മദ്യം : സാമൂഹിക വിപത്ത്

ഖുര്‍ആന്‍ അവതരിച്ച സമയത്തെ സമാനമായ സാമൂഹ്യപരിതസ്ഥിതിയാണ്‌ ഇന്ന്‌ പലരംഗങ്ങളിലും കാണുന്നത്‌. ചൂഷണാധിഷ്‌ഠിതമായ വ്യാപാരമേഖല, വ്യാപകമായ മദ്യപാനവും മദ്യവില്‌പനയും, പലിശയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥ, കുത്തഴിഞ്ഞ ലൈംഗികതയും അരാജകത്വവും, അന്ധവിശ്വാസങ്ങളുടെയും ബഹുദൈവാരാധനയുടെയും വിളയാട്ടം തുടങ്ങിയ സാമൂഹ്യജീര്‍ണതകളായിരുന്നു ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തിലെ അറബികളുടെ മുഖമുദ്ര. സമകാലിക ലോകത്തും ഈ ജീര്‍ണതകള്‍ വേരുറപ്പിക്കുകയും തഴച്ചുവളരുകയും ചെയ്യുന്ന അന്തരീക്ഷമാണുള്ളത്‌.

മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയുടെ കച്ചവടം വിലക്കിക്കൊണ്ട്‌ അല്ലാഹുവിന്റെ കല്‌പന നബി(സ) മക്കാവിജയ സന്ദര്‍ഭത്തില്‍ ജനങ്ങളെ അറിയിച്ചു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട്‌ ചോദിച്ചു: ശവങ്ങളുടെ കൊഴുപ്പെടുത്ത്‌ കപ്പലുകള്‍ക്ക്‌ ചായം പൂശുകയും തൊലികളില്‍ എണ്ണയായി പുരട്ടുകയും ചിലര്‍ വിളക്കുകത്തിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ. നബി(സ) പറഞ്ഞു: അങ്ങനെ ചെയ്യുന്നത്‌ നിഷിദ്ധമാകുന്നു. തുടര്‍ന്ന്‌ അവിടുന്ന്‌ പറഞ്ഞു: അല്ലാഹു ജൂതന്മാരെ ശപിച്ചിരിക്കുന്നു. കാരണം, അല്ലാഹു ശവക്കൊഴുപ്പ്‌ നിരോധിച്ചപ്പോള്‍ അവരത്‌ ഉരുക്കി വില്‌ക്കുകയും അതിന്റെ വില ഭക്ഷിക്കുകയും ചെയ്‌തിരുന്നു.'' (ബുഖാരി)

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒരു വിഭവമായിരുന്നു അറബികള്‍ക്ക്‌ മദ്യം. പ്രഭാതത്തില്‍ നിറഞ്ഞ മദ്യചഷകം കണികണ്ടുണരണമായിരുന്നു അവര്‍ക്ക്‌. അല്ലെങ്കില്‍ അന്നത്തെ ദിവസം വ്യര്‍ഥവും സുഖരഹിതവുമായി വിലയിരുത്തപ്പെട്ടിരുന്നു.

ബുദ്ധിയെ ഭ്രമിപ്പിക്കാന്‍ മദ്യസാന്നിധ്യവും ശരീരത്തെ സുഖിപ്പിക്കാന്‍ സ്‌ത്രീസാന്നിധ്യവും മനസ്സിനെ ആവേശഭരിതമാക്കാന്‍ ശത്രുസാന്നിധ്യവും അവരുടെ ജീവിതത്തിന്‍െറ അനിവാര്യഘടകങ്ങളായിരുന്നു. മരണപ്പെട്ടാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറമാടണമെന്ന്‌ ബന്ധുക്കളോട്‌ വസ്വിയത്ത്‌ ചെയ്യുന്നവര്‍ വരെ അക്കാലത്തുണ്ടായിരുന്നുവെന്ന്‌ ചില അറബിക്കവിതകളില്‍ കാണാം.

ചില അറബികള്‍ വന്‍കിട മദ്യവ്യാപാരികളായിരുന്നു. പ്രവാചകന്റെ പിതൃവ്യപുത്രന്‍ ഹംസ(റ) ഇത്തരത്തിലൊരാളായിരുന്നു. തന്റെ മദ്യവില്‌പനശാലയില്‍ മദ്യപിച്ച്‌ ലഹരിബാധിച്ച്‌ ശണ്‌ഠകൂടിയ ചിലര്‍ തന്റെ ബന്ധുവായ മുഹമ്മദിനെയും(സ) ഇസ്‌ലാമിനെയും അസഭ്യം പറയുന്നത്‌ കേട്ടപ്പോള്‍ ഹംസ(റ)യില്‍ ആത്മാഭിമാനം ഉണര്‍ന്നു. അത്‌ അദ്ദേഹത്തിന്റെ ഇസ്‌ലാം മതാശ്ലേഷണത്തിന്‌ നിമിത്തമാവുകയും ചെയ്‌തു. മദ്യം നിരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ മദ്യവില്‌പനകേന്ദ്രം അടച്ചുപൂട്ടുകയും മദ്യവിമുക്തമായ മാതൃകാജീവിതം നയിക്കുകയും ചെയ്‌തു. രക്തസാക്ഷികളുടെ നേതാവ്‌ എന്ന അപരനാമത്തിലറിയപ്പെടുന്ന ഹംസ(റ) ഇസ്‌ലാമിന്റെ ധര്‍മസമരപാതയില്‍ ഉഹ്‌ദ്‌ യുദ്ധവേളയില്‍ വീരരക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്‌.

