ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആര്?

ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആരാണ്?

ദീന്‍ ആരുടേതാണോ അവനാണ് ദീന്‍ കര്‍മങ്ങള്‍ നിശ്ചയിച്ചു തരേണ്ടത്‌. ഇസ്‌ലാം ദീന്‍ ആരുടേതാണെന്ന് ഓരോ മുസ്ലീമിനും അറിയും. അത് അല്ലാഹുവിന്‍റെതാണ്. അവസാനത്തെ നബിയായ മുഹമ്മദ്‌ നബി (സ) മുഖേനയാണ് ഇസ്ലാം ദീനിലെ ആചാര-വിശ്വാസങ്ങളുടെ അന്തിമരൂപം അല്ലാഹു നമുക്ക് അറിയിച്ചു തന്നത്. അപ്പോള്‍ ഇസ്ലാം ദീനിലെ ആചാരങ്ങളും ക്രമങ്ങളും ലോക സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു നിശ്ചയിച്ചു തന്നതാണ്; മുഹമ്മദ്‌ നബി (സ) അറിയിച്ചു തന്നതാണ്.

മുഹമ്മദ്‌ നബി (സ) എങ്ങനെയൊക്കെ ദീന്‍ കര്‍മ്മങ്ങള്‍ അറിയിച്ചു തരും?

അല്ലാഹുവിന്‍റെ 'കലാം' (ഖുര്‍ആന്‍) ഓതിത്തന്നും അതിനെ വാചാ വിശദീകരിച്ചുതന്നും അതില്‍ ചെയ്യേണ്ട 'അമലുകള്‍' ചെയ്തു കാണിച്ചുതന്നും നബി (സ) ഇസ്ലാം ദീന്‍ ക്രമങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നു. ദീനില്‍ നബി (സ) നമുക്ക് അറിയിച്ചു തരുന്ന വാക്കിലോ പ്രവൃത്തിയിലോ നബിയുടെ സ്വന്തമായി ഒന്നും ഉണ്ടായിരിക്കുകയില്ല. എല്ലാം അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം മാത്രമായിരിക്കും. അല്ലാഹു അറിയിച്ചു കൊടുത്തതിനെ സ്വന്തം ഇഷ്ടപ്രകാരം മാറ്റാനോ തിരുത്താനോ ഉള്ള അവകാശം പോലും പ്രവാചകനില്ല.

ഖുര്‍ആന്‍ പറയുന്നു : "വഹ്'യ് കിട്ടുന്ന കാര്യങ്ങള്‍ അപ്പടി പിന്തുടരുകയല്ലാതെ അത് മാറ്റിത്തിരുത്താന്‍ തനിക്കു അവകാശമില്ലെന്നു നബിയെ അവരോടു പറയുക" [യൂനുസ് 15]. അപ്പോള്‍ ഇസ്ലാം ദീന്‍ അല്ലാഹുവിന്‍റെതാണ് . അതിലെ കര്‍മ്മങ്ങള്‍ നബി (സ) അറിയിച്ചു തന്നവയുമാണ്. അതിലെ കര്‍മ്മങ്ങള്‍ ഏറ്റാനോ കുറയ്ക്കാനോ പകരം വെക്കാനോ മറ്റാര്‍ക്കെങ്കിലും -പ്രവാചകന് പോലും- അവകാശമില്ല. മുഹമ്മദ്‌ നബി (സ) മുഖേന ഇസ്ലാം ദീനിനെ അതിന്റെ പൂര്‍ണ്ണമായ രൂപത്തില്‍ -ഒന്നും വിട്ടു പോകാതെ- അല്ലാഹു നമുക്ക് അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു.

