ഭയപ്പെടുക, വിചാരണ കാത്തിരിക്കുന്നു

"ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല". [അദ്ധ്യായം 2 ബഖറ 48]

ഭൌതികജീവിതത്തില്‍ മനുഷ്യനെ സഹായിക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. കൂട്ടുകാര്‍, ബന്ധുക്കള്‍, നാട്ടുകാര്‍, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, സമ്പത്ത്, അധികാരം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ മനുഷ്യനെ സഹായിക്കുന്നു. അധികാരവും ആള്‍ബലവും ഉണ്ടെങ്കില്‍ അന്യായമായ പലതും ഇവിടെ നേടിയെടുക്കാം. ശിക്ഷാര്‍ഹരായവര്‍ പോലും സ്വാധീനങ്ങളുടെ ബലത്തില്‍ കുറ്റവിമുക്തരായി മാറുന്നു. സമ്പത്തും അധികാരവും എന്ത് നെറികേടും ചെയ്യാന്‍ ചിലരെ പ്രേരിപ്പിക്കുന്നു. പണം കൊടുത്തു ജഡ്ജിമാരെ സ്വാധീനിക്കുന്നവരും പോലിസ് സ്റ്റേഷന്‍ പോലും ആക്രമിച്ചു കുറ്റവാളികളെ രക്ഷപ്പെടുത്തുന്നവരും ഈ ലോകത്ത് വിരാജിക്കുന്നു.

പല കടുത്ത ശിക്ഷകളും അനുഭവിക്കുന്നതിനു പകരം ആവശ്യപ്പെടുന്ന പണം പിഴയായി നല്‍കിയാല്‍, ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് കാണാം. പല ഉന്നതന്മാരുടെയും ശുപാര്‍ശകളുണ്ടെങ്കില്‍ ചിലര്‍ക്ക് രക്ഷപ്പെടാനും ഉയരത്തിലെത്താനും കഴിയുന്നു. എന്നാല്‍ ഭൌതിക ജീവിതത്തിലെ ഇത്തരം ബന്ധങ്ങളൊന്നും പ്രയോജനപ്പെടാത്ത ഒരു ലോകമാണ് പരലോകം.

'സ്വന്തം കാര്യം സിന്ദാബാദ്' എന്ന നയം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുന്ന ലോകമാണ് പരലോകം. ആര്‍ക്കും ആരെയും സഹായിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന് മാത്രമല്ല, ആര്‍ക്കും മറ്റൊരാളെ സഹായിക്കാനുള്ള മനസ്ഥിതിപോലും ഉണ്ടാവില്ല. കാരണം ഒരോരുത്തരുടെയും പ്രശ്നങ്ങള്‍ തന്നെ ഭയാനകവും വലിയതുമാണ്. എല്ലാവരും ഓരോരുത്തരായി റബ്ബിന്‍റെ മുന്നില്‍ ഹാജരാക്കപ്പെടുന്നു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ക്ക് കൂട്ടിനുണ്ടാവുക. ഖുര്‍ആനിക വിശ്വാസത്തിനനുസരിച്ചു സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമാണ് അന്ന് ഭയപ്പാടുകള്‍ ഇല്ലാതിരിക്കുക.

മാതാപിതാക്കള്‍ക്ക് മക്കളെയോ മക്കള്‍ക്ക്‌ മാതാപിതാക്കളേയോ സഹായിക്കാന്‍ കഴിയാത്ത ദിവസമാണ് പരലോകത്തേത്. മുഹമ്മദ്‌ നബി (സ) സ്വന്തം പുത്രി ഫാത്വിമ (റ)യോട് പറഞ്ഞത് 'നരകത്തില്‍ നിന്നും നിന്‍റെ ശരീരത്തെ നീ കാത്തു കൊള്ളുക' എന്നാണ്.

മക്കള്‍ , ഭാര്യാഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നെല്ലാം ഓടിപ്പോകുന്ന ദിനം എന്നാണ് ഖുര്‍ആന്‍ ആ ദിവസത്തെ പരിചയപ്പെടുത്തുന്നത്. [അദ്ധ്യായം 80 അബസ 34 -37]. തങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളുടെ ഫലം മാത്രമാന് ഏതൊരാള്‍ക്കും കൂട്ടിനുണ്ടാവുക. നബി (സ) പറഞ്ഞു : "ഒരാളുടെ മയ്യിത്തിനെ മൂന്നു കാര്യങ്ങള്‍ പിന്തുടരും. അതില്‍ രണ്ടെണ്ണം തിരിച്ചു പോവുകയും ഒന്ന്മാത്രം കൂടെ നില്‍ക്കുകയും ചെയ്യും. സമ്പത്ത്, കുടുംബം, പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ". ഇതില്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം നമ്മുടെ കൂടെയുണ്ടാവും. ബാക്കിയെല്ലാം തിരിച്ചുപോകും. അതിനാല്‍ പരലോക വിജയത്തിനായി നാം പണിയെടുക്കുക.

by അബ്ദു സലഫി @ പുടവ മാസിക