ജീവിതത്തിലെ അലങ്കാരങ്ങള്‍

ഒരു ദിവസം പ്രവാചകന്‍ മുഹമ്മദ് നബി കഅബയോട് ചേര്‍ന്നിരിക്കുകയായിരുന്നു. ഈ സമയം എതിരാളികളില്‍ പ്രമുഖനായിരുന്ന ഉത്ബതുബ്‌നു റബീഅ അദ്ദേഹത്തെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: മുഹമ്മദ്, എനിക്ക് താങ്കളുടെ പിതാവിനെ അറിയാം. അബ്ദുള്ളയുടെ മകന്‍ എന്ന നിലയില്‍ താങ്കള്‍ക്കു സമൂഹത്തില്‍ നല്ല സ്ഥാനവുമുണ്ട്. താങ്കളുടെ സ്വഭാവ ഗുണങ്ങളും ഞങ്ങള്‍ അറിയുന്നത് തന്നെ. പക്ഷെ ഞങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളെ താങ്കള്‍ ചോദ്യം ചെയ്യുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരര്‍ ഥകമെന്ന് വിളിക്കുന്നു. പൂര്‍വികര്‍ക്ക് പിഴവ് സംഭവിച്ചുവെന്നാരോപിക്കുന്നു. താങ്കള്‍ ഇതവസാനിപ്പിക്കണം. പകരം ഞങ്ങള്‍ വിലപ്പെട്ട പാരിതോഷികങ്ങള്‍ നല്‍കാം.

'എന്താണത്?' പ്രവാചകന്‍ ചോദിച്ചു.

'താങ്കള്‍ ഇച്ചിക്കുന്ന ധനം നല്കി സമ്പന്നനാക്കാം. ഇനി സ്ഥാനമാനങ്ങളാണ് വേണ്ടതെങ്കില്‍ താങ്കളെ ഞങ്ങളുടെ മുഴുവന്‍ നേതാവായി അംഗീകരിക്കാം. ആജ്ഞകള്‍ നിറവേറ്റാം. അധികാരമാണ് വേണ്ടതെങ്കില്‍ രാജാവായി വാഴിക്കാം. സ്ത്രീകളെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളിലെ സുന്ദരികളെ ഒരുക്കി നല്‍കാം. പകരം ഞങ്ങളുടെ ചെയ്തികളെ എതിര്‍ക്കാതിരുന്നാല്‍ മതി.'

തന്റെ ആദര്‍ശ സ്ഥിരതയുടെ തിളക്കം കൊണ്ടും മഹിതമായ ധാര്‍മിക ബോധം നല്‍കുന്ന കരുത്തുപയോഗിച്ചും ഈ ഓഫറുകള്‍ നിരാകരിക്കാന്‍ സത്യദൂതന് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല.

'എനിക്ക് പണമോ അധികാരമോ ആധിപത്യമോ ആവശ്യമില്ല. സ്ത്രീകളെയും വേണ്ട. ഞാന്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. ഈ സന്ദേശം സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. നിഷേധിക്കുന്നുവെങ്കില്‍ നാഥന്‍ തീരുമാനിക്കും'

ആ ഉറച്ച ശബ്ദത്തിന് മുന്‍പില്‍ ഉത്ബ നിരാശനായി മടങ്ങി.

എക്കാലത്തെയും മനുഷ്യരെ പ്രലോഭിപ്പിക്കുന്ന വര്‍ണഭേദങ്ങളാണ് പ്രവാചകന്റെ നേരെയും വെച്ചു നീട്ടിയത്. അതു നിരാകരിക്കാന്‍ കഴിയുമ്പോള്‍ ആ തെളിമ ചരിത്രം സ്വയം രേഖപ്പെടുത്തിവെക്കുന്നു. വരും തലമുറകള്‍ക്ക് കൈമാറുന്നു. പൊതു രംഗത്തും മത രംഗത്തുമുള്ള ഏതൊരാളുടെ മുന്‍പിലും ഒരു ദീപ ശിഖയായി ജ്വലിച്ചു നില്‍ക്കുന്നു. ശരിയായ ദിശ കാണിച്ചു തരുന്നു.

ഈ പ്രലോഭനങ്ങളില്‍ വീണു പോകുമ്പോള്‍ വ്യക്തി ജീവിതത്തില്‍ അഴുക്കു പുരളുന്നു. കുടുംബങ്ങളില്‍ താളം പിഴക്കുന്നു. സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കപ്പെടുന്നു. ക്രമേണ സര്‍വനാശത്തിന്റെ കവാടങ്ങള്‍ തുറക്കാന്‍ കാരണമായിത്തീരുന്നു.

വിശുദ്ധ ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു: 'സ്ത്രീകള്‍, പുത്രന്‍മാര്‍, സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമായി അട്ടിയിടപ്പെട്ട കൂമ്പാരങ്ങള്‍, ലക്ഷണമൊത്ത കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഐഹിക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു ചെന്ന്‌ചേരാനുള്ള ഉത്തമ സങ്കേതം' (വി:ഖുര്‍ആന്‍ 3:14)

ഭൗതിക ആസ്വാദനങ്ങളെ ഏതു വഴി സ്വീകരിച്ചും വാരിപ്പുണരുന്നതിലല്ല, മറിച്ച് നേരും നെറിയും ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് ജീവിതത്തിന്റെ സൗന്ദര്യവും വിജയവും.

by എം ടി എം @ നേര്‍രേഖ from വര്‍ത്തമാനം ആഴ്ചപ്പതിപ്പ്