ഖുര്‍ആനില്‍ ഏതാണ്ട് അവസാനമായി ഇറങ്ങിയ ആയത്ത് കാണുക : "ഇന്നേ ദിവസം നിങ്ങള്‍ക്കായുള്ള ദീനിനെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമാക്കിയിരിക്കുന്നു. എന്‍റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തരികയും ചെയ്തിരിക്കുന്നു. ആ ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ദീനായി നാം തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു" [മാഇദ]. ആ ദീനിനെ പൂര്‍ണ്ണമായ രൂപം മുഹമ്മദ്‌ നബി (സ) കാണിച്ചു തന്നു. അതിനാല്‍ ഇസ്ലാം ദീന്‍ ശരിയായി ആചരിക്കണമെന്നുള്ളവര്‍ പ്രവാചകനെ പിന്‍പറ്റി ജീവിക്കുക. "റസൂല്‍ കൊണ്ട് വന്നത് സ്വീകരിക്കുക. അദ്ദേഹം നിരോധിച്ചത് ഉപേക്ഷിക്കുക!" [ഹശ്'ര്‍]. ഇങ്ങനെ ജീവിക്കുന്നതിനേ 'ഇസ്‌ലാം ദീന്‍ അനുസരിച്ചു ജീവിക്കുക' എന്ന് പറയുകയുള്ളൂ.

അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹുവും റസൂലും നിശ്ചയിച്ചു തന്നിട്ടില്ലാത്ത കാര്യങ്ങള്‍ കടന്നുകൂടിയാല്‍ അവയ്ക്കാണ് ബിദ്അത്ത് എന്ന് പറയുന്നത്. ആരെങ്കിലും അങ്ങനെയുള്ള വല്ലതും ദീനില്‍ ഉണ്ടാക്കിയാല്‍ -അതെത്ര ഉപകാരപ്രദമായ കാര്യങ്ങളായിരുന്നാലും ശരി- കടുത്ത കുറ്റവും ധിക്കാരവും തള്ളിക്കളയേണ്ടതായ ദുഷ്കൃത്യവുമാണെന്നതില്‍ ഒരു മുസ്‌ലിമിന് ഒട്ടും സംശയിക്കാനില്ല. കാരണം വളരെ വ്യക്തമാണ്. ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം അല്ലാഹുവിനും റസൂലിനുമാകയാല്‍ അവരുടെ അവകാശത്തില്‍ കൈ കടത്തുകയാണ് സ്വന്തമായി ആചാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവര്‍ അത് മുഖേന ചെയ്യുന്നത്. മാത്രവുമല്ല, 'ഇസ്‌ലാം ദീന്‍ പൂര്‍ണ്ണമാക്കിത്തന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞത് കള്ളമാണെന്ന് വാദിക്കുന്നതിനു തുല്യവുമാണ് ആ പ്രവൃത്തി. അത്കൊണ്ടാണ് വളരെ ഗൌരവസ്വരത്തില്‍ നബി (സ) പലരൂപത്തില്‍ തറപ്പിച്ചു പറഞ്ഞത് :

"നമ്മുടെ ഈ (ദീന്‍) കാര്യത്തില്‍ അതില്‍പ്പെടാത്ത വല്ലതും വല്ലവനും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപെടെണ്ടതാണ്" [ബുഖാരി,മുസ്ലിം].

"നമ്മുടെ കല്പനയില്ലാത്ത വല്ല 'അമലും' ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപെടെണ്ടതാണ്" [മുസ്ലിം].

by ചെറിയമുണ്ടം അബ്ദുര്‍റസാക്ക് @ ബിദ്അത്ത് വ്യാപ്തിയും കെടുതിയും from യുവത ബുക്സ്

വഴിയിലെ ഉപദ്രവം നീക്കല്‍

നബി (സ) പറഞ്ഞു : "ഈമാന് 70ല്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വചനവും, ഏറ്റവും താഴ്ന്ന പടിയിലുള്ളത് വഴിയില്‍ നിന്നും ഉപദ്രവം നീക്കലുമാണ്. നാണം ഈമാനിന്‍റെ ഒരു ശാഖയാണ്".

ഇസ്ലാമിലെ മൂന്നു മേഖലകള്‍ സ്പര്‍ശിച്ചിട്ടുണ്ട് ഈ ഹദീസില്‍. 1.വിശ്വാസമേഖല, 2.കര്‍മ്മമേഖല, 3.സ്വഭാവമേഖല. ഇവയ്ക്കു ഓരോ ഉദാഹരണങ്ങളും നബി (സ) എടുത്തുദ്ധരിച്ചിരിക്കുന്നു. വഴിയില്‍ നിന്നും ഉപദ്രവം നിര്‍മാര്‍ജനം ചെയ്യുക എന്നത് കര്‍മ്മപരമായ വിഷയമാണ്.

