എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്?

"നീ നിന്‍റെ റബ്ബിനോട് വിനയത്തോടും ശബ്ദരഹിതമായും രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥിക്കുക" [7 :205]

ഒരിക്കലും പ്രാര്‍ത്ഥനകളില്ലാതെ അശ്രദ്ധമായി ജീവിക്കരുതെന്നു അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. അച്ചടക്കത്തോട്കൂടിയ പ്രാര്‍ത്ഥനയാണ് ആവശ്യം. ഹൃദയംഗമായ -സുവ്യക്തമായ- പ്രാര്‍ത്ഥന. ബോധ്യമില്ലാതെ വെറും അധരപരമായ പ്രാര്‍ത്ഥന ഇസ്‌ലാം വെറുക്കുന്നു. പ്രാര്‍ത്ഥന അചഞ്ചലമനസ്സിന്‍റെ ആവശ്യം ആക്കിത്തീര്‍ക്കുന്നു.

നബി (സ) പറയുന്നു : "അല്ലാഹുവിന്‍റെ വിധിയെ പ്രാര്‍ത്ഥന തടയുന്നതാണ്. സല്‍ക്കര്‍മ്മങ്ങള്‍ ആയുസ്സിനെ വര്‍ധിപ്പിക്കും" [തുര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഹാകിം]. അതുപോലെത്തന്നെ പാപകര്‍മ്മങ്ങള്‍ അവന്‍റെ വിഭവത്തെ തടയുകയും ചെയ്യും എന്ന് കൂടി നബി (സ) ഓര്‍മ്മപ്പെടുത്തുന്നു. നബി വചനത്തിലെ ആശയത്തെ ബലപ്പെടുത്തിക്കൊണ്ട് "അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചു കളയുകയും അവന്‍ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ്. വിധികളുടെ മൂല ഗ്രന്ഥം അവന്‍റെയടുത്താകുന്നു" എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചിരിക്കുന്നു. കുടുംബബന്ധം ചേര്‍ക്കുന്നതും നിലനിര്‍ത്തുന്നതും ആയുസ്സിനെ വര്‍ധിപ്പിക്കുന്നതും ജീവിതത്തെ ഐശ്വര്യപ്പെടുത്തുന്നതുമാണെന്ന് പ്രവാചകന്‍ (സ) ഉണര്‍ത്തുന്നു [ബുഖാരി]. ഇത്ര ശക്തമായ പ്രതിഫലം പ്രാര്‍ത്ഥന വഴി ജീവിതത്തില്‍ സാധിച്ചെടുക്കാമെന്നു അറിയിക്കുകയാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ അല്ലാഹുവോട് പൂര്‍ണ്ണ നിഷ്കളങ്കതയോടെ അവനെ സ്തുതിച്ചുകൊണ്ടും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടും ആരംഭിക്കുകയും അതേപോലെ അവസാനിപ്പിക്കുകയും ചെയ്യുക.

- പ്രത്യുത്തരം ലഭിക്കുമെന്ന നിശ്ചയ ദാര്‍ട്യത്തോടെ,
- ദൃദമായ ഉറച്ച നിലയിലുള്ള ആവശ്യപ്പെടല്‍,
- മറുപടി ലഭിക്കേണ്ടതില്‍ ധൃതികാണിക്കാതെയും,
- ഹൃദയ മനസ്സാനിധ്യത്തോടെയും,
- ക്ഷേമത്തിലും ക്ഷാമത്തിലും അനുസൃതമായി,
- അല്ലാഹുവോട് മാത്രം ചോദിക്കുക.
- സമ്പത്ത്, ജോലി, ഐശ്വര്യം എന്നിവയ്ക്ക് ദോഷകരമായോ,
- സ്വന്തത്തിനു തന്നെ എതിരിലോ,
- മക്കള്‍ക്ക്‌ ദോഷകരമായോ പ്രാര്‍ത്ഥിക്കരുത്.
- ശബ്ദം താഴ്ത്തിയും,
- സ്വന്തം കുറവുകളും പോരായ്മകളും എടുത്തുപറഞ്ഞും ഏറ്റു സമ്മതിച്ചും,
- ഖിബ്‌ലക്ക് അഭിമുഖമായും കൈകള്‍ ഉയര്‍ത്തിയും,
- സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തും, അവ ആവര്‍ത്തിച്ചു പറഞ്ഞും പ്രാര്‍ത്ഥിക്കുക.

മേല്‍പ്പറഞ്ഞ മര്യാദക്രമങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് ജീവന്‍പകരുക തന്നെചെയ്യും. ഹംദ്, സ്വലാത്ത് ഇവ രണ്ടും പ്രാര്‍ത്ഥനയില്‍ പ്രധാനമാണ്‌. പ്രവാചകന്‍റെമേല്‍ സ്വലാത്തില്ലാത്ത ദുആ അസ്വീകാര്യമാണെന്ന് അറിയിക്കുന്നു.

"അല്ലാഹു അത്യുദാരനും നിത്യജീവനുമാകുന്നു. ഒരു ദാസന്‍ അവനിലേക്കുയര്ത്തിയ കൈ യാതൊന്നും നല്‍കാതെ മടക്കുന്നത് അവനു ലജ്ജാകരമാകുന്നു" [അബൂദാവൂദ്, തുര്‍മുദി, ഇബ്നുമാജ, ഹാകിം].

by CM മൌലവി @ പ്രാര്‍ത്ഥനകളുടെ ലോകം from അക്ഷരം ബുക്സ്, ആലുവ