വ്രത സമാപനാഘോഷം അഥവാ ഈദുല്‍ ഫിത്വര്‍

ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടു വിശ്വ സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശമുയര്‍ത്തി ഈദുല്‍ഫിത്വര്‍-വ്രതസമാപനാഘോഷം സന്തോഷപൂര്‍വം ആഘോഷിക്കുകയാണ്. ~ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടര്‍ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണീ ആഘോഷവേളയില്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്..

അത്യാഹ്ലാദപൂര്‍വം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടിണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹജീവികളെ നാം വിസ്മരിക്കരുത്. സമസൃഷ്ടി സ്നേഹം ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല എന്ന നബിവചനം മനുഷ്യസ്നേഹത്തിന്‍റെ ആഴത്തിലുള്ള ബന്ധങ്ങളുടെ പവിത്രത പഠിപ്പിച്ചുതരുന്നു.

ജാതിമത വര്‍ഗ വര്‍ണ വംശ ദേശഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം കാണാനുമെല്ലാം ബാധ്യസ്ഥരാണെന്ന മാനവിക ചിന്തയാണ് ഈ ദിവസം നമ്മിലൂടെ കടന്നുപോകേണ്ടത്. മനുഷ്യര്‍ അവന്‍റെ വീടിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടി വന്‍മതിലുകളും വമ്പന്‍ ഗേറ്റുകളും നിര്‍മിച്ച് അയല്‍പക്കക്കാരന്‍റെ വീടുമായുള്ള സര്‍വ ബന്ധങ്ങളും കൊട്ടിയടയ്ക്കും പോലെ മനസുകളില്‍ ഉരുക്കുമതിലുകള്‍ സ്ഥാപിച്ചു പരസ്പരമുള്ള ബന്ധങ്ങളെ കൊട്ടിയടയ്ക്കാനാകുമോ നമുക്ക്?. അങ്ങനെയാകാന്‍ പാടില്ല.
വിവാഹ ബന്ധം, കുടുംബ ബന്ധം, അയല്‍പക്ക ബന്ധം തുടങ്ങി സര്‍വ ബന്ധങ്ങളും ബന്ധനങ്ങളായി കണ്ട് ബന്ധങ്ങളുടെ പവിത്രത കാറ്റില്‍ പറത്തുന്ന നാം ബന്ധങ്ങളുടെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായിരിക്കണം ഈ ധന്യനാളിനെ ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹാശംസകള്‍ കൈമാറിയും പിണക്കങ്ങളും അകല്‍ച്ചയും ഇല്ലാതാക്കിയും അയല്‍വീടുകള്‍ സന്ദര്‍ശിച്ചുമായിരിക്കണം ഈ ദിവസം നാം ആഘോഷിക്കേണ്ടത്.

എല്ലാറ്റിനും ഇന്ന് താങ്ങാനാവാത്ത വിലയാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെപ്പാടുപെടുന്നവരുണ്ട്. പക്ഷേ ഒരു വിലയുമില്ലാതായിരിക്കുന്നു അമൂല്യമായ മനുഷ്യജീവന്. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടും പരസ്പരമുള്ള പകയ്ക്കു ബലിയാടായും എത്ര മനുഷ്യജീവനുകളാണ് ദിവസവും ഹോമിക്കപ്പെടുന്നത്. വിധവകളുടെയും അനാഥരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

അക്രമങ്ങളും കടന്നാക്രമണങ്ങളും രക്തം ചിന്തലും ഒരു സംഭവമല്ലാതായി മാറിയിരിക്കുന്നു. മതം മദമായി മാറുന്നു. സ്നേഹത്തെ വെറുപ്പ് ജയിച്ചടക്കുന്നു. വിദ്വേഷവും പകയും ക്രോധവും മനുഷ്യന്‍റെ സ്വസ്ഥ ജീവിതം തകര്‍ക്കുന്നു. പ്രവാചകന്‍ പറഞ്ഞ ഒരു വചനം ഓര്‍ത്തുപോകുന്നു. നിങ്ങളുടെ രക്തം, ധനം, അഭിമാനം എന്നിവ പവിത്രമാണ്. അത് അനാദരിക്കരുത്. അന്യായമായി രക്തം ചിന്തല്‍, ധനം കൊള്ളയടിക്കല്‍, അന്യായമായ മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കാനുള്ള ശ്രമം, സുഖിച്ചു ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം, അതിന്‍റെ മുന്നില്‍ ബന്ധങ്ങള്‍ക്കു വിലകല്‍പ്പിക്കാതിരിക്കല്‍ ... എല്ലാമെല്ലാം.

മനുഷ്യസ്നേഹത്തിന് ഊന്നല്‍ കൊടുക്കുന്ന, തന്നെപ്പോലെ തന്‍റെ സഹോദരനായ മനുഷ്യനേയും കാണാനുള്ള വിശാല മനസ്കത കൂടിയേ തീരൂ. ഇത്തരം ചിന്തകള്‍ ശീലിക്കാനുള്ള നല്ല പരിശീലനമാണു നോമ്പ് നല്‍കിയത്. അതു കാത്തു സൂക്ഷിക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഈ ആഘോഷനാള്‍ ആവശ്യപ്പെടുന്നത്.

രാത്രി ഉറക്കമിളച്ചും പകല്‍ വ്രതമനുഷ്ഠിച്ചും ദൈവിക ശാസനകള്‍ അംഗീകരിച്ചു ജീവിക്കാന്‍ സന്നദ്ധരായ വിശ്വാസികള്‍ക്കു സമ്മാനം നല്‍കുന്ന ദിവസമായിട്ടാണു പെരുന്നാള്‍ ദിനം വിലയിരുത്തപ്പെടുന്നത്.

“പെരുന്നാള്‍ ദിവസമായാല്‍ മാലാഖമാര്‍ വഴിയോരങ്ങളില്‍ നില്‍ക്കുമെന്നും നിങ്ങള്‍ ഔദാര്യവാനായ റബിലേക്ക് വരുക, നിങ്ങളോട് പകല്‍ നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. രാത്രി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. അത് നിങ്ങളനുസരിച്ച്, നിങ്ങളുടെ സമ്മാനം വാങ്ങിക്കൊള്ളുക.’ സമ്മാന ദാനനാള്‍ എന്നാണ് ഈ ദിവസം വിശേഷിക്കപ്പെടുന്നത് എന്നു പറയുമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. സമ്മാനത്തിന് അര്‍ഹരാണോ നാം, അതും ചിന്തിക്കാനുള്ള അവസരമാണിത്.

വിവിധ മതവിശ്വാസികള്‍ തോളോടുതോള്‍ ചേര്‍ന്നു ജീവിക്കുന്ന നമ്മുടെ രാജ്യത്ത് ആഘോഷങ്ങള്‍- ഓണവും പെരുന്നാളും ക്രിസ്മസും വിഷുവുമെല്ലാം പരസ്പരം അറിയാനും അറിയിക്കാനും അകല്‍ച്ചയുടെ ആഴം ഇല്ലാതാക്കി സഹകരണത്തിന്‍റെ മേഖലകള്‍ കണ്ടെത്താനുമുള്ളതായിത്തീരണം.

ചേതനയറ്റ ആഘോഷങ്ങള്‍ അര്‍ഥം കാണാതെ പോകുന്നതായിരിക്കും. ഈദുല്‍ ഫിത്വറിന്‍റെ
ആത്മാവ് നന്മയുടെ, സമത്വത്തിന്‍റെ സാഹോദര്യത്തിന്‍റെ, ശാന്തിയുടെ, സമാധാനത്തിന്‍റെ, സമസൃഷ്ടി സ്നേഹത്തിന്‍റെ കണ്ടെത്തലാണ് ആവശ്യപ്പെടുന്നത്.

നന്നാകാനും ഒന്നാകാനും നമുക്കു സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ഈദ് കൊണ്ടുള്ള വിവക്ഷ, ജീവിതത്തിന്‍റെ ആത്മീയമായ നവീകരണമാണ്. ഭക്തിയുടെ നിറവില്‍, ദൈവകീര്‍ത്തനങ്ങളുടെ ദീപ്തിയില്‍ ഉള്ളില്‍ നിന്നു തുളുമ്പുന്ന ആഹ്ലാദമാണ് ഈദാഘോഷം. ജീവിതത്തിന്‍റെ ഉദാത്തമായ
സ്വപ്നങ്ങളിലേക്കു കൊണ്ടുപോകാനുള്ള ഓര്‍മിപ്പിക്കലാണത്. ഈ ഓര്‍മ കൈവിടാതിരിക്കുക.

വിശ്വമാനവ ഐക്യത്തിന്‍റെ കാഹളം മുഴക്കുന്ന ഈദുല്‍ ഫിത്വര്‍ ആ നിലയിലുള്ള ഒരു ചിന്തയ്ക്കു പ്രേരകമാകട്ടെ .. ഈദ് മുബാറക്.

by സലാഹുദ്ദീന്‍ മദനി @ മെട്രോ വാര്‍ത്ത

മദ്യം : തിന്മകളുടെ മാതാവ്‌

നബി തിരുമേനി പറയുന്നു: ''മദ്യം തിന്മകളുടെ മാതാവും മഹാപാപവുമാണ്. (ത്വബ്‌റാനി)

മദ്യം തിന്മകളുടെ താക്കോലാണെന്നും മ്ലേച്ഛവൃത്തികളുടെ മാതാവാണെന്നുമൊക്കെ വിശേഷിപ്പിക്കുന്ന വേറെയും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം ഒരു സാമൂഹ്യതിന്മയാണെന്ന കാഴ്ചപ്പാടാണ് ഇത്തരം ഹദീസുകളുടെ അന്തസ്സത്ത. മദ്യോപയോഗം ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. അത് സാമൂഹ്യജീവിതത്തെ ആകപ്പാടെ താളം തെറ്റിക്കുന്നു. ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

''മദ്യത്തെയും ചൂതാട്ടത്തെയും സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഭയങ്കരമായ ദോഷമാണുള്ളത്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ ദോഷവശം പ്രയോജനത്തേക്കാള്‍ എത്രയോ വലുതാണ്''(വി.ഖു 2:219). മദ്യപാനവും ചൂതാട്ടവുംവഴി മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വളരുമെന്നും (5:90,91) ഖുര്‍ആന്‍ പറയുന്നുണ്ട്.