മദ്യപാനത്തിലും മദ്യവ്യാപാരത്തിലും വ്യാപൃതമാവുക വഴി മദ്യത്തില്‍ മുങ്ങിക്കുളിച്ച അറേബ്യന്‍ സമൂഹത്തെ നിരന്തരമായ സംസ്‌കരണ സംരംഭങ്ങളിലൂടെയാണ്‌ ഇസ്‌ലാം പൂര്‍ണമായും മദ്യവിമുക്തമാക്കിയത്‌. ആരാധനകള്‍ക്ക്‌ ഏകാഗ്രത നഷ്‌ടപ്പെടുത്തുന്ന വിധത്തില്‍ മദ്യപാനം പാടില്ല എന്ന ലളിത നിര്‍ദേശത്തില്‍ നിന്ന്‌ തുടങ്ങി ലഹരിദായകവും ചൂഷണാധിഷ്‌ഠിതവുമായ സകലതില്‍ നിന്നും സത്യവിശ്വാസികള്‍ ബഹുദൂരം അകന്നുനില്‌ക്കേണ്ടതാണ്‌ എന്ന ദര്‍ശനമായ നിയമനിര്‍മാണത്തിലൂടെയാണ്‌ ഇസ്‌ലാം ഇത്‌ സാധിച്ചെടുത്തത്‌.

ആധുനിക സമൂഹം ലഹരിയുടെ കയത്തില്‍പെട്ട്‌ മുങ്ങിത്താഴുകയാണ്‌. മതാനുശാസിതമായ ബോധവത്‌കരണമല്ലാതെ മറ്റൊരു പരിഹാരം മുന്നില്‍ കാണുന്നുമില്ല. തിന്മ തടയേണ്ട ഭരണകൂടങ്ങള്‍ അത്‌ പ്രോത്സാഹിപ്പിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിനു പകരം കൂടുതല്‍ മദ്യഷാപ്പുകള്‍ തുറന്ന്‌ മദ്യക്കച്ചവടം പരിപോഷിപ്പിക്കുകയാണ്‌!

മദ്യപാനം പലവിധ തിന്മകളിലേക്കും സദാചാരത്തകര്‍ച്ചയിലേക്കും കുടുംബശൈഥില്യങ്ങളിലേക്കും വഴിനടത്തുന്നു. മനുഷ്യരുടെ ഇഹപര ജീവിത നന്മ ലക്ഷ്യംവെക്കുന്ന ഇസ്‌ലാം ഈ തിന്മകളില്‍ നിന്ന്‌ ബഹുദൂരം അകന്നു നില്‍ക്കാന്‍ മനുഷ്യരോട്‌ ആഹ്വാനംചെയ്യുന്നു.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ്

വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍

നിക്കാഹിനോടനുബന്ധിച്ച്‌ വധൂരവന്മാരെയും അവിടെ ഒരുമിച്ചു കൂടിയവരെയും ബോധവത്‌കരിക്കാനുതകുന്ന ഒരു പ്രസംഗം നടത്തുക, വിവാഹസദ്യ നല്‍കുക, നിക്കാഹ്‌ പരസ്യമാക്കുക, ഇണകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക എന്നിവ നിക്കാഹിന്റെ മര്യാദകളില്‍ പെട്ടതാണ്‌. ഭര്‍ത്താവ്‌ ഭാര്യയില്‍ നിന്ന്‌ അവര്‍ മുഖേന തനിക്ക്‌ നന്മ ലഭിക്കാനും അവളിലൂടെ തിന്മ ഉണ്ടാവാതിരിക്കാനും അല്ലാഹുവോട്‌ രക്ഷചോദിക്കണം. ഇരുവരും അല്ലാഹുമ്മ ജന്നിബ്‌നാ ശ്ശൈത്വാന്‍... എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുകയും അവര്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുകയും വേണം.

ഒരു സ്‌ത്രീക്ക്‌ അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന പുരുഷനോട്‌ ഭക്ഷണം, പാര്‍പ്പിടം, ലൈംഗികാവശ്യം, ചികിത്സ മുതലായ കാര്യങ്ങളില്‍ നിബന്ധനകള്‍ വെക്കാവുന്നതാണ്‌. അയാള്‍ക്ക്‌ ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മറ്റു ഭാര്യമാരുടെ അവകാശങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള വ്യവസ്ഥകള്‍ വെക്കാന്‍പാടില്ല. ഭാര്യയെന്ന നിലയില്‍ അവള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അവള്‍ക്ക്‌ ഭര്‍ത്താവുമായുള്ള ബന്ധം ഒഴിവാക്കാം.