"വേസ്റ്റുകള്‍ തൂക്കിയെടുക്കും, ഒരു കിലോ ഒരു രൂപ" എന്നൊരു ബോര്‍ഡ് പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഒരു ദിനം പ്രത്യക്ഷപ്പെട്ടുവെന്നു കരുതുക. അയല്‍വാസികളുടെ വേസ്റ്റുകള്‍ പോലും അപഹരിച്ചു നാം ഒരു പക്ഷെ ഈ ഓഫീസുകളുടെ മുന്നില്‍ ക്യു നില്‍ക്കും. എന്നാല്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‍റെ പരലോക പ്രതിഫലത്തില്‍ ഇന്ന് നാം എത്ര കണ്ട ആകൃഷ്ടരാകുന്നുണ്ട്?

മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവനെ മുസ്ലിമായി ഇസ്‌ലാം കണക്കാക്കുന്നില്ല. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസ്‌ലാം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രൂപത്തില്‍ വൃക്ഷം നട്ടുവളര്‍ത്തുന്നത് അംഗീകരിക്കുന്നില്ല. വീട്ടുമുറ്റത്ത് വെച്ച മരം വളര്‍ന്നു ശാഖകള്‍ തന്‍റെ അതിര്‍ത്തിവിട്ടു അയല്‍വീട്ടിലേക്കോ റോഡിലെക്കോ വളര്‍ന്നു പന്തലിച്ചിട്ടുണ്ടെങ്കില്‍ അത് അയല്‍വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉപദ്രവമുണ്ടാക്കില്ലെന്നു ഉറപ്പു വരുത്തണം. ഉപദ്രവമെങ്കില്‍ ആ വൃക്ഷശാഖ മുറിക്കല്‍ മുസ്ലിമിന്‍റെ ബാധ്യതയാണ്. വൃക്ഷം നടുമ്പോള്‍ തന്നെ ദീര്‍ഘദൃഷ്ടിയുണ്ടാവണം.

ഓരോ വ്യക്തികളും അവരവരുടെ വസതിയുടെ മുന്‍ഭാഗത്തെ വഴിയും അഴുക്കുചാലും വൃത്തിയാക്കാന്‍ സന്നദ്ധമായാല്‍ നമ്മുടെ നാടിന്‍റെ പല ദിക്കിലെയും വൃത്തിഹീനമായ അവസ്ഥ പരിഹരിക്കാവുന്നതെയുള്ളൂ. പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ അവരുടെ ജോലി നിര്‍വഹിക്കുന്നതിന് വിഘാതമാവാത്ത രൂപത്തില്‍ അവര്‍ക്ക് കൈതാങ്ങ് നല്‍കിക്കൂടെ. പരലോക പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്നോര്‍ക്കുക!

അഴുക്കു ചാലുകള്‍ മാലിന്യമിടുന്ന കുപ്പകളായി ജനങ്ങളില്‍ പലരും മനസ്സിലാക്കി വച്ചതിനാല്‍ വീട്ടിനകത്തെ വേസ്റ്റും കാനയിലാണ് നിക്ഷേപിച്ചു വരുന്നത്. ഇതിനു മാറ്റമുണ്ടാകണം. മസ്ജിദുകളില്‍ നിന്നാണ് വൃത്തിയുടെയും മാലിന്യനിര്‍മാര്‍ജനത്തിന്‍റെയും പാഠങ്ങള്‍ മുസ്ലിംകള്‍ക്ക് ലഭിക്കേണ്ടത്. മുതവല്ലിമാര്‍ നേതൃത്വം കൊടുത്തു പള്ളി പരിസരം മാലിന്യമുക്തമാക്കാന്‍ ശ്രമമുണ്ടാകണം. മാര്‍ഗതടസ്സങ്ങളായിട്ടുള്ള കല്ലും മുള്ളും ചില്ലും വഴിയില്‍ നിന്നും മാറ്റുക എന്നത് മാത്രമല്ല മേല്‍ ഹദീസിന്‍റെ താല്പര്യമെന്ന് മനസ്സിലാക്കണം. വഴിയില്‍ ഒരു കുഴിയുണ്ടെങ്കില്‍ അതില്‍ കല്ലും മണ്ണും ഇട്ടു നിരപ്പാക്കലും ഉപദ്രവ നിര്‍മാര്‍ജനം തന്നെയാണ്.

