആന്‍റെ പഠനത്തിലും ആരാധനകളിലുമായി ഈ മാസത്തെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കണം. റമദാനിലെ അവസാനത്തെ പത്തിലാണ് ഈ രാത്രിയെ നാം പ്രതീക്ഷിക്കേണ്ടത്.

2. ആയിരം രാവുകള്‍ മനുഷ്യന്‍ പരിഷ്കരണ പരിപാടികള്‍ ഉണ്ടാക്കിയാല്‍പോലും കരസ്ഥമാക്കുവാനും മനുഷ്യരെ സംസ്കരിക്കുവാനും സാധിക്കാത്ത സംഗതിയാണ് ഒരു രാവുകൊണ്ട് ഖുര്‍ആന്‍ ലോകത്ത് ഉണ്ടാക്കിയത്. അഞ്ചു സൂക്തങ്ങള്‍ മാത്രം അവതരിപ്പിക്കപ്പെട്ടിട്ടും വിജ്ഞാനത്തിന്‍റെ ശ്രേഷ്ടതയാണത്. ആയിരം രാത്രികളിലെ ഇരുട്ടിനെ ഈ സൂക്തങ്ങള്‍ വെളിച്ചം നിറഞ്ഞതാക്കി. പലതരം അന്ധകാരങ്ങളെ ഖുര്‍ആന്‍ നീക്കിക്കളഞ്ഞു.

4. ആ രാവില്‍ മലക്കുകളും റൂഹും ഇറങ്ങി വന്നുകൊണ്ടിരുന്നു; അവരുടെ രക്ഷിതാവിന്‍റെ കല്പനയുമായി എല്ലാ കാര്യങ്ങളും കൊണ്ട്.

വ്യാഖ്യാനം :

1. റൂഹ് എന്നത് കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത് പരിശുദ്ധ ഖുര്‍ആനാണ് (റാസി). ജിബ്രീല്‍ എന്ന മലക്കും ഉദ്ദേശിക്കപ്പെടുന്നു.

2. മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലക്ക് മലക്കുകള്‍ ഖുര്‍ആനുമായി അവതരിപ്പിക്കപ്പെടുവാന്‍ തുടക്കം കുറിച്ചത് ഈ രാത്രിയിലാണ്. ഇത് കൊണ്ടാണ് ഭാവിയേയും വാര്‍ത്ത‍മാനത്തെയും കുറിക്കുന്ന പദം ഉപയോഗിച്ചത്. ഖുര്‍ആനിലെ അഞ്ചു സൂക്തങ്ങള്‍ മാത്രമാണ് ഈ രാത്രിയില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇറക്കി എന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായത് ഈ പദപ്രയോഗമാണ്‌.

5 . ഇത് രക്ഷയാണ്; ഉദയാസ്ഥാനം വരെ.

വ്യാഖ്യാനം :

പരിശുദ്ധ ഖുര്‍ആന്‍ സമാധാനവും രക്ഷയുമാണ്. അതിന്‍റെ മഹത്വം പ്രഭാതത്തിന്‍റെ ഉദയസ്ഥാനം വരെ ഉയര്‍ന്നു നില്‍ക്കുന്നു. "മത്വലഅ'" എന്നതിന്‍റെ അര്‍ഥം ഉദയസ്ഥാനം എന്നതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയുടെ സമയം എത്രയാണോ പ്രസ്തുത സമയം വരെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിന്‍റെ മലക്കുകള്‍ അവതരിപ്പിക്കപ്പെടും. ഇരുട്ട് ഉണ്ടാവുക എന്നത് ഇവിടെ നിബന്ധനയില്ല. അതിനാല്‍ ഇതിന്‍റെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ റമദാനിന്‍റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്‍റെ വെളിച്ചം

