ഇസ്‌ലാമും തീവ്രവാദവും

ഇസ്‌ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്. "അല്ലാഹു സമാധാനത്തിന്‍റെ ഭവനത്തിലേക്ക്‌ നിങ്ങളെ ക്ഷണിക്കുന്നു" എന്ന് ഖുര്‍ആന്‍ പറയുന്നു. അതുകൊണ്ട് തന്നെ യാതൊരുവിധ തീവ്രവാദത്തേയും ഭീകരവാദത്തേയും ഖുര്‍ആന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍റെ പ്രബോധനത്തിന്‍റെ പ്രഥമഘട്ടം മക്കയിലായിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍. ഇക്കാലമത്രയും നിഷ്ടൂരമായ മര്‍ദന പീഡനങ്ങള്‍ക്ക് പ്രവാചകരും അനുചരന്മാരും വിധേയരായി. പക്ഷെ, പ്രതിക്രിയകള്‍ക്കോ അക്രമങ്ങള്‍ക്കോ അവരാരും മുതിര്‍ന്നില്ല. സഹനത്തിന്‍റെ നീണ്ട പതിമൂന്നു സംവത്സരങ്ങള്‍.

മദീനയിലേക്കുള്ള പലായനത്തിനു ശേഷം സ്വന്തമായൊരു രാഷ്ട്രം രൂപപ്പെട്ടപ്പോള്‍ അവിടുത്തെ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന പൌരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് രാഷ്ട്രധര്‍മ്മത്തിന്‍റെ ഭാഗമായിരുന്നു. അത്തരമൊരു അനിവാര്യഘട്ടത്തില്‍ പ്രതിരോധം എന്ന നിലക്കാണ്‌ യുദ്ധം പോലും ഖുര്‍ആന്‍ [22 :39] അനുവദിക്കുന്നത്.

യുദ്ധഘട്ടത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പ്രവാചകന്‍ (സ) പഠിപ്പിച്ചു. നിരപരാധികളെ വധിക്കരുത്, സ്ത്രീകളെ ദ്രോഹിക്കരുത്, കൃഷി നശിപ്പിക്കരുത്, കെട്ടിടങ്ങള്‍ തകര്‍ക്കരുത്....

ഇത്തരം ശിക്ഷണത്തിന് വിധേയനാകുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് നിരപരാധികളെ കൊന്നൊടുക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഒരു തീവ്രവാദിയാകാന്‍ കഴിയുക?

മതത്തിന്‍റെ കാര്യത്തില്‍പോലും തീവ്രത പുലര്‍ത്തുന്നത് പ്രവാചകന്‍ വിലക്കി. "മതത്തില്‍ തീവ്രത പുലര്‍ത്തിയവന്‍ നശിച്ചത് തന്നെ". തീവ്രതക്കും ജീര്‍ണതക്കുമിടയിലുള്ള ഒരു മധ്യമ സമൂഹമെന്ന നിലക്കാണ്‌ ഖുര്‍ആന്‍ മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത്.

മതത്തിന്‍റെ കാതലായ വശം വിട്ടുവീഴ്ചയും ഗുണകാംക്ഷയുമാണ്. "വിട്ടുവീഴ്ച ഏതൊരു കാര്യത്തെയും മനോഹരമാക്കാതിരിക്കില്ല" എന്നും "മതമെന്നാല്‍ ഗുണകാംക്ഷ' യാണെന്നും പ്രവാചകന്‍ (സ) പഠിപ്പിച്ചു.

പ്രവാചകനെയും അനുചരന്മാരെയും നിരന്തരം മര്‍ദിക്കുകയും പലരെയും വധിക്കുകയും നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ശത്രുക്കള്‍ ബന്ധിതമായി പ്രവാചകസന്നിധിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരോടു പറഞ്ഞു: "നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു".

മഹാനായ ഈ പ്രവാചകന്‍റെ അനുയായികള്‍ക്ക് എങ്ങനെയാണ് തീവ്രവാദികളാവാന്‍ കഴിയുക?

from പ്രപഞ്ചനാഥന്‍റെ സന്ദേശം by ദി ട്രൂത്ത്‌