രക്തബന്ധം, മുലകുടിബന്ധം, വൈവാഹികം എന്നീ കാരണങ്ങളാല്‍ ചിലര്‍ക്ക്‌ ചിലരുമായി വിവാഹം നടത്താന്‍ മതപരമായി പാടില്ലാത്തതാണ്‌. രക്തബന്ധം കൊണ്ട്‌ വിവാഹംകഴിക്കാന്‍ പാടില്ലാത്തവരെ ആരെല്ലാമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീപുത്രിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ നിങ്ങള്‍ക്ക്‌ (വിവാഹംചെയ്യല്‍) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരും. (അവരെ വിവാഹംചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വിവാഹം കഴിക്കുന്നത്‌) നിങ്ങള്‍ക്ക്‌ കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടു സഹോദരിമാരെ ഒന്നിച്ചു ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു;) മുമ്പ്‌ ചെയ്‌തുപോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായികുന്നു.'' (മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്‌ത്രീകളും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്‌ത്രീകള്‍) ഒഴികെ....'' (വി.ഖു. 4:23,24)

ഇസ്‌ലാം വിവാഹനിയമങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നതിനു മുമ്പായി ജാഹിലിയ്യ കാലഘട്ടത്തില്‍ മേല്‍ സൂചിപ്പിച്ച സ്‌ത്രീകളെയെല്ലാം ലൈംഗിക വേഴ്‌ചയ്‌ക്കായി ഉപയോഗിക്കുന്നതു കൊണ്ടാകാം സുതാര്യമായ ഇത്തരം നിയമങ്ങളിലൂടെ ഇസ്‌ലാം മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത്‌.

വിവാഹബന്ധം നിമിത്തം നിക്കാഹ്‌ ചെയ്യാന്‍ പാടില്ലാത്തത്‌ ഇവരാണ്‌: 1). പിതാവിന്റെ ഭാര്യ അഥവാ എളാമ. 2) മകന്റെ ഭാര്യ അഥവാ മരുമകള്‍. 3) ഭാര്യയുടെ ഉമ്മ അഥവാ അമ്മായിമ്മ. 4) ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ട ഭാര്യയുടെ മുന്‍ ഭര്‍ത്താവിലുള്ള മകളും ഭാര്യയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ മകളും. വൈവാഹിക ബന്ധം മൂലം ഒരാള്‍ക്ക്‌ സ്വന്തം മാതാവിന്റെയോ മകളുടെയോ ഉമ്മയുടെയോ സ്ഥാനത്ത്‌ സങ്കല്‌പിക്കാവുന്ന അടുപ്പം ഇത്തരക്കാര്‍ക്ക്‌ ഉണ്ടാകുന്നതുകൊണ്ടാണ്‌ ഇവരെ നിക്കാഹ്‌ ചെയ്യല്‍ നിഷിദ്ധമാക്കിയത്‌.

മുലകുടിബന്ധം കാരണമായി വിവാഹം ചെയ്യാന്‍ പാടില്ലാത്തതില്‍ രക്തബന്ധത്തിലൂടെ പാടില്ലെന്ന്‌ പറഞ്ഞവര്‍ക്കു പുറമെ മുലയൂട്ടിയ സ്‌ത്രീയും അവര്‍ക്കുള്ള മക്കളും പെടുന്നതാണ്‌. മുലയൂട്ടിയ സ്‌ത്രീയുടെ ഭര്‍ത്താവ്‌ ഈ കുട്ടിയുടെ പിതാവിനെ പോലെയും മക്കളെ ഈ കുട്ടിയുടെ സഹോദര സഹോദരിമാരെപ്പോലെയും ഗണിക്കപ്പെടും. മുലകുടിബന്ധം നിമിത്തം വിവാഹം നിരോധിതമാകണമെങ്കില്‍ ചുരുങ്ങിയത്‌ അഞ്ചു പ്രാവശ്യം വ്യത്യസ്‌ത ഘട്ടങ്ങളിലായി കുട്ടിയുടെ ദാഹം തീര്‍ക്കുംവിധം മുലയൂട്ടണം. അതില്ലാതെ ഒന്നോ രണ്ടോ പ്രാവശ്യം ഭാഗികമായി അല്‌പം മാത്രം കുടിപ്പിച്ചാല്‍ അത്‌ നിക്കാഹിനെ വിലക്കുന്നില്ല.