നിത്യേന പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മദ്യത്തെ സംബന്ധിച്ച തിരുവചനങ്ങളെ സാധൂകരിക്കുകയാണ്. മദ്യലഹരിയില്‍ ലക്കുകെടുന്നവര്‍ ബന്ധങ്ങളുടെ എല്ലാ പവിത്രതകളെയും ചവിട്ടിമെതിക്കുന്നു. ദാമ്പത്യത്തെയും കുടുംബബന്ധങ്ങളെയും തകര്‍ക്കുന്ന പ്രധാന വില്ലന്‍ മദ്യംതന്നെ. മദ്യപിക്കുന്നയാള്‍ അനുഭവിക്കുന്ന നൈമിഷികമായ ആസ്വാദനത്തിന് കനത്തവിലയാണ് സമൂഹം നല്‍കുന്നത്. റോഡപകടങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍, ഗാര്‍ഹിക പീഡനം, നിരവധി രോഗങ്ങള്‍ എന്നിങ്ങനെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം മദ്യോപയോഗമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടാണ് മദ്യത്തെ സമ്പൂര്‍ണമായി വര്‍ജിക്കാന്‍ പ്രവാചകന്‍ കര്‍ശനമായി ആവശ്യപ്പെടുന്നത്. ലഹരി ബാധിക്കുന്ന ഒരാളുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. ബോധത്തെ വഴിതെറ്റിക്കുകയാണ് ലഹരിവസ്തുക്കള്‍ ചെയ്യുന്നത്. സ്വബോധം ഇല്ലാതാവുന്നതോടെ കര്‍തൃത്വം നഷ്ടപ്പെട്ട ഒരു ജീവിയായി മനുഷ്യന്‍ അധപ്പതിക്കുന്നു. അതിനാല്‍ ''ലഹരിയുണ്ടാക്കുന്നതൊക്കെ മദ്യവും മദ്യമൊക്കെ നിഷിദ്ധവുമാണ്.'' (മുസ്‌ലിം)

മദ്യവും ചൂതാട്ടവും ബന്ധപ്പെടുത്തിയാണ് പല ഖുര്‍ആന്‍ വചനങ്ങളും നബിമൊഴികളുമെന്നത് ചിന്തനീയമാണ്. രണ്ടിലും അടങ്ങിയിട്ടുള്ള ആസക്തിയും പ്രലോഭനീയതയുമാവാം ഈ ചേര്‍ച്ചയുടെ അടിസ്ഥാനം. ഒരു മുഴുക്കുടിയന്‍ എല്ലാം വിറ്റു തുലച്ചും മദ്യത്തെ പ്രാപിക്കുന്നപോലെ, മദ്യം സൃഷ്ടിക്കുന്നതിനു സമാനമായ സ്വപ്നതുല്യമായ ആര്‍ത്തിയും ആസക്തിയുമാണ് ഒരു ചൂതാട്ടക്കാരനെയും നയിക്കുന്നത്. വരുംവരായ്കകളും യാഥാര്‍ഥ്യബോധവും രണ്ടുപേര്‍ക്കും വിനഷ്ടമായിരിക്കും. ആസക്തികള്‍ പെരുകുന്നത് ഘട്ടംഘട്ടമായാണ്. ഒരു കവിള്‍ കുടിച്ചുതുടങ്ങുന്നവന്‍ ക്രമത്തില്‍ മുഴുക്കുടിയനാകും. 'ഒന്നുവെച്ചാല്‍ പത്തു' കിട്ടുമെന്നാശിക്കുന്നവന്‍ ക്രമത്തില്‍ ഒന്നുവെച്ചു തുടങ്ങി ഒടുവില്‍ ഒന്നുമില്ലാതാകും. ''അധികമുപയോഗിക്കുമ്പോള്‍ ലഹരിയാകുന്നത് അല്പം ഉപയോഗിക്കുന്നതും നിഷിദ്ധം തന്നെയാണ്.'' (നസാഇ).

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

അപവാദ പ്രചാരണം

നബി തിരുമേനി പറയുന്നു: ''നിങ്ങള്‍ തെറ്റിദ്ധാരണകളെ സൂക്ഷിക്കുക. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരങ്ങള്‍ കടുത്ത കള്ളമാണ്. നിങ്ങള്‍ പരസ്പരം ചാരവൃത്തി നടത്തുകയോ, മത്സരിക്കുകയോ, അസൂയ വെക്കുകയോ, വഞ്ചിക്കുകയോ, വൈരം പുലര്‍ത്തുകയോ, അസാന്നിധ്യത്തില്‍ മറ്റുള്ളവരെ ദുഷിക്കുകയോ അരുത്. ദൈവദാസന്മാരേ, നിങ്ങള്‍ ആജ്ഞാപിക്കപ്പെട്ട പ്രകാരം അന്യോന്യം സഹോദരന്മാരായി നിലകൊള്ളുക.'' (മുസ്‌ലിം)

മനുഷ്യബന്ധങ്ങളെ അറത്തുമാറ്റുന്ന പെരുമാറ്റ ദൂഷ്യങ്ങളെ ഗൗരവപൂര്‍വം ഓര്‍മപ്പെടുത്തുന്ന പ്രവാചക വചനമാണിത്. വ്യക്തികള്‍ പരസ്പരമുള്ള ബന്ധങ്ങളില്‍ മാത്രമല്ല, സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള വ്യവഹാരങ്ങളിലെല്ലാം ഈ ഉപദേശങ്ങള്‍ ഏറെ പ്രധാനമാണെന്നു കാണാനാവും. നന്മകളെയും സുകൃതങ്ങളെയുമാണ് വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്. നന്മയുടെ പ്രചാരണം കൂടുതല്‍ നന്മകള്‍ക്ക് പ്രചോദനമായിത്തീരും. എന്നാല്‍ നന്മകള്‍ കണ്ടെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ മുതിരുന്നതിനു പകരം തിന്മകള്‍ തേടിപ്പിടിച്ച് പെരുപ്പിച്ച് പ്രചരിപ്പിക്കാന്‍ ആളുകള്‍ ആവേശം കാണിക്കുന്നതു കാണാം. വ്യക്തികളും സംഘങ്ങളും മാധ്യമങ്ങളും പരസ്പരമുള്ള കിടമാത്സര്യം ആധുനിക ജീവിതത്തില്‍ അപവാദങ്ങള്‍ ആഘോഷിക്കുന്നതിന് രാസത്വരകമായിത്തീരുകയും ചെയ്യുന്നു. പ്രതിയോഗിയെ വകവരുത്തുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഊഹത്തിനു മുകളില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്.

ഊഹങ്ങള്‍ വാര്‍ത്തയാക്കുന്നതും സംശയജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഖുര്‍ആന്‍ ശക്തമായി വിലക്കിയിട്ടുണ്ട്: ''വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.''(വി.ഖു. 49:6)

മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിനോട്ടം നടത്തുന്നത് കടുത്ത കുറ്റമാണ്. ''നീ മറ്റുള്ളവരുടെ രഹസ്യങ്ങള്‍ തേടി നടക്കുന്നത് അവരെ കുഴപ്പത്തില്‍ പെടുത്തുകയോ അതിനിടയാക്കുകയോ ചെയ്യും''(അബൂദാവൂദ്).

കിടപ്പറയിലും സ്വകാര്യ ഇടങ്ങളിലും ഒളിക്യാമറകള്‍ വെച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്ന സമീപകാലാനുഭവങ്ങള്‍ പ്രവാചകന്റെ ഉപദേശം കൂടുതല്‍ പ്രസക്തമാക്കുന്നു. മറ്റുള്ളവരുടെ സംസാരങ്ങള്‍ പതിയിരുന്ന് കേള്‍ക്കുന്നതും മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് ആരും ചിന്തിക്കുന്നേയില്ല. മനുഷ്യര്‍ക്കിടയിലുള്ള ഐക്യം, അവര്‍ പരസ്പരമുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉന്നതമായ സ്വഭാവശീലങ്ങളും ആരോഗ്യകരമായ പെരുമാറ്റമര്യാദകളും നിലനില്‍ക്കുമ്പോഴാണ് മനുഷ്യ സാഹോദര്യം യാഥാര്‍ഥ്യമാകുന്നത്.

മറ്റുള്ളവരുടെ അഭിമാനം കളങ്കപ്പെടുത്തുന്നത്ര വെറുക്കപ്പെട്ട മറ്റൊന്നില്ല. മരണാനന്തരം ചെമ്പു നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും മാറും മാന്തിക്കീറുന്നവരെക്കുറിച്ച് നബിതിരുമേനി ഒരിക്കല്‍ വര്‍ണിക്കുകയുണ്ടായി. ''ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തിയവരാണവര്‍.''(അബൂദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

ആയിരം മാസങ്ങളേക്കാള്‍ ഉത്തമം

വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹവര്‍ഷമായി കടന്നുവരുന്ന പരിശുദ്ധ റംസാന്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി എന്ന സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നു. അതില്‍ ഏറ്റവും പ്രധാനമായതു പരിശുദ്ധ ഖുര്‍ആന്‍റെ അനുകരണമാണ്. മാനവരാശിയുടെ ചരിത്രത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു തിരികൊളുത്തി മാനവസമൂഹത്തിനാകമാനം നന്മയിലേക്കുള്ള പാത തുറന്നുകൊടുത്ത ജ്ഞാനസ്രോതസായി ഈ അമൂല്യഗ്രന്ഥം ദൈവമഹത്വവും മനുഷ്യസമത്വവും വിളംബരം ചെയ്തു വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നിലകൊള്ളുന്നു. അതെ” മാനവരാശിക്കു മാര്‍ഗദര്‍ശനവും സന്മാര്‍ഗത്തിന്‍റെയും സത്യാന്വേഷണവിവേചനത്തിന്‍റെയും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍”-(വി:ഖു: 2:185).

