തൌഹീദ് : അനശ്വരശാന്തിയുടെ ആത്മാവ്‌

ശാന്തമായി ഒഴുകുന്ന ഒരു നീരൊഴുക്കല്ല മനുഷ്യജീവിതം. മറിച്ച്‌ സംഘര്‍ഷങ്ങളും അസമാധാനങ്ങളും നിറഞ്ഞതാണത്‌. പരീക്ഷണങ്ങളുടെ പാരാവാരത്തെയും പ്രതിസന്ധികളുടെ കൂരമ്പുകളെയും നേരിട്ടുകൊണ്ട്‌ മാത്രമേ അത്‌ മുന്നോട്ട്‌ പോവുകയുള്ളൂ. ഒട്ടും പരീക്ഷിക്കപ്പെടാതെ കഴിഞ്ഞുകൂടുക

എന്നത്‌ അസംഭവ്യമാണ്‌. അതുകൊണ്ടു തന്നെ ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ വിവരണം മനുഷ്യര്‍ക്ക്‌ ലഭ്യമാകേണ്ടത്‌ അനിവാര്യമാണ്‌. അതിനു വേണ്ടി ലോകരക്ഷിതാവ്‌ അവതരിപ്പിച്ച വിമോചനത്തിന്റെ സന്ദേശമാണ്‌ ഇസ്‌ലാം. ഏകദൈവത്വമാണതിന്റെ അടിസ്ഥാനാദര്‍ശം. ഈ ആദര്‍ശത്തെ അടിയാധാരമായി സ്വീകരിച്ചാണ്‌ വിശ്വാസിയുടെ ജീവിതം പടര്‍ന്നുപന്തലിക്കുന്നത്‌. ജീവിതത്തിലുണ്ടാവുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരമോതുന്ന ദിവ്യസന്ദേശമാണതിന്റെ സവിശേഷത. സമാധാനപൂര്‍ണമായ ജീവിതവും ഇഹപര ജീവിതവിജയവുമാണത്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

അനശ്വരശാന്തിയുടെ ആത്മാവ്‌ കുടികൊള്ളുന്നത്‌ ഏകദൈവ വിശ്വാസത്തിലാണ്‌. ഏകനായ ദൈവത്തെ ആരാധ്യനായും അവലംബമായും കരുതിയുറപ്പിക്കുന്ന ജീവിത നിലപാടാണത്‌. ജീവിതത്തിനൊരു ശക്തമായ പിന്തുണയും ശക്തിയും പ്രദാനംചെയ്യുന്ന ഊര്‍ജമാണത്‌. ഈ ഊര്‍ജം ഉള്ളിലേറ്റിയവനാണ്‌ സത്യവിശ്വാസി. അതുകൊണ്ടു തന്നെ സത്യവിശ്വാസിയുടെ ജീവിതം എല്ലായ്‌പ്പോഴും ഏകദൈവത്വത്തെ പ്രതിനിധീകരിക്കുന്നതാണ്‌. ``പറയുക: അല്ലാഹു ഏകനാണ്‌. അവന്‍ ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്‌. അവന്‌ ആരുടെയും ആശ്രയം ആവശ്യമില്ല. അവനു പിതാവില്ല, പുത്രനുമില്ല. അവന്‌ തുല്യമായി ആരും ഇല്ലതാനും.'' (വി.ഖു 112:1-4).

മുഴുവന്‍ ശക്തിയുടെയും പ്രഭവകേന്ദ്രമാണ്‌ ലോകരക്ഷിതാവായ അല്ലാഹു. ആ മഹാശക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ലോകത്ത്‌ യാതൊന്നും സംഭവിക്കുന്നില്ല. പരമാണു മുതല്‍ അനന്ത വിഹായസ്സിലെ നക്ഷത്രങ്ങള്‍ വരെ അവന്റെ അധികാരത്തിന്‌ കീഴിലാണ്‌ നിലകൊള്ളുന്നത്‌. ഈയൊരു ശക്തിയില്‍ ജീവിതം സമര്‍പ്പിക്കാനും ഈ ശക്തിയെക്കുറിച്ചുള്ള ശരിയായ അറിവിലേക്കെത്തിച്ചേരാനും സാധിക്കുന്നവര്‍ക്കേ ജീവിതമോക്ഷം ലഭ്യമാകൂ. ദൈവത്തെ നേരിട്ട്‌ നമുക്ക്‌ സമീപിക്കാനാവില്ലെന്നും ഇടയാളുകളുടെയോ പൂജാരികളുടെയോ സഹായം അതിനാവശ്യമാണെന്നും വിശ്വസിക്കുന്നത്‌ ഏകദൈവ വിശ്വാസത്തിന്‌ വിരുദ്ധമാണ്‌. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നുവെന്ന്‌ ദിനേന ആവര്‍ത്തിച്ചുരുവിടുന്നവനാണ്‌ സത്യവിശ്വാസി.

