ഐക്യം മഹാനുഗ്രഹം

ഐക്യം അനുഗ്രഹമാണ്. അല്ലാഹു നല്‍കുന്ന അപാരമായ അനുഗ്രഹം. പരിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലായിരിക്കണം ഐക്യം. "നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു" [ഖുര്‍ആന്‍ 3 :103].

ആദര്‍ശബന്ധുക്കള്‍ക്കിടയില്‍ ഉണ്ടായിത്തീരേണ്ടത് മാനസികമായ ഐക്യമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ഭൌതികമായ താല്‍പര്യങ്ങളുടെപേരില്‍ ഐക്യപ്പെടുന്നവര്‍ക്ക് ഈ മാനസികമായ ഐക്യം പടച്ചവന്‍ കനിഞ്ഞരുളണമെന്നില്ല. "അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു" [ഖുര്‍ആന്‍ 8:63].

ആദര്‍ശതലത്തിലുള്ള മാനസികമായ ഐക്യപ്പെടലാണ് കാലഘട്ടം സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഐക്യത്തിലാണ് പടച്ചവന്‍റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാവുക എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. എന്നാല്‍ ആദര്‍ശത്തിനും വിശ്വാസത്തിനും വിരുദ്ധമായി പടച്ചവന്‍റെ എകത്വത്തിനും ഇസ്ലാമിന്‍റെ നിയമങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു കക്ഷികളായി പിരിഞ്ഞവരെക്കുറിച്ചു വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഖുര്‍ആന്‍ ശക്തമായി ഉണര്‍ത്തുന്നു. ഇത്തരത്തിലുള്ള ആദര്‍ശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ സംഘടിക്കുന്നതു അനിവാര്യവും ആക്ഷേപാര്‍ഹമല്ലാത്തതും ആണെന്നും നാം തിരിച്ചറിയണം. "തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്‌.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും" [ഖുര്‍ആന്‍ 6 :159].

അല്ലാഹുവിന്‍റെയും പ്രവാചകന്മാരുടെയും നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ നിലനിര്‍ത്തി അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിനു ശക്തിയും പ്രതാപവും പ്രൌഡിയും തേജസ്സും നേടിത്തരുന്നത്‌. ഈ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്നുള്ള അകല്‍ച്ച സമൂഹത്തിലെ ഭിന്നിപ്പിനും ശക്തിക്ഷയത്തിനും കാരണമായത്തീരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. "അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു" [ഖുര്‍ആന്‍ 8 :46]. അപ്പോള്‍ ആദര്‍ശത്തിലും വിശ്വാസത്തിലും ഖുര്‍ആനിന്റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ചിന്തകളെയും വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തി മുന്നേറുന്ന കൂട്ടായ്മയിലാണ് പടച്ചവന്‍റെ സഹായം ഉണ്ടാവുക. അവരെ മാത്രമാണ് പടച്ചവന്‍ ഇഷ്ടപ്പെടുക. "സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍ പോലെ അണിചേര്‍ന്നുകൊണ്ട് തന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു" [ഖുര്‍ആന്‍ 61:4].

അതോടൊപ്പം കളവും വഞ്ചനയും ഏഷണിയും കൈമുതലാക്കി ആദര്‍ശസമൂഹത്തിന്‍റെ പൊതുനന്മക്കെതിരെ പ്രവര്‍ത്തിക്കുകയും അവരുടെ പുരോഗതിക്കു തടസ്സം നില്‍ക്കുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും ഐക്യത്തിലൂടെ നമുക്ക് സാധിക്കണം. കാരണം ഇത്തരക്കാര്‍ എത്ര വല്യവരാണെങ്കിലും അവരെ അംഗീകരിക്കരുതെന്ന അല്ലാഹുവിന്‍റെ കല്പന വളരെ ഗൌരവമുള്ളതാണ്.
"അധികമായി സത്യം ചെയ്യുന്നവനും, നീചനും കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും നന്‍മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയും ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായ യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌" [ഖുര്‍ആന്‍ 68 : 10 -13].

by അലി മദനി മൊറയൂര്‍ @ അല്‍ ഇസ്ലാഹ്