വഴിയിലും വരാന്തയിലും കൂട്ടംകൂടി നിന്നുള്ള സംസാരം അതിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് തടസ്സമാകുന്നുവെങ്കില്‍ നമ്മളാണ് അവിടത്തെ മാര്‍ഗതടസ്സം. നമ്മള്‍ അവിടന്ന് മാറലാണ് വഴിയില്‍ നിന്നും ഉപദ്രവം നീക്കല്‍. കല്യാണഹാളുകളില്‍ വിവാഹസദ്യക്ക് പങ്കെടുക്കാന്‍ കാറുകളില്‍ വരുന്നവര്‍ ശ്രദ്ധിച്ചു പാര്‍ക്ക് ചെയ്യാത്തത് കൊണ്ട് പലയിടങ്ങളിലും വാഹനങ്ങള്‍ ബ്ലോക്കാവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ നഗരങ്ങളില്‍ ട്രാഫിക്ക് ജാം ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം സ്വാര്‍ത്ഥതയാണെന്ന് മനസ്സിലാക്കാവുന്നതാണ്. എല്ലാവര്‍ക്കും ആദ്യം ഉദ്ദേശ്യ സ്ഥലത്തെത്തണം. ട്രാഫിക്ക് നിയമങ്ങള്‍ അവിടെ പാലിക്കപ്പെടുന്നില്ല. അത് നിമിത്തം ആര്‍ക്കും ഉദ്ദേശിച്ച സമയത്ത് എത്താന്‍ കഴിയുന്നില്ല. നിയമങ്ങള്‍ പാലിക്കുകയാനെങ്കില്‍ സുഗമമായി എല്ലാവര്‍ക്കും എത്താന്‍ സാധിക്കും. ഉപദ്രവവും തടസ്സവുമില്ലാത്ത രൂപത്തില്‍ തെരുവ് വീഥികള്‍ സംവിധാനിക്കേണ്ട ആവശ്യകതയും ഈ ഹദീസ് വിളിച്ചോതുന്നുണ്ട്.

by മുസ്തഫ കൊച്ചിന്‍ @ പുടവ മാസിക

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍

റബീഉല്‍അവ്വല്‍

പ്രവാചകന്‍ (സ) ജനിച്ച മാസമാണ് റബീഉല്‍അവ്വല്‍. ഈ മാസത്തില്‍ പ്രത്യേകമായി എന്തെങ്കിലും പുണ്യ കര്‍മ്മം അനുഷ്ടിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. അതിനാല്‍ പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച സഹാബിവര്യന്മാര്‍ ഈ മാസത്തില്‍ അര സ്വലാത്തു പോലും നബി (സ)യുടെ പേരില്‍ കൂടുതലായി ചൊല്ലിയിട്ടില്ല. അര ദിര്‍ഹമെങ്കിലും കൂടുതല്‍ ദാനധര്‍മം ചെയ്തിട്ടില്ല. ഒരു ദരിദ്രനെങ്കിലും കൂടുതല്‍ പരിഗണന നല്‍കി അന്നദാനം ചെയ്തിട്ടില്ല. അര ഫര്സഖ് അല്ലെങ്കില്‍ അര മീറ്റര്‍ ദൂരമെങ്കിലും നബിദിന റാലി നടത്തിയിട്ടില്ല. അര വരി മദ്ഹുഗാനം പോലും ഈ മാസത്തില്‍ കൂടുതലായി പാടിയിട്ടില്ല. ഒരു വീടെങ്കിലും അലങ്കരിച്ചിട്ടില്ല. അര ശതമാനം സന്തോഷമെങ്കിലും കൂടുതല്‍ പ്രകടിപ്പിച്ചിട്ടില്ല. രണ്ട് റക്അത്ത് നമസ്കാരമെങ്കിലും കൂടുതലായി നിര്‍വഹിച്ചിട്ടില്ല. ഒരു ദിവസത്തെ നോമ്പെങ്കിലും കൂടുതലായി ഈ മാസത്തില്‍ അനുഷ്ടിച്ചിട്ടില്ല.

