സദ്‌'വിചാരങ്ങളെ വളര്‍ത്തുക

അബൂകബ്ശ ഉമറുബ്നുസഅ'ദുല്‍ അന്മാരിയ്യ് (റ)ല്‍ നിന്നും നിവേദനം : "റസൂല്‍ (സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു : 'ഞാന്‍ നിങ്ങളോടൊരു കാര്യം പറയാം, നിങ്ങളത് ശ്രദ്ധയോടെ ഗ്രഹിക്കുക. നിശ്ചയം ഈ ദുനിയാവ് നാലുപേര്‍ക്ക് ഉള്ളതാണ്.

ഒരാള്‍, അല്ലാഹു അദ്ദേഹത്തിന് ധനവും ജ്ഞാനവും നല്‍കി. അയാളതില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും രക്തബന്ധം ചേര്‍ക്കുകയും ചെയ്തു. അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞു നിറവേറ്റുകയും ചെയ്തു, എങ്കിലദ്ദേഹം ഉന്നത സ്ഥാനീയനാകുന്നു.

മറ്റൊരാള്‍, അദ്ദേഹത്തിന് അല്ലാഹു ജ്ഞാനം നല്‍കി, ധനം നല്‍കിയില്ല. എങ്കിലും സദ്‌വിചാരത്തിലായിരുന്നു. അദ്ദേഹം പറയും : എനിക്ക് സമ്പത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇന്ന വ്യക്തിയെപ്പോലെ ആകുമായിരുന്നു. മുകളില്‍ പറഞ്ഞ ആളുടെ അതേ ഉദ്ദേശ്യത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇരുവരുടെയും പ്രതിഫലം തുല്യമാണ്.

വേറൊരാള്‍, അല്ലാഹു അദ്ദേഹത്തിന് ധനം നല്‍കി, ജ്ഞാനം നല്‍കിയില്ല. ലക്ഷ്യബോധമില്ലാതെ അജ്ഞതയാല്‍ ധനം ദുര്‍വ്യയം ചെയ്തു. തന്‍റെ നാഥനെ ഭയന്നില്ല, രക്തബന്ധം ചേര്‍ത്തില്ല, നാഥനോടുള്ള കടമകളൊന്നും നിറവേറ്റിയില്ല. എങ്കിലദ്ദേഹം നീചസ്ഥാനീയനാകുന്നു.

നാലാമത്തെയാള്‍, അല്ലാഹു അദ്ദേഹത്തിന് ധനമോ ജ്ഞാനമോ നല്‍കിയില്ല. പക്ഷെ അദ്ദേഹം പറയുമായിരുന്നു : എനിക്ക് സമ്പത്തുണ്ടായാല്‍ എന്നയാള്‍ (മൂന്നാമാതെയാല്‍) ചെയ്ത പോലെ ഞാനും പ്രവര്‍ത്തിക്കും. അതായിരുന്നു അയാളുടെ മനോവിചാരം. എങ്കില്‍ ഇരുവരുടെയും പാപം തുല്യമാകുന്നു" [തുര്‍മുദി].

സമൂഹമനസ്സിന്‍റെ വ്യക്തമായ ചിത്രമാണിവിടെ പ്രവാചകന്‍ (സ) വരച്ചുകാട്ടുന്നത്. ചിത്രം എത്ര വ്യക്തമാണ്! ഈ ചിത്രത്തെ മനസ്സില്‍ സൂക്ഷിക്കണമെന്നാണ് അതിന്‍റെ ആമുഖത്തില്‍ പ്രവാചകന്‍ (സ) നിര്‍ദേശിക്കുന്നത്. സമ്പന്നനും ജ്ഞാനിയുമായ വ്യക്തി സൃഷ്ടാവിനെ സ്മരിക്കുന്നവന്‍, സമസൃഷ്ടി സ്നേഹമുള്ളയാള്‍. സമ്പത്തില്ലെങ്കിലും അതുണ്ടായാല്‍ ഇത് പോലെയാകണം എന്നാഗ്രഹിക്കുന്ന മറ്റൊരാള്‍. അല്ലാഹുവിങ്കല്‍ ഇരുവരും തുല്യരാണ്.

മറ്റു രണ്ടുപേരില്‍ ഒരാള്‍ സമ്പന്നനാണ്. സകല വൃത്തികേടുകളുമുണ്ട്. ആഡംബരപ്രിയനും സുഖലോലുപനും സ്വാര്‍ഥിയുമാണ്. സൃഷ്ടാവിനോടോ സൃഷ്ടികളോടോ ബാധ്യതകളൊന്നും നിറവേറ്റിയിട്ടില്ല. മറ്റൊരാള്‍ക്ക് ധനമോ ജ്ഞാനമോ ഇല്ല. എന്നാലും മനോവിചാരം വികലമാണ്. മനസ്സ് സുഖലോലുപതക്കും വൃത്തികേടുകള്‍ക്കും കൊതിക്കുന്നു. പണമുണ്ടായാല്‍ തനിക്കും അതൊക്കെ ചെയ്യണമെന്ന വിചാരത്തിലാണ്. തിന്മകള്‍ ചെയ്തില്ലെങ്കിലും അവസരം കാത്തിരിക്കുന്ന ഇയാള്‍ നീചവിചാരത്താല്‍ നികൃഷ്ടനാണ്. ഇയാള്‍ക്കും തിന്മകളില്‍ മുഴുകി പ്രവേശിച്ച മറ്റെയാള്‍ക്കും പാപം തുല്യമാണ്. അനന്തരഫലവും തത്തുല്യമായിരിക്കും. അല്ലാഹു നമ്മെ രക്ഷിക്കട്ടെ.

ഒരു സത്യവിശ്വാസി നീചകര്‍മ്മങ്ങളെയും വിചാരങ്ങളേയും വര്‍ജിക്കേണ്ടവനാണ്. സദ്‌കര്‍മ്മങ്ങളെയും സദ്‌വിചാരങ്ങളെയും വളര്‍ത്തേണ്ടവനുമാണ്. സദ്‌'വിചാരം സദ്കര്‍മതുല്യം പ്രതിഫലാര്‍ഹമാണ്. ദുര്‍മോഹങ്ങളും ദുഷ്ചിന്തകളും ദുഷ്കര്‍മ്മതുല്യം ശിക്ഷാര്‍ഹമാണ്.

അല്ലാഹുവേ, സദ്‌'വിചാരഭാവങ്ങളെ ഞങ്ങളില്‍ നീ നില നിര്‍ത്തേണമേ...
ദുര്‍വിചാരങ്ങളെ ദുരീകരിക്കാന്‍ നീ ഞങ്ങളെ സഹായിക്കേണമേ...
(ആമീന്‍)

By സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്