ഖുര്‍ആന്‍ ആഘോഷത്തിനൊരു പുണ്യമാസം

റമദാന്‍ ആരാധനകളുടെയും പ്രാര്‍ഥനകളുടെയും ദൈവസ്മരണയുടെയും ദാന ധര്‍മ്മങ്ങളുടെയും മറ്റു ആത്മീയ സാധനകളുടെയും പുണ്യമാസമാണ്. അതില്‍ ബാഹ്യമായ ആഘോഷങ്ങളോ ആഹ്ലാദപ്രകടനങ്ങളോ ഇല്ല; തികച്ചും വ്യക്തിനിഷ്ഠമായ ആധ്യാത്മിക അനുഭൂതി മാത്രം.

എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ റമദാന്‍ മാസം ഒരു ആഘോഷവേള തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം അവരുടെ എല്ലാമെല്ലാമായ ഇഹപര ജീവിതങ്ങളില്‍ വിജയവും സൌഭാഗ്യവും കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ദൈവിക മാര്‍ഗദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന ദിവ്യഗ്രന്ഥത്തെ ആഘോഷിക്കാനുള്ള ഉത്സവവേള. കാരണം, റമദാനിലാണ് ആ ദൈവികഗ്രന്ഥം അവതരിച്ചത്, അഥവാ അവതരിക്കാന്‍ ആരംഭിച്ചത്.

അല്ലാഹു പറയുന്നു : മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. [അദ്ധ്യായം 10 യൂനുസ് 57 ,58]

അല്ലാഹു സത്യവിശ്വാസികള്‍ക്ക് റമദാന്‍വ്രതം നിര്‍ബന്ധമാക്കിയത് തന്നെ ഈ മഹത്തായ അനുഗ്രഹത്തിന്‍റെ ഓര്‍മ പുതുക്കാനും അതിന്‍റെ പേരില്‍ ദൈവത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുമാണ്. അവന്‍ പറയുന്നു : ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. [2 ബഖറ 185]

അതിനാല്‍ സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം ഈ മാസം ഖുര്‍ആന്‍ അവതരണം കൊണ്ടാടാനുള്ള ആഘോഷവേളയാണ്. ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നത് അതിനുള്ള ഏറ്റവും പ്രാഥമിക നടപടി മാത്രമാണ്. ദൈവിക ഗ്രന്ഥത്തോട് പൂര്‍ണ്ണമായി നീതിപാലിക്കാന്‍ കഴിയണമെങ്കില്‍ അതുമായുള്ള ബന്ധം അതിന്‍റെ അക്ഷരങ്ങളും വാക്കുകളും നാവുകൊണ്ട് ഓതുന്നതില്‍ മാത്രം ഒതുക്കിയാല്‍ മാത്രം പോരാ. അതിനുള്ളില്‍ കിടക്കുന്ന ആശയങ്ങളും തത്വങ്ങളും അധ്യാപനങ്ങളും മനസ്സിലാക്കുകയും പഠിക്കുകയും ചിന്തിക്കുകയും കൂടി ചെയ്യണം. കാരണം ആ ആശയങ്ങളും അധ്യാപനങ്ങളുമാണ്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും സംസ്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത്. അര്‍ത്ഥമറിയാതെയുള്ള ഖുര്‍ആന്‍ പാരായണം നിരര്‍ഥകമോ അനാവശ്യമോ ആണെന്നല്ല പറയുന്നത്. അതിനു അതിന്‍റേതായ പ്രതിഫലം അല്ലാഹുവില്‍ നിന്നും ലഭിക്കും. എന്നാല്‍, ഒരു മുസ്‌ലിം തന്‍റെ ജീവിതം മുഴുവന്‍ ഖുര്‍ആനിലെ വാക്കുകളും വാചകങ്ങളും അവയുടെ അര്‍ഥം ഗ്രഹിക്കാതെ ഓതിയാല്‍ തന്നെ എല്ലാമായി എന്നു മുസ്ലിംകളില്‍ പലരിലും നിലനില്‍ക്കുന്ന ധാരണ ശരിയല്ല എന്നു പറയാതിരിക്കാന്‍ സാധ്യമല്ല.

വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യാനും അതോടൊപ്പം അതിലെ ആശയങ്ങളും അര്‍ത്ഥങ്ങളും അധ്യാപനങ്ങളും ഗ്രഹിക്കാനും പഠിക്കാനും മനനം ചെയ്യാനുമായിരിക്കട്ടെ നമ്മുടെ മുഖ്യശ്രമവും ശ്രദ്ധയും.

by ഡോ : ഇ കെ അഹമദ് കുട്ടി @ മാധ്യമം ദിനപത്രം