മഹത്തായ പ്രതിഫലം

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്‌. പരമകാരുണികനും കരുണാവാരിധിയുമായ പടച്ചതമ്പുരാന്റെ മതം. തന്നെ സൃഷ്‌ടിക്കുകയും തനിക്ക്‌ സകലവിധ അനുഗ്രഹങ്ങളും കനിഞ്ഞരുളുകയും ചെയ്‌ത കരുണാമയനെ നിഷേധിക്കുകയും അവനോട്‌ നന്ദികേട്‌ കാണിക്കുകയും അവന്‌ പങ്കുകാരെ തന്നെ സ്ഥാപിക്കുകയും ചെയ്‌ത സത്യനിഷേധിയായ അടിമയോടുപോലും സ്രഷ്‌ടാവിന്റെ സമീപനം എത്ര ഉദാരമാണ്‌! അവന്‍ സത്യനിഷേധം തിരിച്ചറിഞ്ഞ്‌ വെളിച്ചത്തിലേക്ക്‌ കടന്നുവരുമ്പോള്‍ പടച്ചതമ്പുരാന്‍ അവനോട്‌ കാണിക്കുന്ന സ്‌നേഹവും കാരുണ്യവും എത്ര ഊഷ്‌മളമാണ്‌.

അവന്‍ ചെയ്‌ത സകലപാപങ്ങളും പൊറുത്തുകൊടുക്കുക മാത്രമല്ല, അവന്റെ ജീവിതകാലത്ത്‌ അവന്‍ അറിഞ്ഞും അറിയാതെയും ചെയ്‌തിട്ടുള്ള എല്ലാ നന്മകളും അംഗീകരിക്കുകയും അവയ്‌ക്ക്‌ തക്കതായ പ്രതിഫലം രേഖപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു.

നബി(സ) പറഞ്ഞു: ``ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയും അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്‌താല്‍ അതിനു മുമ്പ്‌ അയാള്‍ ചെയ്‌ത എല്ലാ നന്മകളും അല്ലാഹു സ്വീകരിക്കുകയും മുമ്പ്‌ ചെയ്‌ത എല്ലാ പാപങ്ങളും മായ്‌ച്ചുകളയുകയും ചെയ്യും. അതിനുശേഷം ചെയ്യുന്ന നന്മകള്‍ക്കെല്ലാം പത്തുമുതല്‍ എഴുന്നൂറ്‌ ഇരട്ടിവരെ പ്രതിഫലം ലഭിക്കുന്നതാണ്‌. കുറ്റങ്ങള്‍ക്ക്‌ അതിനു തുല്യമായ ശിക്ഷയേ ഉണ്ടാവുകയുള്ളൂ. അതും അല്ലാഹു പൊറുത്തുകൊടുത്തില്ലെങ്കില്‍ മാത്രം'' (നസാഈ)

`ഇസ്‌ലാം അതിനുമുമ്പുള്ള പാപങ്ങള്‍ മായ്‌ച്ചുകളയുന്നു. ഹിജ്‌റ അതിനു മുമ്പുള്ള കുറ്റങ്ങള്‍ ഇല്ലാതാക്കുന്നു. ഹജ്ജ്‌ അതിനു മുമ്പുള്ള പിഴവുകള്‍ നശിപ്പിക്കുന്നു' എന്നാണ്‌ തിരുമേനിയുടെ അധ്യാപനം.

ഇവിടെ ഒരുപാട്‌ മതങ്ങളുണ്ട്‌. പല പേരിലും പല കോലത്തിലും. എന്നാല്‍ പരിശുദ്ധവും പരിപാവനവുമായ യഥാര്‍ഥ മതം ഒന്നേയുള്ളൂ. അതാണ്‌ ദൈവികമതം. അല്ലാഹുവിന്റെ അടുത്ത്‌ ഒരു മതമേയുള്ളൂവെന്നും അത്‌ ഇസ്‌ലാമാണെന്നുമാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ (ആലുഇംറാന്‍ 19). ശാന്തിയുടെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം. ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തിലൂടെ ഉണ്ടായിത്തീരുന്ന ആത്മ നിര്‍വൃതി വിവരണാതീതമാണ്‌. ദൈവം അവനെ ഉന്നതനാക്കുന്നു. മനസ്സില്‍ ശാന്തിയും ജീവിതത്തില്‍ സമാധാനവും കുളിര്‍മഴയായ്‌ പെയ്‌തുതുടങ്ങുന്നു.

