മതം സ്നേഹമാണ്

മതത്തെ ജനങ്ങള്‍ ഭയപ്പെടേണ്ടിവരുന്ന അവസ്ഥ എത്ര അപമാനകരമാണ്; ആപല്‍കരമാണ്. ദൌര്‍ഭാഗ്യവശാല്‍ അത് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, തീവ്രവാദം, ബോംബ്‌ സ്ഫോടനങ്ങള്‍, സ്വത്ത് നശീകരണം തുടങ്ങിയ അക്രമങ്ങളെ മതവുമായും മാതാനുയായികളുമായും ബന്ധപ്പെടുത്തി അവതരിപ്പിക്കപ്പെടുന്നു. ദൈവഭക്തി ശക്തിപ്പെടുത്തിക്കൊണ്ട് ഓരോ വ്യക്തിയുടെ മനസ്സിലും സമൂഹമനസ്സാക്ഷിയിലും സ്നേഹവും സമാധാനവും സൃഷ്ടിക്കലാണ് മതത്തിന്‍റെ ദൌത്യം. ഇതിനു വിപരീതമായി മതം ഭീതിപരത്തുന്നതും ഹിംസക്കു പ്രേരണ നല്‍കുന്നതുമാണെന്നുമുള്ള ആരോപണം വിചിത്രമായിരിക്കുന്നു.

അഹിംസ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ഒന്നാണ്. മനസാ വാചാ കര്‍മണാ ആരെയും ദ്രോഹിക്കാവതല്ല. മഹാഭാരതം അനുശാസിക പര്‍വതത്തില്‍ പറയുന്നുണ്ട് : 'അഹിംസ പരമ ധര്‍മ്മമാണ്. പരമമായ തപസ്സും പരമസത്യവും അഹിംസയാണ്. സര്‍വ ഭൂതങ്ങളോടുള്ള സ്നേഹത്തില്‍ നിന്നാണ് അത് ഉദിക്കുന്നത്. എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നായിരിക്കണം ഒരോരുത്തരുടേയും വിചാരം. ലോകസമസ്താ സുഖിനോ ഭവന്തു'. ശ്രീബുദ്ധന്‍ അഹിംസയുടെ മഹാ പ്രവാചകനായിരുന്നു. എല്ലാ ജീവജാലങ്ങളെയും ദുഖത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ബുദ്ധദര്‍ശനത്തില്‍ അഹിംസാവ്രതം പരമപ്രധാനമാണ്. ക്ഷുദ്രപ്രാണികളുടെ ഹിംസപോലും ഒഴിവാക്കുന്ന തരത്തിലുള്ള ജീവിതചര്യയാണ് ജൈനമതത്തിലുള്ളത്. ശത്രുവിനെപ്പോലും സ്നേഹിക്കാനും വലതു കവിളിലടിച്ചാല്‍ ഇടതുകവിളും കാണിച്ചു കൊടുക്കാനും ഉപദേശിച്ച ക്രിസ്തു സ്നേഹത്തിന്‍റെയും അഹിംസയുടെയും അതുന്ന്യത സന്ദേശമാണ് പ്രചരിപ്പിച്ചത്.

തീവ്രവാദി ആക്രമണാരോപണത്തിനു ഏറ്റവുമധികം വിധേയമായ മതമാണ്‌ ഇസ്‌ലാം. ഇസ്‌ലാം എന്ന വാക്കില്‍ തന്നെ സമാധാനം, രക്ഷ എന്നീ ആശയങ്ങള്‍ അടങ്ങിയിരിക്കുന്നു. ജീവന്‍ നല്‍കിയ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ജീവനെടുക്കാനോ ഒന്നിനെയും നശിപ്പിക്കാനോ അവകാശമില്ലെന്നതാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്. മനുഷ്യവധത്തെ അത് മഹാപാപമായി കാണുന്നു. ദൈവം ഭക്ഷ്യാവശ്യ ത്തിനു മനുഷ്യന് അനുവദിച്ചതോ ഉപദ്രവകാരിയോ ആയ ജീവികളെയല്ലാതെ മറ്റൊന്നിനെയും വധിക്കാവതല്ല. നിരപരാധികളായ മനുഷ്യര്‍ക്ക്‌ ജീവഹാനിയും സ്വത്തുക്കള്‍ക്ക് നാശവുമുണ്ടാക്കുന്ന എത്രയെത്ര സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടക്കുന്നു! കാരുണ്യം പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ മുഖമുദ്രയാണ്. ഒരാള്‍ ഇസ്‌ലാംമത വിശ്വാസിയാവണമെങ്കില്‍ അയാളുടെ എല്ലാതരം ഉപദ്രവത്തില്‍ നിന്നും മറ്റുള്ളവര്‍ക്ക് സുരക്ഷ വേണമെന്നു നബി (സ) നിര്‍ദേശിക്കുന്നു.

മനുഷ്യരുടെ രക്തവും ധനവും അഭിമാനവും പരസ്പരം ഹറാം (നിഷിദ്ധം) ആണെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കുന്നു. യുദ്ധവേളയില്‍ ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കേണ്ട സന്ദര്‍ഭത്തില്‍പോലും ആക്രമണകാരികളെയല്ലാതെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും ഉപദ്രവിക്കാന്‍ പാടില്ലെന്ന് നബിയും പിന്‍ഗാമികളും പ്രത്യേകം നിഷ്കര്‍ശിച്ചിരുന്നു. ആരോടെങ്കിലുമുള്ള വിരോധം ഒരിക്കലും നീതിരഹിതമായി പ്രവര്‍ത്തിക്കുന്നതിന് പ്രേരിപ്പിക്കരുതെന്നു ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. തിന്മകളെ നിര്‍മാര്‍ജനം ചെയ്യേണ്ടത് കൂടുതല്‍ വലിയ തിന്മകളെക്കൊണ്ടല്ല; നന്മകള്‍ കൊണ്ടായിരിക്കണമെന്നാണ് മതത്തിന്‍റെ കാഴ്ചപ്പാട്.

ബാബരി മസ്ജിദ് തകര്‍ത്തവരും ഗുജറാത്തില്‍ അത്യാചാരങ്ങള്‍ നടത്തിയവരും ഇറാഖ് അധിനിവേശത്തിലൂടെ നിരവധിപേരുടെ ജീവനും സ്വത്തിനും നാശം വരുത്തിയവരും അമേരിക്കയിലും ബ്രിട്ടനിലും ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരും വിവിധ മതങ്ങളുടെ അനുയായികളാണെങ്കിലും അവര്‍ ചെയ്ത കുറ്റം ആ മതങ്ങളുടെമേല്‍ കെട്ടി വെക്കാമോ? മതം സ്നേഹവും സൌഹൃദവും സമാധാനവും സുരക്ഷയുമാണ്‌. നര്നിലാവ് പോലെ തെളിഞ്ഞ മതത്തിന്‍റെ പരിശുദ്ധിയെ ഇല്ലാതാക്കുന്ന പ്രവണതയെ നാം അപലപിക്കേണ്ടതുണ്ട്.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്