പരിശുദ്ധ ഖുര്‍ആന്‍റെ അവതരണം നിമിത്തം അവാച്യമായ അനുഭൂതികള്‍ കൊണ്ടും അവര്‍ണനീയമായ ശ്രേഷ്ഠതകള്‍ കൊണ്ടും ധന്യമായ രാത്രിയാണു ലൈലത്തുല്‍ ഖദര്‍. മറ്റുമാസങ്ങളെ അപേക്ഷിച്ചു ഖുര്‍ആന്‍റെ അവതരണമാണു റംസാന്‍ മാസത്തിനു ശ്രേഷ്ഠത നല്‍കുന്നതെങ്കില്‍ ലൈലത്തുല്‍ ഖദ്ര്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് അവസാന പത്തിന്‍റെ ശ്രേഷ്ഠത. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാത്രി- 83 വര്‍ഷക്കാലത്തെ നിരന്തര പുണ്യകര്‍മാനുഷ്ഠാനത്തിനു ലഭ്യമാകുന്ന പ്രതിഫലം ഒറ്റരാത്രി കൊണ്ടു നേടിയെടുക്കാന്‍ മാത്രം ഉദാത്തമായ രാത്രി, മലക്കുകളില്‍ പ്രധാനിയായ ജിബ്രീല്‍(അ)മറ്റു മലക്കുകളോടൊപ്പം എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള രക്ഷിതാവിന്‍റെ ഉത്തരവുമായി ഭൂമിയിലിറങ്ങി ശാന്തിയും സമാധാനവും നേടുന്ന അനുഗ്രഹീത രാത്രി, ഖുര്‍ആന്‍റെ അവതരണവും മലക്കുകളുടെ സാന്നിധ്യവും അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിന്‍റെയും നിരന്തര പ്രവാഹവും പാപമോചനവും കൊണ്ടു ബഹുമാനിക്കപ്പെടുകയും ആ രാത്രി സജീവമാക്കിയവന്‍ ബഹുമാനിതനാകുകയും ചെയ്യുന്ന രാത്രി, യുക്തമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു നിര്‍ണയിക്കപ്പെടുന്ന രാത്രി... എന്നിങ്ങനെ സവിശേഷതകള്‍ നിരവധിയാണ് ഈ രാത്രിക്ക്.

“നിശ്ചയം നാം അതിനെ(ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്നു നിനക്കറിയുമോ?. നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ സമാധാനമത്രെ അത് ‘(അധ്യായം 97) “ തീര്‍ച്ചയായും നാം അതിനെ(ഖുര്‍ആനിനെ) അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പു നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.’(വി.ഖു: 44:3,4)

“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നിന്നു നമസ്കരിച്ചാല്‍ അവന്‍ മുന്‍പു ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും’.(നബിവചനം)

ഏതു രാത്രിയായിരിക്കും ലൈലത്തുല്‍ ഖദ്റായി വരിക എന്നു ഖണ്ഡിതമായി അറിയിക്കപ്പെട്ടിട്ടില്ല. 23, 25, 27, 29 എന്നൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ഇമാം ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ടു 46 വീക്ഷണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. അബു സഈദുല്‍ ഖുദ്രി(റ) ഇരുപത്തിയൊന്നാം രാവിലാണെന്നും ഉബയുബ്നു കഅ്ബ്(റ) ഇരുപത്തിയേഴാം രാവിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നു അബാസ്(റ) 23,27 എന്നീ രാവാകാം എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നിഗമനങ്ങള്‍ മാത്രമാണ്.

by സലാഹുദ്ദീന്‍ മദനി @ മെട്രോ വാര്‍ത്ത

വ്രതം മതങ്ങളില്‍

സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധാനുഷ്ഠാനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തെറ്റിനെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത് . (ഖുറാന്‍ 2:183)

പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നതു പോലെ എന്നാണു വ്രതത്തെപ്പറ്റി ഖുറാനിന്‍റെ പരാമര്‍ശം. ഇസ്ലാമിലെ മറ്റ് ആരാധനാനുഷ്ഠാനങ്ങളില്‍നിന്നു വ്യത്യസ്തമായൊരു പരാമര്‍ശമാണിത്. സവിശേഷമായ ഈ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍വിക മതസമൂഹങ്ങളിലെ ആചാര-അനുഷ്ഠാനങ്ങളില്‍ വ്രതം അഥവാ ഉപവാസം എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നു വിശകലനം ചെയ്യാം.

വ്രതം മതാനുഷ്ഠാനമായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാന രീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിയനുസരിച്ച് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് എന്ന സമ്പ്രദായമുണ്ട് . (എന്‍സൈക്ലൊപീഡിയ ബ്രിട്ടാനിക്ക)

ക്രിസ്തുമതത്തില്‍

പിന്നീട് പിശാചിന്‍റെ പ്രലോഭനം നേരിടാനായി യേശുവിനെ പരിശുദ്ധാത്മാവ് ഭൂമിയിലേക്കു നയിച്ചു. നാല്‍പ്പത് രാവും നാല്‍പ്പത് പകലും അവന്‍ ഉപവസിച്ചു. (മത്തായിയുടെ സുവിശേഷം 4:2).
പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ ക്രിസ്തു വ്രതമെടുത്തെന്നാണ് ഇവിടെ ബൈബിളിന്‍റെ പരാമര്‍ശം. മുസ്ലിംകളുടെ വ്രതാനുഷ്ഠാനത്തിന്‍റെ അകക്കാമ്പും ഇതുതന്നെ. വ്രതമാസത്തിന്‍റെ പ്രധാന സവിശേഷതയായി പ്രവാചക തിരുമേനി പഠിപ്പിക്കുന്നതുതന്നെ പൈശാചികതയില്‍നിന്നുള്ള വിമോചനമത്രെ. റംസാന്‍ സമാഗതമായാല്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. പിശാച് ബന്ധനസ്ഥനാക്കപ്പെടും(നബിവചനം). വ്രതം പൈശാചികതകളെ പ്രതിരോധിക്കുന്ന പരിചയത്രേ’’ (നബിവചനസാരം)

കപടഭക്തിയോടെ വ്രതമനുഷ്ഠിക്കുന്നവരെ ക്രിസ്തു നിരാകരിക്കുന്നുണ്ട് ബൈബിളില്‍. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു..! നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം വൃത്തിയാക്കുകയും ചെയ്യണം. രഹസ്യത്തിലിരിക്കുന്ന നിന്‍റെ പിതാവൊഴികെ ആരും നിന്‍റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു സമ്മാനം നല്‍കുകയും ചെയ്യും. (മത്തായിയുടെ
സുവിശേഷം 6:16)

വ്രതം അല്ലാഹുവുമായിട്ടുള്ള ത്യാഗപൂര്‍ണമായ ആത്മബന്ധത്തിന്‍റെ അടയാളമായിട്ടാണു മുഹമ്മദ് നബി വിശേഷിപ്പിക്കുന്നത്. “”വ്രതം പ്രത്യേകമായി എനിക്കുള്ളതാണ്, ഞാനതിനു പ്രത്യേകമായി പ്രതിഫലം നല്‍കും എന്ന ദൈവിക വാഗ്ദാനം പ്രവാചക തിരുമേനി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഹിന്ദുമതത്തില്‍

ഹിന്ദുമതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍നിന്ന് ഉപാവര്‍ത്തനം ചെയ്ത് (വിരമിച്ച്) നടത്തുന്ന വാസമാണ് ഉപവാസമെന്ന് അറിയപ്പെടുന്നത്. ഉപവാസം അനുഷ്ഠിക്കുന്നവര്‍ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല ദേഹാലങ്കാരം, സ്ത്രീസംസര്‍ഗം, താംബൂലം തുടങ്ങിയവയും വര്‍ജിക്കേണ്ടതുണ്ട്. യാഗം, ഹോമം, പൂജ, ഉപാസന തുടങ്ങിയ അനുഷ്ഠാനങ്ങളിലും ഉപനയനം, വിവാഹം, ശ്രാദ്ധം, പരേതര്‍ക്കുള്ള ശേഷക്രിയകള്‍ തുടങ്ങിയ കര്‍മങ്ങളിലും ഹൈന്ദവര്‍ ഉപവാസവ്രതം അനുഷ്ഠിക്കണമെന്നു ശ്രുതി-സ്മൃതികള്‍ അനുശാസിക്കുന്നു.

രാത്രിയില്‍ ആഹാരം വര്‍ജിച്ചുകൊണ്ട് അടുത്തദിവസം ചെയ്യേണ്ട ശ്രാദ്ധം മുതലായ അനുഷ്ഠാനങ്ങള്‍ക്കു തയ്യാറെടുക്കേണ്ട ചില അര്‍ധോപവാസ വിധികളുമുണ്ട്. ഒരു രാത്രിനേരം ഭക്ഷണം എന്ന അര്‍ഥത്തില്‍ ഈ പതിവിന് ഒരിക്കല്‍ എന്നും “ഒരിക്കലൂണ് ‘ എന്നും പറഞ്ഞു വരുന്നു. ഈ ഒരിക്കല്‍ നോയ്മ്പ് ഞായര്‍, തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികളിലും ആചരിച്ചുവരുന്നു. പകല്‍ ഒരുനേരം മാത്രം ആഹാരം കഴിച്ചോ അന്നത്തേയ്ക്കു മറ്റ് ആഹാരസാധനങ്ങള്‍ വര്‍ജിച്ചോ രാത്രിയില്‍ അത്താഴത്തിന്‍റെ സ്ഥാനത്ത് ചോറിനുപകരം എന്തെങ്കിലും പലഹാരം കഴിച്ചോ ഈ വ്രതമനുഷ്ഠിക്കുന്ന പതിവുണ്ട്. (എന്‍ബിഎസ് വിജ്ഞാനകോശം - ഉപവാസം) ബ്രാഹ്മണ സമൂഹത്തിനു പ്രത്യേകമായി എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തീയതികളില്‍ വ്രതാനുഷ്ഠാനം ഉള്ളതായി ആചാര്യന്മാര്‍ വിശദീകരിക്കുന്നു.

ജൂത മതത്തില്‍

ബാബിലോണ്‍ സംഭവത്തിന്‍റെ നാളുകളിലെ തടവറ ജീവിതത്തിന്‍റേയും പീഡനത്തിന്‍റേയും സ്മരണയ്ക്കായി ചില പ്രത്യേക ദിനങ്ങളില്‍ അവര്‍ ദു:ഖമാചരിക്കുകയും വ്രതമെടുത്തുവരുകയും ചെയ്യുന്നു. മെയ്, ജൂണ്‍, ജൂലായ്, തിബത്ത് എന്നീ മാസങ്ങളിലാണു വ്രതം. മോശെ സിനായ് പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്‍പ്പത് നാളുകളെ അനുസ്മരിച്ചുകൊണ്ട് ജൂതന്‍മാര്‍ അത്രയും ദിവസം വ്രതം അനുഷ്ഠിക്കുന്നതു പുണ്യമായി ഗണിച്ചുവരുന്നു. മോശെ നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനോടൊപ്പം കഴിഞ്ഞു (പുറപ്പാട് 34:28) ദൈവസാമീപ്യത്തിനാണു വ്രതമെന്ന വിശുദ്ധ ഖുറാന്‍റെയും (ഖുറാന്‍ 2:185-186) പ്രവാചകവചനത്തിന്‍റെയും അന്ത:സത്ത തന്നെയാണു മോശെയുടെ വ്രതാനുഷ്ഠാനത്തിലും നാം കാണുന്നത്.

