വിശുദ്ധിയുടെ പടവുകള്‍

അടിസ്ഥാനപരമായി മനുഷ്യന്‍ മണ്ണിന്‍റെ സന്തതിയാണ്. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെടുകയും അതില്‍ സൃഷ്ടാവ് ആത്മാവ് സന്നിവേശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മണ്ണിന്‍റെ അധമ ചോദനങ്ങളും ആത്മാവിന്‍റെ സല്‍ഗുണങ്ങളും അവനില്‍ സമ്മേളിച്ചിരിക്കുന്നു.

"മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ" [അദ്ധ്യായം 32 സജദ 7-9].

ദാഹവും വിശപ്പും കാമവും ക്രോധവുമെല്ലാം പൊതുവേ മണ്ണിന്‍റെ ഗുണങ്ങളില്‍ പെട്ടതായും സ്നേഹം, ദയ, കരുണ തുടങ്ങിയവ ആത്മാവിന്‍റെ സല്‍ഗുണങ്ങളായും വിവക്ഷിക്കപ്പെടാരുണ്ട്.

നിത്യജീവിതത്തില്‍ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുവാനാണ് സമയത്തിന്‍റെ സിംഹഭാഗവും മനുഷ്യന്‍ ചിലവിടുന്നത്‌. ഭക്ഷണങ്ങളും വസ്ത്രവും മറ്റു ജീവിതാവശ്യങ്ങളും സ്വരൂപിക്കാനുള്ള അധ്വാനത്തിനും അതിനാവശ്യമായ വരുമാനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലും പലപ്പോഴും ആത്മീയവശം അവഗണിക്കപ്പെടുന്നു. തല്‍ഫലമായി ശരീരപ്രധാനമായ ജീവിതരീതി കൈവരുന്നു.

ശരീരത്തെപ്പോലെത്തന്നെ ആത്മാവിനും ഭക്ഷണവും ആരോഗ്യവും ആവശ്യമുണ്ട്. ആത്മായ പരിശീലനവും ചിന്തകളും കര്‍മ്മങ്ങളുമാണ്‌ ആത്മാവിനു നല്‍കാവുന്ന ഭക്ഷണം. തിരക്കുപിടിച്ച ജീവിതത്തിലെ അല്‍പ സമയമെങ്കിലും അതിനുവേണ്ടി നീക്കിവെക്കുമ്പോള്‍ നാമറിയാതെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ അതു നമ്മെ സഹായിക്കും. ഇത് തിരിച്ചറിയാതെ പോകുമ്പോള്‍ ആത്മീയഗുണങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ജീവിതം വെറും ഭൌതിക പ്രധാനമായി തീരുകയും ചെയ്യും.

ഇസ്ലാം ഇതിനു കൃത്യമായ രീതിയും രൂപവും അനുശാസിക്കുന്നുണ്ട്. ജീവിതത്തിലെ പൊടിപിടിച്ച ചിന്തകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും സംസ്കരിക്കുന്ന അഞ്ചു നേരത്തെ നമസ്കാരം ഇതില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നു. ഓരോ നമസ്കാരങ്ങള്‍ക്കുമിടയില്‍ മണിക്കൂറുകളുടെ വ്യത്യാസം മാത്രം. ശരീരത്തിലും മനസ്സിലും ചെളി പുളരുവാന്‍പോലും ഇവിടെ സമയം ലഭിക്കുന്നില്ല. ആഴ്ചയില്‍ വിശ്വാസികളുടെ ഒത്തു ചേരലിനും പ്രാര്‍ഥനക്കുമായി വെള്ളിയാഴ്ച. ഓരോ മാസത്തിലും ഐചിക വ്രതാനുഷ്ടാനങ്ങള്‍. വര്‍ഷത്തിലൊരിക്കല്‍ മനസ്സിനും ശരീരത്തിനും പൂര്‍ണ്ണ പരിശീലനം നല്‍കുന്ന വ്രതത്തിന്‍റെ കളരി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കുവാന്‍ പര്യാപ്തമായ കര്‍മം. ആത്മോല്‍ക്കര്‍ഷതിന്‍റെ എത്രയെത്ര വാതായനങ്ങള്‍. ഓരോന്നും തന്മയത്വം നഷ്ടപ്പെടാതെ പ്രയോഗവല്‍ക്കരിക്കാന്‍ സാധിച്ചാല്‍ അതു സര്‍വോന്മുഖമായ വളര്‍ച്ചക്ക് വഴി തെളിക്കും.

