സലാം പറയലും പ്രചരിപ്പിക്കലും

ഒരിക്കല്‍ നബി(സ)യോട് ഒരാള്‍ ചോദിച്ചു : ഇസ്ലാമില്‍ ഏറ്റവും ഉത്തമ മായത് എന്താണ്? നബി (സ) പറഞ്ഞു : 'നീ ഭക്ഷണം നല്‍കുക, അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക' [ബുഖാരി]

മറ്റോരിക്കല്‍ നബി (സ) പറഞ്ഞു : 'നിങ്ങള്‍ വിശ്വാസികളാകുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികളാവുകയുമില്ല . നിങ്ങള്‍ക്ക് ഞാനൊരു കാര്യം അറിയിച്ചു തരട്ടെയോ? അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതാണ്. നിങ്ങള്‍ക്കിടയില്‍ നിങ്ങള്‍ സലാം പ്രചരിപ്പിക്കുക" [മുസ്‌ലിം]

ഒരിക്കല്‍ ഒരാള്‍ വന്നു നബി (സ)യോട് 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി(സ) സലാം മടക്കി 'പത്ത്' എന്ന് പറഞ്ഞു. പിന്നെ വേറൊരാള്‍ വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന് പറഞ്ഞു. നബി(സ) അത് മടക്കി 'ഇരുപത്' എന്ന് പറഞ്ഞു. പിന്നെ വേറൊരാള്‍ വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറകാതുഹു' എന്ന് പറഞ്ഞു. അപ്പോള്‍ റസൂല്‍ (സ) അത് മടക്കി 'മുപ്പത്' എന്ന് പറഞ്ഞു. [അബൂദാവൂദ്, തുര്‍മുദി, ദാരിമി]

നബി (സ) പറഞ്ഞു : ജനങ്ങളില്‍ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ ആദ്യമായി സലാം പറയുന്നവനാണ്. [അബൂദാവൂദ്]. ഒരു സംഘം ഒന്നിച്ചു വരുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ സലാം പറഞ്ഞാല്‍ മതി എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. [അബൂദാവൂദ്]. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോടും സ്ത്രീകളോടും നബി (സ) സലാം പറഞ്ഞിരിക്കുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു : നിങ്ങള്‍ ആരെങ്കിലും തന്‍റെ സഹോദരനെ കണ്ടാല്‍ സലാം പറയണം. ഇനി, വല്ല മരമോ മതിലോ കല്ലോ അവര്‍ക്കിടയില്‍ മറയായി വന്നതിനു ശേഷo കണ്ടുമുട്ടുകയാണെങ്കില്‍ അവന്‍ വീണ്ടും സലാം പറയണം, [അബൂദാവൂദ്]

ഒരു സദസ്സിലേക്ക് വരുമ്പോഴും അവിടെ നിന്ന് പിരിഞ്ഞു പോവുമ്പോഴും സലാം പറയണം. വാഹനത്തില്‍ പോകുന്നവന്‍ നടക്കുന്നവനും, നടക്കുന്നവന്‍ ഇരിക്കുന്നവനും, ചെറിയവന്‍ വലിയവനും, ചെറുസംഘം വലിയ സംഘത്തിനുമാണ്‌ സലാം പറയേണ്ടത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സലാം പറയുമ്പോള്‍ കേള്‍ക്കത്തക്ക വിധം പറയേണ്ടതാണ്. അഥവാ കേട്ടില്ലെങ്കില്‍ വീണ്ടും സലാം ആവര്‍ത്തിച്ചു പറയണം. അല്ലാതെ 'ഞാന്‍ സലാം പറഞ്ഞിട്ടുണ്ട്' എന്ന് പറയുകയല്ല വേണ്ടത്.

സലാം മടക്കല്‍

സലാം പറയുന്നത് കേട്ടാല്‍ അത് മടക്കേണ്ടത് ശ്രോതാവിന്‍റെ കടമയാണ്.

"നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുക. അല്ലെങ്കില്‍ അത് തന്നെ തിരിച്ചു നല്‍കുക. [ഖുര്‍ ആന്‍ 4 :86]

ഈ ആശയത്തിന്റെ വിവരണ ത്തില്‍ ഇബ്നു ജരീര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം :

ഒരിക്കല്‍ നബി (സ) യുടെ അടുക്കല്‍ ഒരാള്‍ വന്നു 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി (സ) 'വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹ്' എന്ന് മടക്കി. മറ്റൊരാള്‍ വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന് പറഞ്ഞു. അപ്പോള്‍ നബി(സ) 'വ അലൈകുമു സ്സലാം വ റഹ്മതുള്ളാഹി വ ബറകാത്തുഹു' എന്ന് മടക്കി. പിന്നെ ഒരാള്‍ വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറകാത്തുഹു' എന്ന് പറഞ്ഞു. അപ്പോള്‍ നബി (സ) 'വ അലൈകും' എന്ന് മടക്കി. അപ്പോള്‍ അയാള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ, എന്‍റെ മുമ്പ് വന്ന രണ്ടുപേര്‍ക്കും താങ്കള്‍ കൂടുതല്‍ മടക്കിക്കൊടുത്തു. എനിക്കതുണ്ടായില്ല. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു : നിങ്ങള്‍ യാതൊന്നും ഒഴിവാക്കിയിട്ടില്ല. അപ്പോള്‍ ഞാന്‍ അത് അങ്ങോട്ട്‌ മടക്കി തന്നു. ശേഷം റസൂല്‍ (സ) ഈ ആയത്ത് ഓതി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സലാം പറയുമ്പോഴും മടക്കുമ്പോഴും ഇതിനേക്കാള്‍ കൂടുതല്‍ പദങ്ങള്‍ പറയേണ്ടതില്ല എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സലാം ആര് തന്നെ പറഞ്ഞാലും അത് മടക്കേണ്ടതാണ്. ഒരു മജൂസിയാണ് സലാം പറയുന്നതെങ്കിലും അത് മടക്കണമെന്നു ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘത്തിനു സലാം പറഞ്ഞാല്‍ അതിലൊരാള്‍ മടക്കിയാലും മതിയാവുന്നതാണ്.

വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ വീട്ടുകാരന്‍ തന്നെയായാലും സലാം പറയേണ്ടതാണ്. അന്യവീടുകളില്‍ പ്രവേശിക്കുമ്പോള്‍ സലാം പറയുകയും അനുവാദം ചോദിക്കുകയും വേണം. അനുവാദം കിട്ടിയാല്‍ മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. മറുപടി ലഭിച്ചില്ലെങ്കില്‍ തിരിച്ചു മടങ്ങണമെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്.

by സി പി ഉമര്‍ സുല്ലമി @ പ്രാര്‍ഥനകള്‍ നിത്യജീവിതത്തില്‍