ബുദ്ധ-ജൈന മതങ്ങളിലും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടു ശരീരത്തെ ക്ഷീണിപ്പിക്കുന്നത് അവശരോടുള്ള അനുകമ്പയായി കരുതിവരുന്നു. വാവുതോറും ഉപവസിക്കുന്നവരും ഉമിനീരുപോലും ഇറക്കാതെ ഏകദിനവ്രതം ആചരിക്കുന്നവരും ബൗദ്ധ-ജൈന സമൂഹങ്ങളിലുണ്ട്. തുടര്‍ച്ചയായ നാല്‍പ്പത് ദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഇവര്‍ ഗണിച്ചുവരാറുള്ളത്. ഇത്തരത്തിലുള്ള കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കുന്ന മതാധിപന്മാര്‍ ജൈനമത സമൂഹങ്ങളിലുണ്ട്. ആഴ്ചകള്‍ തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്.

എന്തായാലും വൈദിക മതങ്ങളിലെല്ലാം വ്രതം വിശുദ്ധമായ, ത്യാഗപൂര്‍ണമായ, ദൈവസാമീപ്യത്തിനുതകുന്ന ഒരു അനുഷ്ഠാനം തന്നെയാണ്. ശാരീരിക ശിക്ഷണവും ആത്മീയ സംസ്കരണവുമാണു വ്രതത്തിന്‍റെ കാതല്‍. തെറ്റുകളില്‍നിന്നും വിമുക്തി നേടണമെങ്കില്‍ ഇച്ഛകള്‍ നിയന്ത്രിക്കപ്പെടുകയും ആത്മീയവികാസം കൈവരിക്കുകയും വേണം. വ്രതം വിശ്വാസിക്കു പ്രത്യാശയായി തീരുന്നതും അതുകൊണ്ടുതന്നെ. പ്രഭാതം മുതല്‍ പ്രദോഷം വരെ പൂര്‍ണമായും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടുള്ള പ്രവാചകന്മാരുടേയും ഋഷിശ്രേഷ്ഠന്മാരുടെയും വ്രതം അതിന്‍റെ തനിമയോടെ റംസാനില്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.

by ബഷീര്‍ പട്ടേല്‍താഴം @ മെട്രോ വാര്‍ത്ത

കപടവിശ്വാസവും ഭക്തിനാട്യവും

നബിതിരുമേനി പറയുന്നു: നാലു കാര്യങ്ങള്‍ ആരിലുണ്ടോ അയാള്‍ ശുദ്ധ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുമൊന്ന് ഒരാളില്‍ അവശേഷിക്കുന്നുവെങ്കില്‍പോലും അതുപേക്ഷിക്കുവോളം അയാളില്‍ കാപട്യത്തിന്റെ അംശം ഉണ്ടായിരിക്കും; വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക. (ബുഖാരി, മുസ്‌ലിം)

ദൈവവിശ്വാസം, ഏതാനും വിശ്വാസങ്ങളുടെയും ചില അനുഷ്ഠാനങ്ങളുടെയും സമാഹാരമല്ല. മികച്ച ജീവിതമൂല്യങ്ങള്‍ പ്രസരിപ്പിക്കാത്ത വിശ്വാസി ലക്ഷണമൊത്ത കപടനാണെന്നാണ് ഇവിടെ നബി വ്യക്തമാക്കുന്നത്. ദൈവവിശ്വാസികളുടെ എണ്ണം പെരുകുകയും സമൂഹത്തില്‍ അധാര്‍മികതയും സാംസ്‌കാരികച്യുതികളും കുതിച്ചുയരുകയും ചെയ്യുന്ന വൈരുധ്യത്തിനു നടുവിലാണ് ഈ തിരുവചനം ഓര്‍മിക്കേണ്ടത്.

സമൂഹത്തിന്റെ കെട്ടുറപ്പ്, അതിലെ വ്യക്തികള്‍ അന്യോന്യം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളിലാണ്. ഭൗതികമായ ഒരു നിയമംകൊണ്ടും ഈ മൂല്യങ്ങള്‍ സമ്പൂര്‍ണമായി പരിപാലിക്കാനാവില്ല. മൂല്യങ്ങളുടെ സാക്ഷാത്ക്കാരം, മനസ്സാക്ഷിയും മനോഭാവവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സിനെ നിയമച്ചങ്ങലകള്‍കൊണ്ട് വിലങ്ങുവെക്കാനാകില്ലല്ലോ. തെളിവുകളുടെ ബലത്തില്‍ മാത്രമേ കോടതിക്കും പോലീസിനും കുറ്റവാളിയെ ശിക്ഷിക്കാനാകൂ. എന്നാല്‍, തെളിവു നഷ്ടപ്പെടുത്തിയാല്‍ ഒരു കുറ്റം കുറ്റമല്ലാതാകുന്നില്ല. ഏതു രഹസ്യ സന്ദര്‍ഭത്തിലും എത്ര അനുകൂല സാഹചര്യത്തിലും സത്യസന്ധത മുറുകെ പിടിക്കാന്‍ ഒരാള്‍ക്കു സാധിക്കുന്നത് ദൈവത്തിന്റെ നിത്യസാന്നിധ്യം അനുഭവിക്കുമ്പോഴാണ്. അതിനാല്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവന്‍ ഫലത്തില്‍ വിശ്വാസത്തെത്തന്നെയാണ് നഷ്ടപ്പെടുത്തുന്നത്.

ദൈവവിശ്വാസത്തിന്റെ അടയാളം വേഷത്തിലോ കേവല അനുഷ്ഠാനങ്ങളിലോ ഉള്ള സവിശേഷതയല്ല. നിരന്തരം ആരാധനാലയങ്ങളില്‍ കയറിയിറങ്ങുകയും വിരലുകളില്‍ ജപമാലകള്‍ കറങ്ങുകയും ചുണ്ടുകളില്‍ ദൈവമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന ആള്‍ സാമ്പത്തിക ഇടപാടുകളില്‍ ചതിയും വഞ്ചനയും കാണിക്കുന്നുവെങ്കില്‍, അയാള്‍ ഭക്തിനാട്യക്കാരനാണ്. യഥാര്‍ഥ വിശ്വാസിയല്ല. ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തുകയും അനര്‍ഹമായി ജനങ്ങളുടെ പണം പറ്റുകയും ചെയ്യുന്ന 'ഭക്തനായ' ഉദ്യോഗസ്ഥന്‍ കപടനാണ്. നാവെടുത്താല്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന, വാഗ്ദാനപ്പെരുമഴകള്‍ വര്‍ഷിക്കുകയും യാതൊന്നും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരന്‍ ഒന്നാന്തരം കപടവിശ്വാസിയാണെന്നാണ് നബി പഠിപ്പിക്കുന്നത്. ലാഭ മോഹങ്ങള്‍ നല്കി ഊഹക്കച്ചവടങ്ങള്‍ നടത്തുന്നവരും പണമിരട്ടിപ്പ് വാഗ്ദാനങ്ങളില്‍ ആളെക്കൂട്ടുന്നവരും വിശ്വാസത്തെയാണ് കൂട്ടുപിടിക്കുന്നത് എന്നതാണ് പുതിയകാലത്തെ വൈരുദ്ധ്യം. വഞ്ചനയും കരാര്‍ ലംഘനവും പതിവാക്കുന്നവര്‍ വിശ്വാസിയല്ല. ''കുതന്ത്രവും ചതിയും വഞ്ചനയും (ചെയ്യുന്നവര്‍) നരകത്തിലാണ്.''(അബുദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

അഹങ്കാരവും വിനയഭാവവും

നബി തിരുമേനി പറയുന്നു: ''മനസ്സില്‍ അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' ഇതു കേട്ടപ്പോള്‍ ഒരു അനുചരന്‍ തിരിച്ചു ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരുപ്പ് മോടിയുള്ളതുമാകണമെന്ന് കൊതിക്കുന്നത് അഹങ്കാരമായിത്തീരുമോ? അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം)

അഹങ്കാരം ബാഹ്യദൃഷ്ടിയില്‍ തിരിച്ചറിയാവുന്ന ഒരു ദുര്‍ഗുണമായാണ് പലപ്പോഴും സമൂഹം തെറ്റിദ്ധരിക്കുന്നത്. മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഭേദപ്പെട്ട വീടുകളില്‍ ജീവിക്കുന്നതും മികച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും അഹങ്കാരിയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്. ഈ ധാരണയെ തിരുത്തുകയാണ് പ്രവാചകന്‍. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒരു തെറ്റല്ല; അഹങ്കാരവുമല്ല - മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നവിധം അതിരുവിടുന്ന ധൂര്‍ത്തും ആര്‍ഭാടവുമായിത്തീരുന്നതുവരെ. അതുപോലെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ അണിയുന്നതുകൊണ്ടോ, ചെറിയ വീടുകളില്‍ ജീവിക്കുന്നതുകൊണ്ടോ ഒരാള്‍ വിനീതനുമായിരിക്കുകയില്ല. മറിച്ച് അഹന്തയും വിനയവും രണ്ടു മനോഭാവങ്ങളാണ്.

ഉന്നത സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാള്‍ തന്റെ സഹജീവികളെക്കുറിച്ച് ചിന്തിക്കുകയും അവരോടുള്ള കടമകള്‍ മറക്കാതിരിക്കുകയും ചെയ്യുന്നത് അസ്വാഭാവികമൊന്നുമല്ല. മനസ്സില്‍ പണത്തേക്കാളും അതിന്റെ ആര്‍ത്തികളേക്കാളും ഉയരത്തില്‍ ദൈവബോധം പ്രതിഷ്ഠിച്ചവര്‍ വിനീതരായിത്തീരും. പര്‍ണശാലകളിലും ദേവാലയങ്ങളിലും കഴിയുന്ന സാത്വികവേഷധാരികള്‍, അഹങ്കാരികളാകുന്നതും സ്വാഭാവികം മാത്രം. മറ്റുള്ളവരെ അധമരായി കരുതുന്ന പണ്ഡിതഭാവവും ഭക്തിഭാവവും അഹങ്കാരം തന്നെയാണ്.

''നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റം കൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ഖുര്‍ആന്‍). തന്നേക്കാള്‍ താഴെപടിയിലുള്ളവരെ ആദരിക്കാനും അവരെ പരിഗണിക്കാനും മിക്കയാളുകള്‍ക്കും സാധിക്കുന്നില്ല. ലോകത്ത് നടമാടുന്ന ഒട്ടധികം പ്രശ്‌നങ്ങള്‍ 'ഈഗോ' സൃഷ്ടിക്കുന്നതാണ്. എന്നാല്‍, സ്വയം താഴ്മ കാട്ടുന്നവരാണ് ഉന്നതര്‍ എന്ന തത്വം പ്രവാചകന്‍ പഠിപ്പിക്കുന്നു.

ഒരിക്കല്‍ ഖുറൈശി ഗോത്രത്തിലെ ഉന്നതസ്ഥാനീയരുമായി നബി ഒരു ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ, അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം അങ്ങോട്ടു കടന്നുചെന്നു. എന്നാല്‍ പ്രവാചകന് ഗൗരവപ്പെട്ട ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തെ ഗൗനിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തില്‍ നബിതിരുമേനിയെ ശക്തമായി വിമര്‍ശിക്കുന്ന ഒരധ്യായംതന്നെ ഖുര്‍ആനില്‍ ഉണ്ട് (അബസ). പ്രവാചകന്റെ മനസ്സില്‍ അഹന്തയുടെ കണികയില്ലാഞ്ഞിട്ടുപോലും, അന്ധനായ അബ്ദുല്ലയുടെ അഭിമാനബോധത്തെ ഉയര്‍ത്തിക്കാണിക്കാനാണ് ഖുര്‍ആന്‍ പ്രവാചകനെ വിമര്‍ശിച്ചിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

By മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം

സൂറത്തുല്‍ ഖദര്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍


1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.

വ്യാഖ്യാനം

1. പരിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിക്ക് അല്ലാഹു ലൈലത്തുല്‍ ഖദര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മഹത്തായ തത്വങ്ങള്‍ ഈ പേരില്‍ തന്നെ ഉള്‍ക്കൊള്ളുന്നു.

A : ഖുര്‍ആന്‍റെ അവതരണത്തിന്‍റെ മുമ്പ് മനുഷ്യജീവിതത്തിന്‍റെ പാവനത്വവും പദവിയും നഷ്ടപ്പെട്ടിരുന്നു. വ്യഭിചാരം, രക്തം ചീന്തല്‍, മദ്യപാനം മുതലായവയായിരുന്നു മനുഷ്യന്‍റെ ജീവിതലക്‌ഷ്യം. പരിശുദ്ധ ഖുര്‍ആന്‍ ഈ ധാരണയെ തിരുത്തി. മനുഷ്യന്‍റെ അഭിമാനം, രക്തം, ധനം മുതലായവയ്ക്ക് പാവനത്വം നല്‍കി. അവന്‍റെ രക്ഷപ്പെട്ട പദവി വീണ്ടെടുത്ത്‌. അവന്‍റെ സ്രിഷ്ടിപ്പിന്റെ രഹസ്യം അവനെ ഉണര്‍ത്തി.

B : മനുഷ്യജീവിതത്തില്‍ യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ഓരോ മനുഷ്യനും ഇച്ചിക്കുന്നതായിരുന്നു അവന്‍റെ മതവും ധര്‍മവും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നതുപോലും ധര്‍മ്മമായി ചിലര്‍ ദര്‍ശിച്ചു. സാമ്പത്തികരംഗം അഴിമതി നിറഞ്ഞതായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിലെ സര്‍വരംഗത്തും വ്യവസ്ഥകള്‍ നിര്‍ണയിച്ചു. ഭരണരംഗം മുതല്‍ കക്കൂസ് വരെ.

2. ഖുര്‍ആന്‍ രാത്രിയില്‍ അവതരിപ്പിക്കപ്പെട്ടതിലും മഹത്തായ തത്വം ദര്‍ശിക്കപ്പെടുന്നു. രണ്ടു തരം ഇരുട്ട് ഉണ്ട്. ഒന്ന്, അധര്‍മ്മവും അജ്ഞതയുമാകുന്ന ഇരുട്ട്. രണ്ടാമത്തേതു രാത്രിയുടെ ഇരുട്ട്. സ്ത്രീപുരുഷന്മാര്‍ രണ്ടുതരം ഇരുട്ടുകളിലും നിദ്രകൊള്ളുന്ന സമയത്താണ് വെളിച്ചമാകുന്ന ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്നതാണല്ലോ തത്വം.

2 .നിനക്ക് എന്തറിയാം! വ്യവസ്തപ്പെടുതുന്ന രാവ് എന്നാണെന്ന്?
3 .വ്യവസ്തപ്പെടുത്തുന്ന രാവ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്.


വ്യാഖ്യാനം :

1. ഖുര്‍ആന്‍റെ അവതരണം കാരണം ആ രാവിനും പാവനത്വം ലഭിച്ചു. ആ രാവ് കാരണം ആ മാസത്തിനും പ്രാധാന്യം ലഭിച്ചു. കൊല്ലംതോറും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഖുര്‍ആന്‍റെ പഠനത്തിലും ആരാധനകളിലുമായി ഈ മാസത്തെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കണം. റമദാനിലെ അവസാനത്തെ പത്തിലാണ് ഈ രാത്രിയെ നാം പ്രതീക്ഷിക്കേണ്ടത്.

2. ആയിരം രാവുകള്‍ മനുഷ്യന്‍ പരിഷ്കരണ പരിപാടികള്‍ ഉണ്ടാക്കിയാല്‍പോലും കരസ്ഥമാക്കുവാനും മനുഷ്യരെ സംസ്കരിക്കുവാനും സാധിക്കാത്ത സംഗതിയാണ് ഒരു രാവുകൊണ്ട് ഖുര്‍ആന്‍ ലോകത്ത് ഉണ്ടാക്കിയത്. അഞ്ചു സൂക്തങ്ങള്‍ മാത്രം അവതരിപ്പിക്കപ്പെട്ടിട്ടും വിജ്ഞാനത്തിന്‍റെ ശ്രേഷ്ടതയാണത്. ആയിരം രാത്രികളിലെ ഇരുട്ടിനെ ഈ സൂക്തങ്ങള്‍ വെളിച്ചം നിറഞ്ഞതാക്കി. പലതരം അന്ധകാരങ്ങളെ ഖുര്‍ആന്‍ നീക്കിക്കളഞ്ഞു.

4. ആ രാവില്‍ മലക്കുകളും റൂഹും ഇറങ്ങി വന്നുകൊണ്ടിരുന്നു; അവരുടെ രക്ഷിതാവിന്‍റെ കല്പനയുമായി എല്ലാ കാര്യങ്ങളും കൊണ്ട്.

വ്യാഖ്യാനം :

1. റൂഹ് എന്നത് കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത് പരിശുദ്ധ ഖുര്‍ആനാണ് (റാസി). ജിബ്രീല്‍ എന്ന മലക്കും ഉദ്ദേശിക്കപ്പെടുന്നു.

2. മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലക്ക് മലക്കുകള്‍ ഖുര്‍ആനുമായി അവതരിപ്പിക്കപ്പെടുവാന്‍ തുടക്കം കുറിച്ചത് ഈ രാത്രിയിലാണ്. ഇത് കൊണ്ടാണ് ഭാവിയേയും വാര്‍ത്ത‍മാനത്തെയും കുറിക്കുന്ന പദം ഉപയോഗിച്ചത്. ഖുര്‍ആനിലെ അഞ്ചു സൂക്തങ്ങള്‍ മാത്രമാണ് ഈ രാത്രിയില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇറക്കി എന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായത് ഈ പദപ്രയോഗമാണ്‌.

5 . ഇത് രക്ഷയാണ്; ഉദയാസ്ഥാനം വരെ.

വ്യാഖ്യാനം :

പരിശുദ്ധ ഖുര്‍ആന്‍ സമാധാനവും രക്ഷയുമാണ്. അതിന്‍റെ മഹത്വം പ്രഭാതത്തിന്‍റെ ഉദയസ്ഥാനം വരെ ഉയര്‍ന്നു നില്‍ക്കുന്നു. "മത്വലഅ'" എന്നതിന്‍റെ അര്‍ഥം ഉദയസ്ഥാനം എന്നതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയുടെ സമയം എത്രയാണോ പ്രസ്തുത സമയം വരെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിന്‍റെ മലക്കുകള്‍ അവതരിപ്പിക്കപ്പെടും. ഇരുട്ട് ഉണ്ടാവുക എന്നത് ഇവിടെ നിബന്ധനയില്ല. അതിനാല്‍ ഇതിന്‍റെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ റമദാനിന്‍റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്‍റെ വെളിച്ചം

അഴിമതി തടയാന്‍ ഒരേ ഒരു വഴി

ഈ വര്‍ഷം വിശുദ്ധ റമദാനിലെ ദേശീയ തലത്തിലുള്ള മുഖ്യ ചര്‍ച്ചാവിഷയം അഴിമതിയാണല്ലോ. അഴിമതിയില്‍നിന്ന് പൂര്‍ണമായും മുക്തമായ ഏതെങ്കിലും ഒരു രംഗം ഇന്നുണ്ടോ. ശക്തമായ ഒരു അഴിമതി നിരോധനിയമത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ് ചിലര്‍ അതിനുവേണ്ടി സമരം ചെയ്യുന്നു. യഥാര്‍ഥത്തില്‍ നിയമങ്ങള്‍കൊണ്ടുമാത്രം തിന്മകളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമോ? നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന് എന്തെല്ലാം വിദ്യകള്‍ അറിയാം. മദ്യം നിരോധിക്കുന്നതോടൊപ്പം അത് വര്‍ജിക്കാനുള്ള ഉള്‍പ്രേരണകൂടിയുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ. വീട്ടിനകത്ത് രഹസ്യമായി മകളെ പീഡിപ്പിക്കുന്ന പിതാവിനെ തടയാന്‍ നിയമത്തിന് കഴിയുമോ? എല്ലാ കുറ്റകൃത്യങ്ങളുടെയും അവസ്ഥ ഇതുതന്നെ.