അഴിമതി തടയാന്‍ ഒരേ ഒരു വഴി

ഈ വര്‍ഷം വിശുദ്ധ റമദാനിലെ ദേശീയ തലത്തിലുള്ള മുഖ്യ ചര്‍ച്ചാവിഷയം അഴിമതിയാണല്ലോ. അഴിമതിയില്‍നിന്ന് പൂര്‍ണമായും മുക്തമായ ഏതെങ്കിലും ഒരു രംഗം ഇന്നുണ്ടോ. ശക്തമായ ഒരു അഴിമതി നിരോധനിയമത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ് ചിലര്‍ അതിനുവേണ്ടി സമരം ചെയ്യുന്നു. യഥാര്‍ഥത്തില്‍ നിയമങ്ങള്‍കൊണ്ടുമാത്രം തിന്മകളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമോ? നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന് എന്തെല്ലാം വിദ്യകള്‍ അറിയാം. മദ്യം നിരോധിക്കുന്നതോടൊപ്പം അത് വര്‍ജിക്കാനുള്ള ഉള്‍പ്രേരണകൂടിയുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ. വീട്ടിനകത്ത് രഹസ്യമായി മകളെ പീഡിപ്പിക്കുന്ന പിതാവിനെ തടയാന്‍ നിയമത്തിന് കഴിയുമോ? എല്ലാ കുറ്റകൃത്യങ്ങളുടെയും അവസ്ഥ ഇതുതന്നെ.

'സമ്പത്തിനോടുള്ള മനുഷ്യന്റെ പ്രേമം ശക്തമാണ്'എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ അത്യാര്‍ഥിയാണല്ലോ വഞ്ചനയും ചൂഷണവും കവര്‍ച്ചയും തട്ടിപ്പും മോഷണവും കൃത്രിമത്വവുമെല്ലാം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അഴിമതി അധികവും സാമ്പത്തിക രംഗത്താണ്. അധികാരവും പദവിയും വഴിവിട്ട മാര്‍ഗത്തിലൂടെ പണവും വ്യക്തിപരമായ നേട്ടവുമുണ്ടാക്കാന്‍ ഉപയോഗിക്കുക. നിയമത്തിന്റെ കുരുക്കില്‍ വീഴുന്നവരുണ്ട്. പക്ഷേ, രക്ഷപ്പെടുന്നവരാണ് അധികവും. തന്റെ മനസ്സിലുള്ളതുപോലും കണ്ടെത്തുന്ന ഒരു അദൃശ്യശക്തി സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവന്റെ നിയമം ലംഘിച്ചാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്നുമുള്ള ഉറച്ച വിശ്വാസമാണ് യഥാര്‍ഥത്തില്‍ അഴിമതി എന്നല്ല എല്ലാ തിന്മകളില്‍നിന്നും മനുഷ്യനെ തടയുന്നത്. ധനത്തിന്റെ കാര്യത്തില്‍ മരണശേഷം ഓരോ മനുഷ്യനും 'നീ എവിടുന്നു സമ്പാദിച്ചു? എങ്ങനെ ചെലവഴിച്ചു?' എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരുമെന്നാണ് മതം താക്കീത് ചെയ്യുന്നത്. ഈ ബോധം ഹറാമായ മാര്‍ഗത്തില്‍ അവിഹിതമായി സമ്പാദിച്ച ഒന്നും വേണ്ടെന്നുവെക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കും.

പ്രവാചകന്‍ അബ്ദുല്ലാഹിബിനു റവാഹയെ യഹൂദരുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി കണക്കാക്കാന്‍ അയക്കുന്നു. അവര്‍ അദ്ദേഹത്തിന് കുറച്ച് ധനം വെച്ചുനീട്ടി. അത് നിരസിച്ചുകൊണ്ട് അബ്ദുല്ല പറഞ്ഞു: 'നിങ്ങള്‍ വെച്ചുനീട്ടിയ കൈക്കൂലിയുണ്ടല്ലോ. അത് നിയമവിരുദ്ധമായ ധനമാണ്. ഞങ്ങള്‍ അത് തിന്നുകയില്ല.' ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കൊച്ചു മകന്റെ കൈയില്‍ ഒരു ആപ്പിള്‍. അത് പൊതുസ്വത്തില്‍നിന്നെടുത്തതാണെന്ന് മനസ്സിലാക്കിയ ഖലീഫ കുട്ടിയോട് അത് തരാന്‍ ആവശ്യപ്പെടുന്നു. അവന്‍ അത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഖലീഫ ബലമായി പിടിച്ചുവാങ്ങി. കുട്ടി കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി. അവരും വിങ്ങിപ്പൊട്ടി.