റമദാന്‍ വീണ്ടും വരുമ്പോള്‍ വിശ്വാസികളുടെ അകവും പുറവും ആനന്ദിക്കുന്നതും അതുകൊണ്ട് തന്നെയാകണം. ശരീരശുദ്ധിയുടെയും ആത്മ പരിചരണത്തിന്‍റെയും മാസം.

അറിയാനും ഒരുങ്ങാനും സമയമായി.

"ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌" [അദ്ധ്യായം 2 ബഖറ 185]

by എം ടി എം @ വര്‍ത്തമാനം ആഴ്ചപ്പതിപ്പ്

നോമ്പ് സൂക്ഷ്മതക്ക്

"ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ മുമ്പുള്ളവരുടെമേല്‍ നിയമിക്കപ്പെട്ടത്പോലെ നിങ്ങളുടെമേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. അതെ, എണ്ണപ്പെട്ട (അല്പം) ചില ദിവസങ്ങളില്‍" [അദ്ധ്യായം 2 ബഖറ 183,184]

വ്യാഖ്യാനം :

1) ഹേ വിശ്വസിച്ചവരെ എന്ന് വിളിച്ചുകൊണ്ടാണ് നോമ്പ് നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ അല്ലാഹു പറയുന്നത്. അതിനാല്‍ ഓരോ സത്യവിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാകുന്നു. പ്രത്യേകം ഒഴിവു നല്കപ്പെട്ടവര്‍ മാത്രമേ ഇതില്‍ നിന്നും ഒഴിവാകുകയുള്ളൂ. ഈ വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.

2) ഭക്ഷണപാനീയങ്ങളും സ്ത്രീ സംസര്‍ഗവും ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതമാണ് ഇസ്ലാമിലെ നോമ്പ്. ഇത് പൊതുവേ എല്ലാവര്‍ക്കും അല്പം പ്രയാസകരമായ ഒന്നാണെന്ന് പറയേണ്ടതില്ല. ആ നിലക്ക് ഇതൊരു ഭാരപ്പെട്ട നിയമമായി കരുതപ്പെടുവാന്‍ കാരണമുണ്ട്. മുഹമ്മദ്‌ നബി (സ)യുടെ സമുദായമായ നിങ്ങള്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ട ഒരു നിയമമല്ല ഇതെന്നും, മുന്‍ സമുദായങ്ങളിലും നോമ്പ് നിയമമാക്കപ്പെട്ടിരുന്നുവെന്നും, നിര്‍ണ്ണയം ചെയ്യപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രമേ നോമ്പ് നോല്‍ക്കേണ്ടതുള്ളൂവെന്നുമൊക്കെ പ്രസ്താവിച്ചിരിക്കുന്നത് ഈ മനപ്രയാസം നീക്കുവാന്‍ വേണ്ടിയാകുന്നു.

3) മുന്‍സമുദായങ്ങളില്‍ നിയമിക്കപ്പെട്ടത്പോലെ എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് മുന്‍സമുദായങ്ങളുടെ നോമ്പും ഈ സമുദായത്തിന്‍റെ നോമ്പും എല്ലാ വിഷയങ്ങളിലും യോജിച്ചിരിക്കണമെന്നില്ല. രണ്ടും തമ്മില്‍ അല്‍പമൊക്കെ വ്യത്യാസം ഉണ്ടാകാം.

4) നോമ്പ് കൊണ്ട് സാധിക്കുവാനുള്ള ലക്ഷ്യമായി അല്ലാഹു പറഞ്ഞത് 'നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി' എന്നാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകളെ പാലിക്കുകവഴി ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രേ ഇത് കൊണ്ടുള്ള വിവക്ഷ. മനുഷ്യനില്‍ നിന്നുണ്ടാകുന്ന പാപങ്ങളും തെറ്റുകുറ്റങ്ങളും അവന്‍റെ ദേഹേച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉണ്ടാകുന്നതാണല്ലോ. നോമ്പാകട്ടെ, ആ രണ്ടിനെയും നിയന്ത്രിക്കുന്നതാണുതാനും. അതു കൊണ്ടാണ് വിവാഹം ചെയ്യാന്‍ കഴിവില്ലാത്ത യുവാക്കളോട് നബി (സ) നോമ്പ് നോല്‍ക്കാന്‍ ഉപദേശിച്ചതും, നോമ്പ് പാപങ്ങളെ തടുക്കുന്ന ഒരു പരിചയാണെന്ന് പറഞ്ഞതും [ബുഖാരി, മുസ്‌ലിം]. ഒന്നോ രണ്ടോ നോമ്പ് നോല്‍ക്കുമ്പോഴേക്കും അതു ശാരീരിക വികാരങ്ങളെ നിയന്ത്രിച്ചുനിര്‍ത്തും എന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. നോമ്പ് പതിവായി നോല്‍ക്കുന്നപക്ഷം ശരീരവും ആത്മാവും മനസ്സുമെല്ലാം സ്വയം നിയന്ത്രീതമാകുമെന്നത് തീര്‍ച്ച തന്നെ.

