നേര്‍ച്ച

മുസ്‌ലിമായ ഒരാളുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ലാത്തതും എന്നാല്‍ പുണ്യകര്‍മങ്ങളായി നിശ്ചയിച്ചിട്ടുള്ളതുമായ കാര്യങ്ങളെ സ്വയം താന്‍ ചെയ്യുമെന്ന്‌ ഉറപ്പിച്ചു നിര്‍ബന്ധമാക്കുന്നതിന്നാണ്‌ നേര്‍ച്ചയാക്കല്‍ എന്ന്‌ പറയുക. ഓരോ വ്യക്തിയും ഫര്‍ദായി ചെയ്യണമെന്ന്‌ മതം അനുശാസിച്ച കര്‍മങ്ങള്‍ സാധാരണഗതിയില്‍ നേര്‍ച്ചയാക്കല്‍ കീഴ്‌വഴക്കമില്ലാത്തതാണ്‌. അഥവാ സുന്നത്ത്‌, നഫ്‌ല്‌, മുസ്‌തഹബ്ബ്‌, തതവ്വുഅ്‌ തുടങ്ങിയ കാര്യങ്ങളിലാണ്‌ നേര്‍ച്ച നേരല്‍.

ഉദാഹരണമായി ഞാന്‍ ഇന്ന്‌ അഞ്ചുനേരത്തെ ഫര്‍ദ്‌ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയെന്ന്‌ പറഞ്ഞുറപ്പിക്കില്‍ ശരിയല്ല. എന്നാല്‍ റവാത്തിബ്‌ സുന്നത്തുകള്‍, തഹജ്ജുദ്‌, വിത്‌റ്‌, തഹിയ്യത്ത്‌ പോലെയുള്ള നമസ്‌കാരങ്ങളും ഇഅ്‌തിഖാഫ്‌ പോലെയുള്ള കര്‍മങ്ങളും ചെയ്യുമെന്ന്‌ ഉറപ്പാക്കിയാല്‍ അത്‌ നേര്‍ച്ചയാകും. നമ്മുടെ നാടുകളില്‍ നേര്‍ച്ച എന്ന്‌ സാധാരണ പറയാറ്‌, ഒരു മഖ്‌ബറയില്‍ മറമാടപ്പെട്ട പുണ്യപുരുഷന്റെ പേരില്‍ ജനങ്ങള്‍ ഉത്സവങ്ങള്‍ പോലെ ആഘോഷിക്കപ്പെടുന്നതിനാണ്‌. നാട്ടുകാരെല്ലാവരും കൂടി പിരിച്ചുണ്ടാക്കിയ പണം കൊണ്ട്‌ ഇറച്ചിയും മറ്റു ഭക്ഷണങ്ങളും വീതിച്ചെടുക്കുന്നതും നേര്‍ച്ചയാണെന്ന പേരിലാണ്‌. ബദ്‌രീങ്ങളുടെ നേര്‍ച്ച, ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച, മുനമ്പം നേര്‍ച്ച, അപ്പവാണിഭ നേര്‍ച്ച തുടങ്ങിയവ പോലെ.

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു ചെയ്യുന്ന സദ്‌കര്‍മങ്ങള്‍ ഈവിധം ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അത്‌ വീട്ടല്‍ നിര്‍ബന്ധമാണ്‌. ``നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്ത്‌ പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും'' (വി.ഖു. 76:7) എന്ന്‌ ഖുര്‍ആനില്‍ സൂചിപ്പിച്ചത്‌ മതം നിയമമാക്കിയതിനെ നേര്‍ച്ചനേര്‍ന്നാല്‍ പൂര്‍ത്തീകരിക്കുന്നവരെ ഉദ്ദേശിച്ചാണ്‌. അല്ലാതെ പ്രവാചകനോ സ്വഹാബത്തോ പഠിപ്പിക്കാത്തതും മതം വിലക്കിയതുമായ കാര്യങ്ങളെ നേര്‍ച്ചയാക്കുന്നവരെപ്പറ്റിയല്ല. ഒരാള്‍ ഞാനൊരു നേര്‍ച്ച നേര്‍ന്നിരിക്കുന്നു എന്ന്‌ സ്വയം തീരുമാനിക്കുകയും അത്‌ ഏതു കര്‍മമാണെന്ന്‌ ക്ലിപ്‌തപ്പെടുത്താതിരിക്കുന്നതും ശരിയല്ല. ഇത്തരം നേര്‍ച്ചകള്‍ക്കു പകരമായി അയാള്‍ ഒരു സത്യം ചെയ്‌തത്‌ പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ നല്‌കേണ്ടതായ പ്രായശ്ചിത്തം കൊടുത്താല്‍ മതിയാകും. (പത്ത്‌ അഗതികള്‍ക്ക്‌ ഭക്ഷണമോ വസ്‌ത്രമോ നല്‌കല്‍, അല്ലെങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കകയോ മൂന്ന്‌ ദിവസം നോമ്പ്‌ അനുഷ്‌ഠിക്കുകയോ ചെയ്യുക). ഇത്‌ സത്യം ചെയ്‌തത്‌ പാലിക്കാത്തതിനുള്ള പ്രായശ്ചിത്തമാണ്‌.