'സമ്പത്തിനോടുള്ള മനുഷ്യന്റെ പ്രേമം ശക്തമാണ്'എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ അത്യാര്‍ഥിയാണല്ലോ വഞ്ചനയും ചൂഷണവും കവര്‍ച്ചയും തട്ടിപ്പും മോഷണവും കൃത്രിമത്വവുമെല്ലാം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അഴിമതി അധികവും സാമ്പത്തിക രംഗത്താണ്. അധികാരവും പദവിയും വഴിവിട്ട മാര്‍ഗത്തിലൂടെ പണവും വ്യക്തിപരമായ നേട്ടവുമുണ്ടാക്കാന്‍ ഉപയോഗിക്കുക. നിയമത്തിന്റെ കുരുക്കില്‍ വീഴുന്നവരുണ്ട്. പക്ഷേ, രക്ഷപ്പെടുന്നവരാണ് അധികവും. തന്റെ മനസ്സിലുള്ളതുപോലും കണ്ടെത്തുന്ന ഒരു അദൃശ്യശക്തി സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവന്റെ നിയമം ലംഘിച്ചാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്നുമുള്ള ഉറച്ച വിശ്വാസമാണ് യഥാര്‍ഥത്തില്‍ അഴിമതി എന്നല്ല എല്ലാ തിന്മകളില്‍നിന്നും മനുഷ്യനെ തടയുന്നത്. ധനത്തിന്റെ കാര്യത്തില്‍ മരണശേഷം ഓരോ മനുഷ്യനും 'നീ എവിടുന്നു സമ്പാദിച്ചു? എങ്ങനെ ചെലവഴിച്ചു?' എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരുമെന്നാണ് മതം താക്കീത് ചെയ്യുന്നത്. ഈ ബോധം ഹറാമായ മാര്‍ഗത്തില്‍ അവിഹിതമായി സമ്പാദിച്ച ഒന്നും വേണ്ടെന്നുവെക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കും.

പ്രവാചകന്‍ അബ്ദുല്ലാഹിബിനു റവാഹയെ യഹൂദരുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി കണക്കാക്കാന്‍ അയക്കുന്നു. അവര്‍ അദ്ദേഹത്തിന് കുറച്ച് ധനം വെച്ചുനീട്ടി. അത് നിരസിച്ചുകൊണ്ട് അബ്ദുല്ല പറഞ്ഞു: 'നിങ്ങള്‍ വെച്ചുനീട്ടിയ കൈക്കൂലിയുണ്ടല്ലോ. അത് നിയമവിരുദ്ധമായ ധനമാണ്. ഞങ്ങള്‍ അത് തിന്നുകയില്ല.' ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കൊച്ചു മകന്റെ കൈയില്‍ ഒരു ആപ്പിള്‍. അത് പൊതുസ്വത്തില്‍നിന്നെടുത്തതാണെന്ന് മനസ്സിലാക്കിയ ഖലീഫ കുട്ടിയോട് അത് തരാന്‍ ആവശ്യപ്പെടുന്നു. അവന്‍ അത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഖലീഫ ബലമായി പിടിച്ചുവാങ്ങി. കുട്ടി കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി. അവരും വിങ്ങിപ്പൊട്ടി.

ധനത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു സൂക്ഷ്മതയും ആദര്‍ശനിഷ്ഠയും പാലിക്കാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ യ ഥാര്‍ഥ മതഭക്തിക്കു മാത്രമേ കഴിയുകയുള്ളൂ. അത്തരം ഒരു ഭക്തിയാണ് നോമ്പിന്റെ അന്തിമലക്ഷ്യം. അത് സാധിക്കുന്നുണ്ടോ ഇല്ലേ എന്നത് വേറെ കാര്യം. നിയമവും ദൈവബോധവും സമന്വയിപ്പിക്കുന്ന ഒറ്റവഴിയേ ഉള്ളൂ അഴിമതി പൂര്‍ണമായും തടയാന്‍.

by പി. മുഹമ്മദ് കുട്ടശ്ശേരി @ മാധ്യമം ദിനപത്രം

സകാത്ത്

മനുഷ്യന് ദൈവം നല്‍കിയ അതിപ്രധാന അനുഗ്രഹമാണ് സമ്പത്ത്. നന്മ എന്നര്‍ഥം വരുന്ന 'ഖൈര്‍' എന്ന പദം ഖുര്‍ആന്‍ പ്രയോഗിക്കുകയും സമ്പത്തിനെ സ്‌നേഹിക്കുക എന്നത് മനുഷ്യസഹജമാണെന്ന് പറയുകയും ചെയ്യുന്നു (വി.ഖു. 100:8). നിലനില്‍പിനുള്ള മാര്‍ഗം എന്ന വിശേഷണവും കാണാം. നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള ധനത്തെ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് വിട്ടുകൊടുക്കരുത്. (4:5)

സമ്പത്താകുന്ന ദൈവികാനുഗ്രഹം മനുഷ്യര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാവും. ആര്‍ജിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. എന്നാല്‍, തനിക്കു ലഭിച്ച അനുഗ്രഹം സമസൃഷ്ടികള്‍ക്ക് വേണ്ടി പങ്കുവെക്കേണ്ടത് വിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും ഭാഗമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (34:39). ധനത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണെന്നും മനുഷ്യര്‍ അത് മാറിമാറി കൈകാര്യം ചെയ്യുന്ന ട്രസ്റ്റിമാരാണെന്നുമാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. 'അവന്‍ നിങ്ങളെ ഏതൊരു സ്വത്തിന്റെ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക' (57:7). 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സ്വത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുക' (24:33). ധനികന് തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ അഹങ്കരിക്കാനോ പിടിച്ചുവെക്കാനോ പാടില്ല. സമ്പത്തിന്റെ വികേന്ദ്രീകരണത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞ ന്യായം ശ്രദ്ധേയമാണ്: 'സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന അവസ്ഥയില്ലാതിരിക്കാന്‍ വേണ്ടി' (59:7).

ധനികന്റെ സമ്പത്ത് നിശ്ചിത പരിധിയിലെത്തിയാല്‍ നിര്‍ണിതമായ ഒരു വിഹിതം, തന്റെ ഔദാര്യമെന്ന നിലയിലല്ല, പാവങ്ങളുടെ അവകാശമായി നല്‍കണം. ഇതിനാണ് സകാത് എന്ന് പറയുന്നത്. 'തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചുവരുന്നവനും ഉപജീവനം തടയപ്പെട്ടവനും നിര്‍ണിത അവകാശം നല്‍കുന്നവന്‍' (70:24:25). ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. ഒരാള്‍ മുസ്‌ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് നമസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതോടെയാണ് (9:11). സകാത് എന്ന പദത്തിന് വിശുദ്ധി, വര്‍ധന, വളര്‍ച്ച എന്നൊക്കെയാണ് ഭാഷാര്‍ഥം. മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരനുഷ്ഠാന കര്‍മമല്ല സകാത്. അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകന്മാരും സകാത്തിന് അനുശാസിക്കപ്പെട്ടതായി ഖുര്‍ആന്‍ വിവരിക്കുന്നു. (2:83, 5:12, 21:73)

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്. നമസ്‌കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിം സമുദായത്തില്‍ അംഗീകാരമില്ല; അതുപോലെത്തന്നെയാണ് സകാത് നിഷേധിയും. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ് സകാത് നല്‍കുക എന്നതും. (41:6,7). അബൂബക്കര്‍ ഖലീഫയായി ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍, സകാത് നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, നമസ്‌കാരത്തിന്റെയും സകാതിന്റെയുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവനോട് ഞാന്‍ സമരം ചെയ്യും; പടച്ചവനാണ, പ്രവാചകന് അവര്‍ നല്‍കാറുണ്ടായിരുന്ന ഒരു ഒട്ടകക്കുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ ഞാനവരോട് യുദ്ധം ചെയ്യും.' (ബുഖാരി, മുസ്‌ലിം)

സകാത് നല്‍കാത്തത് ഐഹിക ജീവിതത്തില്‍ തന്നെ ദൈവികശിക്ഷ വിളിച്ചുവരുത്തും. സകാത് നല്‍കാത്ത ഏത് സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍കൊണ്ട് പരീക്ഷിക്കാതിരിക്കില്ല (ത്വബ്‌റാനി). സകാത് നല്‍കാത്തവന്റെ ബാക്കി ധനംപോലും ദുഷിക്കുമെന്നും കാണാം. സകാത് ഏതൊരു ധനവുമായി കലരുന്നുവോ അത് മറ്റേതിനെ കേടുവരുത്താതിരിക്കില്ല (ബൈഹഖി). കൂടാതെ മരണാനന്തര ജീവിതത്തില്‍ കഠിനമായ ശിക്ഷക്ക് വിധേയമാകുമെന്നാണ് ഖുര്‍ആന്‍ താക്കീത് നല്‍കുന്നത് (9:34,35). സകാത് കേവലം നികുതിയോ സാമ്പത്തിക ഇടപാടോ അല്ല, മറിച്ച് അല്ലാഹുവിനുള്ള ആരാധനയാണ്. ആരാധനയില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷ ഉറപ്പായിരിക്കുമല്ലോ.

സകാത് വ്യക്തിഗതമായ ബാധ്യതയാണെങ്കിലും അതിന്റെ നിര്‍വഹണം സാമൂഹികമായിട്ടായിരിക്കണം. നബിയുടെ കാലത്ത് സകാത് ശേഖരിക്കാന്‍ ആളുകളെ (ആമില്‍) നിയോഗിക്കുകയും ചിലര്‍ നബിയെ നേരിട്ട് ഏല്‍പിക്കുകയും സകാത് നല്‍കുന്നവരുടെ ഗുണത്തിനായി നബി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അല്ലാഹുവിനുള്ള ഇബാദത് എന്ന നിലയില്‍ സൂക്ഷ്മത പുലര്‍ത്തി മാത്രമായിരിക്കണം സകാതിനെ സമീപിക്കേണ്ടതും കുറ്റമറ്റ നിലയില്‍ ചെയ്യേണ്ടതും. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.

by സലാഹുദ്ദീന്‍ മദനി @ മാധ്യമം ദിനപത്രം

ഖുര്‍ആന്‍ ആഘോഷത്തിനൊരു പുണ്യമാസം

റമദാന്‍ ആരാധനകളുടെയും പ്രാര്‍ഥനകളുടെയും ദൈവസ്മരണയുടെയും ദാന ധര്‍മ്മങ്ങളുടെയും മറ്റു ആത്മീയ സാധനകളുടെയും പുണ്യമാസമാണ്. അതില്‍ ബാഹ്യമായ ആഘോഷങ്ങളോ ആഹ്ലാദപ്രകടനങ്ങളോ ഇല്ല; തികച്ചും വ്യക്തിനിഷ്ഠമായ ആധ്യാത്മിക അനുഭൂതി മാത്രം.

എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ റമദാന്‍ മാസം ഒരു ആഘോഷവേള തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം അവരുടെ എല്ലാമെല്ലാമായ ഇഹപര ജീവിതങ്ങളില്‍ വിജയവും സൌഭാഗ്യവും കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ദൈവിക മാര്‍ഗദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന ദിവ്യഗ്രന്ഥത്തെ ആഘോഷിക്കാനുള്ള ഉത്സവവേള. കാരണം, റമദാനിലാണ് ആ ദൈവികഗ്രന്ഥം അവതരിച്ചത്, അഥവാ അവതരിക്കാന്‍ ആരംഭിച്ചത്.

അല്ലാഹു പറയുന്നു : മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. [അദ്ധ്യായം 10 യൂനുസ് 57 ,58]

അല്ലാഹു സത്യവിശ്വാസികള്‍ക്ക് റമദാന്‍വ്രതം നിര്‍ബന്ധമാക്കിയത് തന്നെ ഈ മഹത്തായ അനുഗ്രഹത്തിന്‍റെ ഓര്‍മ പുതുക്കാനും അതിന്‍റെ പേരില്‍ ദൈവത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുമാണ്. അവന്‍ പറയുന്നു : ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. [2 ബഖറ 185]

അതിനാല്‍ സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം ഈ മാസം ഖുര്‍ആന്‍ അവതരണം കൊണ്ടാടാനുള്ള ആഘോഷവേളയാണ്. ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നത് അതിനുള്ള ഏറ്റവും പ്രാഥമിക നടപടി മാത്രമാണ്. ദൈവിക ഗ്രന്ഥത്തോട് പൂര്‍ണ്ണമായി നീതിപാലിക്കാന്‍ കഴിയണമെങ്കില്‍ അതുമായുള്ള ബന്ധം അതിന്‍റെ അക്ഷരങ്ങളും വാക്കുകളും നാവുകൊണ്ട് ഓതുന്നതില്‍ മാത്രം ഒതുക്കിയാല്‍ മാത്രം പോരാ. അതിനുള്ളില്‍ കിടക്കുന്ന ആശയങ്ങളും തത്വങ്ങളും അധ്യാപനങ്ങളും മനസ്സിലാക്കുകയും പഠിക്കുകയും ചിന്തിക്കുകയും കൂടി ചെയ്യണം. കാരണം ആ ആശയങ്ങളും അധ്യാപനങ്ങളുമാണ്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും സംസ്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത്. അര്‍ത്ഥമറിയാതെയുള്ള ഖുര്‍ആന്‍ പാരായണം നിരര്‍ഥകമോ അനാവശ്യമോ ആണെന്നല്ല പറയുന്നത്. അതിനു അതിന്‍റേതായ പ്രതിഫലം അല്ലാഹുവില്‍ നിന്നും ലഭിക്കും. എന്നാല്‍, ഒരു മുസ്‌ലിം തന്‍റെ ജീവിതം മുഴുവന്‍ ഖുര്‍ആനിലെ വാക്കുകളും വാചകങ്ങളും അവയുടെ അര്‍ഥം ഗ്രഹിക്കാതെ ഓതിയാല്‍ തന്നെ എല്ലാമായി എന്നു മുസ്ലിംകളില്‍ പലരിലും നിലനില്‍ക്കുന്ന ധാരണ ശരിയല്ല എന്നു പറയാതിരിക്കാന്‍ സാധ്യമല്ല.

വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യാനും അതോടൊപ്പം അതിലെ ആശയങ്ങളും അര്‍ത്ഥങ്ങളും അധ്യാപനങ്ങളും ഗ്രഹിക്കാനും പഠിക്കാനും മനനം ചെയ്യാനുമായിരിക്കട്ടെ നമ്മുടെ മുഖ്യശ്രമവും ശ്രദ്ധയും.

by ഡോ : ഇ കെ അഹമദ് കുട്ടി @ മാധ്യമം ദിനപത്രം

മഹത്തായ പ്രതിഫലം

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്‌. പരമകാരുണികനും കരുണാവാരിധിയുമായ പടച്ചതമ്പുരാന്റെ മതം. തന്നെ സൃഷ്‌ടിക്കുകയും തനിക്ക്‌ സകലവിധ അനുഗ്രഹങ്ങളും കനിഞ്ഞരുളുകയും ചെയ്‌ത കരുണാമയനെ നിഷേധിക്കുകയും അവനോട്‌ നന്ദികേട്‌ കാണിക്കുകയും അവന്‌ പങ്കുകാരെ തന്നെ സ്ഥാപിക്കുകയും ചെയ്‌ത സത്യനിഷേധിയായ അടിമയോടുപോലും സ്രഷ്‌ടാവിന്റെ സമീപനം എത്ര ഉദാരമാണ്‌! അവന്‍ സത്യനിഷേധം തിരിച്ചറിഞ്ഞ്‌ വെളിച്ചത്തിലേക്ക്‌ കടന്നുവരുമ്പോള്‍ പടച്ചതമ്പുരാന്‍ അവനോട്‌ കാണിക്കുന്ന സ്‌നേഹവും കാരുണ്യവും എത്ര ഊഷ്‌മളമാണ്‌.

അവന്‍ ചെയ്‌ത സകലപാപങ്ങളും പൊറുത്തുകൊടുക്കുക മാത്രമല്ല, അവന്റെ ജീവിതകാലത്ത്‌ അവന്‍ അറിഞ്ഞും അറിയാതെയും ചെയ്‌തിട്ടുള്ള എല്ലാ നന്മകളും അംഗീകരിക്കുകയും അവയ്‌ക്ക്‌ തക്കതായ പ്രതിഫലം രേഖപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു.

നബി(സ) പറഞ്ഞു: ``ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയും അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്‌താല്‍ അതിനു മുമ്പ്‌ അയാള്‍ ചെയ്‌ത എല്ലാ നന്മകളും അല്ലാഹു സ്വീകരിക്കുകയും മുമ്പ്‌ ചെയ്‌ത എല്ലാ പാപങ്ങളും മായ്‌ച്ചുകളയുകയും ചെയ്യും. അതിനുശേഷം ചെയ്യുന്ന നന്മകള്‍ക്കെല്ലാം പത്തുമുതല്‍ എഴുന്നൂറ്‌ ഇരട്ടിവരെ പ്രതിഫലം ലഭിക്കുന്നതാണ്‌. കുറ്റങ്ങള്‍ക്ക്‌ അതിനു തുല്യമായ ശിക്ഷയേ ഉണ്ടാവുകയുള്ളൂ. അതും അല്ലാഹു പൊറുത്തുകൊടുത്തില്ലെങ്കില്‍ മാത്രം'' (നസാഈ)

`ഇസ്‌ലാം അതിനുമുമ്പുള്ള പാപങ്ങള്‍ മായ്‌ച്ചുകളയുന്നു. ഹിജ്‌റ അതിനു മുമ്പുള്ള കുറ്റങ്ങള്‍ ഇല്ലാതാക്കുന്നു. ഹജ്ജ്‌ അതിനു മുമ്പുള്ള പിഴവുകള്‍ നശിപ്പിക്കുന്നു' എന്നാണ്‌ തിരുമേനിയുടെ അധ്യാപനം.

ഇവിടെ ഒരുപാട്‌ മതങ്ങളുണ്ട്‌. പല പേരിലും പല കോലത്തിലും. എന്നാല്‍ പരിശുദ്ധവും പരിപാവനവുമായ യഥാര്‍ഥ മതം ഒന്നേയുള്ളൂ. അതാണ്‌ ദൈവികമതം. അല്ലാഹുവിന്റെ അടുത്ത്‌ ഒരു മതമേയുള്ളൂവെന്നും അത്‌ ഇസ്‌ലാമാണെന്നുമാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ (ആലുഇംറാന്‍ 19). ശാന്തിയുടെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം. ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തിലൂടെ ഉണ്ടായിത്തീരുന്ന ആത്മ നിര്‍വൃതി വിവരണാതീതമാണ്‌. ദൈവം അവനെ ഉന്നതനാക്കുന്നു. മനസ്സില്‍ ശാന്തിയും ജീവിതത്തില്‍ സമാധാനവും കുളിര്‍മഴയായ്‌ പെയ്‌തുതുടങ്ങുന്നു.

മനസ്സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനം. അന്ധകാരത്തില്‍ മനസ്സുഖം നഷ്‌ടപ്പെട്ട്‌ ശാന്തിയില്ലാതെ അലഞ്ഞ്‌ സംഘര്‍ഷങ്ങളില്‍ നിന്ന്‌ സംഘര്‍ഷങ്ങളിലേക്ക്‌ എടുത്തെറിയപ്പെടുന്ന പ്രതീക്ഷ നഷ്‌ടപ്പെട്ട ജീവിതത്തില്‍നിന്ന്‌ പ്രതീക്ഷകളുടെയും ലക്ഷ്യമോഹത്തിന്റെയും സന്തോഷനിമിഷങ്ങളിലേക്കുള്ള കയറിവരവാണ്‌ മതംമാറ്റം. സത്യത്തില്‍ ആത്യന്തികമായി എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന സ്വത്വബോധമാണത്‌. സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നുണ്ടാവുന്ന മനസ്സിന്റെ തേട്ടമാണത്‌. എന്നാല്‍ പിശാച്‌ വഴിമുടക്കുന്നു. അവന്‍ മോഹനസ്വപ്‌നങ്ങള്‍ നല്‍കി വഞ്ചിക്കുന്നു. പിശാചിന്റെ ദുര്‍മന്ത്രണങ്ങളെ തടുക്കാന്‍ കഴിയുന്നവര്‍ ശാന്തിയുടെ മാര്‍ഗം പ്രാപിക്കുന്നു. മോക്ഷത്തിന്റെ വിജയപാത അവന്‍ കരസ്ഥമാക്കുന്നു.

അതോടെ സ്രഷ്‌ടാവിന്‌ അവന്‍ പ്രിയപ്പെട്ടവനാകുന്നു. നിഷ്‌ഫലമായിപ്പോകുമായിരുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കി അവനെ അംഗീകരിക്കുന്നു. ``സത്യവിശ്വാസം നിഷേധിക്കുന്നവന്റെ കര്‍മങ്ങള്‍ തീര്‍ച്ചയായും നിഷ്‌ഫലമായിത്തീരുന്നതാണ്‌. പരലോകത്തവന്‍ തോറ്റുപോയവരിലുമായിരിക്കും.'' (അല്‍മാഇദ 5)

പാരമ്പര്യ മതവിശ്വാസിയും പുതിയതായി മതം സ്വീകരിക്കുന്നവനും തമ്മില്‍ ഒരു വ്യത്യാസവും മതം കാണുന്നില്ല. അതാണ്‌ ദൈവിക മതത്തിന്റെ സമത്വദര്‍ശനം. അവര്‍ക്കിടയില്‍ വിവേചനമില്ല. തുല്യപദവികളും അവകാശങ്ങളും. ഇസ്‌ലാമിലെ സമത്വസുന്ദരമായ ജീവിതദര്‍ശനം ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്‌. നബിയും അനുചരന്മാരും ജീവിച്ചു കാണിച്ച മഹനീയ ദര്‍ശനം.