കേവലം ശാരീരിക പരിശീലനമോ ആരോഗ്യപരമായ ശുദ്ധീകരണമോ മാത്രമല്ല നോമ്പ്. മാനസികവും ആത്മീയവുമായ വമ്പിച്ച നേട്ടങ്ങളും അതു മുഖേന സിദ്ധിക്കുവാനുണ്ട്. പക്ഷെ, നോമ്പ് നാമമാത്രമായാല്‍ പോരാ, ശരിയായ അര്‍ത്ഥത്തില്‍ തന്നെയുള്ളതായിരിക്കണം. അതാണ്‌ നബി (സ) ഒരു ഹദീസില്‍ ചൂണ്ടിക്കാട്ടിയത്. 'അക്രമം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആര്‍ ഉപേക്ഷിച്ചില്ലയോ, അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിനുയാതോരാവശ്യവുമില്ല' [ബുഖാരി].

5) എണ്ണപ്പെട്ട ചില ദിവസങ്ങള്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ റമദാന്‍ മാസത്തിലെ ദിവസങ്ങളാണ്. അധികകാലമോന്നുമില്ല, കുറച്ചു ദിവസങ്ങളേയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നോമ്പിന്‍റെ ഭാരം കുറച്ചുകാണിക്കുകയാണ് ആ വാക്ക് ചെയ്യുന്നത്.

by അമാനി മൌലവി @ വിശുദ്ധ ഖുര്‍ആന്‍ വിവരണം

മാലിന്യ സംസ്കരണം ഇസ്ലാമില്‍

ശപിക്കപ്പെട്ടവരുടെ പ്രവൃത്തി നിങ്ങള്‍ ചെയ്യരുത്‌. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും വിശ്രമിക്കുന്ന വഴിയിലും വിസര്‍ജനം നടത്തരുത്‌.'' (മുസ്‌ലിം)

``മൂന്ന്‌ കാര്യങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. കുളക്കടവിലും പൊതുവഴിയിലും തണലിലും നിങ്ങള്‍ വിസര്‍ജിക്കാതിരിക്കുക.'' (അബൂദാവൂദ്‌)

``നിങ്ങളിലൊരാളും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ടതില്‍ തന്നെ കുളിക്കുകയും ചെയ്യരുത്‌.'' (ബുഖാരി)

``ജനാബത്ത്‌ കുളിക്കായി നിങ്ങളിലാരും കെട്ടിനില്‍ക്കുന്ന വെള്ളം ഉപയോഗിക്കരുത്‌.'' (മുസ്‌ലിം)

നാം കഴിക്കുന്ന ഭക്ഷ്യപാനീയങ്ങള്‍, ദഹനപ്രക്രിയയിലൂടെ ശരീരപോഷണത്തിനും ശാരീരികോര്‍ജത്തിനും ആവശ്യമായവ ശരീരം സ്വീകരിച്ചതിനു ശേഷം ഉപയോഗശൂന്യവും മലിനവുമായ അവശിഷ്‌ടങ്ങള്‍ പുറംതള്ളുന്നു. ആമാശയത്തിലെത്തിയ ഇഷ്‌ടഭോജ്യങ്ങളില്‍ ഒരു ഭാഗം തന്നെയാണ്‌ വിസര്‍ജ്യവസ്‌തുക്കളായി പുറംതള്ളപ്പെടുന്നത്‌. ഏതൊരാളും തന്റെ പരിസരത്തെവിടെയെങ്കിലും തന്റെയോ മറ്റുള്ളവരുടെയോ മലമൂത്രവിസര്‍ജ്യങ്ങള്‍ ദൃഷ്‌ടി-ഘ്രാണ- സ്‌പര്‍ശ പരിധിയില്‍ ഉണ്ടാകുന്നത്‌ ഇഷ്‌ടപ്പെടുകയില്ല. അതുകൊണ്ടാണല്ലോ പരസ്യമായി ഭക്ഷണം കഴിക്കുന്ന മനുഷ്യന്‍ രഹസ്യമായി മാത്രം വിസര്‍ജനം നടത്തുന്നത്‌.