റബീഉല്‍അവ്വല്‍ മാസം വരുന്നു. അത് അതിന്‍റെ അപ്പുറവും ഇപ്പുറവും ഉള്ള മാസം കഴിഞ്ഞു പോകുന്നത് പോലെ കഴിഞ്ഞുപോകുന്നു. യാതൊരു ചലനവും ഈ മാസം നബി (സ) യുടെ കാലത്തും സഹാബതതിന്റെ കാലത്തും മുസ്ലിംകള്‍ക്കിടയില്‍ സൃഷ്ട്ടിച്ചിരുന്നില്ല. നാല് മാസങ്ങള്‍ അല്ലാഹു 12 മാസങ്ങള്‍ക്കിടയില്‍ നിന്നും പവിത്രമാസങ്ങളായി തിരഞ്ഞെടുത്തു. എന്നിട്ട്പോലും നബി (സ) ജനിച്ച റബീഉല്‍അവ്വല്‍ മാസത്തെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നമസ്ക്കാരം, നോമ്പ്, ദാനധര്‍മം മുതലായ പുണ്യകര്‍മ്മങ്ങള്‍ പല മാസങ്ങളില്‍ വര്‍ധിപ്പിക്കുവാന്‍ പ്രത്യേകം നിര്‍ദേശിച്ചു [ഉദാ: റമദാന്‍, മുഹറം, ദുല്‍ഹജ്ജ്]. എന്നിട്ടും റബീഉല്‍അവ്വല്‍ മാസത്തില്‍ എന്തെങ്കിലും പുണ്യകര്‍മ്മം വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശിച്ചില്ല.

റജബ്, ശഅ'ബാന്‍ മാസങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ നിര്‍ദേശിച്ചു കൊണ്ടും ഈ മാസങ്ങളുടെ ശ്രേഷ്ടത വിവരിച്ചുകൊണ്ടും ഇസ്ലാമിന്‍റെ ശത്രുക്കള്‍ ദുര്‍ബലമായ ധാരാളം ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കി. എന്നിട്ടും ഈ റബീഉല്‍അവ്വല്‍ മാസത്തിന്‍റെ ശ്രേഷ്ടത വിവരിക്കുന്ന ഒരു വാറോല ഹദീസ്പോലും നബി (സ)യിലേക്ക് ചേര്‍ത്തിക്കൊണ്ട് നിര്‍മ്മിക്കുവാന്‍ അവര്‍ക്ക് പോലും തോന്നിയില്ല. അങ്ങിനെ മൌലീദ് നിര്‍മ്മിച്ച ആളുകള്‍ക്ക് ഒരു ദുര്‍ബല ഹദീസെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കാതെ ചില ജല്‍പ്പനങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും അവലംബിക്കേണ്ട സാഹചര്യം അല്ലാഹു സൃഷ്ടിച്ചു.

ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പല സ്ഥലങ്ങള്‍ക്കും പല വ്യക്തികള്‍ക്കും പല മാസങ്ങള്‍ക്കും ശ്രേഷ്ടത വിവരിക്കുന്ന അദ്ധ്യായങ്ങള്‍ തന്നെ നല്‍കി. അങ്ങിനെ അവയില്‍ സ്ഥിരപ്പെട്ടതും ദുര്‍ബലവുമായ ഹദീസുകള്‍ ഉദ്ധരിച്ചു. എന്നാല്‍ "റബീഉല്‍ അവ്വലിന്റെ ശ്രേഷ്ടത" എന്ന ഒരൊറ്റ അദ്ധ്യായംപോലും അവരില്‍ ഒരാള്‍പോലും നല്‍കിയില്ല. അങ്ങനെ ഹദീസുകളില്‍ ദുര്‍ബലമായത്പോലും അവര്‍ ഉദ്ധരിച്ചില്ല. അമല്‍ ചെയ്യാന്‍ ദുര്‍ബലമായ ഹദീസിനെ അവലംബിക്കാമെന്ന പുരോഹിതന്മാരുടെ ജല്പനത്തിനുപോലും നബിദിനത്തിന്‍റെ വിഷയത്തില്‍ പ്രവേശനത്തിനു പഴുതില്ലാത്തവിധം ഹദീസ് ഗ്രന്ഥങ്ങള്‍ സുരക്ഷിതമാക്കപ്പെട്ടു. അവസാനം 'നല്ല ബിദ്അത്ത്' എന്നതിനെ ഇസ്ലാമിന്‍റെ പ്രമാണമായി ഇവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.

