ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടു വിശ്വ സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശമുയര്‍ത്തി ഈദുല്‍ഫിത്വര്‍-വ്രതസമാപനാഘോഷം സന്തോഷപൂര്‍വം ആഘോഷിക്കുകയാണ്. ~ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടര്‍ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണീ ആഘോഷവേളയില്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്..
അത്യാഹ്ലാദപൂര്‍വം പെരുന്നാളാഘോഷിക്കുമ്പോഴും പട്ടിണിയിലും കഷ്ടതകളിലും കഴിച്ചുകൂട്ടേണ്ടിവരുന്ന സഹജീവികളെ നാം വിസ്മരിക്കരുത്. സമസൃഷ്ടി സ്നേഹം ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന് വിശ്വാസിയല്ല എന്ന നബിവചനം മനുഷ്യസ്നേഹത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങളുടെ പവിത്രത പഠിപ്പിച്ചുതരുന്നു.
ജാതിമത വര്‍ഗ വര്‍ണ വംശ ദേശഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം കാണാനുമെല്ലാം ബാധ്യസ്ഥരാണെന്ന മാനവിക ചിന്തയാണ് ഈ ദിവസം നമ്മിലൂടെ കടന്നുപോകേണ്ടത്. മനുഷ്യര്‍ അവന്റെ വീടിന്റെ സുരക്ഷിതത്വത്തിനു വേണ്ടി വന്മതിലുകളും വമ്പന്‍ ഗേറ്റുകളും നിര്‍മിച്ച് അയല്പക്കക്കാരന്റെ വീടുമായുള്ള സര്‍വ ബന്ധങ്ങളും കൊട്ടിയടയ്ക്കും പോലെ മനസുകളില്‍ ഉരുക്കുമതിലുകള്‍ സ്ഥാപിച്ചു പരസ്പരമുള്ള ബന്ധങ്ങളെ കൊട്ടിയടയ്ക്കാനാകുമോ നമുക്ക്?. അങ്ങനെയാകാന്‍ പാടില്ല.
വിവാഹ ബന്ധം, കുടുംബ ബന്ധം, അയല്പക്ക ബന്ധം തുടങ്ങി സര്‍വ ബന്ധങ്ങളും ബന്ധനങ്ങളായി കണ്ട് ബന്ധങ്ങളുടെ പവിത്രത കാറ്റില്‍ പറത്തുന്ന നാം ബന്ധങ്ങളുടെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായിരിക്കണം ഈ ധന്യനാളിനെ ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹാശംസകള്‍ കൈമാറിയും പിണക്കങ്ങളും അകല്‍ച്ചയും ഇല്ലാതാക്കിയും അയല്‍വീടുകള്‍ സന്ദര്‍ശിച്ചുമായിരിക്കണം ഈ ദിവസം നാം ആഘോഷിക്കേണ്ടത്.
എല്ലാറ്റിനും ഇന്ന് താങ്ങാനാവാത്ത വിലയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെപ്പാടുപെടുന്നവരുണ്ട്. പക്ഷേ ഒരു വിലയുമില്ലാതായിരിക്കുന്നു അമൂല്യമായ മനുഷ്യജീവന്. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടും പരസ്പരമുള്ള പകയ്ക്കു ബലിയാടായും എത്ര മനുഷ്യജീവനുകളാണ് ദിവസവും ഹോമിക്കപ്പെടുന്നത്. വിധവകളുടെയും അനാഥരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അക്രമങ്ങളും കടന്നാക്രമണങ്ങളും രക്തം ചിന്തലും ഒരു സംഭവമല്ലാതായി മാറിയിരിക്കുന്നു. മതം മദമായി മാറുന്നു. സ്നേഹത്തെ വെറുപ്പ് ജയിച്ചടക്കുന്നു. വിദ്വേഷവും പകയും ക്രോധവും മനുഷ്യന്റെ സ്വസ്ഥ ജീവിതം തകര്‍ക്കുന്നു. പ്രവാചകന് പറഞ്ഞ ഒരു വചനം ഓര്‍ത്തുപോകുന്നു. നിങ്ങളുടെ രക്തം, ധനം, അഭിമാനം എന്നിവ പവിത്രമാണ്. അത് അനാദരിക്കരുത്. അന്യായമായി രക്തം ചിന്തല്‍, ധനം കൊള്ളയടിക്കല്‍, അന്യായമായ മാര്‍ഗങ്ങളിലൂടെ സ്വന്തമാക്കാനുള്ള ശ്രമം, സുഖിച്ചു ജീവിക്കണമെന്ന അടങ്ങാത്ത ആഗ്രഹം, അതിന്റെ മുന്നില്‍ ബന്ധങ്ങള്‍ക്കു വിലകല്‍പ്പിക്കാതിരിക്കല്‍ ... എല്ലാമെല്ലാം.
മനുഷ്യസ്നേഹത്തിന് ഊന്നല്‍ കൊടുക്കുന്ന, തന്നെപ്പോലെ തന്റെ സഹോദരനായ മനുഷ്യനേയും കാണാനുള്ള വിശാല മനസ്കത കൂടിയേ തീരൂ. ഇത്തരം ചിന്തകള്‍ ശീലിക്കാനുള്ള നല്ല പരിശീലനമാണു നോമ്പ് നല്‍കിയത്. അതു കാത്തു സൂക്ഷിക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഈ ആഘോഷനാള്‍ ആവശ്യപ്പെടുന്നത്.