മാലിന്യങ്ങളില്‍ കൂടുതല്‍ രൂക്ഷതയുള്ളത്‌ മുഷ്യന്റെ വിസര്‍ജ്യങ്ങള്‍ തന്നെയാണ്‌. വിസര്‍ജനം ഒരിക്കലും ജനസാന്നിധ്യത്തില്‍ നിര്‍വഹിക്കുകയോ ജനങ്ങള്‍ക്ക്‌ ഉപദ്രവമാകും വിധം പരസ്യപ്പെടുത്തുകയോ ചെയ്യരുത്‌. ജനസഞ്ചാരമുള്ള വഴിയിലോ കുളക്കടവിലോ ആളുകള്‍ വിശ്രമിക്കുന്ന തണല്‍ പ്രദേശത്തോ ഫലവൃക്ഷച്ചുവട്ടിലോ മലമൂത്ര വിസര്‍ജനം ചെയ്‌തത്‌ കാണുമ്പോള്‍, ഏതൊരാള്‍ക്കും അറപ്പുണ്ടാവുക സ്വാഭാവികം.

തനിക്കോ മറ്റുള്ളവര്‍ക്കോ നാശം വരാന്‍ വേണ്ടിയുള്ള ഒരുതരം വിപരീത പ്രാര്‍ഥനയാണ്‌ ശാപമെന്നത്‌. ഈ വിപരീത പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ പരസ്യ വിസര്‍ജനം ചെയ്‌ത വ്യക്തിക്ക്‌ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നതുറപ്പാണ്‌. അത്‌ ഏത്‌ വിധത്തിലായിരിക്കും പ്രായോഗികമാവുക എന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും ശാപം ഫലിക്കുക എന്നതിന്റെ സാധ്യത തന്നെയാണ്‌ ഉദ്ധൃത നബിവചനങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

വഴിയിലും തണലിലും വെള്ളത്തിലും മലമൂത്രവിസര്‍ജനം നടത്തലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങള്‍ കഴുകലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌. മനുഷ്യന്റെ വിസര്‍ജ്യങ്ങള്‍ പരസ്യമായി ഉപേക്ഷിക്കപ്പെടുക വഴി പ്രാണികള്‍ അവ അന്തരീക്ഷത്തിലും മനുഷ്യന്റെ ശരീരത്തിലും വ്യാപിപ്പിക്കുകയും രോഗസംക്രമണത്തിന്‌ ഇടയാക്കിത്തീര്‍ക്കുകയും ചെയ്യും. അതുകൊണ്ടാണല്ലോ അറിവില്ലായ്‌മ നിമിത്തം പള്ളിയില്‍ മൂത്രമൊഴിച്ച ഗ്രാമീണ അറബിയെ നബി(സ) സൗമ്യമായി ഉപദേശിച്ച്‌ തിരുത്തുകയും വലിയ പാത്രത്തില്‍ വെള്ളം കൊണ്ടുവന്ന്‌ അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത്‌ ഒഴിച്ച്‌ വൃത്തിയാക്കാന്‍ സ്വഹാബികളോട്‌ കല്‌പിക്കുകയും ചെയ്‌തത്‌.

ശുദ്ധവായുവും ശുദ്ധവെള്ളവും ഏതൊരു മനുഷ്യന്റെയും മൗലികാവകാശമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌. ഉള്ളി തിന്ന്‌ ദുര്‍ഗന്ധം വമിപ്പിച്ച്‌ ജമാഅത്ത്‌ നമസ്‌കാരത്തിന്‌ വന്ന സ്വഹാബിയെ നബി(സ) ശാസിച്ച സംഭവം സുവിദിതമാണല്ലോ. ശുദ്ധവായുവും ശുദ്ധവെള്ളവും ലഭ്യമാകണമെങ്കില്‍ ശുദ്ധമായ പരിസരമുണ്ടാകണം. പരിസരമലിനീകരണത്തെ ഗുരുതരമായ വ്യതിയാനമായാണ്‌ ഇസ്‌ലാം കാണുന്നത്‌.