മനസ്സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനം. അന്ധകാരത്തില്‍ മനസ്സുഖം നഷ്‌ടപ്പെട്ട്‌ ശാന്തിയില്ലാതെ അലഞ്ഞ്‌ സംഘര്‍ഷങ്ങളില്‍ നിന്ന്‌ സംഘര്‍ഷങ്ങളിലേക്ക്‌ എടുത്തെറിയപ്പെടുന്ന പ്രതീക്ഷ നഷ്‌ടപ്പെട്ട ജീവിതത്തില്‍നിന്ന്‌ പ്രതീക്ഷകളുടെയും ലക്ഷ്യമോഹത്തിന്റെയും സന്തോഷനിമിഷങ്ങളിലേക്കുള്ള കയറിവരവാണ്‌ മതംമാറ്റം. സത്യത്തില്‍ ആത്യന്തികമായി എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന സ്വത്വബോധമാണത്‌. സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നുണ്ടാവുന്ന മനസ്സിന്റെ തേട്ടമാണത്‌. എന്നാല്‍ പിശാച്‌ വഴിമുടക്കുന്നു. അവന്‍ മോഹനസ്വപ്‌നങ്ങള്‍ നല്‍കി വഞ്ചിക്കുന്നു. പിശാചിന്റെ ദുര്‍മന്ത്രണങ്ങളെ തടുക്കാന്‍ കഴിയുന്നവര്‍ ശാന്തിയുടെ മാര്‍ഗം പ്രാപിക്കുന്നു. മോക്ഷത്തിന്റെ വിജയപാത അവന്‍ കരസ്ഥമാക്കുന്നു.

അതോടെ സ്രഷ്‌ടാവിന്‌ അവന്‍ പ്രിയപ്പെട്ടവനാകുന്നു. നിഷ്‌ഫലമായിപ്പോകുമായിരുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കി അവനെ അംഗീകരിക്കുന്നു. ``സത്യവിശ്വാസം നിഷേധിക്കുന്നവന്റെ കര്‍മങ്ങള്‍ തീര്‍ച്ചയായും നിഷ്‌ഫലമായിത്തീരുന്നതാണ്‌. പരലോകത്തവന്‍ തോറ്റുപോയവരിലുമായിരിക്കും.'' (അല്‍മാഇദ 5)

പാരമ്പര്യ മതവിശ്വാസിയും പുതിയതായി മതം സ്വീകരിക്കുന്നവനും തമ്മില്‍ ഒരു വ്യത്യാസവും മതം കാണുന്നില്ല. അതാണ്‌ ദൈവിക മതത്തിന്റെ സമത്വദര്‍ശനം. അവര്‍ക്കിടയില്‍ വിവേചനമില്ല. തുല്യപദവികളും അവകാശങ്ങളും. ഇസ്‌ലാമിലെ സമത്വസുന്ദരമായ ജീവിതദര്‍ശനം ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്‌. നബിയും അനുചരന്മാരും ജീവിച്ചു കാണിച്ച മഹനീയ ദര്‍ശനം.

വിശുദ്ധമായ സാക്ഷ്യവാക്യം ഉച്ചരിച്ചംഗീകരിച്ച്‌ അതുള്‍ക്കൊണ്ട്‌ ജീവിക്കുന്നവന്‌ മാത്രം കിട്ടുന്ന പ്രതിഫലമാണിത്‌. ദൈവസാമീപ്യം മാത്രമാഗ്രഹിച്ചു മതം സ്വീകരിക്കുന്നവന്‌ മാത്രം കിട്ടുന്ന സമ്മാനം. മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കായി മതം സ്വീകരിക്കുന്ന കപടന്‌ കടുത്ത ശിക്ഷമാത്രമാണ്‌ ലഭിക്കുക. ഇസ്‌ലാം സ്വീകരിക്കുകയും അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവന്‍ മാത്രമേ മേല്‍വിവരിച്ച അനുഗ്രഹത്തിന്നവകാശിയാകൂ.

മാത്രമല്ല അവന്‍ പിന്നീട്‌ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ക്ക്‌ വമ്പിച്ച പ്രതിഫലമാണ്‌ ലഭിക്കുക. പത്തുമുതല്‍ എഴുന്നൂറ്‌ ഇരട്ടിവരെ ഒരു നന്മയ്‌ക്ക്‌ പ്രതിഫലമായിരേഖപ്പെടുത്തുമ്പോള്‍ കരുണാവാരിധിയായ തമ്പുരാന്‍ തിന്മകള്‍ക്ക്‌ അതിന്‌ തുല്യമായ ശിക്ഷയേ രേഖപ്പെടുത്തുകയുള്ളൂ. അതും പൊറുത്തുകൊടുത്തേക്കാമെന്നാണ്‌ നബിതിരുമേനി(സ) പറയുന്നത്‌. ശിക്ഷയെക്കുറിച്ചുള്ള ഭയത്തേക്കാള്‍ പ്രതിഫലത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത ആഗ്രഹമാണ്‌ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാവേണ്ടത്‌.

By അബൂ നശ്'വ @ ശബാബ്