വിവാഹബന്ധം, മുലകുടി ബന്ധം എന്നിവയിലൂടെ ഒരാള്‍ക്ക്‌ വിവാഹം കഴിക്കാന്‍ പാടില്ലാത്തവരെപ്പറ്റി സൂചിപ്പിച്ചെങ്കിലും അവര്‍ക്ക്‌ സ്വത്തില്‍ അവകാശമുണ്ടാവില്ല. ഉദാഹരണമായി ഒരാളുടെ ഭാര്യയുടെ മാതാവ്‌ അയാളുടെ സ്വത്തില്‍ അവകാശിയാവില്ല. അതുപോലെ തന്നെ മുലയൂട്ടിയ മാതാവോ അവരുടെ ഭര്‍ത്താവോ മക്കളോ മുലകുടിച്ച കുട്ടിയുടെ സ്വത്തില്‍ അവകാശികളാവില്ല. മുലകുടിച്ച കുട്ടി അവരുടെ സ്വത്തിലും അവകാശിയല്ല. പരസ്‌പരം സ്‌പര്‍ശിക്കുക, കൂടെ യാത്ര ചെയ്യുക മുതലായവ അനുവദിക്കുന്നു എന്നല്ലാതെ വിവാഹം കഴിക്കാന്‍ പാടില്ലാത്തവര്‍ തമ്മില്‍ സ്വത്തില്‍ ഓഹരിയുള്ളവരാവുകയില്ലെന്ന്‌ സാരം. രണ്ടു സഹോദരിമാരെ ഒരേ സമയം ഒരാള്‍ ഭാര്യാമാരാക്കരുതെന്ന്‌ പറയുമ്പോള്‍ അതിലെ ഒരു സഹോദരിയുടെ കൂടെ അയാള്‍ക്ക്‌ തനിച്ചു യാത്ര ചെയ്യാമെന്നോ അവളുമായി സ്‌പര്‍ശനം ആകാമെന്നോ കരുതരുത്‌. അതായത്‌ വിവാഹം പാടില്ലെന്ന്‌ മതം നിര്‍ദേശിച്ച എല്ലാവരും തമ്മില്‍ തമ്മില്‍ മറ്റു വിലക്കുകളൊന്നും ഇല്ലാത്ത വിധം ഇടപഴകാന്‍ പാടുള്ളവരാണെന്ന്‌ തെറ്റിദ്ധരിക്കാതിരിക്കാനാണിത്രയും സൂചിപ്പിച്ചത്‌.

by അബ്‌ദുല്‍അലി മദനി @ ശബാബ്

നന്മ കല്‍പ്പിക്കുന്നവര്‍ കണ്ണാടിയാവണം

"നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?" [അദ്ധ്യായം 2 : 44].

നന്മതിന്മകള്‍ നിറഞ്ഞതാണ്‌ ലോകം. ശുദ്ധമായ പ്രകൃതിയില്‍ പിറക്കുന്ന മനുഷ്യരെ തിന്മകളുടെ ലോകത്തേക്കാനയിക്കാന്‍ പിശാച് സദാ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. സദ്‌പ്രവര്‍ത്തനങ്ങളുടെ വഴി തെരെഞ്ഞെടുക്കേണ്ടവരാണ് മനുഷ്യര്‍. നന്മകള്‍ക്ക് വേണ്ടി നിലകൊള്ളുക, തിന്മകള്‍ക്കെതിരെ ശബ്ദ മുയര്‍ത്തുക എന്നിവ മുസ്‌ലിം ഉമ്മതിന്‍റെ ഉത്തരവാദിത്തങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഒരു കൂട്ടര്‍ നല്ല സമൂഹമാവുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണെന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.

സമൂഹം നന്നാവണമെങ്കില്‍ വ്യക്തികളില്‍ നിന്ന് തുടക്കം കുറിക്കണം. സ്വന്തം ജീവിതത്തില്‍ നന്മ ഉള്‍ക്കൊണ്ടവന് മാത്രമേ അത് വേണ്ടവിധം പ്രതിഫലിക്കാന്‍ കഴിയൂ. സ്വയം നന്നാവുക എന്നതാണ് നന്മയുടെ ആദ്യ പാഠം. സ്വയം മാറാത്തവനു മറ്റാരെയും മാറ്റിയെടുക്കാനാവില്ല. തിന്മകളിലൂടെ നടന്നു നീങ്ങുകയും മറ്റുള്ളവരോട് നന്മകളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. അതിനൊരിക്കലും ഫലപ്രാപ്തി ലഭിക്കുകയില്ല.

മുഹമ്മദ്‌ നബി (സ)യുടെ മാതൃകാപരമായ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രബോധനം. സര്‍വ നന്മകളുടെയും സമ്മേളനം ആ ജീവിതത്തിലുണ്ടായിരുന്നു. ഖുര്‍ആനിന്‍റെ മുഴുവന്‍ സല്‍ഗുണങ്ങളും ഉള്‍ക്കൊണ്ട ആ ജീവിതത്തിലെ രഹസ്യവും പരസ്യവും ശുദ്ധമായിരുന്നു. പ്രവാചകന്‍റെ രഹസ്യജീവിതത്തെക്കുറിച്ച് ഏറ്റവും അധികം അടുത്തറിയുന്ന പത്നി ആയിശ (റ) പോലും ഈ സ്വഭാവത്തെ എടുത്തു പറയുന്നുണ്ട്.