മാലിന്യ കൂമ്പാരങ്ങള്‍ സംസ്‌കരിക്കാന്‍ ഫലപ്രദവും ശാസ്‌ത്രീയവുമായ മാര്‍ഗങ്ങള്‍ അവലംബിക്കാതെ പരിസരവാസികളുടെ വായുവും വെള്ളവും മലിനമാക്കുന്നത്‌ നിസ്സംഗമായി നോക്കി നില്‌ക്കുന്ന കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും ഗുരുതരമായ കുറ്റകൃത്യമാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയുള്ള വികസനസംരംഭങ്ങള്‍ക്ക്‌ പൂര്‍ണമായ പ്രയോജനപരത അവകാശപ്പെടാനാവില്ല. അതിനാല്‍ വ്യക്തിയും സമൂഹവും ഒരു ശുചിത്വബോധ സംസ്‌കാരനയം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു.

by കെ പി എസ്‌ ഫാറൂഖി @ ശബാബ്

താളം തെറ്റിയ പ്രാര്‍ത്ഥന

പുറമേ ചിരിക്കുമ്പോഴും ഒരായിരം ദുഃഖം ഉള്ളിലൊതുക്കുന്ന മനുഷ്യര്‍! പ്രശ്നങ്ങളുടെ വേലിയേറ്റത്തില്‍ കട പുഴകിയേക്കാവുന്ന ജീവിതത്തിനു അത്താണി തേടുന്നവര്‍! ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും മാറിമറയുന്ന മനസ്സിന്‍റെ ഉടമസ്ഥര്‍! വേദന കടിച്ചിറക്കി കൊടുംരോഗത്തിനടിമപ്പെട്ടവര്‍! താളംതെറ്റിയ ജീവിതസാഗരത്തില്‍ നിന്ന് കരകയറുവാന്‍ കൈകാലിട്ടടിക്കുന്നവര്‍! ഇങ്ങനെ ധാരാളം മനുഷ്യര്‍ പ്രാര്‍ത്ഥനയില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്നു.

മേല്‍ വിവരിച്ച മനുഷ്യരുടെ ദുര്‍ബലാവസ്ഥയാണ് ചൂഷണം ചെയ്യപ്പെടുന്നത്. മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കുക സ്വാഭാവികമാണ്‌. ശക്തമായ കേന്ദ്രമാണോ അല്ലയോ എന്ന് അവന്‍ ആലോചിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യഗ്രന്ഥം ശരിയായ ദിശ കാണിച്ചു തരുന്നു. അവന്‍റെ വിഷമകരമായ അനുഭവങ്ങള്‍ നീക്കി പ്രതീക്ഷ സഫലമാക്കാന്‍ കെല്‍പ്പുറ്റ ഒരു ശക്തികേന്ദ്രത്തെ അവന്‍റെ അത്താണിയായി പഠിപ്പിക്കുന്നു. അജ്മീര്‍, നാഗൂര്‍, ബീമാ, പെരുമ്പടപ്പ്‌, പുതുപൊന്നാനി മുതല്‍ നാനാ ദിക്കുകളില്‍ ചിതറിക്കിടന്ന മനസ്സുകളെയാണ് ഖുര്‍ആന്‍ മോചിപ്പിക്കുന്നത്.

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌" [ഖുര്‍ആന്‍ അദ്ധ്യായം 39 :38]. സുചിന്തിത തീരുമാനത്തിന് ശക്തി പകരുന്ന പ്രസ്താവന യാണിത്‌. ഇതിലെ ഓരോ ഭാഗവും ഓരോരുത്തര് മായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പ്രപഞ്ചത്തിലെ യാതൊന്നും ഒഴിവാകുന്നില്ല.

ദൈവേതരരോടുള്ള പ്രാര്‍ത്ഥന നിന്ദ്യതയും പരിഹാസ്യതയുമാണ്‌ നല്‍കുക. ഖുര്‍ആന്‍ പറയുന്നത് കാണുക : "പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക് അറിയുമാറാകും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്‌" [അദ്ധ്യായം 39 : 39,40]. അതെ, അന്ധവിശ്വാസം അപമാനവും പരിഹാസ്യവുമാണ്. എന്നാല്‍ ദൈവത്തിന്‍റെ അപാരഗുണങ്ങള്‍ പറയുമ്പോഴും വിവരണങ്ങള്‍ കേള്‍ക്കുമ്പോഴും അവരുടെ മനസ്സുകള്‍ സങ്കോചിക്കുകയാണ്. ദൈവേതര വസ്തുക്കളുടെ അത്ഭുതകഥകള്‍ കേള്‍ക്കുവാന്‍ ജിജ്ഞാസയും വിടര്‍ന്ന മനസ്സും മാത്രമല്ല ഒരായിരം ചെവികളുമാണ് അവര്‍ക്കുള്ളത്. ഖുര്‍ആന്‍ തന്നെ അതു തുറന്നു പറയുന്നു : "അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു" [അദ്ധ്യായം 39 : 45].

