അഴിമതി തടയാന്‍ ഒരേ ഒരു വഴി

ഈ വര്‍ഷം വിശുദ്ധ റമദാനിലെ ദേശീയ തലത്തിലുള്ള മുഖ്യ ചര്‍ച്ചാവിഷയം അഴിമതിയാണല്ലോ. അഴിമതിയില്‍നിന്ന് പൂര്‍ണമായും മുക്തമായ ഏതെങ്കിലും ഒരു രംഗം ഇന്നുണ്ടോ. ശക്തമായ ഒരു അഴിമതി നിരോധനിയമത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ് ചിലര്‍ അതിനുവേണ്ടി സമരം ചെയ്യുന്നു. യഥാര്‍ഥത്തില്‍ നിയമങ്ങള്‍കൊണ്ടുമാത്രം തിന്മകളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമോ? നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന് എന്തെല്ലാം വിദ്യകള്‍ അറിയാം. മദ്യം നിരോധിക്കുന്നതോടൊപ്പം അത് വര്‍ജിക്കാനുള്ള ഉള്‍പ്രേരണകൂടിയുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ. വീട്ടിനകത്ത് രഹസ്യമായി മകളെ പീഡിപ്പിക്കുന്ന പിതാവിനെ തടയാന്‍ നിയമത്തിന് കഴിയുമോ? എല്ലാ കുറ്റകൃത്യങ്ങളുടെയും അവസ്ഥ ഇതുതന്നെ.

'സമ്പത്തിനോടുള്ള മനുഷ്യന്റെ പ്രേമം ശക്തമാണ്'എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ അത്യാര്‍ഥിയാണല്ലോ വഞ്ചനയും ചൂഷണവും കവര്‍ച്ചയും തട്ടിപ്പും മോഷണവും കൃത്രിമത്വവുമെല്ലാം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അഴിമതി അധികവും സാമ്പത്തിക രംഗത്താണ്. അധികാരവും പദവിയും വഴിവിട്ട മാര്‍ഗത്തിലൂടെ പണവും വ്യക്തിപരമായ നേട്ടവുമുണ്ടാക്കാന്‍ ഉപയോഗിക്കുക. നിയമത്തിന്റെ കുരുക്കില്‍ വീഴുന്നവരുണ്ട്. പക്ഷേ, രക്ഷപ്പെടുന്നവരാണ് അധികവും. തന്റെ മനസ്സിലുള്ളതുപോലും കണ്ടെത്തുന്ന ഒരു അദൃശ്യശക്തി സദാ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവന്റെ നിയമം ലംഘിച്ചാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്നുമുള്ള ഉറച്ച വിശ്വാസമാണ് യഥാര്‍ഥത്തില്‍ അഴിമതി എന്നല്ല എല്ലാ തിന്മകളില്‍നിന്നും മനുഷ്യനെ തടയുന്നത്. ധനത്തിന്റെ കാര്യത്തില്‍ മരണശേഷം ഓരോ മനുഷ്യനും 'നീ എവിടുന്നു സമ്പാദിച്ചു? എങ്ങനെ ചെലവഴിച്ചു?' എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരുമെന്നാണ് മതം താക്കീത് ചെയ്യുന്നത്. ഈ ബോധം ഹറാമായ മാര്‍ഗത്തില്‍ അവിഹിതമായി സമ്പാദിച്ച ഒന്നും വേണ്ടെന്നുവെക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കും.

പ്രവാചകന്‍ അബ്ദുല്ലാഹിബിനു റവാഹയെ യഹൂദരുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി കണക്കാക്കാന്‍ അയക്കുന്നു. അവര്‍ അദ്ദേഹത്തിന് കുറച്ച് ധനം വെച്ചുനീട്ടി. അത് നിരസിച്ചുകൊണ്ട് അബ്ദുല്ല പറഞ്ഞു: 'നിങ്ങള്‍ വെച്ചുനീട്ടിയ കൈക്കൂലിയുണ്ടല്ലോ. അത് നിയമവിരുദ്ധമായ ധനമാണ്. ഞങ്ങള്‍ അത് തിന്നുകയില്ല.' ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കൊച്ചു മകന്റെ കൈയില്‍ ഒരു ആപ്പിള്‍. അത് പൊതുസ്വത്തില്‍നിന്നെടുത്തതാണെന്ന് മനസ്സിലാക്കിയ ഖലീഫ കുട്ടിയോട് അത് തരാന്‍ ആവശ്യപ്പെടുന്നു. അവന്‍ അത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഖലീഫ ബലമായി പിടിച്ചുവാങ്ങി. കുട്ടി കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി. അവരും വിങ്ങിപ്പൊട്ടി.

ധനത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു സൂക്ഷ്മതയും ആദര്‍ശനിഷ്ഠയും പാലിക്കാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ യ ഥാര്‍ഥ മതഭക്തിക്കു മാത്രമേ കഴിയുകയുള്ളൂ. അത്തരം ഒരു ഭക്തിയാണ് നോമ്പിന്റെ അന്തിമലക്ഷ്യം. അത് സാധിക്കുന്നുണ്ടോ ഇല്ലേ എന്നത് വേറെ കാര്യം. നിയമവും ദൈവബോധവും സമന്വയിപ്പിക്കുന്ന ഒറ്റവഴിയേ ഉള്ളൂ അഴിമതി പൂര്‍ണമായും തടയാന്‍.

by പി. മുഹമ്മദ് കുട്ടശ്ശേരി @ മാധ്യമം ദിനപത്രം