അപ്പോള്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറഞ്ഞത് തന്നെയാണ് യാഥാര്‍ത്ഥ്യം. അദ്ദേഹം പറഞ്ഞു : "തീര്‍ച്ചയായും മൌലീദിന്റെ അടിസ്ഥാനം ബിദ്അത്താണ്. അത് മൂന്നാം നൂറ്റാണ്ടുവരെയുള്ള നല്ലവരായ സലഫീങ്ങളില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നില്ല" [അല്‍ഹാവി 1 / 260].

by അബ്ദുസ്സലാം സുല്ലമി @ മുസ്ലിങ്ങളിലെ അനാചാരങ്ങള്‍ from യുവത ബുക്സ്

മനസ്സും പരിസരവും മലിനമുക്തമാകട്ടെ

ദൈവം മനുഷ്യന് വേണ്ടിയാണ് നിരവധി വസ്തുക്കള്‍കൊണ്ട് സമ്പന്നമായ ഈ മനോഹര പ്രകൃതിയെ സൃഷ്ടിച്ചത്. ഇതിനെ ജീവിതത്തിനു ഉപയോഗപ്പെടുത്താനല്ലാതെ നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. വളരെ കൃത്യമായി തോതും തൂക്കവും ഒപ്പിച്ചും, സന്തുലിതാവസ്ഥ ക്രമപ്പെടുത്തിയുമാണ്‌ സൃഷ്ടാവ് ഇതിനെ സംവിധാനപ്പെടുത്തിയിട്ടുള്ളത്. ഈ പ്രകൃതി ഇതേപടി നിലനിര്‍ത്തേണ്ടത് മനുഷ്യന്‍റെ കടമയാണ്. ജലവും മണ്ണും ചെടികളും വൃക്ഷങ്ങളുമെല്ലാം അവയുടെ സ്വച്ഛതയില്‍ തന്നെ നിലകൊള്ളണം. മനോഹരവും വിസ്മയകരവുമായ ഈ പ്രുകൃതി തന്നെയാണ് ദൈവത്തിന്‍റെ അസ്ഥിത്വത്തിനും അവന്‍റെ അപാരമായ കഴിവുകള്‍ക്കുമുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, അരുവികള്‍, അവയിലെ മത്സ്യങ്ങള്‍, വൃക്ഷലതാദികള്‍, വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങള്‍, മൃഗങ്ങള്‍, പറവകള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാണിച്ചു അവയെപ്പറ്റി ചിന്തിക്കാന്‍ വേദഗ്രന്ഥം ആവശ്യപ്പെട്ടിരുന്നു. ദൈവിക മഹത്വത്തിന്റെ നിദര്‍ശനമായ ഈ പ്രുകൃതി ഇതേ നിലയില്‍ നിലനിര്‍ത്താന്‍ വിശ്വാസികള്‍ ആഗ്രഹിക്കേണ്ടതും പരിശ്രമിക്കേണ്ടതുമാണ്. തിങ്ങിയ വനങ്ങളിലും സംഗീതമൊഴുകുന്ന കാട്ടുചേലകളിലും ഗാനമാലപിക്കുന്ന പറവകളിലും പ്രഭാതസമയത്ത് മഞ്ഞുതുള്ളികള്‍ വഹിച്ചു നൃത്തമാടുന്ന പൂക്കളിലും പച്ചപ്പടര്‍പ്പുകളിലും തുള്ളിച്ചാടുന്ന പുള്ളിമാന്‍ കൂട്ടങ്ങളിലുമെല്ലാം അവര്‍ ദിവ്യസൌന്ദര്യമാണ് ദര്‍ശിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കുന്തോറും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ പ്രുകൃതിയുടെ ഈ സ്വച്ഛതയും സൌന്ദര്യവും ഒരിക്കലും മാഞ്ഞുപോകാതെ അതേപടി തുടരണമെന്നും അവര്‍ കൊതിക്കുന്നു. മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പുണ്യകര്‍മ്മമാണ്‌. വെട്ടി നശിപ്പിക്കുന്നത് പാപകൃത്യവും.