ബോധപൂര്‍വ്വം സത്യം നിഷേധിക്കുവാനും കൌശലപൂര്‍വ്വം നന്ദികേട് കാണിക്കുവാനുമുള്ള മനുഷ്യകഴിവ് സുവിദിതമാണ്‌. വക്രതപൂണ്ട മനസ്സിനെ ഋജുവായ മാര്‍ഗത്തിലെത്തിക്കുകയെന്ന ദൌത്യനിര്‍വഹണമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. "അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" [അദ്ധ്യായം 10 : 106,107].

രക്ഷതേടിയ മനസ്സ് ദൈവേതരരുടെ വഴിയില്‍ ചെന്ന്പെടുകവഴി അഗാധ ഗര്‍ത്തത്തിലാണ് പതിക്കുകയെന്നു ഖുര്‍ആന്‍ സഗൌരവം ഉണര്‍ത്തുന്നു.

by CM മൌലവി @ അന്ധവിശ്വാസങ്ങളുടെ ലോകം from യുവത ബുക്സ്

ഇരുള്‍ നീക്കുന്ന വിളക്കുമാടം

വിശുദ്ധ ഖുര്‍ആനിലെ 114 അദ്ധ്യായങ്ങളില്‍ 113ഉം ആരംഭിക്കുന്നത് 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍' എന്ന വചനം കൊണ്ടാണ്.

"അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു" [അദ്ധ്യായം 40 ഗാഫിര്‍ 64]

മഴ വര്‍ഷിക്കുന്നതും മഞ്ഞു പെയ്യുന്നതും സൂര്യന്‍ ഉദിക്കുന്നതും കായ്കനികള്‍ ഉണ്ടാകുന്നതുമെല്ലാം ആ കാരുണ്യത്തില്‍ നിന്ന്തന്നെ. ജീവന്‍റെ നിലനില്‍പ്പിനാധാരമായ വായുവും വെള്ളവും സൂര്യപ്രകാശവും ഇവിടെ ആരും വില കൊടുത്തു വാങ്ങേണ്ടതില്ല. ഒരു കുത്തക കമ്പനിക്കും അത് കയ്യടക്കിവെക്കാനുമാവില്ല. ചൂഷകരും വന്‍കിട കോര്‍പറേറ്റുകളും നിത്യോപയോഗ വസ്തുക്കളുടെ വില നിശ്ചയിക്കുന്ന ലോകത്ത് ഈ സൌജന്യങ്ങളുടെയും കാരുണ്യത്തിന്‍റെയും വില നമുക്കെങ്ങിനെ വിസ്മരിക്കാനാകും?

മനുഷ്യരില്‍ രണ്ടു തരക്കാരുണ്ട്. സ്വജീവിതത്തെയും പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളെയും രചനാത്മകമായി വീക്ഷിക്കുന്നവരും നിഷേധാത്മകമായി വിലയിരുത്തുന്നവരും.

കാരുണ്യത്തിന്‍റെയും അനുഗ്രഹവര്‍ഷത്തിന്‍റെയും തുടിപ്പുകളെ യഥാവിധി നോക്കിക്കാണുന്നവരാണ് ഒന്നാമത്തെ വിഭാഗമെങ്കില്‍ എല്ലാത്തിലും വൈകൃതവും പൊരുതക്കേടും മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും രണ്ടാമത്തെ വിഭാഗം.

താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശതക്കണക്കിന് നന്മകള്‍ കാണാതെ പോവുകയും കേവല പ്രയാസങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്ക് നന്മയും കാരുണ്യവും പങ്കുവെക്കുന്നതിലും വിജയിക്കാനാവില്ല. ചുറ്റുപാടുമുള്ള നന്മകള്‍ തിരിച്ചറിയുകയും അത് പരസ്പരം പകുത്തു നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ധന്യത കൈവരുന്നത്.

പ്രവാചകന്‍ (സ) ഇപ്രകാരം അരുളി : "ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും".

നിരാശയുടെ പടുകുഴിയില്‍ വീണടിയാനല്ല, മറിച്ച് ജീവിതത്തില്‍ രചനാത്മകവും പ്രതീക്ഷാ നിര്‍ഭരവുമായ പടവുകള്‍ തീര്‍ക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

"പറയുക (നബിയെ) : സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" [അദ്ധ്യായം 39 സുമര്‍ 53]

വന്നു പോയ വീഴ്ചകള്‍ പരിഹരിച്ചുതരാനും നമുക്ക് വേണ്ട അനുഗ്രഹങ്ങളത്രയും കനിഞ്ഞേകാനും ഒരു സംരക്ഷകനുണ്ടെന്ന ഉത്തമബോധ്യം ജീവിതത്തിലെ ഇരുള്‍ നീക്കിക്കളയുന്ന ഒരു വിളക്കുമാടമായി ഉയര്‍ന്നു നില്‍ക്കും.

by എം ടി എം @ വര്‍ത്തമാനം ആഴ്ചപ്പതിപ്പ്

ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം പാലിക്കേണ്ട കടമകളും കടപ്പാടുകളും ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്‌. സൂറത്തുല്‍ബഖറയിലെ 228-ാം വചനത്തില്‍ ഈ കാര്യം സൂചിപ്പിച്ചതായി കാണാം. നബി(സ) നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭാര്യമാരോടും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്മാരോടും ചില ബാധ്യതകളും അവകാശങ്ങളുമുണ്ടെന്ന്‌ വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (ഇബ്‌നുമാജ 1851)

ഇതില്‍ ഒന്നാമത്തേത്‌ അവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, താമസസ്ഥലം എന്നിവ മാന്യമായ നിലയില്‍ നല്‍കലാണ്‌. ഭാര്യക്ക്‌ താന്‍ എന്തൊക്കെയാണ്‌ കൊടുക്കേണ്ടതെന്ന്‌ ആരാഞ്ഞ ഒരു സ്വഹാബിയോട്‌ നബി(സ) പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നീ ഭക്ഷിക്കുന്നതുപോലെ അവള്‍ക്കും ഭക്ഷണം നല്‌കുക. നീ ധരിക്കും പോലെ അവള്‍ക്കും ആവശ്യമായ വസ്‌ത്രം നല്‌കുക. നീ അവളുടെ മുഖത്തടിക്കുകയോ അസഭ്യം വിളിക്കുകയോ അരുത്‌. അവളുമായി പിണങ്ങി വീടുമാറി താമസിക്കരുത്‌.'' (അഹ്‌മദ്‌ 4:447, 5:3)

രണ്ട്‌), അവളുമായി ലൈംഗിക ബന്ധം നടത്തല്‍. സൂറത്തുല്‍ ബഖറയിലെ 226-ാം വചനപ്രകാരം നാലു മാസത്തിലൊരിക്കലെങ്കിലും ഈ ബന്ധപ്പെടല്‍ വേണമെന്ന്‌ സൂചനയുണ്ട്‌. അതല്ലെങ്കില്‍ എല്ലാ ഓരോ ശുദ്ധികാലങ്ങളിലും. ലൈംഗികദാഹം തീര്‍ക്കല്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അനിവാര്യമായ തേട്ടമാണ്‌.

മൂന്ന്‌), ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ അവരിലെ ഒരുവളുമായി കൂടുതല്‍ ചായ്‌വ്‌ കാണിക്കുന്നത്‌ ശരിയല്ല. അത്‌ ശിക്ഷാര്‍ഹമാണ്‌. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെയുള്ള വിഹിതങ്ങള്‍ നല്‌കേണ്ടതുണ്ട്‌. അയാള്‍ അനീതി കാണിച്ചാല്‍ പരലോകത്ത്‌ ശരിയായ വിധം നടക്കാനാകാതെ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നടക്കേണ്ടി വരുന്ന ദുരവസ്ഥയാണുണ്ടാവുക. ഇത്‌ ഇത്തരക്കാരുടെ അടയാളമായിട്ടാണ്‌ നബി(സ) സൂചിപ്പിച്ചിട്ടുള്ളത്‌. (അഹ്‌മദ്‌ 2:347)

നാല്‌), ചെറുപ്പക്കാരിയായ ഒന്നാം വിവാഹിതയെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ ഏഴു ദിവസവും പ്രായമുള്ളവളും രണ്ടാം വിവാഹിതയുമായവളെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ മൂന്ന്‌ ദിവസവും കഴിച്ചുകൂട്ടുക ഭര്‍ത്താവിന്റെ കടമയാണ്‌. (ദാറഖുത്‌നി 3:203, മുസ്‌ലിം)