ഏകനായ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നതിലൂടെ മനുഷ്യന്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിതാനത്തിലേക്കുയരുകയാണ്‌. താന്‍ തനിച്ചല്ലെന്നും, ലോകത്തെ സൃഷ്‌ടിച്ച നാഥന്റെ സഹായവും രക്ഷയും തനിക്ക്‌ ലഭ്യമാവുമെന്നുമുള്ള പ്രതീക്ഷാബോധം വിശ്വാസിയുടെ ഓരോ നിമിഷത്തെയും സജീവമാക്കും. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരു നന്മ വരുത്തണമെന്ന്‌ വിചാരിച്ചാലും, ഒരു തിന്മ നടപ്പിലാക്കണമെന്ന്‌ വിചാരിച്ചുറപ്പിച്ച്‌ പ്രവര്‍ത്തിച്ചാലും അല്ലാഹുവിന്റെ അനുമതിയില്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന സത്യവിശ്വാസി, മറ്റാര്‍ക്കും അനുഭവിക്കാനാവാത്ത സുരക്ഷിതത്വം അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ മനശ്ശാന്തി നിറഞ്ഞുപൂക്കുന്നു. അവന്റെ ഹൃദയവിചാരങ്ങള്‍ അല്ലാഹുവുമായി ബന്ധമുള്ളതായിത്തീരുന്നു. അവന്റെ ഇടപാടുകളും നയനിലപാടുകളുമെല്ലാം ഉറച്ച വിശ്വാസത്തിന്റെ സരണിയിലും നന്മയിലുമായിത്തീരുന്നു. അവന്റെ മനസ്സ്‌ ശാന്തമായിത്തീരുന്നു. ദൈവസ്‌മരണ കൊണ്ട്‌ മാത്രമാണ്‌ മനുഷ്യന്‌ പൂര്‍ണമായ മനശ്ശാന്തി ലഭിക്കുന്നത്‌ എന്നാണ്‌ ഖുര്‍ആനിക കാഴ്‌ചപ്പാട്‌.

മനുഷ്യനെ ശിക്ഷിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ക്രൂരനല്ല അല്ലാഹു. മറിച്ച്‌ മനുഷ്യര്‍ക്ക്‌ കാരുണ്യത്തിന്റെയും രക്ഷയുടെയും സമാധാനത്തിന്റെയും വാതായനങ്ങള്‍ തുറന്നുവെച്ചവനാണവന്‍. തന്നോട്‌ തന്റെ അടിമ ആവശ്യങ്ങളുന്നയിക്കുന്നതില്‍ ഏറെ സന്തുഷ്‌ടനാണ്‌ അല്ലാഹു. ആവശ്യങ്ങളും തേട്ടങ്ങളും അവനില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണമെന്നതാണ്‌ അല്ലാഹു നമ്മെ അറിയിക്കുന്നത്‌. ``എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച്‌ നിന്നോട്‌ ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക്‌ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‌കും. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവന്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടി.'' (2:186) തന്റെ രക്ഷിതാവിനോട്‌ ചോദിച്ചാല്‍ ഉത്തരം നല്‌കപ്പെടുമെന്നും നിരാശനാവേണ്ടി വരില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തോടു കൂടി അല്ലാഹുവിനു മുമ്പില്‍ കൈനീട്ടുന്ന ഒരു സത്യവിശ്വാസി വളരെ വലിയ മനസ്സുഖമാണ്‌ അനുഭവിക്കുന്നത്‌. എന്തും നേരിടാന്‍ മാത്രം വിശാലമായ മനസ്സ്‌ ഇതിലൂടെ വിശ്വാസിക്ക്‌ കൈവരുന്നു. അവന്‍ ദൈവത്തിന്റെ വിശാലമായ കാരുണ്യത്തിലും തണലിലുമായിത്തീരുന്നു. എന്നാലിന്ന്‌ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ ദൈവത്തിന്‌ സമന്മാരെ സ്ഥാപിക്കുകയും അവര്‍ തങ്ങളുടെ ജീവിതര ക്ഷയ്‌ക്കെത്തുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. സൃഷ്‌ടികളിലെ ചിലരില്‍ ദിവ്യത്വം ആരോപിക്കുകയും അവര്‍ അല്ലാഹുവിന്റെയടുക്കല്‍ തങ്ങള്‍ക്ക്‌ വേണ്ടി ശുപാര്‍ശ ചെയ്യുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു.

