അപവാദ പ്രചാരണം

നബി തിരുമേനി പറയുന്നു: ''നിങ്ങള്‍ തെറ്റിദ്ധാരണകളെ സൂക്ഷിക്കുക. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരങ്ങള്‍ കടുത്ത കള്ളമാണ്. നിങ്ങള്‍ പരസ്പരം ചാരവൃത്തി നടത്തുകയോ, മത്സരിക്കുകയോ, അസൂയ വെക്കുകയോ, വഞ്ചിക്കുകയോ, വൈരം പുലര്‍ത്തുകയോ, അസാന്നിധ്യത്തില്‍ മറ്റുള്ളവരെ ദുഷിക്കുകയോ അരുത്. ദൈവദാസന്മാരേ, നിങ്ങള്‍ ആജ്ഞാപിക്കപ്പെട്ട പ്രകാരം അന്യോന്യം സഹോദരന്മാരായി നിലകൊള്ളുക.'' (മുസ്‌ലിം)

മനുഷ്യബന്ധങ്ങളെ അറത്തുമാറ്റുന്ന പെരുമാറ്റ ദൂഷ്യങ്ങളെ ഗൗരവപൂര്‍വം ഓര്‍മപ്പെടുത്തുന്ന പ്രവാചക വചനമാണിത്. വ്യക്തികള്‍ പരസ്പരമുള്ള ബന്ധങ്ങളില്‍ മാത്രമല്ല, സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള വ്യവഹാരങ്ങളിലെല്ലാം ഈ ഉപദേശങ്ങള്‍ ഏറെ പ്രധാനമാണെന്നു കാണാനാവും. നന്മകളെയും സുകൃതങ്ങളെയുമാണ് വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്. നന്മയുടെ പ്രചാരണം കൂടുതല്‍ നന്മകള്‍ക്ക് പ്രചോദനമായിത്തീരും. എന്നാല്‍ നന്മകള്‍ കണ്ടെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ മുതിരുന്നതിനു പകരം തിന്മകള്‍ തേടിപ്പിടിച്ച് പെരുപ്പിച്ച് പ്രചരിപ്പിക്കാന്‍ ആളുകള്‍ ആവേശം കാണിക്കുന്നതു കാണാം. വ്യക്തികളും സംഘങ്ങളും മാധ്യമങ്ങളും പരസ്പരമുള്ള കിടമാത്സര്യം ആധുനിക ജീവിതത്തില്‍ അപവാദങ്ങള്‍ ആഘോഷിക്കുന്നതിന് രാസത്വരകമായിത്തീരുകയും ചെയ്യുന്നു. പ്രതിയോഗിയെ വകവരുത്തുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഊഹത്തിനു മുകളില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്.

ഊഹങ്ങള്‍ വാര്‍ത്തയാക്കുന്നതും സംശയജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഖുര്‍ആന്‍ ശക്തമായി വിലക്കിയിട്ടുണ്ട്: ''വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.''(വി.ഖു. 49:6)

മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് ഒളിനോട്ടം നടത്തുന്നത് കടുത്ത കുറ്റമാണ്. ''നീ മറ്റുള്ളവരുടെ രഹസ്യങ്ങള്‍ തേടി നടക്കുന്നത് അവരെ കുഴപ്പത്തില്‍ പെടുത്തുകയോ അതിനിടയാക്കുകയോ ചെയ്യും''(അബൂദാവൂദ്).

കിടപ്പറയിലും സ്വകാര്യ ഇടങ്ങളിലും ഒളിക്യാമറകള്‍ വെച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്ന സമീപകാലാനുഭവങ്ങള്‍ പ്രവാചകന്റെ ഉപദേശം കൂടുതല്‍ പ്രസക്തമാക്കുന്നു. മറ്റുള്ളവരുടെ സംസാരങ്ങള്‍ പതിയിരുന്ന് കേള്‍ക്കുന്നതും മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് ആരും ചിന്തിക്കുന്നേയില്ല. മനുഷ്യര്‍ക്കിടയിലുള്ള ഐക്യം, അവര്‍ പരസ്പരമുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉന്നതമായ സ്വഭാവശീലങ്ങളും ആരോഗ്യകരമായ പെരുമാറ്റമര്യാദകളും നിലനില്‍ക്കുമ്പോഴാണ് മനുഷ്യ സാഹോദര്യം യാഥാര്‍ഥ്യമാകുന്നത്.

മറ്റുള്ളവരുടെ അഭിമാനം കളങ്കപ്പെടുത്തുന്നത്ര വെറുക്കപ്പെട്ട മറ്റൊന്നില്ല. മരണാനന്തരം ചെമ്പു നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും മാറും മാന്തിക്കീറുന്നവരെക്കുറിച്ച് നബിതിരുമേനി ഒരിക്കല്‍ വര്‍ണിക്കുകയുണ്ടായി. ''ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തിയവരാണവര്‍.''(അബൂദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം