താളം തെറ്റിയ പ്രാര്‍ത്ഥന

പുറമേ ചിരിക്കുമ്പോഴും ഒരായിരം ദുഃഖം ഉള്ളിലൊതുക്കുന്ന മനുഷ്യര്‍! പ്രശ്നങ്ങളുടെ വേലിയേറ്റത്തില്‍ കട പുഴകിയേക്കാവുന്ന ജീവിതത്തിനു അത്താണി തേടുന്നവര്‍! ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും മാറിമറയുന്ന മനസ്സിന്‍റെ ഉടമസ്ഥര്‍! വേദന കടിച്ചിറക്കി കൊടുംരോഗത്തിനടിമപ്പെട്ടവര്‍! താളംതെറ്റിയ ജീവിതസാഗരത്തില്‍ നിന്ന് കരകയറുവാന്‍ കൈകാലിട്ടടിക്കുന്നവര്‍! ഇങ്ങനെ ധാരാളം മനുഷ്യര്‍ പ്രാര്‍ത്ഥനയില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്നു.

മേല്‍ വിവരിച്ച മനുഷ്യരുടെ ദുര്‍ബലാവസ്ഥയാണ് ചൂഷണം ചെയ്യപ്പെടുന്നത്. മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കുക സ്വാഭാവികമാണ്‌. ശക്തമായ കേന്ദ്രമാണോ അല്ലയോ എന്ന് അവന്‍ ആലോചിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യഗ്രന്ഥം ശരിയായ ദിശ കാണിച്ചു തരുന്നു. അവന്‍റെ വിഷമകരമായ അനുഭവങ്ങള്‍ നീക്കി പ്രതീക്ഷ സഫലമാക്കാന്‍ കെല്‍പ്പുറ്റ ഒരു ശക്തികേന്ദ്രത്തെ അവന്‍റെ അത്താണിയായി പഠിപ്പിക്കുന്നു. അജ്മീര്‍, നാഗൂര്‍, ബീമാ, പെരുമ്പടപ്പ്‌, പുതുപൊന്നാനി മുതല്‍ നാനാ ദിക്കുകളില്‍ ചിതറിക്കിടന്ന മനസ്സുകളെയാണ് ഖുര്‍ആന്‍ മോചിപ്പിക്കുന്നത്.

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌" [ഖുര്‍ആന്‍ അദ്ധ്യായം 39 :38]. സുചിന്തിത തീരുമാനത്തിന് ശക്തി പകരുന്ന പ്രസ്താവന യാണിത്‌. ഇതിലെ ഓരോ ഭാഗവും ഓരോരുത്തര് മായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പ്രപഞ്ചത്തിലെ യാതൊന്നും ഒഴിവാകുന്നില്ല.

ദൈവേതരരോടുള്ള പ്രാര്‍ത്ഥന നിന്ദ്യതയും പരിഹാസ്യതയുമാണ്‌ നല്‍കുക. ഖുര്‍ആന്‍ പറയുന്നത് കാണുക : "പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക് അറിയുമാറാകും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്‌" [അദ്ധ്യായം 39 : 39,40]. അതെ, അന്ധവിശ്വാസം അപമാനവും പരിഹാസ്യവുമാണ്. എന്നാല്‍ ദൈവത്തിന്‍റെ അപാരഗുണങ്ങള്‍ പറയുമ്പോഴും വിവരണങ്ങള്‍ കേള്‍ക്കുമ്പോഴും അവരുടെ മനസ്സുകള്‍ സങ്കോചിക്കുകയാണ്. ദൈവേതര വസ്തുക്കളുടെ അത്ഭുതകഥകള്‍ കേള്‍ക്കുവാന്‍ ജിജ്ഞാസയും വിടര്‍ന്ന മനസ്സും മാത്രമല്ല ഒരായിരം ചെവികളുമാണ് അവര്‍ക്കുള്ളത്. ഖുര്‍ആന്‍ തന്നെ അതു തുറന്നു പറയുന്നു : "അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു" [അദ്ധ്യായം 39 : 45].

ബോധപൂര്‍വ്വം സത്യം നിഷേധിക്കുവാനും കൌശലപൂര്‍വ്വം നന്ദികേട് കാണിക്കുവാനുമുള്ള മനുഷ്യകഴിവ് സുവിദിതമാണ്‌. വക്രതപൂണ്ട മനസ്സിനെ ഋജുവായ മാര്‍ഗത്തിലെത്തിക്കുകയെന്ന ദൌത്യനിര്‍വഹണമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. "അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" [അദ്ധ്യായം 10 : 106,107].

രക്ഷതേടിയ മനസ്സ് ദൈവേതരരുടെ വഴിയില്‍ ചെന്ന്പെടുകവഴി അഗാധ ഗര്‍ത്തത്തിലാണ് പതിക്കുകയെന്നു ഖുര്‍ആന്‍ സഗൌരവം ഉണര്‍ത്തുന്നു.

by CM മൌലവി @ അന്ധവിശ്വാസങ്ങളുടെ ലോകം from യുവത ബുക്സ്