സൂറത്തുല്‍ ബഖറയിലെ 228-ാം വചനത്തില്‍ സൂചിപ്പിച്ചപോലെ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടും ചില കടമകളുണ്ട്‌. ഭാര്യയുടെ കടമകള്‍:

ഒന്ന്‌), ഭര്‍ത്താവിനെ നല്ല കാര്യങ്ങളില്‍ അനുസരിക്കുക. അഥവാ, അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്ക്‌ എതിരാകുന്ന ഒരു കാര്യത്തിലും അനുസരണമില്ല. അവള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിലും അനുസരിക്കണമെന്നില്ല. ഇതെല്ലാം ഇസ്‌ലാമിലെ പൊതുതത്വങ്ങളും കൂടിയാണ്‌. സൂറത്തുന്നിസാഇലെ 34-ാം വചനത്തില്‍ അവരുടെ അനുസരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

രണ്ട്‌), ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ ധനം, അഭിമാനം എന്നിവ സംരക്ഷിക്കുക. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടുവിട്ടു പോകാതിരിക്കുക

മൂന്ന്‌), ഭര്‍ത്താവിന്റെ കൂടെ യാത്രക്ക്‌ ആവശ്യപ്പെട്ടാല്‍ അത്‌ സ്വീകരിക്കുക. അയാളുടെ വൈകാരികശമനത്തിനായി വിളിച്ചാല്‍ ഉത്തരം നല്‍കുക. അല്ലാത്തപക്ഷം അവള്‍ക്കുണ്ടാകുന്ന ദുരവസ്ഥ ബുഖാരിയിലും (7:39) മുസ്‌ലിമിന്റെ നിക്കാഹിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്‌.

നാല്‌) സുന്നത്തായ നോമ്പ്‌ അനുഷ്‌ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം തേടുക. ഇത്‌ സംബന്ധമായി ബുഖാരി (7:39) റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.

അഞ്ച്‌), ഭാര്യ ഭര്‍ത്താവുമായി പിണങ്ങാതിരിക്കുക. ഒരു മുസ്‌ലിം മറ്റൊരാളുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങിക്കഴിയല്‍ സാധാരണഗതിയില്‍ തന്നെ ഇസ്‌ലാം വിലക്കിയ കാര്യമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിണക്കം സംഭവിച്ചാല്‍ നല്ലതായ ഉപദേശങ്ങള്‍ നല്‌കി ശരിപ്പെടുത്തണമെന്ന്‌ സൂറത്തുന്നിസാഇലെ 34,35 വചനങ്ങള്‍ വിശദമാക്കിയിട്ടുണ്ട്‌.

ആറ്‌), വൈകാരികമായ ആഗ്രഹം ജനിപ്പിക്കാനുതകുന്ന സ്‌പര്‍ശനങ്ങളും സംസാരങ്ങളും ഇസ്‌ലാമിക നിയമങ്ങളുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂട്ടില്‍ നിലനിര്‍ത്തുക. ബിസ്‌മി ചൊല്ലുക, പിശാചുബാധയില്‍ നിന്ന്‌ രക്ഷ തേടുക, ഗുഹ്യഭാഗത്തേക്ക്‌ എത്തിനോക്കാതിരിക്കുക, മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ സംഭോഗം ചെയ്യാതിരിക്കുക, പ്രകൃതിവിരുദ്ധ രതികളെല്ലാം ഒഴിവാക്കുക, അവളുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഭര്‍ത്താവ്‌ മാര്‍ഗം സ്വീകരിക്കുക, നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം സൂക്ഷിക്കപ്പെടേണ്ടതാണ്‌.

രാത്രി ഉറങ്ങുന്നതിനു മുമ്പായും, സംയോഗം ആവര്‍ത്തിക്കാനുദ്ദേശിക്കുമ്പോഴും, വലിയ അശുദ്ധിക്കാരന്‍ കുളിച്ചു വൃത്തിയാകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കാന്‍ കരുതുമ്പോഴും വുദ്വൂ എടുക്കല്‍ സുന്നത്താണ്‌. ഭാര്യക്ക്‌ മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ അവളുമായി സംയോഗമല്ലാത്ത മറ്റു ഇടപെടലുകള്‍ അനുവദിക്കപ്പെട്ടതാണ്‌.

by അബ്‌ദുല്‍അലി മദനി @ ശബാബ് വാരിക

Popular ISLAHI Topics

ISLAHI visitors