ധനത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു സൂക്ഷ്മതയും ആദര്‍ശനിഷ്ഠയും പാലിക്കാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ യ ഥാര്‍ഥ മതഭക്തിക്കു മാത്രമേ കഴിയുകയുള്ളൂ. അത്തരം ഒരു ഭക്തിയാണ് നോമ്പിന്റെ അന്തിമലക്ഷ്യം. അത് സാധിക്കുന്നുണ്ടോ ഇല്ലേ എന്നത് വേറെ കാര്യം. നിയമവും ദൈവബോധവും സമന്വയിപ്പിക്കുന്ന ഒറ്റവഴിയേ ഉള്ളൂ അഴിമതി പൂര്‍ണമായും തടയാന്‍.

by പി. മുഹമ്മദ് കുട്ടശ്ശേരി @ മാധ്യമം ദിനപത്രം

സകാത്ത്

മനുഷ്യന് ദൈവം നല്‍കിയ അതിപ്രധാന അനുഗ്രഹമാണ് സമ്പത്ത്. നന്മ എന്നര്‍ഥം വരുന്ന 'ഖൈര്‍' എന്ന പദം ഖുര്‍ആന്‍ പ്രയോഗിക്കുകയും സമ്പത്തിനെ സ്‌നേഹിക്കുക എന്നത് മനുഷ്യസഹജമാണെന്ന് പറയുകയും ചെയ്യുന്നു (വി.ഖു. 100:8). നിലനില്‍പിനുള്ള മാര്‍ഗം എന്ന വിശേഷണവും കാണാം. നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള ധനത്തെ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് വിട്ടുകൊടുക്കരുത്. (4:5)

സമ്പത്താകുന്ന ദൈവികാനുഗ്രഹം മനുഷ്യര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാവും. ആര്‍ജിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. എന്നാല്‍, തനിക്കു ലഭിച്ച അനുഗ്രഹം സമസൃഷ്ടികള്‍ക്ക് വേണ്ടി പങ്കുവെക്കേണ്ടത് വിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും ഭാഗമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (34:39). ധനത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണെന്നും മനുഷ്യര്‍ അത് മാറിമാറി കൈകാര്യം ചെയ്യുന്ന ട്രസ്റ്റിമാരാണെന്നുമാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. 'അവന്‍ നിങ്ങളെ ഏതൊരു സ്വത്തിന്റെ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക' (57:7). 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സ്വത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുക' (24:33). ധനികന് തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ അഹങ്കരിക്കാനോ പിടിച്ചുവെക്കാനോ പാടില്ല. സമ്പത്തിന്റെ വികേന്ദ്രീകരണത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞ ന്യായം ശ്രദ്ധേയമാണ്: 'സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന അവസ്ഥയില്ലാതിരിക്കാന്‍ വേണ്ടി' (59:7).

ധനികന്റെ സമ്പത്ത് നിശ്ചിത പരിധിയിലെത്തിയാല്‍ നിര്‍ണിതമായ ഒരു വിഹിതം, തന്റെ ഔദാര്യമെന്ന നിലയിലല്ല, പാവങ്ങളുടെ അവകാശമായി നല്‍കണം. ഇതിനാണ് സകാത് എന്ന് പറയുന്നത്. 'തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചുവരുന്നവനും ഉപജീവനം തടയപ്പെട്ടവനും നിര്‍ണിത അവകാശം നല്‍കുന്നവന്‍' (70:24:25). ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. ഒരാള്‍ മുസ്‌ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് നമസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതോടെയാണ് (9:11). സകാത് എന്ന പദത്തിന് വിശുദ്ധി, വര്‍ധന, വളര്‍ച്ച എന്നൊക്കെയാണ് ഭാഷാര്‍ഥം. മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരനുഷ്ഠാന കര്‍മമല്ല സകാത്. അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകന്മാരും സകാത്തിന് അനുശാസിക്കപ്പെട്ടതായി ഖുര്‍ആന്‍ വിവരിക്കുന്നു. (2:83, 5:12, 21:73)