വിശുദ്ധമായ സാക്ഷ്യവാക്യം ഉച്ചരിച്ചംഗീകരിച്ച്‌ അതുള്‍ക്കൊണ്ട്‌ ജീവിക്കുന്നവന്‌ മാത്രം കിട്ടുന്ന പ്രതിഫലമാണിത്‌. ദൈവസാമീപ്യം മാത്രമാഗ്രഹിച്ചു മതം സ്വീകരിക്കുന്നവന്‌ മാത്രം കിട്ടുന്ന സമ്മാനം. മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കായി മതം സ്വീകരിക്കുന്ന കപടന്‌ കടുത്ത ശിക്ഷമാത്രമാണ്‌ ലഭിക്കുക. ഇസ്‌ലാം സ്വീകരിക്കുകയും അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവന്‍ മാത്രമേ മേല്‍വിവരിച്ച അനുഗ്രഹത്തിന്നവകാശിയാകൂ.

മാത്രമല്ല അവന്‍ പിന്നീട്‌ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ക്ക്‌ വമ്പിച്ച പ്രതിഫലമാണ്‌ ലഭിക്കുക. പത്തുമുതല്‍ എഴുന്നൂറ്‌ ഇരട്ടിവരെ ഒരു നന്മയ്‌ക്ക്‌ പ്രതിഫലമായിരേഖപ്പെടുത്തുമ്പോള്‍ കരുണാവാരിധിയായ തമ്പുരാന്‍ തിന്മകള്‍ക്ക്‌ അതിന്‌ തുല്യമായ ശിക്ഷയേ രേഖപ്പെടുത്തുകയുള്ളൂ. അതും പൊറുത്തുകൊടുത്തേക്കാമെന്നാണ്‌ നബിതിരുമേനി(സ) പറയുന്നത്‌. ശിക്ഷയെക്കുറിച്ചുള്ള ഭയത്തേക്കാള്‍ പ്രതിഫലത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത ആഗ്രഹമാണ്‌ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാവേണ്ടത്‌.

By അബൂ നശ്'വ @ ശബാബ്

വിശുദ്ധഖുര്‍ആന്‍റെ അമാനുഷികത

മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ ശേഷ്ട്ര പ്രവാചകനായത് വിശുദ്ധ ഖുര്‍ആന്‍റെ വചനങ്ങള്‍ ലഭിച്ചതോടെയാണ്. പ്രകാശപര്‍വതം എന്നറിയപ്പെടുന്ന മക്കയിലെ ജബലുന്നൂറിലുളള ഹിറ എന്ന ഗുഹയില്‍ ഏകാന്തനായി ധ്യാനത്തിലായിരുന്ന നബി തിരുമേനിയെ ദൈവദൂദനായ മാലാഖ ജിബ്'രീല്‍ (അ) സമീപിച്ചു ആദ്യമായി ആവശ്യപ്പെട്ടത് 'വായിക്കുക' എന്നായിരുന്നു.

വായിക്കുക എന്നര്‍ത്ഥം വരുന്ന ഇഖ്റഅ' എന്ന് തുടങ്ങുന്ന വചനങ്ങളാണ് ആദ്യമായി ഖുര്‍ആനില്‍ നിന്നും അവതീര്‍ണ്ണമായത്. തുടര്‍ന്ന്‍ 23 വര്‍ഷം കൊണ്ടാണ് വിശുദ്ധഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായത്. പ്രസ്തുത ഖുര്‍ആന്‍ അവതരിച്ച വിശുദ്ധ മാസമാണ് ലോക മുസ്ലിംകള്‍ വ്രതം ആചരിക്കുന്ന റമദാന്‍. ഏകദൈവമായ അല്ലാഹുവിനുള്ള നന്ദിസമര്‍പ്പണത്തിന്‍റെ പ്രാവര്‍ത്തിക രൂപമാണ് പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരചിന്തകളും വെടിഞ്ഞുകൊണ്ടുള്ള വ്രതാചരണം. റമദാന്‍ ദൈവികഗ്രന്ഥമായ ഖുര്‍ആന്‍റെ വായനാമാസമാണ്. ഖുര്‍ആന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് വായിച്ചു കൊണ്ടേയിരിക്കുന്ന ഏക ഗ്രന്ഥം ഇത് മാത്രമാണുള്ളത്‌.

ഖുര്‍ആന്‍ അമാനുഷികമാണ്‌. അതിലുള്ളതെല്ലാം ആദ്യാവസാനം ദൈവിക വചനങ്ങളാണ്. മനുഷ്യന്‍റെ ഭൌതികവും മരണാനന്തരവുമായ വിജയത്തിനും രക്ഷക്കുമുള്ള നിര്‍ദേശങ്ങളാണ് അതിലുള്ളത്. സര്‍വോപരി മരണാനന്തര മോക്ഷത്തിനുള്ള മാര്‍ഗങ്ങള്‍ അതു നിര്‍ദേശിക്കുന്നു. കഥകളും കവിതകളും സാഹിത്യവും ചരിത്രപരവും എന്നുവേണ്ട വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്ര സാങ്കേതിക രചനകളും മത ദാര്‍ശനിക കൃതികളുമടക്കമുള്ള ലോകത്തുള്ള പ്രാചീനവും ആധുനികവുമായ ലക്ഷോപലക്ഷം ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം ഒട്ടനവധി സവിശേഷതകളാല്‍ വ്യക്തിരിക്തമായ ഒരു ഗ്രന്ഥമാകുന്നു വിശുദ്ധ ഖുര്‍ആന്‍.

വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ചതോ അനുശാസിച്ചതോ ആയ ഒരു കാര്യവും മാനവസമൂഹത്തിനു ദോഷകരമാണെന്നോ അതിലൂടെ നിരോധിക്കപ്പെട്ട ഏതെങ്കിലും ഒരുകാര്യം മാനവര്‍ക്ക് ഗുണകരമാണെന്നോ ഇന്ന് വരെ ആരാലും തെളിയിക്കപ്പെട്ടിട്ടില്ല. കാരണം അതു ത്രികാലജ്ഞനായ ജഗന്നിയന്താവിന്‍റെ വചനങ്ങളാകുന്നു. അതിനാല്‍ അതു അവതീര്‍ണ്ണമായ പുണ്യ മാസത്തില്‍ വ്രതശുദ്ധികളുടെ നാളുകളിലൂടെ കടന്നു പോകുന്ന നാം ഈ ഗ്രന്ഥത്തെ അടുത്തറിയാന്‍ ശ്രമിക്കുക.

by എം നാസര്‍ മദനി @ തേജസ്‌ ദിന പത്രം

വിമോചനത്തിന്‍റെ വേദം

മാനവരാശിയുടെ മോചനത്തിന് വേണ്ടി അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. റമദാന്‍ ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ അവതരണം ആരംഭിച്ച മാസവും. അമൂല്യമായ ഈ അനുഗ്രഹതിനുള്ള നന്ദി പ്രകടനമാണ് റമദാനിലെ വ്രതം. അകവും പുറവും ശുദ്ധമാക്കാന്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്ന അസുലഭ അവസരം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് സ്വയം ദൈവികഗ്രന്ഥമെന്നു അവകാശപ്പെടുന്നത്. അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്ന ഏകഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്.

"തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു" [അദ്ധ്യായം 26 ശൂറ 192,193].

അതിബൃഹത്തും വിപുലവുമായ വിഷയങ്ങളാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ചരിത്രവും ശാസ്ത്രവും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഇഹപര ജീവിതത്തിന്‍റെ സൂക്ഷ്മ തലങ്ങളും അതിന്‍റെ പ്രതിവാദ്യപരിധിയില്‍ വരുന്നുണ്ട്. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എപ്രകാരം ജീവിക്കണമെന്നും ജീവിതത്തിന്‍റെ ലക്‌ഷ്യം എന്തെന്നും വളരെ കൃത്യമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

ജീവിതത്തിലെ പരശ്ശതം സമസ്യകളില്‍ ഉത്തരം കിട്ടാതെ ഉഴലുന്നവര്‍ പലപ്പോഴും ഈ ആധികാരിക സ്രോദസ്സിനെ കണ്ടില്ലെന്നു നടിക്കുകയോ അതിനെ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുന്നു. ദൈവിക വേദഗ്രന്ഥമായ ഖുര്‍ആന്‍ മാനവകുലത്തിന്‍റെ വേദഗ്രന്ഥമാണ്. അതു നമുക്ക് പരിചയപ്പെടുത്തിയ മുഹമ്മദ്‌ നബി സകല മനുഷ്യരുടെയും പ്രവാചകനും. ഇത്തരമൊരു വിശാല പശ്ചാത്തലത്തില്‍ വിശുദ്ധ ഖുര്‍ആനിനെ സമീപിക്കുവാനും അറിയാനും ഈ മാസം പ്രചോദനമായിത്തീരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

"അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു" [അദ്ധ്യായം 4 നിസാഅ' 82]

വ്യക്തിജീവിതത്തിലും കുടുംബത്തിലും സാമൂഹികതലത്തിലും രാഷ്ട്രീയജീവിതത്തിലും പ്രായോഗികമായി തെളിയിക്കപ്പെട്ട അധ്യാപനങ്ങളാണ് ഖുര്‍ആനിലുള്ളത്. നാഗരികതയുടെ ഏതു മാപിനിവെച്ച് തുലനം ചെയ്താലും പൂജ്യത്തില്‍ നിന്നിരുന്ന അറേബ്യന്‍ സമൂഹത്തെ സംസ്കാരത്തിന്‍റെയും സംശുദ്ധിയുടെയും ഉന്നത ഗോപുരങ്ങളിലേക്ക് കൈപിടിച്ചു നടത്തിയത് ഈ ഗ്രന്ഥമാണ്.

"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക" [അദ്ധ്യായം 2 ബഖറ 23].

ഖുര്‍ആനിന്‍റെ പ്രായോഗിതയും അതുയര്‍ത്തുന്ന ചോദ്യങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

by എം ടി എം @ വര്‍ത്തമാനം ആഴ്ചപ്പതിപ്പ്

Popular ISLAHI Topics

ISLAHI visitors