രാത്രി ഉറക്കമിളച്ചും പകല്‍ വ്രതമനുഷ്ഠിച്ചും ദൈവിക ശാസനകള്‍ അംഗീകരിച്ചു ജീവിക്കാന്‍ സന്നദ്ധരായ വിശ്വാസികള്‍ക്കു സമ്മാനം നല്കുന്ന ദിവസമായിട്ടാണു പെരുന്നാള്‍ ദിനം വിലയിരുത്തപ്പെടുന്നത്.
“പെരുന്നാള്‍ ദിവസമായാല്‍ മാലാഖമാര്‍ വഴിയോരങ്ങളില്‍ നില്‍ക്കുമെന്നും നിങ്ങള്‍ ഔദാര്യവാനായ റബിലേക്ക് വരുക, നിങ്ങളോട് പകല്‍ നോമ്പനുഷ്ഠിക്കാന്‍ കല്പ്പിച്ചു. രാത്രി നിന്ന് നമസ്കരിക്കാന്‍ കല്പ്പിച്ചു. അത് നിങ്ങളനുസരിച്ച്, നിങ്ങളുടെ സമ്മാനം വാങ്ങിക്കൊള്ളുക.’ സമ്മാന ദാനനാള്‍ എന്നാണ് ഈ ദിവസം വിശേഷിക്കപ്പെടുന്നത് എന്നു പറയുമെന്നും പ്രവാചകന് പഠിപ്പിക്കുന്നു. സമ്മാനത്തിന് അര്‍ഹരാണോ നാം, അതും ചിന്തിക്കാനുള്ള അവസരമാണിത്.
വിവിധ മതവിശ്വാസികള്‍ തോളോടുതോള്‍ ചേര്‍ന്നു ജീവിക്കുന്ന നമ്മുടെ രാജ്യത്ത് ആഘോഷങ്ങള്‍- ഓണവും പെരുന്നാളും ക്രിസ്മസും വിഷുവുമെല്ലാം പരസ്പരം അറിയാനും അറിയിക്കാനും അകല്‍ച്ചയുടെ ആഴം ഇല്ലാതാക്കി സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്താനുമുള്ളതായിത്തീരണം.
ചേതനയറ്റ ആഘോഷങ്ങള്‍ അര്‍ഥം കാണാതെ പോകുന്നതായിരിക്കും. ഈദുല്‍ ഫിത്വറിന്റെ
ആത്മാവ് നന്മയുടെ, സമത്വത്തിന്റെ സാഹോദര്യത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ, സമസൃഷ്ടി സ്നേഹത്തിന്റെ കണ്ടെത്തലാണ് ആവശ്യപ്പെടുന്നത്.
നന്നാകാനും ഒന്നാകാനും നമുക്കു സാധിക്കണം. ഒന്നായി നന്നാകാനും കഴിയണം. ഈദ് കൊണ്ടുള്ള വിവക്ഷ, ജീവിതത്തിന്റെ ആത്മീയമായ നവീകരണമാണ്. ഭക്തിയുടെ നിറവില്‍, ദൈവകീര്‍ത്തനങ്ങളുടെ ദീപ്തിയില്‍ ഉള്ളില്‍ നിന്നു തുളുമ്പുന്ന ആഹ്ലാദമാണ് ഈദാഘോഷം. ജീവിതത്തിന്റെ ഉദാത്തമായ
സ്വപ്നങ്ങളിലേക്കു കൊണ്ടുപോകാനുള്ള ഓര്‍മിപ്പിക്കലാണത്. ഈ ഓര്മ കൈവിടാതിരിക്കുക.
വിശ്വമാനവ ഐക്യത്തിന്റെ കാഹളം മുഴക്കുന്ന ഈദുല്‍ ഫിത്വര്‍ ആ നിലയിലുള്ള ഒരു ചിന്തയ്ക്കു പ്രേരകമാകട്ടെ .. ഈദ് മുബാറക്.
by സലാഹുദ്ദീന് മദനി @ മെട്രോ വാര്‍ത്ത
Popular ISLAHI Topics
-
പരസ്പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ് ദാമ്പത്യത്തെ ഊഷ്മളമാക്കുന്നത്. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്. പരസ്പരം അറ...
-
മുസ്ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്...
-
വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിര...
-
പ്രാര്‍ത്ഥന എന്ന പദത്തിനു അപേക്ഷ , യാചന എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. ഭാഷാപരമായി പ്രാര്‍ത്ഥനക്ക് ഇവ്വിദമുള്ള അര്ത്ഥസങ്കല്പ്പങ്ങളുണ്ടെങ്ക...
-
ജീവിതവിശുദ്ധിയിലൂടെ വിജയം കൈവരിക്കുക എന്നതാണ് ഇസ്ലാമിന്റെ ജീവിത വീക്ഷണത്തിന്റെ അടിത്തറ. ഈ ലോകജീവിതം വിജയകരമായി മുന്നോട്ടുനീക്കുക എന്ന താത...
-
'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ പ്രഖ്യാപനവും പ്രചാരണവുമാണ് ഇസ്ലാഹീപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ...
-
ബലിപെരുന്നാള്‍ ആത്മാവിന്റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍...
-
പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ഥനകള്‍ ചൊല്ലി രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനാണ് ഇസ്ലാമില്‍ മന്ത്രം എന്ന് പറയുന്ന...
-
ഇസ്ലാം പ്രകൃതിമതമാണ്. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപര...
-
ലോകത്തുള്ള എല്ലാ മതങ്ങളേക്കാളും തത്വസംഹിതകളേക്കാളും ജന്തുവര്‍ഗത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മതമാണ് ഇസ്ലാം. നായക്ക് വെള്ളം കൊടുത്ത...