സ്വന്തം ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ ജനങ്ങളോട് സാരോപദേശം നടത്തുന്നത് മഹാപാപമായാണ് ഖുര്‍ആന്‍ കാണുന്നത്. "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു" [അദ്ധ്യായം 61 :2 3].

വേദഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവര്‍ നന്മതിന്മകളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയവരാണ്. എന്നിട്ടും സ്വന്തം ജീവിതത്തില്‍ നന്മകളില്ലാതെപ്പോകുന്നത് പരലോകചിന്ത ഒട്ടും ഉള്ളിലില്ലാത്തത് കൊണ്ടാണല്ലോ. ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ്‌ നടത്തുക. അതിന്‍റെ നേട്ടം വലുതാണ്‌. മറിച്ചാണെങ്കില്‍ ലഭിക്കുന്ന ശിക്ഷ അതികഠിനവും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... [ആമീന്‍]

by അബ്ദു സലഫി @ പുടവ മാസിക

മുലപ്പാല്‍ : കുട്ടിയുടെ അവകാശം

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക" [അദ്ധ്യായം 2 ബഖറ 233].

വ്യാഖ്യാനം : താഴെ കാണുന്ന തത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം തൂകുന്നു.

1 . വിവാഹ മോചിതയായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്ഷം കുട്ടിക്ക് മുല കൊടുക്കണം.

2. ഈ നിയമം എല്ലാ മാതാക്കള്‍ക്കും നിര്‍ബന്ധമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു.

3 . നിയമപരമായ മുലയൂട്ടല്‍ 2 വര്‍ഷമാണ്‌. രണ്ട് വര്‍ഷത്തിനു ശേഷം ഒരു കുട്ടി മറ്റൊരു സ്ത്രീയുടെ മുലകുടിച്ചാല്‍ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല.

4 . രണ്ടു വര്‍ഷത്തിനു ശേഷം മുലകുടി നിര്‍ത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രശ്നമാവുമെങ്കില്‍ വര്‍ദ്ധിപ്പിക്കാം. ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ 3 വര്‍ഷവും മറ്റു ചിലര്‍ 2.5 വര്‍ഷവും നല്‍കണമെന്നു വരെ പ്രസ്താവിക്കുന്നു. [തഫ്സീറുല്‍ മനാര്‍ 2 -410]

5. മുലകുടി നിര്‍ത്തുമ്പോള്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രതിബന്ധമാകുമോ എന്ന് അറിവുള്ളവരോട് അന്വേഷിക്കണം.

6. കുട്ടിയുടെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ബാധ്യത നിര്‍വഹിക്കണം.

7. മറ്റൊരു സ്ത്രീയെക്കൊണ്ട് മുല കുടിപ്പിക്കുന്നതിനു വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്‍കണം. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുന്നതിനാല്‍ ഇതിനെ പ്രേരിപ്പിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാക്കുകയാണ്; മുല കുടി നിര്‍ത്തി കുട്ടിക്ക് മറ്റു ഭക്ഷണങ്ങള്‍ നല്കാതിരിക്കുവാന്‍. മുലപ്പാലാണ് കുട്ടിക്ക് നല്ലത്.

8. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഗര്‍ഭിണിയാക്കുന്നത് ഗോപ്യമായ നിലക്ക് കുട്ടിയെ വധിക്കലാണെന്നു നബി (സ) ഉണര്‍ത്തി. കുട്ടിക്ക് മുലകുടി നഷ്ടപ്പെടുമെന്നതിനാല്‍ ഗര്‍ഭധാരണ തടുക്കുവാന്‍ അക്കാലത്ത് പ്രചാരത്തിലുള്ള താല്‍ക്കാലിക മാര്‍ഗങ്ങള്‍ നബി (സ) അനുവദിക്കുകയും ചെയ്തു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം

അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യുക

സര്‍വശക്തനും കരുണാമയനുമായ ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചു അവനില്‍ സര്‍വസ്വവും അര്‍പ്പിക്കുന്ന മനുഷ്യന് എന്തൊരു മനസ്സമാധാനമാണ് അനുഭവപ്പെടുക! പ്രതിസന്ധികളില്‍ രക്ഷകനായി തന്നോടൊപ്പം സദാ ദൈവമുണ്ടെന്ന വിശ്വാസം മനുഷ്യന് ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു. പക്ഷെ, ഇത്തരം ഘട്ടങ്ങളില്‍ അധികമാളുകളും അന്ധവിശ്വാസങ്ങളാകുന്ന ഇരുട്ടില്‍ തപ്പുന്നവരാണ്. ലോകത്ത് സംഭവിക്കുന്ന കൊലപാതകങ്ങള്‍, ചൂഷണങ്ങള്‍, മനോരോഗങ്ങള്‍ തുടങ്ങിയ പലതിനും കാരണം അന്ധവിശ്വാസങ്ങളാണ്. ഈ പ്രപഞ്ചം സ്വയംഭൂ അല്ലെന്നും ഇതിനെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പരാശക്തിയുണ്ടെന്നുമുള്ള വിശ്വാസം യുക്തിസഹവും പ്രകൃതിയുടെ അനിവാര്യതയുമാണ്‌. അഭൌതികമായ നിലക്ക് മനുഷ്യന് ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയുന്നത്‌ ദൈവത്തിനു മാത്രമാണ്. അത് കൊണ്ട് മനുഷ്യന്‍ അവനോടു മാത്രമേ പ്രാര്‍ഥിക്കാവൂ. അവനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ. എങ്കിലും മനുഷ്യന്‍ പല ദുശക്തികളിലും വിശ്വസിക്കുകയും അവയെ പ്രീതിപ്പെടുത്താന്‍ പല വഴികള്‍ തേടുകയും ചെയ്യുന്നു. മരണപ്പെട്ട മഹാന്മാര്‍ക്ക് ദൈവത്തിങ്കല്‍ ശിപാര്‍ശ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അവരുടെ ശവകുടീരത്തില്‍ നേര്‍ച്ചകളും പൂജകളും നടത്തുന്നു.

പിശാച്, വേദഗ്രന്ഥങ്ങളില്‍ വെളിപ്പെടുത്തപ്പെട്ട ഒരു യാഥാര്‍ത്യമാണ്. ആദ്യമനുഷ്യനെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിലക്കപ്പെട്ട കനി തിന്നാന്‍ പ്രചോദിപ്പിച്ചത് പിശാചത്രേ. മനുഷ്യമനസ്സില്‍ തെറ്റായ ചിന്തകളും വികാരങ്ങളും ജനിപ്പിച്ചു അവനെ വഴിതെറ്റിക്കുകയാണ് പിശാചിന്‍റെ ദൌത്യം. പിശാചിന് ഭൌതികമായ ഉപദ്രവങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ജനം തെറ്റിദ്ധരി ച്ചിരിക്കുന്നു. ആഭിചാരവും സിഹ്'റും നടത്തി ശത്രുസംഹാരം സാധ്യമാണെന്ന വിശ്വാസം മനുഷ്യബന്ധങ്ങളില്‍ എത്ര വിള്ളലാണ് ഉണ്ടാക്കിയി രിക്കുന്നത്!

യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും പിന്‍ബലമില്ലാത്ത പല വിശ്വാസങ്ങളും സമൂഹത്തില്‍ നിലവിലുണ്ട്. കണ്ണേര്, ഗൌളിശാസ്ത്രം, കരിനാവ്, കൈനോട്ടം, പക്ഷിലക്ഷണം തുടങ്ങിയവ അതില്‍ ചിലത് മാത്രം. നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും ആധാരമാക്കിയാണ് മനുഷ്യന്‍റെ പെരുമാറ്റങ്ങളും സംഭവങ്ങളും എന്ന് വിശ്വസിക്കുന്നവര്‍ ജ്യോതിഷത്തിനു ശാസ്ത്രത്തിന്‍റെ മുഖാവരണം നല്‍കുന്നു. മനുഷ്യന് ദിവ്യത്വം കല്‍പ്പിക്കുന്ന പ്രവണതയും ഇന്ന് സര്‍വവ്യാപകമാണ്. അന്ധവിശ്വാസങ്ങള്‍ എന്ത് മാത്രം പ്രയാസമാണ് മനുഷ്യന് വരുത്തിവെക്കുന്നത്. മനസ്സിന്‍റെ സ്വസ്ഥത കെടുത്തുകയും ജനങ്ങളുടെ വിശ്വാസത്തെയും വിവരമില്ലായ്മയെയും ചൂഷണം ചെയ്യാന്‍ സിദ്ധന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ആത്മീയനേതൃത്വം അവകാശപ്പെടുന്നവര്‍ക്കും അവസരമേകുകയും ചെയ്യുന്നു.