അങ്ങനെ അല്ലാഹുവിന്‌ മാത്രം നല്‌കേണ്ട നേര്‍ച്ചകളും വഴിപാടുകളും അര്‍ച്ചനകളും ആരാധനകളും മറ്റുള്ളവര്‍ക്ക്‌ നല്‌കുന്ന ഗുരുതരമായ പാപത്തിനവര്‍ കാരണക്കാരായിത്തീരുന്നു. ദൈവം അല്ലാഹു മാത്രമാണെന്നും, അവന്റെ കഴിവില്‍ മറ്റാര്‍ക്കും യാതൊരു വിധത്തിലുമുള്ള സ്വാധീനവുമില്ലെന്നും അവന്‍ എല്ലാറ്റിന്റെയും സ്രഷ്‌ടാവാണെന്നുമുള്ള നിരവധി വാക്യങ്ങള്‍ ഖുര്‍ആന്‍ മനുഷ്യര്‍ക്ക്‌ മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്‌. ``(നബിയേ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അതല്ല, ആകാശങ്ങളുടെ സൃഷ്‌ടിപ്പില്‍ അവര്‍ക്ക്‌ വല്ല പങ്കും ഉണ്ടോ?'' (ഖു. 46:4)

ഏകദൈവവിശ്വാസി വെളിച്ചത്തിലാണ്‌. സമാധാനത്തിലും ശാന്തിയിലുമാണ്‌. അവന്റെ ജീവിതവഴി ഖുര്‍ആനാണ്‌. ജീവിതശൈലി സുന്നത്താണ്‌. അവന്റെ വിചാരണ പരലോകത്താണ്‌. യഥാര്‍ഥ ജീവിതത്തിന്റെ ആരംഭം മരണശേഷമാണ്‌. ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമായതെല്ലാം ഇരുട്ടുകളാണ്‌. അസമാധാനമാണതിന്റെ ആകെത്തുക. അന്ധകാരത്തിന്റെ ആഴിയിലാണതിന്റെ പര്യവസാനം. ഇരുട്ടുകള്‍ പലവിധമുണ്ട്‌. ഇരുട്ടുകളുടെ ഇരുട്ടാകുന്ന ശിര്‍ക്കിലേക്ക്‌ വഴിനടത്തുന്നതിനെയെല്ലാം ഇസ്‌ലാം നിരോധിച്ചു. നബി(സ) പറഞ്ഞു: ``ആരെങ്കിലും ഒരു പ്രശ്‌നക്കാരനെ സമീപിച്ചു. എന്നിട്ട്‌ അവനോട്‌ വല്ലതിനെ സംബന്ധിച്ചും ചോദിച്ചു. അങ്ങനെ അവന്‍ പറയുന്നത്‌ വിശ്വസിക്കുകയും ചെയ്‌തു. അങ്ങനെയെങ്കില്‍ അവന്റെ നാല്‌പത്‌ ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.'' (തിര്‍മിദി)

വെളിച്ചത്തിന്‌ ഒരു ദൈവം, ഇരുട്ടിന്‌ ഒരു ദൈവം, സംഹാരത്തിന്‌ മറ്റൊരു ദൈവം എന്ന കാഴ്‌ചപ്പാടും വിശ്വാസവും തെറ്റാണെന്നും ദൈവം ഏകന്‍ മാത്രമാണെന്നും വിശുദ്ധ ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നു. (വി.ഖു 23:91)

