നിക്കാഹ്‌ : സ്വാതന്ത്ര്യവും ബാധ്യതകളും

ഇസ്‌ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പരസ്‌പരം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. തക്കതായ കാരണങ്ങള്‍ ഉണ്ടായാല്‍ അവരില്‍ ഓരോരുത്തര്‍ക്കും അവര്‍ക്കിടയിലെ ബന്ധം നിലനിര്‍ത്താനും മാന്യമായി വേര്‍പിരിയാനും അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന്‌ സാരം. ഭര്‍ത്താവ്‌ ഭാര്യയെ ഒഴിവാക്കുന്നതിന്‌ ത്വലാഖ്‌ എന്നും ഭാര്യ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിന്‌ ഫസ്‌ഖ്‌ എന്നുമാണ്‌ സാങ്കേതികമായി പറയുക.

വളരെ വ്യക്തമായി ഞാന്‍ നിന്നെ മോചനം നടത്തിയിരിക്കുന്നു എന്ന്‌ ഭര്‍ത്താവ്‌ ഭാര്യയോട്‌ പറയുകയോ അതല്ലെങ്കില്‍ നീ നിന്റെ വീട്ടുകാരിലേക്കും കുടുംബക്കാരിലേക്കും മടങ്ങുക എന്ന്‌ മനസ്സില്‍ ത്വലാഖാണെന്ന്‌ കരുതിയുറിപ്പിച്ച്‌ ആലങ്കാരികമായി പറയുകയോ ചെയ്‌താല്‍ ത്വലാഖായി ഗണിക്കപ്പെടും. മനസ്സില്‍ കരുതിയതു കൊണ്ടു മാത്രം ആവില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനാവാത്ത വിധം ഗുരുതരമായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ത്വലാഖ്‌ പാടുള്ളൂ. സൂറതുല്‍ബഖറ 229-ാം വചനത്തിലും സൂറതുത്ത്വലാഖ്‌ ഒന്നാം വചനത്തിലും ഈ വിഷയകമായി സൂചനയുണ്ട്‌.

പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെ വിവാഹമോചനം നടത്തുന്നതും ഫസ്‌ഖ്‌ ചൊല്ലുന്നതും കുറ്റകരമാണ്‌. ഭാര്യ ഭര്‍ത്താവിനോട്‌ അകാരണമായി ത്വലാഖ്‌ ആവശ്യപ്പെടാനും പാടില്ല. ത്വലാഖ്‌ സാധൂകരിക്കപ്പെടണമെങ്കില്‍ ഭര്‍ത്താവ്‌ നിര്‍ബന്ധിക്കപ്പെടാത്തവിധം സ്വയം തീരുമാനത്തില്‍ സ്വബോധത്തോടെ പറഞ്ഞതാവണം.

ഭാര്യ അവളുടെ മാസമുറയുണ്ടായി കുളിച്ചു വൃത്തിയായ ശേഷം ലൈംഗികബന്ധം ഉണ്ടാവാതിരിക്കുന്ന അവസ്ഥയിലായിരിക്കണം ത്വലാഖ്‌ ചൊല്ലേണ്ടത്‌. അവള്‍ മാസമുറയുടെയോ പ്രസവരക്തം നിലച്ച ശേഷം കുളിച്ചു വൃത്തിയാകുന്നതിന്റെയോ ഇടയിലുള്ളപ്പോഴും ലൈംഗികബന്ധം നടന്നുകൊണ്ടിരിക്കുന്ന ശുദ്ധികാലങ്ങളിലും ത്വലാഖ്‌ പാടില്ല.

മൂന്ന്‌ ത്വലാഖും ചൊല്ലിയിരിക്കുന്നു എന്ന്‌ ഒറ്റ ശ്വാസത്തില്‍ പറയുന്നതും മൂന്ന്‌ പ്രാവശ്യങ്ങളിലായി ഒരേ നില്‌പില്‍ തന്നെ പറയുന്നതും പരിഗണിക്കുകയില്ല. ഭാര്യയെ തിരിച്ചെടുക്കാവുന്ന ത്വലാഖ്‌ രണ്ടു പ്രാവശ്യമാണ്‌. മൂന്നാമത്‌ ത്വലാഖ്‌ ചൊല്ലിയാല്‍ അവളെ മറ്റൊരാള്‍ നികാഹ്‌ കഴിഞ്ഞ്‌ ഭാര്യയാക്കിയ ശേഷം അയാള്‍ ഒഴിവാക്കിയിരിക്കുമ്പോഴല്ലാതെ ആദ്യ ഭര്‍ത്താവിന്‌ വിവാഹം കഴിക്കാവതല്ല. മൂന്ന്‌ ത്വലാഖും കഴിഞ്ഞ ശേഷം അയാള്‍ക്ക്‌ അവളെ തിരിച്ചെടുക്കണമെന്ന്‌ തോന്നുകയും മറ്റൊരാള്‍ അവളെ വേള്‍ക്കുന്നത്‌ ഇഷ്‌ടമില്ലാതിരിക്കുകയും എന്നാല്‍ മതപരമായിട്ടുള്ള സാങ്കേതികത്വത്തില്‍ നിന്ന്‌ രക്ഷപ്പെടാനും വേണ്ടി തല്‍ക്കാലികമായി ഒരാളെ കൂലികൊടുത്ത്‌ ചടങ്ങിനൊരു ഭര്‍ത്താവായി നിശ്ചയിച്ച്‌ വിവാഹം കഴിക്കുന്ന രീതിയും ഇസ്‌ലാം വിലക്കിയതാണ്‌. ഹറാമാണ്‌.