നേര്‍ച്ച ഒരു ആരാധനയായതിനാല്‍ അത്‌ തീരുമാനിക്കുമ്പോള്‍ പ്രത്യേകമായൊരു നിബന്ധനയും കൂടി വെക്കല്‍ മതപരമായി നിര്‍ദേശമില്ലാത്തതാണ്‌. ആരാധനാകര്‍മങ്ങള്‍ ഭൗതികമായ തന്റെ ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചാല്‍ മാത്രമേ അത്‌ വീട്ടുകയുള്ളൂവെന്ന്‌ അല്ലാഹുവോട്‌ മുന്‍കൂട്ടിയൊരു നിബന്ധന വെക്കുന്നത്‌ പാടില്ലാത്തതാണ്‌. ഉദാഹരണമായി ഒരാള്‍ തന്റെ രോഗം സുഖമായാല്‍ രണ്ടു ദിവസത്തെ തഹജ്ജുദ്‌ നമസ്‌കരിക്കാന്‍ നേര്‍ച്ചയാക്കിയെന്നോ, തന്റെ കച്ചവടത്തില്‍ ലാഭംകിട്ടിയാല്‍ പത്ത്‌ അഗതികള്‍ക്ക്‌ ഭക്ഷണം നല്‌കാന്‍ നേര്‍ച്ചയാക്കി എന്നോ പറയുംപോലെ. ഇത്തരം നിബന്ധനകള്‍ വെക്കുന്നവന്‍ അവന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രസ്‌തുത കര്‍മവും ചെയ്യുകയില്ലല്ലോ. അയാളുടെ ആഗ്രഹം പൂര്‍ത്തീകരിച്ചാലും ഇല്ലെങ്കിലും അഗതികള്‍ക്ക്‌ ഭക്ഷണം ലഭിക്കേണ്ടതുമാണല്ലോ.

ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ നേര്‍ച്ചയാക്കല്‍ മതം പ്രോത്സാഹിപ്പിക്കുന്നില്ല. കര്‍മശാസ്‌ത്ര പണ്ഡിതന്മാരില്‍ ചിലര്‍ അല്ലാഹുവിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിബന്ധനയാക്കുന്നതിന്റെയും സൃഷ്‌ടികളുടെ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിബന്ധനയാക്കുന്നതിന്റെയും ഇടയില്‍ ചില വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയതായി കാണാം. ഉദാഹരണമായി ഒരാള്‍ എന്റെ രോഗം ശമനമായാല്‍ ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പത്ത്‌ അനാഥകള്‍ക്ക്‌ ഭക്ഷണം നല്‌കുമെന്ന്‌ നേര്‍ച്ചയാക്കിയെന്നിരിക്കട്ടെ, രോഗം മാറ്റല്‍ അല്ലാഹുവിന്റെ പരിധിയില്‍ പെട്ടതാണ്‌. ഇവിടെ അയാള്‍ക്ക്‌ പ്രസ്‌തുത കര്‍മം തന്നെ ചെയ്യുകയോ അതല്ലെങ്കില്‍ സത്യം പാലിക്കാത്തതിന്‌ നല്‌കാന്‍ നിശ്ചയിച്ച പ്രവര്‍ത്തികളില്‍ ഏതെങ്കിലുമോ ചെയ്‌താല്‍ മതിയാകുമെന്നതാണ്‌ ഒരഭിപ്രായം. അതല്ല, ഒരാള്‍ തന്റെ രോഗം ശമനമായാല്‍ ഒരു വലിയ്യിന്റെ ഖബറിടത്തിലേക്ക്‌ ആയിരം രൂപ ധര്‍മം ചെയ്യുമെന്ന്‌ നേര്‍ച്ചയാക്കിയെന്നിരിക്കട്ടെ, രോഗം മാറ്റല്‍ വലിയ്യിന്റെ പരിധിയില്‍ പെട്ടതല്ല. ആയതിനാല്‍ അയാള്‍ അത്‌ കൊടുക്കാതെ സത്യം തെറ്റിച്ചതിനുള്ള പ്രായശ്ചിത്തം കൊടുക്കണമെന്നതാണ്‌ മറ്റൊരു വീക്ഷണം.

അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കായി നേര്‍ച്ചയാക്കുന്നതു കുറ്റകരമാണ്‌. കാരണം അയാള്‍ ഒരു ആരാധന അല്ലാഹു അല്ലാത്തവര്‍ക്ക്‌ നല്‌കുന്നു. ഉദാഹരണമായി പ്രവാചകന്മാരുടെ ഖബറുകളിലേക്കും, ബദ്‌രീങ്ങള്‍, മുഹ്‌യുദ്ദീന്‍ ശൈഖ്‌, രിഫാഈ ശൈഖ്‌, അജ്‌മീര്‍, നാഗൂര്‍, മുത്തുപ്പേട്ട, മുനമ്പം, മമ്പുറം, ഏര്‍വാടി തുടങ്ങിയ ദര്‍ഗകളുടെ പേരില്‍ നേര്‍ച്ചയാക്കും പോലെ. വേറെ ചിലര്‍ ഖബറുകളിലേക്ക്‌ തുണി, എണ്ണ, വിളക്ക്‌, മെഴുകുതിരി, ചന്ദനത്തിരി തുടങ്ങിയവ വഖ്‌ഫായും നേര്‍ച്ചയായും നല്‌കാറുണ്ട്‌. അത്തരം നേര്‍ച്ചകള്‍ ഇസ്‌ലാം അംഗീകരിക്കുന്നതല്ല.

അല്ലാഹു വിലക്കിയ ഒരു കര്‍മവും നേര്‍ച്ചയാക്കാവതല്ല. അല്ലാഹു ഹലാലാക്കിയത്‌ ഹറാമാക്കാനോ ഹറാമാക്കായിത്‌ ഹലാലാക്കാനോ ഒരാള്‍ക്കും അധികാരമില്ല. ഒരാള്‍ തന്റെ പക്കലുള്ള സമ്പത്ത്‌ മുഴുവനും നേര്‍ച്ചയാക്കിയാല്‍ അതിലെ മൂന്നില്‍ ഒരു ഭാഗം മാത്രം കൊടുക്കുകയാണ്‌ വേണ്ടത്‌. അതല്ലെങ്കില്‍ ഒന്നും നല്‌കാതെ സത്യം തെറ്റിച്ചതിന്നുള്ള പ്രായശ്ചിത്തം കൊടുക്കുക. അല്ലാഹു വിലക്കിയ കാര്യം നേര്‍ച്ചയോ വസ്വിയ്യത്തോ ചെയ്‌താല്‍ അതു ചെയ്‌തുകൊണ്ട്‌ കുറ്റക്കാരാനാകാതെ അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മതപരമായി നിശ്ചയിക്കപ്പെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. ചുരുക്കത്തില്‍, നേര്‍ച്ചയെന്നാല്‍ ദര്‍ഗകളുടെയോ കെട്ടിപ്പൊക്കപ്പെട്ട ഖബറുകളുടെയോ അടുക്കല്‍ വെച്ച്‌ ആഘോഷിക്കപ്പെടുന്ന കാട്ടിക്കൂട്ടലുകളല്ല. മറിച്ച്‌ അത്‌ ആരാധനയാണ്‌. അരാധനകളെല്ലാം അല്ലാഹുവിന്നുള്ളതുമാണ്‌.

by അബുല്‍ അലി മദനി @ ശബാബ്