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) സാമൂഹ്യ പരിഷ്കരണം ആരംഭിച്ചത് തന്നെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചായിരുന്നു. ഏകനും സര്‍വശക്തനുമായ ദൈവത്തിനൊഴികെ, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും മഹത്വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ അസാധാരണത്വം കല്‍പ്പിക്കുന്നതും ആരാധന നടത്തുന്നതും അദ്ദേഹം നിരോധിച്ചു. ജ്യോല്‍സ്യന്മാരെയും പ്രവചനക്കാരെയും സമീപിക്കുന്നതും അവരെ വിശ്വസിക്കുന്നതും പാപമായി വിധിച്ചു. നബിയുടെ പുത്രന്‍ മരണപ്പെട്ട ദിവസത്തില്‍ സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ അത് സൂര്യന്‍റെ ദുഖാചരണമാണെന്നു വിശ്വസിച്ച ജനങ്ങളെ അദ്ദേഹം ഉടനെ തിരുത്തി. ദൈവത്തിലും അവന്‍റെ പ്രകൃതിനിയമത്തിലുമുള്ള വിശ്വാസം പ്രേത-ഭൂതങ്ങളെയോ, ജിന്ന്-ശൈതാന്മാരെയോ ഒന്നും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാന്‍ മനുഷ്യന് അവസരം നല്‍കുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ദൈവത്തോട് മാത്രം പ്രാര്‍ഥിക്കുക. രോഗങ്ങള്‍ സുഖപ്പെടാന്‍ ദൈവത്തെയും മരുന്നിനെയും മാത്രം ആശ്രയിക്കുക.

പ്രസിദ്ധ ചിന്തകനായ ഫീല്‍ടിംഗ് പറഞ്ഞത് എത്ര വാസ്തവം! 'അന്ധ വിശ്വാസങ്ങള്‍ മനുഷ്യനെ വിഡ്ഢിയാക്കുന്നു. നാസ്തികത്വം അവനെ ഭ്രാന്തനുമാക്കുന്നു'.

by മുഹമ്മദ്‌ കുട്ടശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്

പുണ്യത്തിന്റെ കവാടങ്ങള്‍

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ്‌ പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)

മാലിക്‌ബ്‌നു റബീഅ(റ) പറയുന്നു: ``ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസ്സുലൈമയില്‍ പെട്ട ഒരാള്‍ വന്ന്‌ ചോദിച്ചു. പ്രവാചകരേ, മരിച്ചുപോയ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി എനിക്ക്‌ ചെയ്യാവുന്ന വല്ല പുണ്യകര്‍മവുമുണ്ടോ? അവിടുന്ന്‌ പറഞ്ഞു: ഉണ്ട്‌, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ നരകമോചനത്തിനു വേണ്ടി അല്ലാഹുവോട്‌ തേടുക. അവര്‍ ചെയ്‌ത കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ നിലനില്‌ക്കുന്ന കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്‌നേഹിതരെ ആദരിക്കുക.'' (അബൂദാവൂദ്‌)

മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന രണ്ട്‌ ഹദീസുകളാണിവ. രണ്ട്‌ ഹദീസുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന മതകീയ തത്വങ്ങളും നിയമങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1. വൃദ്ധരായ മാതാപിതാക്കളെ സന്താനങ്ങള്‍ ശല്യമായോ ഭാരമായോ അല്ല കാണേണ്ടത്‌. `ഡിസ്‌പോസിബിള്‍ സംസ്‌കാരം' വ്യാപിച്ചുകൊണ്ടിരിക്കുകയും പഞ്ചായത്തുകള്‍ തോറും വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ അവശരായ വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്ന സന്ദേശം പകര്‍ന്നു തരുന്ന ഈ ഹദീസുകള്‍ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.

2. മാതാപിതാക്കളെ സ്‌നേഹിച്ചും പരിചരിച്ചും അവര്‍ക്ക്‌ സാന്ത്വനസ്‌പര്‍ശമായി മക്കള്‍ സമീപത്തുണ്ടാകുന്നത്‌ മരണാനന്തരം മക്കള്‍ക്ക്‌ സ്വര്‍ഗപ്രവേശം എളുപ്പമാക്കും.

3. വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച്‌ അവരുടെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും വില കല്‌പിക്കാതെ ഭാര്യാസന്താനങ്ങളുടെ സുഖജീവിതത്തില്‍ മാത്രം ശ്രദ്ധയുമൂന്നി ജീവിക്കുന്നവര്‍ക്ക്‌ ഈ ലോകത്ത്‌ താല്‌ക്കാലികവും നൈമിഷികവുമായ `സ്വര്‍ഗം' പണിയാന്‍ സാധിക്കുമായിരിക്കും. പക്ഷെ, പരലോകത്ത്‌ സ്വര്‍ഗപ്രവേശം വിദൂരസാധ്യത മാത്രമായിരിക്കും.

4. അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥ ജീവിത വിജയത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കാനോ വഴിയാധാരമാക്കാനോ തോന്നുകയില്ല.

5. മരണത്തിനപ്പുറത്തേക്കും തുറന്നുകിടക്കുന്ന നന്മയുടെ വാതിലുകളാണ്‌ മാതാപിതാക്കള്‍. മരണാനന്തരവും മാതാപിതാക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച്‌ പുണ്യാവസരങ്ങള്‍ വിശ്വാസികളായ മക്കളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. ഈ കാര്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലൂടെ മാതാപിതാക്കള്‍ അവരുടെ ജീവിതകാലത്തും അവരുടെ മരണശേഷവും അവരുടെ സഹൃദയരായ മക്കള്‍ക്ക്‌ പുണ്യം നേടാനുള്ള `കല്‌പവൃക്ഷങ്ങ'ളാണ്‌.

6. മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിന്‌ മൂന്ന്‌ സന്ദര്‍ഭങ്ങളുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്ക്‌ വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുക, നമുക്ക്‌ മുമ്പേ മരിച്ചുപോയ മാതാപിതാക്കളുടെ മഗ്‌ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക എന്നിവയാണവ.

7. ജീവിതകാലത്ത്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുന്ന സഹായങ്ങള്‍, വാഗ്‌ദാനങ്ങള്‍, അമാനത്തുകള്‍ എന്നിവ മരണപ്പെട്ട മാതാപിതാക്കള്‍ നിര്‍വഹിച്ചിരുന്നത്‌ സാമ്പത്തികവും സാഹചര്യവും അനുകൂലമുള്ള മക്കള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകണം. `ഉപ്പയും ഉമ്മയും നിങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ക്കതിന്‌ മനസ്സില്ല' എന്ന ചിന്താഗതി കൈവന്ന പുണ്യത്തെ തട്ടിമാറ്റലാണെന്ന്‌ വിശ്വാസികളായ സന്താനങ്ങള്‍ ഓര്‍ക്കണം.

8. മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുടെ സഹോദരങ്ങളും സഹോദര മക്കളും ഉണ്ടെങ്കില്‍ അവരുമായി കുടുംബബന്ധം കാത്തുസൂക്ഷിക്കേണ്ടത്‌ സന്താനങ്ങളുടെ കടമയാകുന്നു. നമ്മുടെ മാതാപിതാക്കള്‍ എന്ന `ഇടക്കണ്ണി' ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം പറയുന്നതും അറിയുന്നതുമായ എളാപ്പ, മൂത്താപ്പ, എളേമ, മൂത്തമ്മ അവരുടെ മക്കളായ നമ്മുടെ സഹോദരങ്ങള്‍ എന്നീ ബന്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! മരണപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കളെ സ്വന്തക്കാരും ബന്ധക്കാരുമായി കണ്ട്‌ നല്ല ബന്ധം സ്ഥാപിക്കുന്നത്‌ മാതാപിതാക്കള്‍ മരിച്ചാലും തുറന്നുകിടക്കുന്ന പുണ്യത്തിന്റെ വാതിലുകളാണ്‌.

9. മരണപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളോട്‌ മാത്രമല്ല, അവരുടെ സ്‌നേഹിതരോടും മക്കള്‍ക്ക്‌ കടപ്പാടുണ്ട്‌. മാതാവിതാക്കളുടെ സ്‌നേഹിതന്മാരാണ്‌ എന്ന ഒറ്റ പരിഗണന വെച്ച്‌ അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ്‌ ഹദീസ്‌ നല്‌കുന്ന ഗുണപാഠം. (മാതാപിതാക്കളുടെ ദുര്‍വൃത്തരായ, മാതാപിതാക്കളെത്തന്നെ വഴിതെറ്റിക്കാന്‍ കാരണക്കാരായ കൂട്ടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല.)

10. ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും പലായനത്തിനും (ജിഹാദിനും ഹിജ്‌റക്കും) സ്വയം സന്നദ്ധരായി വന്ന ഒരു സ്വഹാബിയോട്‌ നബി(സ) ചോദിച്ചു: നിനക്ക്‌ വൃദ്ധരായ മാതാപിതാക്കളുണ്ടോ? അദ്ദേഹം ഉണ്ട്‌ എന്നുത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``നീ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ തിരിച്ചു പോവുക! എന്നിട്ട്‌ നിന്റെ മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തുകൊടുക്കുക.'' അബ്‌ദുല്ലാഹിബ്‌നു അംറുബ്‌നു ആസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവവും മേല്‌പറഞ്ഞ കാര്യങ്ങളോട്‌ ചേര്‍ന്ന്‌ വായിച്ചാല്‍ മാതാപിതാക്കള്‍ നമുക്ക്‌ സ്വര്‍ഗത്തിലേക്കുള്ള അകലം കുറച്ചുതരുന്ന പ്രകാശവഴികളാണെന്ന്‌ ബോധ്യപ്പെടും. പക്ഷെ, `ഞാനും എന്റെ കെട്ട്യോളും കുട്ടികളും' എന്ന്‌ മാത്രമായിരിക്കുന്ന സമകാലിക `ലൈഫ്‌ സ്റ്റൈല്‍' മാറ്റാതെ ഈ പ്രകാശവഴിയും നന്മയുടെ വാതിലും കാണാന്‍ കഴിയില്ല!

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ് വാരിക

Popular ISLAHI Topics

ISLAHI visitors