`ത്വലാഖ്‌' എന്നത്‌ ജനങ്ങള്‍ ലാഘവമായി കാണാതിരിക്കാന്‍ വേണ്ടി കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ മൂന്ന്‌ ത്വലാഖും ചൊല്ലി എന്ന്‌ ഒറ്റയടിക്കു പറയുന്നത്‌ മൂന്നും സാധൂകരിക്കപ്പെട്ടതായി കാണണമെന്ന അഭിപ്രായക്കാരാണ്‌. എന്നാല്‍ ഇത്തരമൊരു ശൈലി തന്നെ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിന്‌ എതിരാണ്‌. തെറ്റുകള്‍ ചെയ്‌തതിനു ശേഷം മസ്‌അലകള്‍ പരതുന്നതിനേക്കാള്‍ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. ഒരാള്‍ വ്യക്തമായി നീ വിവാഹമോചിതയാണെന്ന്‌ പറയുമ്പോള്‍ നിയ്യത്ത്‌ പ്രശ്‌നമാവില്ല. എന്നാല്‍ ആലങ്കാരികമായിട്ടുള്ള പദപ്രയോഗത്തില്‍ നിയ്യത്ത്‌ അനിവാര്യമാകും. എന്നാല്‍ ചില ആലങ്കാരികപ്രയോഗങ്ങളില്‍ നിന്നു തന്നെ കാര്യം വ്യക്തമാകുന്നതിനാല്‍ അത്തരം അവസരങ്ങളിലും നിയ്യത്ത്‌ പ്രശ്‌നമാവില്ല.

ഉദാഹരണമായി നിനക്ക്‌ ഇനി മുതല്‍ നിന്റെ വീട്ടില്‍ നില്‌ക്കാം എന്നോ നിനക്ക്‌ മറ്റു പുരുഷന്മാരുമായി വിവാഹബന്ധത്തിലേര്‍പ്പെടാം എന്നോ പറയും പോലെ. എന്നാല്‍ ഒരാള്‍ തന്റെ ഭാര്യയോട്‌ നീ ഇന്ന കാര്യം ചെയ്‌താല്‍ വിവാഹമോചിതയാകുമെന്ന്‌ നിബന്ധനവെച്ചാല്‍ പ്രസ്‌തുത കാര്യം സംഭവിച്ചെങ്കിലല്ലാതെ മോചനം സംഭവിക്കില്ലെന്നാണ്‌ കര്‍മശാസ്‌ത്ര പണ്ഡിതരില്‍ ചിലരുടെ വീക്ഷണം.

വിവാഹമോചനം ഒരാള്‍ സ്വയം എഴുതി അറിയിച്ചാലും മറ്റൊരാളെ ത്വലാഖ്‌ ചെയ്യാനുള്ള `വക്കാലത്ത്‌' കൊടുത്ത്‌ അയാള്‍ ചെയ്‌താലും പരിഗണിക്കപ്പെടും. ഒരാള്‍ തന്റെ ഭാര്യയോട്‌ നീയുമായി ഞാന്‍ ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെടല്‍ എനിക്ക്‌ ഹറാമാണ്‌ എന്ന്‌ പറഞ്ഞുവെങ്കില്‍ ത്വലാഖാണ്‌ അയാള്‍ ഉദ്ദേശിച്ചതെങ്കില്‍ ത്വലാഖും അതല്ലെങ്കില്‍ `ളിഹാറും' ഇതൊന്നുമല്ലെങ്കില്‍ ഒരു അനാവശ്യസത്യം ചെയ്‌തത്‌ മാത്രമായും ഗണിക്കപ്പെടും. `ളിഹാര്‍' എന്നാല്‍ സാങ്കേതികമായി ഒരാള്‍ തന്റെ ഭാര്യയോട്‌ നീ എനിക്ക്‌ എന്റെ ഉമ്മയെപ്പോലെ ലൈംഗികവേഴ്‌ച പാടില്ലാത്തവളാണെന്ന്‌ പറയലാണ്‌. ഇത്തരം ഘട്ടത്തില്‍ `ളിഹാറി'ന്റെ പ്രായശ്ചിത്തമോ അനാവശ്യസത്യം ചെയ്‌തതിനുള്ള പ്രായശ്ചിത്തമോ നല്‌കി തൗബയാവലാണ്‌ പോംവഴി. ഒരു സ്‌ത്രീക്ക്‌ അവളുടെ ഭര്‍ത്താവ്‌ ലൈംഗിക ശേഷിക്കുറവോ ബുദ്ധിഭ്രംശമോ കുഷ്‌ഠം, വെള്ളപ്പാണ്ട്‌ മുതലായ രോഗമോ ഗുഹ്യരോഗങ്ങളോ ഉള്ളവനാണെന്ന്‌ സ്ഥിരീകരിക്കാനായാല്‍ ഫസ്‌ഖ്‌ ചെയ്യാവുന്നതാണ്‌. തനിക്കും കുട്ടികള്‍ക്കും ചെലവ്‌ നല്‌കാതെയും സംരക്ഷണം നല്‍കാതിരുന്നാലും ഫസ്‌ഖ്‌ ചെയ്യാവുന്നതാണ്‌.

by അബ്‌ദുല്‍അലി മദനി @ ശബാബ്