മനുഷ്യന്‍റെ അകവും പുറവും സുന്ദരവും പരിശുദ്ധവുമായിരിക്കണമെന്നതാണ് മതത്തിന്‍റെ തേട്ടം. അന്തരീക്ഷം പരിമളകരവും മാലിന്യമുക്തവുമായിരിക്കണം. പ്രവാചകന്‍റെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രവഹിച്ചിരുന്നു. സുഗന്ധം പൂശുന്നതിനെ മതം പുണ്യ കര്‍മ്മമായി കാണുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചവച്ചു വായനാറ്റത്തോടെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ പാടില്ല. മതവിശ്വാസി പ്രാര്‍ത്ഥനാലയങ്ങളിലും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റു സ്ഥലങ്ങളിലും വൃത്തിയുള്ള വേഷത്തിലായിരിക്കണം പ്രത്യക്ഷ പ്പെടെണ്ടത്.

മലിനമുക്തമായിരിക്കണം അന്തരീക്ഷം. പൊതുസ്ഥലത്ത് മൂത്രവിസര്‍ജനം നടത്തുന്നതിനെ പ്രവാചകന്‍ നിരോധിച്ചു. മതവിശ്വാസികള്‍ പരിസരമലിനീകരണത്തിനു കൂട്ടുനില്‍ക്കാവതല്ല. പക്ഷെ, പാഴ്വസ്തുക്കളും ഉചിഷ്ടങ്ങളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നവരില്‍ വിശ്വാസികളെയും കാണാം. വഴിയില്‍ നിന്നും ഉപദ്രവം നീക്കം ചെയ്യുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമാണ്. പക്ഷെ, പലപ്പോഴും സംഭവിക്കുന്നത്‌! ഇത് പാപമാണെന്ന ചിന്ത വിശ്വാസികളില്‍ വളരുന്നില്ല. ജലം മഹത്തായ ദൈവികാനുഗ്രഹമാണ്. 'കിണറുകളും കുളങ്ങളും തോടുകളും വരണ്ടു പോയാല്‍ എന്തായിരിക്കും അവസ്ഥ?' എന്ന ഒരു ചോദ്യം വേദഗ്രന്ഥത്തിലുണ്ട്. അതുകൊണ്ട് ജലം സൂക്ഷിച്ചുപയോഗിക്കാന്‍ പ്രവാചകന്‍ പറയുന്നു. ആരാധനയ്ക്ക് വേണ്ടി അംഗശുദ്ധി വരുത്തുമ്പോള്‍ പോലും ജലത്തിന്‍റെ അമിതോപയോഗം പാടില്ല. ജലമലിനീകരണമുണ്ടാക്കുന്ന ഏതു പ്രവൃത്തിയില്‍ നിന്നും ഒരു വിശ്വാസി മാറി നില്‍ക്കേണ്ടതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തരുതെന്നു പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.

എല്ലാ മനുഷ്യര്‍ക്കും വേണ്ട അവശ്യഗുണമാണ് സൌന്ദര്യ ബോധം. "ദൈവം സുന്ദരനാണ്, അവന്‍ സൌന്ദര്യം ഇഷ്ടപ്പെടുന്നു". നമ്മുടെ അകവും പുറവും സൌന്ദര്യമുള്ളതാക്കാന്‍ നാം ശ്രദ്ധിക്കണം. മനുഷ്യമനസ്സ് മാലിന്യം നിറഞ്ഞതാകുമ്പോള്‍ അതില്‍നിന്നും പുറത്ത് വരുന്ന പ്രവൃത്തികളും അപ്രകാരം മാലിന്യം നിറഞ്ഞതായിരിക്കും. സ്വാര്‍ഥതയുടെ മാലിന്യക്കൂമ്പാരങ്ങള്‍ നിറക്കപ്പെട്ട മനസ്സുകളെ വഹിച്ചു നടക്കുന്ന മനുഷ്യരെ ശുദ്ധീകരിക്കാതെ തലമുറക്ക്‌ തന്നെ രക്ഷയില്ല.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്

Popular ISLAHI Topics

ISLAHI visitors