അന്യൂനനും അജയ്യനുമായ ഏക ഇലാഹിനെ ആരാധിക്കുമ്പോള്‍ മാത്രമാണ്‌ മനുഷ്യന്‌ ആത്മീയമായ ഉണര്‍വ്‌ സാധ്യമാവുന്നത്‌. അതുകൊണ്ടു തന്നെ മനുഷ്യജീവിതത്തിലെ ന്യൂക്ലിയസ്‌ ആയി പരിഗണിക്കേണ്ടത്‌ ഏകദൈവ വിശ്വാസത്തെയാകുന്നു. ഇതിന്‌ ചുറ്റുമായിട്ടാണ്‌ വിശ്വാസിയുടെ ജീവിതം ചുറ്റിക്കറങ്ങേണ്ടത്‌. ഇവിടെ വീഴ്‌ച സംഭവിച്ചാല്‍ കെട്ടിപ്പൊക്കിയതെല്ലാം തകര്‍ന്നുവീഴും. പടച്ചുവെച്ചതെല്ലാം ഉടഞ്ഞുവീഴും. ഒരുപാട്‌ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടി വരും. എന്നാല്‍ ആരാധ്യന്‍ ഏകനാണെന്ന്‌ ഉറച്ചുവിശ്വസിക്കുകയും അവനില്‍ ഭരമേല്‌പിച്ചുകൊണ്ട്‌ ജീവിക്കുകയും ചെയ്യുന്നവന്‌ ഇഹപര ജീവിതം മനശ്ശാന്തി നിറഞ്ഞതായിരിക്കും. പ്രതിസന്ധികളുടെ കാറ്റിലും കോളിലും കടപുഴകാതെ ഉറച്ച മുരടുള്ള മരത്തെപ്പോലെ നിലകൊള്ളാന്‍ അവന്‌ കഴിയും. ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തിന്റെ ശിഖരങ്ങള്‍ പോലെ അവന്റെ ജീവിതം ലോകത്ത്‌ തണല്‍വിരിക്കും. വെയിലത്തും മഴയത്തും നശിക്കാത്ത, കടപുഴകി വീഴാത്ത മരത്തെപ്പോലെ വിശ്വാസിയുടെ ജീവിതം ഉറച്ചതും ശക്തവുമായിത്തീരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങ്ങനെ: ``അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‌കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട്‌ ഉറച്ചുനില്‌ക്കുകയും അതിന്റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌ അവര്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.'' (വി.ഖു 14:24,25)

ഇന്ന്‌ ലോകത്ത്‌ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരിലധികവും അസ്വസ്ഥതകളും ആകുലതകളുമായിട്ടാണ്‌ കഴിഞ്ഞുകൂടുന്നത്‌. എല്ലാവിധത്തിലുമുള്ള ഭോഗവസ്‌തുക്കളും ആസ്വാദന വിഭവങ്ങളുമെല്ലാമുണ്ടായിട്ടും മനസ്സുഖം അവര്‍ക്കെല്ലാം മരീചികയായിത്തീരുന്നു. ജീവിതത്തിന്‌ പൂര്‍ണമായ രുചിയോ സ്വാദോ കിട്ടാത്ത അവസ്ഥ വന്നുചേരുന്നു. എല്ലാമുണ്ടായിട്ടും എന്തിന്റെയൊക്കെയോ കുറവുണ്ടെന്ന തോന്നല്‍, സുഖസൗകര്യങ്ങളുടെ നിറവിലും ഞെരുക്കത്തിന്റെ നീറ്റല്‍, സുഖാഡംബരങ്ങള്‍ക്കിടയിലും ആത്മീയമായ ശൂന്യത, അസ്വസ്ഥജനകമായ ജീവിതാവസ്ഥകള്‍. ഇവിടെയാണ്‌ മനുഷ്യന്‌ വിശ്വാസം തുണയായിത്തീരുന്നത്‌. ഏകനായ ദൈവത്തിലുള്ള ഇളക്കം തട്ടാത്ത വിശ്വാസം മനുഷ്യനെ ഒരേ സമയം ദൃഢചിത്തനും ശാന്തശീലനുമാക്കിത്തീര്‍ക്കുന്നു. അപ്പോള്‍ അശാന്തിയും അസമാധാനവും അവന്റെ ജീവിതവഴിയില്‍ നിന്നും വഴിമാറുന്നു. സംശയം വേണ്ട, അനശ്വരശാന്തിയുടെ ആത്മാവ്‌ ഏകദൈവവിശ്വാസമാകുന്നു.

by ജംഷിദ് നരിക്കുനി @ ശബാബ്