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്. നമസ്‌കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിം സമുദായത്തില്‍ അംഗീകാരമില്ല; അതുപോലെത്തന്നെയാണ് സകാത് നിഷേധിയും. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ് സകാത് നല്‍കുക എന്നതും. (41:6,7). അബൂബക്കര്‍ ഖലീഫയായി ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍, സകാത് നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, നമസ്‌കാരത്തിന്റെയും സകാതിന്റെയുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവനോട് ഞാന്‍ സമരം ചെയ്യും; പടച്ചവനാണ, പ്രവാചകന് അവര്‍ നല്‍കാറുണ്ടായിരുന്ന ഒരു ഒട്ടകക്കുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ ഞാനവരോട് യുദ്ധം ചെയ്യും.' (ബുഖാരി, മുസ്‌ലിം)

സകാത് നല്‍കാത്തത് ഐഹിക ജീവിതത്തില്‍ തന്നെ ദൈവികശിക്ഷ വിളിച്ചുവരുത്തും. സകാത് നല്‍കാത്ത ഏത് സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍കൊണ്ട് പരീക്ഷിക്കാതിരിക്കില്ല (ത്വബ്‌റാനി). സകാത് നല്‍കാത്തവന്റെ ബാക്കി ധനംപോലും ദുഷിക്കുമെന്നും കാണാം. സകാത് ഏതൊരു ധനവുമായി കലരുന്നുവോ അത് മറ്റേതിനെ കേടുവരുത്താതിരിക്കില്ല (ബൈഹഖി). കൂടാതെ മരണാനന്തര ജീവിതത്തില്‍ കഠിനമായ ശിക്ഷക്ക് വിധേയമാകുമെന്നാണ് ഖുര്‍ആന്‍ താക്കീത് നല്‍കുന്നത് (9:34,35). സകാത് കേവലം നികുതിയോ സാമ്പത്തിക ഇടപാടോ അല്ല, മറിച്ച് അല്ലാഹുവിനുള്ള ആരാധനയാണ്. ആരാധനയില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷ ഉറപ്പായിരിക്കുമല്ലോ.

സകാത് വ്യക്തിഗതമായ ബാധ്യതയാണെങ്കിലും അതിന്റെ നിര്‍വഹണം സാമൂഹികമായിട്ടായിരിക്കണം. നബിയുടെ കാലത്ത് സകാത് ശേഖരിക്കാന്‍ ആളുകളെ (ആമില്‍) നിയോഗിക്കുകയും ചിലര്‍ നബിയെ നേരിട്ട് ഏല്‍പിക്കുകയും സകാത് നല്‍കുന്നവരുടെ ഗുണത്തിനായി നബി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അല്ലാഹുവിനുള്ള ഇബാദത് എന്ന നിലയില്‍ സൂക്ഷ്മത പുലര്‍ത്തി മാത്രമായിരിക്കണം സകാതിനെ സമീപിക്കേണ്ടതും കുറ്റമറ്റ നിലയില്‍ ചെയ്യേണ്ടതും. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.

by സലാഹുദ്ദീന്‍ മദനി @ മാധ്യമം ദിനപത്രം

ഖുര്‍ആന്‍ ആഘോഷത്തിനൊരു പുണ്യമാസം

റമദാന്‍ ആരാധനകളുടെയും പ്രാര്‍ഥനകളുടെയും ദൈവസ്മരണയുടെയും ദാന ധര്‍മ്മങ്ങളുടെയും മറ്റു ആത്മീയ സാധനകളുടെയും പുണ്യമാസമാണ്. അതില്‍ ബാഹ്യമായ ആഘോഷങ്ങളോ ആഹ്ലാദപ്രകടനങ്ങളോ ഇല്ല; തികച്ചും വ്യക്തിനിഷ്ഠമായ ആധ്യാത്മിക അനുഭൂതി മാത്രം.

എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ റമദാന്‍ മാസം ഒരു ആഘോഷവേള തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം അവരുടെ എല്ലാമെല്ലാമായ ഇഹപര ജീവിതങ്ങളില്‍ വിജയവും സൌഭാഗ്യവും കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ദൈവിക മാര്‍ഗദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന ദിവ്യഗ്രന്ഥത്തെ ആഘോഷിക്കാനുള്ള ഉത്സവവേള. കാരണം, റമദാനിലാണ് ആ ദൈവികഗ്രന്ഥം അവതരിച്ചത്, അഥവാ അവതരിക്കാന്‍ ആരംഭിച്ചത്.

അല്ലാഹു പറയുന്നു : മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. [അദ്ധ്യായം 10 യൂനുസ് 57 ,58]

അല്ലാഹു സത്യവിശ്വാസികള്‍ക്ക് റമദാന്‍വ്രതം നിര്‍ബന്ധമാക്കിയത് തന്നെ ഈ മഹത്തായ അനുഗ്രഹത്തിന്‍റെ ഓര്‍മ പുതുക്കാനും അതിന്‍റെ പേരില്‍ ദൈവത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുമാണ്. അവന്‍ പറയുന്നു : ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. [2 ബഖറ 185]

അതിനാല്‍ സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം ഈ മാസം ഖുര്‍ആന്‍ അവതരണം കൊണ്ടാടാനുള്ള ആഘോഷവേളയാണ്. ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നത് അതിനുള്ള ഏറ്റവും പ്രാഥമിക നടപടി മാത്രമാണ്. ദൈവിക ഗ്രന്ഥത്തോട് പൂര്‍ണ്ണമായി നീതിപാലിക്കാന്‍ കഴിയണമെങ്കില്‍ അതുമായുള്ള ബന്ധം അതിന്‍റെ അക്ഷരങ്ങളും വാക്കുകളും നാവുകൊണ്ട് ഓതുന്നതില്‍ മാത്രം ഒതുക്കിയാല്‍ മാത്രം പോരാ. അതിനുള്ളില്‍ കിടക്കുന്ന ആശയങ്ങളും തത്വങ്ങളും അധ്യാപനങ്ങളും മനസ്സിലാക്കുകയും പഠിക്കുകയും ചിന്തിക്കുകയും കൂടി ചെയ്യണം. കാരണം ആ ആശയങ്ങളും അധ്യാപനങ്ങളുമാണ്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും സംസ്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത്. അര്‍ത്ഥമറിയാതെയുള്ള ഖുര്‍ആന്‍ പാരായണം നിരര്‍ഥകമോ അനാവശ്യമോ ആണെന്നല്ല പറയുന്നത്. അതിനു അതിന്‍റേതായ പ്രതിഫലം അല്ലാഹുവില്‍ നിന്നും ലഭിക്കും. എന്നാല്‍, ഒരു മുസ്‌ലിം തന്‍റെ ജീവിതം മുഴുവന്‍ ഖുര്‍ആനിലെ വാക്കുകളും വാചകങ്ങളും അവയുടെ അര്‍ഥം ഗ്രഹിക്കാതെ ഓതിയാല്‍ തന്നെ എല്ലാമായി എന്നു മുസ്ലിംകളില്‍ പലരിലും നിലനില്‍ക്കുന്ന ധാരണ ശരിയല്ല എന്നു പറയാതിരിക്കാന്‍ സാധ്യമല്ല.

വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യാനും അതോടൊപ്പം അതിലെ ആശയങ്ങളും അര്‍ത്ഥങ്ങളും അധ്യാപനങ്ങളും ഗ്രഹിക്കാനും പഠിക്കാനും മനനം ചെയ്യാനുമായിരിക്കട്ടെ നമ്മുടെ മുഖ്യശ്രമവും ശ്രദ്ധയും.

by ഡോ : ഇ കെ അഹമദ് കുട്ടി @ മാധ്യമം ദിനപത്രം

Popular ISLAHI Topics

ISLAHI visitors