വിശക്കുന്നവനു ആതിഥ്യമരുളുക

കൊടും പട്ടിണിയിലായിരുന്നു മദീന. വിശപ്പിന്‍റെ വേദന ഉള്ളിലൊതുക്കി സഹാബികള്‍ വീടുകളില്‍ കഴിഞ്ഞുകൂടി. തിരുനബി (സ)യുടെ വീട്ടിലും ദിവസങ്ങളോളം അടുപ്പെരിഞ്ഞില്ല. വെള്ളം മാത്രം ആഹാരമായ ദിനങ്ങളിലൊന്നില്‍ ദൂതര്‍ വിശന്ന വയറുമായി പുറത്തിറങ്ങി. വഴിയില്‍ അബൂബക്കറും ഉമറും (റ) . ഇരുവരും തിരുനബി (സ)യുടെ അതേ അവസ്ഥയില്‍ തന്നെ.

മൂവരും ചെന്നെത്തിയത് ആദ്യ അന്‍സാരികളില്‍ ഒരാളായ അബുല്‍ഹൈസമിന്റെ വീട്ടില്‍. സലാം ചൊല്ലി എത്തിയ വിശിഷ്യ വിരുന്നുകാരെ ഗൃഹനായിക ഭവ്യതയോടെ സ്വീകരിച്ചിരുത്തി വെള്ളവും ഈത്തപ്പഴവും നല്‍കി.

ഇറങ്ങാനൊരുങ്ങി നില്‍ക്കുന്ന വിരുന്നുകാരുടെ മുന്നിലേക്കാണ്‌ അബുല്‍ഹൈസം വന്നു കയറിയത്. മൂവരുടെയും ആഗമന രഹസ്യം ഊഹിച്ചെടുത്ത ആതിഥേയന്‍ അവരെ പിടിച്ചിരുത്തി. തന്‍റെ പ്രിയപ്പെട്ട ആടിനെ അറുത്തു സമൃദ്ധമായ സദ്യയൊരുക്കി. വറുതിയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ നബി (സ)യും സഹചരും വയറു നിറച്ചുണ്ടു. സമ്പന്നനല്ലെങ്കിലും വിശക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കി ദൈവപ്രീതിക്ക് തിടുക്കം കൂട്ടിയ അബുല്‍ഹൈസമിന്റെ പ്രവൃത്തി തിരുനബി (സ)യെ അങ്ങേയറ്റം ആകര്‍ഷിച്ചു. കുടുംബത്തിനായി പ്രാര്‍ഥിച്ചു ഇറങ്ങും മുമ്പ് നബി (സ) പറഞ്ഞു :"അബുല്‍ഹൈസം, യുദ്ധസ്വത്ത് വല്ലതും കിട്ടിയെന്നറിയുമ്പോള്‍ വന്നു കാണണം, മറക്കരുത്".

മാസങ്ങള്‍ കടന്നുപോയി. അബുല്‍ഹൈസമിന്റെ വീട്ടില്‍ പട്ടിണി നിത്യ വിരുന്നുകാരനായി. ആയിടക്കു തന്നെ അല്‍പ്പം യുദ്ധസ്വത്ത് ദൂതരുടെ മുമ്പാകെ എത്തിയ വിവരവും ലഭിച്ചു. അബുല്‍ഹൈസം തിരുനബി (സ)യുടെ മുമ്പിലെത്തി. രണ്ട് അടിമകള്‍ മാത്രമായിരുന്നു അവിടെ ബാക്കിയുണ്ടായിരുന്നത്. അവരെ ചൂണ്ടി നബി (സ) പറഞ്ഞു : "സഹോദരാ, ഇവരില്‍ ഒരാള്‍ ഭക്തനാണ്. മറ്റെയാള്‍ ശക്തനും. ഇഷ്ട്ടമുള്ളവരെ താങ്കള്‍ക്കെടുക്കാം". ഭക്തനായ അടിമയെ സ്വീകരിച്ചു അബുല്‍ഹൈസം മടങ്ങി.

വീട്ടിലെത്തി ഭാര്യയോടു വിവരം പറഞ്ഞു. അപ്പോള്‍ ഭാര്യ ചോദിച്ചു : "താങ്കള്‍ ഇക്കാലംവരെ പരിശ്രമിച്ചതെല്ലാം ഒരു അടിമക്ക് വേണ്ടിയായിരുന്നോ? അതോ, ദൈവപ്രീതിക്ക് വേണ്ടിയിരുന്നോ?". ധര്‍മസങ്കടത്തിലായ അബുല്‍ഹൈസം രണ്ടാമത് ആലോചിച്ചില്ല. അടിമയെ സ്വതന്ത്രനാക്കി വിട്ടു. ശേഷം വീട്ടുകാരിക്ക്‌ നന്ദി പറഞ്ഞു അദ്ദേഹം സ്ഥലംവിട്ടു. വിവരം തിരുനബി (സ) അറിഞ്ഞു. അപ്പോള്‍ നബി (സ) ഇങ്ങനെ മൊഴിഞ്ഞു : "അല്ലാഹു ഒരാള്‍ക്ക്‌ നന്മ ഉദ്ദേശിച്ചാല്‍ നന്മയിലൂടെ വഴി നടത്തുന്ന ഭാര്യയെ അയാള്‍ക്ക്‌ നല്‍കുകയാണ് ചെയ്യുക". ശേഷം ദൂതര്‍ ഒരിക്കല്‍ കൂടി അബുല്‍ ഹൈസമിനും കുടുംബത്തിനും വേണ്ടി പ്രാര്‍ഥനാ നിരതനായി.

by വി എസ്‌ എം @ പുടവ കുടുംബ മാസിക